യെശയ്യാവ് 6:1-7

യെശയ്യാവ് 6:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഉസ്സീയാരാജാവ് മരിച്ച ആണ്ടിൽ കർത്താവ്, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു. സാറാഫുകൾ അവനു ചുറ്റും നിന്നു; ഓരോരുത്തന് ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ട് അവർ മുഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു. ഒരുത്തനോട് ഒരുത്തൻ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവഭൂമിയും അവന്റെ മഹത്ത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്ന് ആർത്തു പറഞ്ഞു. അവർ ആർക്കുന്ന ശബ്ദത്താൽ ഉമ്മരപ്പടികളുടെ അടിസ്ഥാനങ്ങൾ കുലുങ്ങി ആലയം പുകകൊണ്ടു നിറഞ്ഞു. അപ്പോൾ ഞാൻ: എനിക്ക് അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു; എന്റെ കണ്ണ് സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നു പറഞ്ഞു. അപ്പോൾ സാറാഫുകളിൽ ഒരുത്തൻ യാഗപീഠത്തിൽനിന്നു കൊടിൽകൊണ്ട് ഒരു തീക്കനൽ എടുത്തു കൈയിൽ പിടിച്ചുകൊണ്ട് എന്റെ അടുക്കൽ പറന്നുവന്നു, അത് എന്റെ വായ്ക്കു തൊടുവിച്ചു: ഇതാ, ഇതു നിന്റെ അധരങ്ങളെ തൊട്ടതിനാൽ നിന്റെ അകൃത്യം നീങ്ങി നിന്റെ പാപത്തിനു പരിഹാരം വന്നിരിക്കുന്നു എന്നു പറഞ്ഞു.

യെശയ്യാവ് 6:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഉസ്സിയാരാജാവ് മരിച്ച വർഷം സർവേശ്വരൻ ഉന്നതവും മഹനീയവുമായ സിംഹാസനത്തിൽ ഇരുന്നരുളുന്നതു ഞാൻ കണ്ടു. അവിടുത്തെ വസ്ത്രത്തിന്റെ തൊങ്ങലുകൾകൊണ്ടു ദേവാലയം നിറഞ്ഞുനിന്നു. ആറു ചിറകുകൾ വീതമുള്ള സെറാഫുകൾ അവിടുത്തെ ചുറ്റും നിന്നു; അവ രണ്ടു ചിറകുകൊണ്ടു മുഖവും രണ്ടു ചിറകുകൊണ്ടു പാദങ്ങളും മൂടുകയും രണ്ടു ചിറകുകൊണ്ടു പറക്കുകയും ചെയ്തു. അവ പരസ്പരം വിളിച്ചു പറഞ്ഞു: “സർവശക്തനായ സർവേശ്വരൻ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; അവിടുത്തെ മഹത്ത്വം ഭൂമിയിലെങ്ങും നിറഞ്ഞിരിക്കുന്നു.” ആ ശബ്ദഘോഷത്താൽ പൂമുഖത്തിന്റെ അടിസ്ഥാനങ്ങൾ കുലുങ്ങി; ദേവാലയം പുകകൊണ്ടു നിറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു: “എനിക്ക് ദുരിതം! ഞാൻ നശിച്ചു. ഞാൻ അശുദ്ധമായ അധരങ്ങളുള്ളവൻ; അശുദ്ധമായ അധരങ്ങളോടുകൂടിയ മനുഷ്യരുടെ മധ്യത്തിൽ വസിക്കുന്നു. സർവശക്തിയുള്ള സർവേശ്വരനായ രാജാവിനെ ഞാൻ കണ്ടുവല്ലോ!” അപ്പോൾ യാഗപീഠത്തിൽനിന്ന് ഒരു തീക്കട്ട കൊടിൽകൊണ്ട് എടുത്ത് സെറാഫുകളിൽ ഒന്ന് എന്റെ അടുക്കലേക്കു പറന്നുവന്നു. തീക്കട്ട എന്റെ വായിൽ തൊടുവിച്ചുകൊണ്ടു സെറാഫു പറഞ്ഞു: “ഇതാ, ഇതു നിന്റെ അധരങ്ങളെ സ്പർശിച്ചിരിക്കുന്നതിനാൽ നിന്റെ അകൃത്യങ്ങൾ നീങ്ങി, നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു.”

