യെശയ്യാവ് 64:1-5

യെശയ്യാവ് 64:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അയ്യോ, ജാതികൾ തിരുമുമ്പിൽ വിറയ്ക്കത്തക്കവണ്ണം നിന്റെ നാമത്തെ നിന്റെ വൈരികൾക്കു വെളിപ്പെടുത്തുവാൻ തീയിൽ ചുള്ളി കത്തുന്നതുപോലെയും തീകൊണ്ടു വെള്ളം തിളയ്ക്കുന്നതു പോലെയും മലകൾ നിന്റെ മുമ്പിൽ ഉരുകിപ്പോകത്തക്കവണ്ണം നീ ആകാശം കീറി ഇറങ്ങിവന്നെങ്കിൽ കൊള്ളായിരുന്നു! ഞങ്ങൾ വിചാരിച്ചിട്ടില്ലാത്ത ഭയങ്കരകാര്യങ്ങളെ നീ പ്രവർത്തിച്ചപ്പോൾ നീ ഇറങ്ങിവരികയും മലകൾ തിരുമുമ്പിൽ ഉരുകിപ്പോകയും ചെയ്തുവല്ലോ. നീയല്ലാതെ ഒരു ദൈവം തന്നെ കാത്തിരിക്കുന്നവനുവേണ്ടി പ്രവർത്തിക്കുന്നതു പണ്ടുമുതൽ ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, കണ്ണുകൊണ്ടു കണ്ടിട്ടുമില്ല. സന്തോഷിച്ചു നീതി പ്രവർത്തിക്കുന്നവരെ നീ എതിരേല്ക്കുന്നു; അവർ നിന്റെ വഴികളിൽ നിന്നെ ഓർക്കുന്നു; നീ കോപിച്ചപ്പോൾ ഞങ്ങൾ പാപത്തിൽ അകപ്പെട്ടു; ഇതിൽ ഞങ്ങൾ ബഹുകാലം കഴിച്ചു; ഞങ്ങൾക്കു രക്ഷ ഉണ്ടാകുമോ?

യെശയ്യാവ് 64:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരാ, ആകാശം പിളർന്ന് അവിടുന്ന് ഇറങ്ങി വന്നിരുന്നെങ്കിൽ, തിരുസാന്നിധ്യത്തിൽ പർവതങ്ങൾ വിറയ്‍ക്കുമായിരുന്നു; തീയിൽ വിറക് എരിയുകയും വെള്ളം തിളയ്‍ക്കുകയും ചെയ്യുന്നതുപോലെ അവിടുത്തെ സാന്നിധ്യത്തിൽ ജനതകൾ ഞെട്ടിവിറയ്‍ക്കുമായിരുന്നു. അങ്ങനെയെങ്കിൽ അവിടുത്തെ ശത്രുക്കൾ തിരുനാമത്തെ അറിയുമായിരുന്നു. അവിടുന്ന് ഇറങ്ങിവന്നു ഞങ്ങൾ പ്രതീക്ഷിക്കാത്ത ഭയാനകകൃത്യങ്ങൾ ചെയ്തപ്പോൾ അവിടുത്തെ സാന്നിധ്യത്തിൽ പർവതങ്ങൾ വിറകൊണ്ടു. തന്നെ കാത്തിരുന്നവർക്കുവേണ്ടി പ്രവർത്തിക്കുന്ന ദൈവം അവിടുന്നല്ലാതെ മറ്റാരെങ്കിലുമുള്ളതായി ആരും കേൾക്കുകയോ കാണുകയോ ഗ്രഹിക്കുകയോ ചെയ്തിട്ടില്ല. സന്തോഷപൂർവം നീതി പ്രവർത്തിക്കുകയും അങ്ങയെ സ്മരിച്ചുകൊണ്ട് അവിടുത്തെ മാർഗത്തിൽ ചരിക്കുകയും ചെയ്യുന്നവരെ അങ്ങ് സ്വീകരിക്കുന്നു. ഞങ്ങൾ പാപം ചെയ്തതുകൊണ്ട് അവിടുന്നു ഞങ്ങളോടു കോപിച്ചു. ഞങ്ങൾ ദീർഘകാലം പാപത്തിൽ ജീവിച്ചു. ഞങ്ങൾക്കു രക്ഷ ഉണ്ടാവുമോ?

യെശയ്യാവ് 64:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അയ്യോ, ജനതകൾ തിരുമുമ്പിൽ വിറയ്ക്കത്തക്കവിധം അവിടുത്തെ നാമത്തെ അവിടുത്തെ എതിരാളികൾക്കു വെളിപ്പെടുത്തുവാൻ തീയിൽ ചുള്ളി കത്തുന്നതു പോലെയും തീകൊണ്ട് വെള്ളം തിളക്കുന്നതുപോലെയും മലകൾ അവിടുത്തെ മുമ്പിൽ ഉരുകിപ്പോകത്തക്കവിധം അവിടുന്ന് ആകാശം കീറി ഇറങ്ങിവന്നെങ്കിൽ കൊള്ളാമായിരുന്നു! ഞങ്ങൾ വിചാരിച്ചിട്ടില്ലാത്ത ഭയങ്കരകാര്യങ്ങൾ അവിടുന്ന് പ്രവർത്തിച്ചപ്പോൾ അവിടുന്ന് ഇറങ്ങിവരുകയും മലകൾ തിരുമുമ്പിൽ ഉരുകിപ്പോകുകയും ചെയ്തുവല്ലോ. അവിടുന്നല്ലാതെ ഒരു ദൈവം തന്നെ കാത്തിരിക്കുന്നവനുവേണ്ടി പ്രവർത്തിക്കുന്നതു പണ്ടുമുതൽ ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, കണ്ണുകൊണ്ട് കണ്ടിട്ടുമില്ല. സന്തോഷിച്ചു നീതി പ്രവർത്തിക്കുന്നവരെ അവിടുന്ന് എതിരേല്ക്കുന്നു; അവർ അവിടുത്തെ വഴികളിൽ അവിടുത്തെ ഓർക്കുന്നു; ഞങ്ങൾ പാപംചെയ്തതുകൊണ്ട് അവിടുന്ന് കോപിച്ചു; ഇതിൽ ഞങ്ങൾ ബഹുകാലം കഴിച്ചു; ഞങ്ങൾക്കു രക്ഷ ഉണ്ടാകുമോ?

