യെശയ്യാവ് 14:3-14

യെശയ്യാവ് 14:3-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവ നിന്റെ വ്യസനവും നിന്റെ കഷ്ടതയും നീ ചെയ്യേണ്ടിവന്ന നിന്റെ കഠിനദാസ്യവും നീക്കി നിനക്കു വിശ്രാമം നല്കുന്ന നാളിൽ നീ ബാബേൽരാജാവിനെക്കുറിച്ച് ഈ പാട്ടുചൊല്ലും: പീഡിപ്പിക്കുന്നവൻ എങ്ങനെ ഇല്ലാതെയായി! സ്വർണനഗരം എങ്ങനെ മുടിഞ്ഞു പോയി! യഹോവ ദുഷ്ടന്മാരുടെ വടിയും വാഴുന്നവരുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു. വംശങ്ങളെ ഇടവിടാതെ ക്രോധത്തോടെ അടിക്കയും ആർക്കും അടുത്തുകൂടാത്ത ഉപദ്രവത്താൽ ജാതികളെ കോപത്തോടെ ഭരിക്കയും ചെയ്തവനെ തന്നെ. സർവഭൂമിയും വിശ്രമിച്ച് സ്വസ്ഥമായിരിക്കുന്നു; അവർ ആർത്തുപാടുന്നു. സരളവൃക്ഷങ്ങളും ലെബാനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ചു സന്തോഷിച്ചു: നീ വീണുകിടന്നതുമുതൽ ഒരു വെട്ടുകാരനും ഞങ്ങളുടെ നേരേ കയറി വരുന്നില്ല എന്നു പറയുന്നു. നിന്റെ വരവിങ്കൽ നിന്നെ എതിരേല്പാൻ താഴെ പാതാളം നിന്റെ നിമിത്തം ഇളകിയിരിക്കുന്നു; അതു നിന്നെച്ചൊല്ലി സകല ഭൂപാലന്മാരുമായ പ്രേതന്മാരെ ഉണർത്തുകയും ജാതികളുടെ സകല രാജാക്കന്മാരെയും സിംഹാസനങ്ങളിൽനിന്ന് എഴുന്നേല്പിക്കയും ചെയ്തിരിക്കുന്നു. അവരൊക്കെയും നിന്നോട്: നീയും ഞങ്ങളെപ്പോലെ ബലഹീനനായോ? നീയും ഞങ്ങൾക്കു തുല്യനായിത്തീർന്നുവോ? എന്നു പറയും. നിന്റെ ആഡംബരവും വാദ്യഘോഷവും പാതാളത്തിലേക്ക് ഇറങ്ങിപ്പോയി; നിന്റെ കീഴെ പുഴുക്കളെ വിരിച്ചിരിക്കുന്നു; കൃമികൾ നിനക്ക് പുതപ്പായിരിക്കുന്നു. അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തുവീണു! “ഞാൻ സ്വർഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വയ്ക്കും; ഉത്തരദിക്കിന്റെ അതിർത്തിയിൽ സമാഗമപർവതത്തിന്മേൽ ഞാൻ ഇരുന്നരുളും; ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞത്.

