യെശയ്യാവ് 61:1-6

യെശയ്യാവ് 61:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എളിയവരോടു സദ്വർത്തമാനം ഘോഷിപ്പാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കർത്താവിന്റെ ആത്മാവ് എന്റെമേൽ ഇരിക്കുന്നു; ഹൃദയം തകർന്നവരെ മുറി കെട്ടുവാനും തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിപ്പാനും യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും സീയോനിലെ ദുഃഖിതന്മാർക്കു വെണ്ണീറിനു പകരം അലങ്കാരമാലയും ദുഃഖത്തിനു പകരം ആനന്ദതൈലവും വിഷണ്ണമനസ്സിനു പകരം സ്തുതി എന്ന മേലാടയും കൊടുപ്പാനും അവൻ എന്നെ അയച്ചിരിക്കുന്നു; അവൻ മഹത്ത്വീകരിക്കപ്പെടേണ്ടതിന് അവർക്കു നീതിവൃക്ഷങ്ങൾ എന്നും യഹോവയുടെ നടുതല എന്നും പേരാകും. അവർ പുരാതനശൂന്യങ്ങളെ പണികയും പൂർവന്മാരുടെ നിർജനസ്ഥലങ്ങളെ നന്നാക്കുകയും തലമുറതലമുറയായി നിർജനമായിരുന്ന ശൂന്യനഗരങ്ങളെ കേടുപോക്കുകയും ചെയ്യും. അന്യജാതിക്കാർ നിന്നു നിങ്ങളുടെ ആട്ടിൻകൂട്ടങ്ങളെ മേയിക്കും; പരദേശക്കാർ നിങ്ങൾക്കു ഉഴവുകാരും മുന്തിരിത്തോട്ടക്കാരും ആയിരിക്കും. നിങ്ങളോ യഹോവയുടെ പുരോഹിതന്മാർ എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകന്മാർ എന്നും നിങ്ങൾക്കു പേരാകും; നിങ്ങൾ ജാതികളുടെ സമ്പത്ത് അനുഭവിച്ചു, അവരുടെ മഹത്ത്വത്തിന് അവകാശികൾ ആയിത്തീരും.

യെശയ്യാവ് 61:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരനായ ദൈവത്തിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്, കാരണം പീഡിതനെ സദ്‍വാർത്ത അറിയിക്കാൻ സർവേശ്വരൻ എന്നെ അഭിഷേകം ചെയ്തിരിക്കുന്നു; ഹൃദയം തകർന്നവരുടെ മുറിവു കെട്ടാനും തടവുകാർക്കു സ്വാതന്ത്ര്യവും ബന്ധികൾക്കു കാരാഗൃഹമോചനവും പ്രഖ്യാപിക്കാനും; സർവേശ്വരന്റെ പ്രസാദവർഷവും ദൈവത്തിന്റെ പ്രതികാരദിനവും പ്രഖ്യാപിക്കാനും ദുഃഖിക്കുന്നവരെയെല്ലാം ആശ്വസിപ്പിക്കാനും സീയോനിലെ സങ്കടപ്പെടുന്നവർക്ക് ചാരത്തിനു പകരം പൂമാല നല്‌കാനും, സങ്കടത്തിനു പകരം ആനന്ദതൈലവും തളർന്നമനസ്സിനു പകരം സ്തുതിയുടെ മേലങ്കിയും നല്‌കാനും അവിടുന്ന് എന്നെ അയച്ചിരിക്കുന്നു; അവിടുന്ന് മഹത്ത്വപ്പെടേണ്ടതിന് സർവേശ്വരൻ നട്ടുവളർത്തിയ നീതിയുടെ ഓക്കുമരങ്ങൾ എന്നും അവർ വിളിക്കപ്പെടുന്നു. പുരാതന അവശിഷ്ടങ്ങൾ അവർ പുതുക്കിപ്പണിയും; പണ്ടു നശിച്ചുപോയവ അവർ പണിതുയർത്തും; തലമുറകളായി നശിപ്പിക്കപ്പെട്ട പട്ടണങ്ങളുടെ കേടുപാടുകൾ അവർ തീർക്കും. അന്യർ നിങ്ങളുടെ ആട്ടിൻപറ്റത്തെ മേയിക്കാൻ നില്‌ക്കും, പരദേശികൾ നിങ്ങളുടെ ഉഴവുകാരും മുന്തിരിത്തോട്ടക്കാരും ആകും; എന്നാൽ നിങ്ങൾ സർവേശ്വരന്റെ പുരോഹിതർ എന്നു വിളിക്കപ്പെടും, ദൈവത്തിന്റെ ശുശ്രൂഷകരെന്നു നിങ്ങളെക്കുറിച്ചു മനുഷ്യർ പറയും; ജനതകളുടെ സമ്പത്ത് നിങ്ങൾ ഭക്ഷിച്ച് അവരുടെ മഹത്ത്വത്തിന് അവകാശികളായിത്തീരും.

