യെശയ്യാവ് 50:4-11
യെശയ്യാവ് 50:4-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
തളർന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിനു യഹോവയായ കർത്താവ് എനിക്കു ശിഷ്യന്മാരുടെ നാവു തന്നിരിക്കുന്നു; അവൻ രാവിലെതോറും ഉണർത്തുന്നു; ശിഷ്യന്മാരെപ്പോലെ കേൾക്കേണ്ടതിന് അവൻ എന്റെ ചെവി ഉണർത്തുന്നു. യഹോവയായ കർത്താവ് എന്റെ ചെവി തുറന്നു; ഞാനോ മറുത്തുനിന്നില്ല; പിന്തിരിഞ്ഞതുമില്ല. അടിക്കുന്നവർക്ക്, ഞാൻ എന്റെ മുതുകും രോമം പറിക്കുന്നവർക്ക് എന്റെ കവിളും കാണിച്ചുകൊടുത്തു; എന്റെ മുഖം നിന്ദയ്ക്കും തുപ്പലിനും മറച്ചിട്ടുമില്ല. യഹോവയായ കർത്താവ് എന്നെ സഹായിക്കും; അതുകൊണ്ടു ഞാൻ അമ്പരന്നു പോകയില്ല; അതുകൊണ്ടു ഞാൻ എന്റെ മുഖം തീക്കല്ലുപോലെ ആക്കിയിരിക്കുന്നു; ഞാൻ ലജ്ജിച്ചുപോകയില്ല എന്നു ഞാൻ അറിയുന്നു. എന്നെ നീതീകരിക്കുന്നവൻ സമീപത്തുണ്ട്; എന്നോടു വാദിക്കുന്നവൻ ആർ? നമുക്കു തമ്മിൽ ഒന്നു നോക്കാം; എന്റെ പ്രതിയോഗി ആർ? അവൻ ഇങ്ങുവരട്ടെ. ഇതാ, യഹോവയായ കർത്താവ് എന്നെ തുണയ്ക്കുന്നു; എന്നെ കുറ്റം വിധിക്കുന്നവൻ ആർ? അവരെല്ലാവരും വസ്ത്രംപോലെ പഴകിപ്പോകും? പുഴു അവരെ തിന്നുകളയും. നിങ്ങളിൽ യഹോവയെ ഭയപ്പെടുകയും അവന്റെ ദാസന്റെ വാക്കു കേട്ടനുസരിക്കയും ചെയ്യുന്നവൻ ആർ? തനിക്കു പ്രകാശം ഇല്ലാതെ അന്ധകാരത്തിൽ നടന്നാലും അവൻ യഹോവയുടെ നാമത്തിൽ ആശ്രയിച്ച് തന്റെ ദൈവത്തിന്മേൽ ചാരിക്കൊള്ളട്ടെ. ഹാ, തീ കത്തിച്ചു തീയമ്പുകൾ അരയ്ക്കു കെട്ടുന്നവരേ, നിങ്ങൾ എല്ലാവരും നിങ്ങളുടെ തീയുടെ വെളിച്ചത്തിലും നിങ്ങൾ കൊളുത്തിയിരിക്കുന്ന തീയമ്പുകളുടെ ഇടയിലും നടപ്പിൻ; എന്റെ കൈയാൽ ഇതു നിങ്ങൾക്കു ഭവിക്കും; നിങ്ങൾ വ്യസനത്തോടെ കിടക്കേണ്ടിവരും.
