യാക്കോബ് 3:3-6

യാക്കോബ് 3:3-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

കുതിരയെ അധീനമാക്കുവാൻ വായിൽ കടിഞ്ഞാൺ ഇട്ട് അതിന്റെ ശരീരം മുഴുവനും തിരിക്കുന്നുവല്ലോ. കപ്പലും എത്ര വലിയത് ആയാലും കൊടുങ്കാറ്റടിച്ച് ഓടുന്നതായാലും അമരക്കാരൻ ഏറ്റവും ചെറിയ ചുക്കാൻകൊണ്ടു തനിക്കു ബോധിച്ച ദിക്കിലേക്കു തിരിക്കുന്നു. അങ്ങനെതന്നെ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു; നാവും ഒരു തീ തന്നെ; അതു നമ്മുടെ അംഗങ്ങളുടെ കൂട്ടത്തിൽ അനീതി ലോകമായി ദേഹത്തെ മുഴുവൻ മലിനമാക്കി ജീവചക്രത്തിനു തീ കൊളുത്തുകയും നരകത്താൽ അതിനു തീ പിടിക്കയും ചെയ്യുന്നു.

യാക്കോബ് 3:3-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

കുതിരയെ അധീനമാക്കുന്നതിനുവേണ്ടി അതിന്റെ വായിൽ കടിഞ്ഞാണിടുന്നു; അങ്ങനെ അതിന്റെ ശരീരത്തെ മുഴുവനും നാം നിയന്ത്രിക്കുന്നുവല്ലോ. കപ്പലിന്റെ കാര്യംതന്നെ നോക്കുക. അത് എത്ര വലുതായാലും, ശക്തമായ കാറ്റിന്റെ സഹായംകൊണ്ട് ഓടുന്നതായാലും ഒരു ചെറിയ ചുക്കാൻകൊണ്ട് അമരക്കാരൻ ബോധിച്ച ദിക്കിലേക്കു തിരിക്കുന്നു. അതുപോലെ നാവും വളരെ ചെറിയ ഒരവയവമാണെങ്കിലും വലിയ കാര്യങ്ങളെക്കുറിച്ചു വീരവാദം നടത്തുന്നു. എത്ര വലിയ വനമായാലും മുഴുവൻ കത്തി നശിക്കുവാൻ ഒരു തീപ്പൊരി മതി. നാവും ഒരു അഗ്നി തന്നെ. അതു നമ്മുടെ അവയവങ്ങളുടെ മധ്യത്തിൽ തിന്മയുടെ ഒരു പ്രപഞ്ചമാണ്. നമ്മുടെ സത്തയെ ആകമാനം അതു മലിനമാക്കുന്നു. അതു ജീവിതത്തെ സമൂലം നരകാഗ്നിക്ക് ഇരയാക്കുന്നു.

യാക്കോബ് 3:3-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

കുതിരയെ അനുസരിപ്പിക്കുവാൻ വായിൽ കടിഞ്ഞാൺ ഇടുന്നതിനാൽ അതിന്‍റെ ശരീരം മുഴുവനും നാം തിരിക്കുന്നുവല്ലോ. കപ്പലും, എത്ര വലിയത് ആയാലും കൊടുങ്കാറ്റടിച്ച് ഓടുന്നതായാലും അമരക്കാരൻ ഏറ്റവും ചെറിയ ചുക്കാൻകൊണ്ടു താൻ ആഗ്രഹിക്കുന്ന ദിക്കിലേക്ക് തിരിക്കുന്നു. അങ്ങനെ തന്നെ നാവും ചെറിയ അവയവം എങ്കിലും വലിയ കാര്യങ്ങളെക്കുറിച്ച് വീരവാദം പറയുന്നു. തീർച്ചയായും, ഒരു ചെറിയ തീപ്പൊരി വലിയ കാട് കത്തിക്കുന്നു; അതെ നാവും ഒരു തീ ആകുന്നു; അനീതിയുടെ ലോകം തന്നെ. അങ്ങനെ നാവും അവയവങ്ങളിൽ ഒന്നായി ശരീരത്തെ മുഴുവനും ദുഷിപ്പിക്കുകയും പ്രകൃതിചക്രത്തെ കത്തിക്കുകയും ചെയ്യുന്നു; നരകത്തിലെ തീയാൽ തന്നെ കത്തിക്കുന്നു.

യാക്കോബ് 3:3-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

കുതിരയെ അധീനമാക്കുവാൻ വായിൽ കടിഞ്ഞാൺ ഇട്ടു അതിന്റെ ശരീരം മുഴുവനും തിരിക്കുന്നുവല്ലോ. കപ്പലും എത്ര വലിയതു ആയാലും കൊടുങ്കാറ്റടിച്ചു ഓടുന്നതായാലും അമരക്കാരൻ ഏറ്റവും ചെറിയ ചുക്കാൻകൊണ്ടു തനിക്കു ബോധിച്ച ദിക്കിലേക്കു തിരിക്കുന്നു. അങ്ങനെ തന്നേ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു; നാവും ഒരു തീ തന്നേ; അതു നമ്മുടെ അംഗങ്ങളുടെ കൂട്ടത്തിൽ അനീതിലോകമായി ദേഹത്തെ മുഴുവൻ മലിനമാക്കി ജീവചക്രത്തിന്നു തീ കൊളുത്തുകയും നരകത്താൽ അതിന്നു തീ പിടിക്കയും ചെയ്യുന്നു.

യാക്കോബ് 3:3-6 സമകാലിക മലയാളവിവർത്തനം (MCV)

കുതിരയെ അനുസരിപ്പിക്കാൻ നാം അതിന്റെ വായിൽ ചെറിയ ഒരു കടിഞ്ഞാണിട്ട് ആ മൃഗത്തെ മുഴുവനായും തിരിക്കുന്നു. കപ്പലിന്റെ ഉദാഹരണവും അതുപോലെതന്നെ. അതു വളരെ വലുപ്പമുള്ളതും, കാറ്റിന്റെ ശക്തിയാൽ ഓടുന്നതും ആണെങ്കിലും കപ്പിത്താൻ ഒരു ചെറിയ ചുക്കാൻകൊണ്ട് അതിനെ തിരിച്ച് തനിക്ക് ഇഷ്ടമുള്ള സ്ഥലത്തേക്കു കൊണ്ടുപോകുന്നു. അതുപോലെതന്നെ നമ്മുടെ നാവും ചെറിയ ഒരു അവയവമെങ്കിലും വളരെ ഡംഭത്തോടെ വീമ്പിളക്കുന്നു. ഒരു ചെറിയ തീപ്പൊരി വലിയ ഒരു വനം ദഹിപ്പിക്കുന്നു. നാവും അതുപോലെ ഒരു തീതന്നെയാണ്. അവയവങ്ങളുടെ കൂട്ടത്തിൽ അതു തിന്മയുടെ ഒരു പ്രപഞ്ചംതന്നെയാണ്. അത് ഒരു വ്യക്തിയെ മുഴുവനായി ദുഷിപ്പിക്കുകയും ജീവിതത്തിന്റെ സർവമേഖലകൾക്കും തീ കൊളുത്തുകയും നരകാഗ്നിയാൽ സ്വയം ദഹിക്കുകയുംചെയ്യുന്നു.