യെശയ്യാവ് 16:1-14
യെശയ്യാവ് 16:1-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങൾ ദേശാധിപതിക്കു വേണ്ടിയുള്ള കുഞ്ഞാടുകളെ സേലയിൽനിന്നു മരുഭൂമി വഴിയായി സീയോൻപുത്രിയുടെ പർവതത്തിലേക്കു കൊടുത്തയപ്പിൻ. മോവാബിന്റെ പുത്രിമാർ കൂടു വിട്ടലയുന്ന പക്ഷികളെപ്പോലെ അർന്നോന്റെ കടവുകളിൽ ഇരിക്കും. ആലോചന പറഞ്ഞുതരിക; മധ്യസ്ഥം ചെയ്ക; നിന്റെ നിഴലിനെ നട്ടുച്ചയ്ക്കു രാത്രിയെപ്പോലെ ആക്കുക; ഭ്രഷ്ടന്മാരെ ഒളിപ്പിക്ക; അലഞ്ഞു നടക്കുന്നവനെ കാണിച്ചു കൊടുക്കരുത്. മോവാബിന്റെ ഭ്രഷ്ടന്മാർ നിന്നോടുകൂടെ പാർത്തുകൊള്ളട്ടെ; കവർച്ചക്കാരന്റെ മുമ്പിൽ നീ അവർക്ക് ഒരു മറവായിരിക്ക; എന്നാൽ പീഡകൻ ഇല്ലാതെയാകും; കവർച്ച അവസാനിക്കും; ചവിട്ടിക്കളയുന്നവർ ദേശത്തുനിന്നു മുടിഞ്ഞുപോകും. അങ്ങനെ ദയയാൽ സിംഹാസനം സ്ഥിരമായിവരും; അതിന്മേൽ ദാവീദിന്റെ കൂടാരത്തിൽനിന്ന് ഒരുത്തൻ ന്യായപാലനം ചെയ്തും ന്യായതല്പരനായും നീതി നടത്തുവാൻ വേഗതയുള്ളവനായും നേരോടെ ഇരിക്കും. ഞങ്ങൾ മോവാബിന്റെ ഗർവത്തെക്കുറിച്ചു കേട്ടിട്ടുണ്ട്; അവൻ മഹാഗർവിയാകുന്നു; അവന്റെ നിഗളത്തെയും ഡംഭത്തെയും ക്രോധത്തെയും വ്യർഥപ്രശംസയെയും കുറിച്ചും കേട്ടിട്ടുണ്ട്. അതുകൊണ്ടു മോവാബിനെപ്പറ്റി മോവാബ് തന്നെ മുറയിടും; എല്ലാവരും മുറയിടും; കീർ-ഹരേശെത്തിന്റെ മുന്തിരിയടകളെക്കുറിച്ചു നിങ്ങൾ കേവലം ദുഃഖിതന്മാരായി വിലപിക്കും. ഹെശ്ബോൻ വയലുകളും ശിബ്മയിലെ മുന്തിരിവള്ളിയും ഉണങ്ങിക്കിടക്കുന്നു; അതിലെ മേത്തരമായ വള്ളിയെ ജാതികളുടെ പ്രഭുക്കന്മാർ ഒടിച്ചുകളഞ്ഞു; അതു യസേർവരെ നീണ്ടു മരുഭൂമിയിലോളം പടർന്നിരുന്നു; അതിന്റെ ശാഖകൾ പടർന്ന് കടൽ കടന്നിരുന്നു. അതുകൊണ്ട് ഞാൻ യസേരിനോടുകൂടെ ശിബ്മയിലെ മുന്തിരിവള്ളിയെക്കുറിച്ചു കരയും; ഹെശ്ബോനേ, എലെയാലേ, ഞാൻ നിന്നെ എന്റെ കണ്ണുനീരുകൊണ്ടു നനയ്ക്കും; നിന്റെ വേനൽക്കനികൾക്കും നിന്റെ കൊയ്ത്തിനും പോർവിളി നേരിട്ടിരിക്കുന്നു. സന്തോഷവും ആനന്ദവും വിളനിലത്തുനിന്നു പൊയ്പോയിരിക്കുന്നു; മുന്തിരിത്തോട്ടങ്ങളിൽ പാട്ടില്ല, ഉല്ലാസഘോഷവുമില്ല; ചവിട്ടുകാർ ചക്കുകളിൽ മുന്തിരിങ്ങാ ചവിട്ടുകയുമില്ല; മുന്തിരിക്കൊയ്ത്തിന്റെ ആർപ്പുവിളി ഞാൻ നിർത്തിക്കളഞ്ഞിരിക്കുന്നു. അതുകൊണ്ട് എന്റെ ഉള്ളം മോവാബിനെക്കുറിച്ചും എന്റെ അന്തരംഗം കീർ-ഹേരെശിനെക്കുറിച്ചും കിന്നരംപോലെ മുഴങ്ങുന്നു. പിന്നെ മോവാബ് പൂജാഗിരിയിൽ ചെന്നു പാടുപെട്ടു ക്ഷേത്രത്തിൽ പ്രാർഥിപ്പാൻ കടന്നാൽ അവൻ കൃതാർഥനാകയില്ല. ഇതാകുന്നു യഹോവ പണ്ടു തന്നെ മോവാബിനെക്കുറിച്ച് അരുളിച്ചെയ്ത വചനം. ഇപ്പോൾ യഹോവ അരുളിച്ചെയ്യുന്നതോ: കൂലിക്കാരന്റെ ആണ്ടുപോലെയുള്ള മൂന്ന് ആണ്ടിനകം മോവാബിന്റെ മഹത്ത്വം അവന്റെ സർവമഹാപുരുഷാരത്തോടുകൂടെ തുച്ഛീകരിക്കപ്പെടും; അവന്റെ ശേഷിപ്പ് അത്യല്പവും അഗണ്യവും ആയിരിക്കും.
യെശയ്യാവ് 16:1-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മോവാബിലെ ജനങ്ങൾ സേലായിൽനിന്നു യെരൂശലേമിന്റെ ദേശാധിപതിക്കു സമ്മാനമായി ആട്ടിൻകുട്ടികളെ മരുഭൂമി വഴി സീയോൻപുത്രിയുടെ മലയിലേക്കു കൊടുത്തയയ്‍ക്കട്ടെ. മോവാബിലെ ജനം അർന്നോൻനദിയുടെ പടവുകളിൽ കൂടുവിട്ടലയുന്ന കിളിക്കുഞ്ഞുങ്ങളെപ്പോലെയും ചിറകടിക്കുന്ന പക്ഷികളെപ്പോലെയും ആയിരിക്കും. ഞങ്ങളെ ഉപദേശിക്കുക; ഞങ്ങൾക്ക് നീതി നടത്തിത്തരിക; നട്ടുച്ചയ്‍ക്കു ഞങ്ങൾക്കു രാത്രിപോലെയുള്ള തണലേകുക. മോവാബിലെ ഭൃഷ്ടർ നിങ്ങളുടെകൂടെ വസിക്കട്ടെ. അഭയാർഥികൾക്കു നിങ്ങൾ രക്ഷാസങ്കേതം നല്‌കുക. അവർക്കു നാശം നേരിടാതെ നിങ്ങൾ അഭയം നല്‌കുക. മർദകൻ ഇല്ലാതാകുകയും സംഹാരം അവസാനിക്കുകയും അക്രമികൾ ദേശത്തുനിന്ന് അപ്രത്യക്ഷമാകുകയും ചെയ്യുമ്പോൾ, സുസ്ഥിരമായ സ്നേഹത്തിന്മേൽ ഒരു സിംഹാസനം സ്ഥാപിതമാകും. അതിൽ ദാവീദ്‍വംശജനായ ഒരു രാജാവ് ഇരുന്നു ന്യായംപാലിക്കുകയും ചുറുചുറുക്കോടെ നീതിനടത്തുകയും ചെയ്യും. ഞങ്ങൾ മോവാബിന്റെ ഗർവത്തെപ്പറ്റി കേട്ടിട്ടുണ്ട്. അവരുടെ അഹങ്കാരത്തെയും ധാർഷ്ഠ്യത്തെയും ധിക്കാരത്തെയും കുറിച്ചു ഞങ്ങൾക്കറിയാം. അവരുടെ ആത്മപ്രശംസ അർഥശൂന്യം. അതുകൊണ്ടു മോവാബു വിലപിക്കട്ടെ. എല്ലാവരും മോവാബിനുവേണ്ടി നിലവിളിക്കട്ടെ. കീർഹരേശേത്തിലെ മുന്തിരിയടകളെക്കുറിച്ചോർത്ത് അവർ കരയട്ടെ. ഹെശ്ബോനിലെ വയലുകളും ശിബ്മായിലെ മുന്തിരിത്തോട്ടങ്ങളും വാടിക്കരിയുന്നു. യാസേർവരെ നീണ്ടു മരുഭൂമിവരെ വ്യാപിച്ചിരുന്ന അവിടത്തെ മുന്തിരിവള്ളികളുടെ ശാഖകളും തലപ്പുകളും വിജാതീയരാജാക്കന്മാർ ഒടിച്ചുകളഞ്ഞു. അതിന്റെ ശാഖകൾ കടലിനക്കരെവരെയും എത്തിയിരുന്നു. അതുകൊണ്ട് ഞാൻ യാസേറിനോടൊത്ത് ശിബ്മായിലെ മുന്തിരിയെച്ചൊല്ലി കരയും. ഹെശ്ബോനേ, എലയാലേ, നിങ്ങൾ എന്റെ കണ്ണുനീരിൽ കുതിരും, നിങ്ങളുടെ കനികൾക്കും വിളവെടുപ്പിനും നേരെ പോർവിളി മുഴങ്ങുന്നു. ഫലസമൃദ്ധമായ തോട്ടത്തിൽ ആർപ്പുവിളിയും ആഹ്ലാദവും ഇല്ലാതായിരിക്കുന്നു. മുന്തിരിത്തോട്ടത്തിൽ പാട്ടുകേൾക്കുന്നില്ല. മുന്തിരിച്ചക്കു ചവുട്ടുന്നവർ വീഞ്ഞ് ഉത്പാദിപ്പിക്കുന്നില്ല. മുന്തിരി വിളവെടുപ്പിന്റെ ആർപ്പുവിളി കേൾക്കുന്നില്ല. അതുകൊണ്ട്, മോവാബിനെക്കുറിച്ച് എന്റെ അന്തരംഗവും കീർഹശിനെക്കുറിച്ച് എന്റെ ഹൃദയവും കിന്നരംപോലെ വിലാപനാദം ഉയർത്തും. മോവാബ്യർ പാടുപെട്ട് പൂജാഗിരിയിൽ ചെന്നു പ്രാർഥിച്ചാലും ഫലം ഉണ്ടാകുകയില്ല. ഇതാകുന്നു മോവാബിനെക്കുറിച്ചു സർവേശ്വരൻ പണ്ടുതന്നെ അരുളിച്ചെയ്ത വചനം. എന്നാൽ ഇപ്പോൾ അവിടുന്ന് അരുളിച്ചെയ്യുന്നു: കൂലിക്കാരൻ കണക്കാക്കുന്നതുപോലെ മൂന്നുവർഷത്തിനകം സംഖ്യാബലമുണ്ടെങ്കിലും മോവാബിന്റെ പ്രതാപം നിശ്ചയമായും അസ്തമിക്കും. ദുർബലരായ ഒരു ചെറിയ കൂട്ടം മാത്രമേ അവശേഷിക്കൂ.
