യാക്കോബ് 2:8-13
യാക്കോബ് 2:8-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ “കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കേണം” എന്ന തിരുവെഴുത്തിന് ഒത്തവണ്ണം രാജകീയന്യായപ്രമാണം നിങ്ങൾ നിവർത്തിക്കുന്നു എങ്കിൽ നന്ന്. മുഖപക്ഷം കാണിച്ചാലോ പാപം ചെയ്യുന്നു; നിങ്ങൾ ലംഘനക്കാർ എന്നു ന്യായപ്രമാണത്താൽ തെളിയുന്നു. ഒരുത്തൻ ന്യായപ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നിൽ തെറ്റിയാൽ അവൻ സകലത്തിനും കുറ്റക്കാരനായിത്തീർന്നു. വ്യഭിചാരം ചെയ്യരുത് എന്നു കല്പിച്ചവൻ കൊല ചെയ്യരുത് എന്നും കല്പിച്ചിരിക്കുന്നു. നീ വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കൊല ചെയ്യുന്നു എങ്കിൽ ന്യായപ്രമാണം ലംഘിക്കുന്നവനായിത്തീർന്നു. സ്വാതന്ത്ര്യത്തിന്റെ ന്യായപ്രമാണത്താൽ വിധിക്കപ്പെടുവാനുള്ളവരെപ്പോലെ സംസാരിക്കയും പ്രവർത്തിക്കയും ചെയ്വിൻ. കരുണ കാണിക്കാത്തവന് കരുണ ഇല്ലാത്ത ന്യായവിധി ഉണ്ടാകും; കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നു.
യാക്കോബ് 2:8-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വേദലിഖിതത്തിൽ കാണുന്നതുപോലെ “നിന്റെ അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക” എന്ന ദൈവരാജ്യനിയമം നിങ്ങൾ യഥാർഥമായി അനുസരിക്കുന്നത് ഉത്തമം. എന്നാൽ നിങ്ങൾ പക്ഷപാതം കാണിക്കുന്നെങ്കിൽ നിങ്ങൾ പാപം ചെയ്യുന്നു. നിയമത്താൽ നിങ്ങൾ കുറ്റക്കാരായി വിധിക്കപ്പെടുകയും ചെയ്യുന്നു. നിയമങ്ങളിലൊന്നു ലംഘിക്കുന്നവൻ നിയമം ആസകലം ലംഘിക്കുന്നവനായിത്തീരുന്നു. “വ്യഭിചാരം ചെയ്യരുത്” എന്നു കല്പിച്ചവൻ “കൊല ചെയ്യരുത്” എന്നും കല്പിച്ചിട്ടുണ്ട്. നീ വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കൊല ചെയ്യുന്നെങ്കിൽ നീ നിയമം ലംഘിക്കുന്നു. ദൈവരാജ്യനിയമമാണ് നമ്മെ സ്വതന്ത്രരാക്കുന്നത്. ആ നിയമം അനുസരിച്ച് നിങ്ങൾ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക. കാരുണ്യം കാണിക്കാത്തവന്റെമേൽ കരുണയില്ലാത്ത വിധിയുണ്ടാകും. കാരുണ്യമാകട്ടെ വിധിയെ വെല്ലുന്നു.
യാക്കോബ് 2:8-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ “അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം” എന്ന തിരുവെഴുത്തിൻപ്രകാരമുള്ള രാജകീയ ന്യായപ്രമാണം നിങ്ങൾ നിവർത്തിയ്ക്കുന്നു എങ്കിൽ നിങ്ങൾ നന്നായി ചെയ്യുന്നു. മുഖപക്ഷം കാണിച്ചാലോ പാപം ചെയ്യുന്നു; നിങ്ങൾ ലംഘനക്കാർ എന്നു ന്യായപ്രമാണത്താൽ തെളിയുന്നു. എന്തെന്നാൽ ഒരുവൻ ന്യായപ്രമാണം മുഴുവനും അനുസരിച്ച് നടന്നിട്ടും ഒന്നിൽ തെറ്റിയാൽ അവൻ സകലത്തിനും കുറ്റക്കാരനായിത്തീരുന്നു; വ്യഭിചാരം ചെയ്യരുത് എന്നു കല്പിച്ചവൻ കൊല ചെയ്യരുത് എന്നും കല്പിച്ചിരിക്കുന്നുവല്ലോ. നീ വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കൊല ചെയ്യുന്നു എങ്കിൽ ന്യായപ്രമാണം ലംഘിക്കുന്നവനായിത്തീരുന്നു. സ്വാതന്ത്ര്യത്തിൻ്റെ ന്യായപ്രമാണത്താൽ വിധിക്കപ്പെടുവാനുള്ളവരെപ്പോലെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്‌വിൻ. കരുണ കാണിക്കാത്തവന് കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും എന്നതിനാൽ തന്നെ; കരുണ ന്യായവിധിയെ ജയിക്കുന്നു!
