യെശയ്യാവ് 9:1-4

യെശയ്യാവ് 9:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ കഷ്ടതയിൽ ഇരുന്ന ദേശത്തിന് തിമിരം നില്ക്കയില്ല; പണ്ട് അവൻ സെബൂലൂൻദേശത്തിനും നഫ്താലിദേശത്തിനും ഹീനത വരുത്തിയെങ്കിലും പിന്നത്തേതിൽ അവൻ കടൽവഴിയായി യോർദ്ദാനക്കരെയുള്ള ജാതികളുടെ മണ്ഡലത്തിന് മഹത്ത്വം വരുത്തും. ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെമേൽ പ്രകാശം ശോഭിച്ചു. നീ വർധിപ്പിച്ചിട്ടില്ലാത്ത ജാതിയെ വർധിപ്പിക്കുന്നു; അവർ നിന്റെ സന്നിധിയിൽ സന്തോഷിക്കുന്ന സന്തോഷം കൊയ്ത്തുകാലത്തിലെ സന്തോഷംപോലെയും കൊള്ള പങ്കിടുമ്പോൾ ആനന്ദിക്കുന്നതുപോലെയും ആകുന്നു. അവൻ ചുമക്കുന്ന നുകവും അവന്റെ ചുമലിലെ കോലും അവനെ ദണ്ഡിപ്പിക്കുന്നവന്റെ വടിയും മിദ്യാന്റെ നാളിലെപ്പോലെ നീ ഒടിച്ചുകളഞ്ഞിരിക്കുന്നു.

യെശയ്യാവ് 9:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

കൊടുംവേദനയിൽ ആയിരുന്നവൾക്ക് ഇനി മ്ലാനത ഉണ്ടാകയില്ല. ദൈവം പണ്ടു സെബൂലൂൻ ദേശത്തെയും നഫ്താലി ദേശത്തെയും അപമാനത്തിന് ഇരയാക്കി. എന്നാൽ വരുംകാലത്തു സമുദ്രത്തിലേക്കുള്ള പാതയ്‍ക്കും യോർദ്ദാനക്കരെയുള്ള ദേശത്തിനും വിജാതീയരുടെ ഗലീലയ്‍ക്കും മഹത്ത്വം വരുത്തും. അന്ധകാരത്തിൽ കഴിഞ്ഞ ജനം ഒരു വലിയ പ്രകാശം കണ്ടു. കൂരിരുട്ടു നിറഞ്ഞ ദേശത്ത് പാർത്തിരുന്നവരുടെമേൽ പ്രകാശം ഉദയം ചെയ്തു. അവിടുന്ന് അവരുടെ എണ്ണം പെരുകുമാറാക്കി. അവരുടെ ആനന്ദം വർധിപ്പിച്ചു. കൊയ്ത്തുകാലത്തും കൊള്ളമുതൽ പങ്കിടുമ്പോഴും ജനം ആഹ്ലാദിക്കുംപോലെ അവർ തിരുമുമ്പിൽ ആനന്ദിച്ചു. അവരുടെ ചുമലിലെ നുകവും തോളിലെ ദണ്ഡും മർദകന്റെ കൈയിലെ വടിയും മിദ്യാന്യരെ പരാജയപ്പെടുത്തിയ നാളിലെന്നപോലെ അവിടുന്ന് തകർത്തിരിക്കുന്നു.

യെശയ്യാവ് 9:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്നാൽ കഷ്ടതയിൽ ഇരുന്ന ദേശത്തിന് തിമിരം നില്ക്കയില്ല; പണ്ട് അവിടുന്ന് സെബൂലൂൻദേശത്തിനും നഫ്താലിദേശത്തിനും അപമാനം വരുത്തിയെങ്കിലും പിന്നത്തേതിൽ അവിടുന്ന് കടൽവഴിയായി യോർദ്ദാനക്കരെയുള്ള ജനതകളുടെ ഗലീലയിൽ മഹത്ത്വം വരുത്തും. ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; മരണനിഴലിന്‍റെ ദേശത്തു വസിച്ചവരുടെ മേൽ പ്രകാശം ശോഭിച്ചു. അവിടുന്ന് ജനതയെ പെരുക്കുന്നു; അവരുടെ ആനന്ദത്തെ വർദ്ധിപ്പിക്കുന്നു; അവർ അവിടുത്തെ സന്നിധിയിൽ സന്തോഷിക്കുന്ന സന്തോഷം കൊയ്ത്തുകാലത്തിലെ സന്തോഷംപോലെയും കൊള്ളപങ്കിടുമ്പോൾ ആനന്ദിക്കുന്നതുപോലെയും ആകുന്നു. അവൻ ചുമക്കുന്ന നുകവും അവന്‍റെ ചുമലിലെ കോലും അവനെ ദണ്ഡിപ്പിക്കുന്നവന്‍റെ വടിയും മിദ്യാന്‍റെ നാളിലെപ്പോലെ അവിടുന്ന് ഒടിച്ചുകളഞ്ഞിരിക്കുന്നു.

