യെശയ്യാവ് 1:2-20
യെശയ്യാവ് 1:2-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകാശമേ, കേൾക്ക; ഭൂമിയേ, ചെവി തരിക; യഹോവ അരുളിച്ചെയ്യുന്നു: ഞാൻ മക്കളെ പോറ്റിവളർത്തി; അവരോ എന്നോടു മത്സരിച്ചിരിക്കുന്നു. കാള തന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുൽത്തൊട്ടിയെയും അറിയുന്നു; യിസ്രായേലോ അറിയുന്നില്ല; എന്റെ ജനം ഗ്രഹിക്കുന്നതുമില്ല. അയ്യോ പാപമുള്ള ജാതി! അകൃത്യഭാരം ചുമക്കുന്ന ജനം! ദുഷ്പ്രവൃത്തിക്കാരുടെ സന്തതി! വഷളായി നടക്കുന്ന മക്കൾ! അവർ യഹോവയെ ഉപേക്ഷിച്ച് യിസ്രായേലിന്റെ പരിശുദ്ധനെ നിരസിച്ചു പുറകോട്ടു മാറിക്കളഞ്ഞിരിക്കുന്നു. ഇനി നിങ്ങളെ അടിച്ചിട്ട് എന്ത്? നിങ്ങൾ അധികം അധികം പിൻമാറുകേയുള്ളൂ; തല മുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു. അടിതൊട്ടു മുടിവരെ ഒരു സുഖവും ഇല്ല; മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളൂ; അവയെ ഞെക്കി കഴുകിയിട്ടില്ല, വച്ചുകെട്ടിയിട്ടില്ല, എണ്ണ പുരട്ടി ശമിപ്പിച്ചിട്ടുമില്ല. നിങ്ങളുടെ ദേശം ശൂന്യമായി നിങ്ങളുടെ പട്ടണങ്ങൾ തീക്കിരയായി; നിങ്ങൾ കാൺകെ അന്യജാതിക്കാർ നിങ്ങളുടെ നാടു തിന്നുകളയുന്നു; അത് അന്യജാതിക്കാർ ഉന്മൂലനാശം ചെയ്തതുപോലെ ശൂന്യമായിരിക്കുന്നു. സീയോൻപുത്രി, മുന്തിരിത്തോട്ടത്തിലെ കുടിൽപോലെയും വെള്ളരിത്തോട്ടത്തിലെ മാടംപോലെയും നിരോധിച്ച പട്ടണംപോലെയും ശേഷിച്ചിരിക്കുന്നു. സൈന്യങ്ങളുടെ യഹോവ നമുക്ക് അത്യല്പമായൊരു ശേഷിപ്പു വച്ചിരുന്നില്ലെങ്കിൽ നാം സൊദോംപോലെ ആകുമായിരുന്നു; ഗൊമോറായ്ക്കു സദൃശമാകുമായിരുന്നു. സൊദോം അധിപതികളേ, യഹോവയുടെ വചനം കേൾപ്പിൻ; ഗൊമോറാജനമേ, നമ്മുടെ ദൈവത്തിന്റെ ന്യായപ്രമാണം ശ്രദ്ധിച്ചുകൊൾവിൻ. നിങ്ങളുടെ ഹനനയാഗങ്ങളുടെ ബാഹുല്യം എനിക്ക് എന്തിന് എന്നു യഹോവ അരുളിച്ചെയ്യുന്നു; മുട്ടാടുകളെക്കൊണ്ടുള്ള ഹോമയാഗവും തടിച്ച മൃഗങ്ങളുടെ മേദസ്സുംകൊണ്ട് എനിക്കു മതി വന്നിരിക്കുന്നു; കാളകളുടെയോ കുഞ്ഞാടുകളുടെയോ കോലാട്ടുകൊറ്റന്മാരുടെയോ രക്തം എനിക്ക് ഇഷ്ടമല്ല. നിങ്ങൾ എന്റെ സന്നിധിയിൽ വരുമ്പോൾ എന്റെ പ്രാകാരങ്ങളെ ചവിട്ടുവാൻ ഇതു നിങ്ങളോടു ചോദിച്ചത് ആർ? ഇനി നിങ്ങൾ വ്യർഥമായുള്ള കാഴ്ച കൊണ്ടുവരരുത്; ധൂപം എനിക്കു