യെശയ്യാവ് 5:8-12
യെശയ്യാവ് 5:8-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ ഇതാ, അന്യായം! നീതിക്കായി നോക്കിയിരുന്നു; എന്നാൽ ഇതാ, ഭീതി! തങ്ങൾ മാത്രം ദേശമധ്യേ പാർക്കത്തക്കവണ്ണം മറ്റാർക്കും സ്ഥലം ഇല്ലാതാകുവോളവും വീടോടു വീടു ചേർക്കുകയും വയലോടു വയൽ കൂട്ടുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം! ഞാൻ കേൾക്കെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തത്: വലിയതും നല്ലതുമായിരിക്കുന്ന പല വീടുകളും ആൾപ്പാർപ്പില്ലാതെ ശൂന്യമാകും നിശ്ചയം. പത്തു കാണി മുന്തിരിത്തോട്ടത്തിൽനിന്ന് ഒരു ബത്തും ഒരു ഹോമർ വിത്തിൽനിന്ന് ഒരു ഏഫായും മാത്രം കിട്ടും. അതികാലത്ത് എഴുന്നേറ്റു മദ്യം തേടി ഓടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്തു വൈകി ഇരിക്കയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം! അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും തപ്പും കുഴലും വീഞ്ഞും ഉണ്ട്; എന്നാൽ യഹോവയുടെ പ്രവൃത്തിയെ അവർ നോക്കുന്നില്ല, അവന്റെ കൈവേലയെ വിചാരിക്കുന്നതുമില്ല.
യെശയ്യാവ് 5:8-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മറ്റാർക്കും പാർക്കാൻ ഇടം നല്‌കാതെ വീടിനോടു വീടും വയലിനോടു വയലും ചേർത്ത് ദേശത്തു തനിച്ചു പാർക്കുന്നവർക്ക് ദുരിതം. സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നത് ഞാൻ കേട്ടു. നിരവധി ഗൃഹങ്ങൾ ശൂന്യമാകും. മനോഹരമായ വൻമന്ദിരങ്ങൾ നിർജനമാകും. പത്തേക്കർ മുന്തിരിത്തോട്ടത്തിൽനിന്ന് ഒരു ബത്ത് വീഞ്ഞും ഒരു ഹോമർ വിത്തിൽനിന്ന് ഒരു ഏഫാ ധാന്യവും മാത്രം വിളവു ലഭിക്കും. ലഹരി പിടിപ്പിക്കുന്ന മദ്യത്തിന്റെ പിന്നാലെ ഓടാൻ അതിരാവിലെ എഴുന്നേല്‌ക്കുകയും കുടിച്ചു മത്തരാകാൻ വളരെ വൈകുന്നതുവരെ കാത്തിരിക്കുകയും ചെയ്യുന്നവർക്കു ഹാ ദുരിതം! അവരുടെ വിരുന്നുകളിൽ വീണയും കിന്നരവും തപ്പും കുഴലും മാത്രമല്ല വീഞ്ഞും ഉണ്ട്. എന്നാൽ അവർ സർവേശ്വരന്റെ പ്രവൃത്തികളെ ഗൗനിക്കുന്നില്ല; അവിടുത്തെ കരങ്ങളുടെ പ്രവൃത്തി കാണുന്നുമില്ല.
യെശയ്യാവ് 5:8-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവർ മാത്രം ദേശമദ്ധ്യത്തിൽ പാർക്കത്തക്കവിധം മറ്റാർക്കും സ്ഥലം ഇല്ലാതാകുവോളവും വീടോടു വീടു ചേർക്കുകയും വയലോടു വയൽ കൂട്ടുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം! ഞാൻ കേൾക്കെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തത്: “വലിയതും നല്ലതുമായിരിക്കുന്ന പലവീടുകളും ആൾ പാർപ്പില്ലാതെ ശൂന്യമാകും നിശ്ചയം. പത്തേക്കർ മുന്തിരിത്തോട്ടത്തിൽനിന്ന് ഒരു ബത്തും ഒരു ഹോമർ വിത്തിൽനിന്ന് ഒരു ഏഫായും മാത്രം കിട്ടും.” അതികാലത്ത് എഴുന്നേറ്റു മദ്യം തേടി ഓടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്ത് വൈകി ഇരിക്കുകയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം! അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും തപ്പും കുഴൽവാദ്യവും വീഞ്ഞും ഉണ്ട്; എന്നാൽ യഹോവയുടെ പ്രവൃത്തിയെ അവർ നോക്കുന്നില്ല, അവന്റെ കൈവേലയെ പരിഗണിക്കുന്നതുമില്ല.
