ഹോശേയ 8:1-14
ഹോശേയ 8:1-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ എന്റെ നിയമത്തെ ലംഘിച്ച് എന്റെ ന്യായപ്രമാണത്തിനു വിരോധമായി അതിക്രമം ചെയ്തതുകൊണ്ടു കാഹളം വായിൽ വയ്ക്കുക; കഴുകനെപ്പോലെ യഹോവയുടെ ആലയത്തിന്മേൽ ചാടിവീഴുക. അവർ എന്നോട്: ദൈവമേ, യിസ്രായേലാകുന്ന ഞങ്ങൾ നിന്നെ അറിയുന്നു എന്നു നിലവിളിക്കുന്നു. യിസ്രായേൽ നന്മയായതിനെ ഉപേക്ഷിച്ചുകളഞ്ഞിരിക്കുന്നു; ശത്രു അവനെ പിന്തുടരട്ടെ. അവർ രാജാക്കന്മാരെ വാഴിച്ചു, ഞാൻ മുഖാന്തരം അല്ലതാനും; ഞാൻ അറിയാതെ പ്രഭുക്കന്മാരെ അവർ നിയമിച്ചിരിക്കുന്നു; അവർ ഛേദിക്കപ്പെടേണ്ടതിനു വെള്ളികൊണ്ടും പൊന്നുകൊണ്ടും തങ്ങൾക്കു വിഗ്രഹങ്ങളെ ഉണ്ടാക്കി. ശമര്യയേ, നിന്റെ പശുക്കിടാവിനെ അവൻ വെറുക്കുന്നു; എന്റെ കോപം അവരുടെ നേരേ ജ്വലിക്കുന്നു; അവർക്കു കുറ്റമില്ലായ്മ എത്രത്തോളം അസാധ്യമായിരിക്കും? ഇതു യിസ്രായേലിന്റെ പണി തന്നെ; ഒരു കൗശലപ്പണിക്കാരൻ അതിനെ ഉണ്ടാക്കി, അതു ദൈവമല്ല; ശമര്യയുടെ പശുക്കിടാവ് നുറുങ്ങിപ്പോകും. അവർ കാറ്റു വിതച്ചു, ചുഴലിക്കാറ്റു കൊയ്യും; അതിനു തണ്ടില്ല, ഞാറു മാവിനെ നല്കുകയുമില്ല; നല്കിയാലും അന്യജാതികൾ അതിനെ വിഴുങ്ങിക്കളയും. യിസ്രായേലിനെ വിഴുങ്ങിപ്പോയി; അവർ ഇപ്പോൾ ജാതികളുടെ ഇടയിൽ ഇഷ്ടമില്ലാത്ത ഒരു പാത്രംപോലെയിരിക്കുന്നു. അവൻ തനിച്ചു നടക്കുന്ന കാട്ടുകഴുതപോലെ അശ്ശൂരിലേക്ക് പോയി; എഫ്രയീം ജാരന്മാരെ കൂലിക്കു വാങ്ങിയിരിക്കുന്നു. അവർ ജാതികളുടെ ഇടയിൽനിന്ന് ജാരന്മാരെ കൂലിക്കു വാങ്ങിയാലും ഞാൻ ഇപ്പോൾ അവരെ കൂട്ടും; അവർ പ്രഭുക്കന്മാരുടെ രാജാവിന്റെ ചുമടിൻകീഴിൽ വേഗത്തിൽ വേദനപ്പെടും. എഫ്രയീം പാപപരിഹാരത്തിനായി അനേകം യാഗപീഠങ്ങളെ ഉണ്ടാക്കിയതുകൊണ്ട്, യാഗപീഠങ്ങൾ അവന് പാപഹേതുവായിത്തീർന്നിരിക്കുന്നു. ഞാൻ എന്റെ ന്യായപ്രമാണം അവനു പതിനായിരം കല്പനയായി എഴുതിക്കൊടുത്താലും അവ അപൂർവകാര്യമായി എണ്ണപ്പെടുന്നു. അവർ എന്റെ അർപ്പണയാഗങ്ങളെ അറുത്തു മാംസം തിന്നുന്നു; എന്നാൽ യഹോവ അവയിൽ പ്രസാദിക്കുന്നില്ല; ഇപ്പോൾ അവൻ അവരുടെ അകൃത്യം ഓർത്ത് അവരുടെ പാപം സന്ദർശിക്കും; അവർ മിസ്രയീമിലേക്കു മടങ്ങിപ്പോകേണ്ടിവരും. യിസ്രായേൽ തന്നെ ഉണ്ടാക്കിയവനെ മറന്ന് മന്ദിരങ്ങളെ പണിതിരിക്കുന്നു; യെഹൂദാ ഉറപ്പുള്ള പട്ടണങ്ങളെ വർധിപ്പിച്ചിരിക്കുന്നു; എന്നാൽ ഞാൻ അവന്റെ പട്ടണങ്ങളിൽ തീ അയയ്ക്കും; അത് അവയിലെ അരമനകളെ ദഹിപ്പിച്ചുകളയും.