യെശയ്യാവ് 14:3-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

കഷ്ടതകളിൽനിന്നും വേദനകളിൽനിന്നും നിർബന്ധപൂർവം ചെയ്യേണ്ടിവന്ന കഠിനാധ്വാനങ്ങളിൽനിന്നും സർവേശ്വരൻ നിങ്ങൾക്കു സ്വസ്ഥത നല്‌കുമ്പോൾ ബാബിലോൺരാജാവിനെക്കുറിച്ച് ഈ പരിഹാസഗാനം പാടുക: മർദകൻ എങ്ങനെ ഇല്ലാതായി! ഗർവം എങ്ങനെ നിലച്ചു. സർവേശ്വരൻ ദുർജനത്തിന്റെ ദണ്ഡും ഭരണാധികാരികളുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു. അവൻ ജനങ്ങളെ നിരന്തരം പ്രഹരിക്കുകയും നിർദയം പീഡിപ്പിച്ചു ഭരിക്കുകയും ചെയ്തിരുന്നല്ലോ. സർവലോകവും സ്വസ്ഥവും ശാന്തവുമായിരിക്കുന്നു. എല്ലാവരും ആനന്ദഗീതം പാടുന്നു. ലെബാനോനിലെ ദേവദാരുമരങ്ങളും സരളവൃക്ഷങ്ങളും നിന്നെക്കുറിച്ച് ആഹ്ലാദിച്ചു പറയുന്നു: “നീ വീണു കിടക്കുന്നതിനാൽ ഒരു മരംവെട്ടുകാരനും ഞങ്ങൾക്കെതിരെ വരുന്നില്ല. നിന്നെ എതിരേല്‌ക്കാൻ അധോലോകം ഇളകിയിരിക്കുന്നു. ഭൂപാലകരായിരുന്ന എല്ലാവരുടെയും പ്രേതങ്ങളെ അത് ഉണർത്തും. ജനതകളുടെ രാജാക്കന്മാരെ അവരുടെ സിംഹാസനങ്ങളിൽനിന്ന് അത് എഴുന്നേല്പിക്കും. അവരൊക്കെയും ഞങ്ങളെപ്പോലെ ദുർബലരായിത്തീർന്നല്ലോ, നീയും ഞങ്ങൾക്കു തുല്യരായിത്തീർന്നുവോ എന്നു പറയും. നിന്റെ പ്രതാപവും വീണയുടെ നാദവും അധോലോകത്തിലേക്കു താഴ്ത്തപ്പെട്ടിരിക്കുന്നു. പുഴുക്കളാണ് നിന്റെ കിടക്ക. കൃമികളാണ് നിന്റെ പുതപ്പ്. ഉഷസ്സിന്റെ പുത്രനായ പ്രഭാതനക്ഷത്രമേ, നീ എങ്ങനെ താഴെ വീണു! ജനതകളെ കീഴടക്കിയ നീ എങ്ങനെ വെട്ടേറ്റു നിലംപതിച്ചു?” “ഞാൻ ആകാശമണ്ഡലത്തിലേക്കു കയറും, അത്യുന്നത നക്ഷത്രങ്ങൾക്കു മീതെ എന്റെ സിംഹാസനം സ്ഥാപിക്കും. അന്നു വടക്കേ അറ്റത്തുള്ള സമ്മേളനപർവതത്തിൽ ഞാൻ ഉപവിഷ്ടനാകും. ഞാൻ മേഘങ്ങൾക്കു മീതെ കയറും. ഞാൻ അത്യുന്നതനെപ്പോലെ ആയിത്തീരും.”

യെശയ്യാവ് 14:3-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവ നിന്‍റെ വ്യസനവും നിന്‍റെ കഷ്ടതയും നീ ചെയ്യേണ്ടിവന്ന നിന്‍റെ കഠിനദാസ്യവും നീക്കി നിനക്കു വിശ്രമം നല്കുന്ന നാളിൽ നീ ബാബേൽരാജാവിനെക്കുറിച്ച് ഈ പാട്ടുചൊല്ലും: പീഡിപ്പിക്കുന്നവൻ എങ്ങനെ ഇല്ലാതെയായി! സ്വർണ്ണനഗരം എങ്ങനെ മുടിഞ്ഞുപോയി! യഹോവ ദുഷ്ടന്മാരുടെ വടിയും ഭരണാധിപന്മാരുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു. വംശങ്ങളെ ഇടവിടാതെ ക്രോധത്തോടെ അടിക്കുകയും ആർക്കും അടുത്തുകൂടാത്ത ഉപദ്രവത്താൽ ജനതകളെ കോപത്തോടെ ഭരിക്കുകയും ചെയ്തവനെ തന്നെ. സർവ്വഭൂമിയും വിശ്രമിച്ച് സ്വസ്ഥമായിരിക്കുന്നു; അവർ ആർത്തുപാടുന്നു. സരളവൃക്ഷങ്ങളും ലെബാനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ച് സന്തോഷിച്ചു, “നീ വീണുകിടന്നതുമുതൽ ഒരു മരംവെട്ടുകാരനും ഞങ്ങളുടെ നേരെ കയറിവരുന്നില്ല” എന്നു പറയുന്നു. നിന്‍റെ വരവിൽ നിന്നെ എതിരേല്ക്കുവാൻ താഴെ പാതാളം നിന്‍റെ നിമിത്തം ഇളകിയിരിക്കുന്നു; അത് നിന്നെച്ചൊല്ലി സകലഭൂപാലന്മാരുമായ പ്രേതന്മാരെ ഉണർത്തുകയും ജനതകളുടെ സകല രാജാക്കന്മാരെയും സിംഹാസനങ്ങളിൽനിന്ന് എഴുന്നേല്പിക്കുകയും ചെയ്തിരിക്കുന്നു. അവരെല്ലാം നിന്നോട്: “നീയും ഞങ്ങളെപ്പോലെ ബലഹീനനായോ? നീയും ഞങ്ങൾക്കു തുല്യനായിത്തീർന്നുവോ?” എന്നു പറയും. നിന്‍റെ ആഡംബരവും വാദ്യഘോഷവും പാതാളത്തിലേക്ക് ഇറങ്ങിപ്പോയി; നിന്‍റെ കീഴിൽ പുഴുക്കളെ വിരിച്ചിരിക്കുന്നു; കൃമികൾ നിനക്കു പുതപ്പായിരിക്കുന്നു. അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജനതകളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തുവീണു! “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്‍റെ സിംഹാസനം ദൈവത്തിന്‍റെ നക്ഷത്രങ്ങൾക്കു മീതെ വയ്ക്കും; ഉത്തരദിക്കിന്‍റെ അതിർത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും; ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലയോ നീ ഹൃദയത്തിൽ പറഞ്ഞത്.

