യെശയ്യാവ് 4:2-6

യെശയ്യാവ് 4:2-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അന്നാളിൽ യഹോവയുടെ മുള ഭംഗിയും മഹത്ത്വവും ഉള്ളതും ഭൂമിയുടെ ഫലം യിസ്രായേലിലെ രക്ഷിതഗണത്തിന് മഹിമയും അഴകും ഉള്ളതും ആയിരിക്കും. കർത്താവ് ന്യായവിധിയുടെ കാറ്റുകൊണ്ടും ദഹനത്തിന്റെ കാറ്റുകൊണ്ടും സീയോൻപുത്രിമാരുടെ മലിനത കഴുകിക്കളകയും യെരൂശലേമിന്റെ രക്തപാതകം അതിന്റെ നടുവിൽനിന്നു നീക്കി വെടിപ്പാക്കുകയും ചെയ്തശേഷം സീയോനിൽ മിഞ്ചിയിരിക്കുന്നവനും യെരൂശലേമിൽ ശേഷിച്ചിരിക്കുന്നവനും, ഇങ്ങനെ യെരൂശലേമിൽ ജീവനുള്ളവരുടെ കൂട്ടത്തിൽ പേരെഴുതിയിരിക്കുന്ന ഏവനുംതന്നെ, വിശുദ്ധൻ എന്നു വിളിക്കപ്പെടും. യഹോവ സീയോൻപർവതത്തിലെ സകല വാസസ്ഥലത്തിന്മേലും അതിലെ സഭായോഗങ്ങളിന്മേലും പകലിന് ഒരു മേഘവും പുകയും രാത്രിക്ക് അഗ്നിജ്വാലയുടെ പ്രകാശവും സൃഷ്‍ടിക്കും; സകല തേജസ്സിനും മീതെ ഒരു വിതാനം ഉണ്ടായിരിക്കും. പകൽ, വെയിൽ കൊള്ളാതിരിപ്പാൻ തണലായും കൊടുംകാറ്റും മഴയും തട്ടാതിരിപ്പാൻ സങ്കേതവും മറവിടവുമായും ഒരു കൂടാരം ഉണ്ടായിരിക്കും.

യെശയ്യാവ് 4:2-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അന്നു സർവേശ്വരൻ വളർത്തിയ ശാഖ മനോഹരവും മഹിമയുറ്റതും ആയിരിക്കും. ദേശം നല്‌കുന്ന ഫലം ഇസ്രായേലിൽ ശേഷിക്കുന്നവരുടെ അഭിമാനവും മഹത്ത്വവും ആയിരിക്കും. സർവേശ്വരൻ ന്യായവിധിയുടെയും ദഹനത്തിന്റെയും തീക്കാറ്റയച്ച് യെരൂശലേമിലെ സ്‍ത്രീകളുടെ മാലിന്യം കഴുകിക്കളയുകയും യെരൂശലേമിന്റെ രക്തക്കറ തുടച്ചുനീക്കുകയും ചെയ്യുമ്പോൾ, ജീവനോടെ ശേഷിക്കുന്ന എല്ലാവരും വിശുദ്ധർ എന്നു വിളിക്കപ്പെടും. അപ്പോൾ അവിടുന്നു സീയോൻപർവതത്തിന്മേലും അവിടെ സമ്മേളിക്കുന്നവരുടെമേലും പകൽ മേഘവും രാത്രി പുകയും ജ്വലിക്കുന്ന അഗ്നിയുടെ പ്രകാശവും സ്ഥാപിക്കും. അവിടുത്തെ മഹത്ത്വം എല്ലാറ്റിനും മുകളിൽ ഒരു വിതാനവും കൂടാരവുമായി നിലകൊള്ളും. അതു പകൽ തണലേകും. കൊടുങ്കാറ്റിലും മഴയിലും രക്ഷാസങ്കേതവും ആയിരിക്കും.

യെശയ്യാവ് 4:2-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ആ നാളിൽ യഹോവയുടെ ശാഖ ഭംഗിയും മഹത്ത്വവും ഉള്ളതും ഭൂമിയുടെ ഫലം യിസ്രായേലിലെ രക്ഷിതഗണത്തിന് മഹിമയും അഴകും ഉള്ളതും ആയിരിക്കും. സീയോനിൽ ശേഷിച്ചിരിക്കുന്നവനും യെരൂശലേമിൽ അവശേഷിച്ചിരിക്കുന്നവനും, ഇങ്ങനെ യെരൂശലേമിൽ ജീവനുള്ളവരുടെ കൂട്ടത്തിൽ പേര് എഴുതിയിരിക്കുന്ന ഏവനും തന്നെ, വിശുദ്ധൻ എന്നു വിളിക്കപ്പെടും. കർത്താവ് ന്യായവിധിയുടെ കാറ്റുകൊണ്ടും ദഹനത്തിന്‍റെ കാറ്റുകൊണ്ടും സീയോൻ പുത്രിമാരുടെ മലിനത കഴുകിക്കളയുകയും യെരൂശലേമിന്‍റെ രക്തപാതകം അതിന്‍റെ നടുവിൽനിന്നു നീക്കി വെടിപ്പാക്കുകയും ചെയ്യും. യഹോവ സീയോൻപർവ്വതത്തിലെ സകലവാസസ്ഥലത്തിന്മേലും അതിലെ സഭായോഗങ്ങളിന്മേലും പകലിന് ഒരു മേഘവും പുകയും രാത്രിക്ക് അഗ്നിജ്വാലയുടെ പ്രകാശവും സൃഷ്ടിക്കും; സകലതേജസ്സിനും മീതെ ഒരു വിതാനം ഉണ്ടായിരിക്കും. പകൽ, വെയിൽ കൊള്ളാതിരിക്കുവാൻ തണലായും കൊടുങ്കാറ്റും മഴയും തട്ടാതിരിക്കുവാൻ സങ്കേതവും മറവിടവുമായും ഒരു കൂടാരം ഉണ്ടായിരിക്കും.

