യെശയ്യാവ് 42:17-25

യെശയ്യാവ് 42:17-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

വിഗ്രഹങ്ങളിൽ ആശ്രയിച്ചു ബിംബങ്ങളോട്: നിങ്ങൾ ഞങ്ങളുടെ ദേവന്മാരെന്നു പറയുന്നവർ പിൻതിരിഞ്ഞ് ഏറ്റവും ലജ്ജിച്ചുപോകും. ചെകിടന്മാരേ, കേൾപ്പിൻ; കുരുടന്മാരേ, നോക്കിക്കാൺമിൻ! എന്റെ ദാസനല്ലാതെ കുരുടൻ ആർ? ഞാൻ അയയ്ക്കുന്ന ദൂതനെപ്പോലെ ചെകിടൻ ആർ? എന്റെ പ്രിയനെപ്പോലെ കുരുടനും യഹോവയുടെ ദാസനെപ്പോലെ അന്ധനുമായവൻ ആർ? പലതും കണ്ടിട്ടും നീ സൂക്ഷിക്കുന്നില്ല; ചെവി തുറന്നിരുന്നിട്ടും അവൻ കേൾക്കുന്നില്ല. യഹോവ തന്റെ നീതിനിമിത്തം ഉപദേശത്തെ ശ്രേഷ്ഠമാക്കി മഹത്ത്വീകരിപ്പാൻ പ്രസാദിച്ചിരിക്കുന്നു. എന്നാൽ ഇതു മോഷ്‍ടിച്ചും കവർന്നും പോയിരിക്കുന്ന ഒരു ജനമാകുന്നു; അവരൊക്കെയും കുഴികളിൽ കുടുങ്ങിയും കാരാഗൃഹങ്ങളിൽ അടയ്ക്കപ്പെട്ടുമിരിക്കുന്നു; അവർ കവർച്ചയായിപ്പോയി, ആരും വിടുവിക്കുന്നില്ല; അവർ കൊള്ളയായിപ്പോയി, മടക്കിത്തരിക എന്ന് ആരും പറയുന്നതുമില്ല. നിങ്ങളിൽ ആർ അതിനു ചെവികൊടുക്കും? ഭാവികാലത്തേക്ക് ആർ ശ്രദ്ധിച്ചു കേൾക്കും? യാക്കോബിനെ കൊള്ളയായും യിസ്രായേലിനെ കവർച്ചക്കാർക്കും ഏല്പിച്ചു കൊടുത്തവൻ ആർ? യഹോവ തന്നെയല്ലോ; അവനോടു നാം പാപം ചെയ്തുപോയി; അവന്റെ വഴികളിൽ നടപ്പാൻ അവർക്കു മനസ്സില്ലായിരുന്നു; അവന്റെ ന്യായപ്രമാണം അവർ അനുസരിച്ചിട്ടുമില്ല. അതുകൊണ്ട് അവൻ തന്റെ ഉഗ്രകോപവും യുദ്ധകാഠിന്യവും അവരുടെമേൽ പകർന്നു; അത് അവരുടെ ചുറ്റും ജ്വലിച്ചിട്ടും അവർ അറിഞ്ഞില്ല; അത് അവരെ ദഹിപ്പിച്ചിട്ടും അവർ കൂട്ടാക്കിയില്ല.

