യെശയ്യാവ് 54:1-17 - Compare All Versions
യെശയ്യാവ് 54:1-17 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
പ്രസവിക്കാത്ത മച്ചിയേ, ഘോഷിക്ക; നോവുകിട്ടിയിട്ടില്ലാത്തവളേ, പൊട്ടിയാർത്തു ഘോഷിക്ക; ഏകാകിനിയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികം എന്നു യഹോവ അരുളിച്ചെയ്യുന്നു. നിന്റെ കൂടാരത്തിന്റെ സ്ഥലത്തെ വിശാലമാക്കുക; നിന്റെ നിവാസങ്ങളുടെ തിരശ്ശീലകളെ അവർ നിവിർക്കട്ടെ; തടുത്തുകളയരുത്; നിന്റെ കയറുകളെ നീട്ടുക; നിന്റെ കുറ്റികളെ ഉറപ്പിക്ക. നീ ഇടത്തോട്ടും വലത്തോട്ടും പരക്കും; നിന്റെ സന്തതി ജാതികളുടെ ദേശം കൈവശമാക്കുകയും ശൂന്യനഗരങ്ങളിൽ നിവാസികളെ പാർപ്പിക്കയും ചെയ്യും. ഭയപ്പെടേണ്ടാ, നീ ലജ്ജിച്ചുപോകയില്ല; ഭ്രമിക്കേണ്ടാ, നീ നാണിച്ചുപോകയില്ല; നിന്റെ യൗവനത്തിലെ ലജ്ജ നീ മറക്കും; നിന്റെ വൈധവ്യത്തിലെ നിന്ദ ഇനി ഓർക്കയുമില്ല. നിന്റെ സ്രഷ്ടാവാകുന്നു നിന്റെ ഭർത്താവ്; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം; യിസ്രായേലിന്റെ പരിശുദ്ധനാകുന്നു നിന്റെ വീണ്ടെടുപ്പുകാരൻ; സർവഭൂമിയുടെയും ദൈവം എന്ന് അവൻ വിളിക്കപ്പെടുന്നു. ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തിൽ ഇരിക്കുന്ന സ്ത്രീയെ എന്നപോലെ യഹോവ നിന്നെ വിളിച്ചിരിക്കുന്നു; യൗവനത്തിൽ വിവാഹം ചെയ്തിട്ടു തള്ളിക്കളഞ്ഞ ഭാര്യയെ എന്നപോലെ തന്നെ എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു. അല്പനേരത്തേക്കുമാത്രം ഞാൻ നിന്നെ ഉപേക്ഷിച്ചു; എങ്കിലും മഹാകരുണയോടെ ഞാൻ നിന്നെ ചേർത്തുകൊള്ളും. ക്രോധാധിക്യത്തിൽ ഞാൻ ക്ഷണനേരത്തേക്ക് എന്റെ മുഖം നിനക്കു മറച്ചു; എങ്കിലും നിത്യദയയോടെ ഞാൻ നിന്നോടു കരുണ കാണിക്കും എന്നു നിന്റെ വീണ്ടെടുപ്പുകാരനായ യഹോവ അരുളിച്ചെയ്യുന്നു. ഇത് എനിക്കു നോഹയുടെ വെള്ളങ്ങൾ പോലെയാകുന്നു; നോഹയുടെ വെള്ളങ്ങൾ ഇനി ഭൂമിയെ മുക്കിക്കളകയില്ല എന്നു ഞാൻ സത്യം ചെയ്തതുപോലെ ഞാൻ നിന്നോടു കോപിക്കയോ നിന്നെ ഭർത്സിക്കയോ ഇല്ല എന്നു ഞാൻ സത്യം ചെയ്തിരിക്കുന്നു. പർവതങ്ങൾ മാറിപ്പോകും, കുന്നുകൾ നീങ്ങിപ്പോകും; എങ്കിലും എന്റെ ദയ നിന്നെ വിട്ടുമാറുകയില്ല; എന്റെ സമാധാനനിയമം നീങ്ങിപ്പോകയുമില്ല എന്നു നിന്നോടു കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു. അരിഷ്ടയും