യെശയ്യാവ് 55:6-11
യെശയ്യാവ് 55:6-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയെ കണ്ടെത്താകുന്ന സമയത്ത് അവനെ അന്വേഷിപ്പിൻ; അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിപ്പിൻ. ദുഷ്ടൻ തന്റെ വഴിയെയും നീതികെട്ടവൻ തന്റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; അവൻ അവനോടു കരുണ കാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവൻ ധാരാളം ക്ഷമിക്കും. എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു. ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു. മഴയും ഹിമവും ആകാശത്തുനിന്നു പെയ്യുകയും അവിടേക്കു മടങ്ങാതെ വിതപ്പാൻ വിത്തും തിന്മാൻ ആഹാരവും നല്കത്തക്കവണ്ണം ഭൂമിയെ നനച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്ക് ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.
യെശയ്യാവ് 55:6-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കണ്ടെത്താവുന്ന സമയത്തു സർവേശ്വരനെ അന്വേഷിക്കുവിൻ. സമീപത്തുള്ളപ്പോൾ അവിടുത്തെ വിളിക്കുവിൻ. ദുഷ്ടൻ തന്റെ വഴിയും നീതികെട്ടവൻ തന്റെ ആലോചനകളും ഉപേക്ഷിക്കട്ടെ. കരുണ ലഭിക്കാൻ അവിടുത്തെ അടുക്കലേക്ക് അവൻ മടങ്ങിവരട്ടെ. അവിടുന്ന് ഉദാരമായി ക്ഷമിക്കുമല്ലോ. എന്റെ വിചാരങ്ങൾ നിങ്ങളുടേതുപോലെയല്ല. നിങ്ങളുടെ വഴികൾ എൻറേതുപോലെയുമല്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. ആകാശം ഭൂമിയെക്കാൾ ഉയർന്നിരിക്കുന്നതുപോലെ എന്റെ ചിന്തകളും വഴികളും നിങ്ങളുടേതിനെക്കാൾ ഉന്നതമായിരിക്കുന്നു. ആകാശത്തുനിന്ന് മഴയും മഞ്ഞും പെയ്യുന്നു. അവ തിരിച്ചുപോകാതെ ഭൂമിയെ നനയ്‍ക്കുകയും സസ്യജാലങ്ങളെ മുളപ്പിക്കുകയും ചെയ്യുന്നു. അവ വിതയ്‍ക്കാൻ വിത്തും ഭക്ഷിക്കാൻ ആഹാരവും നല്‌കുന്നു. എന്റെ നാവിൽനിന്നു പുറപ്പെടുന്ന വചനവും അതുപോലെയാണ്. അതു നിഷ്ഫലമായി മടങ്ങി വരികയില്ല. അത് എന്റെ ലക്ഷ്യം നിറവേറ്റും. ഞാൻ ഏല്പിക്കുന്ന കാര്യം വിജയകരമായി നിവർത്തിക്കും.
യെശയ്യാവ് 55:6-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവയെ കണ്ടെത്താകുന്ന സമയത്ത് അവിടുത്തെ അന്വേഷിക്കുവിൻ; അവിടുന്ന് അടുത്തിരിക്കുമ്പോൾ അവിടുത്തെ വിളിച്ചപേക്ഷിക്കുവിൻ. ദുഷ്ടൻ തന്റെ വഴിയും നീതികെട്ടവൻ തന്‍റെ വിചാരങ്ങളും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; അവിടുന്ന് അവനോട് കരുണ കാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്ക് തിരിയട്ടെ; അവിടുന്ന് ധാരാളം ക്ഷമിക്കും. “എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല” എന്നു യഹോവ അരുളിച്ചെയ്യുന്നു. “ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു. മഴയും മഞ്ഞും ആകാശത്തുനിന്നു പെയ്യുകയും അവിടേക്കു മടങ്ങാതെ വിതയ്ക്കുവാൻ വിത്തും തിന്നുവാൻ ആഹാരവും നല്കത്തക്കവിധം ഭൂമിയെ നനച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അത് വെറുതെ എന്‍റെ അടുക്കലേക്ക് മടങ്ങിവരാതെ എനിക്ക് ഇഷ്ടമുള്ളതു നിവർത്തിക്കുകയും ഞാൻ അയച്ച കാര്യം സാധിപ്പിക്കുകയും ചെയ്യും.
യെശയ്യാവ് 55:6-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവയെ കണ്ടെത്താകുന്ന സമയത്തു അവനെ അന്വേഷിപ്പിൻ; അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിപ്പിൻ. ദുഷ്ടൻ തന്റെ വഴിയെയും നീതികെട്ടവൻ തന്റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; അവൻ അവനോടു കരുണകാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവൻ ധാരാളം ക്ഷമിക്കും. എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു. ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു. മഴയും ഹിമവും ആകാശത്തുനിന്നു പെയ്യുകയും അവിടേക്കു മടങ്ങാതെ വിതെപ്പാൻ വിത്തും തിന്മാൻ ആഹാരവും നല്കത്തക്കവണ്ണം ഭൂമിയെ നനെച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.
യെശയ്യാവ് 55:6-11 സമകാലിക മലയാളവിവർത്തനം (MCV)
യഹോവയെ കണ്ടെത്താവുന്ന സമയത്ത് അവിടത്തെ അന്വേഷിക്കുക; അവിടന്നു സമീപസ്ഥനായിരിക്കുമ്പോൾ അവിടത്തെ വിളിച്ചപേക്ഷിക്കുക. ദുഷ്ടർ തങ്ങളുടെ വഴിയെയും നീതികെട്ടവർ തങ്ങളുടെ നിരൂപണങ്ങളെയും ഉപേക്ഷിക്കട്ടെ. അവർ യഹോവയിലേക്കു മടങ്ങിവരട്ടെ. അവിടന്ന് അവരോട് കരുണകാണിക്കും, നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവിടന്നു സമൃദ്ധമായി ക്ഷമിക്കും. “കാരണം എന്റെ ചിന്തകൾ നിങ്ങളുടെ ചിന്തകളല്ല, നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ആകാശം ഭൂമിയെക്കാൾ ഉന്നതമായിരിക്കുന്നതുപോലെ, എന്റെ വഴികൾ നിങ്ങളുടെ വഴികളെക്കാളും എന്റെ ചിന്തകൾ നിങ്ങളുടെ ചിന്തകളെക്കാളും ഉന്നതമാണ്. ആകാശത്തുനിന്നു പൊഴിയുന്ന മഴയും മഞ്ഞും ഭൂമി നനച്ച് അതിൽ വിത്തുകൾ മുളച്ച് വളർന്ന്, വിതയ്ക്കുന്നയാൾക്കു വിത്തും ഭക്ഷിക്കുന്നവർക്ക് ആഹാരവും നൽകാതെ മടങ്ങിപ്പോകാതിരിക്കുന്നതുപോലെയാണ്, എന്റെ വായിൽനിന്ന് പുറപ്പെടുന്ന എന്റെ വചനവും: എന്റെ ഹിതം നിറവേറ്റി ഏതിനുവേണ്ടി ഞാൻ അതിനെ അയച്ചുവോ ആ കാര്യം സാധിക്കാതെ അത് എന്റെ അടുക്കലേക്കു വൃഥാ മടങ്ങിവരികയില്ല.