യാക്കോബ് 1:9-27
യാക്കോബ് 1:9-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ എളിയ സഹോദരൻ തന്റെ ഉയർച്ചയിലും ധനവാനോ പുല്ലിന്റെ പൂപോലെ ഒഴിഞ്ഞുപോകുന്നവനാകയാൽ തന്റെ എളിമയിലും പ്രശംസിക്കട്ടെ. സൂര്യൻ ഉഷ്ണക്കാറ്റോടെ ഉദിച്ചിട്ടു പുല്ല് ഉണങ്ങി പൂവുതിർന്ന് അതിന്റെ രൂപഭംഗി കെട്ടുപോകുന്നു. അതുപോലെ ധനവാനും തന്റെ പ്രയത്നങ്ങളിൽ വാടിപ്പോകും. പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞശേഷം കർത്താവ് തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും. പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്ന് ആരും പറയരുത്. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല. ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു. മോഹം ഗർഭംധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു. എന്റെ പ്രിയസഹോദരന്മാരേ, വഞ്ചിക്കപ്പെടരുത്. എല്ലാ നല്ല ദാനവും തികഞ്ഞ വരമൊക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്ന് ഇറങ്ങിവരുന്നു. അവനു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല. നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന് അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു. പ്രിയ സഹോദരന്മാരേ, നിങ്ങൾ അത് അറിയുന്നുവല്ലോ. എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിനു താമസവുമുള്ളവൻ ആയിരിക്കട്ടെ. മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവർത്തിക്കുന്നില്ല. ആകയാൽ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൗമ്യതയോടെ കൈക്കൊൾവിൻ. എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെത്തന്നെ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ. ഒരുത്തൻ വചനം കേൾക്കുന്നവൻ എങ്കിലും ചെയ്യാത്തവനായിരുന്നാൽ അവൻ തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ആളോടൊക്കുന്നു. അവൻ തന്നെത്താൻ കണ്ടു പുറപ്പെട്ടു താൻ ഇന്ന രൂപം ആയിരുന്നു എന്ന് ഉടനെ മറന്നുപോകുന്നു. സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം ഉറ്റുനോക്കി അതിൽ നിലനില്ക്കുന്നവനോ കേട്ടു മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താൻ ചെയ്യുന്നതിൽ ഭാഗ്യവാൻ ആകും. നിങ്ങളിൽ ഒരുവൻ തന്റെ നാവിനു കടിഞ്ഞാണിടാതെ തന്റെ ഹൃദയത്തെ വഞ്ചിച്ചുകൊണ്ടു താൻ ഭക്തൻ എന്നു നിരൂപിച്ചാൽ അവന്റെ ഭക്തി വ്യർഥം അത്രേ. പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും, ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും ആകുന്നു.