കൊടുങ്കാറ്റിനാൽ അടിക്കപ്പെട്ട് ആശ്വാസമറ്റവളും ആയുള്ളോവേ, ഞാൻ നിന്റെ കല്ല് അഞ്ജനത്തിൽ പതിക്കയും നീലക്കല്ലുകൊണ്ടു നിന്റെ അടിസ്ഥാനം ഇടുകയും ചെയ്യും. ഞാൻ നിന്റെ താഴികക്കുടങ്ങളെ പത്മരാഗംകൊണ്ടും നിന്റെ ഗോപുരങ്ങളെ പുഷ്പരാഗംകൊണ്ടും നിന്റെ അറ്റങ്ങളെയൊക്കെയും മനോഹരമായ കല്ലുകൊണ്ടും ഉണ്ടാക്കും. നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും. നീതിയാൽ നീ സ്ഥിരമായി നില്ക്കും; നീ പീഡനത്തോട് അകന്നിരിക്കും; നിനക്കു ഭയപ്പെടുവാനില്ലല്ലോ; ഭീഷണിയോടു നീ അകന്നിരിക്കും; അതു നിന്നോട് അടുത്തുവരികയില്ല. ഒരുത്തൻ നിന്നോടു കലശൽ കൂടുന്നു എങ്കിൽ അതു എന്റെ ഹിതപ്രകാരമല്ല; ആരെങ്കിലും നിന്നോടു കലശൽ കൂടിയാൽ അവൻ നിന്റെ നിമിത്തം വീഴും. തീക്കനൽ ഊതി പണിചെയ്ത് ഓരോ ആയുധം തീർക്കുന്ന കൊല്ലനെ ഞാൻ സൃഷ്ടിച്ചിരിക്കുന്നു; നശിപ്പിപ്പാൻ സംഹാരകനെയും ഞാൻ സൃഷ്ടിച്ചിരിക്കുന്നു. നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; ന്യായവിസ്താരത്തിൽ നിനക്കു വിരോധമായി എഴുന്നേല്ക്കുന്ന എല്ലാ നാവിനെയും നീ കുറ്റം വിധിക്കും; യഹോവയുടെ ദാസന്മാരുടെ അവകാശവും എന്റെ പക്കൽനിന്നുള്ള അവരുടെ നീതിയും ഇതുതന്നെ ആകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.
യെശയ്യാവ് 54:1-17 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
പ്രസവിക്കാത്ത വന്ധ്യേ, പാടുക. പ്രസവവേദന അനുഭവിക്കാത്തവളേ, ആർത്തുല്ലസിച്ചു പാടുക. ഭർത്താവ് ഉപേക്ഷിച്ചവളുടെ മക്കൾ ഭർത്തൃമതിയുടെ മക്കളെക്കാൾ അധികമായിരിക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. നിന്റെ കൂടാരം വിസ്തൃതമാക്കുക. പാർപ്പിടങ്ങളുടെ തിരശ്ശീലകൾ നിവർത്തി നീട്ടുക. കൂടാരത്തിന്റെ കയറുകൾ എത്രയും നീട്ടി കുറ്റികൾ ബലപ്പെടുത്തുക. നീ ഇടത്തോട്ടും വലത്തോട്ടും അതിദൂരം വ്യാപിക്കും. നിന്റെ സന്താനപരമ്പര ജനതകളെ കീഴടക്കി, ശൂന്യനഗരങ്ങൾ ജനനിബിഡമാക്കും. ഭയപ്പെടേണ്ടാ, നീ ലജ്ജിതയാവുകയില്ല. പരിഭ്രമിക്കേണ്ടാ, നീ അപമാനിതയാവുകയില്ല. നിന്റെ യൗവനത്തിലെ അപമാനം നീ വിസ്മരിക്കും. വൈധവ്യത്തിന്റെ അപകീർത്തി നീ ഓർക്കുകയില്ല. കാരണം, നിന്റെ സ്രഷ്ടാവാണു നിന്റെ ഭർത്താവ്. സർവശക്തനായ സർവേശ്വരൻ എന്നാണ് അവിടുത്തെ നാമം. നിന്റെ വിമോചകനായ അവിടുന്ന് ഇസ്രായേലിന്റെ പരിശുദ്ധനാണ്. സർവഭൂമിയുടെയും ദൈവം എന്ന് അവിടുന്ന് അറിയപ്പെടുന്നു. യൗവനത്തിൽതന്നെ ഉപേക്ഷിക്കപ്പെട്ട ഭാര്യയെപ്പോലെ ദുഃഖിതയും പരിത്യക്തയുമായ നിന്നെ സർവേശ്വരൻ തിരിച്ചുവിളിക്കുന്നു എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു. അല്പസമയത്തേക്കു ഞാൻ നിന്നെ ഉപേക്ഷിച്ചു; എന്നാൽ അനുകമ്പാതിരേകത്തോടെ ഞാൻ നിന്നെ തിരിച്ചെടുക്കും. കോപാധിക്യംകൊണ്ട് അല്പസമയത്തേക്ക് എന്റെ മുഖം നിന്നിൽനിന്നു മറച്ചു. എന്നാൽ ശാശ്വതമായ സ്നേഹത്തോടെ ഞാൻ നിന്നിൽ കരുണകാട്ടും. നിന്റെ വിമോചകനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. എനിക്കീ നാളുകൾ നോഹയുടെ കാലം പോലെയാണ്. ഇനിമേൽ വെള്ളം ഭൂമിയെ മൂടുകയില്ലെന്ന് അന്നു ഞാൻ ശപഥം ചെയ്തിരുന്നു. അതുപോലെ, “ഞാൻ ഇനിമേൽ നിന്നോടു കോപിക്കുകയോ നിന്നെ ശകാരിക്കുകയോ ചെയ്യുകയില്ലെന്നു ശപഥം ചെയ്യുന്നു.” മലകൾ മാറിപ്പോയേക്കാം, കുന്നുകൾ നീക്കപ്പെട്ടേക്കാം. എങ്കിലും എന്റെ സുസ്ഥിരമായ സ്നേഹം നിന്നെ വിട്ടുമാറുകയില്ല. എന്റെ സമാധാന ഉടമ്പടി മാറ്റപ്പെടുകയില്ല. നിന്നോടനുകമ്പയുള്ള സർവേശ്വരനാണ് ഇത് അരുളിച്ചെയ്യുന്നത്. പീഡിതയും കൊടുങ്കാറ്റിൽ ആടിയുലയുന്നവളും ആശ്വാസം ലഭിക്കാതെ കഴിയുന്നവളുമേ, ഇന്ദ്രനീലരത്നംകൊണ്ടു നിന്റെ അടിസ്ഥാനം ഉറപ്പിക്കും. അഞ്ജനക്കല്ലുകൊണ്ട് നിന്നെ നിർമിക്കും. നിന്റെ താഴികക്കുടങ്ങൾ പത്മരാഗംകൊണ്ടും ഗോപുരങ്ങൾ പുഷ്യരാഗംകൊണ്ടും ഭിത്തികൾ അനർഘരത്നംകൊണ്ടും ഞാൻ നിർമിക്കും. സർവേശ്വരൻ നിന്റെ പുത്രന്മാരെ പഠിപ്പിക്കും. അവർക്കു സമൃദ്ധിയും സമാധാനവും ലഭിക്കും. നീ നീതിയിൽ ഉറച്ചുനില്‌ക്കും. പീഡനം നിനക്ക് ഉണ്ടാവുകയില്ല. ഭീതിയും ഭീകരതയും നിന്നെ സമീപിക്കയില്ല. ആരെങ്കിലും കലാപം ഇളക്കിവിട്ടാൽ അതു ഞാൻ നിമിത്തമായിരിക്കില്ല. നീ നിമിത്തം അവർ നിലംപതിക്കും. തീക്കനൽകൊണ്ട് ഇരുമ്പു പഴുപ്പിച്ച് ആയുധങ്ങൾ നിർമിക്കുന്ന ഇരുമ്പുപണിക്കാരനെ സൃഷ്‍ടിച്ചതു ഞാനാണ്. ഈ ആയുധങ്ങൾകൊണ്ടു മനുഷ്യരെ കൊല്ലുന്നവനെ സൃഷ്‍ടിച്ചതും ഞാൻ തന്നെ. നിന്നെ നശിപ്പിക്കാൻ ഉണ്ടാക്കിയ ഒരായുധവും പ്രയോജനപ്പെടുകയില്ല. ന്യായവിധിയിൽ നിനക്കെതിരെ ഉയരുന്ന ഓരോ വാദവും നീ ഖണ്ഡിക്കും. ഇതു സർവേശ്വരന്റെ ദാസന്മാരുടെ അവകാശവും എന്റെ നീതി നടത്തലുമാണെന്ന് സർവേശ്വരൻ അരുളിച്ചെയ്യുന്നു.
