യെശയ്യാവ് 52:7-15
യെശയ്യാവ് 52:7-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോട്: നിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാർത്താദൂതന്റെ കാൽ പർവതങ്ങളിന്മേൽ എത്ര മനോഹരം! നിന്റെ കാവൽക്കാരുടെ ശബ്ദം കേട്ടുവോ? അവർ ശബ്ദം ഉയർത്തി ഒരുപോലെ ഉല്ലസിച്ചു ഘോഷിക്കുന്നു; യഹോവ സീയോനിലേക്കു മടങ്ങിവരുമ്പോൾ അവർ അഭിമുഖമായി കാണും. യെരൂശലേമിന്റെ ശൂന്യപ്രദേശങ്ങളേ, പൊട്ടി ആർത്തുകൊൾവിൻ; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ച്, യെരൂശലേമിനെ വീണ്ടെടുത്തിരിക്കുന്നുവല്ലോ. സകല ജാതികളും കാൺകെ യഹോവ തന്റെ വിശുദ്ധഭുജത്തെ നഗ്നമാക്കിയിരിക്കുന്നു; ഭൂമിയുടെ അറ്റങ്ങളൊക്കെയും നമ്മുടെ ദൈവത്തിന്റെ രക്ഷയെ കാണും. വിട്ടുപോരുവിൻ; വിട്ടുപോരുവിൻ; അവിടെനിന്നു പുറപ്പെട്ടു പോരുവിൻ; അശുദ്ധമായതൊന്നും തൊടരുത്; അതിന്റെ നടുവിൽനിന്നും പുറപ്പെട്ടുപോരുവിൻ; യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, നിങ്ങളെത്തന്നെ നിർമ്മലീകരിപ്പിൻ. നിങ്ങൾ ബദ്ധപ്പാടോടെ പോകയില്ല, ഓടിപ്പോകയുമില്ല; യഹോവ നിങ്ങൾക്കു മുമ്പായി നടക്കും; യിസ്രായേലിന്റെ ദൈവം നിങ്ങൾക്കു പിൻപട ആയിരിക്കും. എന്റെ ദാസൻ കൃതാർഥനാകും; അവൻ ഉയർന്നുപൊങ്ങി അത്യന്തം ഉന്നതൻ ആയിരിക്കും. അവന്റെ രൂപം കണ്ടാൽ ആളല്ല എന്നും അവന്റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമായിരിക്കകൊണ്ടു പലരും നിന്നെ കണ്ടു സ്തംഭിച്ചുപോയതുപോലെ, അവൻ പല ജാതികളെയും കുതിച്ചു ചാടുമാറാക്കും; രാജാക്കന്മാർ അവനെ കണ്ടു വായ്പൊത്തി നില്ക്കും; അവർ ഒരിക്കലും അറിഞ്ഞിട്ടില്ലാത്തതു കാണുകയും ഒരിക്കലും കേട്ടിട്ടില്ലാത്തതു ഗ്രഹിക്കയും ചെയ്യും.
യെശയ്യാവ് 52:7-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സമാധാനത്തിന്റെ സദ്‍വാർത്തയുമായി വരുന്ന സന്ദേശവാഹകന്റെ പാദങ്ങൾ പർവതമുകളിൽ എത്ര മനോഹരം! അയാൾ നന്മയും ശാന്തിയും രക്ഷയും വിളംബരം ചെയ്യുന്നു. “നിന്റെ ദൈവം വാഴുന്നു” എന്നു സീയോനോടു പറയുന്നു. നിന്റെ കാവല്‌ക്കാർ ഒത്തുചേർന്ന് ഉറക്കെ ആനന്ദഗീതം ആലപിക്കുന്നു. സർവേശ്വരൻ സീയോനിലേക്കു മടങ്ങി വരുന്നത് അവർ നേരിട്ടു കാണുന്നു. യെരൂശലേമിന്റെ ശൂന്യസ്ഥലങ്ങളേ, ആർത്തുഘോഷിക്കുവിൻ. സർവേശ്വരൻ തന്റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു. യെരൂശലേമിനെ അവിടുന്നു മോചിപ്പിച്ചിരിക്കുന്നു. അവിടുന്നു തന്റെ വിശുദ്ധകരം എല്ലാ ജനതകൾക്കും പ്രത്യക്ഷമാക്കിയിരിക്കുന്നു. നമ്മുടെ ദൈവത്തിൽ നിന്നുള്ള രക്ഷ സർവലോകവും ദർശിക്കും. പോകുവിൻ, പോകുവിൻ, ബാബിലോണിൽനിന്നു പോകുവിൻ. അശുദ്ധമായതൊന്നും സ്പർശിക്കരുത്. സർവേശ്വരന്റെ ആലയത്തിലെ പാത്രങ്ങൾ വഹിക്കുന്നവരേ, നിങ്ങൾ ബാബിലോണിൽനിന്നു പുറത്തു പോകുവിൻ. നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിൻ. നിങ്ങൾ തിടുക്കം കാട്ടേണ്ടാ, വേഗം ഓടുകയും വേണ്ടാ. സർവേശ്വരൻ നിങ്ങളുടെ മുമ്പിൽ നടക്കും. ഇസ്രായേലിന്റെ ദൈവം നിങ്ങളുടെ പിമ്പിൽ നിങ്ങൾക്കു കാവല്‌ക്കാരനായിരിക്കും. എന്റെ ദാസൻ വിജയലാളിതനാകും. അവൻ ഉൽക്കർഷം പ്രാപിക്കും, പുകഴ്ത്തപ്പെടും, ഉന്നതനാകും. മുമ്പ് അവനെ കണ്ടിട്ടുള്ളവർ അമ്പരന്നുപോയി. അവൻ വിരൂപനും മനുഷ്യരൂപം ഇല്ലാത്തവനും ആയി കാണപ്പെട്ടു. എന്നാലിപ്പോൾ അവനെ കാണുന്ന ജനതകൾ അദ്ഭുതസ്തബ്ധരാകും. രാജാക്കന്മാർ അവനെ കണ്ടു നിശ്ശബ്ദരാകും; കാരണം, അവരോടു പറഞ്ഞിട്ടില്ലാത്തത് അവർ കാണുകയും കേട്ടിട്ടില്ലാത്തതു ഗ്രഹിക്കുകയും ചെയ്യും.
യെശയ്യാവ് 52:7-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കുകയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോട്: “നിന്റെ ദൈവം വാഴുന്നു” എന്നു പറയുകയും ചെയ്യുന്ന സുവാർത്താദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം! നിന്റെ കാവൽക്കാരുടെ ശബ്ദം കേട്ടുവോ? അവർ ശബ്ദം ഉയർത്തി ഒരുപോലെ ഉല്ലസിച്ചു ഘോഷിക്കുന്നു; യഹോവ സീയോനിലേക്കു മടങ്ങിവരുമ്പോൾ അവർ അഭിമുഖമായി കാണും. യെരൂശലേമിന്റെ ശൂന്യപ്രദേശങ്ങളേ, പൊട്ടി ആർത്തുകൊള്ളുവിൻ; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ച്, യെരൂശലേമിനെ വീണ്ടെടുത്തിരിക്കുന്നുവല്ലോ. സകലജനതകളും കാൺകെ യഹോവ തന്റെ വിശുദ്ധഭുജത്തെ വെളിപ്പെടുത്തിയിരിക്കുന്നു; ഭൂമിയുടെ അറ്റങ്ങളെല്ലാം നമ്മുടെ ദൈവത്തിന്റെ രക്ഷയെ കാണും. വിട്ടു പോരുവിൻ; വിട്ടു