യാക്കോബ് 2:8-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്ന തിരുവെഴുത്തിന്നു ഒത്തവണ്ണം രാജകീയന്യായപ്രമാണം നിങ്ങൾ നിവർത്തിക്കുന്നു എങ്കിൽ നന്നു. മുഖപക്ഷം കാണിച്ചാലോ പാപം ചെയ്യുന്നു; നിങ്ങൾ ലംഘനക്കാർ എന്നു ന്യായപ്രമാണത്താൽ തെളിയുന്നു. ഒരുത്തൻ ന്യായപ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നിൽ തെറ്റിയാൽ അവൻ സകലത്തിന്നും കുറ്റക്കാരനായിത്തീർന്നു. വ്യഭിചാരം ചെയ്യരുതു എന്നു കല്പിച്ചവൻ കൊല ചെയ്യരുതു എന്നും കല്പിച്ചിരിക്കുന്നു. നീ വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കൊല ചെയ്യുന്നു എങ്കിൽ ന്യായപ്രമാണം ലംഘിക്കുന്നവനായിത്തീർന്നു. സ്വാതന്ത്ര്യത്തിന്റെ ന്യായപ്രമാണത്താൽ വിധിക്കപ്പെടുവാനുള്ളവരെപ്പോലെ സംസാരിക്കയും പ്രവർത്തിക്കയും ചെയ്വിൻ. കരുണ കാണിക്കാത്തവന്നു കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും; കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നു.
യാക്കോബ് 2:8-13 സമകാലിക മലയാളവിവർത്തനം (MCV)
“നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കണം” എന്ന തിരുവെഴുത്ത് അനുശാസിക്കുന്ന, രാജകീയ നിയമം പാലിക്കുന്നെങ്കിൽ നിങ്ങൾ ഉത്തമമായതു പ്രവർത്തിക്കുന്നു. പക്ഷഭേദം കാണിക്കുന്നെങ്കിലോ പാപംചെയ്യുന്നു; അങ്ങനെ ന്യായപ്രമാണമനുസരിച്ച് നിങ്ങൾ കുറ്റവാളികളായി വിധിക്കപ്പെടുന്നു. ഒരാൾ ന്യായപ്രമാണകൽപ്പനകൾ, ഒന്നൊഴികെ സകലതും അനുസരിച്ചാലും അയാൾ സമ്പൂർണന്യായപ്രമാണവും ലംഘിച്ചതിനു സമമാണ്. “വ്യഭിചാരം ചെയ്യരുത്” എന്നു കൽപ്പിച്ച അതേ ദൈവംതന്നെയാണ് “കൊലപാതകം ചെയ്യരുത്” എന്നും കൽപ്പിച്ചിരിക്കുന്നത്. വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കൊലപാതകം ചെയ്യുന്നെങ്കിൽ നീ ന്യായപ്രമാണം ലംഘിച്ചിരിക്കുന്നു. സ്വാതന്ത്ര്യമേകുന്ന ന്യായപ്രമാണത്താൽ നാം വിധിക്കപ്പെടാനുള്ളവർ ആയതുകൊണ്ട് നമ്മുടെ വാക്കുകളും പ്രവൃത്തികളും അതിനനുസൃതമായിരിക്കട്ടെ. കരുണാരഹിതർക്ക് നിഷ്കരുണമായ ന്യായവിധി ഉണ്ടാകും. കാരുണ്യമുള്ളവരോ ന്യായവിധിയുടെമേൽ വിജയംനേടും.