യെശയ്യാവ് 61:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എളിയവരോടു സദ്വർത്തമാനം ഘോഷിക്കുവാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കുകകൊണ്ടു യഹോവയായ കർത്താവിന്‍റെ ആത്മാവ് എന്‍റെ മേൽ ഇരിക്കുന്നു; ഹൃദയം തകർന്നവരെ മുറിവുകെട്ടുവാനും തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിക്കുവാനും യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിന്‍റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയെല്ലാം ആശ്വസിപ്പിക്കുവാനും സീയോനിലെ ദുഃഖിതന്മാർക്കു ചാരത്തിനു പകരം അലങ്കാരമാലയും ദുഃഖത്തിനു പകരം ആനന്ദതൈലവും വിഷാദമനസ്സിനു പകരം സ്തുതി എന്ന മേലാടയും കൊടുക്കുവാനും അവൻ എന്നെ അയച്ചിരിക്കുന്നു; അവൻ മഹത്ത്വീകരിക്കപ്പെടേണ്ടതിന് അവർക്ക് നീതിവൃക്ഷങ്ങൾ എന്നും യഹോവയുടെ നടുതല എന്നും പേരാകും. അവർ പുരാതനശൂന്യങ്ങളെ പണിയുകയും പൂർവ്വന്മാരുടെ നിർജ്ജനസ്ഥലങ്ങളെ നന്നാക്കുകയും തലമുറതലമുറയായി നിർജ്ജനമായിരുന്ന ശൂന്യനഗരങ്ങളെ കേടുപോക്കുകയും ചെയ്യും. അന്യജാതിക്കാർ നിന്നു നിങ്ങളുടെ ആട്ടിൻകൂട്ടങ്ങളെ മേയ്ക്കും; പരദേശക്കാർ നിങ്ങൾക്ക് ഉഴവുകാരും മുന്തിരിത്തോട്ടക്കാരും ആയിരിക്കും. നിങ്ങളോ യഹോവയുടെ പുരോഹിതന്മാർ എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്‍റെ ശുശ്രൂഷകന്മാർ എന്നും നിങ്ങൾക്ക് പേരാകും; നിങ്ങൾ ജനതകളുടെ സമ്പത്ത് അനുഭവിച്ചു, അവരുടെ മഹത്ത്വത്തിനു അവകാശികൾ ആയിത്തീരും.

