യെശയ്യാവ് 6:1-13

യെശയ്യാവ് 6:1-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഉസ്സീയാരാജാവ് മരിച്ച ആണ്ടിൽ കർത്താവ്, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു. സാറാഫുകൾ അവനു ചുറ്റും നിന്നു; ഓരോരുത്തന് ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ട് അവർ മുഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു. ഒരുത്തനോട് ഒരുത്തൻ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവഭൂമിയും അവന്റെ മഹത്ത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്ന് ആർത്തു പറഞ്ഞു. അവർ ആർക്കുന്ന ശബ്ദത്താൽ ഉമ്മരപ്പടികളുടെ അടിസ്ഥാനങ്ങൾ കുലുങ്ങി ആലയം പുകകൊണ്ടു നിറഞ്ഞു. അപ്പോൾ ഞാൻ: എനിക്ക് അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു; എന്റെ കണ്ണ് സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നു പറഞ്ഞു. അപ്പോൾ സാറാഫുകളിൽ ഒരുത്തൻ യാഗപീഠത്തിൽനിന്നു കൊടിൽകൊണ്ട് ഒരു തീക്കനൽ എടുത്തു കൈയിൽ പിടിച്ചുകൊണ്ട് എന്റെ അടുക്കൽ പറന്നുവന്നു, അത് എന്റെ വായ്ക്കു തൊടുവിച്ചു: ഇതാ, ഇതു നിന്റെ അധരങ്ങളെ തൊട്ടതിനാൽ നിന്റെ അകൃത്യം നീങ്ങി നിന്റെ പാപത്തിനു പരിഹാരം വന്നിരിക്കുന്നു എന്നു പറഞ്ഞു. അനന്തരം ഞാൻ ആരെ അയയ്ക്കേണ്ടൂ? ആർ നമുക്കുവേണ്ടി പോകും? എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം കേട്ടിട്ട്: അടിയൻ ഇതാ അടിയനെ അയയ്ക്കേണമേ എന്നു ഞാൻ പറഞ്ഞു. അപ്പോൾ അവൻ അരുളിച്ചെയ്തത്: നീ ചെന്ന്, ഈ ജനത്തോടു പറയേണ്ടത്: നിങ്ങൾ കേട്ടുകൊണ്ടിട്ടും തിരിച്ചറികയില്ല; നിങ്ങൾ കണ്ടുകൊണ്ടിട്ടും ഗ്രഹിക്കയുമില്ല. ഈ ജനം കണ്ണുകൊണ്ടു കാണുകയോ ചെവികൊണ്ടു കേൾക്കയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനസ്സു തിരിഞ്ഞു സൗഖ്യം പ്രാപിക്കയോ ചെയ്യാതെ ഇരിക്കേണ്ടതിനു നീ അവരുടെ ഹൃദയം തടിപ്പിക്കയും അവരുടെ ചെവി മന്ദമാക്കുകയും അവരുടെ കണ്ണ് അടച്ചുകളകയും ചെയ്ക. കർത്താവേ, എത്രത്തോളം? എന്നു ഞാൻ ചോദിച്ചതിന് അവൻ: പട്ടണങ്ങൾ നിവാസികളില്ലാതെയും വീടുകൾ ആളില്ലാതെയും ശൂന്യമായി ദേശം തീരെ പാഴായിപ്പോകയും യഹോവ മനുഷ്യരെ ദൂരത്ത് അകറ്റിയിട്ട് ദേശത്തിന്റെ നടുവിൽ വലിയൊരു നിർജനപ്രദേശം ഉണ്ടാകയും ചെയ്യുവോളം തന്നെ എന്ന് ഉത്തരം പറഞ്ഞു. അതിൽ ഒരു ദശാംശം എങ്കിലും ശേഷിച്ചാൽ അതു വീണ്ടും നാശത്തിന് ഇരയായിത്തീരും; എങ്കിലും കരിമരവും കരുവേലകവും വെട്ടിയിട്ടാൽ അവയുടെ കുറ്റി ശേഷിച്ചിരിക്കുന്നതുപോലെ വിശുദ്ധസന്തതി ഒരു കുറ്റിയായി ശേഷിക്കും.

