യെശയ്യാവ് 1:21-31
യെശയ്യാവ് 1:21-31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വിശ്വസ്തനഗരം വേശ്യയായിത്തീർന്നിരിക്കുന്നത് എങ്ങനെ! അതിൽ ന്യായം നിറഞ്ഞിരുന്നു; നീതി വസിച്ചിരുന്നു; ഇപ്പോഴോ, കൊലപാതകന്മാർ. നിന്റെ വെള്ളി കീടമായും നിന്റെ വീഞ്ഞു വെള്ളം ചേർന്നും ഇരിക്കുന്നു. നിന്റെ പ്രഭുക്കന്മാർ മത്സരികൾ; കള്ളന്മാരുടെ കൂട്ടാളികൾ തന്നെ; അവരൊക്കെയും സമ്മാനപ്രിയരും പ്രതിഫലം കാംക്ഷിക്കുന്നവരും ആകുന്നു; അവർ അനാഥനു ന്യായം നടത്തിക്കൊടുക്കുന്നില്ല; വിധവയുടെ വ്യവഹാരം അവരുടെ അടുക്കൽ വരുന്നതുമില്ല. അതുകൊണ്ട് യിസ്രായേലിന്റെ വല്ലഭനായി സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു: ഹാ, ഞാൻ എന്റെ വൈരികളോടു പകവീട്ടി എന്റെ ശത്രുക്കളോടു പ്രതികാരം നടത്തും. ഞാൻ എന്റെ കൈ നിന്റെ നേരേ തിരിച്ചു നിന്റെ കീടം തീരെ ഉരുക്കിക്കളയുകയും നിന്റെ വെള്ളീയമൊക്കെയും നീക്കിക്കളയുകയും ചെയ്യും. ഞാൻ നിന്റെ ന്യായാധിപന്മാരെ ആദിയിങ്കൽ എന്നപോലെയും നിന്റെ ആലോചനക്കാരെ ആരംഭത്തിങ്കൽ എന്നപോലെയും ആക്കും; അതിന്റെശേഷം നീ നീതിപുരം എന്നും വിശ്വസ്ത നഗരം എന്നും വിളിക്കപ്പെടും. സീയോൻ ന്യായത്താലും അതിൽ മനംതിരിയുന്നവർ നീതിയാലും വീണ്ടെടുക്കപ്പെടും. എന്നാൽ അതിക്രമികൾക്കും പാപികൾക്കും ഒരുപോലെ നാശം ഭവിക്കും; യഹോവയെ ഉപേക്ഷിക്കുന്നവർ മുടിഞ്ഞുപോകും. നിങ്ങൾ താൽപര്യം വച്ചിരുന്ന കരുവേലകങ്ങളെക്കുറിച്ചു നാണിക്കും; നിങ്ങൾ തിരഞ്ഞെടുത്തിരുന്ന തോട്ടങ്ങൾനിമിത്തം ലജ്ജിക്കും. നിങ്ങൾ ഇല പൊഴിഞ്ഞ കരുവേലകംപോലെയും വെള്ളമില്ലാത്ത തോട്ടംപോലെയും ഇരിക്കും. ബലവാൻ ചണനാരുപോലെയും അവന്റെ പണി തീപ്പൊരിപോലെയും ആകും; കെടുത്തുവാൻ ആരുമില്ലാതെ രണ്ടും ഒരുമിച്ചു വെന്തുപോകും.
