യെശയ്യാവ് 2:1-15
യെശയ്യാവ് 2:1-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആമോസിന്റെ മകനായ യെശയ്യാവ് യെഹൂദായെയും യെരൂശലേമിനെയും പറ്റി ദർശിച്ച വചനം. അന്ത്യകാലത്ത് യഹോവയുടെ ആലയമുള്ള പർവതം പർവതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കുമീതെ ഉന്നതവുമായിരിക്കും; സകല ജാതികളും അതിലേക്ക് ഒഴുകിച്ചെല്ലും. അനേകവംശങ്ങളും ചെന്ന്: വരുവിൻ, നമുക്ക് യഹോവയുടെ പർവതത്തിലേക്ക്, യാക്കോബിൻദൈവത്തിന്റെ ആലയത്തിലേക്കു കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും. സീയോനിൽനിന്ന് ഉപദേശവും യെരൂശലേമിൽനിന്നു യഹോവയുടെ വചനവും പുറപ്പെടും. അവൻ ജാതികളുടെ ഇടയിൽ ന്യായം വിധിക്കയും ബഹുവംശങ്ങൾക്കു വിധികല്പിക്കയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചു തീർക്കും; ജാതി ജാതിക്കു നേരേ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല. യാക്കോബുഗൃഹമേ, വരുവിൻ; നമുക്കു യഹോവയുടെ വെളിച്ചത്തിൽ നടക്കാം. എന്നാൽ നീ യാക്കോബുഗൃഹമായ നിന്റെ ജനത്തെ തള്ളിക്കളഞ്ഞിരിക്കുന്നു; അവർ പൂർവദേശക്കാരുടെ മര്യാദകളാൽ നിറഞ്ഞും ഫെലിസ്ത്യരെപ്പോലെ പ്രശ്നക്കാരായും അന്യജാതിക്കാരോടു കൈയടിച്ചവരായും ഇരിക്കുന്നു. അവരുടെ ദേശത്തു വെള്ളിയും പൊന്നും നിറഞ്ഞിരിക്കുന്നു; അവരുടെ നിക്ഷേപങ്ങൾക്കു കണക്കില്ല; അവരുടെ ദേശത്തു കുതിരകൾ നിറഞ്ഞിരിക്കുന്നു; അവരുടെ രഥങ്ങൾക്കും എണ്ണമില്ല. അവരുടെ ദേശത്തു വിഗ്രഹങ്ങൾ നിറഞ്ഞിരിക്കുന്നു; സ്വവിരൽകൊണ്ടുണ്ടാക്കിയ കൈപ്പണിയെ അവർ നമസ്കരിക്കുന്നു. മനുഷ്യൻ വണങ്ങുന്നു, പുരുഷൻ കുനിയുന്നു; ആകയാൽ നീ അവരോടു ക്ഷമിക്കരുതേ. യഹോവയുടെ ഭയങ്കരത്വംനിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും നീ പാറയിൽ കടന്നു മണ്ണിൽ ഒളിച്ചുകൊൾക. മനുഷ്യരുടെ നിഗളിച്ച കണ്ണു താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും. സൈന്യങ്ങളുടെ യഹോവയുടെ നാൾ ഗർവവും ഉന്നതഭാവവും ഉള്ള എല്ലാറ്റിന്മേലും നിഗളമുള്ള എല്ലാറ്റിന്മേലും വരും; അവ താണുപോകും. ലെബാനോനിലെ പൊക്കവും ഉയരവും ഉള്ള സകല ദേവദാരുക്കളിന്മേലും ബാശാനിലെ എല്ലാ കരുവേലകങ്ങളിന്മേലും ഉയർന്നിരിക്കുന്ന സകല പർവതങ്ങളിന്മേലും ഉയരമുള്ള എല്ലാ കുന്നുകളിന്മേലും ഉന്നതമായ സകല ഗോപുരത്തിന്മേലും