യെശയ്യാവ് 16:1-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിങ്ങൾ ദേശാധിപതിക്കു വേണ്ടിയുള്ള കുഞ്ഞാടുകളെ സേലയിൽനിന്നു മരുഭൂമിവഴിയായി സീയോൻപുത്രിയുടെ പർവ്വതത്തിലേക്കു കൊടുത്തയയ്ക്കുവിൻ. മോവാബിന്‍റെ പുത്രിമാർ കൂട് വിട്ടലയുന്ന പക്ഷികളെപ്പോലെ അർന്നോന്റെ കടവുകളിൽ ഇരിക്കും. “ആലോചന പറഞ്ഞുതരുക; വിധിന്യായം നടത്തുക; നിന്‍റെ നിഴലിനെ നട്ടുച്ചയ്ക്കു രാത്രിയെപ്പോലെ ആക്കുക; പുറത്താക്കപ്പെട്ടവരെ ഒളിപ്പിക്കുക; അലഞ്ഞു നടക്കുന്നവനെ കാണിച്ചുകൊടുക്കരുത്. മോവാബിന്‍റെ പുറത്താക്കപ്പെട്ടവർ നിന്നോടുകൂടെ പാർത്തുകൊള്ളട്ടെ; കവർച്ചക്കാരന്റെ മുമ്പിൽ നീ അവർക്ക് ഒരു മറവായിരിക്കുക.” എന്നാൽ പീഡകൻ ഇല്ലാതെയാകും; കവർച്ച അവസാനിക്കും; ചവിട്ടിക്കളയുന്നവർ ദേശത്തുനിന്ന് മുടിഞ്ഞുപോകും. അങ്ങനെ ദയയാൽ സിംഹാസനം സ്ഥിരമായിവരും; അതിന്മേൽ ദാവീദിന്റെ കൂടാരത്തിൽനിന്ന് ഒരുവൻ ന്യായപാലനം ചെയ്തും ന്യായതല്പരനായും നീതിനടത്തുവാൻ വേഗതയുള്ളവനായും നേരോടെ ഇരിക്കും. ഞങ്ങൾ മോവാബിന്‍റെ അഹങ്കാരത്തെക്കുറിച്ചു കേട്ടിട്ടുണ്ട്; അവൻ മഹാഗർവ്വിയാകുന്നു; അവന്റെ നിഗളത്തെയും ഡംഭത്തെയും ക്രോധത്തെയും വ്യർത്ഥപ്രശംസയെയും കുറിച്ചും കേട്ടിട്ടുണ്ട്. അതുകൊണ്ട് മോവാബിനെപ്പറ്റി മോവാബ് തന്നെ അലമുറയിടും; എല്ലാവരും അലമുറയിടും; കീർ-ഹരേശെത്തിന്റെ മുന്തിരിയടകളെക്കുറിച്ചു നിങ്ങൾ കേവലം ദുഃഖിതന്മാരായി വിലപിക്കും. ഹെശ്ബോൻ വയലുകളും സിബ്മയിലെ മുന്തിരിവള്ളിയും ഉണങ്ങിക്കിടക്കുന്നു; അതിലെ മേല്ത്തരമായ വള്ളി ജനതകളുടെ പ്രഭുക്കന്മാർ ഒടിച്ചുകളഞ്ഞു; അത് യസേർവരെ നീണ്ടു മരുഭൂമിവരെ പടർന്നിരുന്നു; അതിന്റെ ശാഖകൾ പടർന്ന് കടൽ കടന്നിരുന്നു. അതുകൊണ്ട് ഞാൻ യസേരിനോടുകൂടെ സിബ്മയിലെ മുന്തിരിവള്ളിയെക്കുറിച്ചു കരയും; ഹെശ്ബോനേ, എലെയാലേ, ഞാൻ നിന്നെ എന്റെ കണ്ണുനീരുകൊണ്ടു നനയ്ക്കും; നിന്‍റെ വേനൽഫലങ്ങൾക്കും നിന്‍റെ കൊയ്ത്തിനും പോർവിളി നേരിട്ടിരിക്കുന്നു. സന്തോഷവും ആനന്ദവും വിളനിലത്തുനിന്നു പൊയ്പോയിരിക്കുന്നു; മുന്തിരിത്തോട്ടങ്ങളിൽ പാട്ടില്ല, ഉല്ലാസഘോഷവുമില്ല; ചവിട്ടുകാർ ചക്കുകളിൽ മുന്തിരിങ്ങാ ചവിട്ടുകയുമില്ല; മുന്തിരിക്കൊയ്ത്തിന്റെ ആർപ്പുവിളി ഞാൻ നിർത്തിക്കളഞ്ഞിരിക്കുന്നു. അതുകൊണ്ട് എന്റെ ഉള്ളം മോവാബിനെക്കുറിച്ചും എന്റെ അന്തരംഗം കീർഹേരെശിനെക്കുറിച്ചും കിന്നരംപോലെ മുഴങ്ങുന്നു. പിന്നെ മോവാബ് പൂജാഗിരിയിൽ ചെന്നു പാടുപെട്ടു ക്ഷേത്രത്തിൽ പ്രാർത്ഥിക്കുവാൻ കടന്നാൽ അവന്‍റെ പ്രാർത്ഥനകൾക്ക് ഫലപ്രാപ്തിയുണ്ടാവുകയില്ല. ഇതാകുന്നു യഹോവ പണ്ടുതന്നെ മോവാബിനെക്കുറിച്ച് അരുളിച്ചെയ്ത വചനം. ഇപ്പോൾ യഹോവ അരുളിച്ചെയ്യുന്നതോ: “കൂലിക്കാരന്‍റെ വർഷംപോലെയുള്ള മൂന്നു വർഷത്തിനകം മോവാബിന്‍റെ മഹത്ത്വം അവന്‍റെ സർവ്വമഹാപുരുഷാരത്തോടുകൂടി തുച്ഛീകരിക്കപ്പെടും; അവന്റെ ശേഷിപ്പ് അത്യല്പവും ദുർബലവും ആയിരിക്കും.”
