യെശയ്യാവ് 5:1-30

യെശയ്യാവ് 5:1-30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞാൻ എന്റെ പ്രിയതമന് അവന്റെ മുന്തിരിത്തോട്ടത്തെക്കുറിച്ച് എന്റെ പ്രിയന്റെ പാട്ടു പാടും; എന്റെ പ്രിയതമന് ഏറ്റവും ഫലവത്തായോരു കുന്നിന്മേൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. അവൻ അതിനു വേലി കെട്ടി, അതിലെ കല്ലു പെറുക്കിക്കളഞ്ഞു, അതിൽ നല്ലവക മുന്തിരിവള്ളി നട്ടു, നടുവിൽ ഒരു ഗോപുരം പണിതു, ഒരു ചക്കും ഇട്ടു, മുന്തിരിങ്ങ കായിക്കും എന്ന് അവൻ കാത്തിരുന്നു; കായിച്ചതോ കാട്ടുമുന്തിരിങ്ങയത്രേ. ആകയാൽ യെരൂശലേംനിവാസികളും യെഹൂദാപുരുഷന്മാരും ആയുള്ളോരേ, എനിക്കും എന്റെ മുന്തിരിത്തോട്ടത്തിനും മധ്യേ വിധിപ്പിൻ. ഞാൻ എന്റെ മുന്തിരിത്തോട്ടത്തിൽ ചെയ്തിട്ടുള്ളതല്ലാതെ ഇനി അതിൽ എന്തു ചെയ്‍വാനുള്ളൂ? മുന്തിരിങ്ങ കായിക്കുമെന്നു ഞാൻ കാത്തിരുന്നാറെ അതു കാട്ടുമുന്തിരിങ്ങ കായിച്ചത് എന്ത്? ആകയാൽ വരുവിൻ; ഞാൻ എന്റെ മുന്തിരിത്തോട്ടത്തോട് എന്തു ചെയ്യും എന്നു നിങ്ങളോട് അറിയിക്കാം; ഞാൻ അതിന്റെ വേലി പൊളിച്ചുകളയും; അതു തിന്നു പോകും; ഞാൻ അതിന്റെ മതിൽ ഇടിച്ചുകളയും; അതു ചവിട്ടി മെതിച്ചുപോകും. ഞാൻ അതിനെ ശൂന്യമാക്കും; അതു വള്ളിത്തല മുറിക്കാതെയും കിളയ്ക്കാതെയും ഇരിക്കും; പറക്കാരയും മുള്ളും അതിൽ മുളയ്ക്കും; അതിൽ മഴ പെയ്യിക്കരുതെന്നു ഞാൻ മേഘങ്ങളോടു കല്പിക്കും. സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോട്ടം യിസ്രായേൽഗൃഹവും അവന്റെ മനോഹരമായ നടുതല യെഹൂദാപുരുഷന്മാരും ആകുന്നു; അവൻ ന്യായത്തിനായി കാത്തിരുന്നു; എന്നാൽ ഇതാ, അന്യായം! നീതിക്കായി നോക്കിയിരുന്നു; എന്നാൽ ഇതാ, ഭീതി! തങ്ങൾ മാത്രം ദേശമധ്യേ പാർക്കത്തക്കവണ്ണം മറ്റാർക്കും സ്ഥലം ഇല്ലാതാകുവോളവും വീടോടു വീടു ചേർക്കുകയും വയലോടു വയൽ കൂട്ടുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം! ഞാൻ കേൾക്കെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തത്: വലിയതും നല്ലതുമായിരിക്കുന്ന പല വീടുകളും ആൾപ്പാർപ്പില്ലാതെ ശൂന്യമാകും നിശ്ചയം. പത്തു കാണി മുന്തിരിത്തോട്ടത്തിൽനിന്ന് ഒരു ബത്തും ഒരു ഹോമർ വിത്തിൽനിന്ന് ഒരു ഏഫായും മാത്രം കിട്ടും. അതികാലത്ത് എഴുന്നേറ്റു മദ്യം തേടി ഓടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്തു വൈകി ഇരിക്കയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം! അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും തപ്പും കുഴലും വീഞ്ഞും ഉണ്ട്; എന്നാൽ യഹോവയുടെ പ്രവൃത്തിയെ അവർ നോക്കുന്നില്ല, അവന്റെ കൈവേലയെ വിചാരിക്കുന്നതുമില്ല. അങ്ങനെ എന്റെ ജനം അറിവില്ലായ്കയാൽ പ്രവാസത്തിലേക്കു പോകുന്നു; അവരുടെ മാന്യന്മാർ പട്ടിണി കിടക്കുന്നു; അവരുടെ ജനസമൂഹം ദാഹത്താൽ വരണ്ടുപോകുന്നു. അതുകൊണ്ടു പാതാളം തൊണ്ട തുറന്നു, വിസ്താരമായി വായ് പിളർന്നിരിക്കുന്നു; അവരുടെ മഹിമയും ആരവവും ഘോഷവും അവയിൽ ഉല്ലസിക്കുന്നവരും അതിലേക്ക് ഇറങ്ങിപ്പോകുന്നു. അങ്ങനെ മനുഷ്യൻ കുനിയുകയും പുരുഷൻ വണങ്ങുകയും നിഗളികളുടെ കണ്ണ് താഴുകയും ചെയ്യും. എന്നാൽ സൈന്യങ്ങളുടെ യഹോവ ന്യായവിധിയിൽ ഉന്നതനായിരിക്കയും പരിശുദ്ധദൈവം നീതിയിൽ തന്നെത്താൻ പരിശുദ്ധനായി കാണിക്കയും ചെയ്യും. അപ്പോൾ കുഞ്ഞാടുകൾ മേച്ചൽപ്പുറത്തെന്നപോലെ മേയും; പുഷ്‍ടിയുള്ളവരുടെ ശൂന്യപ്രദേശങ്ങളെ സഞ്ചാരികൾ അനുഭവിക്കും. വ്യാജപാശംകൊണ്ട് അകൃത്യത്തെയും വണ്ടിക്കയറുകൊണ്ട് എന്നപോലെ പാപത്തെയും വലിക്കയും അവൻ ബദ്ധപ്പെട്ടു തന്റെ പ്രവൃത്തിയെ വേഗത്തിൽ നിവർത്തിക്കട്ടെ; കാണാമല്ലോ; യിസ്രായേലിൻ പരിശുദ്ധന്റെ ആലോചന അടുത്തുവരട്ടെ; നമുക്ക് അറിയാമല്ലോ എന്നു പറകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം! തിന്മയ്ക്ക് നന്മ എന്നും നന്മയ്ക്കു തിന്മ എന്നും പേർ പറകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും കയ്പിനെ മധുരവും മധുരത്തെ കയ്പും ആക്കുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം! തങ്ങൾക്കുതന്നെ ജ്ഞാനികളായും തങ്ങൾക്കുതന്നെ വിവേകികളായും തോന്നുന്നവർക്ക് അയ്യോ കഷ്ടം! വീഞ്ഞു കുടിപ്പാൻ വീരന്മാരും മദ്യം കലർത്തുവാൻ ശൂരന്മാരും ആയുള്ളവർക്കും സമ്മാനം നിമിത്തം ദുഷ്ടനെ നീതീകരിക്കയും നീതിമാന്റെ നീതിയെ ഇല്ലാതാക്കുകയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം! അതുകൊണ്ടു തീനാവു താളടിയെ തിന്നുകളകയും വൈക്കോൽ ജ്വാലയാൽ ദഹിച്ചുപോകയും ചെയ്യുന്നതുപോലെ അവരുടെ വേരു കെട്ടുപോകും; അവരുടെ പുഷ്പം പൊടിപോലെ പറന്നുപോകും; അവർ സൈന്യങ്ങളുടെ യഹോവയുടെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു, യിസ്രായേലിൻപരിശുദ്ധന്റെ വചനത്തെ നിന്ദിച്ചുകളഞ്ഞിരിക്കുന്നു. അതുനിമിത്തം യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരേ ജ്വലിക്കും; അവൻ അവരുടെ നേരേ കൈ നീട്ടി അവരെ ദണ്ഡിപ്പിക്കും; അപ്പോൾ മലകൾ വിറയ്ക്കയും അവരുടെ ശവങ്ങൾ വീഥികളുടെ നടുവിൽ ചവറുപോലെ ആയിത്തീരുകയും ചെയ്യും; ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും. അവൻ ദൂരത്തുള്ള ജാതികൾക്ക് ഒരു കൊടി ഉയർത്തി, ഭൂമിയുടെ അറ്റത്തുനിന്ന് അവരെ ചൂളകുത്തിവിളിക്കും; അവർ ബദ്ധപ്പെട്ടു വേഗത്തിൽ വരും. അവരിൽ ഒരുത്തനും ക്ഷീണിക്കയോ ഇടറുകയോ ചെയ്കയില്ല; ഒരുത്തനും ഉറക്കം തൂങ്ങുകയില്ല, ഉറങ്ങുകയുമില്ല; അവരുടെ അരക്കച്ച അഴികയില്ല, ചെരുപ്പുവാറു പൊട്ടുകയുമില്ല. അവരുടെ അമ്പ് കൂർത്തും വില്ല് എല്ലാം കുലച്ചും ഇരിക്കുന്നു; അവരുടെ കുതിരകളുടെ കുളമ്പു തീക്കല്ലുപോലെയും അവരുടെ രഥചക്രം ചുഴലിക്കാറ്റുപോലെയും തോന്നും. അവരുടെ ഗർജനം സിംഹത്തിൻറേതുപോലെ ഇരിക്കും; അവർ ബാലസിംഹങ്ങളെപ്പോലെ ഗർജിക്കും; അവർ അലറി, ഇര പിടിച്ചു കൊണ്ടുപോകും; ആരും വിടുവിക്കയും ഇല്ല. അന്നാളിൽ അവർ കടലിന്റെ അലർച്ചപോലെ അവരുടെ നേരേ അലറും; ദേശത്തു നോക്കിയാൽ ഇതാ, അന്ധകാരവും കഷ്ടതയും തന്നെ; അതിന്റെ മേഘങ്ങളിൽ വെളിച്ചം ഇരുണ്ടുപോകും.

യെശയ്യാവ് 5:1-30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഫലഭൂയിഷ്ഠമായ ഒരു കുന്നിൽ എന്റെ പ്രിയന് ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു; എന്റെ പ്രിയനെയും അദ്ദേഹത്തിന്റെ മുന്തിരിത്തോട്ടത്തെയും കുറിച്ച് ഒരു പ്രേമഗാനം ഞാൻ ആലപിക്കട്ടെ. അവൻ നിലം കിളച്ചൊരുക്കി; കല്ലുകൾ നീക്കി, നല്ലയിനം മുന്തിരിവള്ളി നട്ടു. അതിന്റെ നടുവിൽ ഒരു കാവൽമാടം പണിതു. അതിലൊരു മുന്തിരിച്ചക്കും സ്ഥാപിച്ചു. മുന്തിരിക്കനിയും കാത്ത് അവനിരുന്നു, കായ്ച്ചതോ കാട്ടുമുന്തിരിങ്ങാ! യെരൂശലേംനിവാസികളേ, യെഹൂദാജനങ്ങളേ, എന്നെയും എന്റെ മുന്തിരിത്തോട്ടത്തെയും നിങ്ങൾത്തന്നെ വിധിക്കൂ. എന്റെ മുന്തിരിത്തോട്ടത്തിൽ ഇതിലധികം എന്താണു ഞാൻ ചെയ്യേണ്ടിയിരുന്നത്? ഇനി ഞാൻ ഈ മുന്തിരിത്തോട്ടത്തോട് എന്തു ചെയ്യും? അതിന്റെ വേലി ഞാൻ പൊളിച്ചുകളയും. അതങ്ങനെ നശിച്ചുപോകും; അതിന്റെ മതിൽ ഇടിച്ചു നിരത്തും; തോട്ടം ചവുട്ടിമെതിക്കപ്പെടും. ഞാൻ അതിനെ ശൂന്യമാക്കും. തോട്ടത്തിലെ വള്ളിത്തലപ്പുകൾ മുറിക്കുകയോ, മുന്തിരിത്തോട്ടം കിളയ്‍ക്കുകയോ ചെയ്യുകയില്ല. അതിൽ മുൾച്ചെടികളും മുള്ളും വളരും. അവിടെ മഴ ചൊരിയരുതെന്നു ഞാൻ മേഘങ്ങളോടു കല്പിക്കും. സർവശക്തനായ സർവേശ്വരന്റെ മുന്തിരിത്തോട്ടം ഇസ്രായേൽ ജനത! യെഹൂദാജനം അവിടുത്തെ പ്രിയപ്പെട്ട മുന്തിരിച്ചെടികൾ! അവിടുന്നു നീതിക്കായി കാത്തിരുന്നു; ഉണ്ടായതോ രക്തച്ചൊരിച്ചിൽ! ധർമനിഷ്ഠയ്‍ക്കു പകരം ഇതാ നിലവിളി! മറ്റാർക്കും പാർക്കാൻ ഇടം നല്‌കാതെ വീടിനോടു വീടും വയലിനോടു വയലും ചേർത്ത് ദേശത്തു തനിച്ചു പാർക്കുന്നവർക്ക് ദുരിതം. സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നത് ഞാൻ കേട്ടു. നിരവധി ഗൃഹങ്ങൾ ശൂന്യമാകും. മനോഹരമായ വൻമന്ദിരങ്ങൾ നിർജനമാകും. പത്തേക്കർ മുന്തിരിത്തോട്ടത്തിൽനിന്ന് ഒരു