യാക്കോബ് 1:22-27

യാക്കോബ് 1:22-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെത്തന്നെ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ. ഒരുത്തൻ വചനം കേൾക്കുന്നവൻ എങ്കിലും ചെയ്യാത്തവനായിരുന്നാൽ അവൻ തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ആളോടൊക്കുന്നു. അവൻ തന്നെത്താൻ കണ്ടു പുറപ്പെട്ടു താൻ ഇന്ന രൂപം ആയിരുന്നു എന്ന് ഉടനെ മറന്നുപോകുന്നു. സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം ഉറ്റുനോക്കി അതിൽ നിലനില്ക്കുന്നവനോ കേട്ടു മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താൻ ചെയ്യുന്നതിൽ ഭാഗ്യവാൻ ആകും. നിങ്ങളിൽ ഒരുവൻ തന്റെ നാവിനു കടിഞ്ഞാണിടാതെ തന്റെ ഹൃദയത്തെ വഞ്ചിച്ചുകൊണ്ടു താൻ ഭക്തൻ എന്നു നിരൂപിച്ചാൽ അവന്റെ ഭക്തി വ്യർഥം അത്രേ. പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും, ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും ആകുന്നു.

യാക്കോബ് 1:22-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എന്നാൽ നിങ്ങൾ വചനം കേൾക്കുകമാത്രം ചെയ്ത് സ്വയം വഞ്ചിക്കാതെ അതു പ്രാവർത്തികമാക്കണം. വചനം കേൾക്കുന്നെങ്കിൽ അത് അനുവർത്തിക്കാതിരിക്കുന്നവൻ തന്റെ മുഖം കണ്ണാടിയിൽ കണ്ടിട്ട് അത് ഉടനെ മറക്കുന്നവനെപ്പോലെയാകുന്നു. സ്വാതന്ത്ര്യത്തിന്റെ സമ്പൂർണമായ നിയമത്തെ നോക്കിക്കാണുകയും അതു നിഷ്ഠയോടെ പ്രാവർത്തികമാക്കുകയും ചെയ്യുന്നവൻ കേട്ടിട്ടു മറക്കുന്നവനല്ല, പിന്നെയോ ചെയ്യുന്നവനാകുന്നു. തന്റെ പ്രവൃത്തികളാൽ അവൻ അനുഗൃഹീതനാകും. ഭക്തനാണെന്നു വിചാരിക്കുന്ന ഒരുവൻ തന്റെ നാവിനു കടിഞ്ഞാണിടാതെ സ്വയം വഞ്ചിക്കുന്നുവെങ്കിൽ അവന്റെ ഭക്തി വ്യർഥമത്രേ. പിതാവായ ദൈവത്തിന്റെ മുമ്പാകെയുള്ള ശുദ്ധവും നിർമ്മലവുമായ ഭക്തിയാകട്ടെ, അനാഥരെയും വിധവമാരെയും അവരുടെ കഷ്ടതകളിൽ ചെന്നു കണ്ട് ആശ്വസിപ്പിക്കുകയും ലോകത്തിന്റെ മാലിന്യംപറ്റാതെ സ്വയം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതാകുന്നു.

യാക്കോബ് 1:22-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എങ്കിലും വചനം കേൾക്കുക മാത്രം ചെയ്തു തങ്ങളെത്തന്നെ ചതിക്കാതെ അതിനെ പ്രവൃത്തിക്കുന്നവരായും ഇരിക്കുവിൻ. എന്തെന്നാൽ, ഒരുവൻ വചനം കേൾക്കുന്നവൻ എങ്കിലും പ്രവർത്തിക്കാതിരുന്നാൽ അവൻ തന്‍റെ മുഖം കണ്ണാടിയിൽ നോക്കുന്ന ആളോട് തുല്യനാകുന്നു; അവൻ സ്വന്തരൂപം കാണുകയും താൻ ഇന്ന രൂപം ആയിരുന്നു എന്നു ഉടനെ മറന്നുപോകുകയും ചെയ്യുന്നു. എന്നാൽ സ്വാതന്ത്ര്യത്തിൻ്റെ തികഞ്ഞ ന്യായപ്രമാണം ശ്രദ്ധയോടെ നോക്കുകയും അതിൽ നിലനിൽക്കുകയും ചെയ്യുന്നവനോ കേട്ടു മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താൻ ചെയ്യുന്നതിൽ ഭാഗ്യവാൻ ആകും. നിങ്ങളിൽ ഒരുവൻ താൻ ഭക്തൻ എന്നു നിരൂപിച്ച് തന്‍റെ നാവിന് കടിഞ്ഞാണിടാതെ ഇരുന്നാൽ തന്‍റെ ഹൃദയത്തെ വഞ്ചിക്കുന്നു; അവന്‍റെ ഭക്തി വ്യർത്ഥം അത്രേ. പിതാവായ ദൈവത്തിന്‍റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരേയും വിധവമാരെയും അവരുടെ കഷ്ടതയിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതെ സ്വയം കാത്തുസൂക്ഷിക്കുന്നതും ആകുന്നു.