യെശയ്യാവ് 4:2-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അന്നാളിൽ യഹോവയുടെ മുള ഭംഗിയും മഹത്വവും ഉള്ളതും ഭൂമിയുടെ ഫലം യിസ്രായേലിലെ രക്ഷിതഗണത്തിന്നു മഹിമയും അഴകും ഉള്ളതും ആയിരിക്കും. കർത്താവു ന്യായവിധിയുടെ കാറ്റുകൊണ്ടും ദഹനത്തിന്റെ കാറ്റുകൊണ്ടും സീയോൻ പുത്രിമാരുടെ മലിനത കഴുകിക്കളകയും യെരൂശലേമിന്റെ രക്തപാതകം അതിന്റെ നടുവിൽനിന്നു നീക്കി വെടിപ്പാക്കുകയും ചെയ്തശേഷം സീയോനിൽ മിഞ്ചീയിരിക്കുന്നവനും യെരൂശലേമിൽ ശേഷിച്ചിരിക്കുന്നവനും, ഇങ്ങനെ യെരൂശലേമിൽ ജീവനുള്ളവരുടെ കൂട്ടത്തിൽ പേർ എഴുതിയിരിക്കുന്ന ഏവനും തന്നേ, വിശുദ്ധൻ എന്നു വിളിക്കപ്പെടും. യഹോവ സീയോൻപർവ്വതത്തിലെ സകലവാസസ്ഥലത്തിന്മേലും അതിലെ സഭായോഗങ്ങളിന്മേലും പകലിന്നു ഒരു മേഘവും പുകയും രാത്രിക്കു അഗ്നിജ്വാലയുടെ പ്രകാശവും സൃഷ്ടിക്കും; സകലതേജസ്സിന്നും മീതെ ഒരു വിതാനം ഉണ്ടായിരിക്കും. പകൽ, വെയിൽ കൊള്ളാതിരിപ്പാൻ തണലായും കൊടുങ്കാറ്റും മഴയും തട്ടാതിരിപ്പാൻ സങ്കേതവും മറവിടവുമായും ഒരു കൂടാരം ഉണ്ടായിരിക്കും.

യെശയ്യാവ് 4:2-6 സമകാലിക മലയാളവിവർത്തനം (MCV)

ആ ദിവസത്തിൽ യഹോവയുടെ ശാഖ മനോഹരവും മഹത്ത്വപൂർണവുമായിരിക്കും. ഭൂമിയുടെ ഫലം ഇസ്രായേലിൽ ശേഷിക്കുന്നവർക്ക് അഭിമാനവും അലങ്കാരവുമായിരിക്കും. സീയോനിൽ ശേഷിച്ചിരിക്കുന്നവരും ജെറുശലേമിൽ അവശേഷിക്കുന്നവരുമായി, ജെറുശലേമിൽ ജീവനുള്ളവരുടെ കൂട്ടത്തിൽ പേരെഴുതിയിരിക്കുന്ന ഏവരും വിശുദ്ധർ എന്നു വിളിക്കപ്പെടും. കർത്താവ് സീയോൻപുത്രിമാരുടെ അശുദ്ധിയും ജെറുശലേമിന്റെ രക്തപാതകവും ന്യായവിധിയുടെ ആത്മാവുകൊണ്ടും അഗ്നിയുടെ ആത്മാവുകൊണ്ടും കഴുകിക്കളയും. അന്നു യഹോവ സീയോൻപർവതത്തിലെ സകലവാസസ്ഥലങ്ങളിന്മീതേയും അവിടെ കൂടിവരുന്ന എല്ലാവരുടെയുംമീതേയും പകൽസമയത്ത് പുകയുടെ ഒരു മേഘവും രാത്രിയിൽ അഗ്നിജ്വാലയുടെ പ്രകാശവും സൃഷ്ടിക്കും; എല്ലാറ്റിന്റെയുംമീതേ തേജസ്സ് ഒരു വിതാനമായിരിക്കും. പകൽസമയത്തെ ചൂടിൽനിന്ന് ഒരു തണലും അഭയവും കൊടുങ്കാറ്റിൽനിന്നും മഴയിൽനിന്നുമുള്ള ഒരു മറവിടവും സങ്കേതവും ആയിരിക്കും അത്.