യെശയ്യാവ് 16:1-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിങ്ങൾ ദേശാധിപതിക്കു വേണ്ടിയുള്ള കുഞ്ഞാടുകളെ സേലയിൽനിന്നു മരുഭൂമിവഴിയായി സീയോൻ പുത്രിയുടെ പർവ്വതത്തിലേക്കു കൊടുത്തയപ്പിൻ. മോവാബിന്റെ പുത്രിമാർ കൂടു വിട്ടലയുന്ന പക്ഷികളെപ്പോലെ അർന്നോന്റെ കടവുകളിൽ ഇരിക്കും. ആലോചന പറഞ്ഞുതരിക; മദ്ധ്യസ്ഥം ചെയ്ക; നിന്റെ നിഴലിനെ നട്ടുച്ചെക്കു രാത്രിയെപ്പോലെ ആക്കുക; ഭ്രഷ്ടന്മാരെ ഒളിപ്പിക്ക; അലഞ്ഞു നടക്കുന്നവനെ കാണിച്ചുകൊടുക്കരുതു. മോവാബിന്റെ ഭ്രഷ്ടന്മാർ നിന്നോടുകൂടെ പാർത്തുകൊള്ളട്ടെ; കവർച്ചക്കാരന്റെ മുമ്പിൽ നീ അവർക്കു ഒരു മറവായിരിക്ക; എന്നാൽ പീഡകൻ ഇല്ലാതെയാകും; കവർച്ച അവസാനിക്കും; ചവിട്ടിക്കളയുന്നവർ ദേശത്തുനിന്നു മുടിഞ്ഞുപോകും. അങ്ങനെ ദയയാൽ സിംഹാസനം സ്ഥിരമായ്‌വരും; അതിന്മേൽ ദാവീദിന്റെ കൂടാരത്തിൽനിന്നു ഒരുത്തൻ ന്യായപാലനം ചെയ്തും ന്യായതല്പരനായും നീതിനടത്തുവാൻ വേഗതയുള്ളവനായും നേരോടെ ഇരിക്കും. ഞങ്ങൾ മോവാബിന്റെ ഗർവ്വത്തെക്കുറിച്ചു കേട്ടിട്ടുണ്ടു; അവൻ മഹാഗർവ്വിയാകുന്നു; അവന്റെ നിഗളത്തെയും ഡംഭത്തെയും ക്രോധത്തെയും വ്യർത്ഥപ്രശംസയെയും കുറിച്ചും കേട്ടിട്ടുണ്ടു. അതുകൊണ്ടു മോവാബിനെപ്പറ്റി മോവാബ് തന്നേ മുറയിടും; എല്ലാവരും മുറയിടും; കീർ-ഹരേശെത്തിന്റെ മുന്തിരിയടകളെക്കുറിച്ചു നിങ്ങൾ കേവലം ദുഃഖിതന്മാരായി വിലപിക്കും. ഹെശ്ബോൻ വയലുകളും ശിബ്മയിലെ മുന്തിരിവള്ളിയും ഉണങ്ങിക്കിടക്കുന്നു; അതിലെ മേത്തരമായ വള്ളിയെ ജാതികളുടെ പ്രഭുക്കന്മാർ ഒടിച്ചു കളഞ്ഞു; അതു യസേർവരെ നീണ്ടു മരുഭൂമിയിലോളം പടർന്നിരുന്നു; അതിന്റെ ശാഖകൾ പടർന്നു കടൽ കടന്നിരുന്നു. അതുകൊണ്ടു ഞാൻ യസേരിനോടുകൂടെ ശിബ്മയിലെ മുന്തിരിവള്ളിയെക്കുറിച്ചു കരയും; ഹെശ്ബോനേ, എലെയാലേ, ഞാൻ നിന്നെ എന്റെ കണ്ണുനീരുകൊണ്ടു നനെക്കും; നിന്റെ വേനല്ക്കനികൾക്കും നിന്റെ കൊയ്ത്തിന്നും പോർവിളി നേരിട്ടിരിക്കുന്നു. സന്തോഷവും