യെശയ്യാവ് 43:22-25
യെശയ്യാവ് 43:22-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല; യിസ്രായേലേ, നീ എന്റെ നിമിത്തം അധ്വാനിച്ചിട്ടുമില്ല. നിന്റെ ഹോമയാഗങ്ങളുടെ കുഞ്ഞാടുകളെ നീ എനിക്കു കൊണ്ടുവന്നിട്ടില്ല; നിന്റെ ഹനനയാഗങ്ങളാൽ നീ എന്നെ ബഹുമാനിച്ചിട്ടില്ല; ഭോജനയാഗങ്ങളാൽ ഞാൻ നിന്നെ ഭാരപ്പെടുത്തിയിട്ടില്ല; ധൂപനംകൊണ്ടു ഞാൻ നിന്നെ അധ്വാനിപ്പിച്ചിട്ടുമില്ല. നീ എനിക്കായി വയമ്പു വാങ്ങിയിട്ടില്ല; നിന്റെ ഹനനയാഗങ്ങളുടെ മേദസ്സുകൊണ്ട് എനിക്കു തൃപ്തിവരുത്തിയിട്ടുമില്ല; നിന്റെ പാപങ്ങൾകൊണ്ടു നീ എന്നെ അധ്വാനിപ്പിക്കയും നിന്റെ അകൃത്യങ്ങൾകൊണ്ട് എന്നെ കഷ്ടപ്പെടുത്തുകയും ചെയ്തു. എന്റെ നിമിത്തം ഞാൻ, ഞാൻ തന്നെ, നിന്റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു; നിന്റെ പാപങ്ങളെ ഞാൻ ഓർക്കയുമില്ല.
യെശയ്യാവ് 43:22-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“എങ്കിലും യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചില്ല. ഇസ്രായേലേ, നീ എന്നോടു വിരക്തി കാട്ടി. ഹോമയാഗത്തിന് ആടുകളെ നീ എന്റെ അടുക്കൽ കൊണ്ടുവന്നിട്ടില്ല. നിന്റെ യാഗങ്ങൾകൊണ്ടു നീ എന്നെ ആരാധിച്ചിട്ടുമില്ല. യാഗാർപ്പണത്തിനു വേണ്ടിയോ ധൂപാർച്ചനയ്‍ക്കു വേണ്ടിയോ ഞാൻ നിന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല. നീ എനിക്കുവേണ്ടി പണം മുടക്കി സുഗന്ധദ്രവ്യങ്ങൾ വാങ്ങിയിട്ടില്ല. യാഗമൃഗങ്ങളുടെ മേദസ്സുകൊണ്ടു നീ എന്നെ തൃപ്തിപ്പെടുത്തിയിട്ടുമില്ല. എന്നാൽ നിന്റെ പാപം കൊണ്ടും നിന്റെ അകൃത്യങ്ങൾ കൊണ്ടും നീ എന്നെ ബുദ്ധിമുട്ടിച്ചിരിക്കുന്നു. ഞാൻ, ഞാനാകുന്നു. എനിക്കുവേണ്ടി നിന്റെ അതിക്രമങ്ങളെ ഞാൻ തുടച്ചുനീക്കുന്നു. നിന്റെ പാപങ്ങൾ ഞാൻ ഓർക്കുകയില്ല.
യെശയ്യാവ് 43:22-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല; യിസ്രായേലേ, നീ എന്റെ നിമിത്തം അദ്ധ്വാനിച്ചിട്ടുമില്ല. നിന്റെ ഹോമയാഗങ്ങളുടെ കുഞ്ഞാടുകളെ നീ എനിക്ക് കൊണ്ടുവന്നിട്ടില്ല; നിന്റെ ഹനനയാഗങ്ങളാൽ നീ എന്നെ ബഹുമാനിച്ചിട്ടില്ല; ഭോജനയാഗങ്ങളാൽ ഞാൻ നിന്നെ ഭാരപ്പെടുത്തിയിട്ടില്ല; ധൂപനംകൊണ്ടു ഞാൻ നിന്നെ ബദ്ധപ്പെടുത്തിയിട്ടുമില്ല. നീ എനിക്കായി വയമ്പു വാങ്ങിയിട്ടില്ല; നിന്റെ ഹനനയാഗങ്ങളുടെ മേദസ്സുകൊണ്ട് എനിക്ക് തൃപ്തിവരുത്തിയിട്ടുമില്ല; നിന്റെ പാപങ്ങൾകൊണ്ടു നീ എന്നെ ഭാരപ്പെടുത്തുകയും നിന്‍റെ അകൃത്യങ്ങൾകൊണ്ട് എന്നെ മടുപ്പിക്കുകയും ചെയ്തു. എന്റെ നിമിത്തം ഞാൻ, ഞാൻ തന്നെ, നിന്റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു; നിന്റെ പാപങ്ങളെ ഞാൻ ഓർക്കുകയുമില്ല.
