യെശയ്യാവ് 2:1-11

യെശയ്യാവ് 2:1-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആമോസിന്റെ മകനായ യെശയ്യാവ് യെഹൂദായെയും യെരൂശലേമിനെയും പറ്റി ദർശിച്ച വചനം. അന്ത്യകാലത്ത് യഹോവയുടെ ആലയമുള്ള പർവതം പർവതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കുമീതെ ഉന്നതവുമായിരിക്കും; സകല ജാതികളും അതിലേക്ക് ഒഴുകിച്ചെല്ലും. അനേകവംശങ്ങളും ചെന്ന്: വരുവിൻ, നമുക്ക് യഹോവയുടെ പർവതത്തിലേക്ക്, യാക്കോബിൻദൈവത്തിന്റെ ആലയത്തിലേക്കു കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും. സീയോനിൽനിന്ന് ഉപദേശവും യെരൂശലേമിൽനിന്നു യഹോവയുടെ വചനവും പുറപ്പെടും. അവൻ ജാതികളുടെ ഇടയിൽ ന്യായം വിധിക്കയും ബഹുവംശങ്ങൾക്കു വിധികല്പിക്കയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചു തീർക്കും; ജാതി ജാതിക്കു നേരേ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല. യാക്കോബുഗൃഹമേ, വരുവിൻ; നമുക്കു യഹോവയുടെ വെളിച്ചത്തിൽ നടക്കാം. എന്നാൽ നീ യാക്കോബുഗൃഹമായ നിന്റെ ജനത്തെ തള്ളിക്കളഞ്ഞിരിക്കുന്നു; അവർ പൂർവദേശക്കാരുടെ മര്യാദകളാൽ നിറഞ്ഞും ഫെലിസ്ത്യരെപ്പോലെ പ്രശ്നക്കാരായും അന്യജാതിക്കാരോടു കൈയടിച്ചവരായും ഇരിക്കുന്നു. അവരുടെ ദേശത്തു വെള്ളിയും പൊന്നും നിറഞ്ഞിരിക്കുന്നു; അവരുടെ നിക്ഷേപങ്ങൾക്കു കണക്കില്ല; അവരുടെ ദേശത്തു കുതിരകൾ നിറഞ്ഞിരിക്കുന്നു; അവരുടെ രഥങ്ങൾക്കും എണ്ണമില്ല. അവരുടെ ദേശത്തു വിഗ്രഹങ്ങൾ നിറഞ്ഞിരിക്കുന്നു; സ്വവിരൽകൊണ്ടുണ്ടാക്കിയ കൈപ്പണിയെ അവർ നമസ്കരിക്കുന്നു. മനുഷ്യൻ വണങ്ങുന്നു, പുരുഷൻ കുനിയുന്നു; ആകയാൽ നീ അവരോടു ക്ഷമിക്കരുതേ. യഹോവയുടെ ഭയങ്കരത്വംനിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും നീ പാറയിൽ കടന്നു മണ്ണിൽ ഒളിച്ചുകൊൾക. മനുഷ്യരുടെ നിഗളിച്ച കണ്ണു താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും.

യെശയ്യാവ് 2:1-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ആമോസിന്റെ മകനായ യെശയ്യായ്‍ക്കു യെഹൂദായെയും യെരൂശലേമിനെയും കുറിച്ചുണ്ടായ അരുളപ്പാട്. അവസാന നാളുകളിൽ സർവേശ്വരമന്ദിരം സ്ഥാപിതമായിരിക്കുന്ന പർവതം തലയെടുപ്പോടെ മറ്റ് എല്ലാ പർവതങ്ങളെയുംകാൾ ഉയർന്നുനില്‌ക്കും. സർവജനതകളും അതിലേക്ക് ഒഴുകിച്ചെല്ലും. അനേകം ജനതകൾ പറയും: “വരൂ, നമുക്കു സർവേശ്വരന്റെ പർവതത്തിലേക്കു ചെല്ലാം; യാക്കോബിന്റെ ദൈവത്തിന്റെ ഭവനത്തിലേക്കു പോകാം. അവിടുത്തെ പാതകളിൽ നടക്കാൻ തക്കവിധം, അവിടുന്നു തന്റെ വഴികൾ നമുക്ക് ഉപദേശിക്കട്ടെ.” പ്രബോധനം സീയോനിൽനിന്നും സർവേശ്വരന്റെ വചനം യെരൂശലേമിൽ നിന്നുമാണല്ലോ വരുന്നത്. ജനതകളുടെ ഇടയിൽ അവിടുന്നു ന്യായം വിധിക്കും; ജനപദങ്ങളുടെ തർക്കങ്ങൾക്കു തീർപ്പുകല്പിക്കുകയും ചെയ്യും. അവർ തങ്ങളുടെ വാളുകൾ കൊഴുക്കളായും കുന്തങ്ങൾ അരിവാളായും രൂപപ്പെടുത്തും. രാജ്യം രാജ്യത്തിനു നേരേ വാൾ ഉയർത്തുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല. യാക്കോബിന്റെ വംശജരേ, വരൂ; നമുക്കു സർവേശ്വരന്റെ പ്രകാശത്തിൽ നടക്കാം. അവിടുന്നു സ്വന്തജനമായ യാക്കോബിന്റെ വംശജരെ തള്ളിക്കളഞ്ഞിരിക്കുന്നുവല്ലോ. കാരണം പൂർവദിക്കിൽ നിന്നുള്ള ആഭിചാരകർ അവരുടെ ഇടയിൽ നിറഞ്ഞിരിക്കുന്നു; ഫെലിസ്ത്യരെപ്പോലെ ഭാവിഫലം പറയുന്നവരും ധാരാളം ഉണ്ട്. പരദേശികളുമായി അവർ ചങ്ങാത്തം കൂടുന്നു. അവരുടെ ദേശം സ്വർണവും വെള്ളിയുംകൊണ്ടു നിറഞ്ഞതാണ്; അവരുടെ നിക്ഷേപങ്ങൾക്ക് അറുതിയില്ല. അവരുടെ ദേശം കുതിരകളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. രഥങ്ങൾക്ക് എണ്ണമില്ല. അവരുടെ ദേശം വിഗ്രഹങ്ങൾകൊണ്ടു നിറഞ്ഞിരിക്കുന്നു. അവ അവരുടെ കരവേലയാണ്. അവരുടെ കൈവിരലുകൾ അവയ്‍ക്കു രൂപം കൊടുത്തു. ആ ശില്പങ്ങളെ അവർ വന്ദിക്കുന്നു. അങ്ങനെ മനുഷ്യൻ സ്വയം അപമാനിതനാകുന്നു; മനുഷ്യർ തരം താഴ്ത്തപ്പെടുന്നു. അവരോടു ക്ഷമിക്കരുതേ. സർവേശ്വരന്റെ ഭയങ്കരത്വത്തിൽനിന്നും ഉജ്ജ്വലതേജസ്സിൽനിന്നും ഒഴിഞ്ഞ്, പാറയുടെ വിള്ളലിൽ പ്രവേശിക്കുകയോ, മണ്ണിൽ ഒളിക്കുകയോ ചെയ്‍വിൻ. മനുഷ്യന്റെ ഗർവഭാവം താഴും; മനുഷ്യരുടെ അഹങ്കാരം തല കുനിക്കും. സർവേശ്വരൻമാത്രം അന്ന് ഉയർന്നുനില്‌ക്കും.

യെശയ്യാവ് 2:1-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ആമോസിന്‍റെ മകനായ യെശയ്യാവ് യെഹൂദായെയും യെരൂശലേമിനെയും പറ്റി ദർശിച്ച വചനം. വരും കാലങ്ങളില്‍ യഹോവയുടെ ആലയമുള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കുമീതെ ഉന്നതവുമായിരിക്കും; സകലജനതകളും അതിലേക്ക് ഒഴുകിച്ചെല്ലും. അനേകവംശങ്ങളും ചെന്നു: “വരുവിൻ, നമുക്ക് യഹോവയുടെ പർവ്വതത്തിലേക്ക്, യാക്കോബിൻ ദൈവത്തിന്‍റെ ആലയത്തിലേക്ക് കയറിച്ചെല്ലാം; അവൻ നമുക്കു തന്‍റെ വഴികളെ ഉപദേശിച്ചുതരുകയും നാം അവന്‍റെ പാതകളിൽ നടക്കുകയും ചെയ്യും” എന്നു പറയും. സീയോനിൽനിന്ന് ഉപദേശവും യെരൂശലേമിൽ നിന്നു യഹോവയുടെ വചനവും പുറപ്പെടും. അവൻ ജനതകളുടെ ഇടയിൽ ന്യായം വിധിക്കുകയും ബഹുവംശങ്ങൾക്കു വിധി കല്പിക്കുകയും ചെയ്യും; അവർ അവരുടെ വാളുകളെ കലപ്പകളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജനത ജനതക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കുകയും ഇല്ല. യാക്കോബ് ഗൃഹമേ, വരുവിൻ; നമുക്കു യഹോവയുടെ വെളിച്ചത്തിൽ നടക്കാം. എന്നാൽ നീ യാക്കോബ് ഗൃഹമായ നിന്‍റെ ജനത്തെ തള്ളിക്കളഞ്ഞിരിക്കുന്നു; അവർ പൂർവ്വരാജ്യക്കാരുടെ മര്യാദകളാൽ നിറഞ്ഞും ഫെലിസ്ത്യരെപ്പോലെ പ്രശ്നക്കാരായും അന്യജാതിക്കാരോടു സഖ്യതയുള്ളവരായും ഇരിക്കുന്നു. അവരുടെ ദേശത്തു വെള്ളിയും പൊന്നും നിറഞ്ഞിരിക്കുന്നു; അവരുടെ നിക്ഷേപങ്ങൾക്കു കണക്കില്ല; അവരുടെ ദേശത്തു കുതിരകൾ നിറഞ്ഞിരിക്കുന്നു; അവരുടെ രഥങ്ങൾക്കും എണ്ണമില്ല. അവരുടെ ദേശത്തു വിഗ്രഹങ്ങൾ നിറഞ്ഞിരിക്കുന്നു; സ്വന്തംവിരൽകൊണ്ടുണ്ടാക്കിയ കൈപ്പണിയെ അവർ നമസ്കരിക്കുന്നു. മനുഷ്യൻ വണങ്ങുന്നു, പുരുഷൻ ലജ്ജിക്കപ്പെടുന്നു ജനങ്ങള്‍ മാനഹീനരാകുന്നു; അതിനാൽ നീ അവരോടു ക്ഷമിക്കരുതേ. യഹോവയുടെ ഭയങ്കരത്വം നിമിത്തവും അവന്‍റെ മഹിമയുടെ പ്രഭനിമിത്തവും നീ പാറയിൽ കടന്നു മണ്ണിൽ ഒളിച്ചുകൊള്ളുക. മനുഷ്യരുടെ നിഗളിച്ച കണ്ണ് താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം ആ ന്യായവിധി നാളിൽ ഉന്നതനായിരിക്കും.

യെശയ്യാവ് 2:1-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആമോസിന്റെ മകനായ യെശയ്യാവു യെഹൂദയെയും യെരൂശലേമിനെയും പറ്റി ദർശിച്ച വചനം. അന്ത്യകാലത്തു യഹോവയുടെ ആലയമുള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കു മീതെ ഉന്നതവുമായിരിക്കും; സകലജാതികളും അതിലേക്കു ഒഴുകിച്ചെല്ലും. അനേകവംശങ്ങളും ചെന്നു: വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കു, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കു കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും. സീയോനിൽനിന്നു ഉപദേശവും യെരൂശലേമിൽനിന്നു യഹോവയുടെ വചനവും പുറപ്പെടും. അവൻ ജാതികളുടെ ഇടയിൽ ന്യായം വിധിക്കയും ബഹുവംശങ്ങൾക്കു വിധികല്പിക്കയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല. യാക്കോബ് ഗൃഹമേ, വരുവിൻ; നമുക്കു യഹോവയുടെ വെളിച്ചത്തിൽ നടക്കാം. എന്നാൽ നീ യാക്കോബ് ഗൃഹമായ നിന്റെ ജനത്തെ തള്ളിക്കളഞ്ഞിരിക്കുന്നു; അവർ പൂർവ്വദേശക്കാരുടെ മര്യാദകളാൽ നിറഞ്ഞും ഫെലിസ്ത്യരെപ്പോലെ പ്രശ്നക്കാരായും അന്യജാതിക്കാരോടു കയ്യടിച്ചവരായും ഇരിക്കുന്നു. അവരുടെ ദേശത്തു വെള്ളിയും പൊന്നും നിറഞ്ഞിരിക്കുന്നു; അവരുടെ നിക്ഷേപങ്ങൾക്കു കണക്കില്ല; അവരുടെ ദേശത്തു കുതിരകൾ നിറഞ്ഞിരിക്കുന്നു; അവരുടെ രഥങ്ങൾക്കും എണ്ണമില്ല. അവരുടെ ദേശത്തു വിഗ്രഹങ്ങൾ നിറഞ്ഞിരിക്കുന്നു; സ്വവിരൽകൊണ്ടുണ്ടാക്കിയ കൈപ്പണിയെ അവർ നമസ്കരിക്കുന്നു. മനുഷ്യൻ വണങ്ങുന്നു, പുരുഷൻ കുനിയുന്നു; ആകയാൽ നീ അവരോടു ക്ഷമിക്കരുതേ. യഹോവയുടെ ഭയങ്കരത്വംനിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും നീ പാറയിൽ കടന്നു മണ്ണിൽ ഒളിച്ചുകൊൾക. മനുഷ്യരുടെ നിഗളിച്ച കണ്ണു താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും.