ബത്ത് വീഞ്ഞും ഒരു ഹോമർ വിത്തിൽനിന്ന് ഒരു ഏഫാ ധാന്യവും മാത്രം വിളവു ലഭിക്കും. ലഹരി പിടിപ്പിക്കുന്ന മദ്യത്തിന്റെ പിന്നാലെ ഓടാൻ അതിരാവിലെ എഴുന്നേല്‌ക്കുകയും കുടിച്ചു മത്തരാകാൻ വളരെ വൈകുന്നതുവരെ കാത്തിരിക്കുകയും ചെയ്യുന്നവർക്കു ഹാ ദുരിതം! അവരുടെ വിരുന്നുകളിൽ വീണയും കിന്നരവും തപ്പും കുഴലും മാത്രമല്ല വീഞ്ഞും ഉണ്ട്. എന്നാൽ അവർ സർവേശ്വരന്റെ പ്രവൃത്തികളെ ഗൗനിക്കുന്നില്ല; അവിടുത്തെ കരങ്ങളുടെ പ്രവൃത്തി കാണുന്നുമില്ല. അങ്ങനെ എന്റെ ജനം അജ്ഞതയാൽ പ്രവാസത്തിലേക്കു നീങ്ങുന്നു. അവരുടെ നേതാക്കൾ പട്ടിണികൊണ്ടു മരിക്കുന്നു; അവരുടെ ജനങ്ങൾ ദാഹിച്ചു പൊരിയുന്നു. അതുകൊണ്ട് പാതാളം ആർത്തിയോടെ വിസ്താരത്തിൽ വായ് തുറന്നിരിക്കുന്നു. യെരൂശലേമിലെ പ്രഭുക്കന്മാരും സാമാന്യജനവും അവളിൽ ആഹ്ലാദിക്കുകയും അഭിമാനംകൊള്ളുകയും ചെയ്യുന്നവരും അതിൽ താണുപോകും. എല്ലാവരും അപമാനിതരാകും. അഹങ്കാരികൾ ലജ്ജിതരാകും. നീതിനിർവഹണത്തിൽ സർവശക്തനായ സർവേശ്വരൻ സമുന്നതനാണ്. പരിശുദ്ധനായ ദൈവം നീതിനിർവഹണത്തിലൂടെ അവിടുത്തെ വിശുദ്ധി വെളിപ്പെടുത്തുന്നു. അപ്പോൾ തടിച്ചുകൊഴുത്ത മൃഗങ്ങളും ആട്ടിൻകുട്ടികളും നാശാവശിഷ്ടങ്ങൾക്കിടയിൽ മേയും. കുഞ്ഞാടുകൾ മേച്ചിൽസ്ഥലങ്ങളിലെന്നപോലെ അവിടെ മേഞ്ഞുനടക്കും. വ്യാജത്തിന്റെ കയറുകൊണ്ട് അധർമവും വണ്ടിക്കയറുകൊണ്ടു പാപവും കെട്ടി വലിക്കുന്നവർക്ക് ഹാ ദുരിതം! അവർ പറയുന്നു: “തനിക്കു ചെയ്യാനുള്ളത് അവിടുന്നു ചെയ്യട്ടെ; അതു തിടുക്കത്തിലായിക്കൊള്ളട്ടെ. നമുക്കു കാണാമല്ലോ; ഇസ്രായേലിന്റെ പരിശുദ്ധന്റെ ഉദ്ദേശ്യം വെളിപ്പെടട്ടെ. നമുക്ക് അറിയാമല്ലോ. തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുകയും ഇരുളിനെ വെളിച്ചവും വെളിച്ചത്തെ ഇരുളും ആക്കുകയും കയ്പിനെ മധുരവും മധുരത്തെ കയ്പും ആക്കുകയും ചെയ്യുന്നവർക്കു ഹാ ദുരിതം! സ്വന്തം തോട്ടത്തിൽ ജ്ഞാനികളും സ്വന്തം ദൃഷ്‍ടികളിൽ വിവേകികളുമായി തോന്നുന്നവർക്ക് ഹാ ദുരിതം! വീഞ്ഞു കുടിക്കുന്നതിൽ വീരന്മാരും മദ്യം തയ്യാറാക്കുന്നതിൽ വിരുതന്മാരും ആയവർക്കു ഹാ ദുരിതം! അവർ കോഴ വാങ്ങി കുറ്റക്കാരനെ വെറുതെ വിടുന്നു. നിർദോഷിക്ക് നീതി നിഷേധിക്കുന്നു. അതുകൊണ്ട് തീനാമ്പിൽ വയ്‍ക്കോലും എരിതീയിൽ ഉണക്കപ്പുല്ലുംപോലെ അവർ സമൂലം നശിക്കും. അവരുടെ പൂമൊട്ടുകൾ വാടിക്കരിഞ്ഞ് പൊടിപോലെ പാറിപ്പോകും. അവർ സർവശക്തനായ സർവേശ്വരന്റെ ധർമശാസ്ത്രം നിരാകരിക്കുകയും ഇസ്രായേലിന്റെ പരിശുദ്ധന്റെ വചനത്തെ നിന്ദിക്കുകയും ചെയ്തുവല്ലോ. തന്നിമിത്തം സർവേശ്വരന്റെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിച്ചു. അവിടുന്ന് അവരുടെ നേരെ കൈ ഉയർത്തി അവരെ ദണ്ഡിപ്പിച്ചു. പർവതങ്ങൾ പ്രകമ്പനം കൊണ്ടു. അവരുടെ ജഡങ്ങൾ വീഥികളിൽ ചവറുപോലെ നിരന്നു കിടന്നു. ഇതുകൊണ്ടൊന്നും അവിടുത്തെ കോപം ശമിച്ചില്ല; അവിടുന്നു പിന്നെയും അവരുടെനേരേ കരം ഉയർത്തിയിരിക്കുന്നു. വിദൂരസ്ഥരായ ഒരു ജനതയ്‍ക്ക് അവിടുന്ന് ഒരു അടയാളം കാട്ടി. ഭൂമിയുടെ അറ്റത്തുനിന്ന് അവരെ ചൂളം വിളിച്ച് അറിയിച്ചു. അതാ, അവർ അതിശീഘ്രം ബദ്ധപ്പെട്ടു വരുന്നു. അവരിൽ തളർന്നുപോകുന്നവർ ആരുമില്ല. ഇടറി വീഴുന്നവരും ഉറങ്ങുകയോ ഉറക്കം തൂങ്ങുകയോ ചെയ്യുന്നവരുമില്ല. അവരുടെ അരക്കച്ച അഴിയുന്നുമില്ല; ചെരുപ്പിന്റെ വാറു പൊട്ടുന്നുമില്ല. അവരുടെ അമ്പ് മൂർച്ചയേറിയത്. അവരുടെ വില്ല് കുലച്ചത്. അവരുടെ കുതിരയുടെ കുളമ്പുകൾ തീക്കല്ലുപോലെയും അവരുടെ രഥചക്രങ്ങൾ ചുഴലിക്കാറ്റുപോലെയും ആകുന്നു. അവരുടെ ഗർജനം സിംഹത്തിൻറേതുപോലെ; യുവസിംഹം കണക്കെ അവർ ഗർജിക്കുന്നു. അവർ മുരളുകയും ഇരയെ പിടിച്ചു വലിച്ചുകൊണ്ടു പോകുകയും ചെയ്യുന്നു. ആർക്കും അതിനെ രക്ഷിക്കാൻ സാധ്യമല്ല. സമുദ്രം ഗർജിക്കുന്നതുപോലെ അവർ അന്ന് അതിനെ നോക്കി ഗർജിക്കും. ദേശമാസകലം ഇതാ, ഇരുളും കഷ്ടതയും മാത്രം. അതിലെ മേഘങ്ങൾ വെളിച്ചത്തെ ഇരുട്ടിലാഴ്ത്തുന്നു.