വെറുപ്പാകുന്നു; അമാവാസിയും ശബ്ബത്തും സഭായോഗം കൂടുന്നതും- നീതികേടും ഉത്സവയോഗവും എനിക്കു സഹിച്ചുകൂടാ. നിങ്ങളുടെ അമാവാസികളെയും ഉത്സവങ്ങളെയും ഞാൻ വെറുക്കുന്നു; അവ എനിക്ക് അസഹ്യം; ഞാൻ അവ സഹിച്ചു മുഷിഞ്ഞിരിക്കുന്നു. നിങ്ങൾ കൈമലർത്തുമ്പോൾ ഞാൻ എന്റെ കണ്ണു മറച്ചുകളയും; നിങ്ങൾ എത്രതന്നെ പ്രാർഥന കഴിച്ചാലും ഞാൻ കേൾക്കയില്ല; നിങ്ങളുടെ കൈ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു. നിങ്ങളെ കഴുകി വെടിപ്പാക്കുവിൻ; നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ എന്റെ കണ്ണിൻമുമ്പിൽനിന്നു നീക്കിക്കളവിൻ; തിന്മ ചെയ്യുന്നതു മതിയാക്കുവിൻ. നന്മ ചെയ്വാൻ പഠിപ്പിൻ; ന്യായം അന്വേഷിപ്പിൻ; പീഡിപ്പിക്കുന്നവനെ നേർവഴിക്കാക്കുവിൻ; അനാഥനു ന്യായം നടത്തിക്കൊടുപ്പിൻ; വിധവയ്ക്കു വേണ്ടി വ്യവഹരിപ്പിൻ. വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും. നിങ്ങൾ മനസ്സുവച്ചു കേട്ടനുസരിക്കുന്നുവെങ്കിൽ ദേശത്തിലെ നന്മ അനുഭവിക്കും. മറുത്തു മത്സരിക്കുന്നു എങ്കിലോ നിങ്ങൾ വാളിനിരയായിത്തീരും; യഹോവയുടെ വായ് അരുളിച്ചെയ്തിരിക്കുന്നു.
യെശയ്യാവ് 1:2-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആകാശമേ കേൾക്കുക; ഭൂതലമേ ശ്രദ്ധിക്കുക; സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഞാൻ പോറ്റി വളർത്തിയ എന്റെ മക്കൾ എന്നോടു മത്സരിക്കുന്നു. കാളയ്ക്കു തന്റെ ഉടമയെയും കഴുതയ്ക്കു യജമാനന്റെ പുൽത്തൊട്ടിയെയും അറിയാം; എന്നാൽ ഇസ്രായേൽ ഒന്നും അറിയുന്നില്ല; എന്റെ ജനം ഒന്നും മനസ്സിലാക്കുന്നില്ല. ഹാ! പാപികളായ ജനത! അകൃത്യഭാരംകൊണ്ട് അമർന്ന ജനം! ദുഷ്കർമികളുടെ സന്തതികൾ! ദുർവൃത്തരായ മക്കൾ! അവർ സർവേശ്വരനെ പരിത്യജിച്ചിരിക്കുന്നു; ഇസ്രായേലിന്റെ പരിശുദ്ധനെ വെറുത്തിരിക്കുന്നു. അവർ തീർത്തും അകന്നു പോയിരിക്കുന്നു. ഇനി നിങ്ങളെ അടിച്ചിട്ട് എന്തു കാര്യം? നിങ്ങൾ നിരന്തരം അനുസരണക്കേടു കാട്ടുന്നു. നിങ്ങളുടെ ശിരസ്സു മുഴുവൻ രോഗഗ്രസ്തം; ഹൃദയം ആകെ തളർച്ചയും. നിങ്ങളുടെ ഉള്ളങ്കാൽമുതൽ ഉച്ചിവരെ വ്രണമാണ്; ക്ഷതങ്ങളും വ്രണങ്ങളും ചോരയൊലിക്കുന്ന മുറിവുകളും മാത്രം. അവ നന്നായി കഴുകുകയോ, വച്ചുകെട്ടുകയോ എണ്ണ പുരട്ടുകയോ ചെയ്തിട്ടില്ല. നിങ്ങളുടെ ദേശം ശൂന്യമായിത്തീർന്നിരിക്കുന്നു. നിങ്ങളുടെ നഗരങ്ങൾ അഗ്നിക്കിരയായി. നിങ്ങളുടെ കൺമുമ്പിൽവച്ചു തന്നെ പരദേശികൾ നിങ്ങളുടെ ദേശം നശിപ്പിച്ചിരിക്കുന്നു; അതു ശൂന്യമായി കിടക്കുന്നു. മുന്തിരിത്തോട്ടത്തിലെ കുടിൽപോലെയും വെള്ളരിത്തോട്ടത്തിലെ കാവൽമാടംപോലെയും ഉപരോധിക്കപ്പെട്ട നഗരംപോലെയും യെരൂശലേം പരിത്യജിക്കപ്പെട്ടിരിക്കുന്നു. സർവശക്തനായ സർവേശ്വരൻ നമുക്കുവേണ്ടി ഏതാനുംപേരെ ശേഷിപ്പിച്ചില്ലായിരുന്നെങ്കിൽ, സൊദോമും ഗൊമോറായുംപോലെ നാമും ആകുമായിരുന്നു. സൊദോമിന്റെ അധിപതികളേ, സർവേശ്വരന്റെ അരുളപ്പാട് കേൾക്കുവിൻ. ഗൊമോറാ നിവാസികളേ, നമ്മുടെ ദൈവത്തിന്റെ പ്രബോധനം ശ്രദ്ധിക്കുവിൻ. “നിങ്ങൾ അർപ്പിക്കുന്ന അസംഖ്യമായ യാഗങ്ങൾ എനിക്ക് എന്തിന്?” എന്ന് അവിടുന്നു ചോദിക്കുന്നു. മുട്ടാടുകളെ അർപ്പിച്ചുകൊണ്ടുള്ള ഹോമയാഗങ്ങളും കൊഴുപ്പിച്ച മൃഗങ്ങളുടെ മേദസ്സും എനിക്കു മതിയായി. കാളകളുടെയോ കുഞ്ഞാടുകളുടെയോ ആൺകോലാടുകളുടെയോ രക്തത്തിൽ ഞാൻ പ്രസാദിക്കുകയില്ല. എന്റെ സാന്നിധ്യത്തിൽ ഇവയുമായി വന്ന് എന്റെ അങ്കണം ചവുട്ടിമെതിക്കാൻ ആരു നിങ്ങളോടാവശ്യപ്പെട്ടു? വ്യർഥമായ വഴിപാടുകൾ ഇനി കൊണ്ടുവരരുത്; ധൂപം ഞാൻ വെറുക്കുന്നു; നിങ്ങളുടെ അമാവാസിയും ശബത്തും സമ്മേളനങ്ങളും നിങ്ങളുടെ അധാർമികത നിറഞ്ഞ ഉത്സവങ്ങളും എനിക്ക് അസഹ്യമാണ്. നിങ്ങളുടെ അമാവാസി ആഘോഷങ്ങളും ഉത്സവങ്ങളും ഞാൻ വെറുക്കുന്നു. അവ എനിക്കു ഭാരമായിരിക്കുന്നു. അവ എനിക്ക് അസഹ്യം. നിങ്ങൾ കൈ ഉയർത്തി പ്രാർഥിക്കുമ്പോൾ ഞാൻ മുഖം തിരിച്ചുകളയും. നിങ്ങൾ എത്രതന്നെ പ്രാർഥിച്ചാലും ഞാൻ ശ്രദ്ധിക്കുകയില്ല; നിങ്ങളുടെ കരങ്ങൾ രക്തപങ്കിലമാണ്. നിങ്ങളെത്തന്നെ കഴുകി വെടിപ്പാക്കുവിൻ; നിങ്ങളുടെ ദുഷ്കർമങ്ങൾ എന്റെ കൺമുമ്പിൽനിന്നു നീക്കിക്കളയുവിൻ; ദുർവൃത്തിയിൽനിന്നു വിരമിക്കുവിൻ. നന്മ ചെയ്യാൻ പരിശീലിക്കുവിൻ; നീതി ഉറപ്പു വരുത്തുവിൻ; മർദിതനു സഹായം ചെയ്യുവിൻ; അനാഥനു സംരക്ഷണം നല്കുവിൻ; വിധവയ്ക്കുവേണ്ടി വാദിക്കുവിൻ. “വരൂ, നമുക്കു രമ്യതപ്പെടാം ” എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. നിങ്ങളുടെ പാപങ്ങൾ കടുംചുവപ്പാണെങ്കിലും ഹിമംപോലെ വെൺമയുള്ളവയായിത്തീരും. അവ രക്താംബരംപോലെ കടുംചുവപ്പാണെങ്കിലും പഞ്ഞിപോലെ വെൺമയുള്ളതാകും. നിങ്ങൾ സ്വന്തമനസ്സാലെ അനുസരിക്കുമെങ്കിൽ ദേശത്തിന്റെ നന്മ അനുഭവിക്കും. എന്നാൽ മത്സരിച്ചാൽ വാളിനിരയായിത്തീരും. ഇതു സർവേശ്വരന്റെ വചനം.
