യെശയ്യാവ് 43:11-28

യെശയ്യാവ് 43:11-28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞാൻ, ഞാൻ തന്നെ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല. നിങ്ങളുടെ ഇടയിൽ ഒരു അന്യദേവനല്ല, ഞാൻ തന്നെ പ്രസ്താവിക്കയും രക്ഷിക്കയും കേൾപ്പിക്കയും ചെയ്തത്; അതുകൊണ്ടു നിങ്ങൾ എന്റെ സാക്ഷികൾ എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ ദൈവം തന്നെ. ഇന്നും ഞാൻ അനന്യൻ തന്നെ; എന്റെ കൈയിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല; ഞാൻ പ്രവർത്തിക്കും; ആർ അതു തടുക്കും? നിങ്ങളുടെ വീണ്ടെടുപ്പുകാരനും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ നിമിത്തം ഞാൻ ബാബേലിലേക്ക് ആളയച്ചു, അവരെയൊക്കെയും, കല്ദയരെ തന്നെ, ഓടിപ്പോകുന്നവരായി അവർ ഘോഷിച്ചുല്ലസിച്ചിരുന്ന കപ്പലുകളിൽ താഴോട്ട് ഓടുമാറാക്കും. ഞാൻ നിങ്ങളുടെ പരിശുദ്ധനായ യഹോവയും യിസ്രായേലിന്റെ സ്രഷ്ടാവും നിങ്ങളുടെ രാജാവും ആകുന്നു. സമുദ്രത്തിൽ വഴിയും പെരുവെള്ളത്തിൽ പാതയും ഉണ്ടാക്കുകയും രഥം, കുതിര, സൈന്യം, ബലം എന്നിവയെ പുറപ്പെടുവിക്കയും ചെയ്യുന്ന യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ ഒരുപോലെ കിടക്കുന്നു, എഴുന്നേല്ക്കയില്ല; അവർ കെട്ടുപോകുന്നു; വിളക്കുതിരിപോലെ കെട്ടുപോകുന്നു. മുമ്പുള്ളവയെ നിങ്ങൾ ഓർക്കേണ്ടാ; പണ്ടുള്ളവയെ നിരൂപിക്കയും വേണ്ടാ. ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു; അത് ഇപ്പോൾ ഉദ്ഭവിക്കും; നിങ്ങൾ അത് അറിയുന്നില്ലയോ? അതേ, ഞാൻ മരുഭൂമിയിൽ ഒരു വഴിയും നിർജനപ്രദേശത്തു നദികളും ഉണ്ടാക്കും. ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ജനത്തിനു കുടിപ്പാൻ കൊടുക്കേണ്ടതിനു ഞാൻ മരുഭൂമിയിൽ വെള്ളവും നിർജനപ്രദേശത്തു നദികളും നല്കിയിരിക്കുന്നതുകൊണ്ടു കാട്ടുമൃഗങ്ങളും കുറുക്കന്മാരും ഒട്ടകപ്പക്ഷികളും എന്നെ ബഹുമാനിക്കും. ഞാൻ എനിക്കുവേണ്ടി നിർമിച്ചിരിക്കുന്ന ജനം എന്റെ സ്തുതിയെ വിവരിക്കും. എന്നാൽ യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല; യിസ്രായേലേ, നീ എന്റെ നിമിത്തം അധ്വാനിച്ചിട്ടുമില്ല. നിന്റെ ഹോമയാഗങ്ങളുടെ കുഞ്ഞാടുകളെ നീ എനിക്കു കൊണ്ടുവന്നിട്ടില്ല; നിന്റെ ഹനനയാഗങ്ങളാൽ നീ എന്നെ ബഹുമാനിച്ചിട്ടില്ല; ഭോജനയാഗങ്ങളാൽ ഞാൻ നിന്നെ ഭാരപ്പെടുത്തിയിട്ടില്ല; ധൂപനംകൊണ്ടു ഞാൻ നിന്നെ അധ്വാനിപ്പിച്ചിട്ടുമില്ല. നീ എനിക്കായി വയമ്പു വാങ്ങിയിട്ടില്ല; നിന്റെ ഹനനയാഗങ്ങളുടെ മേദസ്സുകൊണ്ട് എനിക്കു തൃപ്തിവരുത്തിയിട്ടുമില്ല; നിന്റെ പാപങ്ങൾകൊണ്ടു നീ എന്നെ അധ്വാനിപ്പിക്കയും നിന്റെ അകൃത്യങ്ങൾകൊണ്ട് എന്നെ കഷ്ടപ്പെടുത്തുകയും ചെയ്തു. എന്റെ നിമിത്തം ഞാൻ, ഞാൻ തന്നെ, നിന്റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു; നിന്റെ പാപങ്ങളെ ഞാൻ ഓർക്കയുമില്ല. എന്നെ ഓർപ്പിക്ക; നാം തമ്മിൽ വ്യവഹരിക്ക; നീ നീതീകരിക്കപ്പെടേണ്ടതിനു വാദിച്ചുകൊൾക. നിന്റെ ആദ്യപിതാവ് പാപം ചെയ്തു; നിന്റെ മധ്യസ്ഥന്മാർ എന്നോടു ദ്രോഹം ചെയ്തു, അതുകൊണ്ടു ഞാൻ വിശുദ്ധമന്ദിരത്തിന്റെ പ്രഭുക്കന്മാരെ മലിനമാക്കി, യാക്കോബിനെ ഉന്മൂലനാശത്തിനും, യിസ്രായേലിനെ നിന്ദയ്ക്കും ഏല്പിച്ചിരിക്കുന്നു.

യെശയ്യാവ് 43:11-28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“ഞാൻ, ഞാനാകുന്നു സർവേശ്വരൻ. ഞാനല്ലാതെ വേറൊരു രക്ഷകനില്ല. നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരല്ല ഞാനാണു പ്രസ്താവിക്കുകയും രക്ഷിക്കുകയും അറിയിക്കുകയും ചെയ്തത്. അതിനു നിങ്ങളാണെന്റെ സാക്ഷികൾ. ഞാൻ ദൈവമാകുന്നു. ഇനിയും അങ്ങനെ ആയിരിക്കുകയും ചെയ്യും. എന്റെ പിടിയിൽനിന്നു വിടുവിക്കാൻ ആർക്കും സാധ്യമല്ല. എന്റെ പ്രവൃത്തിയെ തടയാൻ ആർക്കും കഴിയുകയില്ല. ഇസ്രായേലിന്റെ പരിശുദ്ധനും രക്ഷകനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ നിങ്ങൾക്കുവേണ്ടി ബാബിലോണിലേക്ക് ഒരു സൈന്യത്തെ അയച്ച് അവിടത്തെ നഗരഗോപുരങ്ങൾ തകർക്കും. അവരുടെ ജയഘോഷം വിലാപമായി മാറും. ഞാൻ നിങ്ങളുടെ സർവേശ്വരനാകുന്നു; നിങ്ങളുടെ പരിശുദ്ധനായ ദൈവം. ഇസ്രായേലേ, ഞാൻ നിന്നെ സൃഷ്‍ടിച്ചു. ഞാനാണ് നിന്റെ രാജാവ്. കടലിൽ പെരുവഴിയും പെരുവെള്ളത്തിൽ പാതയും ഒരുക്കി രഥങ്ങളെയും കുതിരകളെയും യോദ്ധാക്കളെയും വിനാശത്തിലേക്കു നയിച്ച സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എഴുന്നേല്‌ക്കാനാവാതെ അവർ വീണുപോയി; പടുതിരിപോലെ അവർ കെട്ടുപോയി. കഴിഞ്ഞ കാര്യങ്ങൾ നിങ്ങൾ ഓർക്കുകയോ പരിഗണിക്കുകയോ വേണ്ടാ. ഇതാ, ഞാൻ ഒരു പുതിയ കാര്യം ചെയ്യുന്നു; അതു നാമ്പിടുന്നതു നിങ്ങൾ കാണുന്നില്ലേ? ഞാൻ വിജനപ്രദേശത്ത് ഒരു പാതയും മരുഭൂമിയിൽ നദികളും ഉണ്ടാക്കും. എന്നെ പ്രകീർത്തിക്കാൻ ഞാൻ ജന്മം നല്‌കിയ എന്റെ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങൾക്കു കുടിക്കാൻ വിജനപ്രദേശത്തു നീരുറവയും മരുഭൂമിയിൽ നദികളും ഒരുക്കിയതുകൊണ്ടു വന്യമൃഗങ്ങളും കുറുനരികളും ഒട്ടകപ്പക്ഷിയും എന്നെ ബഹുമാനിക്കും.” “എങ്കിലും യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചില്ല. ഇസ്രായേലേ, നീ എന്നോടു വിരക്തി കാട്ടി. ഹോമയാഗത്തിന് ആടുകളെ നീ എന്റെ അടുക്കൽ കൊണ്ടുവന്നിട്ടില്ല. നിന്റെ യാഗങ്ങൾകൊണ്ടു നീ എന്നെ ആരാധിച്ചിട്ടുമില്ല. യാഗാർപ്പണത്തിനു വേണ്ടിയോ ധൂപാർച്ചനയ്‍ക്കു വേണ്ടിയോ ഞാൻ നിന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല. നീ എനിക്കുവേണ്ടി പണം മുടക്കി സുഗന്ധദ്രവ്യങ്ങൾ വാങ്ങിയിട്ടില്ല. യാഗമൃഗങ്ങളുടെ മേദസ്സുകൊണ്ടു നീ എന്നെ തൃപ്തിപ്പെടുത്തിയിട്ടുമില്ല. എന്നാൽ നിന്റെ പാപം കൊണ്ടും നിന്റെ അകൃത്യങ്ങൾ കൊണ്ടും നീ എന്നെ ബുദ്ധിമുട്ടിച്ചിരിക്കുന്നു. ഞാൻ, ഞാനാകുന്നു. എനിക്കുവേണ്ടി നിന്റെ അതിക്രമങ്ങളെ ഞാൻ തുടച്ചുനീക്കുന്നു. നിന്റെ പാപങ്ങൾ ഞാൻ ഓർക്കുകയില്ല. നീ കഴിഞ്ഞതെല്ലാം എന്നെ ഓർമിപ്പിക്കുക. കാര്യങ്ങൾ നമുക്ക് ഒരുമിച്ചു പരിശോധിക്കാം. നിന്നെ നീതീകരിക്കുന്ന ന്യായങ്ങൾ ഉന്നയിക്കുക. നിന്റെ ആദ്യപിതാവ് പാപം ചെയ്തു. നിന്റെ മധ്യസ്ഥന്മാർ എന്നോട് അതിക്രമം കാട്ടി. നിന്റെ അധികാരികൾ എന്റെ വിശുദ്ധമന്ദിരം മലിനമാക്കി. അതുകൊണ്ടു യാക്കോബിനെ ഉന്മൂലനാശത്തിനും ഇസ്രായേലിനെ നിന്ദയ്‍ക്കും ഞാൻ ഏല്പിച്ചുകൊടുത്തു.