യെശയ്യാവ് 64:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അയ്യോ, ജാതികൾ തിരുമുമ്പിൽ വിറെക്കത്തക്കവണ്ണം നിന്റെ നാമത്തെ നിന്റെ വൈരികൾക്കു വെളിപ്പെടുത്തുവാൻ തീയിൽ ചുള്ളി കത്തുന്നതു പോലെയും തീ കൊണ്ടു വെള്ളം തിളക്കുന്നതു പോലെയും മലകൾ നിന്റെ മുമ്പിൽ ഉരുകിപ്പോകത്തക്കവണ്ണം നീ ആകാശം കീറി ഇറങ്ങിവന്നെങ്കിൽ കൊള്ളായിരുന്നു! ഞങ്ങൾ വിചാരിച്ചിട്ടില്ലാത്ത ഭയങ്കരകാര്യങ്ങളെ നീ പ്രവർത്തിച്ചപ്പോൾ നീ ഇറങ്ങിവരികയും മലകൾ തിരുമുമ്പിൽ ഉരുകിപ്പോകയും ചെയ്തുവല്ലോ. നീയല്ലാതെ ഒരു ദൈവം തന്നേ കാത്തിരിക്കുന്നവന്നു വേണ്ടി പ്രവർത്തിക്കുന്നതു പണ്ടുമുതൽ ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, കണ്ണുകൊണ്ടു കണ്ടിട്ടുമില്ല. സന്തോഷിച്ചു നീതി പ്രവർത്തിക്കുന്നവരെ നീ എതിരേല്ക്കുന്നു; അവർ നിന്റെ വഴികളിൽ നിന്നെ ഓർക്കുന്നു; നീ കോപിച്ചപ്പോൾ ഞങ്ങൾ പാപത്തിൽ അകപ്പെട്ടു; ഇതിൽ ഞങ്ങൾ ബഹുകാലം കഴിച്ചു; ഞങ്ങൾക്കു രക്ഷ ഉണ്ടാകുമോ?

യെശയ്യാവ് 64:1-5 സമകാലിക മലയാളവിവർത്തനം (MCV)

യഹോവേ, അവിടന്ന് ആകാശം കീറി ഇറങ്ങിവന്നിരുന്നെങ്കിൽ, അപ്പോൾ പർവതങ്ങൾ അങ്ങയുടെമുമ്പിൽ വിറയ്ക്കും! ചുള്ളിക്കമ്പുകൾക്കു തീ കത്തി വെള്ളം തിളയ്ക്കാൻ ഇടയാകുമ്പോളെന്നപോലെ ഇറങ്ങിവന്ന് അവിടത്തെ ശത്രുക്കൾക്ക് തിരുനാമം വെളിപ്പെടുത്തി രാഷ്ട്രങ്ങൾ തിരുമുമ്പിൽ വിറയ്ക്കാൻ ഇടയാക്കണമേ. ഞങ്ങൾ പ്രതീക്ഷിക്കാത്ത ഭയങ്കരകാര്യങ്ങൾ അങ്ങ് ചെയ്തപ്പോൾ അങ്ങ് ഇറങ്ങിവരികയും പർവതങ്ങൾ തിരുസന്നിധിയിൽ വിറകൊള്ളുകയും ചെയ്തു. തനിക്കായി കാത്തിരിക്കുന്നവർക്കുവേണ്ടി പ്രവർത്തിക്കുന്നവനായി അങ്ങല്ലാതെ മറ്റൊരു ദൈവത്തെപ്പറ്റി ലോകാരംഭംമുതൽ ആരും കേട്ടിട്ടില്ല; ഒരു കാതും കേട്ടിട്ടില്ല, ഒരു കണ്ണും കണ്ടിട്ടുമില്ല. ആനന്ദത്തോടെ നീതി പ്രവർത്തിക്കുന്നവരെ സഹായിക്കാനായി അങ്ങ് എഴുന്നള്ളുന്നു, അങ്ങയുടെ വഴികൾ ഓർക്കുന്നവരെത്തന്നെ. എന്നാൽ, അങ്ങയുടെ വഴികൾക്കെതിരേ ഞങ്ങൾ പാപം ചെയ്യുകയാൽ അങ്ങു കോപിച്ചു. അങ്ങനെയെങ്കിൽ ഞങ്ങൾ എങ്ങനെ രക്ഷപ്പെടും?