യെശയ്യാവ് 1:2-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആകാശമേ, കേൾക്കുക; ഭൂമിയേ, ചെവിതരുക; യഹോവ അരുളിച്ചെയ്യുന്നു: “ഞാൻ മക്കളെ പോറ്റിവളർത്തി; അവരോ എന്നോട് മത്സരിച്ചിരിക്കുന്നു. കാള തന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുൽത്തൊട്ടിയെയും അറിയുന്നു; യിസ്രായേലോ അറിയുന്നില്ല; എന്റെ ജനം ഗ്രഹിക്കുന്നതുമില്ല.” അയ്യോ പാപമുള്ള ജനത! അകൃത്യഭാരം ചുമക്കുന്ന ജനം! ദുഷ്പ്രവൃത്തിക്കാരുടെ സന്തതി! വഷളായി നടക്കുന്ന മക്കൾ! അവർ യഹോവയെ ഉപേക്ഷിച്ചു യിസ്രായേലിന്റെ പരിശുദ്ധനെ നിരസിച്ചു പുറകോട്ടു മാറിക്കളഞ്ഞിരിക്കുന്നു. ഇനി നിങ്ങളെ അടിച്ചിട്ട് എന്ത്? നിങ്ങൾ അധികം അധികം പിന്മാറുകയേയുള്ളു; തല മുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു. ഉള്ളങ്കാല് മുതൽ ഉച്ചിവരെ ഒരു സുഖവും ഇല്ല; മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളൂ; അവയെ ഞെക്കി കഴുകിയിട്ടില്ല, വച്ചുകെട്ടിയിട്ടില്ല, എണ്ണപുരട്ടി ശമിപ്പിച്ചിട്ടുമില്ല. നിങ്ങളുടെ ദേശം ശൂന്യമായി നിങ്ങളുടെ പട്ടണങ്ങൾ തീയ്ക്കിരയായി; നിങ്ങൾ കാൺകെ അന്യജാതിക്കാർ നിങ്ങളുടെ നാടു വിഴുങ്ങികളഞ്ഞു; അത് അന്യജാതിക്കാർ ഉന്മൂലനാശം ചെയ്തതുപോലെ ശൂന്യമായിരിക്കുന്നു. സീയോൻപുത്രി, മുന്തിരിത്തോട്ടത്തിലെ കുടിൽപോലെയും വെള്ളരിത്തോട്ടത്തിലെ മാടംപോലെയും ഉപരോധിച്ച പട്ടണംപോലെയും ശേഷിച്ചിരിക്കുന്നു. സൈന്യങ്ങളുടെ യഹോവ നമ്മിൽ ഏതാനുംപേരെ ശേഷിപ്പിച്ചില്ലായിരുന്നെങ്കിൽ നാം സൊദോംപോലെ ആകുമായിരുന്നു; ഗൊമോറായ്ക്കു സദൃശമാകുമായിരുന്നു. സൊദോം അധിപതികളേ, യഹോവയുടെ വചനം കേൾക്കുവിൻ; ഗൊമോറാജനമേ, നമ്മുടെ ദൈവത്തിന്റെ ന്യായപ്രമാണം ശ്രദ്ധിച്ചുകൊള്ളുവിൻ. “നിങ്ങളുടെ നിരവധിയായ ഹനനയാഗങ്ങൾ എനിക്ക് എന്തിന്?” എന്നു യഹോവ അരുളിച്ചെയ്യുന്നു; “മുട്ടാടുകളെക്കൊണ്ടുള്ള ഹോമയാഗവും തടിപ്പിച്ച മൃഗങ്ങളുടെ മേദസ്സുംകൊണ്ട് എനിക്ക് മതിയായിരിക്കുന്നു; കാളകളുടെയോ കുഞ്ഞാടുകളുടെയോ കോലാട്ടുകൊറ്റന്മാരുടെയോ രക്തം എനിക്ക് ഇഷ്ടമല്ല. നിങ്ങൾ എന്റെ സന്നിധിയിൽ വരുമ്പോൾ എന്റെ പ്രാകാരങ്ങളെ ചവിട്ടുവാൻ ഇതു നിങ്ങളോടു ചോദിച്ചത് ആര്? ഇനി നിങ്ങൾ വ്യർത്ഥമായുള്ള കാഴ്ച കൊണ്ടുവരരുത്; ധൂപം എനിക്ക് വെറുപ്പാകുന്നു; അമാവാസ്യയും ശബ്ബത്തും സഭായോഗം കൂടുന്നതും - നീതികേടും ഉത്സവയോഗവും എനിക്ക് സഹിച്ചുകൂടാ. നിങ്ങളുടെ അമാവാസികളെയും ഉത്സവങ്ങളെയും ഞാൻ വെറുക്കുന്നു; അവ എനിക്ക് അസഹ്യം; ഞാൻ അവ സഹിച്ചു മുഷിഞ്ഞിരിക്കുന്നു. നിങ്ങൾ പ്രാര്ത്ഥനയില് കൈകൾ മലർത്തുമ്പോൾ ഞാൻ നിങ്ങളിൽനിന്ന് എന്റെ കണ്ണ് മറച്ചുകളയും; നിങ്ങൾ എത്രതന്നെ പ്രാർത്ഥിച്ചാലും ഞാൻ കേൾക്കുകയില്ല; നിങ്ങളുടെ കൈകൾ നിഷ്കളങ്കരുടെ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു. നിങ്ങളെ കഴുകി ശുദ്ധമാക്കുവിൻ; നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ എന്റെ കണ്ണിന്മുമ്പിൽനിന്നു നീക്കിക്കളയുവിൻ; തിന്മ ചെയ്യുന്നതു മതിയാക്കുവിൻ. നന്മ ചെയ്യുവാൻ പഠിക്കുവിൻ; ന്യായം അന്വേഷിക്കുവിൻ; പീഡിതനെ സഹായിക്കുവിൻ; അനാഥനു ന്യായം നടത്തിക്കൊടുക്കുവിൻ; വിധവയ്ക്കുവേണ്ടി വാദിക്കുവിൻ. വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം” എന്നു യഹോവ അരുളിച്ചെയ്യുന്നു; “നിങ്ങളുടെ പാപങ്ങൾ കടുംചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും. നിങ്ങൾ മനസ്സുവച്ചു കേട്ടനുസരിക്കുന്നുവെങ്കിൽ ദേശത്തിലെ നന്മ അനുഭവിക്കും. മറുത്തു മത്സരിക്കുന്നു എങ്കിലോ നിങ്ങൾ വാളിന് ഇരയായിത്തീരും.” യഹോവയുടെ വായ് അരുളിച്ചെയ്തിരിക്കുന്നു.
യെശയ്യാവ് 1:2-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആകാശമേ, കേൾക്ക; ഭൂമിയേ, ചെവിതരിക; യഹോവ അരുളിച്ചെയ്യുന്നു: ഞാൻ മക്കളെ പോറ്റി വളർത്തി; അവരോ എന്നോടു മത്സരിച്ചിരിക്കുന്നു. കാള തന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുല്തൊട്ടിയെയും അറിയുന്നു; യിസ്രായേലോ അറിയുന്നില്ല; എന്റെ ജനം ഗ്രഹിക്കുന്നതുമില്ല. അയ്യോ പാപമുള്ള ജാതി! അകൃത്യഭാരം ചുമക്കുന്ന ജനം! ദുഷ്പ്രവൃത്തിക്കാരുടെ സന്തതി! വഷളായി നടക്കുന്ന മക്കൾ! അവർ യഹോവയെ ഉപേക്ഷിച്ചു യിസ്രായേലിന്റെ പരിശുദ്ധനെ നിരസിച്ചു പുറകോട്ടു മാറിക്കളഞ്ഞിരിക്കുന്നു. ഇനി