യെശയ്യാവ് 61:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എളിയവരോടു സദ്വർത്തമാനം ഘോഷിപ്പാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കർത്താവിന്റെ ആത്മാവു എന്റെമേൽ ഇരിക്കുന്നു; ഹൃദയം തകർന്നവരെ മുറികെട്ടുവാനും തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിപ്പാനും യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും സീയോനിലെ ദുഃഖിതന്മാർക്കു വെണ്ണീറിന്നു പകരം അലങ്കാരമാലയും ദുഃഖത്തിന്നു പകരം ആനന്ദതൈലവും വിഷണ്ഡമനസ്സിന്നു പകരം സ്തുതി എന്ന മേലാടയും കൊടുപ്പാനും അവൻ എന്നെ അയച്ചിരിക്കുന്നു; അവൻ മഹത്വീകരിക്കപ്പെടേണ്ടതിന്നു അവർക്കു നീതിവൃക്ഷങ്ങൾ എന്നും യഹോവയുടെ നടുതല എന്നും പേരാകും. അവർ പുരാതനശൂന്യങ്ങളെ പണികയും പൂർവ്വന്മാരുടെ നിർജ്ജനസ്ഥലങ്ങളെ നന്നാക്കുകയും തലമുറതലമുറയായി നിർജ്ജനമായിരുന്ന ശൂന്യനഗരങ്ങളെ കേടു പോക്കുകയും ചെയ്യും. അന്യജാതിക്കാർ നിന്നു നിങ്ങളുടെ ആട്ടിൻ കൂട്ടങ്ങളെ മേയ്ക്കും; പരദേശക്കാർ നിങ്ങൾക്കു ഉഴുവുകാരും മുന്തിരിത്തോട്ടക്കാരും ആയിരിക്കും. നിങ്ങളോ യഹോവയുടെ പുരോഹിതന്മാർ എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകന്മാർ എന്നും നിങ്ങൾക്കു പേരാകും; നിങ്ങൾ ജാതികളുടെ സമ്പത്തു അനുഭവിച്ചു, അവരുടെ മഹത്വത്തിന്നു അവകാശികൾ ആയിത്തീരും.

യെശയ്യാവ് 61:1-6 സമകാലിക മലയാളവിവർത്തനം (MCV)

ദരിദ്രരോടു സുവിശേഷം അറിയിക്കാൻ യഹോവയായ കർത്താവ് എന്നെ അഭിഷേകം ചെയ്തിരിക്കുകയാൽ അവിടത്തെ ആത്മാവ് എന്റെമേലുണ്ട്. ഹൃദയം തകർന്നവരുടെ മുറിവു കെട്ടുന്നതിനും തടവുകാർക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനും ബന്ധിതരെ മോചിപ്പിക്കുന്നതിനും അവിടന്ന് എന്നെ അയച്ചിരിക്കുന്നു. യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസംഗിക്കാനും വിലപിക്കുന്നവരെയെല്ലാം ആശ്വസിപ്പിക്കാനും സീയോനിലെ ദുഃഖിതർക്കു— വെണ്ണീറിനു പകരം തലപ്പാവ് അലങ്കാരമായും വിലാപത്തിനു പകരം ആനന്ദതൈലവും വിഷാദഹൃദയത്തിനു പകരം സ്തുതിയെന്ന മേലങ്കിയും നൽകുവാനും, അവിടന്ന് എന്നെ അയച്ചിരിക്കുന്നു. അവിടത്തെ മഹത്ത്വം വെളിപ്പെടുത്തേണ്ടതിന് യഹോവ നട്ടുവളർത്തിയ നീതിയുടെ ഓക്കുമരങ്ങളാണ് അവർ എന്നു വിളിക്കപ്പെടും. അവർ പൗരാണിക ശൂന്യശിഷ്ടങ്ങളെ പുതുക്കിപ്പണിയും, പണ്ടു തകർക്കപ്പെട്ടതെല്ലാം കെട്ടിയുയർത്തും; ശൂന്യനഗരങ്ങളെ അവർ പുനരുദ്ധരിക്കും, തലമുറകളായി ശൂന്യമായിക്കിടക്കുന്നവയെത്തന്നെ. അപരിചിതർ നിങ്ങളുടെ ആട്ടിൻപറ്റങ്ങളെ മേയിക്കും; വിദേശികൾ നിങ്ങളുടെ നിലങ്ങളിലും മുന്തിരിത്തോപ്പുകളിലും പണിയെടുക്കും. എന്നാൽ നിങ്ങൾ യഹോവയുടെ പുരോഹിതന്മാരെന്നു വിളിക്കപ്പെടും, നിങ്ങൾക്കു നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകർ എന്ന പേരു നൽകപ്പെടും. നിങ്ങൾ ഇതര രാഷ്ട്രങ്ങളുടെ സമ്പത്ത് അനുഭവിക്കും, അവരുടെ ധനം നിങ്ങളുടെ പ്രശംസാവിഷയമായിത്തീരും.