യെശയ്യാവ് 14:3-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ നിന്റെ വ്യസനവും നിന്റെ കഷ്ടതയും നീ ചെയ്യേണ്ടിവന്ന നിന്റെ കഠിനദാസ്യവും നീക്കി നിനക്കു വിശ്രാമം നല്കുന്ന നാളിൽ നീ ബാബേൽരാജാവിനെക്കുറിച്ചു ഈ പാട്ടു ചൊല്ലും: പീഡിപ്പിക്കുന്നവൻ എങ്ങനെ ഇല്ലാതെയായി! സ്വർണ്ണനഗരം എങ്ങനെ മുടിഞ്ഞുപോയി! യഹോവ ദുഷ്ടന്മാരുടെ വടിയും വാഴുന്നവരുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു. വംശങ്ങളെ ഇടവിടാതെ ക്രോധത്തോടെ അടിക്കയും ആർക്കും അടുത്തുകൂടാത്ത ഉപദ്രവത്താൽ ജാതികളെ കോപത്തോടെ ഭരിക്കയും ചെയ്തവനെ തന്നേ. സർവ്വഭൂമിയും വിശ്രമിച്ചു സ്വസ്ഥമായിരിക്കുന്നു; അവർ ആർത്തുപാടുന്നു. സരളവൃക്ഷങ്ങളും ലെബാനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ചു സന്തോഷിച്ചു: നീ വീണുകിടന്നതുമുതൽ ഒരു വെട്ടുകാരനും ഞങ്ങളുടെ നേരെ കയറിവരുന്നില്ല എന്നു പറയുന്നു. നിന്റെ വരവിങ്കൽ നിന്നെ എതിരേല്പാൻ താഴേ പാതാളം നിന്റെ നിമിത്തം ഇളകിയിരിക്കുന്നു; അതു നിന്നെച്ചൊല്ലി സകലഭൂപാലന്മാരുമായ പ്രേതന്മാരെ ഉണർത്തുകയും ജാതികളുടെ സകലരാജാക്കന്മാരെയും സിംഹാസനങ്ങളിൽനിന്നു എഴുന്നേല്പിക്കയും ചെയ്തിരിക്കുന്നു. അവരൊക്കെയും നിന്നോടു: നീയും ഞങ്ങളെപ്പോലെ ബലഹീനനായോ? നീയും ഞങ്ങൾക്കു തുല്യനായ്തീർന്നുവോ? എന്നു പറയും. നിന്റെ ആഡംബരവും വാദ്യഘോഷവും പാതാളത്തിലേക്കു ഇറങ്ങിപ്പോയി; നിന്റെ കീഴെ പുഴുക്കളെ വിരിച്ചിരിക്കുന്നു; കൃമികൾ നിനക്കു പുതെപ്പായിരിക്കുന്നു. അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തു വീണു! “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും; ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞതു.