യെശയ്യാവ് 42:17-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

കൊത്തുവിഗ്രഹങ്ങളിൽ ആശ്രയം അർപ്പിക്കുകയും വാർപ്പുവിഗ്രഹങ്ങളോടു “നിങ്ങളാണ് ഞങ്ങളുടെ ദേവന്മാർ” എന്നു പറയുകയും ചെയ്യുന്നവർ ലജ്ജിതരായി പിന്തിരിയും. “ബധിരരേ, കേട്ടറിയുവിൻ, അന്ധരേ, നോക്കിക്കാണുവിൻ, എന്റെ ദാസനല്ലാതെ മറ്റാരാണ് അന്ധൻ? ഞാനയച്ച ദൂതനല്ലാതെ മറ്റാരാണ് ബധിരൻ? എന്റെ സമർപ്പിതനെപ്പോലെ, സർവേശ്വരന്റെ ദാസനെപ്പോലെ അന്ധനായി ആരുണ്ട്? കാഴ്ചയിൽപ്പെടുന്നത് അവൻ കണ്ടു ഗ്രഹിക്കുന്നില്ല, ചെവി തുറന്നിരുന്നിട്ടും അവൻ കേൾക്കുന്നില്ല. അവിടുത്തെ നീതി നിമിത്തം സർവേശ്വരൻ തന്റെ നിയമം ഉൽകൃഷ്ടവും വാഴ്ത്തപ്പെടുന്നതും ആക്കാൻ കനിഞ്ഞിരിക്കുന്നു. കൊള്ളയ്‍ക്കും കവർച്ചയ്‍ക്കും വിധേയമായ ഒരു ജനതയാണിത്. അവരെല്ലാം ഗുഹകളിൽ കുടുങ്ങിയിരിക്കുന്നു; കാരാഗൃഹങ്ങളിൽ അടയ്‍ക്കപ്പെട്ടിരിക്കുന്നു. രക്ഷിക്കാനാരുമില്ലാത്ത വേട്ടമൃഗമായും, “മടക്കിക്കൊടുക്കുക” എന്നു പറയാനാളില്ലാത്ത കൊള്ള വസ്തുവായും അവർ തീർന്നിരിക്കുന്നു. നിങ്ങളിൽ ആരിതിനു ചെവി കൊടുക്കും? ഇനിയെങ്കിലും ശ്രദ്ധയോടു കേൾക്കാൻ നിങ്ങളിൽ ആരുണ്ട്? ആരാണു യാക്കോബിനെ കൊള്ളക്കാർക്കും ഇസ്രായേലിനെ കവർച്ചക്കാർക്കും വിട്ടുകൊടുത്തത്? സർവേശ്വരൻ തന്നെയല്ലേ? അവിടുത്തോട് അവർ പാപം ചെയ്തു. അവിടുത്തെ വഴികളിൽ അവർ നടന്നില്ല; അവിടുത്തെ നിയമം അവർ അനുസരിച്ചില്ല. അതുകൊണ്ട് അവിടുന്നു തന്റെ കോപാഗ്നിയും യുദ്ധത്തിന്റെ കാഠിന്യവും ഇസ്രായേലിന്റെ മേൽ പകർന്നു. അതു ചുറ്റും ആളിക്കത്തിയിട്ടും അവർ ഗ്രഹിച്ചില്ല. പൊള്ളലേറ്റിട്ടും അവർക്കുള്ളിൽ തട്ടിയില്ല.

യെശയ്യാവ് 42:17-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

വിഗ്രഹങ്ങളിൽ ആശ്രയിച്ചു ബിംബങ്ങളോട്: ‘നിങ്ങൾ ഞങ്ങളുടെ ദേവന്മാർ’ എന്നു പറയുന്നവർ പിന്തിരിഞ്ഞ് ഏറ്റവും ലജ്ജിച്ചുപോകും. “ചെകിടന്മാരേ, കേൾക്കുവിൻ; കുരുടന്മാരേ, നോക്കിക്കാണുവിൻ! എന്‍റെ ദാസനല്ലാതെ കുരുടൻ ആര്‍? ഞാൻ അയയ്ക്കുന്ന ദൂതനെപ്പോലെ ചെകിടൻ ആര്‍? എന്‍റെ പ്രിയനെപ്പോലെ കുരുടനും യഹോവയുടെ ദാസനെപ്പോലെ അന്ധനുമായവൻ ആര്‍? പലതും കണ്ടിട്ടും നീ സൂക്ഷിക്കുന്നില്ല; ചെവി തുറന്നിരുന്നിട്ടും അവൻ കേൾക്കുന്നില്ല.” യഹോവ തന്‍റെ നീതിനിമിത്തം ഉപദേശത്തെ ശ്രേഷ്ഠമാക്കി മഹത്ത്വീകരിക്കുവാൻ പ്രസാദിച്ചിരിക്കുന്നു. എന്നാൽ ഇതു മോഷ്ടിച്ചും കവർന്നും പോയിരിക്കുന്ന ഒരു ജനമാകുന്നു; അവരെല്ലാവരും കുഴികളിൽ കുടുങ്ങിയും കാരാഗൃഹങ്ങളിൽ അടയ്ക്കപ്പെട്ടുമിരിക്കുന്നു; അവർ കവർച്ചയായിപ്പോയി, ആരും വിടുവിക്കുന്നില്ല; അവർ കൊള്ളയായിപ്പോയി, “മടക്കിത്തരുക” എന്നു ആരും പറയുന്നതുമില്ല. നിങ്ങളിൽ ആര്‍ അതിന് ചെവികൊടുക്കും? ഭാവികാലത്തേക്ക് ആര്‍ ശ്രദ്ധിച്ചു കേൾക്കും? യാക്കോബിനെ കൊള്ളയായും യിസ്രായേലിനെ കവർച്ചക്കാർക്കും ഏല്പിച്ചുകൊടുത്തവൻ ആര്‍? യഹോവ തന്നെയല്ലോ; അവനോട് നാം പാപം ചെയ്തുപോയി അവന്‍റെ വഴികളിൽ നടക്കുവാൻ അവർക്ക് മനസ്സില്ലായിരുന്നു; അവന്‍റെ ന്യായപ്രമാണം അവർ അനുസരിച്ചിട്ടുമില്ല. അതുകൊണ്ട് അവൻ തന്‍റെ ഉഗ്രകോപവും യുദ്ധകാഠിന്യവും അവരുടെ മേൽ പകർന്നു; അത് അവരുടെ ചുറ്റും ജ്വലിച്ചിട്ടും അവർ അറിഞ്ഞില്ല; അത് അവരെ ദഹിപ്പിച്ചിട്ടും അവർ കൂട്ടാക്കിയില്ല.