യെശയ്യാവ് 54:1-17 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
“പ്രസവിക്കാത്ത മച്ചിയേ, ഘോഷിക്കുക; നോവു കിട്ടിയിട്ടില്ലാത്തവളേ, പൊട്ടി ആർത്തു ഘോഷിക്കുക; ഏകാകിനിയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളേക്കാൾ അധികം” എന്നു യഹോവ അരുളിച്ചെയ്യുന്നു. നിന്റെ കൂടാരത്തിന്റെ സ്ഥലത്തെ വിശാലമാക്കുക; നിന്റെ നിവാസങ്ങളുടെ തിരശ്ശീലകളെ അവർ നിവർക്കട്ടെ; തടുത്തുകളയരുത്; നിന്റെ കയറുകളെ നീട്ടുക; നിന്റെ കുറ്റികളെ ഉറപ്പിക്കുക. നീ ഇടത്തോട്ടും വലത്തോട്ടും പരക്കും; നിന്റെ സന്തതി ജനതകളുടെ ദേശം കൈവശമാക്കുകയും ശൂന്യനഗരങ്ങളിൽ നിവാസികളെ പാർപ്പിക്കുകയും ചെയ്യും. ഭയപ്പെടണ്ട, നീ ലജ്ജിച്ചുപോവുകയില്ല; ഭ്രമിക്കണ്ടാ, നീ നാണിച്ചുപോകുകയില്ല; നിന്‍റെ യൗവനത്തിലെ ലജ്ജ നീ മറക്കും; നിന്റെ വൈധവ്യത്തിലെ നിന്ദ ഇനി ഓർക്കുകയുമില്ല. നിന്‍റെ സ്രഷ്ടാവാകുന്നു നിന്റെ ഭർത്താവ്; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടുത്തെ നാമം; യിസ്രായേലിന്റെ പരിശുദ്ധനാകുന്നു നിന്റെ വീണ്ടെടുപ്പുകാരൻ; സർവ്വഭൂമിയുടെയും ദൈവം എന്നു അവിടുന്ന് വിളിക്കപ്പെടുന്നു. ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തിൽ ഇരിക്കുന്ന സ്ത്രീയെ എന്നപോലെ യഹോവ നിന്നെ വിളിച്ചിരിക്കുന്നു; യൗവനത്തിൽ വിവാഹം ചെയ്തിട്ട് തള്ളിക്കളഞ്ഞ ഭാര്യയെ എന്നപോലെ തന്നെ എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു. “അല്പനേരത്തേക്ക് മാത്രം ഞാൻ നിന്നെ ഉപേക്ഷിച്ചു; എങ്കിലും മഹാകരുണയോടെ ഞാൻ നിന്നെ ചേർത്തുകൊള്ളും. ക്രോധാധിക്യത്തിൽ ഞാൻ ക്ഷണനേരത്തേക്ക് എന്റെ മുഖം നിനക്കു മറച്ചു; എങ്കിലും നിത്യദയയോടെ ഞാൻ നിന്നോട് കരുണ കാണിക്കും” എന്നു നിന്റെ വീണ്ടെടുപ്പുകാരനായ യഹോവ അരുളിച്ചെയ്യുന്നു. “ഇത് എനിക്ക് നോഹയുടെ വെള്ളങ്ങൾപോലെയാകുന്നു; നോഹയുടെ വെള്ളങ്ങൾ ഇനി ഭൂമിയെ മുക്കിക്കളയുകയില്ല എന്നു ഞാൻ സത്യം ചെയ്തതുപോലെ ഞാൻ നിന്നോട് കോപിക്കുകയോ നിന്നെ ശാസിക്കുകയോ ഇല്ല എന്നു ഞാൻ സത്യം ചെയ്തിരിക്കുന്നു. പർവ്വതങ്ങൾ മാറിപ്പോകും, കുന്നുകൾ നീങ്ങിപ്പോകും; എങ്കിലും എന്റെ ദയ നിന്നെ വിട്ടുമാറുകയില്ല; എന്റെ സമാധാനനിയമം നീങ്ങിപ്പോവുകയുമില്ല” എന്നു നിന്നോട് കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു. “പീഢ അനുഭവിക്കുന്നവളും കൊടുങ്കാറ്റിനാൽ അടിക്കപ്പെട്ട് ആശ്വാസമറ്റവളും