യെശയ്യാവ് 26:1-9

യെശയ്യാവ് 26:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അന്നാളിൽ അവർ യെഹൂദാദേശത്ത് ഈ പാട്ടു പാടും: നമുക്കു ബലമുള്ളൊരു പട്ടണം ഉണ്ട്; അവൻ രക്ഷയെ മതിലുകളും കൊത്തളങ്ങളും ആക്കിവയ്ക്കുന്നു. വിശ്വസ്തത കാണിക്കുന്ന നീതിയുള്ള ജാതി പ്രവേശിക്കേണ്ടതിനു വാതിലുകളെ തുറപ്പിൻ. സ്ഥിരമാനസൻ നിന്നിൽ ആശ്രയം വച്ചിരിക്കകൊണ്ടു നീ അവനെ പൂർണസമാധാനത്തിൽ കാക്കുന്നു. യഹോവയാം യാഹിൽ ശാശ്വതമായൊരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിപ്പിൻ. അവൻ ഉയരത്തിൽ പാർക്കുന്നവരെ ഉന്നതനഗരത്തെ തന്നെ താഴ്ത്തി തള്ളിയിട്ടു നിലംപരിചാക്കി പൊടിയിൽ ഇട്ടുകളഞ്ഞിരിക്കുന്നു. കാൽ അതിനെ ചവിട്ടിക്കളയും; എളിയവരുടെ കാലുകളും ദരിദ്രന്മാരുടെ കാലടികളും തന്നെ. നീതിമാന്റെ വഴി ചൊവ്വുള്ളതാകുന്നു; നീ നീതിമാന്റെ പാതയെ ചൊവ്വായി നിരത്തുന്നു. അതേ, യഹോവേ, നിന്റെ ന്യായവിധികളുടെ പാതയിൽ ഞങ്ങൾ നിന്നെ കാത്തിരിക്കുന്നു; നിന്റെ നാമത്തിനായിട്ടും നിന്റെ സ്മരണയ്ക്കായിട്ടും ഞങ്ങളുടെ ഉള്ളം വാഞ്ഛിക്കുന്നു. എന്റെ ഉള്ളംകൊണ്ടു ഞാൻ രാത്രിയിൽ നിന്നെ ആഗ്രഹിച്ചു; എന്റെ ഉള്ളിൽ എന്റെ ആത്മാവുകൊണ്ടു തന്നെ ഞാൻ ജാഗ്രതയോടെ നിന്നെ അന്വേഷിക്കും; നിന്റെ ന്യായവിധികൾ ഭൂമിയിൽ നടക്കുമ്പോൾ ഭൂവാസികൾ നീതിയെ പഠിക്കും.

യെശയ്യാവ് 26:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അന്ന് യെഹൂദാദേശത്ത് ഈ ഗാനം ആലപിക്കപ്പെടും. നമുക്ക് ഉറപ്പുള്ള ഒരു നഗരം ഉണ്ട്. നമ്മെ രക്ഷിക്കാൻ കോട്ടകളും കൊത്തളങ്ങളും നിർമിച്ചിട്ടുണ്ട്. നഗരവാതിൽ തുറക്കുവിൻ, വിശ്വസ്തത പാലിക്കുന്ന നീതിമാന്മാർ പ്രവേശിക്കട്ടെ. അങ്ങയിൽ മനസ്സ് ഉറപ്പിച്ചവനെ, പൂർണസമാധാനം നല്‌കി അങ്ങ് കാക്കും. അവൻ അങ്ങയിൽ ആശ്രയിച്ചിരിക്കുന്നുവല്ലോ. സർവേശ്വരനായ ദൈവം ശാശ്വതമായ അഭയമാകയാൽ സർവേശ്വരനിൽ എന്നും ആശ്രയിക്കുവിൻ. അവിടുന്ന് ഉന്നതനഗരിയിൽ നിവസിക്കുന്ന ഗർവിഷ്ഠരെ നിലംപരിചാക്കി, പൊടിയിൽ തള്ളിയിരിക്കുന്നു. ദരിദ്രരുടെയും എളിയവരുടെയും കാൽക്കീഴിൽ അവരുടെ നഗരം ചവുട്ടിമെതിക്കപ്പെടുന്നു. നീതിമാന്മാരുടെ വഴി നിരപ്പുള്ളതാണ്. അവിടുന്ന് അതു സുഗമമാക്കുന്നു. സർവേശ്വരാ, അവിടുത്തെ നിയമം അനുസരിച്ചു ജീവിക്കുന്ന ഞങ്ങൾ അങ്ങയെ കാത്തിരിക്കുന്നു. അങ്ങും അങ്ങയെക്കുറിച്ചുള്ള സ്മരണയുമാണ് ഞങ്ങളുടെ ഹൃദയത്തിന്റെ വാഞ്ഛ. രാത്രിയിൽ എന്റെ ഹൃദയം അങ്ങേക്കുവേണ്ടി ദാഹിക്കുന്നു. എന്റെ അന്തരാത്മാവ് ആകാംക്ഷയോടെ അങ്ങയെ തേടുന്നു. അവിടുത്തെ ന്യായവിധികൾ ഭൂമിയിൽ നടപ്പാക്കുന്നതിനാൽ ഭൂവാസികൾ നീതി പഠിക്കുന്നു.

യെശയ്യാവ് 26:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ആ നാളിൽ അവർ യെഹൂദാദേശത്ത് ഈ പാട്ടുപാടും: നമുക്കു ബലമുള്ള ഒരു പട്ടണം ഉണ്ട്; അവിടുന്ന് രക്ഷയെ മതിലുകളും കൊത്തളങ്ങളും ആക്കി വയ്ക്കുന്നു. വിശ്വസ്തത കാണിക്കുന്ന നീതിയുള്ള ജനത പ്രവേശിക്കേണ്ടതിനു വാതിലുകളെ തുറക്കുവിൻ. സ്ഥിരമാനസൻ നിന്നിൽ ആശ്രയം വച്ചിരിക്കുകകൊണ്ടു അവിടുന്നു അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു. യഹോവയാം യാഹിൽ ശാശ്വതമായ ഒരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിക്കുവിൻ. യഹോവ ഉയരത്തിൽ വസിക്കുന്നവരെ ഉന്നതനഗരത്തെതന്നെ താഴ്ത്തി തള്ളിയിട്ടു നിലംപരിചാക്കി പൊടിയിൽ ഇട്ടുകളഞ്ഞിരിക്കുന്നു. കാൽ അതിനെ ചവിട്ടിക്കളയും; എളിയവരുടെ കാലുകളും ദരിദ്രന്മാരുടെ കാലടികളും തന്നെ. നീതിമാന്‍റെ വഴി ചൊവ്വുള്ളതാകുന്നു; അങ്ങ് നീതിമാന്‍റെ പാതയെ ചൊവ്വായി നിരത്തുന്നു. അതേ, യഹോവേ, അങ്ങേയുടെ ന്യായവിധികളുടെ പാതയിൽ ഞങ്ങൾ അങ്ങയെ കാത്തിരിക്കുന്നു; അങ്ങേയുടെ നാമത്തിനായിട്ടും അങ്ങേയുടെ സ്മരണയ്ക്കായിട്ടും ഞങ്ങളുടെ ഉള്ളം വാഞ്ഛിക്കുന്നു. എന്‍റെ ഉള്ളംകൊണ്ട് ഞാൻ രാത്രിയിൽ നിന്നെ ആഗ്രഹിച്ചു; എന്‍റെ ഉള്ളിൽ എന്‍റെ ആത്മാവുകൊണ്ടുതന്നെ ഞാൻ ജാഗ്രതയോടെ അങ്ങയെ അന്വേഷിക്കും; അങ്ങേയുടെ ന്യായവിധികൾ ഭൂമിയിൽ നടക്കുമ്പോൾ ഭൂവാസികൾ നീതി പഠിക്കും.

