യെശയ്യാവ് 51:9-23

യെശയ്യാവ് 51:9-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവയുടെ ഭുജമേ ഉണരുക, ഉണരുക; ശക്തി ധരിച്ചുകൊൾക; പൂർവകാലത്തും പണ്ടത്തെ തലമുറകളിലും എന്നപോലെ ഉണരുക; രഹബിനെ വെട്ടി മഹാസർപ്പത്തെ കുത്തിക്കളഞ്ഞതു നീ അല്ലയോ? സമുദ്രത്തെ, വലിയ ആഴിയിലെ വെള്ളങ്ങളെ തന്നെ, വറ്റിച്ചുകളകയും വീണ്ടെടുക്കപ്പെട്ടവർ കടന്നുപോകേണ്ടതിനു സമുദ്രത്തിന്റെ ആഴത്തെ വഴിയാക്കുകയും ചെയ്തതു നീയല്ലയോ? യഹോവയുടെ വിമുക്തന്മാർ ഉല്ലാസഘോഷത്തോടെ സീയോനിലേക്കു മടങ്ങിവരും; നിത്യാനന്ദം അവരുടെ തലയിൽ ഉണ്ടായിരിക്കും; അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും ഞരക്കവും ഓടിപ്പോകും. ഞാൻ, ഞാൻ തന്നെ, നിങ്ങളെ ആശ്വസിപ്പിക്കുന്നവൻ; എന്നാൽ മരിച്ചുപോകുന്ന മർത്യനെയും പുല്ലുപോലെ ആയിത്തീരുന്ന മനുഷ്യനെയും ഭയപ്പെടുവാൻ നീ ആർ? ആകാശത്തെ വിരിച്ച് ഭൂമിയുടെ അടിസ്ഥാനങ്ങളെ ഇട്ടവനായി നിന്റെ സ്രഷ്ടാവായ യഹോവയെ നീ മറക്കയും പീഡകൻ നശിപ്പിപ്പാൻ ഒരുങ്ങിവരുന്നു എന്നുവച്ച് അവന്റെ ക്രോധം നിമിത്തം ദിനംപ്രതി ഇടവിടാതെ പേടിക്കയും ചെയ്യുന്നതെന്ത്? പീഡകന്റെ ക്രോധം എവിടെ? ബദ്ധനായിരിക്കുന്നവനെ വേഗത്തിൽ അഴിച്ചുവിടും; അവൻ കുണ്ടറയിൽ മരിക്കയില്ല; അവന്റെ ആഹാരത്തിനു മുട്ടുവരികയുമില്ല. തിരകൾ അലറുവാൻ തക്കവണ്ണം സമുദ്രത്തെ കോപിപ്പിക്കുന്നവനായി നിന്റെ ദൈവമായ യഹോവ ഞാൻ ആകുന്നു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു എന്റെ നാമം. ഞാൻ ആകാശത്തെ ഉറപ്പിച്ച് ഭൂമിക്ക് അടിസ്ഥാനം ഇടുകയും സീയോനോട്: നീ എന്റെ ജനം എന്നുപറകയും ചെയ്യേണ്ടതിനു ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ ആക്കി എന്റെ കൈയുടെ നിഴലിൽ നിന്നെ മറച്ചിരിക്കുന്നു. യഹോവയുടെ കൈയിൽനിന്ന് അവന്റെ ക്രോധത്തിന്റെ പാനപാത്രം കുടിച്ചിട്ടുള്ള യെരൂശലേമേ, ഉണരുക, ഉണരുക; എഴുന്നേറ്റു നില്ക്ക; നീ പരിഭ്രമത്തിന്റെ പാനപാത്രപുടം കുടിച്ചു വറ്റിച്ചുകളഞ്ഞിരിക്കുന്നു. അവൾ പ്രസവിച്ച സകല പുത്രന്മാരിലുംവച്ച് അവളെ വഴിനടത്തുന്നതിന് ഒരുത്തനും ഇല്ല; അവൾ വളർത്തിയ എല്ലാ മക്കളിലുംവച്ച് അവളെ കൈക്കുപിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നതിന് ആരുമില്ല. ഇതു രണ്ടും നിനക്കു നേരിട്ടിരിക്കുന്നു; നിന്നോട് ആർ സഹതാപം കാണിക്കും? ശൂന്യവും നാശവും ക്ഷാമവും വാളും നേരിട്ടിരിക്കുന്നു; ഞാൻ നിന്നെ ആശ്വസിപ്പിക്കേണ്ടത് എങ്ങനെ? നിന്റെ മക്കൾ ബോധംകെട്ടു വലയിൽ അകപ്പെട്ട മാൻ എന്നപോലെ വീഥികളുടെ തലയ്ക്കലെല്ലാം കിടക്കുന്നു; അവർ യഹോവയുടെ ക്രോധവും നിന്റെ ദൈവത്തിന്റെ ഭർത്സനവുംകൊണ്ടു നിറഞ്ഞിരിക്കുന്നു. ആകയാൽ അരിഷ്ടയും വീഞ്ഞു കുടിക്കാതെ ലഹരിപിടിച്ചവളും ആയുള്ളോവേ, ഇതു കേട്ടുകൊൾക. നിന്റെ കർത്താവായ യഹോവയും തന്റെ ജനത്തിന്റെ വ്യവഹാരം നടത്തുന്ന നിന്റെ ദൈവവുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ പരിഭ്രമത്തിന്റെ പാനപാത്രം, എന്റെ ക്രോധത്തിന്റെ പാനപാത്രപുടം തന്നെ, നിന്റെ കൈയിൽനിന്നും എടുത്തുകളഞ്ഞിരിക്കുന്നു; ഇനി നീ അതു കുടിക്കയില്ല; നിന്നെ ക്ലേശിപ്പിക്കുന്നവരുടെ കൈയിൽ ഞാൻ അതു കൊടുക്കും. അവർ നിന്നോട്: കുനിയുക; ഞങ്ങൾ കടന്നുപോകട്ടെ എന്നു പറഞ്ഞുവല്ലോ; അങ്ങനെ കടന്നുപോകുന്നവർക്കു നീ നിന്റെ മുതുകിനെ നിലംപോലെയും തെരുവീഥിപോലെയും ആക്കിവയ്ക്കേണ്ടിവന്നു.

യെശയ്യാവ് 51:9-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരാ, ഉണർന്നാലും, ഉണർന്നാലും! അവിടുത്തെ ശക്തി പ്രയോഗിച്ചു ഞങ്ങളെ രക്ഷിച്ചാലും! പൂർവകാലത്തെപ്പോലെ മുൻതലമുറകളുടെ കാലത്തെന്നതുപോലെ ഉണർന്നാലും. രഹബിനെ വെട്ടി നുറുക്കിയതും മഹാസർപ്പത്തെ കുത്തിപ്പിളർന്നതും അവിടുന്നാണല്ലോ. വിമോചിതർക്കുവേണ്ടി സമുദ്രം വറ്റിക്കുകയും സമുദ്രത്തിന്റെ അടിത്തട്ടിലൂടെ കടന്നുപോകാൻ വഴിയൊരുക്കുകയും ചെയ്തത് അവിടുന്നല്ലേ? സർവേശ്വരന്റെ വിമോചിതർ ഉല്ലാസഗാനത്തോടെ സീയോനിലേക്കു മടങ്ങിവരും. നിത്യാനന്ദം അവർ ശിരസ്സിൽ അണിയും. ആനന്ദവും ആഹ്ലാദവും അവർക്കുണ്ടായിരിക്കും. ദുഃഖവും നെടുവീർപ്പും അവരിൽനിന്ന് ഓടി അകലും. ഞാൻ, ഞാൻ തന്നെയാണു നിന്നെ ആശ്വസിപ്പിക്കുന്നവൻ. പുല്ലിനു സമനായുള്ള മർത്യനെ നീ എന്തിനു ഭയപ്പെടണം? ഭൂമിക്ക് അടിസ്ഥാനമിടുകയും ആകാശത്തെ നിവർത്തുകയും ചെയ്തവനും നിന്നെ സൃഷ്‍ടിച്ചവനുമായ സർവേശ്വരനെ നീ വിസ്മരിച്ചോ? മർദകന്റെ ക്രോധം നിമിത്തം നീ എന്തിനു നിരന്തരം ഭയപ്പെടുന്നു? അതു നിന്നെ സ്പർശിക്കുകയില്ല. തടവിലാക്കപ്പെട്ടവർ അതിവേഗം മോചിതരാകും. അവർ മരിക്കുകയോ, പാതാളത്തിലേക്കു പോകുകയോ ഇല്ല. അവർക്ക് ആഹാരത്തിനു ബുദ്ധിമുട്ടുണ്ടാവുകയില്ല. തിരമാലകൾ ഗർജിക്കുംവിധം സമുദ്രത്തെ ക്ഷോഭിപ്പിക്കുന്ന നിന്റെ ദൈവമായ സർവേശ്വരനാണു ഞാൻ. സർവശക്തനായ സർവേശ്വരൻ എന്നാണ് എന്റെ നാമം. ആകാശത്തെ നിവർത്തുകയും ഭൂമിക്ക് അടിസ്ഥാനമിടുകയും ചെയ്ത ഞാൻ, നീ എന്റെ ജനമാകുന്നു എന്നു സീയോനോടു പറഞ്ഞുകൊണ്ടു നിന്റെ നാവിൽ എന്റെ ഉപദേശം നിക്ഷേപിച്ചു. നിന്നെ എന്റെ കരത്തിന്റെ നിഴലിൽ മറച്ചു. സർവേശ്വരന്റെ കൈയിൽനിന്നു ക്രോധത്തിന്റെ പാനപാത്രം വാങ്ങി കുടിക്കുകയും പരിഭ്രാന്തിയുടെ പാനപാത്രം മട്ടുവരെ ഊറ്റി കുടിക്കുകയും ചെയ്ത യെരൂശലേമേ, ഉണരുക, ഉണർന്നെഴുന്നേല്‌ക്കുക. നീ പ്രസവിച്ച മക്കളിൽ ആരും നിന്നെ നയിക്കാനില്ല. നീ പോറ്റി വളർത്തിയവരിൽ ആരും നിന്നെ കൈക്കു പിടിച്ചു നടത്താനില്ല. രണ്ടു കാര്യങ്ങൾ നിനക്കു സംഭവിച്ചിരിക്കുന്നു; വാളുകൊണ്ട് ഉന്മൂലനാശവും ക്ഷാമംമൂലമുള്ള കെടുതിയും. ആരു നിന്നോടൊത്തു സഹതപിക്കും? ആരു നിന്നെ ആശ്വസിപ്പിക്കും? വലയിൽപ്പെട്ട മാനിനെപ്പോലെ നിന്റെ പുത്രന്മാർ എല്ലാ വഴിക്കവലകളിലും ബോധംകെട്ടു കിടക്കുന്നു. അവർ സർവേശ്വരന്റെ ക്രോധത്തിൽ നിന്റെ ദൈവത്തിന്റെ ശാസനത്തിൽ അമർന്നിരിക്കുന്നു. പീഡിതയും വീഞ്ഞു കുടിക്കാതെ തന്നെ ലഹരിപിടിച്ചവളുമായ യെരൂശലേമേ, ഇതു കേൾക്കുക. നിന്റെ ദൈവമായ സർവേശ്വരൻ നിനക്കുവേണ്ടി വാദിക്കുന്ന ദൈവം അരുളിച്ചെയ്യുന്നു: “ഇതാ, പരിഭ്രാന്തിയുടെ പാനപാത്രം ഞാൻ നിങ്കൽനിന്നു നീക്കിയിരിക്കുന്നു. എന്റെ ക്രോധത്തിന്റെ പാനപാത്രത്തിൽനിന്ന് ഇനിമേൽ നീ കുടിക്കുകയില്ല. തങ്ങൾക്കു കടന്നുപോകത്തക്കവിധം കുനിഞ്ഞു നില്‌ക്കാൻ പറയുകയും അങ്ങനെ നിങ്ങളുടെ മുതുകത്തു ചവുട്ടി തെരുവീഥിയിലൂടെയും നിലത്തുകൂടെയും എന്നപോലെ നടന്നുപോകുകയും ചെയ്തവരുടെ കൈയിൽ, അതേ നിന്നെ പീഡിപ്പിച്ചവരുടെ കൈയിൽ തന്നെ എന്റെ ക്രോധത്തിന്റെ പാനപാത്രം ഞാൻ വച്ചുകൊടുക്കും.

