ഹോശേയ 9:1-9

ഹോശേയ 9:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യിസ്രായേലേ, നീ നിന്റെ ദൈവത്തെ വിട്ട് പരസംഗം ചെയ്തു നടക്കയും ധാന്യക്കളങ്ങളിലൊക്കെയും വേശ്യാസമ്മാനം ആഗ്രഹിക്കയും ചെയ്തിരിക്കയാൽ നീ ശേഷം ജാതികളെപ്പോലെ ഘോഷത്തോടെ സന്തോഷിക്കരുത്. കളവും ചക്കും അവരെ പോഷിപ്പിക്കയില്ല, പുതുവീഞ്ഞ് അതിൽ ഇല്ലാതെയാകും. അവർ യഹോവയുടെ ദേശത്തു പാർക്കുകയില്ല; എഫ്രയീം മിസ്രയീമിലേക്ക് മടങ്ങിപ്പോകയും അശ്ശൂരിൽവച്ച് മലിനമായതു തിന്നുകയും ചെയ്യും. അവർ യഹോവയ്ക്ക് വീഞ്ഞുപകർന്ന് അർപ്പിക്കയില്ല; അവരുടെ ഹനനയാഗങ്ങൾ അവന് പ്രസാദമായിരിക്കയുമില്ല; അവരുടെ അപ്പം അവർക്കു വിലാപത്തിന്റെ അപ്പംപോലെയിരിക്കും; അതു തിന്നുന്നവനൊക്കെയും അശുദ്ധനായിത്തീരും; അവരുടെ അപ്പം വിശപ്പടക്കുവാൻ മാത്രം അവർക്ക് ഉതകും; അതു യഹോവയുടെ ആലയത്തിലേക്കു വരികയില്ല. സഭായോഗദിവസത്തിലും യഹോവയുടെ ഉത്സവദിവസത്തിലും നിങ്ങൾ എന്തു ചെയ്യും? അവർ നാശത്തിൽനിന്ന് ഒഴിഞ്ഞു പോയാൽ മിസ്രയീം അവരെ കൂട്ടിച്ചേർക്കും; മോഫ് അവരെ അടക്കംചെയ്യും; അവരുടെ വെള്ളികൊണ്ടുള്ള മനോഹരസാധനങ്ങൾ തൂവയ്ക്ക് അവകാശമാകും; മുള്ളുകൾ അവരുടെ കൂടാരങ്ങളിൽ ഉണ്ടാകും. സന്ദർശനകാലം വന്നിരിക്കുന്നു; പ്രതികാര ദിവസം അടുത്തിരിക്കുന്നു; നിന്റെ അകൃത്യബാഹുല്യവും മഹാദ്വേഷവും നിമിത്തം പ്രവാചകൻ ഭോഷനും ആത്മപൂർണൻ ഭ്രാന്തനും എന്നു യിസ്രായേൽ അറിയും. എഫ്രയീം എന്റെ ദൈവത്തിന്റെ നേരേ പതിയിരിക്കുന്നു; പ്രവാചകനോ അവന്റെ എല്ലാ വഴികളിലും വേട്ടക്കാരന്റെ കെണിയും അവന്റെ ദൈവത്തിന്റെ ആലയത്തിൽ പകയും നേരിടും. ഗിബെയയുടെ കാലത്ത് എന്നപോലെ അവർ വഷളത്തത്തിൽ മുഴുകിയിരിക്കുന്നു; അവൻ അവരുടെ അകൃത്യം ഓർത്ത് അവരുടെ പാപം സന്ദർശിക്കും.