യെശയ്യാവ് 43:11-28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഞാൻ, ഞാൻ തന്നെ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല. നിങ്ങളുടെ ഇടയിൽ ഒരു അന്യദേവനല്ല, ഞാൻ തന്നെ പ്രസ്താവിക്കുകയും രക്ഷിക്കുകയും കേൾപ്പിക്കുകയും ചെയ്തത്; അതുകൊണ്ട് നിങ്ങൾ എന്‍റെ സാക്ഷികൾ” എന്നു യഹോവയുടെ അരുളപ്പാടു; “ഞാൻ ദൈവം തന്നെ. ഇന്നും ഞാൻ അനന്യൻ തന്നെ; എന്‍റെ കൈയിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല; ഞാൻ പ്രവർത്തിക്കും; ആര്‍ അത് തടുക്കും?” നിങ്ങളുടെ വീണ്ടെടുപ്പുകാരനും യിസ്രായേലിന്‍റെ പരിശുദ്ധനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ നിമിത്തം ഞാൻ ബാബേലിലേക്ക് ആളയച്ച്, അവരെ എല്ലാവരെയും, കൽദയരെ തന്നെ, ഓടിപ്പോകുന്നവരായി അവർ ഘോഷിച്ചുല്ലസിച്ചിരുന്ന കപ്പലുകളിൽ താഴോട്ട് ഓടുമാറാക്കും. ഞാൻ നിങ്ങളുടെ പരിശുദ്ധനായ യഹോവയും യിസ്രായേലിന്‍റെ സ്രഷ്ടാവും നിങ്ങളുടെ രാജാവും ആകുന്നു.” സമുദ്രത്തിൽ വഴിയും പെരുവെള്ളത്തിൽ പാതയും ഉണ്ടാക്കുകയും രഥം, കുതിര, സൈന്യം, ബലം എന്നിവയെ പുറപ്പെടുവിക്കുകയും ചെയ്യുന്ന യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവർ ഒരുപോലെ കിടക്കുന്നു, എഴുന്നേല്ക്കുകയില്ല; അവർ കെട്ടുപോകുന്നു; വിളക്കുതിരിപോലെ കെട്ടുപോകുന്നു. മുമ്പുള്ളവയെ നിങ്ങൾ ഓർക്കണ്ടാ; പണ്ടുള്ളവയെ നിരൂപിക്കുകയും വേണ്ടാ. ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു; അത് ഇപ്പോൾ ഉത്ഭവിക്കും; നിങ്ങൾ അത് അറിയുന്നില്ലയോ? അതേ, ഞാൻ മരുഭൂമിയിൽ ഒരു വഴിയും നിർജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും. ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്‍റെ ജനത്തിനു കുടിക്കുവാൻ കൊടുക്കണ്ടതിന് ഞാൻ മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു നദികളും നല്കിയിരിക്കുന്നതുകൊണ്ടു കാട്ടുമൃഗങ്ങളും കുറുക്കന്മാരും ഒട്ടകപ്പക്ഷികളും എന്നെ ബഹുമാനിക്കും. ഞാൻ എനിക്കുവേണ്ടി നിർമ്മിച്ചിരിക്കുന്ന ജനം എന്‍റെ സ്തുതിയെ വിവരിക്കും. എന്നാൽ യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല; യിസ്രായേലേ, നീ എന്‍റെ നിമിത്തം അദ്ധ്വാനിച്ചിട്ടുമില്ല. നിന്‍റെ ഹോമയാഗങ്ങളുടെ കുഞ്ഞാടുകളെ നീ എനിക്ക് കൊണ്ടുവന്നിട്ടില്ല; നിന്‍റെ ഹനനയാഗങ്ങളാൽ നീ എന്നെ ബഹുമാനിച്ചിട്ടില്ല; ഭോജനയാഗങ്ങളാൽ ഞാൻ നിന്നെ ഭാരപ്പെടുത്തിയിട്ടില്ല; ധൂപനംകൊണ്ടു ഞാൻ നിന്നെ ബദ്ധപ്പെടുത്തിയിട്ടുമില്ല. നീ എനിക്കായി വയമ്പു വാങ്ങിയിട്ടില്ല; നിന്‍റെ ഹനനയാഗങ്ങളുടെ മേദസ്സുകൊണ്ട് എനിക്ക് തൃപ്തിവരുത്തിയിട്ടുമില്ല; നിന്‍റെ പാപങ്ങൾകൊണ്ടു നീ എന്നെ ഭാരപ്പെടുത്തുകയും നിന്‍റെ അകൃത്യങ്ങൾകൊണ്ട് എന്നെ മടുപ്പിക്കുകയും ചെയ്തു. എന്‍റെ നിമിത്തം ഞാൻ, ഞാൻ തന്നെ, നിന്‍റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു; നിന്‍റെ പാപങ്ങളെ ഞാൻ ഓർക്കുകയുമില്ല. എന്നെ ഓർമിപ്പിക്കുക; നാം തമ്മിൽ വ്യവഹരിക്കുക; നീ നീതീകരിക്കപ്പെടേണ്ടതിന് വാദിച്ചുകൊള്ളുക. നിന്‍റെ ആദ്യപിതാവ് പാപംചെയ്തു; നിന്‍റെ മദ്ധ്യസ്ഥന്മാർ എന്നോട് ദ്രോഹം ചെയ്തു. അതുകൊണ്ട് ഞാൻ വിശുദ്ധമന്ദിരത്തിന്‍റെ പ്രഭുക്കന്മാരെ മലിനമാക്കി, യാക്കോബിനെ ഉന്മൂലനാശത്തിനും, യിസ്രായേലിനെ നിന്ദയ്ക്കും ഏല്പിച്ചിരിക്കുന്നു.”