യെശയ്യാവ് 1:21-31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീതിനിഷ്ഠയും വിശ്വസ്തയുമായ നഗരം വേശ്യയായിത്തീർന്നതെങ്ങനെ? നീതിയും ധർമവും കുടികൊണ്ടിരുന്ന നഗരത്തിൽ ഇന്നു കൊലപാതകികൾ വസിക്കുന്നു. നിന്റെ വെള്ളി കീടമായിത്തീർന്നിരിക്കുന്നു. നിന്റെ വീഞ്ഞിൽ വെള്ളം കലർന്നിരിക്കുന്നു. നിങ്ങളുടെ രാജാക്കന്മാർ കലഹപ്രിയരും കള്ളന്മാരുടെ കൂട്ടാളികളുമാണ്. എല്ലാവരും കോഴ കൊതിക്കുന്നു. സമ്മാനങ്ങളുടെ പിമ്പേ പായുന്നു. അവർ അനാഥരെ സംരക്ഷിക്കുന്നില്ല; വിധവകളുടെ കാര്യം പരിഗണിക്കുന്നില്ല. അതുകൊണ്ട് സർവശക്തനായ ദൈവം, ഇസ്രായേലിന്റെ സർവശക്തൻ അരുളിച്ചെയ്യുന്നു: “അതേ, എന്റെ ക്രോധം എന്റെ ശത്രുക്കളുടെമേൽ ചൊരിയും; എന്റെ വൈരികളോടു ഞാൻ പ്രതികാരം ചെയ്യും. നിനക്കെതിരെ എന്റെ കൈ തിരിക്കും; ഞാൻ നിന്നെ ഉരുക്കി ശുദ്ധി ചെയ്യും; നിന്നിലുള്ള സകല കലർപ്പും നീക്കിക്കളയും. നിന്റെ ന്യായാധിപന്മാരെയും ഉപദേഷ്ടാക്കളെയും പുനഃസ്ഥാപിക്കും. നീ നീതിയുടെ നഗരമെന്നും വിശ്വസ്തനഗരമെന്നും വിളിക്കപ്പെടും. യെരൂശലേം ന്യായംകൊണ്ടു മനംതിരിയും. അതിലെ പശ്ചാത്തപിക്കുന്ന ജനം നീതികൊണ്ട് വീണ്ടെടുക്കപ്പെടും. എന്നാൽ മത്സരികളും പാപികളും സമൂലം നശിക്കും. സർവേശ്വരനെ ഉപേക്ഷിക്കുന്നവർ സംഹരിക്കപ്പെടും. നിങ്ങൾ പൂജയ്‍ക്കായി തിരഞ്ഞെടുത്ത കരുവേലകമരങ്ങളും കാവുകളും നിമിത്തം നിങ്ങൾ ലജ്ജിക്കും. ഇല കൊഴിഞ്ഞ കരുവേലകംപോലെയും വെള്ളം ലഭിക്കാത്ത തോട്ടംപോലെയും നിങ്ങൾ ആയിത്തീരും. ബലവാൻ ചണനാരുപോലെ ആകും; അവന്റെ പ്രവൃത്തി തീപ്പൊരിപോലെയും. രണ്ടും ഒരുമിച്ചു കത്തിനശിക്കും; കെടുത്താൻ ആരും ഉണ്ടായിരിക്കുകയില്ല.”
യെശയ്യാവ് 1:21-31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
വിശ്വസ്തനഗരം വേശ്യയായി തീർന്നിരിക്കുന്നത് എങ്ങനെ! അതിൽ ന്യായം നിറഞ്ഞിരുന്നു; നീതി വസിച്ചിരുന്നു; ഇപ്പോഴോ, കൊലപാതകന്മാർ. നിന്റെ വെള്ളി കീടമായും നിന്റെ വീഞ്ഞു വെള്ളം ചേർന്നും ഇരിക്കുന്നു. നിന്റെ പ്രഭുക്കന്മാർ മത്സരികൾ; കള്ളന്മാരുടെ കൂട്ടാളികൾ തന്നെ; അവർ എല്ലാവരും സമ്മാനപ്രിയരും പ്രതിഫലം കാംക്ഷിക്കുന്നവരും ആകുന്നു; അവർ അനാഥനു ന്യായം നടത്തിക്കൊടുക്കുന്നില്ല; വിധവയുടെ വ്യവഹാരം അവരുടെ അടുക്കൽ വരുന്നതുമില്ല. അതുകൊണ്ട് യിസ്രായേലിന്‍റെ ശക്തനായി, സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു: “ഹാ, ഞാൻ എന്റെ വൈരികളോടു പകവീട്ടി എന്റെ ശത്രുക്കളോടു പ്രതികാരം നടത്തും. ഞാൻ എന്റെ കൈ നിന്‍റെനേരെ തിരിച്ചു നിന്റെ കീടം പൂര്‍ണ്ണമായി ഉരുക്കിക്കളയുകയും നിന്‍റെ അശുദ്ധി എല്ലാം