യെശയ്യാവ് 51:9-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവയുടെ ഭുജമേ ഉണരുക, ഉണരുക; ശക്തി ധരിച്ചുകൊള്ളുക; പൂർവ്വകാലത്തും പണ്ടത്തെ തലമുറകളിലും എന്നപോലെ ഉണരുക; രഹബിനെ വെട്ടി മഹാസർപ്പത്തെ കുത്തിക്കളഞ്ഞതു അവിടുന്നല്ലയോ? സമുദ്രത്തെ, വലിയ ആഴിയിലെ വെള്ളങ്ങളെ തന്നെ, വറ്റിച്ചുകളയുകയും വീണ്ടെടുക്കപ്പെട്ടവർ കടന്നുപോകേണ്ടതിനു സമുദ്രത്തിന്‍റെ ആഴത്തെ വഴിയാക്കുകയും ചെയ്തതു നീയല്ലയോ? യഹോവയുടെ വിമുക്തന്മാർ ഉല്ലാസഘോഷത്തോടെ സീയോനിലേക്കു മടങ്ങിവരും; നിത്യാനന്ദം അവരുടെ തലയിൽ ഉണ്ടായിരിക്കും; അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും ഞരക്കവും ഓടിപ്പോകും. “ഞാൻ, ഞാൻ തന്നെ, നിങ്ങളെ ആശ്വസിപ്പിക്കുന്നവൻ; എന്നാൽ മരിച്ചുപോകുന്ന മർത്യനെയും പുല്ലുപോലെ ആയിത്തീരുന്ന മനുഷ്യനെയും ഭയപ്പെടുവാൻ നീ ആര്‍? ആകാശത്തെ വിരിച്ച് ഭൂമിയുടെ അടിസ്ഥാനങ്ങളെ ഇട്ടവനായി നിന്‍റെ സ്രഷ്ടാവായ യഹോവയെ നീ മറക്കുകയും പീഡകൻ നശിപ്പിക്കുവാൻ ഒരുങ്ങിവരുന്നു എന്നു വിചാരിച്ച് അവന്‍റെ ക്രോധം നിമിത്തം ദിനംപ്രതി ഇടവിടാതെ പേടിക്കുകയും ചെയ്യുന്നതെന്ത്? പീഡകന്‍റെ ക്രോധം എവിടെ? ബദ്ധനായിരിക്കുന്നവനെ വേഗത്തിൽ അഴിച്ചുവിടും; അവൻ തടവറയിൽ മരിക്കുകയില്ല; അവന്‍റെ ആഹാരത്തിന് മുട്ടുവരുകയുമില്ല. തിരകൾ അലറുവാൻ തക്കവിധം സമുദ്രത്തെ കോപിപ്പിക്കുന്നവനായി നിന്‍റെ ദൈവമായ യഹോവ ഞാൻ ആകുന്നു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു എന്‍റെ നാമം. ഞാൻ ആകാശത്തെ ഉറപ്പിച്ച് ഭൂമിക്ക് അടിസ്ഥാനം ഇടുകയും സീയോനോട്: ‘നീ എന്‍റെ ജനം’ എന്നു പറയുകയും ചെയ്യേണ്ടതിന് ഞാൻ എന്‍റെ വചനങ്ങളെ നിന്‍റെ വായിൽ ആക്കി എന്‍റെ കൈയുടെ നിഴലിൽ നിന്നെ മറച്ചിരിക്കുന്നു.” യഹോവയുടെ കൈയിൽനിന്ന് അവന്‍റെ ക്രോധത്തിന്‍റെ പാനപാത്രം കുടിച്ചിട്ടുള്ള യെരൂശലേമേ, ഉണരുക, ഉണരുക, എഴുന്നേറ്റുനില്ക്കുക; പരിഭ്രമമാകുന്ന പാനപാത്രത്തിന്‍റെ മട്ട് നീ കുടിച്ചു വറ്റിച്ചുകളഞ്ഞിരിക്കുന്നു. അവൾ പ്രസവിച്ച സകലപുത്രന്മാരിലും അവളെ വഴിനടത്തുന്നതിന് ഒരുത്തനും ഇല്ല; അവൾ വളർത്തിയ എല്ലാമക്കളിലും അവളെ കൈക്കു പിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നതിന് ആരുമില്ല. ഇതു രണ്ടും നിനക്കു നേരിട്ടിരിക്കുന്നു; നിന്നോട് ആര്‍ സഹതാപം കാണിക്കും? ശൂന്യവും നാശവും ക്ഷാമവും വാളും നേരിട്ടിരിക്കുന്നു; ഞാൻ നിന്നെ ആശ്വസിപ്പിക്കേണ്ടതെങ്ങനെ? നിന്‍റെ മക്കൾ ബോധംകെട്ടു വലയിൽ അകപ്പെട്ട മാൻ എന്നപോലെ വീഥികളുടെ തലയ്ക്കലെല്ലാം കിടക്കുന്നു; അവർ യഹോവയുടെ ക്രോധവും നിന്‍റെ ദൈവത്തിന്‍റെ ശാസനയുംകൊണ്ടു നിറഞ്ഞിരിക്കുന്നു. അതുകൊണ്ട് പീഢ അനുഭവിക്കുന്നവളും വീഞ്ഞു കുടിക്കാതെ ലഹരിപിടിച്ചവളും ആയവളേ, ഇതു കേട്ടുകൊള്ളുക. നിന്‍റെ കർത്താവായ യഹോവയും അവിടുത്തെ ജനത്തിന്‍റെ വ്യവഹാരം നടത്തുന്ന നിന്‍റെ ദൈവവും ആയവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ പരിഭ്രമത്തിന്‍റെ പാനപാത്രം, എന്‍റെ ക്രോധമാകുന്ന പാനപാത്രത്തിന്‍റെ മട്ട് തന്നെ, നിന്‍റെ കൈയിൽനിന്നും എടുത്തുകളഞ്ഞിരിക്കുന്നു; ഇനി നീ അത് കുടിക്കുകയില്ല; ‘കുനിയുക; ഞങ്ങൾ കടന്നുപോകട്ടെ’ എന്നു അവർ നിന്നോട് പറഞ്ഞുവല്ലോ; അങ്ങനെ കടന്നുപോകുന്നവർക്കു നീ നിന്‍റെ മുതുകിനെ നിലംപോലെയും തെരുവീഥിപോലെയും ആക്കിവെക്കേണ്ടി വന്നുവല്ലോ. എന്നാൽ നിന്നെ ക്ലേശിപ്പിക്കുന്നവരുടെ കയ്യിൽ ഞാൻ ഈ പാനപാത്രം കൊടുക്കും.”