പങ്ക് വെക്കു
ഹോശേയ 9 വായിക്കുക

ഹോശേയ 9:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇസ്രായേലേ, നീ ആഹ്ലാദിക്കേണ്ട; ജനതകളെപ്പോലെ സന്തോഷംകൊണ്ടു തുള്ളിച്ചാടുകയും വേണ്ട; നിന്റെ ദൈവത്തെ ഉപേക്ഷിച്ചു നീ പരസംഗം ചെയ്തിരിക്കുന്നുവല്ലോ. എല്ലാ മെതിക്കളങ്ങളിലും നിങ്ങൾ വേശ്യയുടെ കൂലിയാണല്ലോ അഭിലഷിച്ചത്. മെതിക്കളങ്ങളും മുന്തിരിച്ചക്കുകളും അവരെ പോറ്റുകയില്ല. പുതുവീഞ്ഞ് അവർക്ക് ഇല്ലാതെയാകും. സർവേശ്വരന്റെ ദേശത്ത് അവർ പാർക്കുകയില്ല. എഫ്രയീം ഈജിപ്തിലേക്കു മടങ്ങും; അസ്സീറിയായിൽ മലിനമായ ഭക്ഷണം അവർ കഴിക്കും. അവർ സർവേശ്വരനു വീഞ്ഞ് അർപ്പിക്കുകയില്ല. അവരുടെ ബലി അവിടുത്തേക്കു പ്രസാദകരമാവുകയില്ല. വിലപിക്കുന്നവരുടെ അപ്പംപോലെ ആയിരിക്കും അവരുടെ അപ്പം. അതു ഭക്ഷിക്കുന്നവരെല്ലാം മലിനരായിത്തീരും; അവരുടെ ആഹാരം അവർക്കു വിശപ്പടക്കാൻ മാത്രമേ ഉപകരിക്കൂ. അതു സർവേശ്വരന്റെ ആലയത്തിൽ കൊണ്ടുവന്ന് അർപ്പിക്കപ്പെടുകയില്ല. നിർദിഷ്ട ഉത്സവദിവസവും അവിടുത്തെ പെരുന്നാൾ ദിവസവും നിങ്ങൾ എന്തുചെയ്യും? ഇതാ, അവർ വിനാശത്തിൽനിന്ന് ഓടിയകലുന്നു. ഈജിപ്ത് അവരെ ഒരുമിച്ചു കൂട്ടും. മെംഫിസ് അവരുടെ ശവകുടീരമായിത്തീരും. അവരുടെ വെള്ളികൊണ്ടുള്ള വിലപ്പെട്ട ഉരുപ്പടികൾ കൊടിത്തൂവ കൈവശപ്പെടുത്തും. മുൾച്ചെടികൾ അവരുടെ കൂടാരങ്ങളിൽ വളരും. ശിക്ഷയുടെ ദിവസങ്ങൾ വന്നിരിക്കുന്നു. അതേ, പ്രതികാരത്തിന്റെ ദിനങ്ങൾ ആഗതമായിരിക്കുന്നു; ഇസ്രായേൽ അത് അറിയും. നിങ്ങളുടെ കടുത്ത അകൃത്യവും കൊടിയ വിദ്വേഷവുംമൂലം പ്രവാചകൻ നിങ്ങൾക്കു ഭോഷനായി; ആത്മാവിനാൽ പ്രചോദിതനായവൻ ഭ്രാന്തനായി. പ്രവാചകൻ ദൈവജനമായ എഫ്രയീമിന്റെ കാവല്‌ക്കാരനാണ്; എങ്കിലും അവന്റെ വഴികളിൽ കെണി ഒരുക്കിയിരിക്കുന്നു. അയാളുടെ ദൈവത്തിന്റെ ഭവനത്തിൽ വിദ്വേഷം കുടികൊള്ളുന്നു. ഗിബെയയിൽ പാർത്തിരുന്ന ദിവസങ്ങളിലെന്നതുപോലെ ജനം അത്യന്തം ദുഷിച്ചിരിക്കുന്നു; ദൈവം അവരുടെ അകൃത്യം ഓർമിക്കും; അവരുടെ പാപങ്ങൾക്കു ശിക്ഷ നല്‌കുകയും ചെയ്യും.