ആനന്ദവും വിളനിലത്തുനിന്നു പോയ്പോയിരിക്കുന്നു; മുന്തിരിത്തോട്ടങ്ങളിൽ പാട്ടില്ല, ഉല്ലാസഘോഷവുമില്ല; ചവിട്ടുകാർ ചക്കുകളിൽ മുന്തിരിങ്ങാ ചവിട്ടുകയുമില്ല; മുന്തിരിക്കൊയ്ത്തിന്റെ ആർപ്പുവിളി ഞാൻ നിർത്തിക്കളഞ്ഞിരിക്കുന്നു. അതുകൊണ്ടു എന്റെ ഉള്ളം മോവാബിനെക്കുറിച്ചും എന്റെ അന്തരംഗം കീർഹേരെശിനെക്കുറിച്ചും കിന്നരംപോലെ മുഴങ്ങുന്നു. പിന്നെ മോവാബ് പൂജാഗിരിയിൽ ചെന്നു പാടുപെട്ടു ക്ഷേത്രത്തിൽ പ്രാർത്ഥിപ്പാൻ കടന്നാൽ അവൻ കൃതാർത്ഥനാകയില്ല. ഇതാകുന്നു യഹോവ പണ്ടു തന്നേ മോവാബിനെക്കുറിച്ചു അരുളിച്ചെയ്ത വചനം. ഇപ്പോൾ യഹോവ അരുളിച്ചെയ്യുന്നതോ: കൂലിക്കാരന്റെ ആണ്ടുപോലെയുള്ള മൂന്നു ആണ്ടിന്നകം മോവാബിന്റെ മഹത്വം അവന്റെ സർവ്വമഹാപുരുഷാരത്തോടുകൂടെ തുച്ഛീകരിക്കപ്പെടും; അവന്റെ ശേഷിപ്പു അത്യല്പവും അഗണ്യവും ആയിരിക്കും.
യെശയ്യാവ് 16:1-14 സമകാലിക മലയാളവിവർത്തനം (MCV)
നിങ്ങൾ ദേശാധിപതിക്കുള്ള കാഴ്ചയായി, കുഞ്ഞാടിനെ സേലായിൽനിന്ന്, മരുഭൂമിവഴിയായി സീയോൻപുത്രിയുടെ പർവതത്തിലേക്കു കൊടുത്തയയ്ക്കുക. കൂട്ടിൽനിന്നു തള്ളിയിടപ്പെട്ട് ചിറകിട്ടടിക്കുന്ന പക്ഷികളെപ്പോലെ ആയിരിക്കും അർന്നോൻ കടവുകളിൽ മോവാബ്യ പുത്രിമാർ. “ഞങ്ങൾക്ക് ആലോചന പറഞ്ഞുതരിക, ന്യായം നടത്തുക. നട്ടുച്ചസമയത്ത് നിന്റെ നിഴലിനെ രാത്രിപോലെയാക്കുക. പലായിതരെ ഒളിപ്പിക്കുക, അഭയാർഥികളെ ഒറ്റിക്കൊടുക്കരുത്. മോവാബിലെ പലായിതർ നിന്നോടൊപ്പം പാർക്കട്ടെ; അവരുടെ അന്തകരിൽനിന്ന് നീ അവർക്ക് ഒരു അഭയമായിരിക്കുക,” എന്നു മോവാബ് പറയുന്നു. പീഡകരുടെ അവസാനം വന്നുചേരും നശിപ്പിക്കുന്നവർ ഇല്ലാതെയാകും; മർദകർ ദേശത്തുനിന്ന് അപ്രത്യക്ഷരാകും. അചഞ്ചലസ്നേഹത്താൽ സിംഹാസനം സ്ഥിരമാക്കപ്പെടും; ദാവീദിന്റെ കൂടാരത്തിൽനിന്ന് ഒരുവൻ സത്യസന്ധതയോടെ അതിൽ ഉപവിഷ്ടനാകും. ആ ന്യായാധിപൻ ന്യായതല്പരനും നീതി നടത്തുന്നതിനു വേഗമുള്ളവനും ആയിത്തീരും. മോവാബിന്റെ അഹങ്കാരത്തെപ്പറ്റി