യെശയ്യാവ് 2:1-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആമോസിന്റെ മകനായ യെശയ്യായ്‍ക്കു യെഹൂദായെയും യെരൂശലേമിനെയും കുറിച്ചുണ്ടായ അരുളപ്പാട്. അവസാന നാളുകളിൽ സർവേശ്വരമന്ദിരം സ്ഥാപിതമായിരിക്കുന്ന പർവതം തലയെടുപ്പോടെ മറ്റ് എല്ലാ പർവതങ്ങളെയുംകാൾ ഉയർന്നുനില്‌ക്കും. സർവജനതകളും അതിലേക്ക് ഒഴുകിച്ചെല്ലും. അനേകം ജനതകൾ പറയും: “വരൂ, നമുക്കു സർവേശ്വരന്റെ പർവതത്തിലേക്കു ചെല്ലാം; യാക്കോബിന്റെ ദൈവത്തിന്റെ ഭവനത്തിലേക്കു പോകാം. അവിടുത്തെ പാതകളിൽ നടക്കാൻ തക്കവിധം, അവിടുന്നു തന്റെ വഴികൾ നമുക്ക് ഉപദേശിക്കട്ടെ.” പ്രബോധനം സീയോനിൽനിന്നും സർവേശ്വരന്റെ വചനം യെരൂശലേമിൽ നിന്നുമാണല്ലോ വരുന്നത്. ജനതകളുടെ ഇടയിൽ അവിടുന്നു ന്യായം വിധിക്കും; ജനപദങ്ങളുടെ തർക്കങ്ങൾക്കു തീർപ്പുകല്പിക്കുകയും ചെയ്യും. അവർ തങ്ങളുടെ വാളുകൾ കൊഴുക്കളായും കുന്തങ്ങൾ അരിവാളായും രൂപപ്പെടുത്തും. രാജ്യം രാജ്യത്തിനു നേരേ വാൾ ഉയർത്തുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല. യാക്കോബിന്റെ വംശജരേ, വരൂ; നമുക്കു സർവേശ്വരന്റെ പ്രകാശത്തിൽ നടക്കാം. അവിടുന്നു സ്വന്തജനമായ യാക്കോബിന്റെ വംശജരെ തള്ളിക്കളഞ്ഞിരിക്കുന്നുവല്ലോ. കാരണം പൂർവദിക്കിൽ നിന്നുള്ള ആഭിചാരകർ അവരുടെ ഇടയിൽ നിറഞ്ഞിരിക്കുന്നു; ഫെലിസ്ത്യരെപ്പോലെ ഭാവിഫലം പറയുന്നവരും ധാരാളം ഉണ്ട്. പരദേശികളുമായി അവർ ചങ്ങാത്തം കൂടുന്നു. അവരുടെ ദേശം സ്വർണവും വെള്ളിയുംകൊണ്ടു നിറഞ്ഞതാണ്; അവരുടെ നിക്ഷേപങ്ങൾക്ക് അറുതിയില്ല. അവരുടെ ദേശം കുതിരകളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. രഥങ്ങൾക്ക് എണ്ണമില്ല. അവരുടെ ദേശം വിഗ്രഹങ്ങൾകൊണ്ടു നിറഞ്ഞിരിക്കുന്നു. അവ അവരുടെ കരവേലയാണ്. അവരുടെ കൈവിരലുകൾ അവയ്‍ക്കു രൂപം കൊടുത്തു. ആ ശില്പങ്ങളെ അവർ വന്ദിക്കുന്നു. അങ്ങനെ മനുഷ്യൻ സ്വയം അപമാനിതനാകുന്നു; മനുഷ്യർ തരം താഴ്ത്തപ്പെടുന്നു. അവരോടു ക്ഷമിക്കരുതേ. സർവേശ്വരന്റെ ഭയങ്കരത്വത്തിൽനിന്നും ഉജ്ജ്വലതേജസ്സിൽനിന്നും ഒഴിഞ്ഞ്, പാറയുടെ വിള്ളലിൽ പ്രവേശിക്കുകയോ, മണ്ണിൽ ഒളിക്കുകയോ ചെയ്‍വിൻ. മനുഷ്യന്റെ ഗർവഭാവം താഴും; മനുഷ്യരുടെ അഹങ്കാരം തല കുനിക്കും. സർവേശ്വരൻമാത്രം അന്ന് ഉയർന്നുനില്‌ക്കും. ഗർവും ഔന്നത്യവുമുള്ള എല്ലാറ്റിനും എതിരായി, ഉയർത്തപ്പെട്ടതും ഉന്നതവുമായ സകലത്തിനും എതിരെ സർവശക്തനായ സർവേശ്വരന് ഒരു ദിനമുണ്ട്. ലെബാനോനിലെ ഉന്നതവും തല ഉയർത്തി നില്‌ക്കുന്നതുമായ ദേവദാരുക്കൾക്കും ബാശാനിലെ കരുവേലകങ്ങൾക്കും എതിരായും ഉത്തുംഗപർവതങ്ങൾക്കും ഉന്നതഗിരികൾക്കും അത്യുന്നത ഗോപുരങ്ങൾക്കും ബലവത്തായ സകല കോട്ടകൾക്കുമെതിരെയും
യെശയ്യാവ് 2:1-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആമോസിന്‍റെ മകനായ യെശയ്യാവ് യെഹൂദായെയും യെരൂശലേമിനെയും പറ്റി ദർശിച്ച വചനം. വരും കാലങ്ങളില്‍ യഹോവയുടെ ആലയമുള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കുമീതെ ഉന്നതവുമായിരിക്കും; സകലജനതകളും അതിലേക്ക് ഒഴുകിച്ചെല്ലും. അനേകവംശങ്ങളും ചെന്നു: “വരുവിൻ, നമുക്ക് യഹോവയുടെ പർവ്വതത്തിലേക്ക്, യാക്കോബിൻ ദൈവത്തിന്‍റെ ആലയത്തിലേക്ക് കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരുകയും നാം അവന്റെ പാതകളിൽ നടക്കുകയും ചെയ്യും” എന്നു പറയും. സീയോനിൽനിന്ന് ഉപദേശവും യെരൂശലേമിൽ നിന്നു യഹോവയുടെ വചനവും പുറപ്പെടും. അവൻ ജനതകളുടെ ഇടയിൽ ന്യായം വിധിക്കുകയും ബഹുവംശങ്ങൾക്കു വിധി കല്പിക്കുകയും ചെയ്യും; അവർ അവരുടെ വാളുകളെ കലപ്പകളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജനത ജനതക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കുകയും ഇല്ല. യാക്കോബ് ഗൃഹമേ, വരുവിൻ; നമുക്കു യഹോവയുടെ വെളിച്ചത്തിൽ നടക്കാം. എന്നാൽ നീ യാക്കോബ് ഗൃഹമായ നിന്റെ ജനത്തെ തള്ളിക്കളഞ്ഞിരിക്കുന്നു; അവർ പൂർവ്വരാജ്യക്കാരുടെ മര്യാദകളാൽ നിറഞ്ഞും ഫെലിസ്ത്യരെപ്പോലെ പ്രശ്നക്കാരായും അന്യജാതിക്കാരോടു സഖ്യതയുള്ളവരായും ഇരിക്കുന്നു. അവരുടെ ദേശത്തു വെള്ളിയും പൊന്നും നിറഞ്ഞിരിക്കുന്നു; അവരുടെ നിക്ഷേപങ്ങൾക്കു കണക്കില്ല; അവരുടെ ദേശത്തു കുതിരകൾ നിറഞ്ഞിരിക്കുന്നു; അവരുടെ രഥങ്ങൾക്കും എണ്ണമില്ല. അവരുടെ ദേശത്തു വിഗ്രഹങ്ങൾ നിറഞ്ഞിരിക്കുന്നു; സ്വന്തംവിരൽകൊണ്ടുണ്ടാക്കിയ കൈപ്പണിയെ അവർ നമസ്കരിക്കുന്നു. മനുഷ്യൻ വണങ്ങുന്നു, പുരുഷൻ ലജ്ജിക്കപ്പെടുന്നു ജനങ്ങള്‍ മാനഹീനരാകുന്നു; അതിനാൽ നീ അവരോടു ക്ഷമിക്കരുതേ. യഹോവയുടെ ഭയങ്കരത്വം നിമിത്തവും അവന്‍റെ മഹിമയുടെ പ്രഭനിമിത്തവും നീ പാറയിൽ കടന്നു മണ്ണിൽ ഒളിച്ചുകൊള്ളുക. മനുഷ്യരുടെ നിഗളിച്ച കണ്ണ് താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം ആ ന്യായവിധി നാളിൽ ഉന്നതനായിരിക്കും. സൈന്യങ്ങളുടെ യഹോവയുടെ നാൾ അഹങ്കാരവും ഉന്നതഭാവവും ഉള്ള എല്ലാറ്റിന്മേലും നിഗളമുള്ള എല്ലാറ്റിന്മേലും വരും; അവ താണുപോകും. ലെബാനോനിലെ പൊക്കവും ഉയരവും ഉള്ള സകല ദേവദാരുക്കളിന്മേലും ബാശാനിലെ എല്ലാ കരുവേലകങ്ങളിന്മേലും ഉയർന്നിരിക്കുന്ന സകലപർവ്വതങ്ങളിന്മേലും ഉയരമുള്ള എല്ലാ കുന്നുകളിന്മേലും ഉന്നതമായ സകലഗോപുരത്തിന്മേലും ഉറപ്പുള്ള എല്ലാ മതിലിന്മേലും