യെശയ്യാവ് 42:17-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

വിഗ്രഹങ്ങളിൽ ആശ്രയിച്ചു ബിംബങ്ങളോടു: നിങ്ങൾ ഞങ്ങളുടെ ദേവന്മാരെന്നു പറയുന്നവർ പിന്തിരിഞ്ഞു ഏറ്റവും ലജ്ജിച്ചുപോകും. ചെകിടന്മാരേ, കേൾപ്പിൻ; കുരുടന്മാരേ, നോക്കിക്കാണ്മിൻ! എന്റെ ദാസനല്ലാതെ കുരുടൻ ആർ? ഞാൻ അയക്കുന്ന ദൂതനെപ്പോലെ ചെകിടൻ ആർ? എന്റെ പ്രിയനെപ്പോലെ കുരുടനും യഹോവയുടെ ദാസനെപ്പോലെ അന്ധനുമായവൻ ആർ? പലതും കണ്ടിട്ടും നീ സൂക്ഷിക്കുന്നില്ല; ചെവി തുറന്നിരുന്നിട്ടും അവൻ കേൾക്കുന്നില്ല. യഹോവ തന്റെ നീതി നിമിത്തം ഉപദേശത്തെ ശ്രേഷ്ഠമാക്കി മഹത്വീകരിപ്പാൻ പ്രസാദിച്ചിരിക്കുന്നു. എന്നാൽ ഇതു മോഷ്ടിച്ചും കവർന്നും പോയിരിക്കുന്ന ഒരു ജനമാകുന്നു; അവരൊക്കെയും കുഴികളിൽ കുടുങ്ങിയും കാരാഗൃഹങ്ങളിൽ അടെക്കപ്പെട്ടുമിരിക്കുന്നു; അവർ കവർച്ചയായ്പോയി, ആരും വിടുവിക്കുന്നില്ല; അവർ കൊള്ളയായ്പോയി, മടക്കിത്തരിക എന്നു ആരും പറയുന്നതുമില്ല. നിങ്ങളിൽ ആർ അതിന്നു ചെവികൊടുക്കും? ഭാവികാലത്തേക്കു ആർ ശ്രദ്ധിച്ചു കേൾക്കും? യാക്കോബിനെ കൊള്ളയായും യിസ്രായേലിനെ കവർച്ചക്കാർക്കും ഏല്പിച്ചുകൊടുത്തവൻ ആർ? യഹോവ തന്നേയല്ലോ; അവനോടു നാം പാപം ചെയ്തുപോയി അവന്റെ വഴികളിൽ നടപ്പാൻ അവർക്കു മനസ്സില്ലായിരുന്നു; അവന്റെ ന്യായപ്രമാണം അവർ അനുസരിച്ചിട്ടുമില്ല. അതുകൊണ്ടു അവൻ തന്റെ ഉഗ്രകോപവും യുദ്ധകാഠിന്യവും അവരുടെമേൽ പകർന്നു; അതു അവരുടെ ചുറ്റും ജ്വലിച്ചിട്ടും അവർ അറിഞ്ഞില്ല; അതു അവരെ ദഹിപ്പിച്ചിട്ടും അവർ കൂട്ടാക്കിയില്ല.