പങ്ക് വെക്കു
ഹോശേയ 9 വായിക്കുക

ഹോശേയ 9:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യിസ്രായേലേ, നീ ആനന്ദിക്കരുത്; മറ്റു ജനതകളെപ്പോലെ സന്തോഷംകൊണ്ടു തുള്ളിച്ചാടുകയും വേണ്ട; നിന്‍റെ ദൈവത്തെ ഉപേക്ഷിച്ചു നീ പരസംഗം ചെയ്തിരിക്കുന്നുവല്ലോ. ധാന്യക്കളങ്ങളിൽ എല്ലാം നിങ്ങൾ വേശ്യയുടെ കൂലിയാണല്ലോ ആഗ്രഹിച്ചത്. ധാന്യക്കളവും ചക്കും അവരെ പോഷിപ്പിക്കുകയില്ല, പുതുവീഞ്ഞ് അതിൽ ഇല്ലാതെയാകും. അവർ യഹോവയുടെ ദേശത്ത് വസിക്കുകയില്ല; എഫ്രയീം മിസ്രയീമിലേക്ക് മടങ്ങിപ്പോകുകയും അശ്ശൂരിൽവച്ച് മലിനമായത് തിന്നുകയും ചെയ്യും. അവർ യഹോവയ്ക്ക് വീഞ്ഞ് അർപ്പിക്കുകയില്ല; അവരുടെ ഹനനയാഗങ്ങൾ അവന് പ്രസാദമായിരിക്കുകയുമില്ല; അവർ അർപ്പിക്കുന്ന അപ്പം അവർക്ക് വിലാപത്തിന്‍റെ അപ്പം പോലെ ആയിരിക്കും; അത് തിന്നുന്നവനെല്ലാം അശുദ്ധനായിത്തീരും; അവരുടെ അപ്പം വിശപ്പടക്കുവാൻ മാത്രം അവർക്ക് ഉതകും; അത് യഹോവയുടെ ആലയത്തിലേക്ക് കൊണ്ടുവരുകയില്ല. സഭായോഗ ദിവസത്തിലും യഹോവയുടെ ഉത്സവദിവസത്തിലും നിങ്ങൾ എന്ത് ചെയ്യും? അവർ നാശത്തിൽനിന്ന് ഓടിപ്പോയാലും മിസ്രയീം അവരെ ഒരുമിച്ച് കൂട്ടും; മോഫ് അവരെ അടക്കം ചെയ്യും; വെള്ളികൊണ്ടുള്ള അവരുടെ മനോഹരവസ്തുക്കൾ മുൾച്ചെടികൾ കൈവശമാക്കും; മുള്ളുകൾ അവരുടെ കൂടാരങ്ങളിൽ ഉണ്ടാകും. ശിക്ഷയുടെ ദിനങ്ങൾ വന്നിരിക്കുന്നു; പ്രതികാരദിവസം അടുത്തിരിക്കുന്നു; നിന്‍റെ അകൃത്യബാഹുല്യവും വിദ്വേഷവും നിമിത്തം പ്രവാചകൻ ഭോഷനും ആത്മപൂർണ്ണൻ ഭ്രാന്തനും എന്ന് യിസ്രായേൽ അറിയും. എഫ്രയീം എന്‍റെ ദൈവത്തിന്‍റെ നേരെ പതിയിരിക്കുന്നു; പ്രവാചകൻ തന്‍റെ എല്ലാ വഴികളിലും വേട്ടക്കാരന്‍റെ കെണിയും ദൈവത്തിന്‍റെ ആലയത്തിൽ പകയും നേരിടും. ഗിബെയയുടെ കാലത്ത് എന്നപോലെ അവർ വഷളത്വത്തിൽ മുഴുകിയിരിക്കുന്നു; അവൻ അവരുടെ അകൃത്യം ഓർത്തു അവരുടെ പാപത്തിന് ശിക്ഷ നൽകും.