യെശയ്യാവ് 5:1-30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഞാൻ എന്‍റെ പ്രിയതമന് ഒരു പാട്ടുപാടും; അവന്‍റെ മുന്തിരിത്തോട്ടത്തെക്കുറിച്ച് എന്‍റെ പ്രിയന്‍റെ പാട്ടുപാടും; എന്‍റെ പ്രിയതമന് ഏറ്റവും ഫലവത്തായ ഒരു കുന്നിന്മേൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. അവൻ അതിന് വേലികെട്ടി, അതിലെ കല്ല് പെറുക്കിക്കളഞ്ഞു, അതിൽ നല്ലവക മുന്തിരിവള്ളി നട്ടു, നടുവിൽ ഒരു ഗോപുരം പണിതു, ഒരു മുന്തിരിച്ചക്കും ഇട്ടു; മുന്തിരിങ്ങ കായ്ക്കും എന്നു അവൻ കാത്തിരുന്നു; കായിച്ചതോ കാട്ടുമുന്തിരിങ്ങയത്രേ. അതിനാൽ യെരൂശലേം നിവാസികളും യെഹൂദാപുരുഷന്മാരും ആയുള്ളവരേ, എനിക്കും എന്‍റെ മുന്തിരിത്തോട്ടത്തിനും മദ്ധ്യേ വിധിക്കുവിൻ. ഞാൻ എന്‍റെ മുന്തിരിത്തോട്ടത്തിൽ ചെയ്തിട്ടുള്ളതല്ലാതെ ഇനി അതിൽ എന്ത് ചെയ്യുവാനുണ്ട്? മുന്തിരിങ്ങ കായ്ക്കുമെന്നു ഞാൻ കാത്തിരുന്നപ്പോൾ അത് കാട്ടുമുന്തിരിങ്ങ കായിച്ചത് എന്ത്? അതിനാൽ വരുവിൻ; ഞാൻ എന്‍റെ മുന്തിരിത്തോട്ടത്തോട് എന്ത് ചെയ്യും എന്നു നിങ്ങളോട് അറിയിക്കാം; ഞാൻ അതിന്‍റെ വേലി പൊളിച്ചുകളയും; അത് തിന്നു പോകും; ഞാൻ അതിന്‍റെ മതിൽ ഇടിച്ചുകളയും; അത് ചവിട്ടി മെതിച്ചുപോകും. ഞാൻ അതിനെ ശൂന്യമാക്കും; അത് വള്ളിത്തല മുറിക്കാതെയും കിളയ്ക്കാതെയും ഇരിക്കും; മുൾച്ചെടിയും മുള്ളും അതിൽ മുളയ്ക്കും; അതിൽ മഴ പെയ്യിക്കരുതെന്നു ഞാൻ മേഘങ്ങളോടു കല്പിക്കും. സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോട്ടം യിസ്രായേൽ ഗൃഹവും അവന്‍റെ മനോഹരമായ നടുതല യെഹൂദാപുരുഷന്മാരും ആകുന്നു; അവൻ ന്യായത്തിനായി കാത്തിരുന്നു; എന്നാൽ ഇതാ, അന്യായം! നീതിക്കായി നോക്കിയിരുന്നു; എന്നാൽ ഇതാ ഭീതി! അവർ മാത്രം ദേശമദ്ധ്യത്തിൽ പാർക്കത്തക്കവിധം മറ്റാർക്കും സ്ഥലം ഇല്ലാതാകുവോളവും വീടോടു വീടു ചേർക്കുകയും വയലോടു വയൽ കൂട്ടുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം! ഞാൻ കേൾക്കെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തത്: “വലിയതും നല്ലതുമായിരിക്കുന്ന പലവീടുകളും ആൾ പാർപ്പില്ലാതെ ശൂന്യമാകും നിശ്ചയം. പത്തേക്കർ മുന്തിരിത്തോട്ടത്തിൽനിന്ന് ഒരു ബത്തും ഒരു ഹോമർ വിത്തിൽനിന്ന് ഒരു ഏഫായും മാത്രം കിട്ടും.” അതികാലത്ത് എഴുന്നേറ്റു മദ്യം തേടി ഓടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്ത് വൈകി ഇരിക്കുകയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം! അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും തപ്പും കുഴൽവാദ്യവും വീഞ്ഞും ഉണ്ട്; എന്നാൽ യഹോവയുടെ പ്രവൃത്തിയെ അവർ നോക്കുന്നില്ല, അവന്‍റെ കൈവേലയെ പരിഗണിക്കുന്നതുമില്ല. അങ്ങനെ എന്‍റെ ജനം അറിവില്ലായ്കയാൽ പ്രവാസത്തിലേക്കു പോകുന്നു; അവരുടെ മാന്യന്മാർ പട്ടിണികിടക്കുന്നു; അവരുടെ ജനസമൂഹം ദാഹത്താൽ വരണ്ടുപോകുന്നു. അതുകൊണ്ട് പാതാളം തൊണ്ട തുറന്നു, വിസ്താരമായി വായ് പിളർന്നിരിക്കുന്നു; അവരുടെ മഹിമയും ആരവവും ഘോഷവും അവയിൽ ഉല്ലസിക്കുന്നവരും അതിലേക്ക് ഇറങ്ങിപ്പോകുന്നു. അങ്ങനെ മനുഷ്യനെ കുനിയിപ്പിക്കുകയും പുരുഷനെ താഴ്ത്തുകയും നിഗളികളുടെ കണ്ണ് താഴുകയും ചെയ്യും. എന്നാൽ സൈന്യങ്ങളുടെ യഹോവ ന്യായവിധിയിൽ ഉന്നതനായിരിക്കുകയും പരിശുദ്ധദൈവം നീതിയിൽ തന്നെത്താൻ പരിശുദ്ധനായി കാണിക്കുകയും ചെയ്യും. അപ്പോൾ കുഞ്ഞാടുകള്‍ പുഷ്ടിയുള്ളവരുടെ ശൂന്യപ്രദേശങ്ങളില്‍ മേയും. വ്യാജചരടുകൊണ്ട് അകൃത്യത്തെയും വണ്ടിക്കയറുകൊണ്ട് എന്നപോലെ പാപത്തെയും വലിക്കുകയും “അവൻ ബദ്ധപ്പെട്ടു തന്‍റെ പ്രവൃത്തിയെ വേഗത്തിൽ നിവർത്തിക്കട്ടെ; കാണാമല്ലോ; യിസ്രായേലിൻ പരിശുദ്ധന്‍റെ ആലോചന അടുത്തുവരട്ടെ; നമുക്ക് അറിയാമല്ലോ” എന്നു പറയുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം! തിന്മയ്ക്ക് നന്മ എന്നും നന്മയ്ക്കു തിന്മ എന്നും പേര് പറയുകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും കൈപ്പിനെ മധുരവും മധുരത്തെ കയ്പും