യെശയ്യാവ് 43:11-28 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല. നിങ്ങളുടെ ഇടയിൽ ഒരു അന്യദേവനല്ല, ഞാൻ തന്നേ പ്രസ്താവിക്കയും രക്ഷിക്കയും കേൾപ്പിക്കയും ചെയ്തതു; അതുകൊണ്ടു നിങ്ങൾ എന്റെ സാക്ഷികൾ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ ദൈവം തന്നേ. ഇന്നും ഞാൻ അനന്യൻ തന്നേ; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല; ഞാൻ പ്രവർത്തിക്കും; ആർ അതു തടുക്കും? നിങ്ങളുടെ വീണ്ടെടുപ്പുകാരനും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ നിമിത്തം ഞാൻ ബാബേലിലേക്കു ആളയച്ചു, അവരെയൊക്കെയും, കല്ദയരെ തന്നേ, ഓടിപ്പോകുന്നവരായി അവർ ഘോഷിച്ചുല്ലസിച്ചിരുന്ന കപ്പലുകളിൽ താഴോട്ടു ഓടുമാറാക്കും. ഞാൻ നിങ്ങളുടെ പരിശുദ്ധനായ യഹോവയും യിസ്രായേലിന്റെ സ്രഷ്ടാവും നിങ്ങളുടെ രാജാവും ആകുന്നു. സമുദ്രത്തിൽ വഴിയും പെരുവെള്ളത്തിൽ പാതയും ഉണ്ടാക്കുകയും രഥം, കുതിര, സൈന്യം, ബലം എന്നിവയെ പുറപ്പെടുവിക്കയും ചെയ്യുന്ന യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ ഒരുപോലെ കിടക്കുന്നു, എഴുന്നേല്ക്കയില്ല; അവർ കെട്ടുപോകുന്നു; വിളക്കുതിരിപോലെ കെട്ടുപോകുന്നു. മുമ്പുള്ളവയെ നിങ്ങൾ ഓർക്കേണ്ടാ; പണ്ടുള്ളവയെ നിരൂപിക്കയും വേണ്ടാ. ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു; അതു ഇപ്പോൾ ഉത്ഭവിക്കും; നിങ്ങൾ അതു അറിയുന്നില്ലയോ? അതേ, ഞാൻ മരുഭൂമിയിൽ ഒരു വഴിയും നിർജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും. ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ജനത്തിന്നു കുടിപ്പാൻ കൊടുക്കേണ്ടതിന്നു ഞാൻ മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു നദികളും നല്കിയിരിക്കുന്നതുകൊണ്ടു കാട്ടുമൃഗങ്ങളും കുറക്കന്മാരും ഒട്ടകപ്പക്ഷികളും എന്നെ ബഹുമാനിക്കും. ഞാൻ എനിക്കു വേണ്ടി നിർമ്മിച്ചിരിക്കുന്ന ജനം എന്റെ സ്തുതിയെ വിവരിക്കും. എന്നാൽ യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല; യിസ്രായേലേ, നീ എന്റെ നിമിത്തം അദ്ധ്വാനിച്ചിട്ടുമില്ല. നിന്റെ ഹോമയാഗങ്ങളുടെ കുഞ്ഞാടുകളെ നീ എനിക്കു