യെശയ്യാവ് 14:3-14 സമകാലിക മലയാളവിവർത്തനം (MCV)

നിങ്ങളുടെ ദുഃഖം, കഷ്ടത, നിങ്ങളുടെമേൽ ചുമത്തിയ കഠിനവേല എന്നിവയിൽനിന്ന് യഹോവ നിങ്ങൾക്ക് വിശ്രമം നൽകുന്ന കാലത്ത്, ബാബേൽരാജാവിനെപ്പറ്റി ഈ പരിഹാസഗാനം നിങ്ങൾ ആലപിക്കും: “പീഡകൻ എങ്ങനെ ഇല്ലാതെയായി! അവന്റെ ക്രോധം എങ്ങനെ നിലച്ചു?” യഹോവ ദുഷ്ടരുടെ വടിയും ഭരണാധികാരികളുടെ ചെങ്കോലും തകർത്തുകളഞ്ഞു, അതു ജനത്തെ കോപത്തോടെ നിരന്തരം പ്രഹരിച്ചുപോന്നു, അതു രാഷ്ട്രങ്ങളെ കോപത്തോടും അനിയന്ത്രിതമായ അക്രമത്തോടെയും അടക്കിഭരിച്ചുപോന്നു. ഭൂമി മുഴുവൻ സമാധാനത്തോടെ വിശ്രമിക്കുന്നു; അവർ സന്തോഷത്തോടെ ആർത്തുപാടുന്നു. സരളവൃക്ഷങ്ങളും ലെബാനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ചു സന്തോഷിച്ചു, “നീ വീണുപോയതുമുതൽ, ഒരു മരംവെട്ടുകാരനും ഞങ്ങളുടെനേരേ വരുന്നില്ല” എന്നു പറയുന്നു. നീ വരുമ്പോൾ നിന്നെ എതിരേൽക്കാൻ താഴെയുള്ള പാതാളം അസ്വസ്ഥമായിരിക്കുന്നു; അതു ഭൂമിയിൽ നേതാക്കളായിരുന്ന സകലരുടെയും ആത്മാക്കളെ നിനക്കുവേണ്ടി ഉണർത്തിയിരിക്കുന്നു; അതു രാഷ്ട്രങ്ങളിൽ രാജാക്കന്മാരായിരുന്ന എല്ലാവരെയും സിംഹാസനങ്ങളിൽനിന്ന് എഴുന്നേൽപ്പിക്കുന്നു. അവരെല്ലാം നിന്നോട്: “നീയും ഞങ്ങളെപ്പോലെ ബലഹീനനായോ? നീ ഞങ്ങൾക്കു തുല്യനായിത്തീർന്നോ?” എന്നു പറയും. നിന്റെ പ്രതാപവും നിന്റെ വാദ്യഘോഷവും പാതാളത്തിലേക്കു താഴ്ത്തപ്പെട്ടിരിക്കുന്നു; പുഴുക്കളെ കിടക്കയായി നിന്റെ കീഴിൽ വിരിച്ചിരിക്കുന്നു; കീടങ്ങൾ നിനക്കു പുതപ്പായിരിക്കുന്നു. ഉഷസ്സിന്റെ പുത്രാ, ഉദയനക്ഷത്രമേ! നീ ആകാശത്തുനിന്നു വീണുപോയതെങ്ങനെ! ഒരിക്കൽ രാഷ്ട്രങ്ങളെ താഴ്ത്തിക്കളഞ്ഞവനേ, നീ വെട്ടേറ്റു ഭൂമിയിൽ വീണുപോയതെങ്ങനെ! നീ നിന്റെ ഹൃദയത്തിൽ പറഞ്ഞു, “ഞാൻ സ്വർഗത്തിൽ കയറും. ദൈവത്തിന്റെ നക്ഷത്രങ്ങൾക്കുമേൽ ഞാനെന്റെ സിംഹാസനം ഉയർത്തും; സമാഗമപർവതത്തിന്മേൽ സിംഹാസനാരൂഢനാകും, സാഫോൺ പർവതത്തിന്റെ ഔന്നത്യങ്ങളിൽ ഞാൻ ഇരുന്നരുളും. മേഘോന്നതികൾക്കുമീതേ ഞാൻ കയറും; എന്നെത്തന്നെ ഞാൻ പരമോന്നതനു തുല്യനാക്കും.”