ആക്കുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം! തങ്ങൾക്കുതന്നെ ജ്ഞാനികളായും തങ്ങൾക്കുതന്നെ വിവേകികളായും തോന്നുന്നവർക്ക് അയ്യോ കഷ്ടം! വീഞ്ഞു കുടിക്കുവാൻ വീരന്മാരും മദ്യം കലർത്തുവാൻ ശൂരന്മാരും ആയുള്ളവർക്കും സമ്മാനംനിമിത്തം ദുഷ്ടനെ നീതീകരിക്കുകയും നീതിമാന്‍റെ നീതിയെ ഇല്ലാതാക്കുകയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം! അതുകൊണ്ട് തീനാവു വൈക്കോലിനെ തിന്നുകളയുകയും ഉണക്കപ്പുല്ല് ജ്വാലയാൽ ദഹിച്ചുപോകുകയും ചെയ്യുന്നതുപോലെ അവരുടെ വേര് ജീർണ്ണിച്ചുപോകും; അവരുടെ പുഷ്പം പൊടിപോലെ പറന്നുപോകും; അവർ സൈന്യങ്ങളുടെ യഹോവയുടെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു, യിസ്രായേലിൻ പരിശുദ്ധദൈവത്തിന്‍റെ വചനത്തെ നിന്ദിച്ചുകളഞ്ഞിരിക്കുന്നു. അതുനിമിത്തം യഹോവയുടെ കോപം തന്‍റെ ജനത്തിന്‍റെ നേരെ ജ്വലിക്കും; അവിടുന്ന് അവരുടെ നേരെ കൈ നീട്ടി അവരെ ദണ്ഡിപ്പിക്കും; അപ്പോൾ മലകൾ വിറയ്ക്കുകയും അവരുടെ ശവങ്ങൾ വീഥികളുടെ നടുവിൽ ചവറുപോലെ ആയിത്തീരുകയും ചെയ്യും; ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും. യഹോവ ദൂരത്തുള്ള ജനതകൾക്ക് ഒരു കൊടി ഉയർത്തി, ഭൂമിയുടെ അറ്റത്തുനിന്ന് അവരെ ചൂളമടിച്ചു വിളിക്കും; അവർ ബദ്ധപ്പെട്ടു വേഗത്തിൽ വരും. അവരിൽ ഒരുത്തനും ക്ഷീണിക്കുകയോ ഇടറുകയോ ചെയ്യുകയില്ല; ഒരുത്തനും ഉറക്കം തൂങ്ങുകയില്ല, ഉറങ്ങുകയുമില്ല; അവരുടെ അരക്കച്ച അയഞ്ഞുപോവുകയില്ല, ചെരിപ്പുവാറു പൊട്ടുകയുമില്ല. അവരുടെ അമ്പ് കൂർത്തും വില്ല് എല്ലാം കുലച്ചും ഇരിക്കുന്നു; അവരുടെ കുതിരകളുടെ കുളമ്പ് തീക്കല്ലുപോലെയും അവരുടെ രഥചക്രം ചുഴലിക്കാറ്റുപോലെയും തോന്നും. അവരുടെ ഗർജ്ജനം സിംഹത്തിന്‍റെതുപോലെ ഇരിക്കും; അവർ ബാലസിംഹങ്ങളെപ്പോലെ ഗർജ്ജിക്കും; അവർ അലറി, ഇരപിടിച്ചു കൊണ്ടുപോകും; ആരും വിടുവിക്കുകയും ഇല്ല. ആ നാളിൽ അവർ കടലിന്‍റെ അലർച്ചപോലെ അവരുടെ നേരെ അലറും; ദേശത്തു നോക്കിയാൽ ഇതാ, അന്ധകാരവും കഷ്ടതയും തന്നെ; അതിന്‍റെ മേഘങ്ങളിൽ വെളിച്ചം ഇരുണ്ടുപോകും.

യെശയ്യാവ് 5:1-30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞാൻ എന്റെ പ്രിയതമന്നു അവന്റെ മുന്തിരിത്തോട്ടത്തെക്കുറിച്ചു എന്റെ പ്രിയന്റെ പാട്ടു പാടും; എന്റെ പ്രിയതമന്നു ഏറ്റവും ഫലവത്തായോരു കുന്നിന്മേൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. അവൻ അതിന്നു വേലി കെട്ടി, അതിലെ കല്ലു പെറുക്കിക്കളഞ്ഞു, അതിൽ നല്ലവക മുന്തിരിവള്ളി നട്ടു, നടുവിൽ ഒരു ഗോപുരം പണിതു, ഒരു ചക്കും ഇട്ടു; മുന്തിരിങ്ങ കായ്ക്കും എന്നു അവൻ കാത്തിരുന്നു; കായിച്ചതോ കാട്ടുമുന്തിരിങ്ങയത്രേ. ആകയാൽ യെരൂശലേംനിവാസികളും യെഹൂദാപുരുഷന്മാരും ആയുള്ളോരേ, എനിക്കും എന്റെ മുന്തിരിത്തോട്ടത്തിന്നും മദ്ധ്യേ വിധിപ്പിൻ. ഞാൻ എന്റെ മുന്തിരിത്തോട്ടത്തിൽ ചെയ്തിട്ടുള്ളതല്ലാതെ ഇനി അതിൽ എന്തു ചെയ്‌വാനുള്ളു? മുന്തിരിങ്ങ കായ്ക്കുമെന്നു ഞാൻ കാത്തിരുന്നാറെ അതു കാട്ടുമുന്തിരിങ്ങ കായിച്ചതു എന്തു? ആകയാൽ വരുവിൻ; ഞാൻ എന്റെ മുന്തിരിത്തോട്ടത്തോടു എന്തു ചെയ്യും എന്നു നിങ്ങളോടു അറിയിക്കാം; ഞാൻ അതിന്റെ വേലി പൊളിച്ചുകളയും; അതു തിന്നു പോകും; ഞാൻ അതിന്റെ മതിൽ ഇടിച്ചുകളയും; അതു ചവിട്ടി മെതിച്ചുപോകും. ഞാൻ അതിനെ ശൂന്യമാക്കും; അതു വള്ളിത്തല മുറിക്കാതെയും കിളെക്കാതെയും ഇരിക്കും; പറക്കാരയും മുള്ളും അതിൽ മുളെക്കും; അതിൽ മഴ പെയ്യിക്കരുതെന്നു ഞാൻ മേഘങ്ങളോടു കല്പിക്കും. സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോട്ടം യിസ്രായേൽ ഗൃഹവും അവന്റെ മനോഹരമായ നടുതല യെഹൂദാപുരുഷന്മാരും ആകുന്നു; അവൻ ന്യായത്തിന്നായി കാത്തിരുന്നു; എന്നാൽ ഇതാ, അന്യായം! നീതിക്കായി നോക്കിയിരുന്നു; എന്നാൽ ഇതാ ഭീതി! തങ്ങൾ മാത്രം ദേശമദ്ധ്യേ പാർക്കത്തക്കവണ്ണം മറ്റാർക്കും സ്ഥലം ഇല്ലാതാകുവോളവും വീടോടു വീടു ചേർക്കുകയും വയലോടു വയൽ കൂട്ടുകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം! ഞാൻ കേൾക്കെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തതു: വലിയതും നല്ലതുമായിരിക്കുന്ന പല വീടുകളും ആൾ പാർപ്പില്ലാതെ ശൂന്യമാകും നിശ്ചയം. പത്തു കാണി മുന്തിരിത്തോട്ടത്തിൽനിന്നു ഒരു ബത്തും ഒരു ഹോമർ വിത്തിൽനിന്നു ഒരു ഏഫയും മാത്രം കിട്ടും. അതികാലത്തു എഴുന്നേറ്റു മദ്യം തേടി ഓടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്തു വൈകി ഇരിക്കയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം! അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും തപ്പും കുഴലും വീഞ്ഞും ഉണ്ടു; എന്നാൽ യഹോവയുടെ പ്രവൃത്തിയെ അവർ നോക്കുന്നില്ല, അവന്റെ കൈവേലയെ വിചാരിക്കുന്നതുമില്ല. അങ്ങനെ എന്റെ ജനം അറിവില്ലായ്കയാൽ പ്രവാസത്തിലേക്കു പോകുന്നു; അവരുടെ മാന്യന്മാർ പട്ടിണികിടക്കുന്നു; അവരുടെ ജനസമൂഹം ദാഹത്താൽ വരണ്ടുപോകുന്നു. അതുകൊണ്ടു പാതാളം തൊണ്ട തുറന്നു, വിസ്താരമായി വായ് പിളർന്നിരിക്കുന്നു; അവരുടെ മഹിമയും ആരവവും ഘോഷവും അവയിൽ ഉല്ലസിക്കുന്നവരും അതിലേക്കു ഇറങ്ങിപ്പോകുന്നു. അങ്ങനെ മനുഷ്യൻ കുനിയുകയും പുരുഷൻ വണങ്ങുകയും നിഗളികളുടെ കണ്ണു താഴുകയും ചെയ്യും. എന്നാൽ സൈന്യങ്ങളുടെ യഹോവ ന്യായവിധിയിൽ ഉന്നതനായിരിക്കയും പരിശുദ്ധദൈവം നീതിയിൽ തന്നെത്താൻ പരിശുദ്ധനായി കാണിക്കയും ചെയ്യും. അപ്പോൾ കുഞ്ഞാടുകൾ മേച്ചൽപുറത്തെന്നപോലെ മേയും; പുഷ്ടിയുള്ളവരുടെ ശൂന്യപ്രദേശങ്ങളെ സഞ്ചാരികൾ അനുഭവിക്കും. വ്യാജപാശംകൊണ്ടു അകൃത്യത്തെയും വണ്ടിക്കയറുകൊണ്ടു എന്നപോലെ പാപത്തെയും വലിക്കയും അവൻ ബദ്ധപ്പെട്ടു തന്റെ പ്രവൃത്തിയെ വേഗത്തിൽ നിവർത്തിക്കട്ടെ; കാണാമല്ലോ; യിസ്രായേലിൻ പരിശുദ്ധന്റെ ആലോചന അടുത്തുവരട്ടെ; നമുക്കു അറിയാമല്ലോ എന്നു പറകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം! തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും പേർ പറകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും കൈപ്പിനെ മധുരവും മധുരത്തെ കൈപ്പും ആക്കുകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം! തങ്ങൾക്കുതന്നേ ജ്ഞാനികളായും തങ്ങൾക്കു തന്നേ വിവേകികളായും തോന്നുന്നവർക്കു അയ്യോ കഷ്ടം! വീഞ്ഞു കുടിപ്പാൻ വീരന്മാരും മദ്യം കലർത്തുവാൻ ശൂരന്മാരും ആയുള്ളവർക്കും സമ്മാനംനിമിത്തം ദുഷ്ടനെ നീതീകരിക്കയും നീതിമാന്റെ നീതിയെ ഇല്ലാതാക്കുകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം! അതുകൊണ്ടു തീനാവു താളടിയെ തിന്നുകളകയും വൈക്കോൽ ജ്വാലയാൽ ദഹിച്ചുപോകയും ചെയ്യുന്നതുപോലെ അവരുടെ വേരു കെട്ടുപോകും; അവരുടെ പുഷ്പം പൊടിപോലെ പറന്നു പോകും; അവർ സൈന്യങ്ങളുടെ യഹോവയുടെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു, യിസ്രായേലിൻ പരിശുദ്ധന്റെ വചനത്തെ നിന്ദിച്ചുകളഞ്ഞിരിക്കുന്നു. അതുനിമിത്തം യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിക്കും; അവൻ അവരുടെ നേരെ കൈ നീട്ടി അവരെ ദണ്ഡിപ്പിക്കും; അപ്പോൾ മലകൾ വിറെക്കയും അവരുടെ ശവങ്ങൾ വീഥികളുടെ നടുവിൽ ചവറുപോലെ ആയിത്തീരുകയും ചെയ്യും; ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും. അവൻ ദൂരത്തുള്ള ജാതികൾക്കു ഒരു കൊടി ഉയർത്തി, ഭൂമിയുടെ അറ്റത്തുനിന്നു അവരെ ചൂളകുത്തി വിളിക്കും; അവർ ബദ്ധപ്പെട്ടു വേഗത്തിൽ വരും. അവരിൽ ഒരുത്തനും ക്ഷീണിക്കയോ ഇടറുകയോ ചെയ്കയില്ല; ഒരുത്തനും ഉറക്കം തൂങ്ങുകയില്ല, ഉറങ്ങുകയുമില്ല; അവരുടെ അരക്കച്ച അഴികയില്ല, ചെരിപ്പുവാറു പൊട്ടുകയുമില്ല. അവരുടെ അമ്പു കൂർത്തും വില്ലു എല്ലാം കുലെച്ചും ഇരിക്കുന്നു; അവരുടെ കുതിരകളുടെ കുളമ്പു തീക്കല്ലുപോലെയും അവരുടെ രഥചക്രം ചുഴലിക്കാറ്റുപോലെയും തോന്നും. അവരുടെ ഗർജ്ജനം സിംഹത്തിന്റേതുപോലെ ഇരിക്കും; അവർ ബാലസിംഹങ്ങളെപ്പോലെ ഗർജ്ജിക്കും; അവർ അലറി, ഇര പിടിച്ചു കൊണ്ടുപോകും; ആരും വിടുവിക്കയും ഇല്ല. അന്നാളിൽ അവർ കടലിന്റെ അലർച്ചപോലെ അവരുടെ നേരെ അലറും; ദേശത്തു നോക്കിയാൽ ഇതാ, അന്ധകാരവും കഷ്ടതയും തന്നേ; അതിന്റെ മേഘങ്ങളിൽ വെളിച്ചം ഇരുണ്ടുപോകും.