നിങ്ങളെ അടിച്ചിട്ടു എന്തു? നിങ്ങൾ അധികം അധികം പിന്മാറുകേയുള്ളു; തല മുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു. അടിതൊട്ടു മുടിവരെ ഒരു സുഖവും ഇല്ല; മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളു; അവയെ ഞെക്കി കഴുകീട്ടില്ല, വെച്ചുകെട്ടീട്ടില്ല, എണ്ണപുരട്ടി ശമിപ്പിച്ചിട്ടുമില്ല. നിങ്ങളുടെ ദേശം ശൂന്യമായി നിങ്ങളുടെ പട്ടണങ്ങൾ തീക്കിരയായി; നിങ്ങൾ കാൺകെ അന്യജാതിക്കാർ നിങ്ങളുടെ നാടു തിന്നുകളയുന്നു; അതു അന്യജാതിക്കാർ ഉന്മൂലനാശം ചെയ്തതുപോലെ ശൂന്യമായിരിക്കുന്നു. സീയോൻപുത്രി, മുന്തിരിത്തോട്ടത്തിലെ കുടിൽപോലെയും വെള്ളരിത്തോട്ടത്തിലെ മാടംപോലെയും നിരോധിച്ച പട്ടണംപോലെയും ശേഷിച്ചിരിക്കുന്നു. സൈന്യങ്ങളുടെ യഹോവ നമുക്കു അത്യല്പമായോരു ശേഷിപ്പു വെച്ചിരുന്നില്ലെങ്കിൽ നാം സൊദോംപോലെ ആകുമായിരുന്നു; ഗൊമോറെക്കു സദൃശമാകുമായിരുന്നു. സൊദോം അധിപതികളേ, യഹോവയുടെ വചനം കേൾപ്പിൻ; ഗൊമോറജനമേ, നമ്മുടെ ദൈവത്തിന്റെ ന്യായപ്രമാണം ശ്രദ്ധിച്ചുകൊൾവിൻ. നിങ്ങളുടെ ഹനനയാഗങ്ങളുടെ ബാഹുല്യം എനിക്കു എന്തിന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; മുട്ടാടുകളെക്കൊണ്ടുള്ള ഹോമയാഗവും തടിപ്പിച്ച മൃഗങ്ങളുടെ മേദസ്സുംകൊണ്ടു എനിക്കു മതി വന്നിരിക്കുന്നു; കാളകളുടെയോ കുഞ്ഞാടുകളുടെയോ കോലാട്ടുകൊറ്റന്മാരുടെയോ രക്തം എനിക്കു ഇഷ്ടമല്ല. നിങ്ങൾ എന്റെ സന്നിധിയിൽ വരുമ്പോൾ എന്റെ പ്രാകാരങ്ങളെ ചവിട്ടുവാൻ ഇതു നിങ്ങളോടു ചോദിച്ചതു ആർ? ഇനി നിങ്ങൾ വ്യർത്ഥമായുള്ള കാഴ്ച കൊണ്ടുവരരുതു; ധൂപം എനിക്കു വെറുപ്പാകുന്നു; അമാവാസ്യയും ശബ്ബത്തും സഭായോഗം കൂടുന്നതും - നീതികേടും ഉത്സവയോഗവും എനിക്കു സഹിച്ചുകൂടാ. നിങ്ങളുടെ അമാവാസ്യകളെയും ഉത്സവങ്ങളെയും ഞാൻ വെറുക്കുന്നു; അവ എനിക്കു അസഹ്യം; ഞാൻ അവ സഹിച്ചു മുഷിഞ്ഞിരിക്കുന്നു. നിങ്ങൾ കൈമലർത്തുമ്പോൾ ഞാൻ എന്റെ കണ്ണു മറെച്ചുകളയും; നിങ്ങൾ എത്ര തന്നേ പ്രാർത്ഥന കഴിച്ചാലും ഞാൻ കേൾക്കയില്ല; നിങ്ങളുടെ കൈ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു. നിങ്ങളെ കഴുകി വെടിപ്പാക്കുവിൻ; നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ എന്റെ കണ്ണിന്മുമ്പിൽനിന്നു നീക്കിക്കളവിൻ; തിന്മ ചെയ്യുന്നതു മതിയാക്കുവിൻ. നന്മ ചെയ്വാൻ പഠിപ്പിൻ; ന്യായം അന്വേഷിപ്പിൻ; പീഡിപ്പിക്കുന്നവനെ നേർവ്വഴിക്കാക്കുവിൻ; അനാഥന്നു ന്യായം നടത്തിക്കൊടുപ്പിൻ; വിധവെക്കു വേണ്ടി വ്യവഹരിപ്പിൻ. വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും. നിങ്ങൾ മനസ്സു വെച്ചു കേട്ടനുസരിക്കുന്നുവെങ്കിൽ ദേശത്തിലെ നന്മ അനുഭവിക്കും. മറുത്തു മത്സരിക്കുന്നു എങ്കിലോ നിങ്ങൾ വാളിന്നിരയായ്തീരും; യഹോവയുടെ വായ് അരുളിച്ചെയ്തിരിക്കുന്നു.
യെശയ്യാവ് 1:2-20 സമകാലിക മലയാളവിവർത്തനം (MCV)
ആകാശമേ, കേൾക്കുക! ഭൂമിയേ ശ്രദ്ധിക്കുക! യഹോവ അരുളിച്ചെയ്യുന്നു: “ഞാൻ മക്കളെ പോറ്റിവളർത്തി; എന്നാൽ അവർ എനിക്കെതിരേ മത്സരിച്ചു. കാള തന്റെ ഉടമസ്ഥനെയും കഴുത തന്റെ യജമാനന്റെ പുൽത്തൊട്ടിയും അറിയുന്നു, എന്നാൽ ഇസ്രായേലോ തിരിച്ചറിയുന്നില്ല. എന്റെ ജനം മനസ്സിലാക്കുന്നതുമില്ല.” അയ്യോ! എന്തൊരു പാപംനിറഞ്ഞ ജനത! കുറ്റഭാരം ചുമക്കുന്ന സന്തതി, ദുഷ്കർമികളുടെ മക്കൾ! വഷളത്തം പ്രവർത്തിക്കുന്ന പുത്രന്മാർ! അവർ യഹോവയെ ഉപേക്ഷിച്ചു; ഇസ്രായേലിന്റെ പരിശുദ്ധനെ തിരസ്കരിച്ചിരിക്കുന്നു, അവിടത്തേക്കെതിരേ അവർ പുറംതിരിഞ്ഞിരിക്കുന്നു. നിങ്ങളെ ഇനിയും അടിക്കുന്നത് എന്തിന്? നിങ്ങൾ മാത്സര്യത്തിൽ തുടർന്നുകൊണ്ടിരിക്കുന്നതും എന്തിന്? നിങ്ങളുടെ തല മുഴുവനും മുറിവേറ്റിരിക്കുന്നു, നിങ്ങളുടെ ഹൃദയം മുഴുവനും രോഗാതുരമായിരിക്കുന്നു. ഉള്ളങ്കാൽമുതൽ ഉച്ചിവരെ ഒരു സ്ഥലവും മുറിവേൽക്കാത്തതായിട്ടില്ല— മുറിവുകൾ, പൊറ്റകൾ, ചോരയൊലിക്കുന്ന വ്രണങ്ങൾ, അവ വൃത്തിയാക്കുകയോ വെച്ചുകെട്ടുകയോ ചെയ്തിട്ടില്ല, ഒലിവെണ്ണയാൽ ശമനം വരുത്തിയിട്ടുമില്ല. നിങ്ങളുടെ രാജ്യം ശൂന്യമായി, നിങ്ങളുടെ പട്ടണങ്ങൾ തീവെച്ചു നശിപ്പിച്ചിരിക്കുന്നു; നിങ്ങളുടെ നിലങ്ങൾ വിദേശികളാൽ അപഹരിക്കപ്പെട്ടിരിക്കുന്നു നിങ്ങളുടെ കണ്മുമ്പിൽവെച്ചുതന്നെ, അപരിചിതർ തകർത്തുകളഞ്ഞതുപോലെ അതു ശൂന്യമായിക്കിടക്കുന്നു. മുന്തിരിത്തോപ്പിലെ കൂടാരംപോലെയും വെള്ളരിത്തോട്ടത്തിലെ മാടംപോലെയും ഉപരോധിക്കപ്പെട്ട നഗരംപോലെയും സീയോൻപുത്രി ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. സൈന്യങ്ങളുടെ യഹോവ ചിലരെയെങ്കിലും നമുക്കായി