യെശയ്യാവ് 49:8-12
യെശയ്യാവ് 49:8-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: പ്രസാദകാലത്തു ഞാൻ നിനക്ക് ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു; ദേശത്തെ ഉയർത്തുവാനും ശൂന്യമായി കിടക്കുന്ന അവകാശങ്ങളെ കൈവശമാക്കിക്കൊടുപ്പാനും ബന്ധിക്കപ്പെട്ടവരോട്: ഇറങ്ങി പൊയ്ക്കൊൾവിൻ എന്നും അന്ധകാരത്തിൽ ഇരിക്കുന്നവരോട്: വെളിയിൽ വരുവിൻ എന്നും പറവാനും ഞാൻ നിന്നെ കാത്തു, നിന്നെ ജനത്തിന്റെ നിയമമാക്കി വച്ചിരിക്കുന്നു. അവർ വഴികളിൽ മേയും; എല്ലാ പാഴ്ക്കുന്നുകളിലും അവർക്കു മേച്ചലുണ്ടാകും. അവർക്കു വിശക്കയില്ല, ദാഹിക്കയുമില്ല; മരീചികയും വെയിലും അവരെ ബാധിക്കയില്ല; അവരോടു കരുണയുള്ളവൻ അവരെ വഴിനടത്തുകയും നീരുറവുകൾക്കരികെ അവരെ കൊണ്ടുപോകയും ചെയ്യും. ഞാൻ എന്റെ മലകളെയൊക്കെയും വഴിയാക്കും; എന്റെ പെരുവഴികൾ പൊങ്ങിയിരിക്കും. ഇതാ, ഇവർ ദൂരത്തുനിന്നും ഇവർ വടക്കുനിന്നും പടിഞ്ഞാറുനിന്നും ഇവർ സീനീംദേശത്തുനിന്നും വരുന്നു.
യെശയ്യാവ് 49:8-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ നിന്നിൽ പ്രസാദിച്ച കാലത്തു നിനക്കുത്തരമരുളി. രക്ഷയുടെ ദിവസം ഞാൻ നിന്നെ സഹായിച്ചു. ദേശം പുനഃസ്ഥാപിക്കാനും ശൂന്യമായി കിടക്കുന്ന അവകാശഭൂമി വിഭജിച്ചു കൊടുക്കാനും ഞാൻ നിന്നെ സംരക്ഷിക്കുകയും ജനത്തിന് ഒരു ഉടമ്പടിയായി നല്‌കുകയും ചെയ്തിരിക്കുന്നു. ബന്ധിതരോടു പുറത്തു വരിക എന്നും അന്ധകാരത്തിലിരിക്കുന്നവരോടു വെളിച്ചത്തു വരിക എന്നും ഞാൻ പറഞ്ഞു. യാത്രയിൽ അവർ ആടുകളെപ്പോലെ മേയും; വിജനമായ കുന്നുകളെല്ലാം അവരുടെ മേച്ചിൽപ്പുറങ്ങളായി മാറും. അവർക്കു വിശക്കുകയോ ദാഹിക്കുകയോ ഇല്ല. ഉഷ്ണക്കാറ്റോ വെയിലോ അവരെ പീഡിപ്പിക്കുകയില്ല. കരുണയുള്ളവർ അവരെ വഴി നടത്തുകയും നീരുറവകൾക്കരികിലൂടെ നയിക്കുകയും ചെയ്യും. പർവതങ്ങളെ ഞാൻ വഴിയാക്കി മാറ്റും. എന്റെ ജനത്തിനു പോകാനുള്ള രാജവീഥികൾ ഉയർന്നു വരും. കണ്ടുകൊൾക, എന്റെ ജനം വിദൂരത്തുനിന്നു വരും. വടക്കുനിന്നും പടിഞ്ഞാറുനിന്നും സീനീംദേശത്തുനിന്നും വരും.
