യെശയ്യാവ് 37:1-7

യെശയ്യാവ് 37:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഹിസ്കീയാരാജാവ് അതു കേട്ടപ്പോൾ വസ്ത്രം കീറി രട്ടുടുത്തുകൊണ്ടു യഹോവയുടെ ആലയത്തിൽ ചെന്നു. പിന്നെ അവൻ രാജധാനിവിചാരകൻ എല്യാക്കീമിനെയും രായസക്കാരൻ ശെബ്നയെയും പുരോഹിതന്മാരിൽ മൂപ്പന്മാരെയും രട്ടുടുത്തവരായി ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ അടുക്കൽ അയച്ചു. അവർ അവനോടു പറഞ്ഞത്: ഹിസ്കീയാവ് ഇപ്രകാരം പറയുന്നു: ഇതു കഷ്ടവും ശാസനയും നിന്ദയും ഉള്ള ദിവസമത്രേ; കുഞ്ഞുങ്ങൾ ജനിപ്പാറായിരിക്കുന്നു; പ്രസവിപ്പാനോ ശക്തിയില്ല. ജീവനുള്ള ദൈവത്തെ നിന്ദിപ്പാൻ രബ്-ശാക്കേയെ അവന്റെ യജമാനനായ അശ്ശൂർരാജാവ് അയച്ചു പറയിക്കുന്ന വാക്ക് നിന്റെ ദൈവമായ യഹോവ പക്ഷേ കേൾക്കും; നിന്റെ ദൈവമായ യഹോവ കേട്ടിരിക്കുന്ന വാക്കിനു പ്രതികാരം ചെയ്യും; ആകയാൽ ഇനിയും ശേഷിച്ചിരിക്കുന്നവർക്കുവേണ്ടി പക്ഷവാദം കഴിക്കേണമേ. ഹിസ്കീയാരാജാവിന്റെ ഭൃത്യന്മാർ യെശയ്യാവിന്റെ അടുക്കൽ വന്നപ്പോൾ യെശയ്യാവ് അവരോടു പറഞ്ഞത്: നിങ്ങൾ നിങ്ങളുടെ യജമാനനോടു പറയേണ്ടത് എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അശ്ശൂർരാജാവിന്റെ ഭൃത്യന്മാർ എന്നെ നിന്ദിച്ചതായി നീ കേട്ടിരിക്കുന്ന വാക്കുനിമിത്തം ഭയപ്പെടേണ്ടാ. ഞാൻ അവന് ഒരു മനോവിഭ്രമം വരുത്തും; അവൻ ഒരു ശ്രുതി കേട്ടിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോകും; ഞാൻ അവനെ അവന്റെ സ്വന്തദേശത്തുവച്ചു വാൾകൊണ്ടു വീഴുമാറാക്കും.

യെശയ്യാവ് 37:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഹിസ്കിയാരാജാവ് അതുകേട്ടപ്പോൾ വസ്ത്രം കീറി ചാക്കുതുണിയുടുത്തുകൊണ്ട് സർവേശ്വരന്റെ ആലയത്തിലേക്കു പോയി. കൊട്ടാരം കാര്യവിചാരകനായ എല്യാക്കീമിനെയും കാര്യദർശിയായ ശെബ്നയെയും മുതിർന്ന പുരോഹിതന്മാരെയും ആമോസിന്റെ പുത്രനായ യെശയ്യായുടെ അടുത്തേക്കയച്ചു. അവരും ചാക്കുതുണി ഉടുത്തിരുന്നു. അവർ അദ്ദേഹത്തോടു പറഞ്ഞു: “ഹിസ്കിയാരാജാവു പറയുന്നു, കഷ്ടതയുടെയും ശകാരത്തിന്റെയും അപമാനത്തിന്റെയും ദിവസമാണിന്ന്. കുഞ്ഞു പിറക്കേണ്ട സമയമായി. പക്ഷേ പ്രസവിക്കാൻ ശക്തിയില്ല. ജീവിക്കുന്ന ദൈവത്തെ പരിഹസിക്കാൻ അസ്സീറിയായിലെ രാജാവ് അയച്ച രബ്-ശാക്കേയുടെ വാക്കുകൾ അങ്ങയുടെ ദൈവം കേട്ടിരിക്കും. അങ്ങയുടെ ദൈവമായ സർവേശ്വരൻ ആ വാക്കുകൾക്കു പ്രതികാരം ചെയ്യുകയില്ലേ? അതുകൊണ്ട് അവശേഷിക്കുന്ന നമ്മുടെ ജനത്തിനുവേണ്ടി പ്രാർഥിച്ചാലും. ഹിസ്കിയാരാജാവിന്റെ ദാസന്മാർ പറഞ്ഞതുകേട്ട് യെശയ്യാ അവരോടു പറഞ്ഞു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. “നിങ്ങളുടെ യജമാനനോടു പറയുക: “എന്നെ നിന്ദിച്ചുകൊണ്ട് അസ്സീറിയായിലെ രാജാവിന്റെ ദാസന്മാർ പറഞ്ഞ വാക്കുകൾ നീ കേട്ടല്ലോ. നീ ഭയപ്പെടേണ്ടാ. ഞാൻ അവന്റെ മനസ്സിനു വിഭ്രാന്തി ഉളവാക്കും. ഒരു കിംവദന്തി കേട്ട് സ്വന്തം രാജ്യത്തേക്ക് അവൻ മടങ്ങും. അവിടെവച്ചു ഞാനവനെ വാളിനിരയാക്കാൻ ഇടയാക്കും.

യെശയ്യാവ് 37:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഹിസ്കീയാരാജാവ് അത് കേട്ടപ്പോൾ വസ്ത്രം കീറി രട്ടുടുത്ത് കൊണ്ടു യഹോവയുടെ ആലയത്തിൽ ചെന്നു. പിന്നെ അവൻ രാജധാനിവിചാരകനായ എല്യാക്കീമിനെയും കൊട്ടാരം കാര്യസ്ഥനായ ശെബ്നയെയും പുരോഹിതന്മാരുടെ മൂപ്പന്മാരെയും രട്ടുടുത്തവരായി ആമോസിന്‍റെ മകനായ യെശയ്യാപ്രവാചകന്‍റെ അടുക്കൽ അയച്ചു. അവർ അവനോട് പറഞ്ഞത്: “ഹിസ്കീയാവ് ഇപ്രകാരം പറയുന്നു: ‘ഇതു കഷ്ടവും ശാസനയും നിന്ദയും ഉള്ള ദിവസമത്രേ; കുഞ്ഞുങ്ങൾ ജനിക്കാറായിരിക്കുന്നു; പ്രസവിക്കുവാനോ ശക്തിയില്ല. ജീവനുള്ള ദൈവത്തെ നിന്ദിപ്പാൻ രബ്-ശാക്കേയെ അവന്‍റെ യജമാനനായ അശ്ശൂർ രാജാവ് അയച്ചു പറയിക്കുന്ന വാക്കുകൾ നിന്‍റെ ദൈവമായ യഹോവ പക്ഷേ കേൾക്കും; നിന്‍റെ ദൈവമായ യഹോവ കേട്ടിരിക്കുന്ന വാക്കിനു പ്രതികാരംചെയ്യും; അതിനാൽ ഇനിയും ശേഷിച്ചിരിക്കുന്നവർക്കു വേണ്ടി പക്ഷവാദം കഴിക്കേണമേ.’” ഹിസ്കീയാരാജാവിന്‍റെ ഭൃത്യന്മാർ യെശയ്യാവിന്‍റെ അടുക്കൽ വന്നപ്പോൾ യെശയ്യാവ് അവരോടു പറഞ്ഞത്: “നിങ്ങൾ നിങ്ങളുടെ യജമാനനോടു പറയേണ്ടത് എന്തെന്നാൽ: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അശ്ശൂർരാജാവിന്‍റെ ഭൃത്യന്മാർ എന്നെ നിന്ദിച്ചതായി നീ കേട്ടിരിക്കുന്ന വാക്കുനിമിത്തം ഭയപ്പെടണ്ടാ. ഞാൻ അവന് ഒരു മനോവിഭ്രമം വരുത്തും; അവൻ ഒരു ശ്രുതി കേട്ടിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോകും; ഞാൻ അവനെ അവന്‍റെ സ്വന്തദേശത്തുവച്ചു വാൾകൊണ്ടു വീഴുമാറാക്കും.’”