യെശയ്യാവ് 5:1-30 സമകാലിക മലയാളവിവർത്തനം (MCV)

ഞാൻ എന്റെ പ്രിയതമന് ഒരു ഗാനം ആലപിക്കും, തന്റെ മുന്തിരിത്തോപ്പിനെക്കുറിച്ചുള്ള ഗാനംതന്നെ: എന്റെ പ്രിയതമനു ഫലപുഷ്ടിയുള്ള കുന്നിൻചെരിവിൽ ഒരു മുന്തിരിത്തോപ്പ് ഉണ്ടായിരുന്നു. അദ്ദേഹം അതുഴുത് അതിലെ കല്ലുകളെല്ലാം നീക്കിക്കളഞ്ഞു, ഏറ്റവും വിശിഷ്ടമായ മുന്തിരിവള്ളി അതിൽ നട്ടു. അതിന്റെ മധ്യത്തിൽ അദ്ദേഹം ഒരു കാവൽഗോപുരം പണിതു, ഒരു മുന്തിരിച്ചക്കും കുഴിച്ചിട്ടു. അദ്ദേഹം നല്ല മുന്തിരിക്കായി കാത്തിരുന്നു, എന്നാൽ അതിൽ കായ്ച്ചത് കാട്ടുമുന്തിരിയത്രേ. “ഇപ്പോൾ ജെറുശലേംനിവാസികളേ, യെഹൂദാജനങ്ങളേ, എനിക്കും എന്റെ മുന്തിരിത്തോപ്പിനും മധ്യേ നിങ്ങൾ വിധിയെഴുതുക. ഞാൻ അതിൽ ചെയ്തതിൽ അധികമായി എന്റെ മുന്തിരിത്തോപ്പിൽ എന്താണ് ചെയ്യേണ്ടിയിരുന്നത്? അതിൽ നല്ല മുന്തിരി കായ്ക്കാൻ ഞാൻ കാത്തിരുന്നപ്പോൾ എന്തുകൊണ്ടാണു കാട്ടുമുന്തിരി കായ്ച്ചത്? അതിനാൽ എന്റെ മുന്തിരിത്തോപ്പിനോടു ഞാൻ എന്തു ചെയ്യുമെന്ന് ഇപ്പോൾ ഞാൻ നിങ്ങളോടു പറയാം: ഞാൻ അതിന്റെ വേലി പൊളിച്ചുകളയും, അതു തിന്നുപോകും; ഞാൻ അതിന്റെ മതിൽ ഇടിച്ചുകളയും, അതു ചവിട്ടിമെതിക്കപ്പെടും. ഞാൻ അതിനെ വിജനദേശമാക്കും, അതിന്റെ തലപ്പുകൾ വെട്ടിയൊരുക്കുകയോ തടം കിളയ്ക്കുകയോ ചെയ്യുകയില്ല, മുള്ളും പറക്കാരയും അതിൽ മുളയ്ക്കും. അതിന്മേൽ മഴ ചൊരിയരുതെന്നു ഞാൻ മേഘങ്ങളോടു കൽപ്പിക്കും.” സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോപ്പ് ഇസ്രായേൽ രാഷ്ട്രം ആകുന്നു, യെഹൂദാജനമാണ് അവിടത്തേക്ക് ആനന്ദംനൽകുന്ന മുന്തിരിവള്ളി. അങ്ങനെ അവിടന്നു ന്യായത്തിനായി കാത്തിരുന്നു, എന്നാൽ ഉണ്ടായതു രക്തച്ചൊരിച്ചിൽ; നീതിക്കായി അവിടന്നു നോക്കിക്കൊണ്ടിരുന്നു, എന്നാൽ കേട്ടതോ, ദുരിതത്തിന്റെ നിലവിളി. മറ്റുള്ളവർക്കു സ്ഥലം ശേഷിക്കാതവണ്ണം ദേശത്തിൽ തങ്ങൾക്കുമാത്രം ജീവിക്കാൻ കഴിയുംവിധം വീടിനോടു വീട് ചേർക്കുകയും നിലത്തോടു നിലം കൂട്ടുകയും ചെയ്യുന്നവർക്കു ഹാ, കഷ്ടം! ഞാൻ കേൾക്കെ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: “രമ്യഹർമ്യങ്ങൾ ശൂന്യമാകും, നിശ്ചയം, വലുതും മനോഹരവുമായ അരമനകളിൽ നിവാസികൾ ഇല്ലാതെയാകും. പത്ത് ഏക്കർ മുന്തിരിത്തോപ്പിൽനിന്ന് ഒരു ബത്തു വീഞ്ഞുമാത്രം ലഭിക്കും; ഒരു ഹോമർ വിത്തിൽനിന്ന് ഒരു ഏഫാ ധാന്യംമാത്രം കിട്ടും.” മദ്യത്തിന്റെ പിറകെ ഓടാനായി അതിരാവിലെ എഴുന്നേൽക്കുകയും വീഞ്ഞു തങ്ങളെ മത്തു പിടിപ്പിക്കുംവരെ, രാത്രിയിൽ ഉറങ്ങാതെ കാത്തിരിക്കുകയും ചെയ്യുന്നവർക്കു ഹാ, കഷ്ടം! അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും തപ്പും കുഴലും വീഞ്ഞും ഉണ്ട്, എങ്കിലും യഹോവയുടെ പ്രവൃത്തികൾ അവർ ശ്രദ്ധിക്കുന്നില്ല; അവിടത്തെ കൈവേലയെപ്പറ്റി യാതൊരു ബഹുമാനവുമില്ല. പരിജ്ഞാനമില്ലായ്കയാൽ എന്റെ ജനം പ്രവാസത്തിലേക്കു പോകുന്നു; അവരുടെ ഉന്നത ഉദ്യോഗസ്ഥർ പട്ടിണിക്കിരയാകുകയും സാമാന്യജനം ദാഹത്താൽ വരളുകയുംചെയ്യുന്നു. അതിനാൽ പാതാളം അതിന്റെ തൊണ്ടതുറക്കുന്നു അതിന്റെ വായ് വിസ്താരത്തിൽ പിളർക്കുന്നു; ജെറുശലേമിലെ പ്രമാണികളും സാമാന്യജനവും കോലാഹലമുണ്ടാക്കുന്നവരും തിമിർത്താടുന്നവരും പാതാളത്തിലേക്ക് ഇറങ്ങിപ്പോകും. അങ്ങനെ ജനം