യെശയ്യാവ് 49:1-26
യെശയ്യാവ് 49:1-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദ്വീപുകളേ, എന്റെ വാക്കു കേൾപ്പിൻ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിപ്പിൻ; യഹോവ എന്നെ ഗർഭംമുതൽ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നെ എന്റെ പേർ പ്രസ്താവിച്ചിരിക്കുന്നു. അവൻ എന്റെ വായെ മൂർച്ചയുള്ള വാൾപോലെയാക്കി തന്റെ കൈയുടെ നിഴലിൽ എന്നെ ഒളിപ്പിച്ചു; അവൻ എന്നെ മിനുക്കിയ അമ്പാക്കി തന്റെ പൂണിയിൽ മറച്ചുവച്ചു, എന്നോട്: യിസ്രായേലേ, നീ എന്റെ ദാസൻ; ഞാൻ നിന്നിൽ മഹത്ത്വീകരിക്കപ്പെടും എന്ന് അരുളിച്ചെയ്തു. ഞാനോ; ഞാൻ വെറുതേ അധ്വാനിച്ചു; എന്റെ ശക്തിയെ വ്യർഥമായും നിഷ്ഫലമായും ചെലവഴിച്ചിരിക്കുന്നു എന്നു പറഞ്ഞു; എങ്കിലും എന്റെ ന്യായം യഹോവയുടെ പക്കലും എന്റെ പ്രതിഫലം എന്റെ ദൈവത്തിന്റെ പക്കലും ഇരിക്കുന്നു. ഇപ്പോഴോ, യാക്കോബിനെ തന്റെ അടുക്കൽ തിരിച്ചുവരുത്തുവാനും യിസ്രായേലിനെ തനിക്കുവേണ്ടി ശേഖരിപ്പാനും എന്നെ ഗർഭത്തിൽ തന്റെ ദാസനായി നിർമ്മിച്ചിട്ടുള്ള യഹോവ അരുളിച്ചെയ്യുന്നു- ഞാൻ യഹോവയ്ക്കു മാന്യനും എന്റെ ദൈവം എന്റെ ബലവും ആകുന്നു-: നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിനും യിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിനും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിനു ഞാൻ നിന്നെ ജാതികൾക്കു പ്രകാശമാക്കി വച്ചുമിരിക്കുന്നു എന്ന് അവൻ അരുളിച്ചെയ്യുന്നു. യിസ്രായേലിന്റെ വീണ്ടെടുപ്പുകാരനും അവന്റെ പരിശുദ്ധനുമായ യഹോവ, സർവനിന്ദിതനും ജാതിക്കു വെറുപ്പുള്ളവനും അധിപതികളുടെ ദാസനുമായവനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: വിശ്വസ്തനായ യഹോവ നിമിത്തവും നിന്നെ തിരഞ്ഞെടുത്ത യിസ്രായേലിൻ പരിശുദ്ധൻ നിമിത്തവും രാജാക്കന്മാർ കണ്ട് എഴുന്നേല്ക്കയും പ്രഭുക്കന്മാർ കണ്ടു നമസ്കരിക്കയും ചെയ്യും. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: പ്രസാദകാലത്തു ഞാൻ നിനക്ക് ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു; ദേശത്തെ ഉയർത്തുവാനും ശൂന്യമായി കിടക്കുന്ന അവകാശങ്ങളെ കൈവശമാക്കിക്കൊടുപ്പാനും ബന്ധിക്കപ്പെട്ടവരോട്: ഇറങ്ങി പൊയ്ക്കൊൾവിൻ എന്നും അന്ധകാരത്തിൽ ഇരിക്കുന്നവരോട്: വെളിയിൽ വരുവിൻ എന്നും പറവാനും ഞാൻ നിന്നെ കാത്തു, നിന്നെ ജനത്തിന്റെ നിയമമാക്കി വച്ചിരിക്കുന്നു. അവർ വഴികളിൽ മേയും; എല്ലാ പാഴ്ക്കുന്നുകളിലും അവർക്കു മേച്ചലുണ്ടാകും. അവർക്കു വിശക്കയില്ല, ദാഹിക്കയുമില്ല; മരീചികയും വെയിലും അവരെ ബാധിക്കയില്ല; അവരോടു കരുണയുള്ളവൻ അവരെ വഴിനടത്തുകയും നീരുറവുകൾക്കരികെ അവരെ കൊണ്ടുപോകയും ചെയ്യും. ഞാൻ എന്റെ മലകളെയൊക്കെയും വഴിയാക്കും; എന്റെ പെരുവഴികൾ പൊങ്ങിയിരിക്കും. ഇതാ, ഇവർ ദൂരത്തുനിന്നും ഇവർ വടക്കുനിന്നും പടിഞ്ഞാറുനിന്നും ഇവർ സീനീംദേശത്തുനിന്നും വരുന്നു. ആകാശമേ, ഘോഷിച്ചുല്ലസിക്ക; ഭൂമിയേ, ആനന്ദിക്ക; പർവതങ്ങളേ, പൊട്ടി ആർക്കുവിൻ; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിക്കുന്നു; തന്റെ അരിഷ്ടന്മാരോടു കരുണ കാണിക്കുന്നു. സീയോനോ: യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവ് എന്നെ മറന്നുകളഞ്ഞു എന്നു പറയുന്നു. ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല. ഇതാ ഞാൻ നിന്നെ എന്റെ ഉള്ളംകൈയിൽ വരച്ചിരിക്കുന്നു; നിന്റെ മതിലുകൾ എല്ലായ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു. നിന്റെ മക്കൾ ബദ്ധപ്പെട്ടു വരുന്നു; നിന്നെ നശിപ്പിച്ചവരും ശൂന്യമാക്കിയവരും നിന്നെ വിട്ടുപോകുന്നു. തലപൊക്കി ചുറ്റും നോക്കുക; ഇവർ എല്ലാവരും നിന്റെ അടുക്കൽ വന്നുകൂടുന്നു. എന്നാണ, നീ അവരെയൊക്കെയും ആഭരണംപോലെ അണികയും ഒരു മണവാട്ടി എന്നപോലെ അവരെ അരയ്ക്കു കെട്ടുകയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു. നിന്റെ ശൂന്യസ്ഥലങ്ങളും പാഴിടങ്ങളും നാശം ഭവിച്ച ദേശവുമോ ഇപ്പോൾ നിവാസികൾക്കു പോരാതെ വരും; നിന്നെ വിഴുങ്ങിക്കളഞ്ഞവർ ദൂരത്ത് അകന്നിരിക്കും. നിന്റെ പുത്രഹീനതയിലെ മക്കൾ: സ്ഥലം പോരാതിരിക്കുന്നു; പാർപ്പാൻ സ്ഥലം തരിക എന്നു നിന്നോടു പറയും. അപ്പോൾ നീ നിന്റെ ഹൃദയത്തിൽ: ഞാൻ പുത്രഹീനയും വന്ധ്യയും പ്രവാസിനിയും അലഞ്ഞുനടക്കുന്നവളും ആയിരിക്കെ ആർ ഇവരെ പ്രസവിച്ചു വളർത്തിത്തന്നിരിക്കുന്നു? ഞാൻ ഏകാകിയായിരുന്നുവല്ലോ; ഇവർ എവിടെ ആയിരുന്നു എന്നു പറയും. യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ജാതികൾക്ക് എന്റെ കൈ ഉയർത്തുകയും വംശങ്ങൾക്ക് എന്റെ കൊടി കാണിക്കയും ചെയ്യും; അവർ നിന്റെ പുത്രന്മാരെ തങ്ങളുടെ മാർവിലണച്ചും പുത്രിമാരെ തോളിൽ എടുത്തും കൊണ്ടുവരും. രാജാക്കന്മാർ നിന്റെ പോറ്റപ്പന്മാരും അവരുടെ രാജ്ഞികൾ നിന്റെ പോറ്റമ്മമാരും ആയിരിക്കും; അവർ നിന്നെ സാഷ്ടാംഗം വണങ്ങി, നിന്റെ കാലിലെ പൊടി നക്കും; ഞാൻ യഹോവ എന്നും എനിക്കായി കാത്തിരിക്കുന്നവർ ലജ്ജിച്ചുപോകയില്ല എന്നും നീ അറിയും. ബലവാനോട് അവന്റെ കവർച്ച എടുത്തുകളയാമോ? അല്ല, നിഷ്കണ്ടകന്റെ ബദ്ധന്മാരെ വിടുവിക്കാമോ? എന്നാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബലവാനോടു ബദ്ധന്മാരെ എടുത്തുകളയാം; നിഷ്കണ്ടകന്റെ കവർച്ചയെയും വിടുവിക്കാം; നിന്നോടു പോരാടുന്നവനോടു ഞാൻ പോരാടുകയും നിന്റെ മക്കളെ രക്ഷിക്കയും ചെയ്യും. നിന്നെ ഞെരുക്കുന്നവരെ ഞാൻ അവരുടെ സ്വന്തമാംസം തീറ്റും; വീഞ്ഞുപോലെ സ്വന്തരക്തം കുടിച്ച് അവർക്കു ലഹരി പിടിക്കും; യഹോവയായ ഞാൻ നിന്റെ രക്ഷിതാവും യാക്കോബിന്റെ വീരൻ നിന്റെ വീണ്ടെടുപ്പുകാരനും ആകുന്നു എന്നു സകല ജഡവും അറിയും.
യെശയ്യാവ് 49:1-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“തീരദേശങ്ങളേ, ഞാൻ പറയുന്നതു കേൾക്കുവിൻ. വിദൂരസ്ഥരായ ജനതകളേ, ശ്രദ്ധിക്കുവിൻ. അമ്മയുടെ ഉദരത്തിൽ വച്ചു സർവേശ്വരൻ എന്നെ വിളിച്ചു. ഗർഭത്തിൽവച്ചു തന്നെ എനിക്കു പേരിട്ടു. അവിടുന്ന് എന്റെ നാവു മൂർച്ചയുള്ള വാളുപോലെ ആക്കി. തന്റെ കൈനിഴലിൽ അവിടുന്ന് എന്നെ മറച്ചു. അവിടുന്ന് എന്നെ മിനുക്കിയ അസ്ത്രമാക്കി തന്റെ ആവനാഴിയിൽ ഒളിപ്പിച്ചു. “ഇസ്രായേലേ, നീ എന്റെ ദാസൻ! നീ നിമിത്തം ഞാൻ പ്രകീർത്തിക്കപ്പെടും” എന്നു സർവേശ്വരൻ അരുളിച്ചെയ്തു. “ഞാൻ അധ്വാനിക്കുകയായിരുന്നു; എന്റെ ശക്തി വ്യർഥമായും നിഷ്ഫലമായും വിനിയോഗിച്ചു, എങ്കിലും നിശ്ചയമായും എന്റെ അവകാശവും എന്റെ പ്രയത്നത്തിനുള്ള പ്രതിഫലവും സർവേശ്വരന്റെ പക്കലുണ്ട്” എന്നു ഞാൻ പറഞ്ഞു. യാക്കോബിനെ തന്റെ അടുക്കലേക്കു തിരിച്ചുകൊണ്ടുവരാനും ഇസ്രായേലിനെ ഒരുമിച്ചു കൂട്ടാനും അമ്മയുടെ ഗർഭത്തിൽ എന്നെ തന്റെ ദാസനായി രൂപപ്പെടുത്തിയ സർവേശ്വരൻ അരുളിച്ചെയ്യുന്നു. എന്തെന്നാൽ അവിടുത്തെ ദൃഷ്‍ടിയിൽ ഞാൻ ബഹുമാനിതനായി. എന്റെ ദൈവം എന്റെ ബലം ആയിത്തീർന്നിരിക്കുന്നു. സർവേശ്വരൻ അരുളിച്ചെയ്യുന്നു: “യാക്കോബിന്റെ ഗോത്രങ്ങളെ ഉദ്ധരിക്കാനും ഇസ്രായേലിൽ അവശേഷിക്കുന്നവരെ മടക്കിക്കൊണ്ടുവരാനും നീ എന്റെ ദാസനായിരിക്കുക എന്നതു നിസ്സാരകാര്യമാണ്. എന്റെ രക്ഷ ഭൂമിയുടെ അതിരുകൾവരെ എത്താൻ ഞാൻ നിന്നെ ജനതകൾക്കു പ്രകാശമാക്കിത്തീർക്കും. സർവജനതകളാലും നിന്ദിതനും വെറുക്കപ്പെട്ടവനും ഭരണാധികാരികളുടെ ദാസനുമായവനോട് ഇസ്രായേലിന്റെ പരിശുദ്ധനും