യെശയ്യാവ് 37:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഹിസ്കീയാരാജാവു അതു കേട്ടപ്പോൾ വസ്ത്രം കീറി രട്ടുടുത്തുകൊണ്ടു യഹോവയുടെ ആലയത്തിൽ ചെന്നു. പിന്നെ അവൻ രാജധാനിവിചാരകൻ എല്യാക്കീമിനെയും രായസക്കാരൻ ശെബ്നയെയും പുരോഹിതന്മാരിൽ മൂപ്പന്മാരെയും രട്ടുടുത്തവരായി ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ അടുക്കൽ അയച്ചു. അവർ അവനോടു പറഞ്ഞതു: ഹിസ്കീയാവു ഇപ്രകാരം പറയുന്നു: ഇതു കഷ്ടവും ശാസനയും നിന്ദയും ഉള്ള ദിവസമത്രേ; കുഞ്ഞുങ്ങൾ ജനിപ്പാറായിരിക്കുന്നു; പ്രസവിപ്പാനോ ശക്തിയില്ല. ജീവനുള്ള ദൈവത്തെ നിന്ദിപ്പാൻ രബ്-ശാക്കേയെ അവന്റെ യജമാനനായ അശ്ശൂർരാജാവു അയച്ചു പറയിക്കുന്ന വാക്കു നിന്റെ ദൈവമായ യഹോവ പക്ഷേ കേൾക്കും; നിന്റെ ദൈവമായ യഹോവ കേട്ടിരിക്കുന്ന വാക്കിന്നു പ്രതികാരം ചെയ്യും; ആകയാൽ ഇനിയും ശേഷിച്ചിരിക്കുന്നവർക്കു വേണ്ടി പക്ഷവാദം കഴിക്കേണമേ. ഹിസ്കീയാരാജാവിന്റെ ഭൃത്യന്മാർ യെശയ്യാവിന്റെ അടുക്കൽ വന്നപ്പോൾ യെശയ്യാവു അവരോടു പറഞ്ഞതു: നിങ്ങൾ നിങ്ങളുടെ യജമാനനോടു പറയേണ്ടതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അശ്ശൂർരാജാവിന്റെ ഭൃത്യന്മാർ എന്നെ നിന്ദിച്ചതായി നീ കേട്ടിരിക്കുന്ന വാക്കു നിമിത്തം ഭയപ്പെടേണ്ടാ. ഞാൻ അവന്നു ഒരു മനോവിഭ്രമം വരുത്തും; അവൻ ഒരു ശ്രുതി കേട്ടിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോകും; ഞാൻ അവനെ അവന്റെ സ്വന്തദേശത്തുവെച്ചു വാൾകൊണ്ടു വീഴുമാറാക്കും.

യെശയ്യാവ് 37:1-7 സമകാലിക മലയാളവിവർത്തനം (MCV)

ഹിസ്കിയാരാജാവ് ഇതു കേട്ടപ്പോൾ വസ്ത്രംകീറി, ചാക്കുശീലയുടുത്ത് യഹോവയുടെ ആലയത്തിലേക്കു ചെന്നു. അദ്ദേഹം കൊട്ടാരം ഭരണാധിപനായ എല്യാക്കീമിനെയും ലേഖകനായ ശെബ്നയെയും പുരോഹിതന്മാരിൽ പ്രധാനികളെയും ചാക്കുശീല ധരിച്ചവരായി ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ അടുക്കൽ അയച്ചു. അവർ അദ്ദേഹത്തോടു പറഞ്ഞു: “ഹിസ്കിയാവ് ഇപ്രകാരം പറയുന്നു: ‘കുഞ്ഞ് ജനിക്കാറായിരിക്കുന്നു, എന്നാൽ അതിനെ പ്രസവിക്കുന്നതിനുള്ള ശക്തി അമ്മയ്ക്കില്ല’ അതുപോലെ ഈ ദിനം കഷ്ടതയുടെയും അധിക്ഷേപത്തിന്റെയും അപമാനത്തിന്റെയും ദിനമായിത്തീർന്നിരിക്കുന്നു. ജീവനുള്ള ദൈവത്തെ അവഹേളിക്കുന്നതിനായി അശ്ശൂർരാജാവ് അയച്ച യുദ്ധക്കളത്തിലെ അധിപൻ പറഞ്ഞവാക്കുകൾ അങ്ങയുടെ ദൈവമായ യഹോവ ഒരുപക്ഷേ കേൾക്കും; ആ വാക്കുകൾമൂലം അങ്ങയുടെ ദൈവമായ യഹോവ അയാളെ ശിക്ഷിക്കും. അതിനാൽ ഇസ്രായേലിൽ ഇന്നുള്ള ശേഷിപ്പിനുവേണ്ടി അങ്ങു പ്രാർഥിക്കണേ!” ഹിസ്കിയാരാജാവിന്റെ ഉദ്യോഗസ്ഥന്മാർ യെശയ്യാവിന്റെ അടുക്കൽ വന്നപ്പോൾ അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങളുടെ യജമാനനോടു പറയുക: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നീ കേട്ട വാക്കുകൾമൂലം ഭയപ്പെടേണ്ട, ആ വാക്കുകൾമൂലം, അശ്ശൂർരാജാവിന്റെ ദാസന്മാർ എന്നെ നിന്ദിച്ചിരിക്കുന്നു. ശ്രദ്ധിക്കുക! ഞാൻ അവന്റെമേൽ ഒരു ആത്മാവിനെ അയയ്ക്കും; അതുമൂലം അവൻ ഒരു പ്രത്യേക വാർത്തകേട്ട് സ്വന്തം ദേശത്തേക്കു മടങ്ങും. അവിടെവെച്ച് ഞാൻ അവനെ വാളിനിരയാക്കും.’ ”