യെശയ്യാവ് 42:13-17

യെശയ്യാവ് 42:13-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവ ഒരു വീരനെപ്പോലെ പുറപ്പെടും; ഒരു യോദ്ധാവിനെപ്പോലെ തീക്ഷ്ണതയെ ജ്വലിപ്പിക്കും; അവൻ ആർത്തുവിളിക്കും; അവൻ ഉച്ചത്തിൽ ആർക്കും; തന്റെ ശത്രുക്കളോടു വീര്യം പ്രവർത്തിക്കും. ഞാൻ ബഹുകാലം മിണ്ടാതെയിരുന്നു; ഞാൻ മൗനമായി അടങ്ങിപ്പാർത്തിരുന്നു; ഇപ്പോഴോ നോവുകിട്ടിയ സ്ത്രീയെപ്പോലെ ഞാൻ ഞരങ്ങി നെടുവീർപ്പിട്ടു കിതയ്ക്കും. ഞാൻ മലകളെയും കുന്നുകളെയും ശൂന്യമാക്കി അവയുടെ സസ്യങ്ങളെ എല്ലാം ഉണക്കിക്കളയും; ഞാൻ നദികളെ ദ്വീപുകളാക്കും; പൊയ്കകളെ വറ്റിച്ചുകളയും. ഞാൻ കുരുടന്മാരെ അവർ അറിയാത്ത വഴിയിൽ നടത്തും; അവർ അറിയാത്ത പാതകളിൽ അവരെ സഞ്ചരിക്കുമാറാക്കും; ഞാൻ അവരുടെ മുമ്പിൽ ഇരുട്ടിനെ വെളിച്ചവും ദുർഘടങ്ങളെ സമഭൂമിയും ആക്കും; ഞാൻ ഈ വചനങ്ങളെ വിട്ടുകളയാതെ നിവർത്തിക്കും. വിഗ്രഹങ്ങളിൽ ആശ്രയിച്ചു ബിംബങ്ങളോട്: നിങ്ങൾ ഞങ്ങളുടെ ദേവന്മാരെന്നു പറയുന്നവർ പിൻതിരിഞ്ഞ് ഏറ്റവും ലജ്ജിച്ചുപോകും.

യെശയ്യാവ് 42:13-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ വീരയോദ്ധാവിനെപ്പോലെ മുന്നേറുന്നു. പോരാളിയെപ്പോലെ തന്റെ രോഷം ജ്വലിപ്പിക്കുന്നു. അവിടുന്നു പോരിനു വിളിച്ച് അട്ടഹസിക്കുന്നു. ശത്രുക്കളുടെ നേരെ തന്റെ ശക്തി പ്രകടിപ്പിക്കുന്നു. അവിടുന്ന് അരുളിച്ചെയ്യുന്നു: “വളരെക്കാലം ഞാൻ മിണ്ടാതിരുന്നു. സ്വയം നിയന്ത്രിച്ചു, ശാന്തനായി കഴിഞ്ഞിരുന്നു. ഇപ്പോഴാകട്ടെ ഈറ്റുനോവുകൊണ്ട സ്‍ത്രീയെപ്പോലെ ഞാൻ നിലവിളിക്കും നെടുവീർപ്പിടും കിതയ്‍ക്കും. മലകളും പർവതങ്ങളും ഞാൻ തരിശാക്കും; അവയിലെ സർവസസ്യജാലങ്ങളെയും ഉണക്കിക്കളയും. നദികളെ കരകളാക്കും. കുളങ്ങൾ വറ്റിച്ചുകളയും. അന്ധന്മാരെ അവരറിയാത്ത വഴികളിലൂടെ നയിക്കും. അജ്ഞാതമായ പാതയിലൂടെ അവരെ വഴി നടത്തും. അവരുടെ മാർഗത്തിലെ ഇരുട്ട് ഞാൻ പ്രകാശമാക്കുകയും ദുർഘടസ്ഥാനങ്ങളെ സമഭൂമിയാക്കുകയും ചെയ്യും. ഇവയെല്ലാം ഞാൻ ചെയ്യും. ഞാനവരെ ഉപേക്ഷിക്കുകയില്ല. കൊത്തുവിഗ്രഹങ്ങളിൽ ആശ്രയം അർപ്പിക്കുകയും വാർപ്പുവിഗ്രഹങ്ങളോടു “നിങ്ങളാണ് ഞങ്ങളുടെ ദേവന്മാർ” എന്നു പറയുകയും ചെയ്യുന്നവർ ലജ്ജിതരായി പിന്തിരിയും.

യെശയ്യാവ് 42:13-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവ ഒരു വീരനെപ്പോലെ പുറപ്പെടും; ഒരു യോദ്ധാവിനെപ്പോലെ തീക്ഷ്ണത ജ്വലിപ്പിക്കും; അവൻ ആർത്തുവിളിക്കും; അവൻ ഉച്ചത്തിൽ ആർക്കും; തന്‍റെ ശത്രുക്കളോടു വീര്യം പ്രവർത്തിക്കും. ഞാൻ ബഹുകാലം മിണ്ടാതെയിരുന്നു; ഞാൻ മൗനമായി അടങ്ങിപ്പാർത്തിരുന്നു; ഇപ്പോഴോ നോവുകിട്ടിയ സ്ത്രീയെപ്പോലെ ഞാൻ ഞരങ്ങി നെടുവീർപ്പിട്ടു കിതയ്ക്കുകയും ചെയ്യുന്നു. ഞാൻ മലകളെയും കുന്നുകളേയും ശൂന്യമാക്കി അവയുടെ സസ്യങ്ങളെ എല്ലാം ഉണക്കിക്കളയും; ഞാൻ നദികളെ ദ്വീപുകളാക്കും; പൊയ്കകളെ വറ്റിച്ചുകളയും. ഞാൻ കുരുടന്മാരെ അവർ അറിയാത്ത വഴിയിൽ നടത്തും; അവർ അറിയാത്ത പാതകളിൽ അവരെ സഞ്ചരിക്കുമാറാക്കും; ഞാൻ അവരുടെ മുമ്പിൽ ഇരുട്ടിനെ വെളിച്ചവും ദുർഘടങ്ങളെ സമഭൂമിയും ആക്കും; ഞാൻ ഈ വചനങ്ങളെ വിട്ടുകളയാതെ നിവർത്തിക്കും. വിഗ്രഹങ്ങളിൽ ആശ്രയിച്ചു ബിംബങ്ങളോട്: ‘നിങ്ങൾ ഞങ്ങളുടെ ദേവന്മാർ’ എന്നു പറയുന്നവർ പിന്തിരിഞ്ഞ് ഏറ്റവും ലജ്ജിച്ചുപോകും.

യെശയ്യാവ് 42:13-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ ഒരു വീരനെപ്പോലെ പുറപ്പെടും; ഒരു യോദ്ധാവിനെപ്പോലെ തീക്ഷ്ണതയെ ജ്വലിപ്പിക്കും; അവൻ ആർത്തുവിളിക്കും; അവൻ ഉച്ചത്തിൽ ആർക്കും; തന്റെ ശത്രുക്കളോടു വീര്യം പ്രവർത്തിക്കും. ഞാൻ ബഹുകാലം മിണ്ടാതെയിരുന്നു; ഞാൻ മൗനമായി അടങ്ങിപ്പാർത്തിരുന്നു; ഇപ്പോഴോ നോവുകിട്ടിയ സ്ത്രീയെപ്പോലെ ഞാൻ ഞരങ്ങി നെടുവീർപ്പിട്ടു കതെക്കും. ഞാൻ മലകളെയും കുന്നുകളെയും ശൂന്യമാക്കി അവയുടെ സസ്യങ്ങളെ എല്ലാം ഉണക്കിക്കളയും; ഞാൻ നദികളെ ദ്വീപുകളാക്കും; പൊയ്കകളെ വറ്റിച്ചുകളയും. ഞാൻ കുരുടന്മാരെ അവർ അറിയാത്ത വഴിയിൽ നടത്തും; അവർ അറിയാത്ത പാതകളിൽ അവരെ സഞ്ചരിക്കുമാറാക്കും; ഞാൻ അവരുടെ മുമ്പിൽ ഇരുട്ടിനെ വെളിച്ചവും ദുർഘടങ്ങളെ സമഭൂമിയും ആക്കും; ഞാൻ ഈ വചനങ്ങളെ വിട്ടുകളയാതെ നിവർത്തിക്കും. വിഗ്രഹങ്ങളിൽ ആശ്രയിച്ചു ബിംബങ്ങളോടു: നിങ്ങൾ ഞങ്ങളുടെ ദേവന്മാരെന്നു പറയുന്നവർ പിന്തിരിഞ്ഞു ഏറ്റവും ലജ്ജിച്ചുപോകും.

യെശയ്യാവ് 42:13-17 സമകാലിക മലയാളവിവർത്തനം (MCV)

യഹോവ ഒരു യോദ്ധാവിനെപ്പോലെ പുറപ്പെടും, ഒരു യുദ്ധവീരനെപ്പോലെ തന്റെ തീക്ഷ്ണത പ്രകടമാക്കും; അവിടന്ന് ആർത്തുവിളിക്കും, യുദ്ധഘോഷം മുഴക്കും, തന്റെ ശത്രുക്കൾക്കെതിരേ അവിടന്ന് വിജയംനേടും. “ഞാൻ ദീർഘകാലം മൗനമായിരുന്നു, ഞാൻ മിണ്ടാതിരുന്ന് എന്നെത്തന്നെ നിയന്ത്രിച്ചുപോന്നു. എന്നാൽ ഇപ്പോൾ പ്രസവവേദന ബാധിച്ച സ്ത്രീയെപ്പോലെ ഞാൻ ഞരങ്ങുന്നു, കിതയ്ക്കുകയും നെടുവീർപ്പിടുകയുംചെയ്യുന്നു. ഞാൻ പർവതങ്ങളെയും മലകളെയും ശൂന്യമാക്കും അവയിലെ സസ്യങ്ങളെ കരിച്ചുകളയും. ഞാൻ നദികളെ ദ്വീപുകളാക്കും, ജലാശയങ്ങളെ വറ്റിച്ചുംകളയും. ഞാൻ അന്ധരെ അവർ അറിയാത്ത വഴിയിലൂടെ നടത്തും, അവർ അറിഞ്ഞിട്ടില്ലാത്ത പാതകളിലൂടെ ഞാൻ അവരെ നയിക്കും. ഞാൻ അവരുടെമുമ്പിൽ അന്ധകാരത്തെ പ്രകാശമായും ദുർഘടസ്ഥലങ്ങളെ സമതലമായും മാറ്റും. അവർക്കു ഞാൻ ഇവയെല്ലാം ചെയ്തുകൊടുക്കും; ഞാൻ അവരെ ഉപേക്ഷിക്കുകയില്ല. എന്നാൽ വിഗ്രഹങ്ങളിൽ ആശ്രയിച്ച്, ബിംബങ്ങളോട്, ‘നിങ്ങളാണ് ഞങ്ങളുടെ ദേവതകളെന്നു,’ പറയുന്നവർ പിന്തിരിഞ്ഞ് ഏറ്റവും ലജ്ജിതരാകും.