യെശയ്യാവ് 49:8-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു; ദേശത്തെ ഉയർത്തുവാനും ശൂന്യമായി കിടക്കുന്ന അവകാശങ്ങളെ കൈവശമാക്കിക്കൊടുക്കുവാനും ഞാൻ നിന്നെ സംരക്ഷിച്ച് നിലനിർത്തും നിന്നെ ജനത്തിന്റെ നിയമമാക്കി വച്ചിരിക്കുന്നു. ബന്ധിക്കപ്പെട്ടവരോട്: ‘ഇറങ്ങി പെയ്ക്കൊള്ളുവിൻ’ എന്നും അന്ധകാരത്തിൽ ഇരിക്കുന്നവരോട്: ‘വെളിയിൽ വരുവിൻ’ എന്നും പറയുവാനും അവർ വഴികളിൽ മേയും; എല്ലാ പാഴ്കുന്നുകളിലും അവർക്ക് മേച്ചിലുണ്ടാകും. അവർക്ക് വിശക്കുകയില്ല, ദാഹിക്കുകയുമില്ല; മരീചികയും വെയിലും അവരെ ബാധിക്കുകയില്ല; അവരോടു കരുണയുള്ളവൻ അവരെ വഴിനടത്തുകയും നീരുറവുകൾക്കരികിൽ അവരെ കൊണ്ടുപോകുകയും ചെയ്യും. ഞാൻ എന്‍റെ മലകളെയെല്ലാം വഴിയാക്കും; എന്‍റെ പ്രധാനപാതകൾ പൊങ്ങിയിരിക്കും. ഇതാ, ഇവർ ദൂരത്തുനിന്നും ഇവർ വടക്കുനിന്നും പടിഞ്ഞാറുനിന്നും ഇവർ അസ്വാന്‍ ദേശത്തുനിന്നും വരുന്നു.”
യെശയ്യാവ് 49:8-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു; ദേശത്തെ ഉയർത്തുവാനും ശൂന്യമായി കിടക്കുന്ന അവകാശങ്ങളെ കൈവശമാക്കിക്കൊടുപ്പാനും ബന്ധിക്കപ്പെട്ടവരോടു: ഇറങ്ങിപെയ്ക്കൊൾവിൻ എന്നും അന്ധകാരത്തിൽ ഇരിക്കുന്നവരോടു: വെളിയിൽ വരുവിൻ എന്നും പറവാനും ഞാൻ നിന്നെ കാത്തു, നിന്നെ ജനത്തിന്റെ നിയമമാക്കി വെച്ചിരിക്കുന്നു. അവർ വഴികളിൽ മേയും; എല്ലാപാഴ്കുന്നുകളിലും അവർക്കു മേച്ചലുണ്ടാകും. അവർക്കു വിശക്കയില്ല, ദാഹിക്കയുമില്ല; മരീചികയും വെയിലും അവരെ ബാധിക്കയില്ല; അവരോടു കരുണയുള്ളവൻ അവരെ വഴിനടത്തുകയും നീരുറവുകൾക്കരികെ അവരെ കൊണ്ടുപോകയും ചെയ്യും. ഞാൻ എന്റെ മലകളെയൊക്കെയും വഴിയാക്കും; എന്റെ പെരുവഴികൾ പൊങ്ങിയിരിക്കും. ഇതാ, ഇവർ ദൂരത്തുനിന്നും ഇവർ വടക്കുനിന്നും പടിഞ്ഞാറുനിന്നും ഇവർ സീനീംദേശത്തുനിന്നും വരുന്നു.
യെശയ്യാവ് 49:8-12 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “പ്രസാദകാലത്തു ഞാൻ നിന്റെ പ്രാർഥനയ്ക്ക് ഉത്തരമരുളും, രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിക്കും; ദേശം പുനരുദ്ധരിക്കുന്നതിനും ശൂന്യമായിക്കിടക്കുന്ന അവകാശങ്ങൾ വീണ്ടും ഭാഗംവെക്കുന്നതിനും ജനങ്ങൾക്ക് ഒരു ഉടമ്പടിയായി, ഞാൻ നിന്നെ സംരക്ഷിച്ച് നിലനിർത്തും. തടവറയിലുള്ളവരോട്, ‘പുറത്തുവരിക’ എന്നും അന്ധകാരത്തിലിരിക്കുന്നവരോട്, ‘സ്വതന്ത്രരാകുക’ എന്നും പറയേണ്ടതിനുതന്നെ. “അവർ വഴികളിലെല്ലാം മേയും എല്ലാ മൊട്ടക്കുന്നുകളും അവർക്കു മേച്ചിൽസ്ഥലമാകും. അവർക്കു വിശക്കുകയില്ല, ദാഹിക്കുകയുമില്ല, അത്യുഷ്ണമോ വെയിലോ അവരെ ബാധിക്കുകയില്ല. അവരോടു കരുണയുള്ളവൻ അവരെ നയിക്കും, നീരുറവകൾക്കരികിലേക്ക് അവർ ആനയിക്കപ്പെടും. എന്റെ പർവതങ്ങളെല്ലാം ഞാൻ വഴിയാക്കിമാറ്റും, എന്റെ രാജവീഥികൾ ഉയർത്തപ്പെടും. ഇതാ, അവർ ദൂരസ്ഥലത്തുനിന്നു വരും; വടക്കുനിന്നും പടിഞ്ഞാറുനിന്നും സീനീം ദേശത്തുനിന്നും അവർ വരും.”