യെശയ്യാവ് 1:1-9
യെശയ്യാവ് 1:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആമോസിന്റെ മകനായ യെശയ്യാവ് യെഹൂദാരാജാക്കന്മാരായ ഉസ്സീയാവ്, യോഥാം, ആഹാസ്, യെഹിസ്ക്കീയാവ് എന്നിവരുടെ കാലത്ത് യെഹൂദായെയും യെരൂശലേമിനെയും പറ്റി ദർശിച്ച ദർശനം. ആകാശമേ, കേൾക്ക; ഭൂമിയേ, ചെവി തരിക; യഹോവ അരുളിച്ചെയ്യുന്നു: ഞാൻ മക്കളെ പോറ്റിവളർത്തി; അവരോ എന്നോടു മത്സരിച്ചിരിക്കുന്നു. കാള തന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുൽത്തൊട്ടിയെയും അറിയുന്നു; യിസ്രായേലോ അറിയുന്നില്ല; എന്റെ ജനം ഗ്രഹിക്കുന്നതുമില്ല. അയ്യോ പാപമുള്ള ജാതി! അകൃത്യഭാരം ചുമക്കുന്ന ജനം! ദുഷ്പ്രവൃത്തിക്കാരുടെ സന്തതി! വഷളായി നടക്കുന്ന മക്കൾ! അവർ യഹോവയെ ഉപേക്ഷിച്ച് യിസ്രായേലിന്റെ പരിശുദ്ധനെ നിരസിച്ചു പുറകോട്ടു മാറിക്കളഞ്ഞിരിക്കുന്നു. ഇനി നിങ്ങളെ അടിച്ചിട്ട് എന്ത്? നിങ്ങൾ അധികം അധികം പിൻമാറുകേയുള്ളൂ; തല മുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു. അടിതൊട്ടു മുടിവരെ ഒരു സുഖവും ഇല്ല; മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളൂ; അവയെ ഞെക്കി കഴുകിയിട്ടില്ല, വച്ചുകെട്ടിയിട്ടില്ല, എണ്ണ പുരട്ടി ശമിപ്പിച്ചിട്ടുമില്ല. നിങ്ങളുടെ ദേശം ശൂന്യമായി നിങ്ങളുടെ പട്ടണങ്ങൾ തീക്കിരയായി; നിങ്ങൾ കാൺകെ അന്യജാതിക്കാർ നിങ്ങളുടെ നാടു തിന്നുകളയുന്നു; അത് അന്യജാതിക്കാർ ഉന്മൂലനാശം ചെയ്തതുപോലെ ശൂന്യമായിരിക്കുന്നു. സീയോൻപുത്രി, മുന്തിരിത്തോട്ടത്തിലെ കുടിൽപോലെയും വെള്ളരിത്തോട്ടത്തിലെ മാടംപോലെയും നിരോധിച്ച പട്ടണംപോലെയും ശേഷിച്ചിരിക്കുന്നു. സൈന്യങ്ങളുടെ യഹോവ നമുക്ക് അത്യല്പമായൊരു ശേഷിപ്പു വച്ചിരുന്നില്ലെങ്കിൽ നാം സൊദോംപോലെ ആകുമായിരുന്നു; ഗൊമോറായ്ക്കു സദൃശമാകുമായിരുന്നു.