ശേഷിപ്പിച്ചിരുന്നില്ലെങ്കിൽ നാം സൊദോം നഗരംപോലെയും ഗൊമോറാ പട്ടണംപോലെയും നശിപ്പിക്കപ്പെടുമായിരുന്നു. സൊദോമിലെ ഭരണാധികാരികളേ, യഹോവയുടെ വചനം കേൾക്കുക; ഗൊമോറാ നിവാസികളേ, നമ്മുടെ ദൈവത്തിന്റെ നിർദേശങ്ങൾ ശ്രദ്ധിക്കുക! “നിങ്ങളുടെ നിരവധിയായ ബലികൾ എനിക്കെന്തിന്?” യഹോവ ചോദിക്കുന്നു. “മുട്ടാടുകളുടെ ഹോമയാഗവും തടിപ്പിച്ച മൃഗങ്ങളുടെ മേദസ്സുംമൂലം ഞാൻ മടുത്തിരിക്കുന്നു; കാളകളുടെയോ ആട്ടിൻകുട്ടികളുടെയോ കോലാടുകളുടെയോ രക്തത്തിൽ എനിക്കു പ്രസാദമില്ല. നിങ്ങൾ എന്റെ സന്നിധിയിൽ വന്ന് എന്റെ അങ്കണങ്ങൾ ചവിട്ടി അശുദ്ധമാക്കാനായി ഇതു നിങ്ങളോട് ആവശ്യപ്പെട്ടത് ആരാണ്? വ്യർഥമായ യാഗങ്ങൾ ഇനി നിങ്ങൾ അർപ്പിക്കരുത്! നിങ്ങളുടെ ധൂപവർഗം എനിക്കു വെറുപ്പുളവാക്കുന്നു. അമാവാസിയും ശബ്ബത്തും സഭായോഗം കൂടുന്നതും— നിങ്ങളുടെ ദുഷ്ടതനിറഞ്ഞ സഭായോഗങ്ങൾ—എനിക്ക് അസഹ്യമാണ്. നിങ്ങളുടെ അമാവാസികളിലെ ആഘോഷങ്ങളെയും നിർദിഷ്ട ഉത്സവങ്ങളെയും ഞാൻ പൂർണമായും വെറുക്കുന്നു. അവ എനിക്കൊരു ഭാരമായിരിക്കുന്നു; അവ സഹിച്ചു ഞാൻ മടുത്തിരിക്കുന്നു. അതിനാൽ നിങ്ങൾ കൈമലർത്തി പ്രാർഥിക്കുമ്പോൾ, ഞാൻ എന്റെ കണ്ണുകൾ നിങ്ങളിൽനിന്ന് അകറ്റിക്കളയും; നിങ്ങൾ പ്രാർഥനകൾ എത്ര മടങ്ങായി വർധിപ്പിച്ചാലും ഞാൻ കേൾക്കുകയില്ല. “കാരണം നിങ്ങളുടെ കൈകൾ രക്തപങ്കിലമാണ്! “നിങ്ങളെത്തന്നെ കഴുകി വെടിപ്പാക്കുക. നിങ്ങളുടെ ദുഷ്ടതനിറഞ്ഞ പ്രവൃത്തികൾ എന്റെ മുമ്പിൽനിന്നു നീക്കിക്കളയുക; ദോഷം പ്രവർത്തിക്കുന്നതു നിർത്തുക. നന്മചെയ്യാൻ പഠിക്കുക; ന്യായം അന്വേഷിക്കുക. പീഡിതരെ സ്വതന്ത്രരാക്കുക. അനാഥരുടെ കാര്യം ഏറ്റെടുക്കുക; വിധവയ്ക്കുവേണ്ടി വ്യവഹരിക്കുക. “ഇപ്പോൾ വരിക, നമുക്കുതമ്മിൽ വാദിക്കാം,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “നിങ്ങളുടെ പാപം കടുംചെമപ്പായിരുന്നാലും, അവ ഹിമംപോലെ ശുഭ്രമാകും; അവ രക്താംബരംപോലെ ചെമപ്പായിരുന്നാലും വെളുത്ത കമ്പിളിരോമംപോലെ ആയിത്തീരും. നിങ്ങൾക്ക് അനുസരിക്കാനുള്ള മനസ്സുണ്ടെങ്കിൽ ദേശത്തിലെ നല്ല വിഭവങ്ങൾ നിങ്ങൾ അനുഭവിക്കും. എന്നാൽ നിങ്ങൾ എതിർക്കുകയും മത്സരിക്കുകയും ചെയ്താൽ, നിങ്ങൾ വാളിന് ഇരയായിത്തീരും.” യഹോവതന്നെയാണല്ലോ അരുളിച്ചെയ്തിരിക്കുന്നത്.