യെശയ്യാവ് 7:10-16

യെശയ്യാവ് 7:10-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവ പിന്നെയും ആഹാസിനോട്: നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊൾക എന്നു കല്പിച്ചതിന് ആഹാസ്: ഞാൻ ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല എന്നു പറഞ്ഞു. അതിന് അവൻ പറഞ്ഞത്: ദാവീദുഗൃഹമേ, കേൾപ്പിൻ; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നത്? അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്ക് ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ഇമ്മാനൂവേൽ എന്നു പേർ വിളിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.

യെശയ്യാവ് 7:10-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ വീണ്ടും ആഹാസിനോട് അരുളിച്ചെയ്തു: “നിന്റെ ദൈവമായ സർവേശ്വരനോട് ഒരടയാളം ചോദിച്ചുകൊള്ളുക. താഴെ പാതാളത്തിലോ മുകളിൽ സ്വർഗത്തിലോ ഉള്ള ഏതും ആയിക്കൊള്ളട്ടെ.” ആഹാസ് പറഞ്ഞു: “ഞാൻ ചോദിക്കുകയില്ല; ദൈവത്തെ പരീക്ഷിക്കുകയുമില്ല.” അപ്പോൾ യെശയ്യാ പറഞ്ഞു: “ദാവീദിന്റെ ഭവനമേ, ശ്രദ്ധിക്കുക, നിങ്ങൾ മനുഷ്യന്റെ ക്ഷമ പരീക്ഷിക്കുന്നതു പോരാഞ്ഞിട്ടാണോ സർവേശ്വരന്റെ ക്ഷമ പരീക്ഷിക്കുന്നത്? അതുകൊണ്ട് അവിടുന്ന് ഒരടയാളം കാണിച്ചുതരും. കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും, ദൈവം നമ്മോടുകൂടെ എന്നർഥമുള്ള ഇമ്മാനുവേൽ എന്ന പേരിൽ അവൻ അറിയപ്പെടും. തിന്മ കൈവെടിയാനും നന്മ കൈക്കൊള്ളാനും കഴിയുന്ന പ്രായത്തിൽ അവൻ തൈരും തേനും ഭക്ഷിക്കും. നന്മതിന്മകൾ തിരിച്ചറിയാൻ ആ ബാലനു പ്രായമാകുന്നതിനു മുമ്പുതന്നെ നീ ഭയപ്പെടുന്ന രണ്ടു രാജാക്കന്മാരുടെയും രാജ്യങ്ങൾ വിജനമായിത്തീരും.

യെശയ്യാവ് 7:10-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവ പിന്നെയും ആഹാസിനോട്: “നിന്‍റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊള്ളുക” എന്നു കല്പിച്ചതിന് ആഹാസ്: “ഞാൻ ചോദിക്കുകയില്ല, യഹോവയെ പരീക്ഷിക്കുകയും ഇല്ല” എന്നു പറഞ്ഞു. അതിന് യെശയ്യാവ് പറഞ്ഞത്: “ദാവീദ് ഗൃഹമേ, കേൾക്കുവിൻ; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്‍റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നത്? അതുകൊണ്ട് കർത്താവ് തന്നെ നിങ്ങൾക്ക് ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ഇമ്മാനൂവേൽ എന്നു പേര് വിളിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുക്കുവാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുക്കുവാൻ ബാലനു പ്രായമാകുംമുമ്പ്, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടേയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.

യെശയ്യാവ് 7:10-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ പിന്നെയും ആഹാസിനോടു: നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊൾക എന്നു കല്പിച്ചതിന്നു ആഹാസ്: ഞാൻ ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല എന്നു പറഞ്ഞു. അതിന്നു അവൻ പറഞ്ഞതു: ദാവീദ് ഗൃഹമേ, കേൾപ്പിൻ; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നതു? അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ടു ഉപജീവിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലന്നു പ്രായമാകുംമുമ്പെ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.

യെശയ്യാവ് 7:10-16 സമകാലിക മലയാളവിവർത്തനം (MCV)

യഹോവ വീണ്ടും ആഹാസിനോട് ഇപ്രകാരം അരുളിച്ചെയ്തു: “നിന്റെ ദൈവമായ യഹോവയുടെ പക്കൽനിന്ന് നീ ചിഹ്നം ചോദിക്കുക. അതു താഴേ പാതാളത്തിലോ മീതേ സ്വർഗത്തിലോ ആയിക്കൊള്ളട്ടെ.” എന്നാൽ ആഹാസ്: “ഞാൻ ചോദിക്കുകയില്ല; യഹോവയെ പരീക്ഷിക്കുകയുമില്ല” എന്നു മറുപടി പറഞ്ഞു. അപ്പോൾ യെശയ്യാവു പറഞ്ഞു: “ദാവീദുഗൃഹമേ, ഇപ്പോൾ കേട്ടുകൊൾക! മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്റെ ദൈവത്തിന്റെ ക്ഷമയുംകൂടെ പരീക്ഷിക്കുന്നത്? അതുകൊണ്ട് കർത്താവുതന്നെ നിങ്ങൾക്ക് ഒരു ചിഹ്നം നൽകും: കന്യക ഗർഭവതിയായി ഒരു പുത്രനു ജന്മം നൽകും, ആ പുത്രൻ ഇമ്മാനുവേൽ എന്നു വിളിക്കപ്പെടും. തിന്മയുപേക്ഷിച്ച് നന്മ സ്വീകരിക്കാൻ പ്രായമാകുന്നതുവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും. തിന്മയുപേക്ഷിച്ച് നന്മ സ്വീകരിക്കാൻ ബാലനു പ്രായമാകുന്നതിനുമുമ്പ് നീ ഭയപ്പെടുന്ന രണ്ടു രാജാക്കന്മാരുടെയും രാജ്യം ശൂന്യമാക്കപ്പെട്ടിരിക്കും.