യെശയ്യാവ് 51:9-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവയുടെ ഭുജമേ ഉണരുക, ഉണരുക; ശക്തി ധരിച്ചുകൊൾക; പൂർവ്വകാലത്തും പണ്ടത്തെ തലമുറകളിലും എന്നപോലെ ഉണരുക; രഹബിനെ വെട്ടി മഹാസർപ്പത്തെ കുത്തിക്കളഞ്ഞതു നീ അല്ലയോ? സമുദ്രത്തെ, വലിയ ആഴിയിലെ വെള്ളങ്ങളെ തന്നേ, വറ്റിച്ചുകളകയും വീണ്ടെടുക്കപ്പെട്ടവർ കടന്നുപോകേണ്ടതിന്നു സമുദ്രത്തിന്റെ ആഴത്തെ വഴിയാക്കുകയും ചെയ്തതു നീയല്ലയോ? യഹോവയുടെ വിമുക്തന്മാർ ഉല്ലാസഘോഷത്തോടെ സീയോനിലേക്കു മടങ്ങിവരും; നിത്യാനന്ദം അവരുടെ തലയിൽ ഉണ്ടായിരിക്കും; അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും ഞരക്കവും ഓടിപ്പോകും. ഞാൻ, ഞാൻ തന്നേ, നിങ്ങളെ ആശ്വസിപ്പിക്കുന്നവൻ; എന്നാൽ മരിച്ചുപോകുന്ന മർത്യനെയും പുല്ലുപോലെ ആയിത്തീരുന്ന മനുഷ്യനെയും ഭയപ്പെടുവാൻ നീ ആർ? ആകാശത്തെ വിരിച്ചു ഭൂമിയുടെ അടിസ്ഥാനങ്ങളെ ഇട്ടവനായി നിന്റെ സ്രഷ്ടാവായ യഹോവയെ നീ മറക്കയും പീഡകൻ നശിപ്പിപ്പാൻ ഒരുങ്ങിവരുന്നു എന്നുവെച്ചു അവന്റെ ക്രോധംനിമിത്തം ദിനംപ്രതി ഇടവിടാതെ പേടിക്കയും ചെയ്യുന്നതെന്തു? പീഡകന്റെ ക്രോധം എവിടെ? ബദ്ധനായിരിക്കുന്നവനെ വേഗത്തിൽ അഴിച്ചുവിടും; അവൻ കുണ്ടറയിൽ മരിക്കയില്ല; അവന്റെ ആഹാരത്തിന്നു മുട്ടുവരികയുമില്ല. തിരകൾ അലറുവാൻ തക്കവണ്ണം സമുദ്രത്തെ കോപിപ്പിക്കുന്നവനായി നിന്റെ ദൈവമായ യഹോവ ഞാൻ ആകുന്നു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു എന്റെ നാമം. ഞാൻ ആകാശത്തെ ഉറപ്പിച്ചു ഭൂമിക്കു അടിസ്ഥാനം ഇടുകയും സീയോനോടു: നീ എന്റെ ജനം എന്നു പറകയും ചെയ്യേണ്ടതിന്നു ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ ആക്കി എന്റെ കയ്യുടെ നിഴലിൽ നിന്നെ മറെച്ചിരിക്കുന്നു. യഹോവയുടെ കയ്യിൽ നിന്നു അവന്റെ ക്രോധത്തിന്റെ പാനപാത്രം കുടിച്ചിട്ടുള്ള യെരൂശലേമേ, ഉണരുക, ഉണരുക, എഴുന്നേറ്റുനില്ക്ക; നീ പരിഭ്രമത്തിന്റെ പാനപാത്രപുടം കുടിച്ചു വറ്റിച്ചുകളഞ്ഞിരിക്കുന്നു. അവൾ പ്രസവിച്ച സകലപുത്രന്മാരിലുംവെച്ചു അവളെ വഴിനടത്തുന്നതിന്നു ഒരുത്തനും ഇല്ല; അവൾ വളർത്തിയ എല്ലാമക്കളിലുംവെച്ചു അവളെ കൈക്കുപിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നതിന്നു