ഞങ്ങൾ കേട്ടിട്ടുണ്ട്— അവളുടെ ഗർവം എത്ര വലിയത്! അവളുടെ നിഗളം, അഹങ്കാരം, ധിക്കാരം എന്നിവയും ഞങ്ങൾ കേട്ടിരിക്കുന്നു; എന്നാൽ അവളുടെ പ്രശംസ വ്യർഥമത്രേ. അതിനാൽ മോവാബ്യർ വിലപിക്കും, അവർ മോവാബിനെക്കുറിച്ച് വിലപിക്കും. കീർ-ഹരേശേത്തിലെ മുന്തിരിയടകളെപ്പറ്റി ദുഃഖിക്കുകയും വിലപിക്കുകയുംചെയ്യുക. ഹെശ്ബോനിലെ വയലുകളും സിബ്മയിലെ മുന്തിരിവള്ളികളും ഉണങ്ങിപ്പോയി. അതിലെ വിശിഷ്ട മുന്തിരിവള്ളികളെ ഇതര രാഷ്ട്രങ്ങളിലെ ഭരണാധിപന്മാർ ചവിട്ടിമെതിച്ചിരിക്കുന്നു, അതു യാസേർവരെയും മരുഭൂമിവരെയും പടർന്നിരുന്നു. അതിന്റെ ശാഖകൾ കടൽവരെയും പടർന്നിരുന്നു. അതിനാൽ ഞാൻ യാസേരിനോടൊപ്പം സിബ്മയിലെ മുന്തിരിവള്ളിയെക്കുറിച്ചു വിലപിക്കും. ഹെശ്ബോനേ, എലെയാലേ, ഞാൻ എന്റെ കണ്ണുനീർകൊണ്ടു നിന്നെ നനയ്ക്കും! നിന്റെ വേനൽക്കാല ഫലങ്ങൾക്കും കൊയ്ത്തിനും ആഹ്ലാദാരവം നിലച്ചിരിക്കുന്നു. ഫലപൂർണമായ വയലിൽനിന്ന് ആനന്ദവും ഉല്ലാസവും നീങ്ങിപ്പോയിരിക്കുന്നു; മുന്തിരിത്തോപ്പുകളിലും പാട്ടുകളോ ആർപ്പുവിളിയോ ഇല്ല. മുന്തിരിച്ചക്കുകളിൽ ആരും മുന്തിരിങ്ങാ ചവിട്ടുന്നില്ല; കാരണം ഞാൻ ആ ആർപ്പുവിളി അവസാനിപ്പിച്ചിരിക്കുന്നു. അതിനാൽ എന്റെ ഹൃദയം മോവാബിനെക്കുറിച്ചും എന്റെ അന്തരിന്ദ്രിയം കീർ-ഹേരെശിനെക്കുറിച്ചും ഒരു കിന്നരംപോലെ ആർത്തനാദം പുറപ്പെടുവിക്കുന്നു. മോവാബ് അവളുടെ ക്ഷേത്രങ്ങളിൽ ചെല്ലുമ്പോൾ തളർന്നുപോകാം എന്ന പ്രയോജനംമാത്രമേയുള്ളൂ, അവൾ പവിത്രസ്ഥാനങ്ങളിൽ പ്രാർഥിക്കാൻ ചെല്ലുമ്പോൾ ഫലസിദ്ധിയുണ്ടാകുകയുമില്ല. ഇതാണ് യഹോവ മുമ്പേതന്നെ മോവാബിനെപ്പറ്റി അരുളിച്ചെയ്ത വചനം. എന്നാൽ ഇപ്പോൾ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒരു കരാർ തൊഴിലാളി കണക്കാക്കുന്നതുപോലെയുള്ള മൂന്നു സംവത്സരത്തിനുള്ളിൽ മോവാബിന്റെ മഹത്ത്വം അവന്റെ എല്ലാ ജനബാഹുല്യത്തോടുമൊപ്പം നിന്ദിതമാകും. അവളുടെ ശേഷിപ്പു തുച്ഛവും ദുർബലവുമായിരിക്കും.”