യാക്കോബ് 2:3-14

യാക്കോബ് 2:3-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നിങ്ങൾ മോടിയുള്ള വസ്ത്രം ധരിച്ചവനെ നോക്കി: ഇവിടെ സുഖേന ഇരുന്നാലും എന്നും ദരിദ്രനോട്: നീ അവിടെ നില്ക്ക; അല്ലെങ്കിൽ എന്റെ പാദപീഠത്തിങ്കൽ ഇരിക്ക എന്നും പറയുന്നു എങ്കിൽ നിങ്ങൾ ഉള്ളിൽ പ്രമാണമില്ലാതെ ന്യായരഹിതമായി വിധിക്കുന്നവരായില്ലയോ? പ്രിയ സഹോദരന്മാരേ, കേൾപ്പിൻ: ദൈവം ലോകത്തിൽ ദരിദ്രരായവരെ വിശ്വാസത്തിൽ സമ്പന്നരും തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമാകേണ്ടതിനു തിരഞ്ഞെടുത്തില്ലയോ? നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു. ധനവാന്മാർ അല്ലയോ നിങ്ങളെ പീഡിപ്പിക്കുന്നത്? അവർ അല്ലയോ നിങ്ങളെ ന്യായസ്ഥാനങ്ങളിലേക്ക് ഇഴച്ചുകൊണ്ടുപോകുന്നത്? നിങ്ങളുടെമേൽ വിളിച്ചിരിക്കുന്ന നല്ല നാമത്തെ അവർ അല്ലയോ ദുഷിക്കുന്നത്? എന്നാൽ “കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കേണം” എന്ന തിരുവെഴുത്തിന് ഒത്തവണ്ണം രാജകീയന്യായപ്രമാണം നിങ്ങൾ നിവർത്തിക്കുന്നു എങ്കിൽ നന്ന്. മുഖപക്ഷം കാണിച്ചാലോ പാപം ചെയ്യുന്നു; നിങ്ങൾ ലംഘനക്കാർ എന്നു ന്യായപ്രമാണത്താൽ തെളിയുന്നു. ഒരുത്തൻ ന്യായപ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നിൽ തെറ്റിയാൽ അവൻ സകലത്തിനും കുറ്റക്കാരനായിത്തീർന്നു. വ്യഭിചാരം ചെയ്യരുത് എന്നു കല്പിച്ചവൻ കൊല ചെയ്യരുത് എന്നും കല്പിച്ചിരിക്കുന്നു. നീ വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കൊല ചെയ്യുന്നു എങ്കിൽ ന്യായപ്രമാണം ലംഘിക്കുന്നവനായിത്തീർന്നു. സ്വാതന്ത്ര്യത്തിന്റെ ന്യായപ്രമാണത്താൽ വിധിക്കപ്പെടുവാനുള്ളവരെപ്പോലെ സംസാരിക്കയും പ്രവർത്തിക്കയും ചെയ്‍വിൻ. കരുണ കാണിക്കാത്തവന് കരുണ ഇല്ലാത്ത ന്യായവിധി ഉണ്ടാകും; കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നു. സഹോദരന്മാരേ, ഒരുത്തൻ തനിക്കു വിശ്വാസം ഉണ്ട് എന്നു പറകയും പ്രവൃത്തികൾ ഇല്ലാതിരിക്കയും ചെയ്താൽ ഉപകാരം എന്ത്? ആ വിശ്വാസത്താൽ അവൻ രക്ഷ പ്രാപിക്കുമോ?