യെശയ്യാവ് 1:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെഹൂദാരാജാക്കന്മാരായ ഉസ്സിയാ, യോഥാം, ആഹാസ്, ഹിസ്കീയാ എന്നിവരുടെ കാലത്ത് യെഹൂദായെയും യെരൂശലേമിനെയുംകുറിച്ച് ആമോസിന്റെ മകനായ യെശയ്യായ്‍ക്കുണ്ടായ ദർശനം. ആകാശമേ കേൾക്കുക; ഭൂതലമേ ശ്രദ്ധിക്കുക; സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഞാൻ പോറ്റി വളർത്തിയ എന്റെ മക്കൾ എന്നോടു മത്സരിക്കുന്നു. കാളയ്‍ക്കു തന്റെ ഉടമയെയും കഴുതയ്‍ക്കു യജമാനന്റെ പുൽത്തൊട്ടിയെയും അറിയാം; എന്നാൽ ഇസ്രായേൽ ഒന്നും അറിയുന്നില്ല; എന്റെ ജനം ഒന്നും മനസ്സിലാക്കുന്നില്ല. ഹാ! പാപികളായ ജനത! അകൃത്യഭാരംകൊണ്ട് അമർന്ന ജനം! ദുഷ്കർമികളുടെ സന്തതികൾ! ദുർവൃത്തരായ മക്കൾ! അവർ സർവേശ്വരനെ പരിത്യജിച്ചിരിക്കുന്നു; ഇസ്രായേലിന്റെ പരിശുദ്ധനെ വെറുത്തിരിക്കുന്നു. അവർ തീർത്തും അകന്നു പോയിരിക്കുന്നു. ഇനി നിങ്ങളെ അടിച്ചിട്ട് എന്തു കാര്യം? നിങ്ങൾ നിരന്തരം അനുസരണക്കേടു കാട്ടുന്നു. നിങ്ങളുടെ ശിരസ്സു മുഴുവൻ രോഗഗ്രസ്തം; ഹൃദയം ആകെ തളർച്ചയും. നിങ്ങളുടെ ഉള്ളങ്കാൽമുതൽ ഉച്ചിവരെ വ്രണമാണ്; ക്ഷതങ്ങളും വ്രണങ്ങളും ചോരയൊലിക്കുന്ന മുറിവുകളും മാത്രം. അവ നന്നായി കഴുകുകയോ, വച്ചുകെട്ടുകയോ എണ്ണ പുരട്ടുകയോ ചെയ്തിട്ടില്ല. നിങ്ങളുടെ ദേശം ശൂന്യമായിത്തീർന്നിരിക്കുന്നു. നിങ്ങളുടെ നഗരങ്ങൾ അഗ്നിക്കിരയായി. നിങ്ങളുടെ കൺമുമ്പിൽവച്ചു തന്നെ പരദേശികൾ നിങ്ങളുടെ ദേശം നശിപ്പിച്ചിരിക്കുന്നു; അതു ശൂന്യമായി കിടക്കുന്നു. മുന്തിരിത്തോട്ടത്തിലെ കുടിൽപോലെയും വെള്ളരിത്തോട്ടത്തിലെ കാവൽമാടംപോലെയും ഉപരോധിക്കപ്പെട്ട നഗരംപോലെയും യെരൂശലേം പരിത്യജിക്കപ്പെട്ടിരിക്കുന്നു. സർവശക്തനായ സർവേശ്വരൻ നമുക്കുവേണ്ടി ഏതാനുംപേരെ ശേഷിപ്പിച്ചില്ലായിരുന്നെങ്കിൽ, സൊദോമും ഗൊമോറായുംപോലെ നാമും ആകുമായിരുന്നു.
യെശയ്യാവ് 1:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആമോസിന്‍റെ മകനായ യെശയ്യാവ് യെഹൂദാരാജാക്കന്മാരായ ഉസ്സീയാവ്, യോഥാം, ആഹാസ്, യെഹിസ്കീയാവ് എന്നിവരുടെ വാഴ്ചയുടെ കാലത്ത് യെഹൂദായെയും യെരൂശലേമിനെയും പറ്റി ദർശിച്ച ദർശനം. ആകാശമേ, കേൾക്കുക; ഭൂമിയേ, ചെവിതരുക; യഹോവ അരുളിച്ചെയ്യുന്നു: “ഞാൻ മക്കളെ പോറ്റിവളർത്തി; അവരോ എന്നോട് മത്സരിച്ചിരിക്കുന്നു. കാള തന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുൽത്തൊട്ടിയെയും അറിയുന്നു; യിസ്രായേലോ അറിയുന്നില്ല; എന്റെ ജനം ഗ്രഹിക്കുന്നതുമില്ല.” അയ്യോ പാപമുള്ള ജനത! അകൃത്യഭാരം ചുമക്കുന്ന ജനം! ദുഷ്പ്രവൃത്തിക്കാരുടെ സന്തതി! വഷളായി നടക്കുന്ന മക്കൾ! അവർ യഹോവയെ ഉപേക്ഷിച്ചു യിസ്രായേലിന്റെ പരിശുദ്ധനെ നിരസിച്ചു പുറകോട്ടു മാറിക്കളഞ്ഞിരിക്കുന്നു. ഇനി