വീണ്ടെടുപ്പുകാരനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നിന്നെ തിരഞ്ഞെടുത്തവനും ഇസ്രായേലിന്റെ പരിശുദ്ധനും വിശ്വസ്തനുമായ സർവേശ്വരൻ നിമിത്തം രാജാക്കന്മാർ നിന്നെ കാണുമ്പോൾ എഴുന്നേല്‌ക്കും. പ്രഭുക്കന്മാർ നിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിക്കും.” സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ നിന്നിൽ പ്രസാദിച്ച കാലത്തു നിനക്കുത്തരമരുളി. രക്ഷയുടെ ദിവസം ഞാൻ നിന്നെ സഹായിച്ചു. ദേശം പുനഃസ്ഥാപിക്കാനും ശൂന്യമായി കിടക്കുന്ന അവകാശഭൂമി വിഭജിച്ചു കൊടുക്കാനും ഞാൻ നിന്നെ സംരക്ഷിക്കുകയും ജനത്തിന് ഒരു ഉടമ്പടിയായി നല്‌കുകയും ചെയ്തിരിക്കുന്നു. ബന്ധിതരോടു പുറത്തു വരിക എന്നും അന്ധകാരത്തിലിരിക്കുന്നവരോടു വെളിച്ചത്തു വരിക എന്നും ഞാൻ പറഞ്ഞു. യാത്രയിൽ അവർ ആടുകളെപ്പോലെ മേയും; വിജനമായ കുന്നുകളെല്ലാം അവരുടെ മേച്ചിൽപ്പുറങ്ങളായി മാറും. അവർക്കു വിശക്കുകയോ ദാഹിക്കുകയോ ഇല്ല. ഉഷ്ണക്കാറ്റോ വെയിലോ അവരെ പീഡിപ്പിക്കുകയില്ല. കരുണയുള്ളവർ അവരെ വഴി നടത്തുകയും നീരുറവകൾക്കരികിലൂടെ നയിക്കുകയും ചെയ്യും. പർവതങ്ങളെ ഞാൻ വഴിയാക്കി മാറ്റും. എന്റെ ജനത്തിനു പോകാനുള്ള രാജവീഥികൾ ഉയർന്നു വരും. കണ്ടുകൊൾക, എന്റെ ജനം വിദൂരത്തുനിന്നു വരും. വടക്കുനിന്നും പടിഞ്ഞാറുനിന്നും സീനീംദേശത്തുനിന്നും വരും. ആകാശമേ, ആനന്ദഗാനം പാടുക! ഭൂതലമേ, ആഹ്ലാദിക്കുക! പർവതങ്ങളേ, ആർത്തു പാടുക! സർവേശ്വരൻ തന്റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു. തന്റെ പീഡിതരോട് അവിടുന്നു കരുണ കാണിക്കും. എന്നാൽ സീയോൻ പറഞ്ഞു: “സർവേശ്വരനെന്നെ ഉപേക്ഷിച്ചു; എന്റെ സർവേശ്വരനെന്നെ മറന്നു.” മുല കുടിക്കുന്ന കുഞ്ഞിനെ അമ്മയ്‍ക്കു മറക്കാൻ കഴിയുമോ? പെറ്റമ്മ തന്റെ കുഞ്ഞിനോടു കരുണ കാട്ടാതിരിക്കുമോ? അവർ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല. നോക്കുക, നിന്നെ എന്റെ ഉള്ളങ്കൈയിൽ രേഖപ്പെടുത്തിയിരിക്കുന്നു. നിന്റെ മതിലുകൾ എപ്പോഴും എന്റെ കൺമുമ്പിലുണ്ട്. നിന്നെ പുനഃസ്ഥാപിക്കുന്നവർ നിന്നെ നശിപ്പിച്ചവരെ മറികടക്കുന്നു. നിന്നെ ശൂന്യമാക്കിയവർ നിന്നെ വിട്ടകലുന്നു. ചുറ്റും നോക്കുവിൻ. അവർ ഒരുമിച്ചുകൂടി നിന്റെ അടുക്കലേക്കു വരുന്നു. സർവേശ്വരനായ ഞാൻ ശപഥം ചെയ്യുന്നു. മണവാട്ടി ആഭരണം അണിയുംപോലെ നീ അവരെ സ്വീകരിക്കും. നിന്റെ പാഴ്നിലങ്ങളും വിജനപ്രദേശങ്ങളും നിന്നിൽ നിവസിക്കാൻ വരുന്നവർക്കു മതിയാവുകയില്ല. നിന്നെ നശിപ്പിച്ചവർ നിന്നിൽനിന്നു വളരെ അകലെയായിരിക്കും. “ഞങ്ങൾക്കു നിവസിക്കാൻ കൂടുതൽ സ്ഥലം വേണം. ഇതു മതിയാവുകയില്ല” എന്നു പ്രവാസകാലത്തു ജാതരായ നിന്റെ ജനം പറയും. അപ്പോൾ നീ പറയും: ഞാൻ പുത്രദുഃഖമനുഭവിക്കുന്നവളും വന്ധ്യയും പരിത്യക്തയും പ്രവാസിനിയും ആയിരുന്നല്ലോ. പിന്നെ എനിക്കുവേണ്ടി ആരിവരെ പ്രസവിച്ചു വളർത്തി? ഞാൻ ഏകാകിനിയായിരിക്കെ ഇവർ എവിടെ നിന്നു വന്നു? ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ജനതകളുടെ നേരെ എന്റെ കൈ ഉയർത്തും. ജനപദങ്ങൾക്കു ഞാൻ കൊടി കാട്ടും. അവർ നിന്റെ പുത്രന്മാരെ മാറോടണച്ചും പുത്രിമാരെ തോളിലേറ്റിയും കൊണ്ടുവരും. രാജാക്കന്മാർ നിങ്ങളുടെ വളർത്തച്ഛന്മാരും രാജ്ഞിമാർ നിങ്ങളുടെ വളർത്തമ്മമാരും ആയിത്തീരും. അവർ നിലംപറ്റെ തല കുനിച്ചു നിന്നെ വണങ്ങും, നിന്റെ കാലിലെ പൊടിനക്കും. അപ്പോൾ ഞാൻ സർവേശ്വരനാകുന്നു എന്നു നീ അറിയും. എനിക്കുവേണ്ടി കാത്തിരിക്കുന്നവർ ലജ്ജിതരാകയില്ല. കരുത്തന്റെ കൈയിൽനിന്നു കൊള്ളമുതൽ പിടിച്ചെടുക്കാമോ? നിഷ്ഠുരനായ സ്വേച്ഛാധിപതിയുടെ ബന്ധനത്തിൽനിന്നു തടവുകാരെ മോചിപ്പിക്കാമോ? തീർച്ചയായും കഴിയും. സർവേശ്വരൻ അരുളിച്ചെയ്യുന്നു: കരുത്തന്റെ കൈയിൽനിന്നു കൊള്ളമുതൽ പിടിച്ചെടുക്കുകയും നിഷ്ഠുരനായ സ്വേച്ഛാധിപതിയുടെ പിടിയിൽനിന്നു തടവുകാരെ മോചിപ്പിക്കുകയും ചെയ്യും. എന്തെന്നാൽ നിന്നോടു പോരാടുന്നവരോടു ഞാൻ പോരാടും. നിന്റെ മക്കളെ ഞാൻ രക്ഷിക്കയും ചെയ്യും. നിന്നെ മർദിക്കുന്നവർ അന്യോന്യം കടിച്ചുതിന്നാൻ ഞാനിടയാക്കും. വീഞ്ഞു കുടിച്ചെന്നപോലെ അവർ രക്തം കുടിച്ചു മത്തരാകും. അപ്പോൾ ഞാനാകുന്നു നിന്റെ രക്ഷകനും വിമോചകനും യാക്കോബിന്റെ ബലവാനായ ദൈവവും എന്നു സർവമനുഷ്യരും അറിയും.
യെശയ്യാവ് 49:1-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദ്വീപുകളേ, എന്റെ വാക്കു കേൾക്കുവിൻ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിക്കുവിൻ; യഹോവ എന്നെ ഗർഭംമുതൽ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തിൽ ഇരിക്കുമ്പോൾ തന്നെ എന്‍റെ പേര് പ്രസ്താവിച്ചിരിക്കുന്നു. അവൻ എന്റെ വായെ മൂർച്ചയുള്ള വാൾപോലെയാക്കി തന്റെ കൈയുടെ നിഴലിൽ എന്നെ ഒളിപ്പിച്ചു; അവൻ എന്നെ മിനുക്കിയ അമ്പാക്കി തന്റെ പൂണിയിൽ മറച്ചുവച്ചു. അവൻ എന്നോട്: “യിസ്രായേലേ, നീ എന്റെ ദാസൻ; ഞാൻ നിന്നിൽ മഹത്ത്വീകരിക്കപ്പെടും” എന്നു അരുളിച്ചെയ്തു. ഞാനോ; “ഞാൻ വെറുതെ അദ്ധ്വാനിച്ചു; എന്റെ ശക്തിയെ വ്യർത്ഥമായും നിഷ്ഫലമായും ചെലവഴിച്ചിരിക്കുന്നു” എന്നു പറഞ്ഞു; എങ്കിലും എന്റെ ന്യായം യഹോവയുടെ പക്കലും എന്റെ പ്രതിഫലം എന്റെ ദൈവത്തിന്റെ പക്കലും ഇരിക്കുന്നു. ഇപ്പോൾ, യാക്കോബിനെ തന്റെ അടുക്കൽ തിരിച്ചുവരുത്തുവാനും യിസ്രായേലിനെ തനിക്കുവേണ്ടി ശേഖരിക്കുവാനും (ഞാൻ യഹോവയ്ക്കു മാന്യനും എന്റെ ദൈവം എന്റെ ബലവും ആകുന്നു) എന്നെ ഗർഭത്തിൽ തന്റെ ദാസനായി നിർമ്മിച്ചിട്ടുള്ള യഹോവ അരുളിച്ചെയ്യുന്നു: “നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിനും യിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിനും എനിക്ക് ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന് ഞാൻ നിന്നെ ജനതകൾക്ക് പ്രകാശമാക്കിവച്ചുമിരിക്കുന്നു” എന്നു അവിടുന്ന് അരുളിച്ചെയ്യുന്നു. യിസ്രായേലിന്റെ വീണ്ടെടുപ്പുകാരനും അവന്റെ പരിശുദ്ധനുമായ യഹോവ, സർവ്വനിന്ദിതനും ജനതക്കു വെറുപ്പുള്ളവനും അധിപതികളുടെ ദാസനുമായവനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “വിശ്വസ്തനായ യഹോവ നിമിത്തവും നിന്നെ തിരഞ്ഞെടുത്ത യിസ്രായേലിൻ പരിശുദ്ധൻ നിമിത്തവും രാജാക്കന്മാർ കണ്ടു എഴുന്നേല്ക്കുകയും പ്രഭുക്കന്മാർ കണ്ടു നമസ്കരിക്കുകയും ചെയ്യും.” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു; ദേശത്തെ ഉയർത്തുവാനും ശൂന്യമായി കിടക്കുന്ന അവകാശങ്ങളെ കൈവശമാക്കിക്കൊടുക്കുവാനും ഞാൻ നിന്നെ സംരക്ഷിച്ച് നിലനിർത്തും നിന്നെ ജനത്തിന്റെ നിയമമാക്കി വച്ചിരിക്കുന്നു. ബന്ധിക്കപ്പെട്ടവരോട്: ‘ഇറങ്ങി പെയ്ക്കൊള്ളുവിൻ’ എന്നും അന്ധകാരത്തിൽ ഇരിക്കുന്നവരോട്: ‘വെളിയിൽ വരുവിൻ’ എന്നും പറയുവാനും അവർ വഴികളിൽ മേയും; എല്ലാ പാഴ്കുന്നുകളിലും അവർക്ക് മേച്ചിലുണ്ടാകും. അവർക്ക് വിശക്കുകയില്ല, ദാഹിക്കുകയുമില്ല; മരീചികയും വെയിലും അവരെ ബാധിക്കുകയില്ല; അവരോടു കരുണയുള്ളവൻ അവരെ വഴിനടത്തുകയും നീരുറവുകൾക്കരികിൽ അവരെ കൊണ്ടുപോകുകയും ചെയ്യും. ഞാൻ എന്‍റെ മലകളെയെല്ലാം വഴിയാക്കും; എന്‍റെ പ്രധാനപാതകൾ പൊങ്ങിയിരിക്കും. ഇതാ, ഇവർ ദൂരത്തുനിന്നും ഇവർ വടക്കുനിന്നും പടിഞ്ഞാറുനിന്നും ഇവർ അസ്വാന്‍ ദേശത്തുനിന്നും വരുന്നു.” ആകാശമേ, ഘോഷിച്ചുല്ലസിക്കുക; ഭൂമിയേ, ആനന്ദിക്കുക; പർവ്വതങ്ങളേ, ആർത്തു പാടുവിൻ; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിക്കുന്നു; തന്‍റെ പീഡിതന്മാരോടു കരുണ കാണിക്കുന്നു. സീയോൻ: “യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവ് എന്നെ മറന്നുകളഞ്ഞു” എന്നു പറയുന്നു. “ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കുകയില്ല. ഇതാ ഞാൻ നിന്നെ എന്റെ ഉള്ളംകൈയിൽ വരച്ചിരിക്കുന്നു; നിന്റെ മതിലുകൾ എല്ലായ്‌പ്പോഴും എന്‍റെ മുമ്പിൽ ഇരിക്കുന്നു. നിന്റെ മക്കൾ തിടുക്കത്തോടെ വരുന്നു; നിന്നെ നശിപ്പിച്ചവരും ശൂന്യമാക്കിയവരും നിന്നെ വിട്ടുപോകുന്നു. തലപൊക്കി ചുറ്റും നോക്കുക; ഇവർ എല്ലാവരും നിന്റെ അടുക്കൽ വന്നു കൂടുന്നു. എന്നാണ, നീ അവരെ എല്ലാം ആഭരണംപോലെ അണിയുകയും ഒരു മണവാട്ടി എന്നപോലെ അവരെ അരയ്ക്ക് കെട്ടുകയും ചെയ്യും” എന്നു യഹോവ അരുളിച്ചെയ്യുന്നു. “നിന്റെ ശൂന്യസ്ഥലങ്ങളും പാഴിടങ്ങളും നാശം ഭവിച്ച ദേശവുമോ ഇപ്പോൾ നിവാസികൾക്കു പോരാതെവരും; നിന്നെ വിഴുങ്ങിക്കളഞ്ഞവർ ദൂരത്ത് അകന്നിരിക്കും. നിന്റെ പുത്രഹീനതയിലെ മക്കൾ: ‘സ്ഥലം പോരാതിരിക്കുന്നു; പാർക്കുവാൻ സ്ഥലം തരിക’ എന്നു നിന്നോട് പറയും. അപ്പോൾ നീ നിന്റെ ഹൃദയത്തിൽ: ‘ഞാൻ പുത്രഹീനയും വന്ധ്യയും പ്രവാസിനിയും അലഞ്ഞു നടക്കുന്നവളും ആയിരിക്കുമ്പോൾ ആര്‍ ഇവരെ പ്രസവിച്ചു വളർത്തിത്തന്നിരിക്കുന്നു? ഞാൻ ഏകാകിയായിരുന്നുവല്ലോ; ഇവർ എവിടെ ആയിരുന്നു’ എന്നു പറയും.” യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ജനതകൾക്ക് എന്‍റെ കൈ ഉയർത്തുകയും വംശങ്ങൾക്ക് എന്റെ കൊടി കാണിക്കുകയും ചെയ്യും; അവർ നിന്റെ പുത്രന്മാരെ അവരുടെ മാർവ്വിൽ അണച്ചും പുത്രിമാരെ തോളിൽ എടുത്തുംകൊണ്ട് വരും. രാജാക്കന്മാർ നിന്റെ വളർത്തപ്പന്മാരും അവരുടെ രാജ്ഞികൾ നിന്‍റെ വളർത്തമ്മമാരും ആയിരിക്കും; അവർ നിന്നെ സാഷ്ടാംഗം വണങ്ങി, നിന്റെ കാലിലെ പൊടിനക്കും; ഞാൻ യഹോവ എന്നും എനിക്കായി കാത്തിരിക്കുന്നവർ ലജ്ജിച്ചു പോകുകയില്ല എന്നും നീ അറിയും.” ബലവാനോട് അവന്റെ കവർച്ച എടുത്തുകളയാമോ? അല്ല, സ്വേച്ഛാധിപതിയിൽനിന്ന് ബദ്ധന്മാരെ വിടുവിക്കാമോ? എന്നാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബലവാനോടു ബദ്ധന്മാരെ എടുത്തുകളയാം; നിഷ്കണ്ടകന്റെ കവർച്ചയെയും വിടുവിക്കാം; നിന്നോട് പോരാടുന്നവനോടു ഞാൻ പോരാടുകയും നിന്റെ മക്കളെ രക്ഷിക്കുകയും ചെയ്യും. നിന്നെ ഞെരുക്കുന്നവരെ ഞാൻ അവരുടെ സ്വന്തമാംസം തീറ്റും; വീഞ്ഞുപോലെ സ്വന്തരക്തം കുടിച്ച് അവർക്ക് ലഹരിപിടിക്കും; യഹോവയായ ഞാൻ നിന്റെ രക്ഷിതാവും യാക്കോബിന്റെ വീരൻ നിന്റെ വീണ്ടെടുപ്പുകാരനും ആകുന്നു എന്നു സകലമനുഷ്യരും അറിയും.”
യെശയ്യാവ് 49:1-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദ്വീപുകളേ, എന്റെ വാക്കു കേൾപ്പിൻ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിപ്പിൻ; യഹോവ എന്നെ ഗർഭംമുതൽ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നേ എന്റെ പേർ പ്രസ്താവിച്ചിരിക്കുന്നു. അവൻ എന്റെ വായെ മൂർച്ചയുള്ള വാൾപോലെയാക്കി തന്റെ കയ്യുടെ നിഴലിൽ എന്നെ ഒളിപ്പിച്ചു; അവൻ എന്നെ മിനുക്കിയ അമ്പാക്കി തന്റെ പൂണയിൽ മറെച്ചുവെച്ചു, എന്നോടു: യിസ്രായേലേ, നീ എന്റെ ദാസൻ; ഞാൻ നിന്നിൽ മഹത്വീകരിക്കപ്പെടും എന്നു അരുളിച്ചെയ്തു. ഞാനോ; ഞാൻ വെറുതെ അദ്ധ്വാനിച്ചു; എന്റെ ശക്തിയെ വ്യർത്ഥമായും നിഷ്ഫലമായും ചെലവഴിച്ചിരിക്കുന്നു എന്നു പറഞ്ഞു; എങ്കിലും എന്റെ ന്യായം യഹോവയുടെ പക്കലും എന്റെ പ്രതിഫലം എന്റെ ദൈവത്തിന്റെ പക്കലും ഇരിക്കുന്നു. ഇപ്പോഴോ, യാക്കോബിനെ തന്റെ അടുക്കൽ തിരിച്ചുവരുത്തുവാനും യിസ്രായേലിനെ തനിക്കുവേണ്ടി ശേഖരിപ്പാനും എന്നെ ഗർഭത്തിൽ തന്റെ ദാസനായി നിർമ്മിച്ചിട്ടുള്ള യഹോവ അരുളിച്ചെയ്യുന്നു - ഞാൻ യഹോവെക്കു മാന്യനും എന്റെ ദൈവം എന്റെ ബലവും ആകുന്നു: നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിന്നും യിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിന്നും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാൻ നിന്നെ ജാതികൾക്കു പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു. യിസ്രായേലിന്റെ വീണ്ടെടുപ്പുകാരനും അവന്റെ പരിശുദ്ധനുമായ യഹോവ, സർവ്വനിന്ദിതനും ജാതിക്കു വെറുപ്പുള്ളവനും അധിപതികളുടെ ദാസനുമായവനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: വിശ്വസ്തനായ യഹോവനിമിത്തവും നിന്നെ തിരഞ്ഞെടുത്ത യിസ്രായേലിൻ പരിശുദ്ധൻ നിമിത്തവും രാജാക്കന്മാർ കണ്ടു എഴുന്നേല്ക്കയും പ്രഭുക്കന്മാർ കണ്ടു നമസ്കരിക്കയും ചെയ്യും. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു; ദേശത്തെ ഉയർത്തുവാനും ശൂന്യമായി കിടക്കുന്ന അവകാശങ്ങളെ കൈവശമാക്കിക്കൊടുപ്പാനും ബന്ധിക്കപ്പെട്ടവരോടു: ഇറങ്ങിപെയ്ക്കൊൾവിൻ എന്നും അന്ധകാരത്തിൽ ഇരിക്കുന്നവരോടു: വെളിയിൽ വരുവിൻ എന്നും പറവാനും ഞാൻ നിന്നെ കാത്തു, നിന്നെ ജനത്തിന്റെ നിയമമാക്കി വെച്ചിരിക്കുന്നു. അവർ വഴികളിൽ മേയും; എല്ലാപാഴ്കുന്നുകളിലും അവർക്കു മേച്ചലുണ്ടാകും. അവർക്കു വിശക്കയില്ല, ദാഹിക്കയുമില്ല; മരീചികയും വെയിലും അവരെ ബാധിക്കയില്ല; അവരോടു കരുണയുള്ളവൻ അവരെ വഴിനടത്തുകയും നീരുറവുകൾക്കരികെ അവരെ കൊണ്ടുപോകയും ചെയ്യും. ഞാൻ എന്റെ മലകളെയൊക്കെയും വഴിയാക്കും; എന്റെ പെരുവഴികൾ പൊങ്ങിയിരിക്കും. ഇതാ, ഇവർ ദൂരത്തുനിന്നും ഇവർ വടക്കുനിന്നും പടിഞ്ഞാറുനിന്നും ഇവർ സീനീംദേശത്തുനിന്നും വരുന്നു. ആകാശമേ, ഘോഷിച്ചുല്ലസിക്ക; ഭൂമിയേ, ആനന്ദിക്ക; പർവ്വതങ്ങളേ, പൊട്ടി ആർക്കുവിൻ; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിക്കുന്നു; തന്റെ അരിഷ്ടന്മാരോടു കരുണ കാണിക്കുന്നു. സീയോനോ: യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവു എന്നെ മറന്നുകളഞ്ഞു എന്നു പറയുന്നു. ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല. ഇതാ ഞാൻ നിന്നെ എന്റെ ഉള്ളങ്കയ്യിൽ വരെച്ചിരിക്കുന്നു; നിന്റെ മതിലുകൾ എല്ലായ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു. നിന്റെ മക്കൾ ബദ്ധപ്പെട്ടു വരുന്നു; നിന്നെ നശിപ്പിച്ചവരും ശൂന്യമാക്കിയവരും നിന്നെ വിട്ടുപോകുന്നു. തലപൊക്കി ചുറ്റും നോക്കുക; ഇവർ എല്ലാവരും നിന്റെ അടുക്കൽ വന്നു കൂടുന്നു. എന്നാണ, നീ അവരെ ഒക്കെയും ആഭരണംപോലെ അണികയും ഒരു മണവാട്ടി എന്നപോലെ അവരെ അരെക്കു കെട്ടുകയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു. നിന്റെ ശൂന്യസ്ഥലങ്ങളും പാഴിടങ്ങളും നാശം ഭവിച്ച ദേശവുമോ ഇപ്പോൾ നിവാസികൾക്കു പോരാതെവരും; നിന്നെ വിഴുങ്ങിക്കളഞ്ഞവർ ദൂരത്തു അകന്നിരിക്കും. നിന്റെ പുത്രഹീനതയിലെ മക്കൾ: സ്ഥലം പോരാതിരിക്കുന്നു; പാർപ്പാൻ സ്ഥലം തരിക എന്നു നിന്നോടു പറയും. അപ്പോൾ നീ നിന്റെ ഹൃദയത്തിൽ: ഞാൻ പുത്രഹീനയും വന്ധ്യയും പ്രവാസിനിയും അലഞ്ഞു നടക്കുന്നവളും ആയിരിക്കേ ആർ ഇവരെ പ്രസവിച്ചു വളർത്തിത്തന്നിരിക്കുന്നു? ഞാൻ ഏകാകിയായിരുന്നുവല്ലോ; ഇവർ എവിടെ ആയിരുന്നു എന്നു പറയും. യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ജാതികൾക്കു എന്റെ കൈ ഉയർത്തുകയും വംശങ്ങൾക്കു എന്റെ കൊടി കാണിക്കയും ചെയ്യും; അവർ നിന്റെ പുത്രന്മാരെ തങ്ങളുടെ മാർവ്വിൽ അണെച്ചും പുത്രിമാരെ തോളിൽ എടുത്തും കൊണ്ടു വരും. രാജാക്കന്മാർ നിന്റെ പോറ്റപ്പന്മാരും അവരുടെ രാജ്ഞികൾ നിന്റെ പോറ്റമ്മമാരും ആയിരിക്കും; അവർ നിന്നെ സാഷ്ടാംഗം വണങ്ങി, നിന്റെ കാലിലെ പൊടി നക്കും; ഞാൻ യഹോവ എന്നും എനിക്കായി കാത്തിരിക്കുന്നവർ ലജ്ജിച്ചുപോകയില്ല എന്നും നീ അറിയും. ബലവാനോടു അവന്റെ കവർച്ച എടുത്തുകളയാമോ? അല്ല, നിഷ്കണ്ടകന്റെ ബദ്ധന്മാരെ വിടുവിക്കാമോ? എന്നാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബലവാനോടു ബദ്ധന്മാരെ എടുത്തുകളയാം; നിഷ്കണ്ടകന്റെ കവർച്ചയെയും വിടുവിക്കാം; നിന്നോടു പോരാടുന്നവനോടു ഞാൻ പോരാടുകയും നിന്റെ മക്കളെ രക്ഷിക്കയും ചെയ്യും. നിന്നെ ഞെരുക്കുന്നവരെ ഞാൻ അവരുടെ സ്വന്തമാംസം തീറ്റും; വീഞ്ഞുപോലെ സ്വന്തരക്തം കുടിച്ചു അവർക്കു ലഹരി പിടിക്കും; യഹോവയായ ഞാൻ നിന്റെ രക്ഷിതാവും യാക്കോബിന്റെ വീരൻ നിന്റെ വീണ്ടെടുപ്പുകാരനും ആകുന്നു എന്നു സകലജഡവും അറിയും.
യെശയ്യാവ് 49:1-26 സമകാലിക മലയാളവിവർത്തനം (MCV)
ദ്വീപുകളേ, എന്റെ വാക്കുകൾ ശ്രദ്ധിക്കുക; വിദൂരതയിലുള്ള ജനതകളേ, ഇതു കേൾക്കുക: യഹോവ എന്നെ ഗർഭംമുതൽതന്നെ വിളിച്ചിരിക്കുന്നു; അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ അവിടന്ന് എന്റെ പേര് പ്രസ്താവിച്ചിരിക്കുന്നു. അവിടന്ന് എന്റെ വായ് മൂർച്ചയുള്ള വാൾപോലെയാക്കി തന്റെ ഉള്ളങ്കൈയിൽ അവിടന്ന് എന്നെ മറച്ചു; എന്നെ മൂർച്ചയുള്ള ഒരു അസ്ത്രമാക്കി എന്നെ തന്റെ ആവനാഴിയിൽ മറച്ചുവെച്ചിരിക്കുന്നു. “ഇസ്രായേലേ, നീ എന്റെ ദാസൻ; എന്റെ മഹത്ത്വം ഞാൻ നിന്നിൽ വെളിപ്പെടുത്തും,” എന്ന് അവിടന്ന് എന്നോട് അരുളിച്ചെയ്തു. അപ്പോൾ ഞാൻ പറഞ്ഞു: “ഞാൻ വെറുതേ അധ്വാനിച്ചു; ഞാൻ എന്റെ ശക്തി വ്യർഥമായും നിഷ്ഫലമായും ചെലവഴിച്ചു. എങ്കിലും എന്റെ അംഗീകാരം യഹോവയുടെ പക്കലും എന്റെ പ്രതിഫലം എന്റെ ദൈവത്തിന്റെ അടുക്കലും ആണ്.” യാക്കോബിനെ തന്നിലേക്കു തിരികെ കൊണ്ടുവരുന്നതിനും ഇസ്രായേലിനെ തന്റെ അടുക്കൽ ചേർക്കുന്നതിനും, തന്റെ ദാസനാകാൻ എന്നെ ഗർഭപാത്രത്തിൽ ഉരുവാക്കിയ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കാരണം യഹോവയുടെ ദൃഷ്ടിയിൽ ഞാൻ മഹത്ത്വപ്പെടുകയും എന്റെ ദൈവം എനിക്കു ബലമായിരിക്കുകയും ചെയ്യും. അവിടന്ന് അരുളിച്ചെയ്തു: “യാക്കോബിന്റെ ഗോത്രങ്ങളെ പുനഃസ്ഥാപിക്കാനും ഇസ്രായേലിലെ സംരക്ഷിതരെ തിരികെ വരുത്തുന്നതിനും നീ എനിക്കൊരു ദാസനായിരിക്കുന്നതു വളരെ ചെറിയ ഒരു കാര്യമാണ്. ഭൂമിയുടെ അറുതികൾവരെയും എന്റെ രക്ഷ എത്തേണ്ടതിന് ഞാൻ നിന്നെ യെഹൂദേതരർക്ക് ഒരു പ്രകാശമാക്കി വെച്ചിരിക്കുന്നു.” ഇസ്രായേലിന്റെ വീണ്ടെടുപ്പുകാരനും പരിശുദ്ധനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു— വെറുക്കപ്പെട്ടവനും ജനതകളാൽ നിന്ദിക്കപ്പെടുന്നവനും ഭരണാധികാരികൾക്കു ദാസനുമായവനോടുതന്നെ: “യഹോവ വിശ്വസ്തൻ ആകുകയാലും നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത് ഇസ്രായേലിന്റെ പരിശുദ്ധൻ ആകുകയാലും രാജാക്കന്മാർ നിങ്ങളെക്കണ്ട് എഴുന്നേൽക്കുകയും പ്രഭുക്കന്മാർ നിങ്ങളെക്കണ്ട് നമസ്കരിക്കുകയും ചെയ്യും.” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “പ്രസാദകാലത്തു ഞാൻ നിന്റെ പ്രാർഥനയ്ക്ക് ഉത്തരമരുളും, രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിക്കും; ദേശം പുനരുദ്ധരിക്കുന്നതിനും ശൂന്യമായിക്കിടക്കുന്ന അവകാശങ്ങൾ വീണ്ടും ഭാഗംവെക്കുന്നതിനും ജനങ്ങൾക്ക് ഒരു ഉടമ്പടിയായി, ഞാൻ നിന്നെ സംരക്ഷിച്ച് നിലനിർത്തും. തടവറയിലുള്ളവരോട്, ‘പുറത്തുവരിക’ എന്നും അന്ധകാരത്തിലിരിക്കുന്നവരോട്, ‘സ്വതന്ത്രരാകുക’ എന്നും പറയേണ്ടതിനുതന്നെ. “അവർ വഴികളിലെല്ലാം മേയും എല്ലാ മൊട്ടക്കുന്നുകളും അവർക്കു മേച്ചിൽസ്ഥലമാകും. അവർക്കു വിശക്കുകയില്ല, ദാഹിക്കുകയുമില്ല, അത്യുഷ്ണമോ വെയിലോ അവരെ ബാധിക്കുകയില്ല. അവരോടു കരുണയുള്ളവൻ അവരെ നയിക്കും, നീരുറവകൾക്കരികിലേക്ക് അവർ ആനയിക്കപ്പെടും. എന്റെ പർവതങ്ങളെല്ലാം ഞാൻ വഴിയാക്കിമാറ്റും, എന്റെ രാജവീഥികൾ ഉയർത്തപ്പെടും. ഇതാ, അവർ ദൂരസ്ഥലത്തുനിന്നു വരും; വടക്കുനിന്നും പടിഞ്ഞാറുനിന്നും സീനീം ദേശത്തുനിന്നും അവർ വരും.” ആകാശമേ, ആനന്ദത്താൽ ആർപ്പിടുക; ഭൂമിയേ, ആഹ്ലാദിക്കുക; പർവതങ്ങളേ, പൊട്ടിയാർക്കുക! കാരണം യഹോവ തന്റെ ജനത്തെ ആശ്വസിപ്പിക്കുന്നു, തന്റെ പീഡിതരോട് അവിടത്തേക്ക് കനിവും തോന്നുന്നു. എന്നാൽ സീയോൻ, “യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവ് എന്നെ മറന്നുകളഞ്ഞു” എന്നു പറഞ്ഞു. “ഒരു സ്ത്രീക്ക് താൻ മുലയൂട്ടുന്ന കുഞ്ഞിനെ മറക്കാൻ കഴിയുമോ? തന്റെ ഗർഭത്തിൽ ഉരുവായ മകനോട് അവൾക്ക് കരുണ തോന്നാതിരിക്കുമോ? ഒരു അമ്മ മറന്നാലും ഞാൻ നിങ്ങളെ മറക്കുകയില്ല! ഇതാ, ഞാൻ എന്റെ ഉള്ളംകൈയിൽ നിന്നെ വരച്ചിരിക്കുന്നു; നിന്റെ മതിലുകൾ എപ്പോഴും എന്റെ കൺമുമ്പിലുണ്ട്. നിന്റെ മക്കൾ വേഗം വരും, നിന്നെ നശിപ്പിച്ചവരും ശൂന്യമാക്കിയവരും നിന്നെ വിട്ടുപോകും. കണ്ണുയർത്തുക, ചുറ്റുപാടും വീക്ഷിക്കുക; ഇവരെല്ലാം ഒരുമിച്ചുകൂടി നിന്റെ അടുക്കൽ വരുന്നു. ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, നീ അവരെയെല്ലാം ഒരു ആഭരണംപോലെ അണിയും; ഒരു മണവാട്ടിക്കെന്നപോലെ അവർ നിനക്ക് അലങ്കാരമായിത്തീരും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “നീ നശിപ്പിക്കപ്പെട്ട് ശൂന്യമാക്കപ്പട്ടിരുന്നെങ്കിലും നിന്റെ ദേശം പാഴിടമാക്കപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ സ്ഥലം തികയാതെവണ്ണം നിന്റെ ജനത്തെക്കൊണ്ടു നിറയും, നിന്നെ വിഴുങ്ങിയവർ വിദൂരത്താകും. മക്കളെക്കുറിച്ചു നീ വിലപിച്ചുകൊണ്ടിരുന്നകാലത്തു നിനക്കു ജനിച്ച നിന്റെ മക്കൾ നീ കേൾക്കെത്തന്നെ നിങ്ങളോട്, ‘ഈ സ്ഥലം ഞങ്ങൾക്കു വളരെ ചെറുതാണ്; ഞങ്ങൾക്കു പാർക്കാൻ ഇടംതരിക’ എന്നു പറയും. അപ്പോൾ നീ നിന്റെ ഹൃദയത്തിൽ: ‘എനിക്കുവേണ്ടി ഇവരെ പ്രസവിച്ചത് ആര്? എന്റെ മക്കളെക്കുറിച്ചു വിലപിച്ചുകൊണ്ട് ഞാൻ വന്ധ്യയും പ്രവാസിയുമായി അലഞ്ഞു നടന്നുകൊണ്ടിരിക്കുമ്പോൾ, ഇവരെ ആര് പ്രസവിച്ചു വളർത്തിയിരിക്കുന്നു? ഞാൻ ഏകാകിനിയായിരുന്നല്ലോ, ഇവർ എവിടെയായിരുന്നു?’ എന്നു പറയും.” യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ രാഷ്ട്രങ്ങൾക്ക് എന്റെ കരമുയർത്തി ഒരു അടയാളം നൽകും ജനതകൾ കാൺകെ എന്റെ കൊടി ഉയർത്തും; അവർ നിന്റെ പുത്രന്മാരെ മാറിടത്തിൽ വഹിച്ചുകൊണ്ടുവരും, നിന്റെ പുത്രിമാരെ തോളിൽ ചുമന്നുകൊണ്ടുവരും. രാജാക്കന്മാർ നിന്റെ വളർത്തപ്പന്മാരും അവരുടെ രാജ്ഞിമാർ നിനക്ക് വളർത്തമ്മമാരും ആയിരിക്കും. അവർ നിന്റെ മുന്നിൽ സാഷ്ടാംഗം വണങ്ങി നിന്റെ കാലിലെ പൊടിനക്കും. അപ്പോൾ ഞാൻ യഹോവയെന്നും എന്നിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നവർ ലജ്ജിച്ചുപോകുകയില്ലെന്നും നീ അറിയും.” യോദ്ധാക്കളിൽനിന്ന് കവർച്ച കവരാൻ കഴിയുമോ? നിഷ്ഠുരന്മാരുടെ തടവുകാരെ മോചിപ്പിക്കുക സാധ്യമോ? എന്നാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യോദ്ധാക്കളിൽനിന്ന് തടവുകാർ മോചിക്കപ്പെടും, നിഷ്ഠുരന്മാരുടെ കവർച്ച കവർന്നെടുക്കപ്പെടും. നിന്നോടു പോരാടുന്നവരോടു ഞാൻ പോരാടും, നിന്റെ മക്കളെ ഞാൻ രക്ഷിക്കുകയും ചെയ്യും. നിന്നെ പീഡിപ്പിക്കുന്നവരെ അവരുടെ സ്വന്തം മാംസം ഞാൻ തീറ്റും; വീഞ്ഞുപോലെ സ്വന്തം രക്തം കുടിച്ച് അവർക്കു ലഹരിപിടിക്കും. യഹോവയായ ഞാൻ നിങ്ങളുടെ രക്ഷകനും യാക്കോബിന്റെ ശക്തനായവൻ നിങ്ങളുടെ വീണ്ടെടുപ്പുകാരനും എന്ന് സകലജനവും അന്ന് അറിയും.”