യെശയ്യാവ് 58:1-3

യെശയ്യാവ് 58:1-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഉറക്കെ വിളിക്ക; അടങ്ങിയിരിക്കരുത്; കാഹളംപോലെ നിന്റെ ശബ്ദം ഉയർത്തി, എന്റെ ജനത്തിന് അവരുടെ ലംഘനത്തെയും യാക്കോബ്ഗൃഹത്തിന് അവരുടെ പാപങ്ങളെയും അറിയിക്ക. എങ്കിലും അവർ എന്നെ ദിനമ്പ്രതി അന്വേഷിച്ച് എന്റെ വഴികളെ അറിവാൻ ഇച്ഛിക്കുന്നു; നീതി പ്രവർത്തിക്കയും തങ്ങളുടെ ദൈവത്തിന്റെ ന്യായം ഉപേക്ഷിക്കാതെയിരിക്കയും ചെയ്തോരു ജാതിയെപ്പോലെ അവർ നീതിയുള്ള വെപ്പുകളെ എന്നോടു ചോദിച്ചു ദൈവത്തോട് അടുപ്പാൻ വാഞ്ഛിക്കുന്നു. ഞങ്ങൾ നോമ്പു നോല്ക്കുന്നതു നീ നോക്കാതെയിരിക്കുന്നതെന്ത്? ഞങ്ങൾ ആത്മതപനം ചെയ്യുന്നതു നീ അറിയാതിരിക്കുന്നതെന്ത്? ഇതാ, നിങ്ങൾ നോമ്പു നോല്ക്കുന്ന ദിവസത്തിൽ തന്നെ നിങ്ങളുടെ കാര്യാദികളെ നോക്കുകയും നിങ്ങളുടെ എല്ലാ വേലക്കാരെയുംകൊണ്ടു അധ്വാനിപ്പിക്കയും ചെയ്യുന്നു.

യെശയ്യാവ് 58:1-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഉറക്കെവിളിക്കൂ, അടങ്ങിയിരിക്കരുത്. കാഹളധ്വനിപോലെ നിന്റെ സ്വരം ഉയർത്തുക. എന്റെ ജനത്തോട് അവരുടെ അതിക്രമങ്ങൾ, യാക്കോബിന്റെ ഗൃഹത്തോട്, അവരുടെ പാപങ്ങൾ പ്രഖ്യാപിക്കുക. നീതി പാലിക്കുകയും തങ്ങളുടെ ദൈവത്തിന്റെ അനുശാസനങ്ങൾ നിരസിക്കാതിരിക്കുകയും ചെയ്യുന്ന ജനതയെപ്പോലെ അവർ നിത്യേന എന്നെ അന്വേഷിക്കുകയും എന്റെ മാർഗം തേടുന്നതിൽ സന്തോഷിക്കുകയും ചെയ്യുന്നു. അവർ എന്നോടു നീതിപൂർവമായ വിധികൾ ആവശ്യപ്പെടുന്നു. അവർ ദൈവത്തെ സമീപിക്കാൻ ഔത്സുക്യം കാട്ടുന്നു. അങ്ങു ശ്രദ്ധിക്കുന്നില്ലെങ്കിൽ ഞങ്ങൾ എന്തിനുപവസിക്കണം? അങ്ങ് അറിയുന്നില്ലെങ്കിൽ എന്തിനു ഞങ്ങളെത്തന്നെ എളിമപ്പെടുത്തണം. ഉപവാസനാളുകളിൽ നിങ്ങൾ സ്വന്തം ഉല്ലാസങ്ങൾ തേടുന്നു. വേലക്കാരെ പീഡിപ്പിക്കുകയും ചെയ്യുന്നു.