യെശയ്യാവ് 5:8-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
തങ്ങൾ മാത്രം ദേശമദ്ധ്യേ പാർക്കത്തക്കവണ്ണം മറ്റാർക്കും സ്ഥലം ഇല്ലാതാകുവോളവും വീടോടു വീടു ചേർക്കുകയും വയലോടു വയൽ കൂട്ടുകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം! ഞാൻ കേൾക്കെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തതു: വലിയതും നല്ലതുമായിരിക്കുന്ന പല വീടുകളും ആൾ പാർപ്പില്ലാതെ ശൂന്യമാകും നിശ്ചയം. പത്തു കാണി മുന്തിരിത്തോട്ടത്തിൽനിന്നു ഒരു ബത്തും ഒരു ഹോമർ വിത്തിൽനിന്നു ഒരു ഏഫയും മാത്രം കിട്ടും. അതികാലത്തു എഴുന്നേറ്റു മദ്യം തേടി ഓടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്തു വൈകി ഇരിക്കയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം! അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും തപ്പും കുഴലും വീഞ്ഞും ഉണ്ടു; എന്നാൽ യഹോവയുടെ പ്രവൃത്തിയെ അവർ നോക്കുന്നില്ല, അവന്റെ കൈവേലയെ വിചാരിക്കുന്നതുമില്ല.
യെശയ്യാവ് 5:8-12 സമകാലിക മലയാളവിവർത്തനം (MCV)
മറ്റുള്ളവർക്കു സ്ഥലം ശേഷിക്കാതവണ്ണം ദേശത്തിൽ തങ്ങൾക്കുമാത്രം ജീവിക്കാൻ കഴിയുംവിധം വീടിനോടു വീട് ചേർക്കുകയും നിലത്തോടു നിലം കൂട്ടുകയും ചെയ്യുന്നവർക്കു ഹാ, കഷ്ടം! ഞാൻ കേൾക്കെ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: “രമ്യഹർമ്യങ്ങൾ ശൂന്യമാകും, നിശ്ചയം, വലുതും മനോഹരവുമായ അരമനകളിൽ നിവാസികൾ ഇല്ലാതെയാകും. പത്ത് ഏക്കർ മുന്തിരിത്തോപ്പിൽനിന്ന് ഒരു ബത്തു വീഞ്ഞുമാത്രം ലഭിക്കും; ഒരു ഹോമർ വിത്തിൽനിന്ന് ഒരു ഏഫാ ധാന്യംമാത്രം കിട്ടും.” മദ്യത്തിന്റെ പിറകെ ഓടാനായി അതിരാവിലെ എഴുന്നേൽക്കുകയും വീഞ്ഞു തങ്ങളെ മത്തു പിടിപ്പിക്കുംവരെ, രാത്രിയിൽ ഉറങ്ങാതെ കാത്തിരിക്കുകയും ചെയ്യുന്നവർക്കു ഹാ, കഷ്ടം! അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും തപ്പും കുഴലും വീഞ്ഞും ഉണ്ട്, എങ്കിലും യഹോവയുടെ പ്രവൃത്തികൾ അവർ ശ്രദ്ധിക്കുന്നില്ല; അവിടത്തെ കൈവേലയെപ്പറ്റി യാതൊരു ബഹുമാനവുമില്ല.