യെശയ്യാവ് 26:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അന്നാളിൽ അവർ യെഹൂദാദേശത്തു ഈ പാട്ടു പാടും: നമുക്കു ബലമുള്ളോരു പട്ടണം ഉണ്ടു; അവൻ രക്ഷയെ മതിലുകളും കൊത്തളങ്ങളും ആക്കി വെക്കുന്നു. വിശ്വസ്തത കാണിക്കുന്ന നീതിയുള്ള ജാതി പ്രവേശിക്കേണ്ടതിന്നു വാതിലുകളെ തുറപ്പിൻ. സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു. യഹോവയാം യാഹിൽ ശാശ്വതമായോരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിപ്പിൻ. അവൻ ഉയരത്തിൽ പാർക്കുന്നവരെ ഉന്നതനഗരത്തെതന്നേ താഴ്ത്തി തള്ളിയിട്ടു നിലംപരിചാക്കി പൊടിയിൽ ഇട്ടുകളഞ്ഞിരിക്കുന്നു. കാൽ അതിനെ ചവിട്ടിക്കളയും; എളിയവരുടെ കാലുകളും ദരിദ്രന്മാരുടെ കാലടികളും തന്നേ. നീതിമാന്റെ വഴി ചൊവ്വുള്ളതാകുന്നു; നീ നീതിമാന്റെ പാതയെ ചൊവ്വായി നിരത്തുന്നു. അതേ, യഹോവേ, നിന്റെ ന്യായവിധികളുടെ പാതയിൽ ഞങ്ങൾ നിന്നെ കാത്തിരിക്കുന്നു; നിന്റെ നാമത്തിന്നായിട്ടും നിന്റെ സ്മരണക്കായിട്ടും ഞങ്ങളുടെ ഉള്ളം വാഞ്ഛിക്കുന്നു. എന്റെ ഉള്ളംകൊണ്ടു ഞാൻ രാത്രിയിൽ നിന്നെ ആഗ്രഹിച്ചു; എന്റെ ഉള്ളിൽ എന്റെ ആത്മാവുകൊണ്ടു തന്നേ ഞാൻ ജാഗ്രതയോടെ നിന്നെ അന്വേഷിക്കും; നിന്റെ ന്യായവിധികൾ ഭൂമിയിൽ നടക്കുമ്പോൾ ഭൂവാസികൾ നീതിയെ പഠിക്കും.

യെശയ്യാവ് 26:1-9 സമകാലിക മലയാളവിവർത്തനം (MCV)

ആ കാലത്ത് യെഹൂദ്യയിൽ ഈ ഗാനം ആലപിക്കപ്പെടും: ഞങ്ങൾക്ക് ഉറപ്പുള്ളൊരു നഗരമുണ്ട്; ദൈവം രക്ഷ അതിന്റെ കോട്ടകളും പ്രതിരോധസന്നാഹങ്ങളും ആക്കുന്നു. വിശ്വാസം കാക്കുന്ന നീതിനിഷ്ഠരായ ജനത പ്രവേശിക്കേണ്ടതിന് അതിന്റെ കവാടങ്ങൾ തുറക്കുക. സ്ഥിരമാനസൻ അങ്ങയിൽ ആശ്രയിച്ചിരിക്കുകയാൽ അങ്ങ് അവരെ പൂർണസമാധാനത്തിൽ കാക്കും. യഹോവയിൽത്തന്നെ എന്നേക്കും ആശ്രയം വെക്കുക യഹോവ, യഹോവതന്നെ ശാശ്വതമായൊരു പാറ ആണല്ലോ. മലകളിൽ പാർക്കുന്നവരെ അവിടന്ന് താഴ്ത്തുന്നു, ഉന്നത നഗരങ്ങളെ അവിടന്നു താഴെയിറക്കുന്നു; അവിടന്ന് അതിനെ നിലംപരിചാക്കി പൊടിയിൽ വീഴ്ത്തിക്കളയുന്നു. കാൽ അതിനെ ചവിട്ടിക്കളയും; പീഡിതരുടെ കാലുകൾ, അശരണരുടെയും കാലുകൾതന്നെ. നീതിനിഷ്ഠരുടെ വഴി നിരപ്പായതുതന്നെ; നീതിനിഷ്ഠനായ ദൈവമേ, അങ്ങ് നീതിമാന്റെ വഴി നേരേയാക്കും. അതേ, യഹോവേ, അങ്ങയുടെ നിയമങ്ങൾക്കനുസൃതമായി ജീവിച്ച്, ഞങ്ങൾ അങ്ങേക്കായി കാത്തിരുന്നു; അങ്ങയുടെ നാമവും സ്മരണയും, ഞങ്ങളുടെ ഹൃദയവാഞ്ഛയാകുന്നു. രാത്രിയിൽ ഞാൻ അങ്ങേക്കായി കാത്തിരിക്കുന്നു; പ്രഭാതത്തിൽ എന്റെ ആത്മാവ് അങ്ങയെ അന്വേഷിക്കുന്നു. അങ്ങയുടെ ന്യായവിധികൾ ഭൂമിയിൽ നടപ്പിലാക്കുമ്പോൾ ഭൂവാസികൾ നീതി അഭ്യസിക്കും.