യെശയ്യാവ് 49:13-16

യെശയ്യാവ് 49:13-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ആകാശമേ, ആനന്ദഗാനം പാടുക! ഭൂതലമേ, ആഹ്ലാദിക്കുക! പർവതങ്ങളേ, ആർത്തു പാടുക! സർവേശ്വരൻ തന്റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു. തന്റെ പീഡിതരോട് അവിടുന്നു കരുണ കാണിക്കും. എന്നാൽ സീയോൻ പറഞ്ഞു: “സർവേശ്വരനെന്നെ ഉപേക്ഷിച്ചു; എന്റെ സർവേശ്വരനെന്നെ മറന്നു.” മുല കുടിക്കുന്ന കുഞ്ഞിനെ അമ്മയ്‍ക്കു മറക്കാൻ കഴിയുമോ? പെറ്റമ്മ തന്റെ കുഞ്ഞിനോടു കരുണ കാട്ടാതിരിക്കുമോ? അവർ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല. നോക്കുക, നിന്നെ എന്റെ ഉള്ളങ്കൈയിൽ രേഖപ്പെടുത്തിയിരിക്കുന്നു. നിന്റെ മതിലുകൾ എപ്പോഴും എന്റെ കൺമുമ്പിലുണ്ട്.

യെശയ്യാവ് 49:13-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ആകാശമേ, ഘോഷിച്ചുല്ലസിക്കുക; ഭൂമിയേ, ആനന്ദിക്കുക; പർവ്വതങ്ങളേ, ആർത്തു പാടുവിൻ; യഹോവ തന്‍റെ ജനത്തെ ആശ്വസിപ്പിക്കുന്നു; തന്‍റെ പീഡിതന്മാരോടു കരുണ കാണിക്കുന്നു. സീയോൻ: “യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവ് എന്നെ മറന്നുകളഞ്ഞു” എന്നു പറയുന്നു. “ഒരു സ്ത്രീ തന്‍റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കുകയില്ല. ഇതാ ഞാൻ നിന്നെ എന്‍റെ ഉള്ളംകൈയിൽ വരച്ചിരിക്കുന്നു; നിന്‍റെ മതിലുകൾ എല്ലായ്‌പ്പോഴും എന്‍റെ മുമ്പിൽ ഇരിക്കുന്നു.

യെശയ്യാവ് 49:13-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആകാശമേ, ഘോഷിച്ചുല്ലസിക്ക; ഭൂമിയേ, ആനന്ദിക്ക; പർവ്വതങ്ങളേ, പൊട്ടി ആർക്കുവിൻ; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിക്കുന്നു; തന്റെ അരിഷ്ടന്മാരോടു കരുണ കാണിക്കുന്നു. സീയോനോ: യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവു എന്നെ മറന്നുകളഞ്ഞു എന്നു പറയുന്നു. ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല. ഇതാ ഞാൻ നിന്നെ എന്റെ ഉള്ളങ്കയ്യിൽ വരെച്ചിരിക്കുന്നു; നിന്റെ മതിലുകൾ എല്ലായ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.

യെശയ്യാവ് 49:13-16 സമകാലിക മലയാളവിവർത്തനം (MCV)

ആകാശമേ, ആനന്ദത്താൽ ആർപ്പിടുക; ഭൂമിയേ, ആഹ്ലാദിക്കുക; പർവതങ്ങളേ, പൊട്ടിയാർക്കുക! കാരണം യഹോവ തന്റെ ജനത്തെ ആശ്വസിപ്പിക്കുന്നു, തന്റെ പീഡിതരോട് അവിടത്തേക്ക് കനിവും തോന്നുന്നു. എന്നാൽ സീയോൻ, “യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവ് എന്നെ മറന്നുകളഞ്ഞു” എന്നു പറഞ്ഞു. “ഒരു സ്ത്രീക്ക് താൻ മുലയൂട്ടുന്ന കുഞ്ഞിനെ മറക്കാൻ കഴിയുമോ? തന്റെ ഗർഭത്തിൽ ഉരുവായ മകനോട് അവൾക്ക് കരുണ തോന്നാതിരിക്കുമോ? ഒരു അമ്മ മറന്നാലും ഞാൻ നിങ്ങളെ മറക്കുകയില്ല! ഇതാ, ഞാൻ എന്റെ ഉള്ളംകൈയിൽ നിന്നെ വരച്ചിരിക്കുന്നു; നിന്റെ മതിലുകൾ എപ്പോഴും എന്റെ കൺമുമ്പിലുണ്ട്.