യാക്കോബ് 2:3-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നിങ്ങൾ മോടിയുള്ള വസ്ത്രം ധരിച്ചയാളിനോട് “ഇവിടെ സുഖമായി ഇരിക്കുക” എന്ന് ആദരപൂർവം പറയുകയും അതേ സമയം ആ പാവപ്പെട്ട മനുഷ്യനോട് “അവിടെ നില്‌ക്കുക” എന്നോ, “എന്റെ കാല്‌ക്കൽ നിലത്ത് ഇരുന്നുകൊള്ളുക” എന്നോ പറയുകയും ചെയ്യുന്നെങ്കിൽ, നിങ്ങളുടെ ഇടയിൽത്തന്നെ നിങ്ങൾ വിവേചനം കാണിക്കുന്നവരും ദുരുദ്ദേശ്യത്തോടുകൂടി വിധികല്പിക്കുന്നവരും ആയിത്തീരുന്നില്ലേ? എന്റെ പ്രിയപ്പെട്ട സഹോദരരേ, ഞാൻ പറയുന്നതു കേൾക്കുക; ലോകത്തിൽ ദരിദ്രർ ആയവരെ ദൈവം, വിശ്വാസത്തിൽ സമ്പന്നരും, തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദാനം ചെയ്തിട്ടുള്ള രാജ്യത്തിന് അവകാശികളും ആക്കിത്തീർത്തിട്ടില്ലേ? എന്നാൽ നിങ്ങൾ ദരിദ്രനെ അപമാനിക്കുന്നു. ആരാണ് നിങ്ങളെ പീഡിപ്പിക്കുകയും കോടതിയിലേക്കു വലിച്ചിഴയ്‍ക്കുകയും ചെയ്യുന്നത്? ധനവാന്മാർതന്നെ! ഏതൊരുപേരിൽ നിങ്ങൾ അറിയപ്പെടുന്നുവോ, ആ സംപൂജ്യനാമത്തെ നിന്ദിക്കുന്നതും അവരല്ലേ? വേദലിഖിതത്തിൽ‍ കാണുന്നതുപോലെ “നിന്റെ അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക” എന്ന ദൈവരാജ്യനിയമം നിങ്ങൾ യഥാർഥമായി അനുസരിക്കുന്നത് ഉത്തമം. എന്നാൽ നിങ്ങൾ പക്ഷപാതം കാണിക്കുന്നെങ്കിൽ നിങ്ങൾ പാപം ചെയ്യുന്നു. നിയമത്താൽ നിങ്ങൾ കുറ്റക്കാരായി വിധിക്കപ്പെടുകയും ചെയ്യുന്നു. നിയമങ്ങളിലൊന്നു ലംഘിക്കുന്നവൻ നിയമം ആസകലം ലംഘിക്കുന്നവനായിത്തീരുന്നു. “വ്യഭിചാരം ചെയ്യരുത്” എന്നു കല്പിച്ചവൻ “കൊല ചെയ്യരുത്” എന്നും കല്പിച്ചിട്ടുണ്ട്. നീ വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കൊല ചെയ്യുന്നെങ്കിൽ നീ നിയമം ലംഘിക്കുന്നു. ദൈവരാജ്യനിയമമാണ് നമ്മെ സ്വതന്ത്രരാക്കുന്നത്. ആ നിയമം അനുസരിച്ച് നിങ്ങൾ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക. കാരുണ്യം കാണിക്കാത്തവന്റെമേൽ കരുണയില്ലാത്ത വിധിയുണ്ടാകും. കാരുണ്യമാകട്ടെ വിധിയെ വെല്ലുന്നു. എന്റെ സഹോദരരേ, ഒരുവൻ വിശ്വാസമുണ്ട് എന്നു പറയുകയും അവന് അതനുസരിച്ചുള്ള പ്രവൃത്തികൾ ഇല്ലാതിരിക്കുകയും ചെയ്താൽ എന്തു പ്രയോജനം? അവന്റെ വിശ്വാസം അവനെ രക്ഷിക്കുവാൻ പര്യാപ്തമാണോ?

യാക്കോബ് 2:3-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

നിങ്ങൾ മോടിയുള്ള വസ്ത്രം ധരിച്ചവനെ നോക്കി: ഇവിടെ ഇരുന്നാലും എന്നും, ദരിദ്രനോട്: നീ അവിടെ നിൽക്കുക; അല്ലെങ്കിൽ എന്‍റെ പാദപീഠത്തിൽ ഇരിക്കുക എന്നും പറയുന്നു എങ്കിൽ, നിങ്ങൾ നിങ്ങളുടെ ഇടയിൽ വേർതിരിവ് ഉണ്ടാക്കുകയും ദുഷ്ടവിചാരത്തോടെ വിധിക്കുകയും അല്ലയോ ചെയ്യുന്നത്? എന്‍റെ പ്രിയ സഹോദരന്മാരേ, കേൾക്കുവിൻ: ദൈവം ലോകത്തിൽ ദരിദ്രരായവരെ വിശ്വാസത്തിൽ സമ്പന്നരും തന്നെ സ്നേഹിക്കുന്നവർക്ക് വാഗ്ദത്തം ചെയ്ത രാജ്യത്തിന്‍റെ അവകാശികളുമാകേണ്ടതിന് തിരഞ്ഞെടുത്തില്ലയോ? നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു. ധനവാന്മാർ അല്ലയോ നിങ്ങളെ പീഢിപ്പിക്കുന്നത്? അവർ അല്ലയോ നിങ്ങളെ കോടതികളിലേക്ക് വലിച്ചുകൊണ്ടുപോകുന്നത്? നിങ്ങളുടെമേൽ വിളിക്കപ്പെട്ടിരിക്കുന്ന നല്ല നാമത്തെ അവർ അല്ലയോ ദുഷിക്കുന്നത്? എന്നാൽ “അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം” എന്ന തിരുവെഴുത്തിൻപ്രകാരമുള്ള രാജകീയ ന്യായപ്രമാണം നിങ്ങൾ നിവർത്തിയ്ക്കുന്നു എങ്കിൽ നിങ്ങൾ നന്നായി ചെയ്യുന്നു. മുഖപക്ഷം കാണിച്ചാലോ പാപം ചെയ്യുന്നു; നിങ്ങൾ ലംഘനക്കാർ എന്നു ന്യായപ്രമാണത്താൽ തെളിയുന്നു. എന്തെന്നാൽ ഒരുവൻ ന്യായപ്രമാണം മുഴുവനും അനുസരിച്ച് നടന്നിട്ടും ഒന്നിൽ തെറ്റിയാൽ അവൻ സകലത്തിനും കുറ്റക്കാരനായിത്തീരുന്നു; വ്യഭിചാരം ചെയ്യരുത് എന്നു കല്പിച്ചവൻ കൊല ചെയ്യരുത് എന്നും കല്പിച്ചിരിക്കുന്നുവല്ലോ. നീ വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കൊല ചെയ്യുന്നു എങ്കിൽ ന്യായപ്രമാണം ലംഘിക്കുന്നവനായിത്തീരുന്നു. സ്വാതന്ത്ര്യത്തിൻ്റെ ന്യായപ്രമാണത്താൽ വിധിക്കപ്പെടുവാനുള്ളവരെപ്പോലെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്‌വിൻ. കരുണ കാണിക്കാത്തവന് കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും എന്നതിനാൽ തന്നെ; കരുണ ന്യായവിധിയെ ജയിക്കുന്നു! എന്‍റെ സഹോദരന്മാരേ, ഒരുവൻ തനിക്കു വിശ്വാസം ഉണ്ട് എന്നു പറയുകയും പ്രവൃത്തികൾ ഇല്ലാതിരിക്കുകയും ചെയ്താൽ എന്ത് പ്രയോജനം? ആ വിശ്വാസത്താൽ അവനു രക്ഷ പ്രാപിക്കുവാൻ സാധിക്കുമോ?