നീക്കിക്കളയുകയും ചെയ്യും. ഞാൻ നിന്റെ ന്യായാധിപന്മാരെ ആദിയിൽ എന്നപോലെയും നിന്‍റെ ഉപദേശകന്മാരെ ആരംഭത്തിൽ എന്നപോലെയും ആക്കും; അതിന്റെശേഷം നീ നീതിനഗരം എന്നും വിശ്വസ്തനഗരം എന്നും വിളിക്കപ്പെടും.” സീയോൻ ന്യായത്താലും അതിൽ മനം തിരിയുന്നവർ നീതിയാലും വീണ്ടെടുക്കപ്പെടും. എന്നാൽ അതിക്രമികൾക്കും പാപികൾക്കും ഒരുപോലെ നാശം ഭവിക്കും; യഹോവയെ ഉപേക്ഷിക്കുന്നവർ മുടിഞ്ഞുപോകും. നിങ്ങൾ താത്പര്യം വച്ചിരുന്ന കരുവേലകങ്ങളെക്കുറിച്ചു നാണിക്കും; നിങ്ങൾ തിരഞ്ഞെടുത്തിരുന്ന തോട്ടങ്ങൾനിമിത്തം ലജ്ജിക്കും. നിങ്ങൾ ഇല പൊഴിഞ്ഞ കരുവേലകംപോലെയും വെള്ളമില്ലാത്ത തോട്ടംപോലെയും ഇരിക്കും. ബലവാൻ ചണനാരുപോലെയും അവന്റെ പണി തീപ്പൊരിപോലെയും ആകും; കെടുത്തുവാൻ ആരുമില്ലാതെ രണ്ടും ഒരുമിച്ചു വെന്തുപോകും.
യെശയ്യാവ് 1:21-31 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
വിശ്വസ്തനഗരം വേശ്യയായി തീർന്നിരിക്കുന്നതു എങ്ങനെ! അതിൽ ന്യായം നിറഞ്ഞിരുന്നു; നീതി വസിച്ചിരുന്നു; ഇപ്പോഴോ, കൊലപാതകന്മാർ. നിന്റെ വെള്ളി കീടമായും നിന്റെ വീഞ്ഞു വെള്ളം ചേർന്നും ഇരിക്കുന്നു. നിന്റെ പ്രഭുക്കന്മാർ മത്സരികൾ; കള്ളന്മാരുടെ കൂട്ടാളികൾ തന്നേ; അവർ ഒക്കെയും സമ്മാനപ്രിയരും പ്രതിഫലം കാംക്ഷിക്കുന്നവരും ആകുന്നു; അവർ അനാഥന്നു ന്യായം നടത്തിക്കൊടുക്കുന്നില്ല; വിധവയുടെ വ്യവഹാരം അവരുടെ അടുക്കൽ വരുന്നതുമില്ല. അതുകൊണ്ടു യിസ്രായേലിന്റെ വല്ലഭനായി സൈന്യങ്ങളുടെ യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു: ഹാ, ഞാൻ എന്റെ വൈരികളോടു പകവീട്ടി എന്റെ ശത്രുക്കളോടു പ്രതികാരം നടത്തും. ഞാൻ എന്റെ കൈ നിന്റെ നേരെ തിരിച്ചു നിന്റെ കീടം തീരെ ഉരുക്കിക്കളകയും നിന്റെ വെള്ളീയം ഒക്കെയും നീക്കിക്കളകയും ചെയ്യും. ഞാൻ നിന്റെ ന്യായാധിപന്മാരെ ആദിയിങ്കൽ എന്നപോലെയും നിന്റെ ആലോചനക്കാരെ ആരംഭത്തിങ്കൽ എന്നപോലെയും ആക്കും; അതിന്റെശേഷം നീ നീതിപുരം എന്നും വിശ്വസ്തനഗരം എന്നും വിളിക്കപ്പെടും. സീയോൻ ന്യായത്താലും അതിൽ മനം തിരിയുന്നവർ നീതിയാലും വീണ്ടെടുക്കപ്പെടും. എന്നാൽ അതിക്രമികൾക്കും പാപികൾക്കും ഒരുപോലെ നാശം ഭവിക്കും; യഹോവയെ ഉപേക്ഷിക്കുന്നവർ മുടിഞ്ഞുപോകും. നിങ്ങൾ താല്പര്യം വെച്ചിരുന്ന കരുവേലകങ്ങളെക്കുറിച്ചു നാണിക്കും; നിങ്ങൾ തിരഞ്ഞെടുത്തിരുന്ന തോട്ടങ്ങൾനിമിത്തം ലജ്ജിക്കും. നിങ്ങൾ ഇല പൊഴിഞ്ഞ കരുവേലകംപോലെയും വെള്ളമില്ലാത്ത തോട്ടംപോലെയും ഇരിക്കും. ബലവാൻ ചണനാരുപോലെയും അവന്റെ പണി തീപ്പൊരിപോലെയും ആകും; കെടുത്തുവാൻ ആരുമില്ലാതെ രണ്ടും ഒരുമിച്ചു വെന്തുപോകും.
യെശയ്യാവ് 1:21-31 സമകാലിക മലയാളവിവർത്തനം (MCV)
നോക്കൂ, വിശ്വസ്തമായിരുന്ന നഗരം ഒരു വേശ്യയായി മാറിയത് എങ്ങനെ? ഒരിക്കൽ അതിൽ ന്യായം നിറഞ്ഞിരുന്നു; നീതി അതിൽ കുടികൊണ്ടിരുന്നു— എന്നാൽ ഇപ്പോൾ കൊലപാതകികൾ അതിൽ വസിക്കുന്നു. നിങ്ങളുടെ വെള്ളി കീടമായി മാറി, നിങ്ങളുടെ വിശിഷ്ടമായ വീഞ്ഞിൽ വെള്ളം കലർന്നു. നിങ്ങളുടെ പ്രഭുക്കന്മാർ മത്സരികൾ, കള്ളന്മാരുടെ പങ്കാളികൾതന്നെ; അവർ എല്ലാവരും കൈക്കൂലി ആഗ്രഹിക്കുകയും പ്രതിഫലം ഇച്ഛിക്കുകയും ചെയ്യുന്നു. അവർ അനാഥർക്കുവേണ്ടി വ്യവഹരിക്കുന്നില്ല; വിധവയുടെ അപേക്ഷ പരിഗണിക്കുന്നതുമില്ല. അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ്, ഇസ്രായേലിന്റെ ശക്തൻതന്നെ, അരുളിച്ചെയ്യുന്നു: “എന്റെ എതിരാളികളുടെമേൽ എന്റെ ക്രോധം ഞാൻ അഴിച്ചുവിടും; എന്റെ ശത്രുക്കളോടു ഞാൻ പ്രതികാരംചെയ്യും. ഞാൻ എന്റെ കരം നിനക്കെതിരേ തിരിക്കും; ഞാൻ നിന്നിലെ കിട്ടം ഉരുക്കിക്കളയും; നിന്നിലുള്ള സകല അശുദ്ധിയും ഞാൻ നീക്കിക്കളയും. അപ്പോൾ ഞാൻ നിന്റെ ന്യായാധിപന്മാരെ മുൻപത്തേതുപോലെയും നിന്റെ ഉപദേഷ്ടാക്കന്മാരെ ആരംഭത്തിലെന്നപോലെയും പുനഃസ്ഥാപിക്കും. അതിനുശേഷം നീ നീതിയുടെ നഗരമെന്നും വിശ്വസ്തതയുടെ പട്ടണമെന്നും വിളിക്കപ്പെടും.” സീയോൻ, ന്യായത്താലും അതിൽ മനംതിരിയുന്നവർ, നീതിയാലും വീണ്ടെടുക്കപ്പെടും. എന്നാൽ മത്സരികളും പാപികളും ഒരുപോലെ നശിച്ചുപോകും; യഹോവയെ പരിത്യജിക്കുന്നവർ സംഹരിക്കപ്പെടും. “നിങ്ങൾ ആശിച്ച കരുവേലക്കാവുകൾനിമിത്തം നിങ്ങൾ ലജ്ജിതരാകും; നിങ്ങൾ തെരഞ്ഞെടുത്ത ഉദ്യാനങ്ങളെക്കുറിച്ചു നിങ്ങൾ അവഹേളിക്കപ്പെടും. നിങ്ങൾ ഇലകൊഴിഞ്ഞ കരുവേലകംപോലെയും വരൾച്ച ബാധിച്ച ഉദ്യാനംപോലെയും ആകും. ബലവാൻ ചണനാരുപോലെയും അവന്റെ പ്രവൃത്തി തീപ്പൊരിപോലെയും ആകും; അവ രണ്ടും ഒരുമിച്ചു വെന്തുപോകും, അതിന്റെ തീ കെടുത്തുന്നതിന് ആരും ഉണ്ടാകുകയില്ല.”