യാക്കോബ് 1:9-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എളിയ സഹോദരൻ തന്റെ ഉയർച്ചയിലും ധനവാനോ പുല്ലിന്റെ പൂപോലെ ഒഴിഞ്ഞുപോകുന്നവനാകയാൽ തന്റെ എളിമയിലും പ്രശംസിക്കട്ടെ. പൊള്ളുന്ന ചൂടോടെ സൂര്യൻ ഉദിച്ചുയരുന്നു. അതിന്റെ ചൂടേറ്റ് പുല്ലു വാടിക്കരിയുന്നു; പൂവു കൊഴിഞ്ഞുവീഴുന്നു; അതിന്റെ സൗന്ദര്യം നശിക്കുകയും ചെയ്യുന്നു. അതുപോലെ ധനികനും തന്റെ പ്രയത്നങ്ങൾക്കിടയിൽ വാടി നശിക്കുന്നു. പരീക്ഷണങ്ങൾ നേരിടുമ്പോൾ ഉറച്ചു നില്‌ക്കുന്നവൻ അനുഗൃഹീതൻ; എന്തെന്നാൽ പരീക്ഷണങ്ങളെ അതിജീവിക്കുന്നവന്, തന്നെ സ്നേഹിക്കുന്നവർക്കു ദൈവം വാഗ്ദാനം ചെയ്തിട്ടുള്ള ജീവകിരീടം ലഭിക്കും. പരീക്ഷിക്കപ്പെടുമ്പോൾ ദൈവം എന്നെ പരീക്ഷിക്കുന്നു എന്ന് ആരും പറയരുത്. എന്തെന്നാൽ തിന്മയാൽ ദൈവത്തെ പരീക്ഷിക്കുവാൻ സാധ്യമല്ല. അവിടുന്ന് ആരെയും പരീക്ഷിക്കുന്നുമില്ല. മറിച്ച് ഓരോരുത്തൻ സ്വന്തം ദുർമോഹത്താൽ ആകൃഷ്ടനായി വഴിതെറ്റിപ്പോകുവാൻ പരീക്ഷിക്കപ്പെടുന്നു. മോഹം ഗർഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു. പാപം പൂർണവളർച്ചയിലെത്തുമ്പോൾ മരണത്തെ ഉളവാക്കുന്നു. എന്റെ പ്രിയ സഹോദരരേ, ആരും നിങ്ങളെ വഴിതെറ്റിക്കരുത്. എല്ലാ നല്ല ദാനങ്ങളും തികവുറ്റ വരങ്ങളും ഉന്നതത്തിൽനിന്ന്, പ്രകാശഗോളങ്ങളുടെ സ്രഷ്ടാവായ പിതാവിൽനിന്നുതന്നെ വരുന്നു. ദൈവത്തിനു മാറ്റമോ, ഗതിഭേദംകൊണ്ടുള്ള നിഴലോ ഇല്ല. തന്റെ സൃഷ്‍ടികളിൽ നാം ആദ്യഫലം ആകേണ്ടതിന്, ദൈവം തന്റെ സ്വന്തം ഇച്ഛയാൽ സത്യത്തിന്റെ വചനംകൊണ്ടു നമ്മെ ജനിപ്പിച്ചു. എന്റെ പ്രിയപ്പെട്ട സഹോദരരേ, നിങ്ങൾ ഇത് ഓർത്തുകൊള്ളണം; ഏതു മനുഷ്യനും കേൾക്കുന്നതിൽ വേഗം ശ്രദ്ധിക്കുന്നവനും, പറയുന്നതിലും കോപിക്കുന്നതിലും തിടുക്കം കൂട്ടാത്തവനും ആയിരിക്കട്ടെ. മനുഷ്യന്റെ കോപംമൂലം ദൈവത്തിന്റെ നീതി നിർവഹിക്കപ്പെടുന്നില്ല. അതിനാൽ എല്ലാ അശുദ്ധിയും കൊടിയ ദുഷ്ടതയും ഉപേക്ഷിച്ച്, നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുവാൻ പര്യാപ്തമായതും ദൈവം നിങ്ങളുടെ ഉള്ളിൽ നടുന്നതുമായ വചനത്തെ വിനയപൂർവം കൈക്കൊള്ളുക. എന്നാൽ നിങ്ങൾ വചനം കേൾക്കുകമാത്രം ചെയ്ത് സ്വയം വഞ്ചിക്കാതെ അതു പ്രാവർത്തികമാക്കണം. വചനം കേൾക്കുന്നെങ്കിൽ അത് അനുവർത്തിക്കാതിരിക്കുന്നവൻ തന്റെ മുഖം കണ്ണാടിയിൽ കണ്ടിട്ട് അത് ഉടനെ മറക്കുന്നവനെപ്പോലെയാകുന്നു. സ്വാതന്ത്ര്യത്തിന്റെ സമ്പൂർണമായ നിയമത്തെ നോക്കിക്കാണുകയും അതു നിഷ്ഠയോടെ പ്രാവർത്തികമാക്കുകയും ചെയ്യുന്നവൻ കേട്ടിട്ടു മറക്കുന്നവനല്ല, പിന്നെയോ ചെയ്യുന്നവനാകുന്നു. തന്റെ പ്രവൃത്തികളാൽ അവൻ അനുഗൃഹീതനാകും. ഭക്തനാണെന്നു വിചാരിക്കുന്ന ഒരുവൻ തന്റെ നാവിനു കടിഞ്ഞാണിടാതെ സ്വയം വഞ്ചിക്കുന്നുവെങ്കിൽ അവന്റെ ഭക്തി വ്യർഥമത്രേ. പിതാവായ ദൈവത്തിന്റെ മുമ്പാകെയുള്ള ശുദ്ധവും നിർമ്മലവുമായ ഭക്തിയാകട്ടെ, അനാഥരെയും വിധവമാരെയും അവരുടെ കഷ്ടതകളിൽ ചെന്നു കണ്ട് ആശ്വസിപ്പിക്കുകയും ലോകത്തിന്റെ മാലിന്യംപറ്റാതെ സ്വയം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതാകുന്നു.
