യെശയ്യാവ് 10:1-4

യെശയ്യാവ് 10:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ദരിദ്രന്മാരുടെ ന്യായം മറിച്ചുകളവാനും എന്റെ ജനത്തിലെ എളിയവരുടെ അവകാശം ഇല്ലാതാക്കുവാനും വിധവമാർ തങ്ങൾക്കു കൊള്ളയായിത്തീരുവാനും അനാഥന്മാരെ തങ്ങൾക്ക് ഇരയാക്കുവാനും തക്കവണ്ണം നീതികെട്ട ചട്ടം നിയമിക്കുന്നവർക്കും അനർഥം എഴുതി വയ്ക്കുന്ന എഴുത്തുകാർക്കും അയ്യോ കഷ്ടം! സന്ദർശനദിവസത്തിലും ദൂരത്തുനിന്നു വരുന്ന വിനാശത്തിങ്കലും നിങ്ങൾ എന്തു ചെയ്യും? സഹായത്തിനായിട്ടു നിങ്ങൾ ആരുടെ അടുക്കൽ ഓടിപ്പോകും? നിങ്ങളുടെ മഹത്ത്വം നിങ്ങൾ എവിടെ വച്ചുകൊള്ളും? അവർ ബദ്ധന്മാരുടെ കീഴെ കുനികയും ഹതന്മാരുടെ കീഴെ വീഴുകയും ചെയ്കേയുള്ളൂ. ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.

യെശയ്യാവ് 10:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എന്റെ ജനത്തെ പീഡിപ്പിക്കുന്നതിനായി നീതികെട്ട നിയമങ്ങൾ നിർമ്മിക്കുന്നവർക്കു ഹാ ദുരിതം! നിങ്ങൾ എളിയവരുടെ അവകാശം അപഹരിക്കുന്നു. അനാഥരെ ചൂഷണം ചെയ്യുന്നു. ന്യായവിധി ദിവസത്തിൽ വിദൂരത്തുനിന്നു വിനാശകരമായ കൊടുങ്കാറ്റടിക്കുമ്പോൾ നിങ്ങൾ എന്തു ചെയ്യും? സഹായത്തിനുവേണ്ടി ആരുടെ അടുക്കലേക്ക് ഓടും? നിങ്ങളുടെ സമ്പത്ത് നിങ്ങൾ എവിടെ സൂക്ഷിക്കും? യുദ്ധത്തിൽ നിങ്ങൾ കൊല്ലപ്പെടുകയോ തടവുകാരനെപ്പോലെ വലിച്ചിഴയ്‍ക്കപ്പെടുകയോ ചെയ്യും. ഇതെല്ലാമായിട്ടും സർവേശ്വരന്റെ കോപം ശമിക്കുന്നില്ല. അവിടുത്തെ കരം ഇപ്പോഴും നിങ്ങളെ ശിക്ഷിക്കാൻ ഉയർന്നിരിക്കുന്നു.

യെശയ്യാവ് 10:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ദരിദ്രന്മാരുടെ ന്യായം മറിച്ചുകളയുവാനും എന്‍റെ ജനത്തിലെ എളിയവരുടെ അവകാശം ഇല്ലാതാക്കുവാനും വിധവമാർ അവർക്ക് കൊള്ളയായിത്തീരുവാനും അനാഥന്മാരെ അവർക്ക് ഇരയാക്കുവാനും തക്കവിധം നീതികെട്ട ചട്ടം നിയമിക്കുന്നവർക്കും അനർത്ഥം എഴുതിവയ്ക്കുന്ന എഴുത്തുകാർക്കും അയ്യോ കഷ്ടം! സന്ദർശനദിവസത്തിലും ദൂരത്തുനിന്ന് വരുന്ന വിനാശത്തിങ്കലും നിങ്ങൾ എന്ത് ചെയ്യും? സഹായത്തിനായിട്ടു നിങ്ങൾ ആരുടെ അടുക്കൽ ഓടിപ്പോകും? നിങ്ങളുടെ മഹത്ത്വം നിങ്ങൾ എവിടെ വച്ചുകൊള്ളും? അവർ ബദ്ധന്മാരുടെ കീഴിൽ കുനിയുകയും കൊല്ലപ്പെട്ടവരുടെ കീഴിൽ വീഴുകയും ചെയ്യുകയേയുള്ളു. ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും.

യെശയ്യാവ് 10:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദരിദ്രന്മാരുടെ ന്യായം മറിച്ചുകളവാനും എന്റെ ജനത്തിലെ എളിയവരുടെ അവകാശം ഇല്ലാതാക്കുവാനും വിധവമാർ തങ്ങൾക്കു കൊള്ളയായ്തീരുവാനും അനാഥന്മാരെ തങ്ങൾക്കു ഇരയാക്കുവാനും തക്കവണ്ണം നീതികെട്ട ചട്ടം നിയമിക്കുന്നവർക്കും അനർത്ഥം എഴുതിവെക്കുന്ന എഴുത്തുകാർക്കും അയ്യോ കഷ്ടം! സന്ദർശനദിവസത്തിലും ദൂരത്തുനിന്നു വരുന്ന വിനാശത്തിങ്കലും നിങ്ങൾ എന്തു ചെയ്യും? സഹായത്തിന്നായിട്ടു നിങ്ങൾ ആരുടെ അടുക്കൽ ഓടിപ്പോകും? നിങ്ങളുടെ മഹത്വം നിങ്ങൾ എവിടെ വെച്ചുകൊള്ളും? അവർ ബദ്ധന്മാരുടെ കീഴെ കുനികയും ഹതന്മാരുടെ കീഴെ വീഴുകയും ചെയ്കേയുള്ളു. ഇതെല്ലാം കൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.

യെശയ്യാവ് 10:1-4 സമകാലിക മലയാളവിവർത്തനം (MCV)

ദരിദ്രരുടെ അവകാശങ്ങൾ അപഹരിക്കുന്നതിനും എന്റെ ജനത്തിൽ അടിച്ചമർത്തപ്പെട്ടവർക്കു നീതി നിഷേധിക്കുന്നതിനും വിധവകളെ അവരുടെ ഇരയാക്കുന്നതിനും അനാഥരെ കൊള്ളയിടുന്നതിനുംവേണ്ടി ന്യായമല്ലാത്ത നിയമങ്ങൾ ആവിഷ്കരിക്കുന്നവർക്കും അടിച്ചമർത്തുന്ന ഉത്തരവുകൾ പുറപ്പെടുവിക്കുന്നവർക്കും അയ്യോ, കഷ്ടം! ശിക്ഷാവിധിയുടെ ദിവസത്തിൽ, ദൂരെനിന്നും നാശം വന്നുചേരുമ്പോൾ, നിങ്ങൾ എന്തുചെയ്യും? സഹായത്തിനായി ആരുടെ അടുത്തേക്കു നിങ്ങൾ ഓടിച്ചെല്ലും? നിങ്ങളുടെ ധനം നിങ്ങൾ എവിടെ സൂക്ഷിക്കും? ബന്ധിതരുടെ ഇടയിൽ താണുവീണ് അപേക്ഷിക്കുകയോ വധിക്കപ്പെട്ടവരുടെ കൂട്ടത്തിൽ വീഴുകയോ അല്ലാതെ മറ്റൊരു മാർഗവും അവശേഷിക്കുകയില്ല.