യാക്കോബ് 2:3-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നിങ്ങൾ മോടിയുള്ള വസ്ത്രം ധരിച്ചവനെ നോക്കി: ഇവിടെ സുഖേന ഇരുന്നാലും എന്നും ദരിദ്രനോടു: നീ അവിടെ നിൽക്ക; അല്ലെങ്കിൽ എന്റെ പാദപീഠത്തിങ്കൽ ഇരിക്ക എന്നും പറയുന്നു എങ്കിൽ നിങ്ങൾ ഉള്ളിൽ പ്രമാണമില്ലാതെ ന്യായരഹിതമായി വിധിക്കുന്നവരായില്ലയോ? പ്രിയ സഹോദരന്മാരേ, കേൾപ്പിൻ: ദൈവം ലോകത്തിൽ ദരിദ്രരായവരെ വിശ്വാസത്തിൽ സമ്പന്നരും തന്നേ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമാകേണ്ടതിന്നു തിരഞ്ഞെടുത്തില്ലയോ? നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു. ധനവാന്മാർ അല്ലയോ നിങ്ങളെ പീഡിപ്പിക്കുന്നതു? അവർ അല്ലയോ നിങ്ങളെ ന്യായസ്ഥാനങ്ങളിലേക്കു ഇഴെച്ചു കൊണ്ടുപോകുന്നതു? നിങ്ങളുടെമേൽ വിളിച്ചിരിക്കുന്ന നല്ല നാമത്തെ അവർ അല്ലയോ ദുഷിക്കുന്നതു? എന്നാൽ “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്ന തിരുവെഴുത്തിന്നു ഒത്തവണ്ണം രാജകീയന്യായപ്രമാണം നിങ്ങൾ നിവർത്തിക്കുന്നു എങ്കിൽ നന്നു. മുഖപക്ഷം കാണിച്ചാലോ പാപം ചെയ്യുന്നു; നിങ്ങൾ ലംഘനക്കാർ എന്നു ന്യായപ്രമാണത്താൽ തെളിയുന്നു. ഒരുത്തൻ ന്യായപ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നിൽ തെറ്റിയാൽ അവൻ സകലത്തിന്നും കുറ്റക്കാരനായിത്തീർന്നു. വ്യഭിചാരം ചെയ്യരുതു എന്നു കല്പിച്ചവൻ കൊല ചെയ്യരുതു എന്നും കല്പിച്ചിരിക്കുന്നു. നീ വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കൊല ചെയ്യുന്നു എങ്കിൽ ന്യായപ്രമാണം ലംഘിക്കുന്നവനായിത്തീർന്നു. സ്വാതന്ത്ര്യത്തിന്റെ ന്യായപ്രമാണത്താൽ വിധിക്കപ്പെടുവാനുള്ളവരെപ്പോലെ സംസാരിക്കയും പ്രവർത്തിക്കയും ചെയ്‌വിൻ. കരുണ കാണിക്കാത്തവന്നു കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും; കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നു. സഹോദരന്മാരേ, ഒരുത്തൻ തനിക്കു വിശ്വാസം ഉണ്ടു എന്നു പറകയും പ്രവൃത്തികൾ ഇല്ലാതിരിക്കയും ചെയ്താൽ ഉപകാരം എന്തു? ആ വിശ്വാസത്താൽ അവൻ രക്ഷ പ്രാപിക്കുമോ?