യെശയ്യാവ് 43:22-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല; യിസ്രായേലേ, നീ എന്റെ നിമിത്തം അദ്ധ്വാനിച്ചിട്ടുമില്ല. നിന്റെ ഹോമയാഗങ്ങളുടെ കുഞ്ഞാടുകളെ നീ എനിക്കു കൊണ്ടുവന്നിട്ടില്ല; നിന്റെ ഹനനയാഗങ്ങളാൽ നീ എന്നെ ബഹുമാനിച്ചിട്ടില്ല; ഭോജനയാഗങ്ങളാൽ ഞാൻ നിന്നെ ഭാരപ്പെടുത്തീട്ടില്ല; ധൂപനംകൊണ്ടു ഞാൻ നിന്നെ അദ്ധ്വാനിപ്പിച്ചിട്ടുമില്ല. നീ എനിക്കായി വയമ്പു വാങ്ങീട്ടില്ല; നിന്റെ ഹനനയാഗങ്ങളുടെ മേദസ്സുകൊണ്ടു എനിക്കു തൃപ്തിവരുത്തീട്ടുമില്ല; നിന്റെ പാപങ്ങൾകൊണ്ടു നീ എന്നെ അദ്ധ്വാനിപ്പിക്കയും നിന്റെ അകൃത്യങ്ങൾകൊണ്ടു എന്നെ കഷ്ടപ്പെടുത്തുകയും ചെയ്തു. എന്റെ നിമിത്തം ഞാൻ, ഞാൻ തന്നേ, നിന്റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു; നിന്റെ പാപങ്ങളെ ഞാൻ ഓർക്കയുമില്ല.
യെശയ്യാവ് 43:22-25 സമകാലിക മലയാളവിവർത്തനം (MCV)
“എന്നിട്ടും യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല, ഇസ്രായേലേ, നിങ്ങൾ എന്നെക്കുറിച്ചു മടുപ്പുള്ളവരായിത്തീർന്നു. നിങ്ങൾ ഹോമയാഗങ്ങൾക്കുള്ള കുഞ്ഞാടുകളെ എനിക്കു കൊണ്ടുവന്നില്ല, നിങ്ങളുടെ യാഗങ്ങളാൽ എന്നെ ബഹുമാനിച്ചിട്ടുമില്ല. ഭോജനയാഗങ്ങൾകൊണ്ട് ഞാൻ നിങ്ങളെ ഭാരപ്പെടുത്തുകയോ സുഗന്ധധൂപത്തിനായി നിങ്ങളെ അസഹ്യപ്പെടുത്തുകയോ ചെയ്തിട്ടില്ല. നിങ്ങൾ പണം മുടക്കി എനിക്കുവേണ്ടി സുഗന്ധച്ചെടി കൊണ്ടുവന്നിട്ടില്ല, ഹനനയാഗങ്ങളുടെ മേദസ്സിനാൽ എന്നെ തൃപ്തനാക്കിയിട്ടുമില്ല. എന്നാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളാൽ എന്നെ ഭാരപ്പെടുത്തുകയും നിങ്ങളുടെ അകൃത്യങ്ങളാൽ എന്നെ അസഹ്യപ്പെടുത്തുകയുമാണ് ചെയ്തിട്ടുള്ളത്. “ഞാൻ, ഞാൻതന്നെയാണ് നിങ്ങളുടെ അതിക്രമങ്ങൾ എന്റെനിമിത്തം മായിച്ചുകളയുന്നത്, നിങ്ങളുടെ പാപങ്ങൾ ഞാൻ ഇനിമേൽ ഓർക്കുകയുമില്ല.