ആയുള്ളവളേ, ഞാൻ നിന്റെ കല്ല് അഞ്ജനത്തിൽ പതിക്കുകയും നീലക്കല്ലുകൊണ്ടു നിന്റെ അടിസ്ഥാനം ഇടുകയും ചെയ്യും. ഞാൻ നിന്റെ താഴികക്കുടങ്ങളെ പത്മരാഗംകൊണ്ടും നിന്റെ ഗോപുരങ്ങളെ പുഷ്പരാഗംകൊണ്ടും നിന്‍റെ അറ്റങ്ങളെയെല്ലാം മനോഹരമായ കല്ലുകൊണ്ടും ഉണ്ടാക്കും. നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും. നീതിയാൽ നീ സ്ഥിരമായി നില്ക്കും; നീ പീഡനത്തോട് അകന്നിരിക്കും; നിനക്കു ഭയപ്പെടുവാനില്ലല്ലോ; ഭീഷണിയോടു നീ അകന്നിരിക്കും; അത് നിന്നോട് അടുത്തുവരുകയില്ല. ഒരുത്തൻ നിന്നോട് കലഹം ഉണ്ടാക്കുന്നു എങ്കിൽ അത് എന്‍റെ ഹിതപ്രകാരമല്ല; ആരെങ്കിലും നിന്നോട് കലഹം ഉണ്ടാക്കിയാൽ അവൻ നിന്റെ നിമിത്തം വീഴും. തീക്കനൽ ഊതി പണിചെയ്ത് ഓരോ ആയുധം തീർക്കുന്ന കൊല്ലനെ ഞാൻ സൃഷ്ടിച്ചിരിക്കുന്നു; നശിപ്പിക്കുവാൻ സംഹാരകനെയും ഞാൻ സൃഷ്ടിച്ചിരിക്കുന്നു. നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കുകയില്ല; ന്യായായവിസ്താരത്തിൽ നിനക്കു വിരോധമായി എഴുന്നേല്ക്കുന്ന എല്ലാ നാവിനെയും നീ കുറ്റം വിധിക്കും; യഹോവയുടെ ദാസന്മാരുടെ അവകാശവും എന്റെ പക്കൽ നിന്നുള്ള അവരുടെ നീതിയും ഇതുതന്നെ ആകുന്നു” എന്നു യഹോവ അരുളിച്ചെയ്യുന്നു.
യെശയ്യാവ് 54:1-17 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പ്രസവിക്കാത്ത മച്ചിയേ, ഘോഷിക്ക; നോവു കിട്ടീട്ടില്ലാത്തവളേ, പൊട്ടി ആർത്തു ഘോഷിക്ക; ഏകാകിനിയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികം എന്നു യഹോവ അരുളിച്ചെയ്യുന്നു. നിന്റെ കൂടാരത്തിന്റെ സ്ഥലത്തെ വിശാലമാക്കുക; നിന്റെ നിവാസങ്ങളുടെ തിരശ്ശീലകളെ അവർ നിവിർക്കട്ടെ; തടുത്തുകളയരുതു; നിന്റെ കയറുകളെ നീട്ടുക; നിന്റെ കുറ്റികളെ ഉറപ്പിക്ക. നീ ഇടത്തോട്ടും വലത്തോട്ടും പരക്കും; നിന്റെ സന്തതി ജാതികളുടെ ദേശം കൈവശമാക്കുകയും ശൂന്യനഗരങ്ങളിൽ നിവാസികളെ പാർപ്പിക്കയും ചെയ്യും. ഭയപ്പെടേണ്ട, നീ ലജ്ജിച്ചുപോകയില്ല; ഭ്രമിക്കേണ്ടാ, നീ നാണിച്ചുപോകയില്ല; നിന്റെ യൗവനത്തിലെ ലജ്ജ നീ മറക്കും; നിന്റെ വൈധവ്യത്തിലെ നിന്ദ ഇനി ഓർക്കയുമില്ല. നിന്റെ സ്രഷ്ടാവാകുന്നു നിന്റെ ഭർത്താവു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം; യിസ്രായേലിന്റെ പരിശുദ്ധനാകുന്നു നിന്റെ വീണ്ടെടുപ്പുകാരൻ; സർവ്വഭൂമിയുടെയും ദൈവം എന്നു അവൻ വിളിക്കപ്പെടുന്നു. ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തിൽ ഇരിക്കുന്ന സ്ത്രീയെ എന്നപോലെ യഹോവ നിന്നെ വിളിച്ചിരിക്കുന്നു; യൗവനത്തിൽ വിവാഹം ചെയ്തിട്ടു തള്ളിക്കളഞ്ഞ ഭാര്യയെ എന്നപോലെ തന്നേ എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു. അല്പനേരത്തെക്കു മാത്രം ഞാൻ നിന്നെ ഉപേക്ഷിച്ചു; എങ്കിലും മഹാകരുണയോടെ ഞാൻ നിന്നെ ചേർത്തുകൊള്ളും. ക്രോധാധിക്യത്തിൽ ഞാൻ ക്ഷണനേരത്തേക്കു എന്റെ മുഖം നിനക്കു മറെച്ചു; എങ്കിലും നിത്യദയയോടെ ഞാൻ നിന്നോടു കരുണകാണിക്കും എന്നു നിന്റെ വീണ്ടെടുപ്പുകാരനായ യഹോവ അരുളിച്ചെയ്യുന്നു. ഇതു എനിക്കു നോഹയുടെ വെള്ളങ്ങൾപോലെയാകുന്നു; നോഹയുടെ വെള്ളങ്ങൾ ഇനി ഭൂമിയെ മുക്കിക്കളകയില്ല എന്നു ഞാൻ സത്യം ചെയ്തതുപോലെ ഞാൻ നിന്നോടു കോപിക്കയോ നിന്നെ ഭർത്സിക്കയോ ഇല്ല എന്നു ഞാൻ സത്യം ചെയ്തിരിക്കുന്നു. പർവ്വതങ്ങൾ മാറിപ്പോകും, കുന്നുകൾ നീങ്ങിപ്പോകും; എങ്കിലും എന്റെ ദയ നിന്നെ വിട്ടുമാറുകയില്ല; എന്റെ സമാധാനനിയമം നീങ്ങിപ്പോകയുമില്ല എന്നു നിന്നോടു കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു. അരിഷ്ടയും കൊടുങ്കാറ്റിനാൽ അടിക്കപ്പെട്ടു ആശ്വാസമറ്റവളും ആയുള്ളോവേ, ഞാൻ നിന്റെ കല്ലു അഞ്ജനത്തിൽ പതിക്കയും നീലക്കല്ലുകൊണ്ടു നിന്റെ അടിസ്ഥാനം ഇടുകയും ചെയ്യും. ഞാൻ നിന്റെ താഴികക്കുടങ്ങളെ പത്മരാഗംകൊണ്ടും നിന്റെ ഗോപുരങ്ങളെ പുഷ്പരാഗംകൊണ്ടും നിന്റെ അറ്റങ്ങളെയൊക്കെയും മനോഹരമായ കല്ലുകൊണ്ടും ഉണ്ടാക്കും. നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും. നീതിയാൽ നീ സ്ഥിരമായി നില്ക്കും; നീ പീഡനത്തോടു അകന്നിരിക്കും; നിനക്കു ഭയപ്പെടുവാനില്ലല്ലോ; ഭീഷണിയോടു നീ അകന്നിരിക്കും; അതു നിന്നോടു അടുത്തുവരികയില്ല. ഒരുത്തൻ നിന്നോടു കലശൽ കൂടുന്നു എങ്കിൽ അതു എന്റെ ഹിതപ്രകാരമല്ല; ആരെങ്കിലും നിന്നോടു കലശൽ കൂടിയാൽ അവൻ നിന്റെ നിമിത്തം വീഴും. തീക്കനൽ ഊതി പണിചെയ്തു ഓരോ ആയുധം തീർക്കുന്ന കൊല്ലനെ ഞാൻ സൃഷ്ടിച്ചിരിക്കുന്നു; നശിപ്പിപ്പാൻ സംഹാരകനെയും ഞാൻ സൃഷ്ടിച്ചിരിക്കുന്നു. നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; ന്യായായവിസ്താരത്തിൽ നിനക്കു വിരോധമായി എഴുന്നേല്ക്കുന്ന എല്ലാ നാവിനെയും നീ കുറ്റം വിധിക്കും; യഹോവയുടെ ദാസന്മാരുടെ അവകാശവും എന്റെ പക്കൽ നിന്നുള്ള അവരുടെ നീതിയും ഇതു തന്നേ ആകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.
