യെശയ്യാവ് 65:1-25
യെശയ്യാവ് 65:1-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നെ ആഗ്രഹിക്കാത്തവർ എന്നെ അന്വേഷിപ്പാൻ ഇടയായി; എന്നെ അന്വേഷിക്കാത്തവർക്ക് എന്നെ കണ്ടെത്തുവാൻ സംഗതി വന്നു; എന്റെ നാമം വിളിച്ചപേക്ഷിക്കാത്ത ജാതിയോട്: ഇതാ ഞാൻ, ഇതാ ഞാൻ എന്നു ഞാൻ പറഞ്ഞു. സ്വന്തവിചാരങ്ങളെ അനുസരിച്ച് ആകാത്ത വഴിയിൽ നടക്കുന്ന മത്സരമുള്ള ജനത്തിങ്കലേക്കു ഞാൻ ഇടവിടാതെ കൈ നീട്ടുന്നു. അവർ എന്റെ മുഖത്തു നോക്കി എല്ലായ്പോഴും എന്നെ കോപിപ്പിക്കുന്നോരു ജനമായി തോട്ടങ്ങളിൽ ബലികഴിക്കയും ഇഷ്ടികമേൽ ധൂപം കാണിക്കയും കല്ലറകളിൽ കുത്തിയിരിക്കയും ഗുഹകളിൽ രാപാർക്കയും പന്നിയിറച്ചി തിന്നുകയും പാത്രങ്ങളിൽ അറപ്പായ ചാറു നിറയ്ക്കയും മാറി നില്ക്ക; ഇങ്ങോട്ട് അടുക്കരുത്; ഞാൻ നിന്നെക്കാൾ ശുദ്ധൻ എന്നു പറകയും ചെയ്യുന്നു; അവർ എന്റെ മൂക്കിൽ പുകയും ഇടവിടാതെ കത്തുന്ന തീയും ആകുന്നു. അത് എന്റെ മുമ്പാകെ എഴുതിവച്ചിരിക്കുന്നു; ഞാൻ പകരം വീട്ടിയല്ലാതെ അടങ്ങിയിരിക്കയില്ല; അവരുടെ മാർവിടത്തിലേക്കു തന്നെ ഞാൻ പകരം വീട്ടും. നിങ്ങളുടെ അകൃത്യങ്ങൾക്കും മലകളിന്മേൽ ധൂപം കാട്ടുകയും കുന്നുകളിന്മേൽ എന്നെ ദുഷിക്കയും ചെയ്തിട്ടുള്ള നിങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങൾക്കും കൂടെ പകരം വീട്ടും; ഞാൻ ആദ്യം അവരുടെ പ്രതിഫലം അവരുടെ മാർവിടത്തിലേക്ക് അളന്നുകൊടുക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മുന്തിരിക്കുലയിൽ പുതുവീഞ്ഞു കണ്ടിട്ട്; നശിപ്പിക്കരുത്; ഒരനുഗ്രഹം അതിൽ ഉണ്ട് എന്നു പറയുന്നതുപോലെ ഞാൻ എന്റെ ദാസന്മാർ നിമിത്തം പ്രവർത്തിക്കും; എല്ലാവരെയും നശിപ്പിക്കയില്ല. ഞാൻ യാക്കോബിൽനിന്ന് ഒരു സന്തതിയെയും യെഹൂദായിൽനിന്ന് എന്റെ പർവതങ്ങൾക്ക് ഒരു അവകാശിയെയും ഉദ്ഭവിപ്പിക്കും; എന്റെ വൃതന്മാർ അതിനെ കൈവശമാക്കുകയും എന്റെ ദാസന്മാർ അവിടെ വസിക്കയും ചെയ്യും. എന്നെ അന്വേഷിച്ചിട്ടുള്ള എന്റെ ജനത്തിനായി ശാരോൻ ആടുകൾക്കു മേച്ചൽപ്പുറവും ആഖോർ താഴ്‌വര കന്നുകാലികൾക്കു കിടപ്പിടവും ആയിരിക്കും. എന്നാൽ യഹോവയെ ഉപേക്ഷിക്കയും എന്റെ വിശുദ്ധപർവതത്തെ മറക്കയും ഗദ്‍ദേവന് ഒരു മേശ ഒരുക്കി മെനിദേവിക്കു വീഞ്ഞു കലർത്തി നിറച്ചുവയ്ക്കയും ചെയ്യുന്നവരേ, ഞാൻ വിളിച്ചപ്പോൾ നിങ്ങൾ ഉത്തരം പറയാതെയും ഞാൻ അരുളിച്ചെയ്തപ്പോൾ കേൾക്കാതെയും എനിക്ക് അനിഷ്ടമായുള്ളതു പ്രവർത്തിച്ച് എനിക്കു പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ടു ഞാൻ നിങ്ങളെ വാളിനു നിയമിച്ചു കൊടുക്കും; നിങ്ങൾ എല്ലാവരും കൊലയ്ക്കു കുനിയേണ്ടിവരും. അതുകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, എന്റെ ദാസന്മാർ ഭക്ഷിക്കും; നിങ്ങളോ വിശന്നിരിക്കും; എന്റെ ദാസന്മാർ പാനം ചെയ്യും; നിങ്ങളോ ദാഹിച്ചിരിക്കും; എന്റെ ദാസന്മാർ സന്തോഷിക്കും; നിങ്ങളോ ലജ്ജിച്ചിരിക്കും. എന്റെ ദാസന്മാർ ഹൃദയാനന്ദംകൊണ്ടു ഘോഷിക്കും; നിങ്ങളോ മനോവ്യസനംകൊണ്ടു നിലവിളിച്ചു മനോവ്യഥയാൽ മുറയിടും. നിങ്ങളുടെ പേർ നിങ്ങൾ എന്റെ വൃതന്മാർക്ക് ഒരു ശാപവാക്കായി വച്ചേച്ചുപോകും; യഹോവയായ കർത്താവ് നിന്നെ കൊന്നുകളയും; തന്റെ ദാസന്മാർക്ക് അവൻ വേറൊരു പേർ വിളിക്കും. മുമ്പിലത്തെ കഷ്ടങ്ങൾ മറന്നുപോകയും അവ എന്റെ കണ്ണിനു മറഞ്ഞിരിക്കയും ചെയ്കകൊണ്ടു ഭൂമിയിൽ തന്നെത്താൻ അനുഗ്രഹിക്കുന്നവൻ സത്യദൈവത്താൽ തന്നെത്താൻ അനുഗ്രഹിക്കും; ഭൂമിയിൽ സത്യം ചെയ്യുന്നവൻ സത്യദൈവത്തെച്ചൊല്ലി സത്യം ചെയ്യും. ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല. ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ചു നിങ്ങൾ സന്തോഷിച്ച് എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ; ഇതാ, ഞാൻ യെരൂശലേമിനെ ഉല്ലാസപ്രദമായും അതിലെ ജനത്തെ ആനന്ദപ്രദമായും സൃഷ്ടിക്കുന്നു. ഞാൻ യെരൂശലേമിനെക്കുറിച്ചു സന്തോഷിക്കയും എന്റെ ജനത്തെക്കുറിച്ചു ആനന്ദിക്കയും ചെയ്യും; കരച്ചലും നിലവിളിയും ഇനി അതിൽ കേൾക്കയില്ല; കുറെ ദിവസം മാത്രം ജീവിക്കുന്ന കുട്ടിയും ആയുസ്സു തികയാത്ത വൃദ്ധനും അവിടെ ഇനി ഉണ്ടാകയില്ല; ബാലൻ നൂറു വയസ്സു പ്രായമുള്ളവനായി മരിക്കും; പാപിയോ നൂറു വയസ്സുള്ളവനായിരുന്നാലും ശപിക്കപ്പെട്ടവൻ എന്നേ വരൂ. അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. അവർ പണിക, മറ്റൊരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക, മറ്റൊരുത്തൻ തിന്നുക എന്നും വരികയില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്റെ വൃതന്മാർ തന്നെ തങ്ങളുടെ അധ്വാനഫലം അനുഭവിക്കും. അവർ വൃഥാ അധ്വാനിക്കയില്ല; ആപത്തിനായിട്ടു പ്രസവിക്കയുമില്ല; അവർ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതിയല്ലോ; അവരുടെ സന്താനം അവരോടുകൂടെ ഇരിക്കും. അവർ വിളിക്കുന്നതിനുമുമ്പേ ഞാൻ ഉത്തരം അരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഞാൻ കേൾക്കും. ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും; സർപ്പത്തിനു പൊടി ആഹാരമായിരിക്കും; എന്റെ വിശുദ്ധപർവതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
യെശയ്യാവ് 65:1-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ജനത്തിന്റെ പ്രാർഥന കേൾക്കാൻ ഞാൻ തയ്യാറായിരുന്നു. പക്ഷേ അവർ പ്രാർഥിച്ചില്ല. അവർക്കു ദർശനം നല്‌കാൻ ഞാൻ ഒരുങ്ങിയിരുന്നു. എന്നാൽ അവർ എന്നെ അന്വേഷിച്ചില്ല. എന്നെ വിളിച്ചപേക്ഷിക്കാത്ത ജനതയോട് “ഞാനിവിടെയുണ്ട്, ഞാനിവിടെയുണ്ട്” എന്നു ഞാൻ പറഞ്ഞു. തന്നിഷ്ടപ്രകാരം അപഥസഞ്ചാരം ചെയ്തിരുന്ന മത്സരികളായ ജനതയെ സ്വീകരിക്കാൻ ഞാൻ എപ്പോഴും എന്റെ കൈകൾ നീട്ടിയിരുന്നു. അവർ കാവുകളിൽ ബലിയർപ്പിക്കുകയും ഇഷ്‍ടികത്തറമേൽ ധൂപാർച്ചന നടത്തുകയും ചെയ്തുകൊണ്ട് എന്റെ മുഖത്തുനോക്കി നിരന്തരം എന്നെ പ്രകോപിപ്പിക്കുന്നു. അവർ ശവകുടീരങ്ങളിലിരിക്കുകയും ഗൂഢസങ്കേതങ്ങളിൽ രാത്രി കഴിച്ചുകൂട്ടുകയും പന്നിയിറച്ചി ഭക്ഷിക്കുകയും ചെയ്യുന്നു. അവരുടെ പാത്രങ്ങളിൽ അവർ അർപ്പിക്കുന്ന നിന്ദ്യവസ്തുക്കളുടെ ചാറുണ്ട്. അവർ മറ്റുള്ളവരോടു “മാറി നില്‌ക്കുക, അടുത്തു വരരുത്, ഞാൻ വിശുദ്ധനാണ്” എന്നു പറയുന്നു. അവരോടുള്ള കോപം പകൽ മുഴുവൻ എരിയുന്ന തീ പോലെയാണ്. ഇതാ, അവരുടെ ശിക്ഷാവിധി എന്റെ മുമ്പാകെ എഴുതപ്പെട്ടിരിക്കുന്നു. അവർ ചെയ്തതൊന്നും ഞാൻ മറക്കുകയില്ല. അവരുടെ പാപങ്ങൾക്കും അവരുടെ പൂർവികരുടെ പാപങ്ങൾക്കും ഞാൻ അവരോടു പകരം വീട്ടും. സർവേശ്വരനാണ് ഇത് അരുളിച്ചെയ്യുന്നത്. അവർ പർവതങ്ങളിൽ ധൂപാർച്ചന നടത്തുകയും, മലകളിൽ എന്നെ നിന്ദിക്കുകയും ചെയ്തുവല്ലോ. അവരുടെ മുൻകാല പ്രവൃത്തികൾക്ക് അർഹിക്കുന്ന ശിക്ഷ അവരുടെ മടിയിൽ അളന്നിട്ടുകൊടുക്കും. മുന്തിരിക്കുലയിൽ പുതുവീഞ്ഞുകണ്ട്, “അതു നശിപ്പിക്കരുത്; അതിൽ അനുഗ്രഹം കുടികൊള്ളുന്നു” എന്നു പറയുന്നതുപോലെ “എന്റെ ദാസർക്കുവേണ്ടി ഞാൻ അവരെ കൂട്ടത്തോടെ നശിപ്പിക്കയില്ല” എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. യാക്കോബിൽനിന്നു സന്താനങ്ങളെയും യെഹൂദായിൽനിന്ന് എന്റെ പർവതങ്ങൾ അവകാശമാക്കാനുള്ളവരെയും ഞാൻ ഉളവാക്കും. ഞാൻ തിരഞ്ഞെടുത്തവർ അത് അവകാശമാക്കും. എന്റെ ദാസന്മാർ അവിടെ പാർക്കും. എന്നെ അന്വേഷിച്ച ജനത്തിന്റെ ആട്ടിൻപറ്റങ്ങൾക്കു ശാരോൻ മേച്ചിൽസ്ഥലവും കന്നുകാലികൾക്ക് ആഖോർതാഴ്‌വര വിശ്രമസ്ഥലവും ആകും. എന്നാൽ എന്നെ ഉപേക്ഷിക്കുകയും എന്റെ വിശുദ്ധപർവതത്തെ വിസ്മരിക്കുകയും ഭാഗ്യദേവനു മേശ ഒരുക്കുകയും വിധിയുടെ ദേവതയ്‍ക്കു സുഗന്ധദ്രവ്യങ്ങൾ കലക്കിയ വീഞ്ഞ് പാനപാത്രങ്ങളിൽ നിറയ്‍ക്കുകയും ചെയ്ത നിങ്ങളെ ഞാൻ വാളിനിരയാക്കും. നിങ്ങൾ എല്ലാവരും കൊലയ്‍ക്കു തല കുനിച്ചുകൊടുക്കും. കാരണം ഞാൻ വിളിച്ചപ്പോൾ നിങ്ങൾ കേട്ടില്ല. സംസാരിച്ചപ്പോൾ ശ്രദ്ധിച്ചില്ല. എന്റെ ദൃഷ്‍ടിയിൽ തിന്മയായതു നിങ്ങൾ ചെയ്തു. എനിക്ക് അനിഷ്ടമായതു നിങ്ങൾ തിരഞ്ഞെടുത്തു. അതുകൊണ്ടു ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എന്നെ അനുസരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന എന്റെ ദാസർ തിന്നു തൃപ്തരാകും. നിങ്ങളോ വിശന്നു പൊരിയും. എന്റെ ദാസർ പാനം ചെയ്യും. നിങ്ങളോ ദാഹിച്ചു വലയും. അവർ ആനന്ദിക്കും. നിങ്ങളോ നിന്ദിതരാകും.” ഇതാ, എന്റെ ദാസർ ആനന്ദത്താൽ ആർത്തുപാടും. എന്നാൽ നിങ്ങൾ ഹൃദയംനൊന്തു നിലവിളിക്കും. മനോവ്യഥയാൽ വിലപിക്കും. ഞാൻ തിരഞ്ഞെടുത്തവർക്കു ശാപവചനമായി നിങ്ങൾ നിങ്ങളുടെ പേര് അവശേഷിപ്പിക്കും. ദൈവമായ സർവേശ്വരൻ നിങ്ങളെ വധിക്കും. എന്നെ അനുസരിക്കുന്നവർക്കു ഞാൻ മറ്റൊരു പേരു നല്‌കും. അനുഗ്രഹിക്കപ്പെടാൻ കാംക്ഷിക്കുന്നവർ അതിവിശ്വസ്തനായ ദൈവത്തോടു പ്രാർഥിക്കും. ശപഥം ചെയ്യുന്നവരെല്ലാം സത്യദൈവത്തിന്റെ നാമത്തിൽ ശപഥം ചെയ്യും. മുൻകാലത്തെ ക്ലേശങ്ങളെ ഞാൻ മറന്നിരിക്കുന്നു. അവയെല്ലാം എന്റെ ദൃഷ്‍ടിയിൽനിന്നു മറഞ്ഞിരിക്കുന്നു. ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്‍ടിക്കുന്നു. കഴിഞ്ഞ കാര്യങ്ങൾ ഒന്നും ഓർക്കുകയില്ല. അവ ഒന്നും ഇനി മനസ്സിലേക്കു കടന്നു വരികയില്ല. ഞാൻ സൃഷ്‍ടിക്കുന്നവയിൽ നിങ്ങൾ എന്നേക്കും ആനന്ദിച്ചുല്ലസിക്കുക. ഇതാ, ഞാൻ ആനന്ദം നിറഞ്ഞു തുളുമ്പുന്ന പുതിയ യെരൂശലേം സൃഷ്‍ടിക്കുന്നു. അവിടത്തെ ജനം സന്തുഷ്ടരായിരിക്കുന്നു. യെരൂശലേമും എന്റെ ജനവും നിമിത്തം ഞാനാനന്ദിക്കും. കരച്ചിലോ നിലവിളിയോ ഇനി കേൾക്കുകയില്ല. ശിശുക്കളുടെയോ ആയുഷ്കാലം പൂർത്തിയാക്കാത്ത വൃദ്ധരുടെയോ മരണം അവിടെ ഉണ്ടാകയില്ല. നൂറാം വയസ്സിലെ മരണം അകാലചരമമായി ഗണിക്കപ്പെടും. നൂറു വയസ്സുവരെ ജീവിക്കാത്തതു ശാപത്തിന്റെ അടയാളമായിരിക്കും. അവർ വീടുകൾ നിർമിച്ച് അവയിൽ പാർക്കും. മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കി അവയുടെ ഫലം അനുഭവിക്കും. അവർ നിർമിക്കുന്ന ഭവനങ്ങളിൽ അന്യർ വസിക്കാനിടവരികയില്ല. അവർ നട്ടുണ്ടാക്കുന്നവ അവർതന്നെ അനുഭവിക്കും. എന്റെ ജനം വൃക്ഷങ്ങൾപോലെ ദീർഘകാലം ജീവിക്കും. എന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം തങ്ങളുടെ അധ്വാനഫലം ദീർഘകാലം ആസ്വദിക്കും. അവരുടെ അധ്വാനം വെറുതെ ആവുകയില്ല. അവരുടെ മക്കൾ ആപത്തിൽപ്പെടുകയില്ല. അവർ സർവേശ്വരനാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതികളായിരിക്കും. അവരുടെ മക്കളും അനുഗൃഹീതരാകും. അവർ വിളിക്കുന്നതിനു മുമ്പുതന്നെ ഞാനവർക്ക് ഉത്തരമരുളും. അവർ സംസാരിക്കുമ്പോൾ തന്നെ ഞാൻ കേട്ടുകഴിയും. ചെന്നായും ആട്ടിൻകുട്ടിയും ഒരുമിച്ചു മേയും. സിംഹം കാളയെപ്പോലെ വയ്‍ക്കോൽ തിന്നും. സർപ്പത്തിന്റെ ആഹാരം പൊടി ആയിരിക്കും. എന്റെ വിശുദ്ധപർവതത്തിൽ തിന്മയോ നാശമോ ആരും ചെയ്യുകയില്ല. സർവേശ്വരനാണ് ഇതരുളിച്ചെയ്യുന്നത്.
യെശയ്യാവ് 65:1-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“എന്നെ ആഗ്രഹിക്കാത്തവർ എന്നെ അന്വേഷിക്കുവാൻ ഇടയായി; എന്നെ അന്വേഷിക്കാത്തവർക്ക് എന്നെ കണ്ടെത്തുവാൻ സംഗതിവന്നു; എന്‍റെ നാമം വിളിച്ചപേക്ഷിക്കാത്ത ജനതയോട്: ‘ഇതാ ഞാൻ, ഇതാ ഞാൻ’ എന്നു ഞാൻ പറഞ്ഞു. സ്വന്ത വിചാരങ്ങളെ അനുസരിച്ച് ആകാത്ത വഴിയിൽ നടക്കുന്ന മത്സരമുള്ള ജനത്തിങ്കലേക്ക് ഞാൻ ഇടവിടാതെ കൈ നീട്ടുന്നു. അവർ എന്റെ മുഖത്തു നോക്കി എല്ലായ്‌പ്പോഴും എന്നെ കോപിപ്പിക്കുന്ന ഒരു ജനമായി തോട്ടങ്ങളിൽ ബലി കഴിക്കുകയും ഇഷ്ടികമേൽ ധൂപം കാണിക്കുകയും കല്ലറകളിൽ കുത്തിയിരിക്കുകയും ഗുഹകളിൽ രാത്രി പാർക്കുകയും പന്നിയിറച്ചി തിന്നുകയും പാത്രങ്ങളിൽ അറപ്പായ ചാറു നിറയ്ക്കുകയും ‘മാറി നില്ക്ക; ഇങ്ങോട്ട് അടുക്കരുത്; ഞാൻ നിന്നെക്കാൾ ശുദ്ധൻ’ എന്നു പറയുകയും ചെയ്യുന്നു; അവർ എന്റെ മൂക്കിൽ പുകയും ഇടവിടാതെ കത്തുന്ന തീയും ആകുന്നു. അത് എന്റെ മുമ്പാകെ എഴുതിവച്ചിരിക്കുന്നു; ഞാൻ പകരം വീട്ടിയിട്ടല്ലാതെ അടങ്ങിയിരിക്കുകയില്ല; അവരുടെ മാർവ്വിടത്തിലേക്ക് തന്നെ ഞാൻ പകരംവീട്ടും. നിങ്ങളുടെ അകൃത്യങ്ങൾക്കും മലകളിന്മേൽ ധൂപം കാട്ടുകയും കുന്നുകളിന്മേൽ എന്നെ ദുഷിക്കുകയും ചെയ്തിട്ടുള്ള നിങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങൾക്കും കൂടെ പകരംവീട്ടും; ഞാൻ അവരുടെ മുൻകാലപ്രവൃത്തികളെ അവരുടെ മാർവ്വിടത്തിലേക്ക് അളന്നുകൊടുക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മുന്തിരിക്കുലയിൽ പുതുവീഞ്ഞ് കണ്ടിട്ട്; ‘നശിപ്പിക്കരുത്; ഒരനുഗ്രഹം അതിൽ ഉണ്ട്’ എന്നു പറയുന്നതുപോലെ ഞാൻ എന്റെ ദാസന്മാർനിമിത്തം പ്രവർത്തിക്കും; എല്ലാവരെയും നശിപ്പിക്കുകയില്ല. ഞാൻ യാക്കോബിൽനിന്ന് ഒരു സന്തതിയെയും യെഹൂദായിൽനിന്ന് എന്‍റെ പർവ്വതങ്ങൾക്ക് ഒരു അവകാശിയെയും ഉത്ഭവിപ്പിക്കും; എന്റെ വൃതന്മാർ അതിനെ കൈവശമാക്കുകയും എന്റെ ദാസന്മാർ അവിടെ വസിക്കുകയും ചെയ്യും. എന്നെ അന്വേഷിച്ചിട്ടുള്ള എന്റെ ജനത്തിനായി ശാരോൻ ആടുകൾക്കു മേച്ചിൽപുറവും ആഖോർ താഴ്‌വര കന്നുകാലികൾക്കു കിടപ്പിടവും ആയിരിക്കും. എന്നാൽ യഹോവയെ ഉപേക്ഷിക്കുകയും എന്‍റെ വിശുദ്ധപർവ്വതത്തെ മറക്കുകയും ഗാദ് ദേവന് ഒരു മേശ ഒരുക്കി മെനിദേവിക്കു വീഞ്ഞു കലർത്തി നിറച്ചുവയ്ക്കുകയും ചെയ്യുന്നവരേ, ഞാൻ വിളിച്ചപ്പോൾ നിങ്ങൾ ഉത്തരം പറയാതെയും ഞാൻ അരുളിച്ചെയ്തപ്പോൾ കേൾക്കാതെയും എനിക്ക് അനിഷ്ടമായുള്ളതു പ്രവർത്തിച്ച് എനിക്ക് പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ട് ഞാൻ നിങ്ങളെ വാളിനു നിയമിച്ചുകൊടുക്കും; നിങ്ങൾ എല്ലാവരും കൊലയ്ക്കു കുനിയേണ്ടിവരും.” അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, എന്റെ ദാസന്മാർ ഭക്ഷിക്കും; നിങ്ങളോ വിശന്നിരിക്കും; എന്റെ ദാസന്മാർ പാനംചെയ്യും; നിങ്ങളോ ദാഹിച്ചിരിക്കും; എന്റെ ദാസന്മാർ സന്തോഷിക്കും; നിങ്ങളോ ലജ്ജിച്ചിരിക്കും. എന്റെ ദാസന്മാർ ഹൃദയാനന്ദംകൊണ്ടു ഘോഷിക്കും; നിങ്ങളോ മനോവ്യസനംകൊണ്ടു നിലവിളിച്ചു മനോവ്യഥയാൽ അലമുറയിടും. നിങ്ങളുടെ പേര് നിങ്ങൾ എന്റെ വൃതന്മാർക്ക് ഒരു ശാപവാക്കായി വെച്ചേച്ചുപോകും; യഹോവയായ കർത്താവ് നിന്നെ കൊന്നുകളയും; തന്റെ ദാസന്മാർക്ക് അവിടുന്ന് വേറൊരു പേര് വിളിക്കും. മുമ്പിലത്തെ കഷ്ടങ്ങൾ മറന്നുപോവുകയും അവ എന്‍റെ കണ്ണിന് മറഞ്ഞിരിക്കുകയും ചെയ്കകൊണ്ടു ഭൂമിയിൽ സ്വയം അനുഗ്രഹിക്കുന്നവൻ സത്യദൈവത്താൽ സ്വയം അനുഗ്രഹിക്കും; ഭൂമിയിൽ സത്യം ചെയ്യുന്നവൻ സത്യദൈവത്തെച്ചൊല്ലി സത്യം ചെയ്യും. “ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരുകയുമില്ല. ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ച് നിങ്ങൾ സന്തോഷിച്ച് എന്നേക്കും ഘോഷിച്ചുല്ലസിക്കുവിൻ; ഇതാ, ഞാൻ യെരൂശലേമിനെ ഉല്ലാസപ്രദമായും അതിലെ ജനത്തെ ആനന്ദപ്രദമായും സൃഷ്ടിക്കുന്നു. ഞാൻ യെരൂശലേമിനെക്കുറിച്ചു സന്തോഷിക്കുകയും എന്‍റെ ജനത്തെക്കുറിച്ചു ആനന്ദിക്കുകയും ചെയ്യും; കരച്ചിലും നിലവിളിയും ഇനി അതിൽ കേൾക്കുകയില്ല; കുറെ ദിവസം മാത്രം ജീവിക്കുന്ന കുട്ടിയും ആയുസ്സു തികയാത്ത വൃദ്ധനും അവിടെ ഇനി ഉണ്ടാവുകയില്ല; ബാലൻ നൂറു വയസ്സു പ്രായമുള്ളവനായി മരിക്കും; പാപിയോ നൂറു വയസ്സുള്ളവനായിരുന്നാലും ശപിക്കപ്പെട്ടവൻ എന്നേ വരൂ. അവർ വീടുകളെ പണിതു വസിക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. അവർ പണിയുക, മറ്റൊരുത്തൻ വസിക്കുക എന്നു വരുകയില്ല; അവർ നടുക, മറ്റൊരുത്തൻ തിന്നുക എന്നും വരുകയില്ല; എന്‍റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്‍റെ വൃതന്മാർതന്നെ അവരുടെ അദ്ധ്വാനഫലം അനുഭവിക്കും. അവർ വെറുതെ അദ്ധ്വാനിക്കുകയില്ല; ആപത്തിനായിട്ടു പ്രസവിക്കുകയുമില്ല; അവർ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതിയല്ലയോ; അവരുടെ സന്താനം അവരോടുകൂടി ഇരിക്കും. അവർ വിളിക്കുന്നതിനുമുമ്പ് ഞാൻ ഉത്തരം അരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ ഞാൻ കേൾക്കും. ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും; സർപ്പത്തിനു പൊടി ആഹാരമായിരിക്കും; എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്യുകയില്ല” എന്നു യഹോവ അരുളിച്ചെയ്യുന്നു.
യെശയ്യാവ് 65:1-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നെ ആഗ്രഹിക്കാത്തവർ എന്നെ അന്വേഷിപ്പാൻ ഇടയായി; എന്നെ അന്വേഷിക്കാത്തവർക്കു എന്നെ കണ്ടെത്തുവാൻ സംഗതി വന്നു; എന്റെ നാമം വിളിച്ചപേക്ഷിക്കാത്ത ജാതിയോടു: ഇതാ ഞാൻ, ഇതാ ഞാൻ എന്നു ഞാൻ പറഞ്ഞു. സ്വന്ത വിചാരങ്ങളെ അനുസരിച്ചു ആകാത്ത വഴിയിൽ നടക്കുന്ന മത്സരമുള്ള ജനത്തിങ്കലേക്കു ഞാൻ ഇടവിടാതെ കൈ നീട്ടുന്നു. അവർ എന്റെ മുഖത്തു നോക്കി എല്ലായ്പോഴും എന്നെ കോപിപ്പിക്കുന്നോരു ജനമായി തോട്ടങ്ങളിൽ ബലികഴിക്കയും ഇഷ്ടികമേൽ ധൂപം കാണിക്കയും കല്ലറകളിൽ കുത്തിയിരിക്കയും ഗുഹകളിൽ രാപാർക്കയും പന്നിയിറച്ചി തിന്നുകയും പാത്രങ്ങളിൽ അറെപ്പായ ചാറു നിറെക്കയും മാറി നില്ക്ക; ഇങ്ങോട്ടു അടുക്കരുതു; ഞാൻ നിന്നെക്കാൾ ശുദ്ധൻ എന്നു പറകയും