കുനിയുകയും എല്ലാവരും താഴ്ത്തപ്പെടുകയും ചെയ്യും, നിഗളികളുടെ കണ്ണുകളും താഴും. എന്നാൽ സൈന്യങ്ങളുടെ യഹോവ ന്യായവിധിയിൽ ഉന്നതനായിരിക്കും, പരിശുദ്ധനായ ദൈവം തന്റെ നീതിപ്രവൃത്തികളാൽ പരിശുദ്ധൻതന്നെയെന്നു തെളിയിക്കപ്പെടും. അപ്പോൾ കുഞ്ഞാടുകൾ തങ്ങളുടെ മേച്ചിൽപ്പുറത്ത് എന്നപോലെ മേയും; ധനികരുടെ ശൂന്യപ്രദേശങ്ങളിൽ കുഞ്ഞാടുകൾ പുല്ലുതിന്നും. വ്യാജത്തിന്റെ പാശങ്ങളാൽ അനീതിയെയും വണ്ടിക്കയറുകൾകൊണ്ട് എന്നപോലെ പാപത്തെയും ഒപ്പം വലിച്ചുകൊണ്ടു പോകുന്നവർക്കു ഹാ, കഷ്ടം! “ദൈവം തന്റെ വേഗം കൂട്ടട്ടെ; വേല തിടുക്കത്തിൽ ചെയ്യട്ടെ, നമുക്കു കാണാമല്ലോ; ഇസ്രായേലിന്റെ പരിശുദ്ധന്റെ ഉദ്ദേശ്യം— അത് അടുത്തുവരട്ടെ, അത് നമ്മുടെ ദൃഷ്ടിയിൽ പതിയട്ടെ, അപ്പോൾ നമുക്കറിയാമല്ലോ,” എന്ന് അവർ പറയുന്നല്ലോ. തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുകയും വെളിച്ചത്തെ ഇരുളും ഇരുളിനെ വെളിച്ചവും കയ്‌പിനെ മധുരവും മധുരത്തെ കയ്‌പും ആക്കിത്തീർക്കുകയും ചെയ്യുന്നവർക്ക്, അയ്യോ കഷ്ടം! സ്വന്തം ദൃഷ്ടിയിൽ ജ്ഞാനികളും സ്വന്തം കാഴ്ചയിൽത്തന്നെ സമർഥരും ആയിരിക്കുന്നവർക്ക് അയ്യോ കഷ്ടം! വീഞ്ഞു കുടിക്കുന്നതിൽ വീരന്മാരായവർക്കും വീര്യമുള്ള മദ്യം കലർത്തുന്നതിൽ ശൂരന്മാരുമായവർക്കും അയ്യോ കഷ്ടം! അവർ കൈക്കൂലി വാങ്ങി ദുഷ്ടരെ കുറ്റവിമുക്തരാക്കുകയും നിഷ്കളങ്കർക്ക് തങ്ങളുടെ അവകാശം നിഷേധിക്കുകയും ചെയ്യുന്നു. അതിനാൽ തീനാളം താളടിയെ ദഹിപ്പിക്കുന്നതുപോലെയും വൈക്കോൽ അഗ്നിജ്വാലയിൽ എരിഞ്ഞമരുന്നതുപോലെയും, അവരുടെ വേരുകൾ ദ്രവിച്ചുപോകും, അവരുടെ പൂക്കൾ പൊടിപോലെ പറന്നുപോകും; സൈന്യങ്ങളുടെ യഹോവയുടെ ന്യായപ്രമാണം അവർ നിരസിച്ചുകളഞ്ഞല്ലോ, ഇസ്രായേലിൻ പരിശുദ്ധന്റെ വചനത്തെ അവർ നിന്ദിച്ചല്ലോ. അതിനാൽ യഹോവയുടെ കോപം തന്റെ ജനത്തിനെതിരേ ജ്വലിച്ചിരിക്കുന്നു; അവിടന്ന് അവർക്കെതിരേ കൈ ഉയർത്തി അവരെ സംഹരിച്ചിരിക്കുന്നു. പർവതങ്ങൾ വിറയ്ക്കുന്നു, അവരുടെ ശവശരീരങ്ങൾ തെരുവീഥിയിൽ ചവറുപോലെ നിരന്നുകിടക്കുന്നു. ഇതൊന്നുകൊണ്ടും അവിടത്തെ കോപം നീങ്ങിപ്പോയിട്ടില്ല, അവിടത്തെ കൈ ഇപ്പോഴും ഉയർന്നുതന്നെയിരിക്കുന്നു. വിദൂരസ്ഥരായ ജനതകൾക്കുവേണ്ടി അവിടന്ന് ഒരു കൊടി ഉയർത്തും; ഭൂമിയുടെ അതിരുകളിൽനിന്ന് അവിടന്ന് അവരെ ചൂളമടിച്ചുവിളിക്കും. ഇതാ, തിടുക്കത്തിലും വേഗത്തിലും അവർ വരുന്നു. അതിൽ ആരും ക്ഷീണിതരാകുകയോ വഴുതിവീഴുകയോ ചെയ്യുന്നില്ല, ആരുംതന്നെ മയങ്ങുകയോ ഉറങ്ങുകയോ ചെയ്യുന്നില്ല; ആരുടെയും അരപ്പട്ട അഴിയുന്നില്ല, ഒരു ചെരിപ്പിന്റെ വാറും പൊട്ടിപ്പോകുന്നില്ല. അവരുടെ അമ്പുകൾ മൂർച്ചയുള്ളവ, എല്ലാവരുടെയും വില്ലുകൾ യുദ്ധത്തിനു സജ്ജമാക്കിയിരിക്കുന്നു; അവരുടെ കുതിരകളുടെ കുളമ്പ് തീക്കല്ലുപോലെ, അവരുടെ രഥചക്രങ്ങൾ ചുഴലിക്കാറ്റുപോലെയും. അവരുടെ അലർച്ച സിംഹത്തിന്റേതുപോലെ, സിംഹക്കുട്ടികൾപോലെ അവർ അലറുന്നു; ഇരപിടിക്കുമ്പോൾ അവ മുരളുകയും ആർക്കും വിടുവിക്കാൻ കഴിയാതവണ്ണം അവയെ പിടിച്ചുകൊണ്ടുപോകുകയുംചെയ്യുന്നു. അന്നാളിൽ കടലിന്റെ ഇരമ്പൽപോലെ അവർ ശത്രുവിന്റെനേരേ അലറും. ആരെങ്കിലും ദേശത്തിൽ കണ്ണോടിച്ചാൽ, അന്ധകാരവും ദുരിതവുംമാത്രം അവശേഷിക്കും; സൂര്യൻപോലും മേഘങ്ങളാൽ മറയപ്പെട്ടിരിക്കും.