യെശയ്യാവ് 54:1-17 MCV (സമകാലിക മലയാളവിവർത്തനം)
“വന്ധ്യയായവളേ, ആർപ്പിടുക; ഒരു കുഞ്ഞിനും ജന്മം നൽകിയിട്ടില്ലാത്തവളേ, പൊട്ടിയാർക്കുക, പ്രസവവേദന എന്തെന്ന് അറിയാത്തവളേ, ആനന്ദത്താൽ ആർത്തുഘോഷിക്കുക; കാരണം, പരിത്യക്തയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികം,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “നിന്റെ കൂടാരത്തിന്റെ സ്ഥലം വിസ്തൃതമാക്കുക, നിന്റെ കൂടാരത്തിന്റെ തിരശ്ശീലകൾ വിശാലമായി നിവർക്കുക, അതു ചുരുക്കരുത്; നിന്റെ കയറുകൾ നീട്ടുകയും കുറ്റികൾ ബലവത്താക്കുകയും ചെയ്യുക. നീ വലത്തോട്ടും ഇടത്തോട്ടും വിസ്തൃതമാകും; നിന്റെ സന്തതി ഇതരരാഷ്ട്രങ്ങൾ കൈവശമാക്കുകയും അവരുടെ ശൂന്യനഗരങ്ങളിൽ പാർക്കുകയും ചെയ്യും. “ഭയപ്പെടേണ്ട; നീ ലജ്ജിതയാകുകയില്ല; പരിഭ്രമിക്കേണ്ട; നീ അപമാനിതയാകുകയില്ല. നിന്റെ യൗവനകാലത്തെ ലജ്ജ നീ മറക്കും, വൈധവ്യനിന്ദ മേലാൽ ഓർക്കുകയുമില്ല. നിന്റെ സ്രഷ്ടാവുതന്നെ നിന്റെ ഭർത്താവ്— സൈന്യങ്ങളുടെ യഹോവ എന്നാണ് അവിടത്തെ നാമം— ഇസ്രായേലിന്റെ പരിശുദ്ധനാണ് നിന്റെ വീണ്ടെടുപ്പുകാരൻ; അവിടന്നു സകലഭൂമിയുടെയും ദൈവം എന്നു വിളിക്കപ്പെടും. പരിത്യക്തയായി ആത്മാവിൽ വേദന പൂണ്ടിരിക്കുന്ന സ്ത്രീയെ എന്നപോലെ യൗവനത്തിൽ വിവാഹംകഴിഞ്ഞയുടനെ ഉപേക്ഷിക്കപ്പെട്ട ഭാര്യയെപ്പോലെയുള്ള നിന്നെ യഹോവ തിരികെ വിളിക്കും,” എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു. “അൽപ്പനിമിഷത്തേക്കുമാത്രം ഞാൻ നിന്നെ ഉപേക്ഷിച്ചു, എങ്കിലും മഹാദയയോടെ ഞാൻ നിന്നെ ചേർത്തുകൊള്ളും. തിളച്ചുമറിഞ്ഞ കോപംനിമിത്തം ഞാൻ നിമിഷനേരത്തേക്ക് എന്റെ മുഖം നിനക്കു മറച്ചുകളഞ്ഞു, എങ്കിലും ശാശ്വത കാരുണ്യത്തോടെ ഞാൻ നിന്നോടു കരുണകാണിക്കും,” എന്നു നിന്റെ വീണ്ടെടുപ്പുകാരനായ യഹോവ അരുളിച്ചെയ്യുന്നു. “ഇത് എനിക്കു നോഹയുടെ കാലത്തെ പ്രളയംപോലെയാണ്, നോഹയുടെ കാലത്തെപ്പോലെയുള്ള പ്രളയം ഭൂമിയിൽ മേലാൽ സംഭവിക്കുകയില്ലെന്നു ഞാൻ ശപഥംചെയ്തു. അതുപോലെ ഇനിയൊരിക്കലും നിന്നോടു കോപിഷ്ഠനാകുകയോ നിന്നെ ശകാരിക്കുകയോ ചെയ്യുകയില്ല എന്ന് ഇപ്പോൾ ഞാൻ ശപഥംചെയ്തിരിക്കുന്നു. പർവതങ്ങൾ ഇളകിപ്പോകും, കുന്നുകൾ മാറിപ്പോകും, എങ്കിലും എന്റെ അചഞ്ചലസ്നേഹം നിന്നെവിട്ടു നീങ്ങുകയോ എന്റെ സമാധാന ഉടമ്പടി ലംഘിക്കപ്പെടുകയോ ഇല്ല,” എന്നു നിന്നോടു കരുണാമയനായ യഹോവ അരുളിച്ചെയ്യുന്നു. “പീഡിതയും കൊടുങ്കാറ്റിൽപ്പെട്ട് ഉഴലുന്ന ആശ്വാസരഹിതയുമായ പട്ടണമേ, ഞാൻ നിന്നെ പത്മരാഗംകൊണ്ട് പുനർനിർമിക്കും, ഇന്ദ്രനീലക്കല്ലുകൊണ്ടു നിന്റെ അടിസ്ഥാനമിടുകയും ചെയ്യും. ഞാൻ നിന്റെ താഴികക്കുടങ്ങൾ മാണിക്യംകൊണ്ടും നിന്റെ കവാടങ്ങൾ പുഷ്യരാഗംകൊണ്ടും നിന്റെ മതിലുകൾ മുഴുവനും വിലയേറിയ കല്ലുകൾകൊണ്ടും നിർമിക്കും. നിന്റെ മക്കൾ എല്ലാവരും യഹോവയാൽ അഭ്യസിപ്പിക്കപ്പെട്ടവരാകും, അവർ വളരെ വലിയ സമാധാനം അനുഭവിക്കും. നീതിയിൽ നീ സുസ്ഥിരയായിത്തീരും: നിഷ്ഠുരവാഴ്ച നിന്നിൽനിന്ന് അകന്നിരിക്കും; നിനക്കു ഭയമുണ്ടാകുകയില്ല. ഭീതിയോ, നിന്നിൽനിന്നു വളരെ അകലെ ആയിരിക്കും; അതു നിന്റെ അടുത്തു വരികയില്ല. ആരെങ്കിലും നിനക്കെതിരേ യുദ്ധംചെയ്യുന്നെങ്കിൽ, അത് എന്റെ ഹിതപ്രകാരം ആയിരിക്കുകയില്ല; നിന്നെ ആക്രമിക്കുന്നവരെല്ലാം നിനക്കു കീഴടങ്ങുകതന്നെചെയ്യും. “ഇതാ, ഞാനാണ്, കരിക്കട്ടമേൽ കാറ്റടിച്ച് അഗ്നിജ്വാല ഉണ്ടാക്കുകയും അതതു പണിക്കുള്ള ആയുധം നിർമിക്കുകയും ചെയ്യുന്ന ഇരുമ്പുപണിക്കാരന്റെയും സ്രഷ്ടാവ്. വിനാശം വിതയ്ക്കാനായി സംഹാരകനെയും സൃഷ്ടിച്ചത് ഞാനാണ്. നിന്നെ എതിർക്കാനായി നിർമിച്ചിരിക്കുന്ന ഒരു ആയുധവും സഫലമാകുകയില്ല, നിനക്കെതിരേ കുറ്റമാരോപിക്കുന്ന എല്ലാ വാദമുഖങ്ങളെയും നീ ഖണ്ഡിക്കും. ഇത് യഹോവയുടെ ദാസന്മാരുടെ അവകാശവും എന്റെ പക്കൽനിന്ന് അവർക്കു ലഭിക്കുന്ന കുറ്റവിമുക്തിയുമാണ്,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.