ആരുമില്ല. ഇതു രണ്ടും നിനക്കു നേരിട്ടിരിക്കുന്നു; നിന്നോടു ആർ സഹതാപം കാണിക്കും? ശൂന്യവും നാശവും ക്ഷാമവും വാളും നേരിട്ടിരിക്കുന്നു; ഞാൻ നിന്നെ ആശ്വസിപ്പിക്കേണ്ടതെങ്ങനെ? നിന്റെ മക്കൾ ബോധംകെട്ടു വലയിൽ അകപ്പെട്ട മാൻ എന്നപോലെ വീഥികളുടെ തലെക്കലെല്ലാം കിടക്കുന്നു; അവർ യഹോവയുടെ ക്രോധവും നിന്റെ ദൈവത്തിന്റെ ഭർത്സനവും കൊണ്ടു നിറഞ്ഞിരിക്കുന്നു. ആകയാൽ അരിഷ്ടയും വീഞ്ഞു കുടിക്കാതെ ലഹരിപിടിച്ചവളും ആയുള്ളോവേ, ഇതു കേട്ടുകൊൾക. നിന്റെ കർത്താവായ യഹോവയും തന്റെ ജനത്തിന്റെ വ്യവഹാരം നടത്തുന്ന നിന്റെ ദൈവവുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ പരിഭ്രമത്തിന്റെ പാനപാത്രം, എന്റെ ക്രോധത്തിന്റെ പാനപാത്രപുടം തന്നെ, നിന്റെ കയ്യിൽ നിന്നു എടുത്തുകളഞ്ഞിരിക്കുന്നു; ഇനി നീ അതു കുടിക്കയില്ല; നിന്നെ ക്ലേശിപ്പിക്കുന്നവരുടെ കയ്യിൽ ഞാൻ അതു കൊടുക്കും അവർ നിന്നോടു: കുനിയുക; ഞങ്ങൾ കടന്നുപോകട്ടെ എന്നു പറഞ്ഞുവല്ലോ; അങ്ങനെ കടന്നുപോകുന്നവർക്കു നീ നിന്റെ മുതുകിനെ നിലംപോലെയും തെരുവീഥിപോലെയും ആക്കിവെക്കേണ്ടി വന്നു.

യെശയ്യാവ് 51:9-23 സമകാലിക മലയാളവിവർത്തനം (MCV)

യഹോവയുടെ ഭുജമേ, ഉണരുക, ഉണരുക, ശക്തി ധരിച്ചുകൊൾക! പുരാതനകാലത്തെപ്പോലെയും പഴയ തലമുറകളിലെന്നപോലെയും ഉണരുക. രഹബിനെ വെട്ടിക്കളയുകയും ഭീകരസത്വത്തെ കുത്തിക്കീറുകയും ചെയ്തതു നീയല്ലേ? സമുദ്രത്തെ, അഗാധജലരാശിയിലെ വെള്ളത്തെ, വറ്റിച്ചുകളഞ്ഞത് അങ്ങല്ലേ? താൻ വീണ്ടെടുത്തവർക്കു കടന്നുപോകാൻ സമുദ്രത്തിന്റെ അടിത്തട്ടിനെ വഴിയാക്കിത്തീർത്തതും അങ്ങല്ലേ? യഹോവ വിലകൊടുത്തു വാങ്ങിയവർ മടങ്ങിവരും. സംഗീതത്തോടെ അവർ സീയോനിലേക്ക് പ്രവേശിക്കും; നിത്യാനന്ദം അവരുടെ ശിരസ്സിനു മകുടമായിരിക്കും. ആഹ്ലാദത്താലും ആനന്ദത്താലും അവർ ആമഗ്നരാകും, ദുഃഖവും നെടുവീർപ്പും അവരിൽനിന്ന് ഓടിയകലും. “ഞാൻ, ഞാനാകുന്നു നിങ്ങളെ ആശ്വസിപ്പിക്കുന്നവൻ. വെറും മർത്യരെയും വെറും പുല്ലുപോലെയുള്ള മനുഷ്യജീവികളെയും ഭയപ്പെടുന്ന നീ ആര്? ആകാശത്തെ വിരിക്കുകയും ഭൂമിക്ക് അടിസ്ഥാനമിടുകയും ചെയ്ത നിന്റെ സ്രഷ്ടാവായ യഹോവയെ മറന്നുപോയിട്ട്, വിനാശത്തിനായി തുനിഞ്ഞിറങ്ങിയിരിക്കുന്ന