യെശയ്യാവ് 58:1-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഉറക്കെ വിളിക്കുക; അടങ്ങിയിരിക്കരുത്; കാഹളംപോലെ നിന്‍റെ ശബ്ദം ഉയർത്തി, എന്‍റെ ജനത്തിന് അവരുടെ ലംഘനത്തെയും യാക്കോബ് ഗൃഹത്തിന് അവരുടെ പാപങ്ങളെയും അറിയിക്കുക. എങ്കിലും അവർ എന്നെ ദിനംപ്രതി അന്വേഷിച്ച് എന്‍റെ വഴികളെ അറിയുവാൻ ഇച്ഛിക്കുന്നു; നീതി പ്രവർത്തിക്കുകയും അവരുടെ ദൈവത്തിന്‍റെ ന്യായം ഉപേക്ഷിക്കാതെയിരിക്കുകയും ചെയ്ത ഒരു ജനതയെപ്പോലെ അവർ നീതിയുള്ള വിധികളെ എന്നോട് ചോദിച്ചു ദൈവത്തോടു അടുക്കുവാൻ വാഞ്ഛിക്കുന്നു. “ഞങ്ങൾ നോമ്പു നോല്‍ക്കുന്നതു നീ നോക്കാതെയിരിക്കുന്നതെന്ത്? ഞങ്ങൾ ആത്മതപനം ചെയ്യുന്നതു നീ അറിയാതിരിക്കുന്നതെന്ത്?” “ഇതാ, നിങ്ങൾ നോമ്പു നോല്‍ക്കുന്ന ദിവസത്തിൽ തന്നെ നിങ്ങളുടെ കാര്യാദികളെ നോക്കുകയും നിങ്ങളുടെ എല്ലാ വേലക്കാരെയുംകൊണ്ട് അദ്ധ്വാനിപ്പിക്കുകയും ചെയ്യുന്നു.

യെശയ്യാവ് 58:1-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഉറക്കെ വിളിക്ക; അടങ്ങിയിരിക്കരുതു; കാഹളംപോലെ നിന്റെ ശബ്ദം ഉയർത്തി, എന്റെ ജനത്തിന്നു അവരുടെ ലംഘനത്തെയും യാക്കോബ് ഗൃഹത്തിന്നു അവരുടെ പാപങ്ങളെയും അറിയിക്ക. എങ്കിലും അവർ എന്നെ ദിനമ്പ്രതി അന്വേഷിച്ചു എന്റെ വഴികളെ അറിവാൻ ഇച്ഛിക്കുന്നു; നീതി പ്രവർത്തിക്കയും തങ്ങളുടെ ദൈവത്തിന്റെ ന്യായം ഉപേക്ഷിക്കാതെയിരിക്കയും ചെയ്തോരു ജാതിയെപ്പോലെ അവർ നീതിയുള്ള വെപ്പുകളെ എന്നോടു ചോദിച്ചു ദൈവത്തോടു അടുപ്പാൻ വാഞ്ഛിക്കുന്നു. ഞങ്ങൾ നോമ്പു നോല്ക്കുന്നതു നീ നോക്കാതെയിരിക്കുന്നതെന്തു? ഞങ്ങൾ ആത്മതപനം ചെയ്യുന്നതു നീ അറിയാതിരിക്കുന്നതെന്തു? ഇതാ, നിങ്ങൾ നോമ്പു നോക്കുന്ന ദിവസത്തിൽ തന്നേ നിങ്ങളുടെ കാര്യാദികളെ നോക്കുകയും നിങ്ങളുടെ എല്ലാവേലക്കാരെയുംകൊണ്ടു അദ്ധ്വാനിപ്പിക്കയും ചെയ്യുന്നു.

യെശയ്യാവ് 58:1-3 സമകാലിക മലയാളവിവർത്തനം (MCV)

“ഉച്ചത്തിൽ വിളിക്കുക, അടങ്ങിയിരിക്കരുത്. കാഹളംപോലെ നിന്റെ ശബ്ദം ഉയർത്തുക. എന്റെ ജനത്തോട് അവരുടെ അതിക്രമങ്ങളും യാക്കോബുഗൃഹത്തിന് അവരുടെ പാപങ്ങളും വിളിച്ചുപറയുക. അവർ ദിനംപ്രതി എന്നെ അന്വേഷിക്കുകയും; എന്റെ വഴികൾ അറിയുന്നതിന് ആകാംക്ഷയുള്ളവരായിരിക്കുകയും നീതിമാത്രം പ്രവർത്തിക്കുകയും തങ്ങളുടെ ദൈവത്തിന്റെ കൽപ്പനകൾ ഒരിക്കലും ഉപേക്ഷിക്കാതിരിക്കുകയും ചെയ്ത ഒരു രാഷ്ട്രത്തെപ്പോലെ പ്രവർത്തിക്കുകയും ചെയ്യും. അവർ ന്യായപൂർവമായ തീരുമാനങ്ങൾ എന്നോടു ചോദിക്കുകയും ദൈവത്തോട് അടുത്തുവരുന്നതിൽ ഉത്സുകരാകുകയും ചെയ്യുന്നു. ‘ഞങ്ങൾ ഉപവസിച്ചിട്ട്, അങ്ങു കാണാതിരിക്കുന്നതെന്ത്?’ അവർ ചോദിക്കുന്നു, ‘ഞങ്ങൾ ആത്മതപനം ചെയ്തിട്ട് അങ്ങ് അറിയാത്തതെന്ത്?’