യാക്കോബ് 2:1-4
യാക്കോബ് 2:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സഹോദരന്മാരേ, തേജസ്സുള്ളവനായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന നിങ്ങൾ മുഖപക്ഷം കാണിക്കരുത്. നിങ്ങളുടെ പള്ളിയിൽ മോടിയുള്ള വസ്ത്രം ധരിച്ചും പൊൻമോതിരം ഇട്ടുംകൊണ്ട് ഒരുത്തനും മുഷിഞ്ഞ വസ്ത്രം ധരിച്ചോരു ദരിദ്രനും വന്നാൽ നിങ്ങൾ മോടിയുള്ള വസ്ത്രം ധരിച്ചവനെ നോക്കി: ഇവിടെ സുഖേന ഇരുന്നാലും എന്നും ദരിദ്രനോട്: നീ അവിടെ നില്ക്ക; അല്ലെങ്കിൽ എന്റെ പാദപീഠത്തിങ്കൽ ഇരിക്ക എന്നും പറയുന്നു എങ്കിൽ നിങ്ങൾ ഉള്ളിൽ പ്രമാണമില്ലാതെ ന്യായരഹിതമായി വിധിക്കുന്നവരായില്ലയോ?
യാക്കോബ് 2:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ സഹോദരരേ, മഹത്ത്വത്തിന്റെ പ്രഭുവും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന നിങ്ങൾ പക്ഷപാതം കാണിക്കരുത്. പൊൻമോതിരവും മോടിയുള്ള വസ്ത്രവും അണിഞ്ഞ് ഒരാളും മുഷിഞ്ഞ വസ്ത്രംധരിച്ച് ഒരു ദരിദ്രനും നിങ്ങളുടെ സഭായോഗത്തിൽ വരുന്നു എന്നിരിക്കട്ടെ. നിങ്ങൾ മോടിയുള്ള വസ്ത്രം ധരിച്ചയാളിനോട് “ഇവിടെ സുഖമായി ഇരിക്കുക” എന്ന് ആദരപൂർവം പറയുകയും അതേ സമയം ആ പാവപ്പെട്ട മനുഷ്യനോട് “അവിടെ നില്‌ക്കുക” എന്നോ, “എന്റെ കാല്‌ക്കൽ നിലത്ത് ഇരുന്നുകൊള്ളുക” എന്നോ പറയുകയും ചെയ്യുന്നെങ്കിൽ, നിങ്ങളുടെ ഇടയിൽത്തന്നെ നിങ്ങൾ വിവേചനം കാണിക്കുന്നവരും ദുരുദ്ദേശ്യത്തോടുകൂടി വിധികല്പിക്കുന്നവരും ആയിത്തീരുന്നില്ലേ?
യാക്കോബ് 2:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്‍റെ സഹോദരന്മാരേ, തേജസ്സുള്ളവനായ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന നിങ്ങൾ മുഖപക്ഷം കാണിക്കരുത്. നിങ്ങളുടെ പള്ളിയിൽ മോടിയുള്ള വസ്ത്രവും പൊന്മോതിരവും ധരിച്ചുകൊണ്ട് ഒരുവനും, മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു ദരിദ്രനും വന്നാൽ, നിങ്ങൾ മോടിയുള്ള വസ്ത്രം ധരിച്ചവനെ നോക്കി: ഇവിടെ ഇരുന്നാലും എന്നും, ദരിദ്രനോട്: നീ അവിടെ നിൽക്കുക; അല്ലെങ്കിൽ എന്‍റെ പാദപീഠത്തിൽ ഇരിക്കുക എന്നും പറയുന്നു എങ്കിൽ, നിങ്ങൾ നിങ്ങളുടെ ഇടയിൽ വേർതിരിവ് ഉണ്ടാക്കുകയും ദുഷ്ടവിചാരത്തോടെ വിധിക്കുകയും അല്ലയോ ചെയ്യുന്നത്?
യാക്കോബ് 2:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സഹോദരന്മാരേ, തേജസ്സുള്ളവനായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന നിങ്ങൾ മുഖപക്ഷം കാണിക്കരുതു. നിങ്ങളുടെ പള്ളിയിൽ മോടിയുള്ള വസ്ത്രം ധരിച്ചും പൊന്മോതിരം ഇട്ടുംകൊണ്ടു ഒരുത്തനും മുഷിഞ്ഞ വസ്ത്രം ധരിച്ചോരു ദരിദ്രനും വന്നാൽ നിങ്ങൾ മോടിയുള്ള വസ്ത്രം ധരിച്ചവനെ നോക്കി: ഇവിടെ സുഖേന ഇരുന്നാലും എന്നും ദരിദ്രനോടു: നീ അവിടെ നിൽക്ക; അല്ലെങ്കിൽ എന്റെ പാദപീഠത്തിങ്കൽ ഇരിക്ക എന്നും പറയുന്നു എങ്കിൽ നിങ്ങൾ ഉള്ളിൽ പ്രമാണമില്ലാതെ ന്യായരഹിതമായി വിധിക്കുന്നവരായില്ലയോ?
യാക്കോബ് 2:1-4 സമകാലിക മലയാളവിവർത്തനം (MCV)
തേജോമയനായ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ വിശ്വാസം അർപ്പിച്ച എന്റെ സഹോദരങ്ങളേ, നിങ്ങൾ പക്ഷഭേദപരമായി പെരുമാറരുത്. നിങ്ങളുടെ സഭയിൽ സ്വർണമോതിരമണിഞ്ഞും പകിട്ടേറിയ വസ്ത്രംധരിച്ചും ഒരാളും മുഷിഞ്ഞവേഷംമാത്രം ധരിച്ച ഒരു ദരിദ്രനും വരുന്നു എന്നിരിക്കട്ടെ. വിശിഷ്ടവസ്ത്രം ധരിച്ചയാൾക്കു നിങ്ങൾ പ്രത്യേകപരിഗണന നൽകിക്കൊണ്ട്, “ഈ ആദരണീയമായ ഇരിപ്പിടത്തിൽ ഇരുന്നാലും” എന്നു പറയുകയും ദരിദ്രനോട്, “നീ അവിടെ മാറിനിൽക്കൂ” എന്നോ “എന്റെ കാൽക്കൽ ഇരിക്കൂ” എന്നോ പറയുകയും ചെയ്യുന്നെങ്കിൽ, നിങ്ങളുടെ ഇടയിൽത്തന്നെ നിങ്ങൾ പക്ഷപാതപരമായി പ്രവർത്തിക്കുകയും ദുഷ്ടലാക്കോടെ വിവേചനം കാണിക്കുകയുമല്ലേ ചെയ്യുന്നത്?