യെശയ്യാവ് 53:1-3
യെശയ്യാവ് 53:1-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞങ്ങൾ കേൾപ്പിച്ചത് ആർ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു? അവൻ ഇളയ തൈപോലെയും വരണ്ട നിലത്തുനിന്നു വേർ മുളയ്ക്കുന്നതുപോലെയും അവന്റെ മുമ്പാകെ വളരും; അവനു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൗന്ദര്യവും ഇല്ല. അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും, ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ മുഖം മറച്ചുകളയത്തക്കവണ്ണം അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല.
യെശയ്യാവ് 53:1-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നാം കേട്ടത് ആരു വിശ്വസിച്ചിട്ടുണ്ട്? സർവേശ്വരന്റെ കരം ആർക്കു വെളിപ്പെട്ടിട്ടുണ്ട്? അവൻ അവിടുത്തെ മുമ്പിൽ ഒരു ഇളംചെടിപോലെ വരണ്ട ഭൂമിയിൽ നിന്നുള്ള മുളപോലെ വളർന്നു. ആകർഷകമായ രൂപമോ, ഗാംഭീര്യമോ അവനുണ്ടായിരുന്നില്ല. നമ്മെ മോഹിപ്പിക്കത്തക്ക സൗന്ദര്യവും ഇല്ലായിരുന്നു. അവൻ മനുഷ്യരാൽ നിന്ദിതനായി പുറന്തള്ളപ്പെട്ടു. അവൻ ദുഃഖിതനും നിരന്തരം കഷ്ടത അനുഭവിക്കുന്നവനും ആയിരുന്നു. കാണുന്നവർ മുഖം തിരിക്കത്തക്കവിധം അവൻ നിന്ദിതനായിരുന്നു. നാം അവനെ ആദരിച്ചുമില്ല.
യെശയ്യാവ് 53:1-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞങ്ങൾ കേൾപ്പിച്ചത് ആര് വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആർക്ക് വെളിപ്പെട്ടിരിക്കുന്നു? അവൻ ഇളയ തൈപോലെയും വരണ്ട നിലത്തുനിന്നു വേര് മുളയ്ക്കുന്നതുപോലെയും അവിടുത്തെ മുമ്പാകെ വളരും; അവനു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൗന്ദര്യവുമില്ല. അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ മുഖം മറച്ചുകളയത്തക്കവിധം അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല.
യെശയ്യാവ് 53:1-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു? അവൻ ഇളയ തൈപോലെയും വരണ്ട നിലത്തുനിന്നു വേർ മുളെക്കുന്നതുപോലെയും അവന്റെ മുമ്പാകെ വളരും; അവന്നു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൗന്ദര്യവുമില്ല. അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ മുഖം മറെച്ചുകളയത്തക്കവണ്ണം അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല.
യെശയ്യാവ് 53:1-3 സമകാലിക മലയാളവിവർത്തനം (MCV)
ഞങ്ങളുടെ സന്ദേശം ആർ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു? അവൻ ഇളംനാമ്പുപോലെയും ഉണങ്ങിയ നിലത്തുനിന്നു പിഴുതെടുക്കപ്പെട്ട വേരുപോലെയും അവിടത്തെ മുമ്പാകെ വളരും. അവനു രൂപഭംഗിയോ കോമളത്വമോ ആകർഷകമായ സൗന്ദര്യമോ ഇല്ല, കാഴ്ചയിൽ ഹൃദയാവർജകമായി യാതൊന്നുംതന്നെ അവനിൽ ഉണ്ടായിരുന്നില്ല. അവൻ മനുഷ്യരാൽ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു; അവൻ കഷ്ടത അനുഭവിക്കുന്നവനായും രോഗം ശീലിച്ചവനായും ഇരുന്നു. അവനെ കാണുന്നവർ അവരുടെ മുഖം തിരിച്ചുകളഞ്ഞു, അവൻ നിന്ദിതനായിരുന്നു, നാം അവനെ നിസ്സാരനായി പരിഗണിച്ചു.