യെശയ്യാവ് 42:17-25 സമകാലിക മലയാളവിവർത്തനം (MCV)

എന്നാൽ വിഗ്രഹങ്ങളിൽ ആശ്രയിച്ച്, ബിംബങ്ങളോട്, ‘നിങ്ങളാണ് ഞങ്ങളുടെ ദേവതകളെന്നു,’ പറയുന്നവർ പിന്തിരിഞ്ഞ് ഏറ്റവും ലജ്ജിതരാകും. “ചെകിടരേ, കേൾക്കുക; അന്ധരേ, നോക്കിക്കാണുക! എന്റെ ദാസനല്ലാതെ അന്ധൻ ആർ? ഞാൻ അയയ്ക്കുന്ന എന്റെ സന്ദേശവാഹകനെപ്പോലെ ചെകിടൻ ആർ? എന്റെ ഉടമ്പടിയിൽ പങ്കാളിയായിരിക്കുന്നവനെപ്പോലെ അന്ധനും യഹോവയുടെ ആ ദാസനെപ്പോലെ കുരുടനും ആരുള്ളൂ? നീ പലതും കണ്ടു; എങ്കിലും നീ അവ ഗ്രഹിക്കുന്നില്ല; നിന്റെ ചെവികൾ തുറന്നിരിക്കുന്നു; എങ്കിലും ഒന്നും കേൾക്കുന്നില്ല.” തന്റെ നീതിക്കായി അവിടത്തെ നിയമം ശ്രേഷ്ഠവും മഹത്ത്വകരവുമാക്കാൻ യഹോവയ്ക്കു പ്രസാദമായിരിക്കുന്നു. എങ്കിലും ഇതു കൊള്ളചെയ്യപ്പെട്ടു കവർച്ചയായിത്തീർന്ന ഒരു ജനമാണ്, അവരെല്ലാം ഗുഹകളിൽ കുടുങ്ങുകയോ കാരാഗൃഹങ്ങളിൽ അടയ്ക്കപ്പെടുകയോ ചെയ്തിരിക്കുന്നു. അവർ കവർച്ചയ്ക്ക് ഇരയായി, വിടുവിക്കാൻ ആരും ഇല്ല; കൊള്ളചെയ്യപ്പെട്ടു, “മടക്കിത്തരിക,” എന്ന് ആരും പറയുന്നതുമില്ല. നിങ്ങളിൽ ആര് ഇതു ശ്രദ്ധിക്കും? ഭാവിക്കുവേണ്ടി ആര് ചെവികൊടുത്തു കേൾക്കും? യാക്കോബിനെ കവർച്ചയ്ക്കും ഇസ്രായേലിനെ കൊള്ളക്കാർക്കും വിട്ടുകൊടുത്തതാര്? യഹോവ തന്നെയല്ലേ, അവിടത്തോടല്ലേ നാം പാപം ചെയ്തത്? കാരണം അവർ അവിടത്തെ വഴികൾ അനുസരിച്ചിട്ടില്ല; അവിടത്തെ നിയമം അനുസരിച്ചിട്ടുമില്ല. അതുകൊണ്ട് തന്റെ തീക്ഷ്ണമായ കോപവും യുദ്ധത്തിന്റെ ഭീകരതയും അവിടന്ന് അവരുടെമേൽ ചൊരിഞ്ഞു. അത് അവരുടെ ചുറ്റും ജ്വലിച്ചിട്ടും അവർ തിരിച്ചറിഞ്ഞില്ല; അത് അവരെ ദഹിപ്പിച്ചിട്ടും അവർ ഗൗനിച്ചതേയില്ല.