യാക്കോബ് 1:9-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദരിദ്രസഹോദരൻ തന്‍റെ ഉന്നതസ്ഥാനത്തിലും, ധനവാനോ പുല്ലിൻ്റെ പൂവ് പോലെ കൊഴിഞ്ഞു പോകുന്നവനാകയാൽ തന്‍റെ എളിമയിലും പ്രശംസിക്കട്ടെ. എന്തെന്നാൽ സൂര്യൻ ഉദിച്ചിട്ട് കടുത്ത ചൂടുകൊണ്ട് പുല്ല് ഉണങ്ങി പൂവുതിർന്ന് അതിന്റെ രൂപഭംഗി ഇല്ലാതെ പോകുന്നു. അതുപോലെ ധനവാനും തന്റെ പ്രയത്നങ്ങളിൽ വാടിപ്പോകും. പരിശോധന സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; എന്തുകൊണ്ടെന്നാൽ അവൻ പരിശോധനകളെ അതിജീവിച്ചാൽ, കർത്താവ് തന്നെ സ്നേഹിക്കുന്നവർക്ക് വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും. പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുത്. എന്തെന്നാൽ ദൈവത്തെ ദോഷങ്ങളാൽ പരീക്ഷിക്കുവാൻ കഴിയുന്നതല്ല; ദൈവം ആരെയും പരീക്ഷിക്കുന്നതുമില്ല. എന്നാൽ സ്വന്തമോഹത്തിൽ കുടുങ്ങി വശീകരിക്കപ്പെടുന്നതിനാൽ ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നു. അങ്ങനെ മോഹം ഗർഭംധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം പൂർണ്ണവളർച്ച പ്രാപിച്ചിട്ട് മരണത്തെ പ്രസവിക്കുന്നു. എന്‍റെ പ്രിയ സഹോദരന്മാരേ, വഞ്ചിക്കപ്പെടരുത്. എല്ലാ നല്ല ദാനവും പൂർണ്ണവരം ഒക്കെയും ഉയരത്തിൽനിന്ന്, വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്ന് ഇറങ്ങിവരുന്നു. അവനു ചാഞ്ചല്യമോ, നിഴൽ മാറുന്നതു പോലുള്ള മാറ്റമോ ഇല്ല. നാം അവന്റെ സൃഷ്ടികളിൽ ആദ്യഫലമാകേണ്ടതിന് അവൻ തന്‍റെ ഇഷ്ടത്താൽ സത്യത്തിന്‍റെ വചനംകൊണ്ട് നമ്മെ ജനിപ്പിച്ചിരിക്കുന്നു. എന്‍റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ അത് അറിയുന്നുവല്ലോ. എന്നാൽ ഏത് മനുഷ്യനും കേൾക്കുവാൻ വേഗതയും പറയുവാൻ താമസവും കോപത്തിന് താമസവും ഉള്ളവൻ ആയിരിക്കട്ടെ; എന്തെന്നാൽ മനുഷ്യന്‍റെ കോപം മൂലം ദൈവത്തിന്‍റെ നീതി നിർവ്വഹിക്കപ്പെടുന്നില്ല. ആകയാൽ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ട് നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുവാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൗമ്യതയോടെ കൈക്കൊൾവിൻ. എങ്കിലും വചനം കേൾക്കുക മാത്രം ചെയ്തു തങ്ങളെത്തന്നെ ചതിക്കാതെ അതിനെ പ്രവൃത്തിക്കുന്നവരായും ഇരിക്കുവിൻ. എന്തെന്നാൽ, ഒരുവൻ വചനം കേൾക്കുന്നവൻ എങ്കിലും പ്രവർത്തിക്കാതിരുന്നാൽ അവൻ തന്‍റെ മുഖം കണ്ണാടിയിൽ നോക്കുന്ന ആളോട് തുല്യനാകുന്നു; അവൻ സ്വന്തരൂപം കാണുകയും താൻ ഇന്ന രൂപം ആയിരുന്നു എന്നു ഉടനെ മറന്നുപോകുകയും ചെയ്യുന്നു. എന്നാൽ സ്വാതന്ത്ര്യത്തിൻ്റെ തികഞ്ഞ ന്യായപ്രമാണം ശ്രദ്ധയോടെ നോക്കുകയും അതിൽ നിലനിൽക്കുകയും ചെയ്യുന്നവനോ കേട്ടു മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താൻ ചെയ്യുന്നതിൽ ഭാഗ്യവാൻ ആകും. നിങ്ങളിൽ ഒരുവൻ താൻ ഭക്തൻ എന്നു നിരൂപിച്ച് തന്‍റെ നാവിന് കടിഞ്ഞാണിടാതെ ഇരുന്നാൽ തന്‍റെ ഹൃദയത്തെ വഞ്ചിക്കുന്നു; അവന്‍റെ ഭക്തി വ്യർത്ഥം അത്രേ. പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരേയും വിധവമാരെയും അവരുടെ കഷ്ടതയിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതെ സ്വയം കാത്തുസൂക്ഷിക്കുന്നതും ആകുന്നു.