യെശയ്യാവ് 2:1-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആമോസിന്റെ മകനായ യെശയ്യാവു യെഹൂദയെയും യെരൂശലേമിനെയും പറ്റി ദർശിച്ച വചനം. അന്ത്യകാലത്തു യഹോവയുടെ ആലയമുള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കു മീതെ ഉന്നതവുമായിരിക്കും; സകലജാതികളും അതിലേക്കു ഒഴുകിച്ചെല്ലും. അനേകവംശങ്ങളും ചെന്നു: വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കു, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കു കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും. സീയോനിൽനിന്നു ഉപദേശവും യെരൂശലേമിൽനിന്നു യഹോവയുടെ വചനവും പുറപ്പെടും. അവൻ ജാതികളുടെ ഇടയിൽ ന്യായം വിധിക്കയും ബഹുവംശങ്ങൾക്കു വിധികല്പിക്കയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല. യാക്കോബ് ഗൃഹമേ, വരുവിൻ; നമുക്കു യഹോവയുടെ വെളിച്ചത്തിൽ നടക്കാം. എന്നാൽ നീ യാക്കോബ് ഗൃഹമായ നിന്റെ ജനത്തെ തള്ളിക്കളഞ്ഞിരിക്കുന്നു; അവർ പൂർവ്വദേശക്കാരുടെ മര്യാദകളാൽ നിറഞ്ഞും ഫെലിസ്ത്യരെപ്പോലെ പ്രശ്നക്കാരായും അന്യജാതിക്കാരോടു കയ്യടിച്ചവരായും ഇരിക്കുന്നു. അവരുടെ ദേശത്തു വെള്ളിയും പൊന്നും നിറഞ്ഞിരിക്കുന്നു; അവരുടെ നിക്ഷേപങ്ങൾക്കു കണക്കില്ല; അവരുടെ ദേശത്തു കുതിരകൾ നിറഞ്ഞിരിക്കുന്നു; അവരുടെ രഥങ്ങൾക്കും എണ്ണമില്ല. അവരുടെ ദേശത്തു വിഗ്രഹങ്ങൾ നിറഞ്ഞിരിക്കുന്നു; സ്വവിരൽകൊണ്ടുണ്ടാക്കിയ കൈപ്പണിയെ അവർ നമസ്കരിക്കുന്നു. മനുഷ്യൻ വണങ്ങുന്നു, പുരുഷൻ കുനിയുന്നു; ആകയാൽ നീ അവരോടു ക്ഷമിക്കരുതേ. യഹോവയുടെ ഭയങ്കരത്വംനിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും നീ പാറയിൽ കടന്നു മണ്ണിൽ ഒളിച്ചുകൊൾക. മനുഷ്യരുടെ നിഗളിച്ച കണ്ണു താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും. സൈന്യങ്ങളുടെ യഹോവയുടെ നാൾ ഗർവ്വവും ഉന്നതഭാവവും ഉള്ള എല്ലാറ്റിന്മേലും നിഗളമുള്ള എല്ലാറ്റിന്മേലും വരും; അവ താണുപോകും. ലെബാനോനിലെ പൊക്കവും ഉയരവും ഉള്ള സകല ദേവദാരുക്കളിന്മേലും ബാശാനിലെ എല്ലാകരുവേലകങ്ങളിന്മേലും ഉയർന്നിരിക്കുന്ന സകലപർവ്വതങ്ങളിന്മേലും ഉയരമുള്ള എല്ലാകുന്നുകളിന്മേലും ഉന്നതമായ സകലഗോപുരത്തിന്മേലും
യെശയ്യാവ് 2:1-15 സമകാലിക മലയാളവിവർത്തനം (MCV)