ചെയ്യുന്നു; അവർ എന്റെ മൂക്കിൽ പുകയും ഇടവിടാതെ കത്തുന്ന തീയും ആകുന്നു. അതു എന്റെ മുമ്പാകെ എഴുതിവെച്ചിരിക്കുന്നു; ഞാൻ പകരം വീട്ടിയല്ലാതെ അടങ്ങിയിരിക്കയില്ല; അവരുടെ മാർവ്വിടത്തിലേക്കു തന്നേ ഞാൻ പകരം വീട്ടും. നിങ്ങളുടെ അകൃത്യങ്ങൾക്കും മലകളിന്മേൽ ധൂപം കാട്ടുകയും കുന്നുകളിന്മേൽ എന്നെ ദുഷിക്കയും ചെയ്തിട്ടുള്ള നിങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങൾക്കും കൂടെ പകരം വീട്ടും; ഞാൻ ആദ്യം അവരുടെ പ്രതിഫലം അവരുടെ മാർവ്വിടത്തിലേക്കു അളന്നുകൊടുക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മുന്തിരിക്കുലയിൽ പുതുവീഞ്ഞു കണ്ടിട്ടു; നശിപ്പിക്കരുതു; ഒരനുഗ്രഹം അതിൽ ഉണ്ടു എന്നു പറയുന്നതുപോലെ ഞാൻ എന്റെ ദാസന്മാർനിമിത്തം പ്രവർത്തിക്കും; എല്ലാവരെയും നശിപ്പിക്കയില്ല. ഞാൻ യാക്കോബിൽനിന്നു ഒരു സന്തതിയെയും യെഹൂദയിൽനിന്നു എന്റെ പർവ്വതങ്ങൾക്കു ഒരു അവകാശിയെയും ഉത്ഭവിപ്പിക്കും; എന്റെ വൃതന്മാർ അതിനെ കൈവശമാക്കുകയും എന്റെ ദാസന്മാർ അവിടെ വസിക്കയും ചെയ്യും. എന്നെ അന്വേഷിച്ചിട്ടുള്ള എന്റെ ജനത്തിന്നായി ശാരോൻ ആടുകൾക്കു മേച്ചൽപുറവും ആഖോർതാഴ്‌വര കന്നുകാലികൾക്കു കിടപ്പിടവും ആയിരിക്കും. എന്നാൽ യഹോവയെ ഉപേക്ഷിക്കയും എന്റെ വിശുദ്ധപർവ്വതത്തെ മറക്കയും ഗദ് ദേവന്നു ഒരു മേശ ഒരുക്കി മെനിദേവിക്കു വീഞ്ഞു കലർത്തി നിറെച്ചുവെക്കയും ചെയ്യുന്നവരേ, ഞാൻ വിളിച്ചപ്പോൾ നിങ്ങൾ ഉത്തരം പറയാതെയും ഞാൻ അരുളിച്ചെയ്തപ്പോൾ കേൾക്കാതെയും എനിക്കു അനിഷ്ടമായുള്ളതു പ്രവർത്തിച്ചു എനിക്കു പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ടു ഞാൻ നിങ്ങളെ വാളിന്നു നിയമിച്ചുകൊടുക്കും; നിങ്ങൾ എല്ലാവരും കൊലെക്കു കുനിയേണ്ടിവരും. അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, എന്റെ ദാസന്മാർ ഭക്ഷിക്കും; നിങ്ങളോ വിശന്നിരിക്കും; എന്റെ ദാസന്മാർ പാനംചെയ്യും; നിങ്ങളോ ദാഹിച്ചിരിക്കും; എന്റെ ദാസന്മാർ സന്തോഷിക്കും; നിങ്ങളോ ലജ്ജിച്ചിരിക്കും. എന്റെ ദാസന്മാർ ഹൃദയാനന്ദംകൊണ്ടു ഘോഷിക്കും; നിങ്ങളോ മനോവ്യസനംകൊണ്ടു നിലവിളിച്ചു മനോവ്യഥയാൽ മുറയിടും. നിങ്ങളുടെ പേർ നിങ്ങൾ എന്റെ വൃതന്മാർക്കു ഒരു ശാപവാക്കായി വെച്ചേച്ചുപോകും; യഹോവയായ കർത്താവു നിന്നെ കൊന്നുകളയും; തന്റെ ദാസന്മാർക്കു അവൻ വേറൊരു പേർ വിളിക്കും. മുമ്പിലത്തെ കഷ്ടങ്ങൾ മറന്നുപോകയും അവ എന്റെ കണ്ണിന്നു മറഞ്ഞിരിക്കയും ചെയ്കകൊണ്ടു ഭൂമിയിൽ തന്നെത്താൻ അനുഗ്രഹിക്കുന്നവൻ സത്യദൈവത്താൽ തന്നെത്താൻ അനുഗ്രഹിക്കും; ഭൂമിയിൽ സത്യം ചെയ്യുന്നവൻ സത്യദൈവത്തെച്ചൊല്ലി സത്യം ചെയ്യും. ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലത്തെവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല. ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ചു നിങ്ങൾ സന്തോഷിച്ചു എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ; ഇതാ, ഞാൻ യെരൂശലേമിനെ ഉല്ലാസപ്രദമായും അതിലെ ജനത്തെ ആനന്ദപ്രദമായും സൃഷ്ടിക്കുന്നു. ഞാൻ യെരൂശലേമിനെക്കുറിച്ചു സന്തോഷിക്കയും എന്റെ ജനത്തെക്കുറിച്ചു ആനന്ദിക്കയും ചെയ്യും; കരച്ചലും നിലവിളിയും ഇനി അതിൽ കേൾക്കയില്ല; കുറെ ദിവസം മാത്രം ജീവിക്കുന്ന കുട്ടിയും ആയുസ്സു തികയാത്ത വൃദ്ധനും അവിടെ ഇനി ഉണ്ടാകയില്ല; ബാലൻ നൂറു വയസ്സു പ്രായമുള്ളവനായി മരിക്കും; പാപിയോ നൂറു വയസ്സുള്ളവനായിരുന്നാലും ശപിക്കപ്പെട്ടവൻ എന്നേ വരൂ. അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. അവർ പണിക, മറ്റൊരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക, മറ്റൊരുത്തൻ തിന്നുക എന്നും വരികയില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്റെ വൃതന്മാർ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും. അവർ വൃഥാ അദ്ധ്വാനിക്കയില്ല; ആപത്തിന്നായിട്ടു പ്രസവിക്കയുമില്ല; അവർ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതിയല്ലോ; അവരുടെ സന്താനം അവരോടുകൂടെ ഇരിക്കും. അവർ വിളിക്കുന്നതിന്നുമുമ്പെ ഞാൻ ഉത്തരം അരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ ഞാൻ കേൾക്കും. ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും; സർപ്പത്തിന്നു പൊടി ആഹാരമായിരിക്കും; എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
യെശയ്യാവ് 65:1-25 സമകാലിക മലയാളവിവർത്തനം (MCV)
“എന്നെ അന്വേഷിക്കാത്തവർക്ക് ഞാൻ എന്നെത്തന്നെ വെളിപ്പെടുത്തി; എന്നെ ആവശ്യപ്പെടാത്തവർ എന്നെ കണ്ടെത്തി. എന്റെ നാമം വിളിച്ചപേക്ഷിക്കാത്ത ജനതയോട്, ‘ഇതാ ഞാൻ, ഇതാ ഞാൻ’ എന്നു പറഞ്ഞു. നന്നല്ലാത്ത മാർഗത്തിൽക്കൂടി സ്വന്തം സങ്കൽപ്പമനുസരിച്ചു ജീവിക്കുന്ന, ദുർവാശിയുള്ള ജനത്തിന്റെനേരേ ഞാൻ ദിവസംമുഴുവനും കൈനീട്ടി— അവർ പൂന്തോട്ടങ്ങളിൽ ബലിയർപ്പിച്ചും ബലിപീഠങ്ങളിലെ ഇഷ്ടികകളിന്മേൽ ധൂപംകാട്ടിയും എന്റെ മുഖത്തുനോക്കി അവർ എന്നെ നിരന്തരം പ്രകോപിപ്പിക്കുന്നു. അവർ രാത്രിമുഴുവനും കല്ലറകൾക്കിടയിൽ രഹസ്യമായി ഉറങ്ങാതിരിക്കുന്നു, പന്നിയിറച്ചി തിന്നുകയും നിഷിദ്ധമാംസത്തിന്റെ ചാറിനാൽ പാത്രങ്ങൾ നിറയ്ക്കുകയുംചെയ്യുന്നു; ‘മാറിനിൽക്കുക, എന്നോട് അടുക്കരുത്, ഞാൻ നിന്നെക്കാൾ അതിവിശുദ്ധൻ!’ എന്ന് അവർ പറയുന്നു. ഇങ്ങനെയുള്ളവർ എന്റെ മൂക്കിലെ പുകയും ദിവസം മുഴുവൻ കത്തുന്ന തീയും ആകുന്നു. “ഇതാ, അത് എന്റെമുമ്പിൽ എഴുതപ്പെട്ടിരിക്കുന്നു: ഞാൻ പകരം വീട്ടാതെ അടങ്ങിയിരിക്കുകയില്ല; അവരുടെ മാറിടത്തിലേക്കുതന്നെ ഞാൻ പകരംവീട്ടും— നിങ്ങളുടെ പാപങ്ങൾക്കും നിങ്ങളുടെ പൂർവികരുടെ പാപങ്ങൾക്കുംതന്നെ,” യഹോവ അരുളിച്ചെയ്യുന്നു. “അവർ പർവതങ്ങളിൽ ധൂപംകാട്ടുകയും മലകളിൽ എന്നെ പരിഹസിക്കുകയും ചെയ്തതിനാൽ, അവരുടെ പൂർവകാല പ്രവൃത്തികളുടെ മുഴുവൻ തുകയും ഞാൻ അവരുടെ മാറിടത്തിലേക്കുതന്നെ അളന്നുകൊടുക്കും.” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മുന്തിരിക്കുലയിൽ പുതുവീഞ്ഞു കാണുമ്പോൾ, ജനം, ‘അതിനെ നശിപ്പിക്കരുത്, അതിൽ അനുഗ്രഹം ഉണ്ടല്ലോ,’ എന്നു പറയുന്നതുപോലെ, എന്റെ ദാസന്മാർക്കുവേണ്ടി ഞാൻ പ്രവർത്തിക്കും; ഞാൻ അവരെ എല്ലാവരെയും നശിപ്പിക്കുകയില്ല. ഞാൻ യാക്കോബിൽനിന്ന് ഒരു സന്തതിയെയും യെഹൂദ്യയിൽനിന്ന് എന്റെ പർവതങ്ങൾക്ക് ഒരു അവകാശിയെയും ശേഷിപ്പിക്കും. തെരഞ്ഞെടുക്കപ്പെട്ട എന്റെ ജനം അത് അവകാശമാക്കുകയും എന്റെ ദാസന്മാർ അവിടെ അധിവസിക്കുകയും ചെയ്യും. എന്നെ അന്വേഷിക്കുന്ന എന്റെ ജനത്തിന്, ശാരോൻസമതലം അവരുടെ ആട്ടിൻപറ്റത്തിന്റെ ഒരു മേച്ചിൽപ്പുറവും ആഖോർതാഴ്വര അവരുടെ കന്നുകാലികളുടെ വിശ്രമസ്ഥലവും ആകും. “എന്നാൽ നിങ്ങൾ യഹോവയെ ഉപേക്ഷിക്കയും എന്റെ വിശുദ്ധപർവതത്തെ മറക്കുകയുംചെയ്ത്, ഗദുദേവന് മേശയൊരുക്കുകയും മേനിദേവിക്ക് വീഞ്ഞുകലർത്തി പാനപാത്രം നിറയ്ക്കുകയും ചെയ്താൽ, ഞാൻ നിങ്ങളെ വാളിന് ഇരയാക്കും, നിങ്ങൾ എല്ലാവരും വധിക്കപ്പെട്ടവരായി വീഴും; കാരണം, ഞാൻ വിളിച്ചു, എന്നാൽ നിങ്ങൾ ഉത്തരം നൽകിയില്ല, ഞാൻ സംസാരിച്ചു, എന്നാൽ നിങ്ങൾ ശ്രദ്ധിച്ചില്ല. എന്റെ കണ്ണുകൾക്കുമുമ്പിൽ നിങ്ങൾ തിന്മ പ്രവർത്തിക്കുകയും എനിക്ക് അനിഷ്ടമായതു നിങ്ങൾ തെരഞ്ഞെടുക്കുകയും ചെയ്തല്ലോ.” അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്റെ ദാസന്മാർ ഭക്ഷിക്കും, എന്നാൽ നിങ്ങൾ വിശന്നിരിക്കും; എന്റെ ദാസന്മാർ പാനംചെയ്യും, എന്നാൽ നിങ്ങൾ ദാഹിച്ചിരിക്കും; എന്റെ ദാസന്മാർ ആനന്ദിക്കും, എന്നാൽ നിങ്ങൾ ലജ്ജിതരാകും. എന്റെ ദാസന്മാർ ഗാനമാലപിക്കും അവരുടെ ഹൃദയത്തിൽനിന്നുള്ള ആനന്ദത്താൽത്തന്നെ, എന്നാൽ നിങ്ങൾ ഹൃദയവ്യഥയാൽ നിലവിളിക്കും. ഹൃദയഭാരത്തോടെ മുറയിടുകയും ചെയ്യും. എന്റെ തെരഞ്ഞെടുക്കപ്പെട്ടവർക്ക് നിങ്ങളുടെ പേര് ഒരു ശാപവാക്കായി നിങ്ങൾ ശേഷിപ്പിക്കും; യഹോവയായ കർത്താവ് നിങ്ങളെ കൊന്നുകളയും, എന്നാൽ തന്റെ ദാസന്മാർക്ക് അവിടന്ന് മറ്റൊരു പേരു നൽകും. പൂർവകാലത്തെ കഷ്ടത മറക്കപ്പെടുകയും എന്റെ കണ്ണിനു മറഞ്ഞിരിക്കുകയും ചെയ്യുകയാൽ, ദേശത്തുവെച്ച് അനുഗ്രഹം ആശംസിക്കുന്നയാൾ ഏകസത്യദൈവത്തിന്റെ നാമത്തിലായിരിക്കും ആശംസിക്കുന്നത്, ദേശത്തുവെച്ചു ശപഥംചെയ്യുന്നയാൾ ഏകസത്യദൈവത്തിന്റെ നാമത്തിലായിരിക്കും ശപഥംചെയ്യുന്നത്. “ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കും. പഴയകാര്യങ്ങൾ ഇനി ഓർക്കുകയോ മനസ്സിൽ വരികയോ ചെയ്യുകയില്ല. പ്രത്യുത, ഞാൻ സൃഷ്ടിക്കുന്നതിൽ നിങ്ങൾ സന്തുഷ്ടരായി എന്നേക്കും ആനന്ദിക്കുക, ഞാൻ ജെറുശലേമിനെ ഒരു ആനന്ദമാകുവാനും അതിലെ ജനത്തെ ഒരു സന്തോഷമാകാനുമായിട്ടാണ് സൃഷ്ടിക്കുന്നത്. ഞാൻ ജെറുശലേമിൽ ആനന്ദിക്കും എന്റെ ജനത്തിൽ ആഹ്ലാദിക്കും; കരച്ചിലിന്റെയോ നിലവിളിയുടെയോ ശബ്ദം ഇനി അവിടെ കേൾക്കുകയില്ല. “ഇനിയൊരിക്കലും അവിടെ അല്പായുസ്സുകളായ ശിശുക്കൾ ഉണ്ടാകുകയില്ല തന്റെ ആയുഷ്കാലം പൂർത്തിയാക്കാത്ത ഒരു വൃദ്ധനും; നൂറാം വയസ്സിൽ മരിക്കുന്നയാൾ ഒരു ശിശുവായി കരുതപ്പെടും; നൂറുവയസ്സുവരെ എത്താത്തയാൾ ശാപഗ്രസ്തരെന്നു പരിഗണിക്കപ്പെടും. അവർ വീടുകൾ നിർമിച്ച് അവയിൽ വസിക്കും; അവർ മുന്തിരിത്തോപ്പുകൾ നട്ട് അവയുടെ ഫലം അനുഭവിക്കും. അവർ ഇനിയൊരിക്കലും മറ്റുള്ളവർക്കു താമസിക്കുന്നതിനായി പണിയുകയോ അവർ നടുകയും മറ്റുള്ളവർ ഭക്ഷിക്കുകയുമോ ചെയ്യുകയില്ല. എന്റെ ജനത്തിന്റെ ആയുസ്സ് വൃക്ഷത്തിന്റെ ആയുസ്സുപോലെയാകും. എന്റെ തെരഞ്ഞെടുക്കപ്പെട്ടവർ ദീർഘകാലം തങ്ങളുടെ പ്രയത്നഫലം അനുഭവിക്കും. അവർ വ്യർഥമായി അധ്വാനിക്കുകയോ ആപത്തിനായി പ്രസവിക്കുകയോ ചെയ്യുകയില്ല; കാരണം അവരും അവരുടെ സന്തതികളും യഹോവയാൽ അനുഗ്രഹിക്കപ്പെടുന്നവരുടെ പിൻഗാമികളാണ്. അവർ വിളിക്കുന്നതിനുമുമ്പേ ഞാൻ ഉത്തരമരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കെത്തന്നെ ഞാൻ അതു കേൾക്കും. ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും സിംഹം കാളയെപ്പോലെ പുല്ലുതിന്നും പൊടി സർപ്പത്തിന് ആഹാരമാകും. എന്റെ വിശുദ്ധപർവതത്തിൽ എല്ലായിടത്തും ഉപദ്രവമോ നാശമോ ഉണ്ടാകുകയില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.