യാക്കോബ് 1:1-13
യാക്കോബ് 1:1-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ് എഴുതുന്നത്: ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്കും വന്ദനം. എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധ പരീക്ഷകളിൽ അകപ്പെടുമ്പോൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്ന് അറിഞ്ഞ് അത് അശേഷം സന്തോഷം എന്ന് എണ്ണുവിൻ. എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണരും ആകേണ്ടതിനു സ്ഥിരതയ്ക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ. നിങ്ങളിൽ ഒരുത്തനു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവനു ലഭിക്കും. എന്നാൽ അവൻ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം: സംശയിക്കുന്നവൻ കാറ്റടിച്ച് അലയുന്ന കടൽത്തിരയ്ക്കു സമൻ. ഇങ്ങനെയുള്ള മനുഷ്യൻ കർത്താവിങ്കൽനിന്നു വല്ലതും ലഭിക്കും എന്നു നിരൂപിക്കരുത്. ഇരുമനസ്സുള്ള മനുഷ്യൻ തന്റെ വഴികളിലൊക്കെയും അസ്ഥിരൻ ആകുന്നു. എന്നാൽ എളിയ സഹോദരൻ തന്റെ ഉയർച്ചയിലും ധനവാനോ പുല്ലിന്റെ പൂപോലെ ഒഴിഞ്ഞുപോകുന്നവനാകയാൽ തന്റെ എളിമയിലും പ്രശംസിക്കട്ടെ. സൂര്യൻ ഉഷ്ണക്കാറ്റോടെ ഉദിച്ചിട്ടു പുല്ല് ഉണങ്ങി പൂവുതിർന്ന് അതിന്റെ രൂപഭംഗി കെട്ടുപോകുന്നു. അതുപോലെ ധനവാനും തന്റെ പ്രയത്നങ്ങളിൽ വാടിപ്പോകും. പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞശേഷം കർത്താവ് തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും. പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്ന് ആരും പറയരുത്. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.
യാക്കോബ് 1:1-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ്, ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്ക് എഴുതുന്നത്: നിങ്ങൾക്ക് എന്റെ അഭിവാദനങ്ങൾ! എന്റെ സഹോദരരേ, നിങ്ങൾ വിവിധ പരീക്ഷണങ്ങളെ അഭിമുഖീകരിക്കുമ്പോൾ അത് സർവപ്രകാരേണയും ആനന്ദമായി കരുതുക. എന്തുകൊണ്ടെന്നാൽ നിങ്ങളുടെ വിശ്വാസം പരീക്ഷിക്കപ്പെടുമ്പോൾ നിങ്ങളിൽ സ്ഥൈര്യം ഉളവാകുന്നു എന്നുള്ളത് നിങ്ങൾക്ക് അറിയാമല്ലോ. നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണരും ആകേണ്ടതിന് ഈ സ്ഥിരത പൂർണഫലം പുറപ്പെടുവിക്കട്ടെ. നിങ്ങളിൽ ആർക്കെങ്കിലും ജ്ഞാനം കുറവാണെങ്കിൽ എല്ലാവർക്കും കാരുണ്യപൂർവം ഉദാരമായി നല്‌കുന്ന ദൈവത്തോട് അപേക്ഷിക്കട്ടെ; അവനു ലഭിക്കും. എന്നാൽ സംശയിക്കാതെ വിശ്വാസത്തോടുകൂടി അപേക്ഷിക്കേണ്ടതാണ്. സംശയിക്കുന്നവൻ കാറ്റടിച്ച് ഇളകിമറിയുന്ന കടൽത്തിരയ്‍ക്കു സമനാകുന്നു. അങ്ങനെയുള്ളവനു കർത്താവിൽനിന്ന് എന്തെങ്കിലും ലഭിക്കുമെന്നു കരുതരുത്. ഇരുമനസ്സുള്ള മനുഷ്യൻ തന്റെ ജീവിത വ്യാപാരങ്ങളിലെല്ലാം അസ്ഥിരനായിരിക്കും. എളിയ സഹോദരൻ തന്റെ ഉയർച്ചയിലും ധനവാനോ പുല്ലിന്റെ പൂപോലെ ഒഴിഞ്ഞുപോകുന്നവനാകയാൽ തന്റെ എളിമയിലും പ്രശംസിക്കട്ടെ. പൊള്ളുന്ന ചൂടോടെ സൂര്യൻ ഉദിച്ചുയരുന്നു. അതിന്റെ ചൂടേറ്റ് പുല്ലു വാടിക്കരിയുന്നു; പൂവു കൊഴിഞ്ഞുവീഴുന്നു; അതിന്റെ സൗന്ദര്യം നശിക്കുകയും ചെയ്യുന്നു. അതുപോലെ ധനികനും തന്റെ പ്രയത്നങ്ങൾക്കിടയിൽ വാടി നശിക്കുന്നു. പരീക്ഷണങ്ങൾ നേരിടുമ്പോൾ ഉറച്ചു നില്‌ക്കുന്നവൻ അനുഗൃഹീതൻ; എന്തെന്നാൽ പരീക്ഷണങ്ങളെ അതിജീവിക്കുന്നവന്, തന്നെ സ്നേഹിക്കുന്നവർക്കു ദൈവം വാഗ്ദാനം ചെയ്തിട്ടുള്ള ജീവകിരീടം ലഭിക്കും. പരീക്ഷിക്കപ്പെടുമ്പോൾ ദൈവം എന്നെ പരീക്ഷിക്കുന്നു എന്ന് ആരും പറയരുത്. എന്തെന്നാൽ തിന്മയാൽ ദൈവത്തെ പരീക്ഷിക്കുവാൻ സാധ്യമല്ല. അവിടുന്ന് ആരെയും പരീക്ഷിക്കുന്നുമില്ല.