യെശയ്യാവ് 9:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ കഷ്ടതയിൽ ഇരുന്ന ദേശത്തിന്നു തിമിരം നില്ക്കയില്ല; പണ്ടു അവൻ സെബൂലൂൻദേശത്തിന്നും നഫ്താലിദേശത്തിന്നും ഹീനത വരുത്തിയെങ്കിലും പിന്നത്തേതിൽ അവൻ കടൽവഴിയായി യോർദ്ദാന്നക്കരെയുള്ള ജാതികളുടെ മണ്ഡലത്തിന്നു മഹത്വം വരുത്തും. ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെ മേൽ പ്രകാശം ശോഭിച്ചു. നീ വർദ്ധിപ്പിച്ചിട്ടില്ലാത്ത ജാതിയെ വർദ്ധിപ്പിക്കുന്നു; അവർ നിന്റെ സന്നിധിയിൽ സന്തോഷിക്കുന്ന സന്തോഷം കൊയ്ത്തുകാലത്തിലെ സന്തോഷംപോലെയും കൊള്ളപങ്കിടുമ്പോൾ ആനന്ദിക്കുന്നതു പോലെയും ആകുന്നു. അവൻ ചുമക്കുന്ന നുകവും അവന്റെ ചുമലിലെ കോലും അവനെ ദണ്ഡിപ്പിക്കുന്നവന്റെ വടിയും മിദ്യാന്റെ നാളിലെപ്പോലെ നീ ഒടിച്ചുകളഞ്ഞിരിക്കുന്നു.

യെശയ്യാവ് 9:1-4 സമകാലിക മലയാളവിവർത്തനം (MCV)

എന്നാൽ കഷ്ടതയിലായിരുന്ന ജനത്തിന്റെമേൽ ഇനിയൊരിക്കലും അന്ധകാരം ഉണ്ടാകുകയില്ല. മുൻകാലത്ത് അവിടന്ന് സെബൂലൂൻ ദേശത്തോടും നഫ്താലി ദേശത്തോടും നിന്ദയോടെ പെരുമാറി; എന്നാൽ പിൽക്കാലത്ത് കടൽക്കരെ, യോർദാനക്കരെ, ജനതകൾ വസിക്കുന്ന ഗലീലാദേശത്തിന് അവിടന്നു മഹത്ത്വം വരുത്തും. ഇരുട്ടിൽ നടന്ന ജനം വലിയൊരു പ്രഭ ദർശിച്ചു; കൂരിരുട്ടിന്റെ ദേശത്തു താമസിച്ചവരുടെമേൽ ഒരു പ്രകാശം ഉദിച്ചു. അങ്ങ് രാഷ്ട്രം വിസ്തൃതമാക്കുകയും അവരുടെ ആനന്ദം അധികമാക്കുകയും ചെയ്തു. കൊയ്ത്തുകാലത്ത് ആനന്ദിക്കുന്നതുപോലെയും കൊള്ള പങ്കിടുമ്പോൾ യോദ്ധാക്കൾ ആഹ്ലാദിക്കുന്നതുപോലെയും അവർ അങ്ങയുടെ സന്നിധിയിൽ ആനന്ദിക്കുന്നു. അവരുടെ ഭാരമുള്ള നുകവും അവരുടെ ചുമലിലെ നുകക്കോലും അവരെ പീഡിപ്പിക്കുന്നവരുടെ വടിയും മിദ്യാന്റെകാലത്ത് എന്നപോലെ അങ്ങ് ഒടിച്ചുകളഞ്ഞിരിക്കുന്നു.