കൊണ്ടുവന്നിട്ടില്ല; നിന്റെ ഹനനയാഗങ്ങളാൽ നീ എന്നെ ബഹുമാനിച്ചിട്ടില്ല; ഭോജനയാഗങ്ങളാൽ ഞാൻ നിന്നെ ഭാരപ്പെടുത്തീട്ടില്ല; ധൂപനംകൊണ്ടു ഞാൻ നിന്നെ അദ്ധ്വാനിപ്പിച്ചിട്ടുമില്ല. നീ എനിക്കായി വയമ്പു വാങ്ങീട്ടില്ല; നിന്റെ ഹനനയാഗങ്ങളുടെ മേദസ്സുകൊണ്ടു എനിക്കു തൃപ്തിവരുത്തീട്ടുമില്ല; നിന്റെ പാപങ്ങൾകൊണ്ടു നീ എന്നെ അദ്ധ്വാനിപ്പിക്കയും നിന്റെ അകൃത്യങ്ങൾകൊണ്ടു എന്നെ കഷ്ടപ്പെടുത്തുകയും ചെയ്തു. എന്റെ നിമിത്തം ഞാൻ, ഞാൻ തന്നേ, നിന്റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു; നിന്റെ പാപങ്ങളെ ഞാൻ ഓർക്കയുമില്ല. എന്നെ ഓർപ്പിക്ക; നാം തമ്മിൽ വ്യവഹരിക്ക; നീ നീതീകരിക്കപ്പെടേണ്ടതിന്നു വാദിച്ചുകൊൾക. നിന്റെ ആദ്യപിതാവു പാപം ചെയ്തു; നിന്റെ മദ്ധ്യസ്ഥന്മാർ എന്നോടു ദ്രോഹം ചെയ്തു. അതുകൊണ്ടു ഞാൻ വിശുദ്ധമന്ദിരത്തിന്റെ പ്രഭുക്കന്മാരെ മലിനമാക്കി, യാക്കോബിനെ ഉന്മൂലനാശത്തിന്നും, യിസ്രായേലിനെ നിന്ദെക്കും ഏല്പിച്ചിരിക്കുന്നു.

യെശയ്യാവ് 43:11-28 സമകാലിക മലയാളവിവർത്തനം (MCV)

ഞാൻ, ഞാൻ ആകുന്നു യഹോവ, ഞാനല്ലാതെ മറ്റൊരു രക്ഷകനുമില്ല. ഞാൻതന്നെയാണു വെളിപ്പെടുത്തുകയും രക്ഷിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തത്; നിങ്ങളുടെ ഇടയിലുള്ള ഒരു അന്യദേവതയും ആയിരുന്നില്ല; നിങ്ങൾ എന്റെ സാക്ഷികൾതന്നെ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു, “ഞാൻ ആകുന്നു ദൈവം. നിത്യതമുതൽതന്നെ അതു ഞാൻ ആകുന്നു. എന്റെ കൈയിൽനിന്ന് വിടുവിക്കാൻ കഴിവുള്ള ആരുമില്ല. ഞാൻ പ്രവർത്തിക്കുമ്പോൾ, അതിനെ തടുക്കാൻ ആർക്കു കഴിയും?” നിങ്ങളുടെ വീണ്ടെടുപ്പുകാരനും ഇസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിങ്ങൾക്കുവേണ്ടി ബാബേലിലേക്ക് സൈന്യത്തെ അയച്ച് ബാബേല്യരായ എല്ലാവരെയും അവരുടെ അഭിമാനമായിരുന്ന ആ കപ്പലുകളിൽത്തന്നെ പലായിതരാക്കി തിരികെകൊണ്ടുവരും. ഞാൻ നിങ്ങളുടെ പരിശുദ്ധനായ യഹോവയും ഇസ്രായേലിന്റെ സ്രഷ്ടാവും നിങ്ങളുടെ രാജാവുംതന്നെ.” സമുദ്രത്തിലൂടെ വഴിയും പെരുവെള്ളത്തിലൂടെ പാതയും സൃഷ്ടിച്ച്, രഥം, കുതിര, സൈന്യം, പോഷകസൈന്യം എന്നിവയെ ഒരുമിച്ചു പുറപ്പെടുവിച്ച്, അവരെ ഒരുപോലെവീഴ്ത്തി, ഒരിക്കലും എഴുന്നേൽക്കാൻ ഇടയാകാതെ, അണച്ചുകളഞ്ഞ; വിളക്കുതിരിപോലെ കെടുത്തിക്കളഞ്ഞ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “പൂർവകാര്യങ്ങൾ നിങ്ങൾ ഓർക്കരുത്; കഴിഞ്ഞകാലത്തെ കാര്യങ്ങൾ ചിന്തിക്കുകയുമരുത്. ഇതാ, ഞാൻ പുതിയൊരു കാര്യം ചെയ്യുന്നു! ഇപ്പോൾ അത് ഉത്ഭവിക്കും; നിങ്ങൾ അത് അറിയുകയില്ലേ? ഞാൻ മരുഭൂമിയിൽ ഒരു വഴിയും തരിശുഭൂമിയിൽ അരുവികളും ഉണ്ടാക്കും. എന്റെ തെരഞ്ഞെടുക്കപ്പെട്ട ജനത്തിനു കുടിക്കുന്നതിനായി ഞാൻ മരുഭൂമിയിൽ വെള്ളവും തരിശുഭൂമിയിൽ അരുവികളും ഉണ്ടാക്കിയിരിക്കുകയാൽ വന്യമൃഗങ്ങളും കുറുനരികളും ഒട്ടകപ്പക്ഷികളും എന്നെ മഹത്ത്വപ്പെടുത്തും. എനിക്കുവേണ്ടി ഞാൻ നിർമിച്ച എന്റെ ജനം എന്റെ സ്തുതി വിളംബരംചെയ്യും. “എന്നിട്ടും യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല, ഇസ്രായേലേ, നിങ്ങൾ എന്നെക്കുറിച്ചു മടുപ്പുള്ളവരായിത്തീർന്നു. നിങ്ങൾ ഹോമയാഗങ്ങൾക്കുള്ള കുഞ്ഞാടുകളെ എനിക്കു കൊണ്ടുവന്നില്ല, നിങ്ങളുടെ യാഗങ്ങളാൽ എന്നെ ബഹുമാനിച്ചിട്ടുമില്ല. ഭോജനയാഗങ്ങൾകൊണ്ട് ഞാൻ നിങ്ങളെ ഭാരപ്പെടുത്തുകയോ സുഗന്ധധൂപത്തിനായി നിങ്ങളെ അസഹ്യപ്പെടുത്തുകയോ ചെയ്തിട്ടില്ല. നിങ്ങൾ പണം മുടക്കി എനിക്കുവേണ്ടി സുഗന്ധച്ചെടി കൊണ്ടുവന്നിട്ടില്ല, ഹനനയാഗങ്ങളുടെ മേദസ്സിനാൽ എന്നെ തൃപ്തനാക്കിയിട്ടുമില്ല. എന്നാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളാൽ എന്നെ ഭാരപ്പെടുത്തുകയും നിങ്ങളുടെ അകൃത്യങ്ങളാൽ എന്നെ അസഹ്യപ്പെടുത്തുകയുമാണ് ചെയ്തിട്ടുള്ളത്. “ഞാൻ, ഞാൻതന്നെയാണ് നിങ്ങളുടെ അതിക്രമങ്ങൾ എന്റെനിമിത്തം മായിച്ചുകളയുന്നത്, നിങ്ങളുടെ പാപങ്ങൾ ഞാൻ ഇനിമേൽ ഓർക്കുകയുമില്ല. എനിക്കായി ഭൂതകാലം ഒന്നു പുനർവിചിന്തനംചെയ്യാം; നമുക്കുതമ്മിൽ വ്യവഹരിക്കാം; നീ നിരപരാധിത്വത്തിനുവേണ്ടി വാദിച്ചുകൊൾക. നിന്റെ ആദ്യപിതാവു പാപംചെയ്തു; നിങ്ങളെ അഭ്യസിപ്പിക്കാൻ ഞാൻ അയച്ചവർതന്നെ എനിക്കെതിരേ മത്സരിച്ചു. അതുകൊണ്ട് ഞാൻ വിശുദ്ധമന്ദിരത്തിന്റെ അധികാരികളെ അപമാനിതരാക്കി; യാക്കോബിനെ സംഹാരത്തിനും ഇസ്രായേലിനെ നിന്ദയ്ക്കും ഏൽപ്പിച്ചുകൊടുത്തു.