യാക്കോബ് 1:1-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവത്തിന്‍റെയും കർത്താവായ യേശുക്രിസ്തുവിൻ്റെയും ദാസനായ യാക്കോബ് എഴുതുന്നത്: പലയിടങ്ങളിലായി ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്കും വന്ദനം. എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധ പരിശോധനകളിൽ അകപ്പെടുമ്പോൾ അത് മഹാസന്തോഷം എന്നു എണ്ണുവിൻ. നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന നിങ്ങളിൽ സഹിഷ്ണത ഉളവാക്കുന്നു എന്നു അറിയുന്നുവല്ലോ. എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും ആകേണ്ടതിന് സഹിഷ്ണത അതിന്‍റെ പൂർണ്ണ പ്രവൃത്തി ചെയ്യട്ടെ. നിങ്ങളിൽ ഒരാൾക്ക് ജ്ഞാനം കുറവാകുന്നു എങ്കിൽ, ശകാരിക്കാതെയും സന്തോഷത്തോടെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനുമായ ദൈവത്തോട് യാചിക്കട്ടെ; അപ്പോൾ അവനു ലഭിക്കും. എന്നാൽ അവൻ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം; സംശയിക്കുന്നവൻ കാറ്റടിച്ച് അലയുന്ന കടൽത്തിരയ്ക്ക് തുല്യനാകുന്നു. ഇങ്ങനെയുള്ള മനുഷ്യൻ കർത്താവിങ്കൽനിന്ന് വല്ലതും ലഭിക്കും എന്നു ചിന്തിക്കരുത്. ഇരുമനസ്സുള്ള മനുഷ്യൻ തന്റെ വഴികളിൽ ഒക്കെയും അസ്ഥിരൻ ആകുന്നു. ദരിദ്രസഹോദരൻ തന്‍റെ ഉന്നതസ്ഥാനത്തിലും, ധനവാനോ പുല്ലിൻ്റെ പൂവ് പോലെ കൊഴിഞ്ഞു പോകുന്നവനാകയാൽ തന്‍റെ എളിമയിലും പ്രശംസിക്കട്ടെ. എന്തെന്നാൽ സൂര്യൻ ഉദിച്ചിട്ട് കടുത്ത ചൂടുകൊണ്ട് പുല്ല് ഉണങ്ങി പൂവുതിർന്ന് അതിന്റെ രൂപഭംഗി ഇല്ലാതെ പോകുന്നു. അതുപോലെ ധനവാനും തന്റെ പ്രയത്നങ്ങളിൽ വാടിപ്പോകും. പരിശോധന സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; എന്തുകൊണ്ടെന്നാൽ അവൻ പരിശോധനകളെ അതിജീവിച്ചാൽ, കർത്താവ് തന്നെ സ്നേഹിക്കുന്നവർക്ക് വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും. പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുത്. എന്തെന്നാൽ ദൈവത്തെ ദോഷങ്ങളാൽ പരീക്ഷിക്കുവാൻ കഴിയുന്നതല്ല; ദൈവം ആരെയും പരീക്ഷിക്കുന്നതുമില്ല.
യാക്കോബ് 1:1-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ് എഴുതുന്നതു: ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്കും വന്ദനം. എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ. എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും ആകേണ്ടതിന്നു സ്ഥിരതെക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ. നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവന്നു ലഭിക്കും. എന്നാൽ അവൻ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം; സംശയിക്കുന്നവൻ കാറ്റടിച്ചു അലയുന്ന കടൽത്തിരെക്കു സമൻ. ഇങ്ങനെയുള്ള മനുഷ്യൻ കർത്താവിങ്കൽനിന്നു വല്ലതും ലഭിക്കും എന്നു നിരൂപിക്കരുതു. ഇരുമനസ്സുള്ള മനുഷ്യൻ തന്റെ വഴികളിൽ ഒക്കെയും അസ്ഥിരൻ ആകുന്നു. എന്നാൽ എളിയ സഹോദരൻ തന്റെ ഉയർച്ചയിലും ധനവാനോ പുല്ലിന്റെ പൂപോലെ ഒഴിഞ്ഞുപോകുന്നവനാകയാൽ തന്റെ എളിമയിലും പ്രശംസിക്കട്ടെ. സൂര്യൻ ഉഷ്ണക്കാറ്റോടെ ഉദിച്ചിട്ടു പുല്ലു ഉണങ്ങി പൂവുതിർന്നു അതിന്റെ രൂപഭംഗി കെട്ടുപോകുന്നു. അതുപോലെ ധനവാനും തന്റെ പ്രയത്നങ്ങളിൽ വാടിപോകും. പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കർത്താവു തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും. പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.