യാക്കോബ് 1:22-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ. ഒരുത്തൻ വചനം കേൾക്കുന്നവൻ എങ്കിലും ചെയ്യാത്തവനായിരുന്നാൽ അവൻ തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ആളോടു ഒക്കുന്നു. അവൻ തന്നെത്താൻ കണ്ടു പുറപ്പെട്ടു താൻ ഇന്ന രൂപം ആയിരുന്നു എന്നു ഉടനെ മറന്നുപോകുന്നു. സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം ഉറ്റുനോക്കി അതിൽ നിലനില്ക്കുന്നവനോ കേട്ടു മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താൻ ചെയ്യുന്നതിൽ ഭാഗ്യവാൻ ആകും. നിങ്ങളിൽ ഒരുവൻ തന്റെ നാവിന്നു കടിഞ്ഞാണിടാതെ തന്റെ ഹൃദയത്തെ വഞ്ചിച്ചുകൊണ്ടു താൻ ഭക്തൻ എന്നു നിരൂപിച്ചാൽ അവന്റെ ഭക്തി വ്യർത്ഥം അത്രേ. പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും ആകുന്നു.

യാക്കോബ് 1:22-27 സമകാലിക മലയാളവിവർത്തനം (MCV)

വചനം കേൾക്കുകമാത്രംചെയ്ത് നിങ്ങളെത്തന്നെ വഞ്ചിക്കാതെ അത് അനുവർത്തിക്കുന്നവരും ആയിരിക്കുക. വചനം കേൾക്കുന്നവരെങ്കിലും അതിനനുസൃതമായി പ്രവർത്തിക്കുന്നില്ലെങ്കിൽ അവർ സ്വന്തം മുഖം കണ്ണാടിയിൽ നോക്കുന്ന മനുഷ്യർക്ക് തുല്യരാകുന്നു. ഇവർ സ്വന്തം മുഖം കണ്ണാടിയിൽ കണ്ടിരുന്നെങ്കിലും മാറിപ്പോയ ഉടനെതന്നെ തങ്ങളുടെ രൂപം എന്തായിരുന്നു എന്നു മറന്നുപോകുന്നു. എന്നാൽ, സ്വാതന്ത്ര്യമേകുന്ന സമ്പൂർണന്യായപ്രമാണം നന്നായി പഠിച്ച്, അതിന് അനുസൃതമായി നിങ്ങൾ അതിൽ നിലനിന്നാൽ കേൾക്കുന്നതു മറക്കുന്നവരാകാതെ, കേട്ടതു ചെയ്യുന്നവരായി ദൈവത്താൽ അനുഗൃഹീതരായിത്തീരും. ഒരാൾ സ്വയം ഭക്തിയുള്ളയാൾ എന്നു വിചാരിക്കുകയും സ്വന്തം നാവിനെ കടിഞ്ഞാണിട്ടു നിയന്ത്രിക്കാതെ തന്നെത്തന്നെ വഞ്ചിക്കുകയും ചെയ്യുന്നുവെങ്കിൽ അയാളുടെ ഭക്തി നിരർഥകമാണ്. അനാഥരെയും വിധവകളെയും അവരുടെ കഷ്ടതകളിൽ സഹായിക്കുന്നതും അതേസമയം ലോകത്തിന്റെ മാലിന്യം പുരളാതെ സ്വയം സൂക്ഷിക്കുന്നതുമാണ്, പിതാവായ ദൈവത്തിന്റെ ദൃഷ്ടിയിൽ വിശുദ്ധവും നിർമലവുമായ ഭക്തി.

യാക്കോബ് 1:22-27

യാക്കോബ് 1:22-27 MALOVBSI