യാക്കോബ് 1:9-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ എളിയ സഹോദരൻ തന്റെ ഉയർച്ചയിലും ധനവാനോ പുല്ലിന്റെ പൂപോലെ ഒഴിഞ്ഞുപോകുന്നവനാകയാൽ തന്റെ എളിമയിലും പ്രശംസിക്കട്ടെ. സൂര്യൻ ഉഷ്ണക്കാറ്റോടെ ഉദിച്ചിട്ടു പുല്ലു ഉണങ്ങി പൂവുതിർന്നു അതിന്റെ രൂപഭംഗി കെട്ടുപോകുന്നു. അതുപോലെ ധനവാനും തന്റെ പ്രയത്നങ്ങളിൽ വാടിപോകും. പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കർത്താവു തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും. പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല. ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു. മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു. എന്റെ പ്രിയസഹോദരന്മാരേ, വഞ്ചിക്കപ്പെടരുതു. എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽ നിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല. നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു. പ്രിയസഹോദരന്മാരേ, നിങ്ങൾ അതു അറിയുന്നുവല്ലോ. എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ. മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവർത്തിക്കുന്നില്ല. ആകയാൽ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൗമ്യതയോടെ കൈക്കൊൾവിൻ. എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ. ഒരുത്തൻ വചനം കേൾക്കുന്നവൻ എങ്കിലും ചെയ്യാത്തവനായിരുന്നാൽ അവൻ തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ആളോടു ഒക്കുന്നു. അവൻ തന്നെത്താൻ കണ്ടു പുറപ്പെട്ടു താൻ ഇന്ന രൂപം ആയിരുന്നു എന്നു ഉടനെ മറന്നുപോകുന്നു. സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം ഉറ്റുനോക്കി അതിൽ നിലനില്ക്കുന്നവനോ കേട്ടു മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താൻ ചെയ്യുന്നതിൽ ഭാഗ്യവാൻ ആകും. നിങ്ങളിൽ ഒരുവൻ തന്റെ നാവിന്നു കടിഞ്ഞാണിടാതെ തന്റെ ഹൃദയത്തെ വഞ്ചിച്ചുകൊണ്ടു താൻ ഭക്തൻ എന്നു നിരൂപിച്ചാൽ അവന്റെ ഭക്തി വ്യർത്ഥം അത്രേ. പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും ആകുന്നു.
യാക്കോബ് 1:9-27 സമകാലിക മലയാളവിവർത്തനം (MCV)
താണ പരിതഃസ്ഥിതിയിലുള്ള സഹോദരങ്ങൾ ദൈവം അവരെ ആദരിച്ചത് ഓർത്ത് അഭിമാനിക്കട്ടെ. ധനികർ ഒരുനാൾ പുല്ലിന്റെ പൂവുപോലെ ഉതിർന്നു പോകാനിരിക്കുന്നവരാകയാൽ അവർ തങ്ങളുടെ എളിമയിലും അഭിമാനിക്കട്ടെ. സൂര്യൻ അത്യുഷ്ണത്തോടെ ജ്വലിക്കുമ്പോൾ പുല്ലുണങ്ങി, പൂവുതിർന്ന് അതിന്റെ സൗന്ദര്യം നശിച്ചുപോകുന്നു. അതുപോലെതന്നെ ധനികനും തന്റെ പരിശ്രമങ്ങളിൽ നശിച്ചുപോകുന്നു. പരിശോധന സഹനശക്തിയോടെ അഭിമുഖീകരിക്കുന്ന മനുഷ്യർ അനുഗൃഹീതർ; പരീക്ഷയിൽ വിജയികളായിത്തീർന്നശേഷം അവർ, കർത്താവ് അവിടത്തെ സ്നേഹിക്കുന്നവർക്കു വാഗ്ദാനംചെയ്തിരിക്കുന്ന ജീവകിരീടം കരസ്ഥമാക്കും. പ്രലോഭിപ്പിക്കപ്പെടുമ്പോൾ, “ദൈവം എന്നെ പ്രലോഭിപ്പിക്കുന്നു” എന്ന് ആരും പറയരുത്. ദൈവം തിന്മയാൽ പ്രലോഭിതനാകുന്നില്ല; അവിടന്ന് ആരെയും പ്രലോഭിപ്പിക്കുന്നതുമില്ല. എന്നാൽ, ഓരോരുത്തരും പ്രലോഭിപ്പിക്കപ്പെടുന്നത് സ്വന്തം ദുർമോഹത്താൽ വലിച്ചിഴയ്ക്കപ്പെടുകയും വശീകരിക്കപ്പെടുകയും ചെയ്യുമ്പോഴാണ്. ഈ ദുർമോഹങ്ങൾ ഗർഭംധരിച്ചു പാപത്തെ ജനിപ്പിക്കുന്നു; പാപം പൂർണവളർച്ചയെത്തി മരണത്തെ ജനിപ്പിക്കുന്നു. എന്റെ പ്രിയസഹോദരങ്ങളേ, വഞ്ചിക്കപ്പെടരുത്. ഉത്തമവും പൂർണവുമായ എല്ലാ നല്ല ദാനങ്ങളും ഉയരത്തിൽനിന്ന്, അതായത്, പ്രകാശങ്ങളുടെ പിതാവിങ്കൽനിന്നാണു വരുന്നത്. അവിടന്ന് മാറിക്കൊണ്ടിരിക്കുന്ന നിഴലുകൾപോലെ മാറുകയില്ല. നാം അവിടത്തെ സൃഷ്ടികളിൽ ഒരുവിധത്തിലുള്ള ആദ്യഫലമാകേണ്ടതിന്, സത്യത്തിന്റെ വചനത്തിലൂടെ നമുക്കു ജന്മമേകാൻ, അവിടന്ന് പ്രസാദിച്ചു. എന്റെ പ്രിയസഹോദരങ്ങളേ, എല്ലാ മനുഷ്യരും കേൾക്കാൻ വേഗവും സംസാരിക്കാൻ സാവധാനതയും കോപിക്കാൻ താമസവും ഉള്ളവരായിരിക്കണമെന്നു നിങ്ങൾ അറിയുക. മനുഷ്യന്റെ കോപം ദൈവം ആഗ്രഹിക്കുന്ന നീതി നിറവേറ്റാൻ ഉതകുന്നതല്ല. ആകയാൽ സകല അശുദ്ധിയും തിന്മയുടെ പ്രചുരതയും ഉപേക്ഷിച്ച്, നിങ്ങളിൽ നട്ടതും നിങ്ങളുടെ ജീവൻ രക്ഷിക്കാൻ ശക്തിയുള്ളതുമായ വചനം വിനയത്തോടെ സ്വീകരിക്കുക. വചനം കേൾക്കുകമാത്രംചെയ്ത് നിങ്ങളെത്തന്നെ വഞ്ചിക്കാതെ അത് അനുവർത്തിക്കുന്നവരും ആയിരിക്കുക. വചനം കേൾക്കുന്നവരെങ്കിലും അതിനനുസൃതമായി പ്രവർത്തിക്കുന്നില്ലെങ്കിൽ അവർ സ്വന്തം മുഖം കണ്ണാടിയിൽ നോക്കുന്ന മനുഷ്യർക്ക് തുല്യരാകുന്നു. ഇവർ സ്വന്തം മുഖം കണ്ണാടിയിൽ കണ്ടിരുന്നെങ്കിലും മാറിപ്പോയ ഉടനെതന്നെ തങ്ങളുടെ രൂപം എന്തായിരുന്നു എന്നു മറന്നുപോകുന്നു. എന്നാൽ, സ്വാതന്ത്ര്യമേകുന്ന സമ്പൂർണന്യായപ്രമാണം നന്നായി പഠിച്ച്, അതിന് അനുസൃതമായി നിങ്ങൾ അതിൽ നിലനിന്നാൽ കേൾക്കുന്നതു മറക്കുന്നവരാകാതെ, കേട്ടതു ചെയ്യുന്നവരായി ദൈവത്താൽ അനുഗൃഹീതരായിത്തീരും. ഒരാൾ സ്വയം ഭക്തിയുള്ളയാൾ എന്നു വിചാരിക്കുകയും സ്വന്തം നാവിനെ കടിഞ്ഞാണിട്ടു നിയന്ത്രിക്കാതെ തന്നെത്തന്നെ വഞ്ചിക്കുകയും ചെയ്യുന്നുവെങ്കിൽ അയാളുടെ ഭക്തി നിരർഥകമാണ്. അനാഥരെയും വിധവകളെയും അവരുടെ കഷ്ടതകളിൽ സഹായിക്കുന്നതും അതേസമയം ലോകത്തിന്റെ മാലിന്യം പുരളാതെ സ്വയം സൂക്ഷിക്കുന്നതുമാണ്, പിതാവായ ദൈവത്തിന്റെ ദൃഷ്ടിയിൽ വിശുദ്ധവും നിർമലവുമായ ഭക്തി.