ആമോസിന്റെ മകനായ യെശയ്യാവ് യെഹൂദ്യയെയും ജെറുശലേമിനെയുംപറ്റി ദർശിച്ച വചനം ഇതാകുന്നു: അന്തിമനാളുകളിൽ, യഹോവയുടെ ആലയമുള്ള പർവതം, പർവതങ്ങളിൽവെച്ച് ഏറ്റവും ശ്രേഷ്ഠമായി അംഗീകരിക്കപ്പെടും; അതു കുന്നുകൾക്കുമീതേ മഹത്ത്വീകരിക്കപ്പെടും, സകലരാഷ്ട്രങ്ങളും അതിലേക്ക് ഒഴുകിയെത്തും. അനേകം ജനതകൾ വന്ന് ഇപ്രകാരം പറയും: “വരൂ, നമുക്ക് യഹോവയുടെ പർവതത്തിലേക്കു കയറിച്ചെല്ലാം, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കുതന്നെ. അവിടന്ന് തന്റെ വഴികൾ നമ്മെ അഭ്യസിപ്പിക്കും അങ്ങനെ നമുക്ക് അവിടത്തെ മാർഗം അവലംബിക്കാം.” സീയോനിൽനിന്ന് ഉപദേശവും ജെറുശലേമിൽനിന്ന് യഹോവയുടെ വചനവും പുറപ്പെടും. അവിടന്നു രാഷ്ട്രങ്ങൾക്കിടയിൽ ന്യായംവിധിക്കും; നിരവധി ജനതകളുടെ തർക്കങ്ങൾക്കു തീർപ്പുകൽപ്പിക്കും. അവർ തങ്ങളുടെ വാളുകൾ കലപ്പയ്ക്കു കൊഴുക്കളായും കുന്തങ്ങൾ വെട്ടുകത്തികളായും അടിച്ചു രൂപംമാറ്റും. രാഷ്ട്രം രാഷ്ട്രത്തിനുനേരേ വാൾ ഉയർത്തുകയില്ല; ഇനിയൊരിക്കലും യുദ്ധം അഭ്യസിക്കുകയുമില്ല. യാക്കോബിന്റെ പിൻതലമുറകളേ, വരിക; നമുക്ക് യഹോവയുടെ വെളിച്ചത്തിൽ നടക്കാം. അങ്ങ് അവിടത്തെ ജനമായ യാക്കോബിന്റെ പിൻഗാമികളെ ഉപേക്ഷിച്ചു. അവരിൽ പൗരസ്ത്യദേശത്തിലെ അന്ധവിശ്വാസങ്ങൾ നിറഞ്ഞിരിക്കുന്നു; അവർ ഫെലിസ്ത്യരെപ്പോലെ ദേവപ്രശ്നംവെക്കുകയും യെഹൂദേതരരുടെ ആചാരങ്ങളെ ആലിംഗനംചെയ്യുകയും ചെയ്യുന്നു. അവരുടെ ദേശം വെള്ളിയും സ്വർണവുംകൊണ്ടു നിറഞ്ഞിരിക്കുന്നു; അവരുടെ നിക്ഷേപങ്ങൾക്ക് ഒരു പരിധിയുമില്ല. അവരുടെ നാട് കുതിരകളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു; അവരുടെ രഥങ്ങൾ എണ്ണി തിട്ടപ്പെടുത്താവുന്നതുമല്ല. അവരുടെ ദേശം വിഗ്രഹംകൊണ്ടു നിറഞ്ഞിരിക്കുന്നു; അവർ തങ്ങളുടെ കൈകളുടെ പ്രവൃത്തിക്കുമുന്നിൽ വണങ്ങുന്നു, തങ്ങളുടെ വിരലുകൾ നിർമിച്ചതിനെത്തന്നെ. അതുകൊണ്ട് മനുഷ്യർ താഴ്ത്തപ്പെടും; എല്ലാവരും കുനിക്കപ്പെടും; അങ്ങ് അവരോടു ക്ഷമിക്കരുതേ. യഹോവയുടെ ഭയാനക സാന്നിധ്യത്തിൽനിന്നും അവിടത്തെ പ്രഭാമഹത്ത്വത്തിൽനിന്നും പാറയിൽ പ്രവേശിച്ച് തറയിൽ ഒളിച്ചുകൊള്ളുക. അഹങ്കാരിയുടെ കണ്ണ് താഴ്ത്തപ്പെടും; മനുഷ്യന്റെ ഗർവം കുനിയും; ആ ദിവസത്തിൽ യഹോവമാത്രം മഹത്ത്വീകരിക്കപ്പെടും. സൈന്യങ്ങളുടെ യഹോവ ഗർവവും ഉന്നതഭാവവും നിഗളവുമുള്ള എല്ലാവർക്കുമായി ഒരു ദിവസം കരുതിവെച്ചിരിക്കുന്നു. അവരെല്ലാവരും താഴ്ത്തപ്പെടും. ലെബാനോനിലെ ഉയരവും മഹത്ത്വവുമുള്ള എല്ലാ ദേവദാരുക്കളുടെമേലും ബാശാനിലെ എല്ലാ കരുവേലകങ്ങളുടെമേലും ഉന്നതമായ എല്ലാ പർവതങ്ങളുടെമേലും ഉയരമുള്ള എല്ലാ കുന്നുകളുടെമേലും ഉന്നതമായ എല്ലാ ഗോപുരത്തിന്റെമേലും ഉറപ്പുള്ള എല്ലാ മതിലിന്റെമേലും