പങ്ക് വെക്കു
ഹോശേയ 9 വായിക്കുക

ഹോശേയ 9:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യിസ്രായേലേ, നീ നിന്റെ ദൈവത്തെ വിട്ടു പരസംഗം ചെയ്തുനടക്കയും ധാന്യക്കളങ്ങളിൽ ഒക്കെയും വേശ്യാസമ്മാനം ആഗ്രഹിക്കയും ചെയ്തിരിക്കയാൽ നീ ശേഷം ജാതികളെപ്പോലെ ഘോഷത്തോടെ സന്തോഷിക്കരുതു. കളവും ചക്കും അവരെ പോഷിപ്പിക്കയില്ല, പുതുവീഞ്ഞു അതിൽ ഇല്ലാതെയാകും. അവർ യഹോവയുടെ ദേശത്തു പാർക്കുകയില്ല; എഫ്രയീം മിസ്രയീമിലേക്കു മടങ്ങിപ്പോകയും അശ്ശൂരിൽവെച്ചു മലിനമായതു തിന്നുകയും ചെയ്യും. അവർ യഹോവെക്കു വീഞ്ഞുപകർന്നു അർപ്പിക്കയില്ല; അവരുടെ ഹനനയാഗങ്ങൾ അവന്നു പ്രസാദമായിരിക്കയുമില്ല; അവരുടെ അപ്പം അവർക്കു വിലാപത്തിന്റെ അപ്പംപോലെയിരിക്കും; അതു തിന്നുന്നവനൊക്കെയും അശുദ്ധനായിത്തീരും; അവരുടെ അപ്പം വിശപ്പടക്കുവാൻ മാത്രം അവർക്കു ഉതകും; അതു യഹോവയുടെ ആലയത്തിലേക്കു വരികയില്ല. സഭായോഗദിവസത്തിലും യഹോവയുടെ ഉത്സവദിവസത്തിലും നിങ്ങൾ എന്തു ചെയ്യും? അവർ നാശത്തിൽനിന്നു ഒഴിഞ്ഞുപോയാൽ മിസ്രയീം അവരെ കൂട്ടിച്ചേർക്കും; മോഫ് അവരെ അടക്കംചെയ്യും; അവരുടെ വെള്ളികൊണ്ടുള്ള മനോഹരസാധനങ്ങൾ തൂവെക്കു അവകാശമാകും; മുള്ളുകൾ അവരുടെ കൂടാരങ്ങളിൽ ഉണ്ടാകും. സന്ദർശനകാലം വന്നിരിക്കുന്നു; പ്രതികാരദിവസം അടുത്തിരിക്കുന്നു; നിന്റെ അകൃത്യബാഹുല്യവും മഹാദ്വേഷവുംനിമിത്തം പ്രവാചകൻ ഭോഷനും ആത്മപൂർണ്ണൻ ഭ്രാന്തനും എന്നു യിസ്രായേൽ അറിയും. എഫ്രയീം എന്റെ ദൈവത്തിന്റെ നേരെ പതിയിരിക്കുന്നു; പ്രവാചകന്നോ അവന്റെ എല്ലാവഴികളിലും വേട്ടക്കാരന്റെ കണിയും അവന്റെ ദൈവത്തിന്റെ ആലയത്തിൽ പകയും നേരിടും. ഗിബെയയുടെ കാലത്തു എന്നപോലെ അവർ വഷളത്വത്തിൽ മുഴുകിയിരിക്കുന്നു; അവൻ അവരുടെ അകൃത്യം ഓർത്തു അവരുടെ പാപം സന്ദർശിക്കും.