യെശയ്യാവ് 50:4-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ക്ഷീണിച്ചവനെ ആശ്വസിപ്പിക്കാനുള്ള വാക്കുകൾ ദൈവമായ സർവേശ്വരൻ എന്നെ അഭ്യസിപ്പിച്ചിരിക്കുന്നു. പ്രഭാതംതോറും അവിടുന്നു പഠിപ്പിക്കുന്നതു കേൾക്കാൻ എന്റെ കാതുകളെ അവിടുന്ന് ഉണർത്തുന്നു. ദൈവമായ സർവേശ്വരൻ എന്റെ കാതുകൾ തുറന്നു; ഞാൻ എതിർത്തില്ല, പിന്തിരിഞ്ഞുമില്ല. അടിക്കുന്നവർക്ക് എന്റെ പുറവും മീശ പറിക്കുന്നവർക്ക് എന്റെ മുഖവും ഞാൻ കാണിച്ചുകൊടുത്തു. നിന്ദിക്കുകയും തുപ്പുകയും ചെയ്തപ്പോൾ ഞാൻ മുഖം മറച്ചില്ല. ദൈവമായ സർവേശ്വരൻ എന്നെ സഹായിക്കുന്നതുകൊണ്ട് ഞാൻ അപമാനിതനായിട്ടില്ല. അതുകൊണ്ട് ഞാനെന്റെ മുഖം തീക്കല്ലിനു തുല്യമാക്കി. ഞാൻ ലജ്ജിതനാകയില്ലെന്ന് എനിക്കറിയാം. എന്റെ നിരപരാധിത്വം തെളിയിക്കുന്നവൻ എന്റെ സമീപത്തുണ്ട്. ആര് എന്നെ എതിർക്കും? നമുക്കു നേരിടാം. എന്റെ പ്രതിയോഗി ആര്? അയാൾ എന്റെ നേരെ വരട്ടെ. ദൈവമായ സർവേശ്വരൻ എന്നെ സഹായിക്കുന്നുണ്ട്. ആരാണ് എന്നെ കുറ്റം വിധിക്കുക? ഇരട്ടവാലൻ കരളുന്ന വസ്ത്രംപോലെ അവർ ദ്രവിച്ച് ഇല്ലാതെയാകും. സർവേശ്വരനെ ഭയപ്പെട്ട് അവിടുത്തെ ദാസന്റെ വാക്ക് അനുസരിക്കുകയും വെളിച്ചമില്ലാതെ ഇരുളിൽ നടന്നിട്ടും സർവേശ്വരന്റെ നാമത്തിൽ ആശ്രയിച്ചും ദൈവത്തിൽ അഭയം തേടുകയും ചെയ്യുന്നവൻ നിങ്ങളിൽ ആരാണ്? മറ്റുള്ളവരെ നശിപ്പിക്കാൻ തീ കത്തിക്കുകയും തീക്കൊള്ളി മിന്നിക്കുകയും ചെയ്യുന്നവരേ, നിങ്ങൾ കത്തിച്ച തീയുടെയും മിന്നിച്ച കൊള്ളിയുടെയും അടുത്തേക്കു പോകുവിൻ. എന്റെ കൈയിൽനിന്ന് ഇതായിരിക്കും നിങ്ങൾക്കു ലഭിക്കുക. നിങ്ങൾ പീഡനം സഹിച്ചു കിടക്കും.
യെശയ്യാവ് 50:4-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
തളർന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിന് യഹോവയായ കർത്താവ് എനിക്ക് ശിഷ്യന്മാരുടെ നാവ് തന്നിരിക്കുന്നു; അവൻ രാവിലെതോറും ഉണർത്തുന്നു; ശിഷ്യന്മാരെപ്പോലെ കേൾക്കേണ്ടതിന് അവൻ എന്റെ ചെവി ഉണർത്തുന്നു. യഹോവയായ കർത്താവ് എന്റെ ചെവി തുറന്നു; ഞാനോ മറുത്തുനിന്നില്ല; പിന്തിരിഞ്ഞതുമില്ല. അടിക്കുന്നവർക്ക്, ഞാൻ എന്റെ മുതുകും രോമം പറിക്കുന്നവർക്ക്, എന്റെ കവിളും കാണിച്ചുകൊടുത്തു; എന്റെ മുഖം നിന്ദയ്ക്കും തുപ്പലിനും മറച്ചിട്ടുമില്ല. യഹോവയായ കർത്താവ് എന്നെ സഹായിക്കും; അതുകൊണ്ട് ഞാൻ അമ്പരന്നുപോകുകയില്ല; അതുകൊണ്ട് ഞാൻ എന്റെ മുഖം തീക്കല്ലുപോലെ ആക്കിയിരിക്കുന്നു; ഞാൻ ലജ്ജിച്ചു പോകുകയില്ല എന്നു ഞാൻ അറിയുന്നു. എന്നെ നീതീകരിക്കുന്ന ദൈവം സമീപത്തുണ്ട്; എന്നോട് വാദിക്കുന്നവൻ ആര്‍? നമുക്കു തമ്മിൽ ഒന്ന് നോക്കാം; എന്റെ പ്രതിയോഗി ആര്‍? അവൻ ഇങ്ങുവരട്ടെ. ഇതാ, യഹോവയായ കർത്താവ് എന്നെ സഹായിക്കുന്നു; എന്നെ കുറ്റം വിധിക്കുന്നവൻ ആര്‍? അവരെല്ലാവരും വസ്ത്രംപോലെ പഴകിപ്പോകും? പുഴു അവരെ തിന്നുകളയും. നിങ്ങളിൽ യഹോവയെ ഭയപ്പെടുകയും അവന്റെ ദാസന്‍റെ വാക്കുകേട്ട് അനുസരിക്കുകയും ചെയ്യുന്നവൻ ആര്‍? തനിക്കു പ്രകാശം ഇല്ലാതെ അന്ധകാരത്തിൽ നടന്നാലും അവൻ യഹോവയുടെ നാമത്തിൽ ആശ്രയിച്ച് തന്റെ ദൈവത്തിന്മേൽ ചാരിക്കൊള്ളട്ടെ. ഹാ, തീ കത്തിച്ചു തീയമ്പുകൾ അരയ്ക്ക് കെട്ടുന്നവരേ, നിങ്ങൾ എല്ലാവരും നിങ്ങളുടെ തീയുടെ വെളിച്ചത്തിലും നിങ്ങൾ കൊളുത്തിയിരിക്കുന്ന തീയമ്പുകളുടെ ഇടയിലും നടക്കുവിൻ; എന്‍റെ കയ്യാൽ ഇതു നിങ്ങൾക്ക് ഭവിക്കും; നിങ്ങൾ വ്യസനത്തോടെ കിടക്കേണ്ടിവരും.
യെശയ്യാവ് 50:4-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
തളർന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിന്നു യഹോവയായ കർത്താവു എനിക്കു ശിഷ്യന്മാരുടെ നാവു തന്നിരിക്കുന്നു; അവൻ രാവിലെതോറും ഉണർത്തുന്നു; ശിഷ്യന്മാരെപ്പോലെ കേൾക്കേണ്ടതിന്നു അവൻ എന്റെ ചെവി ഉണർത്തുന്നു. യഹോവയായ കർത്താവു എന്റെ ചെവി തുറന്നു; ഞാനോ മറുത്തുനിന്നില്ല; പിന്തിരിഞ്ഞതുമില്ല. അടിക്കുന്നവർക്കു, ഞാൻ എന്റെ മുതുകും രോമം പറിക്കുന്നവർക്കു, എന്റെ കവിളും കാണിച്ചുകൊടുത്തു; എന്റെ മുഖം നിന്ദെക്കും തുപ്പലിന്നും മറെച്ചിട്ടുമില്ല. യഹോവയായ കർത്താവു എന്നെ സഹായിക്കും; അതുകൊണ്ടു ഞാൻ അമ്പരന്നുപോകയില്ല; അതുകൊണ്ടു ഞാൻ എന്റെ മുഖം തീക്കല്ലുപോലെ ആക്കിയിരിക്കുന്നു; ഞാൻ ലജ്ജിച്ചുപോകയില്ല എന്നു ഞാൻ അറിയുന്നു. എന്നെ നീതീകരിക്കുന്നവൻ സമീപത്തുണ്ടു; എന്നോടു വാദിക്കുന്നവൻ ആർ? നമുക്കു തമ്മിൽ ഒന്നു നോക്കാം; എന്റെ പ്രതിയോഗി ആർ? അവൻ ഇങ്ങു വരട്ടെ. ഇതാ, യഹോവയായ കർത്താവു എന്നെ തുണെക്കുന്നു; എന്നെ കുറ്റം വിധിക്കുന്നവൻ ആർ? അവരെല്ലാവരും വസ്ത്രം പോലെ പഴകിപ്പോകും? പുഴു അവരെ തിന്നുകളയും. നിങ്ങളിൽ യഹോവയെ ഭയപ്പെടുകയും അവന്റെ ദാസന്റെ വാക്കു കേട്ടനുസരിക്കയും ചെയ്യുന്നവൻ ആർ? തനിക്കു പ്രകാശം ഇല്ലാതെ അന്ധകാരത്തിൽ നടന്നാലും അവൻ യഹോവയുടെ നാമത്തിൽ ആശ്രയിച്ചു തന്റെ ദൈവത്തിന്മേൽ ചാരിക്കൊള്ളട്ടെ. ഹാ, തീ കത്തിച്ചു തീയമ്പുകൾ അരെക്കു കെട്ടുന്നവരേ, നിങ്ങൾ എല്ലാവരും നിങ്ങളുടെ തീയുടെ വെളിച്ചത്തിലും നിങ്ങൾ കൊളുത്തിയിരിക്കുന്ന തീയമ്പുകളുടെ ഇടയിലും നടപ്പിൻ; എന്റെ കയ്യാൽ ഇതു നിങ്ങൾക്കു ഭവിക്കും; നിങ്ങൾ വ്യസനത്തോടെ കിടക്കേണ്ടിവരും.