യെശയ്യാവ് 6:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഉസ്സീയാരാജാവ് മരിച്ച വർഷം കർത്താവ്, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നത് ഞാൻ കണ്ടു; അവിടുത്തെ വസ്ത്രത്തിന്‍റെ തൊങ്ങലുകൾ മന്ദിരത്തെ നിറച്ചിരുന്നു. സാറാഫുകൾ അവിടുത്തെ ചുറ്റും നിന്നു; ഓരോരുത്തന് ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ട് അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു. ഒരുത്തനോട് ഒരുത്തൻ; “സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവിടുത്തെ മഹത്ത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു” എന്നു ആർത്തു പറഞ്ഞു. അവർ ആർക്കുന്ന ശബ്ദത്താൽ ഉമ്മരപ്പടികളുടെ അടിസ്ഥാനങ്ങൾ കുലുങ്ങി, ആലയം പുകകൊണ്ട് നിറഞ്ഞു. അപ്പോൾ ഞാൻ: “എനിക്ക് അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ഒരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്‍റെ നടുവിൽ വസിക്കുന്നു; എന്‍റെ കണ്ണ് സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ” എന്നു പറഞ്ഞു. അപ്പോൾ സാറാഫുകളിൽ ഒരുത്തൻ യാഗപീഠത്തിൽ നിന്ന് കൊടിൽകൊണ്ടു ഒരു തീക്കനൽ എടുത്തു കയ്യിൽ പിടിച്ചുകൊണ്ട് എന്‍റെ അടുക്കൽ പറന്നുവന്നു. അത് എന്‍റെ വായ്ക്കു തൊടുവിച്ചു: “ഇതാ, ഇതു നിന്‍റെ അധരങ്ങളെ തൊട്ടതിനാൽ നിന്‍റെ അകൃത്യം നീങ്ങി നിന്‍റെ പാപത്തിന് പരിഹാരം വന്നിരിക്കുന്നു” എന്നു പറഞ്ഞു.

യെശയ്യാവ് 6:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു. സാറാഫുകൾ അവന്നു ചുറ്റും നിന്നു; ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു. ഒരുത്തനോടു ഒരുത്തൻ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തുപറഞ്ഞു. അവർ ആർക്കുന്ന ശബ്ദത്താൽ ഉമ്മരപ്പടികളുടെ അടിസ്ഥാനങ്ങൾ കുലുങ്ങി, ആലയം പുകകൊണ്ടു നിറഞ്ഞു. അപ്പോൾ ഞാൻ: എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു; എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നു പറഞ്ഞു. അപ്പോൾ സാറാഫുകളിൽ ഒരുത്തൻ യാഗപീഠത്തിൽനിന്നു കൊടിൽകൊണ്ടു ഒരു തീക്കനൽ എടുത്തു കയ്യിൽ പിടിച്ചുകൊണ്ടു എന്റെ അടുക്കൽ പറന്നുവന്നു, അതു എന്റെ വായ്ക്കു തൊടുവിച്ചു: ഇതാ, ഇതു നിന്റെ അധരങ്ങളെ തൊട്ടതിനാൽ നിന്റെ അകൃത്യം നീങ്ങി നിന്റെ പാപത്തിന്നു പരിഹാരം വന്നിരിക്കുന്നു എന്നു പറഞ്ഞു.

യെശയ്യാവ് 6:1-7 സമകാലിക മലയാളവിവർത്തനം (MCV)

ഉസ്സീയാരാജാവ് മരിച്ച വർഷത്തിൽ ഉത്തുംഗവും ഉന്നതവുമായ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്ന കർത്താവിനെ ഞാൻ കണ്ടു; അവിടത്തെ അങ്കിയുടെ തൊങ്ങലുകൾ ആലയത്തെ നിറച്ചിരുന്നു. സാറാഫുകൾ അവിടത്തെ മുകളിലായി നിന്നിരുന്നു; ഓരോ സാറാഫിനും ആറു ചിറകുവീതം ഉണ്ടായിരുന്നു; രണ്ടുകൊണ്ട് അവർ മുഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു. അവർ പരസ്പരം ഇപ്രകാരം വിളിച്ചുപറയുന്നുണ്ടായിരുന്നു: “സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; ഭൂമി മുഴുവൻ അവിടത്തെ മഹത്ത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു.” അവർ ആർക്കുന്ന ശബ്ദത്താൽ ആലയത്തിന്റെ കട്ടിളക്കാലുകളും വാതിൽപ്പടികളും കുലുങ്ങി; ആലയം പുകകൊണ്ടു നിറഞ്ഞു. അപ്പോൾ ഞാൻ, “എനിക്ക് അയ്യോ കഷ്ടം! ഞാൻ നശിച്ചു! ഞാൻ അശുദ്ധ അധരങ്ങളുള്ള ഒരു മനുഷ്യൻ; അശുദ്ധമായ അധരങ്ങളുള്ള ജനത്തിന്റെ നടുവിൽ പാർക്കുകയും ചെയ്യുന്നു; എന്റെ കണ്ണ് സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടല്ലോ” എന്നു കരഞ്ഞു. അപ്പോൾ സാറാഫുകളിൽ ഒരാൾ കൈയിൽ ജ്വലിക്കുന്ന ഒരു തീക്കനലുമായി എന്റെ അടുക്കൽ പറന്നെത്തി. അത് അദ്ദേഹം കൊടിൽകൊണ്ട് യാഗപീഠത്തിൽനിന്ന് എടുത്തതായിരുന്നു. ആ കനൽകൊണ്ട് എന്റെ അധരം സ്പർശിച്ചുകൊണ്ട് ആ ദൂതൻ പറഞ്ഞു: “നോക്കൂ, ഇതു നിന്റെ അധരങ്ങളെ സ്പർശിച്ചതിനാൽ, നിന്റെ അകൃത്യം നീക്കപ്പെട്ടിരിക്കുന്നു, നിന്റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു.”