നിങ്ങളെ അടിച്ചിട്ട് എന്ത്? നിങ്ങൾ അധികം അധികം പിന്മാറുകയേയുള്ളു; തല മുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു. ഉള്ളങ്കാല്‍ മുതൽ ഉച്ചിവരെ ഒരു സുഖവും ഇല്ല; മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളൂ; അവയെ ഞെക്കി കഴുകിയിട്ടില്ല, വച്ചുകെട്ടിയിട്ടില്ല, എണ്ണപുരട്ടി ശമിപ്പിച്ചിട്ടുമില്ല. നിങ്ങളുടെ ദേശം ശൂന്യമായി നിങ്ങളുടെ പട്ടണങ്ങൾ തീയ്ക്കിരയായി; നിങ്ങൾ കാൺകെ അന്യജാതിക്കാർ നിങ്ങളുടെ നാടു വിഴുങ്ങികളഞ്ഞു; അത് അന്യജാതിക്കാർ ഉന്മൂലനാശം ചെയ്തതുപോലെ ശൂന്യമായിരിക്കുന്നു. സീയോൻപുത്രി, മുന്തിരിത്തോട്ടത്തിലെ കുടിൽപോലെയും വെള്ളരിത്തോട്ടത്തിലെ മാടംപോലെയും ഉപരോധിച്ച പട്ടണംപോലെയും ശേഷിച്ചിരിക്കുന്നു. സൈന്യങ്ങളുടെ യഹോവ നമ്മിൽ ഏതാനുംപേരെ ശേഷിപ്പിച്ചില്ലായിരുന്നെങ്കിൽ നാം സൊദോംപോലെ ആകുമായിരുന്നു; ഗൊമോറായ്ക്കു സദൃശമാകുമായിരുന്നു.
യെശയ്യാവ് 1:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആമോസിന്റെ മകനായ യെശയ്യാവു യെഹൂദാരാജാക്കന്മാരായ ഉസ്സീയാവു, യോഥാം, ആഹാസ്, യെഹിസ്കീയാവു എന്നിവരുടെ കാലത്തു യെഹൂദയെയും യെരൂശലേമിനെയും പറ്റി ദർശിച്ച ദർശനം. ആകാശമേ, കേൾക്ക; ഭൂമിയേ, ചെവിതരിക; യഹോവ അരുളിച്ചെയ്യുന്നു: ഞാൻ മക്കളെ പോറ്റി വളർത്തി; അവരോ എന്നോടു മത്സരിച്ചിരിക്കുന്നു. കാള തന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുല്തൊട്ടിയെയും അറിയുന്നു; യിസ്രായേലോ അറിയുന്നില്ല; എന്റെ ജനം ഗ്രഹിക്കുന്നതുമില്ല. അയ്യോ പാപമുള്ള ജാതി! അകൃത്യഭാരം ചുമക്കുന്ന ജനം! ദുഷ്പ്രവൃത്തിക്കാരുടെ സന്തതി! വഷളായി നടക്കുന്ന മക്കൾ! അവർ യഹോവയെ ഉപേക്ഷിച്ചു യിസ്രായേലിന്റെ പരിശുദ്ധനെ നിരസിച്ചു പുറകോട്ടു മാറിക്കളഞ്ഞിരിക്കുന്നു. ഇനി നിങ്ങളെ അടിച്ചിട്ടു എന്തു? നിങ്ങൾ അധികം അധികം പിന്മാറുകേയുള്ളു; തല മുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു. അടിതൊട്ടു മുടിവരെ ഒരു സുഖവും ഇല്ല; മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളു; അവയെ ഞെക്കി കഴുകീട്ടില്ല, വെച്ചുകെട്ടീട്ടില്ല, എണ്ണപുരട്ടി ശമിപ്പിച്ചിട്ടുമില്ല. നിങ്ങളുടെ ദേശം ശൂന്യമായി നിങ്ങളുടെ പട്ടണങ്ങൾ തീക്കിരയായി; നിങ്ങൾ കാൺകെ അന്യജാതിക്കാർ നിങ്ങളുടെ നാടു തിന്നുകളയുന്നു; അതു അന്യജാതിക്കാർ ഉന്മൂലനാശം ചെയ്തതുപോലെ ശൂന്യമായിരിക്കുന്നു. സീയോൻപുത്രി, മുന്തിരിത്തോട്ടത്തിലെ കുടിൽപോലെയും വെള്ളരിത്തോട്ടത്തിലെ മാടംപോലെയും നിരോധിച്ച പട്ടണംപോലെയും ശേഷിച്ചിരിക്കുന്നു. സൈന്യങ്ങളുടെ യഹോവ നമുക്കു അത്യല്പമായോരു ശേഷിപ്പു വെച്ചിരുന്നില്ലെങ്കിൽ നാം സൊദോംപോലെ ആകുമായിരുന്നു; ഗൊമോറെക്കു സദൃശമാകുമായിരുന്നു.