യെശയ്യാവ് 50:4-11 സമകാലിക മലയാളവിവർത്തനം (MCV)
തളർന്നിരിക്കുന്നവനോട് സമയോചിതമായ ഒരു വാക്കു സംസാരിക്കാൻ യഹോവയായ കർത്താവ് എനിക്കു പരിശീലനംസിദ്ധിച്ചവരുടെ നാവു തന്നിരിക്കുന്നു. അവിടന്ന് എന്നെ പ്രഭാതംതോറും ഉണർത്തുന്നു, പരിശീലനംനേടുന്നവരെപ്പോലെ കേൾക്കേണ്ടതിന് അവിടന്ന് എന്റെ ചെവി ഉണർത്തുന്നു. യഹോവയായ കർത്താവ് എന്റെ ചെവി തുറന്നു; ഞാനോ, എതിർത്തില്ല; ഒഴിഞ്ഞുമാറിയതുമില്ല. എന്നെ അടിച്ചവർക്ക് ഞാൻ എന്റെ മുതുകും രോമം പറിച്ചവർക്ക് ഞാൻ കവിളും കാട്ടിക്കൊടുത്തു. പരിഹാസത്തിൽനിന്നും തുപ്പലിൽനിന്നും ഞാൻ എന്റെ മുഖം മറച്ചുകളഞ്ഞില്ല. യഹോവയായ കർത്താവ് എന്നെ സഹായിക്കും; അതിനാൽ ഞാൻ അപമാനിതനാകുകയില്ല. തന്മൂലം ഞാൻ എന്റെ മുഖം തീക്കല്ലുപോലെയാക്കി, ഞാൻ ലജ്ജിച്ചുപോകുകയില്ല എന്ന് എനിക്കറിയാം. എന്നെ കുറ്റവിമുക്തനാക്കുന്നവൻ സമീപത്തുണ്ട്. അപ്പോൾ എനിക്കെതിരേ ആരോപണവുമായി ആർ വരും? നമുക്ക് പരസ്പരം വാദിക്കാം! എന്റെ അന്യായക്കാരൻ ആർ? അയാൾ എന്റെ സമീപത്ത് വരട്ടെ! ഇതാ, യഹോവയായ കർത്താവ് എന്നെ സഹായിക്കും. എന്നെ ആർ കുറ്റംവിധിക്കും? അവർ എല്ലാവരും വസ്ത്രംപോലെ പഴകിപ്പോകും; പുഴു അവരെ തിന്നൊടുക്കും. നിങ്ങളിൽ ആർ യഹോവയെ ഭയപ്പെടും? അവിടത്തെ ദാസന്റെ ശബ്ദം ആർ അനുസരിക്കും? പ്രകാശമില്ലാത്തവർ ഇരുട്ടിൽ നടന്നുകൊള്ളട്ടെ, അവൻ യഹോവയുടെ നാമത്തിൽ അഭയം തേടുകയും തന്റെ ദൈവത്തിൽ ആശ്രയിക്കുകയും ചെയ്യട്ടെ. എന്നാൽ ഇപ്പോൾ തീ കത്തിക്കുന്നവരായ എല്ലാവരുമേ, സ്വന്തം ആവശ്യത്തിന് പന്തങ്ങൾ കൊളുത്തുന്നവരേ, നിങ്ങൾ കത്തിച്ച അഗ്നിയുടെ പ്രകാശത്തിലും നിങ്ങൾ കൊളുത്തിയ പന്തത്തിന്റെ വെളിച്ചത്തിലും നടന്നുകൊള്ളുക. ഇതാണ് എന്റെ കൈയിൽനിന്ന് നിങ്ങൾക്കു ലഭിക്കാനിരിക്കുന്നത്. നിങ്ങൾ യാതനയിൽത്തന്നെ കഴിയേണ്ടിവരും.