യാക്കോബ് 2:3-14 സമകാലിക മലയാളവിവർത്തനം (MCV)

വിശിഷ്ടവസ്ത്രം ധരിച്ചയാൾക്കു നിങ്ങൾ പ്രത്യേകപരിഗണന നൽകിക്കൊണ്ട്, “ഈ ആദരണീയമായ ഇരിപ്പിടത്തിൽ ഇരുന്നാലും” എന്നു പറയുകയും ദരിദ്രനോട്, “നീ അവിടെ മാറിനിൽക്കൂ” എന്നോ “എന്റെ കാൽക്കൽ ഇരിക്കൂ” എന്നോ പറയുകയും ചെയ്യുന്നെങ്കിൽ, നിങ്ങളുടെ ഇടയിൽത്തന്നെ നിങ്ങൾ പക്ഷപാതപരമായി പ്രവർത്തിക്കുകയും ദുഷ്ടലാക്കോടെ വിവേചനം കാണിക്കുകയുമല്ലേ ചെയ്യുന്നത്? എന്റെ പ്രിയസഹോദരങ്ങളേ, ശ്രദ്ധിക്കുക: ദൈവം ഈ ലോകത്തിലെ ദരിദ്രരെ വിശ്വാസത്തിൽ സമ്പന്നരും തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദാനംചെയ്തിട്ടുള്ള രാജ്യത്തിന്റെ അവകാശികളുമായി തെരഞ്ഞെടുത്തില്ലയോ? നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു. ധനികരല്ലേ നിങ്ങളെ ചൂഷണംചെയ്യുകയും കോടതികളിലേക്കു വലിച്ചിഴയ്ക്കുകയുംചെയ്യുന്നത്? നിങ്ങളെ വിളിച്ച കർത്താവിന്റെ മഹനീയനാമത്തെ ദുഷിക്കുന്നതും അവരല്ലേ? “നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കണം” എന്ന തിരുവെഴുത്ത് അനുശാസിക്കുന്ന, രാജകീയ നിയമം പാലിക്കുന്നെങ്കിൽ നിങ്ങൾ ഉത്തമമായതു പ്രവർത്തിക്കുന്നു. പക്ഷഭേദം കാണിക്കുന്നെങ്കിലോ പാപംചെയ്യുന്നു; അങ്ങനെ ന്യായപ്രമാണമനുസരിച്ച് നിങ്ങൾ കുറ്റവാളികളായി വിധിക്കപ്പെടുന്നു. ഒരാൾ ന്യായപ്രമാണകൽപ്പനകൾ, ഒന്നൊഴികെ സകലതും അനുസരിച്ചാലും അയാൾ സമ്പൂർണന്യായപ്രമാണവും ലംഘിച്ചതിനു സമമാണ്. “വ്യഭിചാരം ചെയ്യരുത്” എന്നു കൽപ്പിച്ച അതേ ദൈവംതന്നെയാണ് “കൊലപാതകം ചെയ്യരുത്” എന്നും കൽപ്പിച്ചിരിക്കുന്നത്. വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കൊലപാതകം ചെയ്യുന്നെങ്കിൽ നീ ന്യായപ്രമാണം ലംഘിച്ചിരിക്കുന്നു. സ്വാതന്ത്ര്യമേകുന്ന ന്യായപ്രമാണത്താൽ നാം വിധിക്കപ്പെടാനുള്ളവർ ആയതുകൊണ്ട് നമ്മുടെ വാക്കുകളും പ്രവൃത്തികളും അതിനനുസൃതമായിരിക്കട്ടെ. കരുണാരഹിതർക്ക് നിഷ്കരുണമായ ന്യായവിധി ഉണ്ടാകും. കാരുണ്യമുള്ളവരോ ന്യായവിധിയുടെമേൽ വിജയംനേടും. എന്റെ സഹോദരങ്ങളേ, ഒരാൾ തനിക്കു വിശ്വാസമുണ്ടെന്ന് അവകാശപ്പെടുകയും അതിനനുസൃതമായ പ്രവൃത്തികൾ ഇല്ലാതിരിക്കുകയും ചെയ്താൽ എന്തു പ്രയോജനം? ആ വിശ്വാസം അയാളെ രക്ഷിക്കുമോ?