യെശയ്യാവ് 1:1-9 സമകാലിക മലയാളവിവർത്തനം (MCV)
യെഹൂദാരാജാക്കന്മാരായ ഉസ്സീയാവ്, യോഥാം, ആഹാസ്, ഹിസ്കിയാവ് എന്നിവരുടെ ഭരണകാലത്ത് യെഹൂദ്യയെയും ജെറുശലേമിനെയുംപറ്റി, ആമോസിന്റെ മകനായ യെശയ്യാവിന് ലഭിച്ച ദർശനം ഇതാകുന്നു. ആകാശമേ, കേൾക്കുക! ഭൂമിയേ ശ്രദ്ധിക്കുക! യഹോവ അരുളിച്ചെയ്യുന്നു: “ഞാൻ മക്കളെ പോറ്റിവളർത്തി; എന്നാൽ അവർ എനിക്കെതിരേ മത്സരിച്ചു. കാള തന്റെ ഉടമസ്ഥനെയും കഴുത തന്റെ യജമാനന്റെ പുൽത്തൊട്ടിയും അറിയുന്നു, എന്നാൽ ഇസ്രായേലോ തിരിച്ചറിയുന്നില്ല. എന്റെ ജനം മനസ്സിലാക്കുന്നതുമില്ല.” അയ്യോ! എന്തൊരു പാപംനിറഞ്ഞ ജനത! കുറ്റഭാരം ചുമക്കുന്ന സന്തതി, ദുഷ്കർമികളുടെ മക്കൾ! വഷളത്തം പ്രവർത്തിക്കുന്ന പുത്രന്മാർ! അവർ യഹോവയെ ഉപേക്ഷിച്ചു; ഇസ്രായേലിന്റെ പരിശുദ്ധനെ തിരസ്കരിച്ചിരിക്കുന്നു, അവിടത്തേക്കെതിരേ അവർ പുറംതിരിഞ്ഞിരിക്കുന്നു. നിങ്ങളെ ഇനിയും അടിക്കുന്നത് എന്തിന്? നിങ്ങൾ മാത്സര്യത്തിൽ തുടർന്നുകൊണ്ടിരിക്കുന്നതും എന്തിന്? നിങ്ങളുടെ തല മുഴുവനും മുറിവേറ്റിരിക്കുന്നു, നിങ്ങളുടെ ഹൃദയം മുഴുവനും രോഗാതുരമായിരിക്കുന്നു. ഉള്ളങ്കാൽമുതൽ ഉച്ചിവരെ ഒരു സ്ഥലവും മുറിവേൽക്കാത്തതായിട്ടില്ല— മുറിവുകൾ, പൊറ്റകൾ, ചോരയൊലിക്കുന്ന വ്രണങ്ങൾ, അവ വൃത്തിയാക്കുകയോ വെച്ചുകെട്ടുകയോ ചെയ്തിട്ടില്ല, ഒലിവെണ്ണയാൽ ശമനം വരുത്തിയിട്ടുമില്ല. നിങ്ങളുടെ രാജ്യം ശൂന്യമായി, നിങ്ങളുടെ പട്ടണങ്ങൾ തീവെച്ചു നശിപ്പിച്ചിരിക്കുന്നു; നിങ്ങളുടെ നിലങ്ങൾ വിദേശികളാൽ അപഹരിക്കപ്പെട്ടിരിക്കുന്നു നിങ്ങളുടെ കണ്മുമ്പിൽവെച്ചുതന്നെ, അപരിചിതർ തകർത്തുകളഞ്ഞതുപോലെ അതു ശൂന്യമായിക്കിടക്കുന്നു. മുന്തിരിത്തോപ്പിലെ കൂടാരംപോലെയും വെള്ളരിത്തോട്ടത്തിലെ മാടംപോലെയും ഉപരോധിക്കപ്പെട്ട നഗരംപോലെയും സീയോൻപുത്രി ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. സൈന്യങ്ങളുടെ യഹോവ ചിലരെയെങ്കിലും നമുക്കായി ശേഷിപ്പിച്ചിരുന്നില്ലെങ്കിൽ നാം സൊദോം നഗരംപോലെയും ഗൊമോറാ പട്ടണംപോലെയും നശിപ്പിക്കപ്പെടുമായിരുന്നു.