യാക്കോബ് 1:1-13 സമകാലിക മലയാളവിവർത്തനം (MCV)
ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ഭൃത്യനായ യാക്കോബ്, അന്യദേശത്തു ചിതറിപ്പാർക്കുന്ന ഇസ്രായേലിന്റെ പന്ത്രണ്ട് ഗോത്രങ്ങളിൽനിന്നുമുള്ള വിശ്വാസികൾക്ക്, എഴുതുന്നത്: വന്ദനം. എന്റെ സഹോദരങ്ങളേ, നിങ്ങൾ നാനാവിധത്തിൽ പരിശോധിക്കപ്പെടുമ്പോൾ, വിശ്വാസത്തിന്റെ പരിശോധന നിങ്ങളുടെ സഹനശക്തി വർധിപ്പിക്കുന്നു എന്നറിഞ്ഞ് ഈ പരിശോധനകളെല്ലാം ആനന്ദദായകമെന്നു പരിഗണിക്കുക. എന്നാൽ, നിങ്ങളിലുള്ള സഹനശക്തി നിങ്ങളെ ഒരു കാര്യത്തിന്റെയും അഭാവമില്ലാതെ പരിപക്വതയുള്ളവരും പരിപൂർണരും ആക്കുമാറാകട്ടെ. നിങ്ങളിൽ ഒരാൾക്കു ജ്ഞാനം കുറവാകുന്നു എങ്കിൽ അയാൾ ദൈവത്തോടു യാചിക്കണം. ആരെയും ശകാരിക്കാതെ, എല്ലാവർക്കും എല്ലാം നൽകുന്ന ഔദാര്യനിധിയായ ദൈവം അയാൾക്ക് ജ്ഞാനം നൽകും. എന്നാൽ, അയാൾ ഒട്ടും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കണം; സംശയിക്കുന്നയാൾ കാറ്റടിച്ച് ഇളകിമറിയുന്ന കടൽത്തിരയ്ക്ക് തുല്യം. ഇങ്ങനെയുള്ള വ്യക്തി കർത്താവിൽനിന്ന് എന്തെങ്കിലും ലഭിക്കും എന്നു പ്രതീക്ഷിക്കരുത്; ഇരുമനസ്സുള്ള വ്യക്തി തന്റെ എല്ലാ വഴികളിലും ഉറപ്പില്ലാത്തയാൾ ആകുന്നു. താണ പരിതഃസ്ഥിതിയിലുള്ള സഹോദരങ്ങൾ ദൈവം അവരെ ആദരിച്ചത് ഓർത്ത് അഭിമാനിക്കട്ടെ. ധനികർ ഒരുനാൾ പുല്ലിന്റെ പൂവുപോലെ ഉതിർന്നു പോകാനിരിക്കുന്നവരാകയാൽ അവർ തങ്ങളുടെ എളിമയിലും അഭിമാനിക്കട്ടെ. സൂര്യൻ അത്യുഷ്ണത്തോടെ ജ്വലിക്കുമ്പോൾ പുല്ലുണങ്ങി, പൂവുതിർന്ന് അതിന്റെ സൗന്ദര്യം നശിച്ചുപോകുന്നു. അതുപോലെതന്നെ ധനികനും തന്റെ പരിശ്രമങ്ങളിൽ നശിച്ചുപോകുന്നു. പരിശോധന സഹനശക്തിയോടെ അഭിമുഖീകരിക്കുന്ന മനുഷ്യർ അനുഗൃഹീതർ; പരീക്ഷയിൽ വിജയികളായിത്തീർന്നശേഷം അവർ, കർത്താവ് അവിടത്തെ സ്നേഹിക്കുന്നവർക്കു വാഗ്ദാനംചെയ്തിരിക്കുന്ന ജീവകിരീടം കരസ്ഥമാക്കും. പ്രലോഭിപ്പിക്കപ്പെടുമ്പോൾ, “ദൈവം എന്നെ പ്രലോഭിപ്പിക്കുന്നു” എന്ന് ആരും പറയരുത്. ദൈവം തിന്മയാൽ പ്രലോഭിതനാകുന്നില്ല; അവിടന്ന് ആരെയും പ്രലോഭിപ്പിക്കുന്നതുമില്ല.