യെശയ്യാവ് 2:1-11 സമകാലിക മലയാളവിവർത്തനം (MCV)

ആമോസിന്റെ മകനായ യെശയ്യാവ് യെഹൂദ്യയെയും ജെറുശലേമിനെയുംപറ്റി ദർശിച്ച വചനം ഇതാകുന്നു: അന്തിമനാളുകളിൽ, യഹോവയുടെ ആലയമുള്ള പർവതം, പർവതങ്ങളിൽവെച്ച് ഏറ്റവും ശ്രേഷ്ഠമായി അംഗീകരിക്കപ്പെടും; അതു കുന്നുകൾക്കുമീതേ മഹത്ത്വീകരിക്കപ്പെടും, സകലരാഷ്ട്രങ്ങളും അതിലേക്ക് ഒഴുകിയെത്തും. അനേകം ജനതകൾ വന്ന് ഇപ്രകാരം പറയും: “വരൂ, നമുക്ക് യഹോവയുടെ പർവതത്തിലേക്കു കയറിച്ചെല്ലാം, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കുതന്നെ. അവിടന്ന് തന്റെ വഴികൾ നമ്മെ അഭ്യസിപ്പിക്കും അങ്ങനെ നമുക്ക് അവിടത്തെ മാർഗം അവലംബിക്കാം.” സീയോനിൽനിന്ന് ഉപദേശവും ജെറുശലേമിൽനിന്ന് യഹോവയുടെ വചനവും പുറപ്പെടും. അവിടന്നു രാഷ്ട്രങ്ങൾക്കിടയിൽ ന്യായംവിധിക്കും; നിരവധി ജനതകളുടെ തർക്കങ്ങൾക്കു തീർപ്പുകൽപ്പിക്കും. അവർ തങ്ങളുടെ വാളുകൾ കലപ്പയ്ക്കു കൊഴുക്കളായും കുന്തങ്ങൾ വെട്ടുകത്തികളായും അടിച്ചു രൂപംമാറ്റും. രാഷ്ട്രം രാഷ്ട്രത്തിനുനേരേ വാൾ ഉയർത്തുകയില്ല; ഇനിയൊരിക്കലും യുദ്ധം അഭ്യസിക്കുകയുമില്ല. യാക്കോബിന്റെ പിൻതലമുറകളേ, വരിക; നമുക്ക് യഹോവയുടെ വെളിച്ചത്തിൽ നടക്കാം. അങ്ങ് അവിടത്തെ ജനമായ യാക്കോബിന്റെ പിൻഗാമികളെ ഉപേക്ഷിച്ചു. അവരിൽ പൗരസ്ത്യദേശത്തിലെ അന്ധവിശ്വാസങ്ങൾ നിറഞ്ഞിരിക്കുന്നു; അവർ ഫെലിസ്ത്യരെപ്പോലെ ദേവപ്രശ്നംവെക്കുകയും യെഹൂദേതരരുടെ ആചാരങ്ങളെ ആലിംഗനംചെയ്യുകയും ചെയ്യുന്നു. അവരുടെ ദേശം വെള്ളിയും സ്വർണവുംകൊണ്ടു നിറഞ്ഞിരിക്കുന്നു; അവരുടെ നിക്ഷേപങ്ങൾക്ക് ഒരു പരിധിയുമില്ല. അവരുടെ നാട് കുതിരകളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു; അവരുടെ രഥങ്ങൾ എണ്ണി തിട്ടപ്പെടുത്താവുന്നതുമല്ല. അവരുടെ ദേശം വിഗ്രഹംകൊണ്ടു നിറഞ്ഞിരിക്കുന്നു; അവർ തങ്ങളുടെ കൈകളുടെ പ്രവൃത്തിക്കുമുന്നിൽ വണങ്ങുന്നു, തങ്ങളുടെ വിരലുകൾ നിർമിച്ചതിനെത്തന്നെ. അതുകൊണ്ട് മനുഷ്യർ താഴ്ത്തപ്പെടും; എല്ലാവരും കുനിക്കപ്പെടും; അങ്ങ് അവരോടു ക്ഷമിക്കരുതേ. യഹോവയുടെ ഭയാനക സാന്നിധ്യത്തിൽനിന്നും അവിടത്തെ പ്രഭാമഹത്ത്വത്തിൽനിന്നും പാറയിൽ പ്രവേശിച്ച് തറയിൽ ഒളിച്ചുകൊള്ളുക. അഹങ്കാരിയുടെ കണ്ണ് താഴ്ത്തപ്പെടും; മനുഷ്യന്റെ ഗർവം കുനിയും; ആ ദിവസത്തിൽ യഹോവമാത്രം മഹത്ത്വീകരിക്കപ്പെടും.