പോരുവിൻ; അവിടെനിന്നു പുറപ്പെട്ടുപോരുവിൻ; അശുദ്ധമായതൊന്നും തൊടരുത്; അതിന്റെ നടുവിൽനിന്നും പുറപ്പെട്ടുപോരുവിൻ; യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, നിങ്ങളെത്തന്നെ നിർമ്മലീകരിക്കുവിൻ. നിങ്ങൾ തിടുക്കത്തോടെ പോവുകയില്ല, ഓടിപ്പോവുകയുമില്ല; യഹോവ നിങ്ങൾക്ക് മുമ്പായി നടക്കും; യിസ്രായേലിന്റെ ദൈവം നിങ്ങൾക്ക് പിൻപട ആയിരിക്കും. എന്റെ ദാസൻ കൃതാർത്ഥനാകും; അവൻ ഉയർന്നുപൊങ്ങി അത്യന്തം ഉന്നതനായിരിക്കും. അവന്റെ രൂപം കണ്ടാൽ ആളല്ല എന്നും അവന്റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമായിരിക്കുകകൊണ്ടു പലരും നിന്നെ കണ്ടു സ്തംഭിച്ചുപോയതുപോലെ, അവൻ പല ജനതകളെയും കുതിച്ചുചാടുമാറാക്കും; രാജാക്കന്മാർ അവനെ കണ്ടു വായ് പൊത്തി നില്ക്കും; അവർ ഒരിക്കലും അറിഞ്ഞിട്ടില്ലാത്തതു കാണുകയും ഒരിക്കലും കേട്ടിട്ടില്ലാത്തതു ഗ്രഹിക്കുകയും ചെയ്യും.
യെശയ്യാവ് 52:7-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടു: നിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാർത്താദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം! നിന്റെ കാവല്ക്കാരുടെ ശബ്ദം കേട്ടുവോ? അവർ ശബ്ദം ഉയർത്തി ഒരുപോലെ ഉല്ലസിച്ചു ഘോഷിക്കുന്നു; യഹോവ സീയോനിലേക്കു മടങ്ങിവരുമ്പോൾ അവർ അഭിമുഖമായി കാണും. യെരൂശലേമിന്റെ ശൂന്യപ്രദേശങ്ങളേ, പൊട്ടി ആർത്തുകൊൾവിൻ; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ചു, യെരൂശലേമിനെ വീണ്ടെടുത്തിരിക്കുന്നുവല്ലോ. സകല ജാതികളും കാൺകെ യഹോവ തന്റെ വിശുദ്ധഭുജത്തെ നഗ്നമാക്കിയിരിക്കുന്നു; ഭൂമിയുടെ അറ്റങ്ങളൊക്കെയും നമ്മുടെ ദൈവത്തിന്റെ രക്ഷയെ കാണും. വിട്ടു പോരുവിൻ; വിട്ടുപോരുവിൻ; അവിടെ നിന്നു പുറപ്പെട്ടുപോരുവിൻ; അശുദ്ധമായതൊന്നും തൊടരുതു; അതിന്റെ നടുവിൽ നിന്നു പുറപ്പെട്ടുപോരുവിൻ; യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, നിങ്ങളെത്തന്നേ നിർമ്മലീകരിപ്പിൻ. നിങ്ങൾ ബദ്ധപ്പാടോടെ പോകയില്ല, ഓടിപ്പോകയുമില്ല; യഹോവ നിങ്ങൾക്കു മുമ്പായി നടക്കും; യിസ്രായേലിന്റെ ദൈവം നിങ്ങൾക്കു പിമ്പട ആയിരിക്കും. എന്റെ ദാസൻ കൃതാർത്ഥനാകും; അവൻ ഉയർന്നുപൊങ്ങി അത്യന്തം ഉന്നതനായിരിക്കും. അവന്റെ രൂപം കണ്ടാൽ ആളല്ല എന്നും അവന്റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമായിരിക്കകൊണ്ടു പലരും നിന്നെ കണ്ടു സ്തംഭിച്ചുപോയതു പോലെ, അവൻ പല ജാതികളെയും കുതിച്ചുചാടുമാറാക്കും; രാജാക്കന്മാർ അവനെ കണ്ടു വായ്പൊത്തി നില്ക്കും; അവർ ഒരിക്കലും അറിഞ്ഞിട്ടില്ലാത്തതു കാണുകയും ഒരിക്കലും കേട്ടിട്ടില്ലാത്തതു ഗ്രഹിക്കയും ചെയ്യും.
യെശയ്യാവ് 52:7-15 സമകാലിക മലയാളവിവർത്തനം (MCV)
സുവാർത്ത കൊണ്ടുവരികയും സമാധാനം പ്രഘോഷിക്കുകയും ശുഭവർത്തമാനം കൊണ്ടെത്തിക്കുകയും രക്ഷ വിളംബരംചെയ്യുകയും സീയോനോട് “നിന്റെ ദൈവം വാഴുന്നു,” എന്നു പറയുകയുംചെയ്ത്, പർവതസാനുക്കൾ താണ്ടിവരുന്നവരുടെ പാദങ്ങൾ എത്ര മനോഹരം! ശ്രദ്ധിക്കുക! നിന്റെ കാവൽക്കാർ അവരുടെ ശബ്ദമുയർത്തും; അവർ ഒരുമിച്ച് ആനന്ദത്താൽ ആർപ്പിടും. യഹോവ സീയോനെ മടക്കിവരുത്തുന്നത് അവർ അഭിമുഖമായി ദർശിക്കും. ജെറുശലേമിന്റെ ശൂന്യപ്രദേശങ്ങളേ, ആനന്ദത്താൽ ഒരുമിച്ച് പൊട്ടിയാർക്കുക. കാരണം യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ചു, അവിടന്ന് ജെറുശലേമിനെ വീണ്ടെടുത്തിരിക്കുന്നു. എല്ലാ ജനതകളുടെയും ദൃഷ്ടിയിൽ യഹോവ തന്റെ വിശുദ്ധഭുജം വെളിപ്പെടുത്തിയിരിക്കുന്നു, ഭൂമിയുടെ സകലസീമകളും നമ്മുടെ ദൈവത്തിന്റെ രക്ഷ കാണും. യാത്രയാകുക, യാത്രയാകുക, അവിടെനിന്നു പുറപ്പെടുക! അശുദ്ധമായതൊന്നും സ്പർശിക്കരുത്! യഹോവയുടെ മന്ദിരത്തിലെ പാത്രങ്ങൾ ചുമക്കുന്നവരേ, അതിന്റെ നടുവിൽനിന്ന് പുറപ്പെടുക, നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക. എന്നാൽ നിങ്ങൾ തിടുക്കത്തിൽ പുറപ്പെടുകയോ ഓടിപ്പോകുകയോ ഇല്ല; കാരണം യഹോവ നിങ്ങൾക്കുമുമ്പായി പോകും, ഇസ്രായേലിന്റെ ദൈവം നിങ്ങൾക്കു പിന്നിൽ കാവൽക്കാരനായിരിക്കും. എന്റെ ദാസൻ ജ്ഞാനത്തോടെ പ്രവർത്തിക്കും; അവൻ ഉയർത്തപ്പെടും, ഉന്നതിനേടും, അത്യന്തം മഹത്ത്വീകരിക്കപ്പെടും. അവനെ കാണുന്ന അനേകരും സ്തംഭിച്ചുപോകുമാറ്, മനുഷ്യനെന്നു തോന്നാത്തവിധം, അവൻ വിരൂപനാക്കപ്പെട്ടിരിക്കുന്നു, അവൻ മനുഷ്യനോ എന്നുപോലും സംശയിക്കുമാറ് വികൃതനാക്കപ്പെട്ടിരിക്കുന്നു. അങ്ങനെ അവൻ അനേകം രാഷ്ട്രങ്ങളെ അമ്പരപ്പിക്കും, രാജാക്കന്മാർ അവന്റെ മുമ്പിൽ വായ് പൊത്തും. കാരണം ആരും തങ്ങളോട് പറഞ്ഞിട്ടില്ലാത്തത് അവർ കാണുകയും തങ്ങൾ കേട്ടിട്ടില്ലാത്തത് അവർ മനസ്സിലാക്കുകയും ചെയ്യും.