പീഡകന്റെ കോപത്തെ നിരന്തരം ഭയന്ന് നാൾതോറും നീ ജീവിക്കുന്നു. പീഡകരുടെ ക്രോധം എവിടെ? പേടിച്ചു തടവറയിൽ കഴിയുന്നവർ വേഗത്തിൽ സ്വതന്ത്രരാക്കപ്പെടും; അവർ കാരാഗൃഹത്തിൽക്കിടന്നു മരിക്കുകയില്ല, അവരുടെ ആഹാരം മുടങ്ങുകയുമില്ല. തിരകൾ ഗർജിക്കുമാറ് സമുദ്രത്തെ ക്ഷോഭിപ്പിക്കുന്ന നിന്റെ ദൈവമായ യഹോവ ഞാൻ ആകുന്നു— സൈന്യങ്ങളുടെ യഹോവ എന്നാണ് എന്റെ നാമം. ആകാശത്തെ ഉറപ്പിച്ച്, ഭൂമിക്ക് അടിസ്ഥാനമിട്ട്, സീയോനോട്, ‘നീ എന്റെ ജനം’ എന്നു പറയുന്നതിന്, ഞാൻ എന്റെ വചനം നിന്റെ വായിൽ തരികയും എന്റെ കൈയുടെ നിഴലിൽ നിന്നെ മറയ്ക്കുകയും ചെയ്തിരിക്കുന്നു.” യഹോവയുടെ കരത്തിൽനിന്നുള്ള ക്രോധത്തിന്റെ പാനപാത്രം കുടിച്ച, ജെറുശലേമേ, ഉണരുക, ഉണരുക, എഴുന്നേൽക്കുക, നീ പരിഭ്രമത്തിന്റെ പാനപാത്രം മട്ടുവരെയും കുടിച്ചു വറ്റിച്ചിരിക്കുന്നു. അവൾ പ്രസവിച്ച മക്കളുടെ കൂട്ടത്തിൽ അവളെ നയിക്കാൻ ഒരുത്തനുമില്ല; അവൾ വളർത്തിയ മക്കളിൽ അവളെ കൈപിടിച്ചു നടത്താൻ ആരുമില്ല. ഈ രണ്ടു കാര്യങ്ങൾ നിനക്കുമേൽ വന്നിരിക്കുന്നു— നിന്നോടു സഹതപിക്കാൻ ആരുണ്ട്? സംഹാരവും നാശവും ക്ഷാമവും വാളും നിനക്കു നേരിട്ടിരിക്കുന്നു; നിന്നെ ആശ്വസിപ്പിക്കാൻ ആർക്കു കഴിയും? നിന്റെ മക്കൾ ബോധക്ഷയംവന്നു വീണുപോയി; വലയിൽ അകപ്പെട്ട മാനിനെപ്പോലെ അവർ എല്ലാ ചത്വരങ്ങളിലും കിടക്കുന്നു. അവർ യഹോവയുടെ ക്രോധംകൊണ്ടും നിന്റെ ദൈവത്തിന്റെ ശാസനകൊണ്ടും നിറഞ്ഞിരിക്കുന്നു. അതിനാൽ പീഡിതരേ, വീഞ്ഞുകൊണ്ടല്ലാതെ ലഹരി പിടിച്ചവളേ, ഇതു കേൾക്കുക. നിന്റെ നാഥനായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, തന്റെ ജനത്തിനുവേണ്ടി വ്യവഹരിക്കുന്ന, നിന്റെ ദൈവംതന്നെ: “ഇതാ, പരിഭ്രമത്തിന്റെ പാനപാത്രം ഞാൻ നിന്റെ കൈയിൽനിന്ന് എടുത്തുമാറ്റുന്നു, ആ പാത്രത്തിൽനിന്ന്, എന്റെ ക്രോധത്തിന്റെ കോപ്പയിൽനിന്ന് ഇനിമേൽ നീ കുടിക്കുകയില്ല; അതു ഞാൻ നിന്നെ പീഡിപ്പിക്കുന്നവരുടെ കൈയിൽ ഏൽപ്പിക്കും, ‘സാഷ്ടാംഗം വീഴുക, ഞങ്ങൾ നിന്നെ ചവിട്ടിമെതിക്കട്ടെ’ എന്നു നിന്നോടു പറഞ്ഞവരുടെതന്നെ കൈയിൽ. നീ നിന്റെ ശരീരത്തെ നിലംപോലെയും മനുഷ്യൻ ചവിട്ടിനടക്കുന്ന തെരുവീഥിപോലെയും ആക്കിയിരുന്നല്ലോ.”