യെശയ്യാവ് 6:1-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഉസ്സിയാരാജാവ് മരിച്ച വർഷം സർവേശ്വരൻ ഉന്നതവും മഹനീയവുമായ സിംഹാസനത്തിൽ ഇരുന്നരുളുന്നതു ഞാൻ കണ്ടു. അവിടുത്തെ വസ്ത്രത്തിന്റെ തൊങ്ങലുകൾകൊണ്ടു ദേവാലയം നിറഞ്ഞുനിന്നു. ആറു ചിറകുകൾ വീതമുള്ള സെറാഫുകൾ അവിടുത്തെ ചുറ്റും നിന്നു; അവ രണ്ടു ചിറകുകൊണ്ടു മുഖവും രണ്ടു ചിറകുകൊണ്ടു പാദങ്ങളും മൂടുകയും രണ്ടു ചിറകുകൊണ്ടു പറക്കുകയും ചെയ്തു. അവ പരസ്പരം വിളിച്ചു പറഞ്ഞു: “സർവശക്തനായ സർവേശ്വരൻ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; അവിടുത്തെ മഹത്ത്വം ഭൂമിയിലെങ്ങും നിറഞ്ഞിരിക്കുന്നു.” ആ ശബ്ദഘോഷത്താൽ പൂമുഖത്തിന്റെ അടിസ്ഥാനങ്ങൾ കുലുങ്ങി; ദേവാലയം പുകകൊണ്ടു നിറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു: “എനിക്ക് ദുരിതം! ഞാൻ നശിച്ചു. ഞാൻ അശുദ്ധമായ അധരങ്ങളുള്ളവൻ; അശുദ്ധമായ അധരങ്ങളോടുകൂടിയ മനുഷ്യരുടെ മധ്യത്തിൽ വസിക്കുന്നു. സർവശക്തിയുള്ള സർവേശ്വരനായ രാജാവിനെ ഞാൻ കണ്ടുവല്ലോ!” അപ്പോൾ യാഗപീഠത്തിൽനിന്ന് ഒരു തീക്കട്ട കൊടിൽകൊണ്ട് എടുത്ത് സെറാഫുകളിൽ ഒന്ന് എന്റെ അടുക്കലേക്കു പറന്നുവന്നു. തീക്കട്ട എന്റെ വായിൽ തൊടുവിച്ചുകൊണ്ടു സെറാഫു പറഞ്ഞു: “ഇതാ, ഇതു നിന്റെ അധരങ്ങളെ സ്പർശിച്ചിരിക്കുന്നതിനാൽ നിന്റെ അകൃത്യങ്ങൾ നീങ്ങി, നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു.” പിന്നീടു സർവേശ്വരൻ അരുളിച്ചെയ്യുന്നതു ഞാൻ കേട്ടു: “ഞാൻ ആരെ അയയ്‍ക്കും? ആർ നമുക്കുവേണ്ടി പോകും?” അപ്പോൾ ഞാൻ പറഞ്ഞു: “ഇതാ ഞാൻ, എന്നെ അയച്ചാലും.” അവിടുന്ന് എന്നോട് അരുളിച്ചെയ്തു: “നീ ചെന്ന് ഈ ജനത്തോടു പറയുക; നിങ്ങൾ എത്ര കേട്ടിട്ടും ഗ്രഹിക്കുന്നില്ല; എത്ര കണ്ടിട്ടും മനസ്സിലാക്കുന്നുമില്ല. ഈ ജനം കണ്ണുകൊണ്ടു കാണുകയോ ചെവികൊണ്ടു കേൾക്കുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കുകയോ മനം തിരിഞ്ഞു സൗഖ്യം പ്രാപിക്കുകയോ ചെയ്യാതിരിക്കത്തക്കവിധം അവരുടെ ഹൃദയം കഠിനമാക്കുകയും ചെവി മരവിപ്പിക്കുകയും കണ്ണു മൂടുകയും ചെയ്യുക.” “സർവേശ്വരാ, ഇത് എത്ര കാലത്തേക്ക്?” എന്നു ഞാൻ ചോദിച്ചു. അപ്പോൾ അവിടുന്ന് അരുളിച്ചെയ്തു: “നഗരങ്ങൾ ജനശൂന്യമാകയും വീടുകൾ ആൾപ്പാർപ്പില്ലാതെയും ദേശമാകെ ശൂന്യമായിത്തീരുകയും ചെയ്യുന്നതുവരെ, സർവേശ്വരൻ ജനത്തെ വിദൂരസ്ഥലങ്ങളിലേക്കു മാറ്റുകയും ദേശത്തു നിർജന പ്രദേശങ്ങൾ വളരെയധികമാവുകയും ചെയ്യുന്നതുവരെത്തന്നെ. പത്തിലൊന്നെങ്കിലും ശേഷിച്ചാൽ അതു വീണ്ടും അഗ്നിക്കിരയാകും. എങ്കിലും കത്തിക്കരിഞ്ഞ മരത്തിന്റെയോ വെട്ടിയിട്ട കരുവേലകത്തിന്റെയോ കുറ്റിപോലെ അത് അവശേഷിക്കും. ആ കുറ്റി വിശുദ്ധമായ ഒരു വിത്തായിരിക്കും.”

യെശയ്യാവ് 6:1-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഉസ്സീയാരാജാവ് മരിച്ച വർഷം കർത്താവ്, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നത് ഞാൻ കണ്ടു; അവിടുത്തെ വസ്ത്രത്തിന്‍റെ തൊങ്ങലുകൾ മന്ദിരത്തെ നിറച്ചിരുന്നു. സാറാഫുകൾ അവിടുത്തെ ചുറ്റും നിന്നു; ഓരോരുത്തന് ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ട് അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു. ഒരുത്തനോട് ഒരുത്തൻ; “സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവിടുത്തെ മഹത്ത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു” എന്നു ആർത്തു പറഞ്ഞു. അവർ ആർക്കുന്ന ശബ്ദത്താൽ ഉമ്മരപ്പടികളുടെ അടിസ്ഥാനങ്ങൾ കുലുങ്ങി, ആലയം പുകകൊണ്ട് നിറഞ്ഞു. അപ്പോൾ ഞാൻ: “എനിക്ക് അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ഒരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്‍റെ നടുവിൽ വസിക്കുന്നു; എന്‍റെ കണ്ണ് സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ” എന്നു പറഞ്ഞു. അപ്പോൾ സാറാഫുകളിൽ ഒരുത്തൻ യാഗപീഠത്തിൽ നിന്ന് കൊടിൽകൊണ്ടു ഒരു തീക്കനൽ എടുത്തു കയ്യിൽ പിടിച്ചുകൊണ്ട് എന്‍റെ അടുക്കൽ പറന്നുവന്നു. അത് എന്‍റെ വായ്ക്കു തൊടുവിച്ചു: “ഇതാ, ഇതു നിന്‍റെ അധരങ്ങളെ തൊട്ടതിനാൽ നിന്‍റെ അകൃത്യം നീങ്ങി നിന്‍റെ പാപത്തിന് പരിഹാരം വന്നിരിക്കുന്നു” എന്നു പറഞ്ഞു. അനന്തരം “ഞാൻ ആരെ അയയ്ക്കേണ്ടു? ആര്‍ നമുക്കുവേണ്ടി പോകും?” എന്നു ചോദിക്കുന്ന കർത്താവിന്‍റെ ശബ്ദം കേട്ടിട്ടു: “അടിയൻ ഇതാ അടിയനെ അയയ്ക്കേണമേ” എന്നു ഞാൻ പറഞ്ഞു. അപ്പോൾ അവൻ അരുളിച്ചെയ്തത്: “നീ ചെന്നു, ഈ ജനത്തോടു പറയേണ്ടത്: ‘നിങ്ങൾ കേട്ടിട്ടും കേട്ടിട്ടും തിരിച്ചറിയുകയില്ല; നിങ്ങൾ കണ്ടിട്ടും കണ്ടിട്ടും ഗ്രഹിക്കുകയുമില്ല.’ ഈ ജനം കണ്ണുകൊണ്ട് കാണുകയോ ചെവികൊണ്ട് കേൾക്കുകയോ ഹൃദയംകൊണ്ട് ഗ്രഹിക്കുകയോ മനസ്സു തിരിഞ്ഞു സൗഖ്യം പ്രാപിക്കുകയോ ചെയ്യാതെ ഇരിക്കേണ്ടതിന് അങ്ങ് അവരുടെ ഹൃദയം തടിപ്പിക്കുകയും അവരുടെ ചെവി മന്ദമാക്കുകയും അവരുടെ കണ്ണ് അടച്ചുകളയുകയും ചെയ്യുക.” “കർത്താവേ, എത്രത്തോളം?” എന്നു ഞാൻ ചോദിച്ചു അതിന് യഹോവ: “പട്ടണങ്ങൾ നിവാസികളില്ലാതെയും വീടുകൾ ആളില്ലാതെയും ശൂന്യമായി ദേശം തീരെ പാഴായിപ്പോവുകയും യഹോവ മനുഷ്യരെ ദൂരത്ത് അകറ്റിയിട്ട് ദേശത്തിന്‍റെ നടുവിൽ വലിയ ഒരു നിർജ്ജനപ്രദേശം ഉണ്ടാവുകയും ചെയ്യുവോളം തന്നെ” എന്നു ഉത്തരം പറഞ്ഞു. “അതിൽ പത്തിൽ ഒരംശം എങ്കിലും ശേഷിച്ചാൽ അത് വീണ്ടും നാശത്തിന് ഇരയായിത്തീരും; എങ്കിലും കരിമരവും കരുവേലകവും വെട്ടിയിട്ടാൽ അവയുടെ കുറ്റി ശേഷിച്ചിരിക്കുന്നതുപോലെ വിശുദ്ധസന്തതി ഒരു കുറ്റിയായി ശേഷിക്കും.”

യെശയ്യാവ് 6:1-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു. സാറാഫുകൾ അവന്നു ചുറ്റും നിന്നു; ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു. ഒരുത്തനോടു ഒരുത്തൻ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തുപറഞ്ഞു. അവർ ആർക്കുന്ന ശബ്ദത്താൽ ഉമ്മരപ്പടികളുടെ അടിസ്ഥാനങ്ങൾ കുലുങ്ങി, ആലയം പുകകൊണ്ടു നിറഞ്ഞു. അപ്പോൾ ഞാൻ: എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു; എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നു പറഞ്ഞു. അപ്പോൾ സാറാഫുകളിൽ ഒരുത്തൻ യാഗപീഠത്തിൽനിന്നു കൊടിൽകൊണ്ടു ഒരു തീക്കനൽ എടുത്തു കയ്യിൽ പിടിച്ചുകൊണ്ടു എന്റെ അടുക്കൽ പറന്നുവന്നു, അതു എന്റെ വായ്ക്കു തൊടുവിച്ചു: ഇതാ, ഇതു നിന്റെ അധരങ്ങളെ തൊട്ടതിനാൽ നിന്റെ അകൃത്യം നീങ്ങി നിന്റെ പാപത്തിന്നു പരിഹാരം വന്നിരിക്കുന്നു എന്നു പറഞ്ഞു. അനന്തരം ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും? എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം കേട്ടിട്ടു: അടിയൻ ഇതാ അടിയനെ അയക്കേണമേ എന്നു ഞാൻ പറഞ്ഞു. അപ്പോൾ അവൻ അരുളിച്ചെയ്തതു: നീ ചെന്നു, ഈ ജനത്തോടു പറയേണ്ടതു: നിങ്ങൾ കേട്ടുകൊണ്ടിട്ടും തിരിച്ചറികയില്ല; നിങ്ങൾ കണ്ടുകൊണ്ടിട്ടും ഗ്രഹിക്കയുമില്ല. ഈ ജനം കണ്ണുകൊണ്ടു കാണുകയോ ചെവികൊണ്ടു കേൾക്കയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനസ്സു തിരിഞ്ഞു സൗഖ്യം പ്രാപിക്കയോ ചെയ്യാതെ ഇരിക്കേണ്ടതിന്നു നീ അവരുടെ ഹൃദയം തടിപ്പിക്കയും അവരുടെ ചെവി മന്ദമാക്കുകയും അവരുടെ കണ്ണു അടെച്ചുകളകയും ചെയ്ക. കർത്താവേ, എത്രത്തോളം? എന്നു ഞാൻ ചോദിച്ചതിന്നു അവൻ: പട്ടണങ്ങൾ നിവാസികളില്ലാതെയും വീടുകൾ ആളില്ലാതെയും ശൂന്യമായി ദേശം തീരെ പാഴായിപ്പോകയും യഹോവ മനുഷ്യരെ ദൂരത്തു അകറ്റീട്ടു ദേശത്തിന്റെ നടുവിൽ വലിയോരു നിർജ്ജനപ്രദേശം ഉണ്ടാകയും ചെയ്യുവോളം തന്നേ എന്നു ഉത്തരം പറഞ്ഞു. അതിൽ ഒരു ദശാംശം എങ്കിലും ശേഷിച്ചാൽ അതു വീണ്ടും നാശത്തിന്നു ഇരയായ്തീരും; എങ്കിലും കരിമരവും കരുവേലവും വെട്ടിയിട്ടാൽ അവയുടെ കുറ്റി ശേഷിച്ചിരിക്കുന്നതുപോലെ വിശുദ്ധസന്തതി ഒരു കുറ്റിയായി ശേഷിക്കും.

യെശയ്യാവ് 6:1-13 സമകാലിക മലയാളവിവർത്തനം (MCV)

ഉസ്സീയാരാജാവ് മരിച്ച വർഷത്തിൽ ഉത്തുംഗവും ഉന്നതവുമായ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്ന കർത്താവിനെ ഞാൻ കണ്ടു; അവിടത്തെ അങ്കിയുടെ തൊങ്ങലുകൾ ആലയത്തെ നിറച്ചിരുന്നു. സാറാഫുകൾ അവിടത്തെ മുകളിലായി നിന്നിരുന്നു; ഓരോ സാറാഫിനും ആറു ചിറകുവീതം ഉണ്ടായിരുന്നു; രണ്ടുകൊണ്ട് അവർ മുഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു. അവർ പരസ്പരം ഇപ്രകാരം വിളിച്ചുപറയുന്നുണ്ടായിരുന്നു: “സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; ഭൂമി മുഴുവൻ അവിടത്തെ മഹത്ത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു.” അവർ ആർക്കുന്ന ശബ്ദത്താൽ ആലയത്തിന്റെ കട്ടിളക്കാലുകളും വാതിൽപ്പടികളും കുലുങ്ങി; ആലയം പുകകൊണ്ടു നിറഞ്ഞു. അപ്പോൾ ഞാൻ, “എനിക്ക് അയ്യോ കഷ്ടം! ഞാൻ നശിച്ചു! ഞാൻ അശുദ്ധ അധരങ്ങളുള്ള ഒരു മനുഷ്യൻ; അശുദ്ധമായ അധരങ്ങളുള്ള ജനത്തിന്റെ നടുവിൽ പാർക്കുകയും ചെയ്യുന്നു; എന്റെ കണ്ണ് സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടല്ലോ” എന്നു കരഞ്ഞു. അപ്പോൾ സാറാഫുകളിൽ ഒരാൾ കൈയിൽ ജ്വലിക്കുന്ന ഒരു തീക്കനലുമായി എന്റെ അടുക്കൽ പറന്നെത്തി. അത് അദ്ദേഹം കൊടിൽകൊണ്ട് യാഗപീഠത്തിൽനിന്ന് എടുത്തതായിരുന്നു. ആ കനൽകൊണ്ട് എന്റെ അധരം സ്പർശിച്ചുകൊണ്ട് ആ ദൂതൻ പറഞ്ഞു: “നോക്കൂ, ഇതു നിന്റെ അധരങ്ങളെ സ്പർശിച്ചതിനാൽ, നിന്റെ അകൃത്യം നീക്കപ്പെട്ടിരിക്കുന്നു, നിന്റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു.” അതിനുശേഷം, “ഞാൻ ആരെ അയയ്ക്കേണ്ടൂ? ആർ നമുക്കുവേണ്ടി പോകും?” എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം ഞാൻ കേട്ടു. “അടിയൻ ഇതാ! അടിയനെ അയയ്ക്കണമേ,” എന്നു ഞാൻ പറഞ്ഞു. അവിടന്ന് എന്നോട്: “നീ പോയി ഈ ജനത്തോടു പറയുക: “ ‘നിങ്ങൾ എപ്പോഴും കേട്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും ഗ്രഹിക്കുകയില്ല; നിങ്ങൾ എപ്പോഴും കണ്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും ഗ്രഹിക്കുകയില്ല.’ ഈ ജനത്തിന്റെ ഹൃദയം കഠിനമാക്കുക അവരുടെ കാതുകൾ മന്ദമാക്കുക അവരുടെ കണ്ണുകൾ അന്ധമാക്കുക. അല്ലാത്തപക്ഷം അവർ തങ്ങളുടെ കണ്ണുകളാൽ കാണുകയും തങ്ങളുടെ കാതുകളാൽ കേൾക്കുകയും അവർ തങ്ങളുടെ ഹൃദയങ്ങളാൽ ഗ്രഹിക്കുകയും ചെയ്തിട്ട്, മനസ്സുതിരിഞ്ഞു സൗഖ്യം പ്രാപിക്കുകയും ചെയ്യുമല്ലോ,” എന്നു പറഞ്ഞു. “കർത്താവേ, എപ്പോൾവരെ?” എന്നു ഞാൻ ചോദിച്ചു. അവിടന്ന് ഉത്തരം പറഞ്ഞു: “പട്ടണങ്ങൾ ശൂന്യമാകുന്നതുവരെ, നിവാസികൾ ഇല്ലാതാകുന്നതുവരെ, വീടുകൾ ആളില്ലാതാകുന്നതുവരെ, ദേശം പാഴും ശൂന്യവും ആകുന്നതുവരെത്തന്നെ, യഹോവ എല്ലാവരെയും വിദൂരത്ത് അയയ്ക്കുന്നതുവരെ, ദേശംമുഴുവനും തീർത്തും നിർജനസ്ഥലം ആയിത്തീരുന്നതുവരെത്തന്നെ. അതിൽ ഒരു ദശാംശമെങ്കിലും ശേഷിച്ചാൽ, അതു പിന്നെയും ദഹിപ്പിക്കപ്പെടും. കരിമരവും കരുവേലകവും വെട്ടിയിട്ടശേഷം കുറ്റി ശേഷിക്കുന്നതുപോലെ വിശുദ്ധസന്തതി ഒരു കുറ്റിയായി ശേഷിക്കും.”