പങ്ക് വെക്കു
ഹോശേയ 9 വായിക്കുക

ഹോശേയ 9:1-9 സമകാലിക മലയാളവിവർത്തനം (MCV)

ഇസ്രായേലേ, മറ്റു രാഷ്ട്രങ്ങളെപ്പോലെ നീ ആനന്ദിക്കരുത്; കാരണം എല്ലാ മെതിക്കളങ്ങളിലും നിങ്ങൾ വേശ്യയുടെ കൂലി ആഗ്രഹിച്ചുകൊണ്ട് ദൈവത്തോട് അവിശ്വസ്തരായിരിക്കുന്നു. മെതിക്കളങ്ങളും വീഞ്ഞുചക്കുകളും ജനത്തെ പരിപോഷിപ്പിക്കുകയില്ല; പുതുവീഞ്ഞ് അവർക്കു ലഭിക്കുകയുമില്ല. അവർ യഹോവയുടെ ദേശത്തു ശേഷിക്കുകയില്ല; എഫ്രയീം ഈജിപ്റ്റിലേക്കു മടങ്ങിപ്പോകുകയും അശ്ശൂരിൽവെച്ച് അശുദ്ധാഹാരം കഴിക്കുകയും ചെയ്യും. അവർ യഹോവയ്ക്കു വീഞ്ഞ് അർപ്പിക്കുകയില്ല, അവരുടെ ഹനനയാഗങ്ങൾ അവിടത്തേക്കു പ്രസാദമാകുകയുമില്ല. ആ അപ്പം അവർക്കു വിലാപക്കാരുടെ അപ്പംപോലെ ആയിരിക്കും; അതു തിന്നുന്നവരൊക്കെയും അശുദ്ധരാകും. ഈ ഭക്ഷണം അവർക്കു വിശപ്പടക്കാൻമാത്രം കൊള്ളാം; അതു യഹോവയുടെ ആലയത്തിൽ വരികയുമില്ല. നിങ്ങളുടെ ഉത്സവദിവസങ്ങളിൽ, യഹോവയുടെ ഉത്സവദിവസങ്ങളിൽ, നിങ്ങൾ എന്തുചെയ്യും? അവർ നാശത്തിൽനിന്നു രക്ഷപ്പെട്ടാലും, ഈജിപ്റ്റ് അവരെ പിടിച്ചടക്കുകയും മോഫ് അവരെ കുഴിച്ചിടുകയും ചെയ്യും. അവരുടെ വെള്ളിനിക്ഷേപം മുൾച്ചെടികൾ അപഹരിക്കും. മുള്ളുകൾ അവരുടെ കൂടാരങ്ങളെ മൂടും. ശിക്ഷയുടെ ദിവസങ്ങൾ വരുന്നു, പ്രതികാരദിവസങ്ങൾ സമീപമായിരിക്കുന്നു. ഇസ്രായേൽ ഇത് അറിഞ്ഞുകൊള്ളട്ടെ. നിങ്ങളുടെ പാപങ്ങൾ അത്യധികമായിരിക്കുന്നതുകൊണ്ടും നിങ്ങളുടെ ശത്രുത വലുതാകുകയാലും പ്രവാചകനെ ഒരു ഭോഷനായും ആത്മപ്രേരിതനെ ഒരു ഭ്രാന്തനായും നിങ്ങൾ പരിഗണിക്കുന്നു. യഹോവയുടെ പ്രവാചകൻ എന്റെ ദൈവത്തോടൊപ്പം എഫ്രയീമിന്റെമേൽ കാവൽക്കാരനായിരിക്കുന്നു. എങ്കിലും അവന്റെ വഴികളിൽ കെണികളും അവന്റെ ദൈവത്തിന്റെ ആലയത്തിൽ ശത്രുതയും ഉണ്ട്. അവർ ഗിബെയയുടെ ദിനങ്ങളെപ്പോലെ മാലിന്യത്തിൽ ആണ്ടുപോയിരിക്കുന്നു. ദൈവം അവരുടെ ദുഷ്ടത ഓർക്കും അവരുടെ പാപങ്ങൾനിമിത്തം അവരെ ശിക്ഷിക്കും.

പങ്ക് വെക്കു
ഹോശേയ 9 വായിക്കുക