ഹോശേയ 8:1-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കാഹളം നിന്റെ ചുണ്ടുകളോട് അടുപ്പിക്കുക; ഒരു കഴുകൻ സർവേശ്വരന്റെ ആലയത്തിനുമീതെ പറക്കുന്നു. കാരണം അവർ എന്റെ ഉടമ്പടി ലംഘിച്ചു. എന്റെ ധർമശാസ്ത്രം പാലിച്ചില്ല. ‘ദൈവമേ, ഇസ്രായേലാകുന്ന ഞങ്ങൾ അങ്ങയെ അറിയുന്നു’ എന്ന് അവർ എന്നോടു നിലവിളിച്ചു പറയുന്നു. ഇസ്രായേൽ നന്മയെ വെറുത്തു തള്ളിയിരിക്കുന്നു; ശത്രു അവരെ പിന്തുടരും. എന്റെ ഹിതം അന്വേഷിക്കാതെ അവർ രാജാക്കന്മാരെ വാഴിച്ചു; എന്റെ അറിവുകൂടാതെ അവർ പ്രഭുക്കന്മാരെ നിയമിച്ചു. അവർ പൊന്നും വെള്ളിയുംകൊണ്ടു വിഗ്രഹങ്ങൾ നിർമിച്ചു; അത് അവരുടെ വിനാശത്തിനു കാരണമായി. ശമര്യേ, നീ ആരാധിക്കുന്ന കാളക്കുട്ടിയെ ഞാൻ വെറുക്കുന്നു. എന്റെ കോപം അവരുടെ നേരെ ജ്വലിക്കുന്നു. അവർ ശുദ്ധരായിത്തീരാൻ ഇനി എത്രകാലം വേണ്ടിവരും? ഇസ്രായേലിലെ ഒരു ശില്പി നിർമിച്ചതാണ് ആ വിഗ്രഹം. അതു ദൈവം അല്ല. ശമര്യയിലെ കാളക്കുട്ടിയെ ഞാൻ തകർത്തു തരിപ്പണമാക്കും. അവർ കാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യും. നിവർന്നു നില്‌ക്കുന്ന ചെടികളിൽ കതിരില്ല; അവ ധാന്യമാവ് നല്‌കുകയില്ല, നല്‌കിയാൽത്തന്നെ അന്യർ അതു തിന്നുതീർക്കും. ഇസ്രായേൽ വിഴുങ്ങപ്പെട്ടു; അവർ ജനതകളുടെ ഇടയിൽ ഉപയോഗമില്ലാത്ത പാത്രംപോലെ ആയിരിക്കുന്നു. അവർ കൂട്ടംവിട്ട് അലഞ്ഞുനടക്കുന്ന കാട്ടുകഴുതയെപ്പോലെ അസ്സീറിയായിലേക്കു പോയി. എഫ്രയീം ജാരന്മാരെ കൂലിക്കു വാങ്ങിയിരിക്കുന്നു. അവർ കൂലി കൊടുത്തു ജനതകളുമായി സഖ്യം ഉണ്ടാക്കിയാലും ഇപ്പോൾ ഞാൻ അവരെ ഒന്നിച്ചുകൂട്ടും. രാജാക്കന്മാരെയും പ്രഭുക്കന്മാരെയും വാഴിക്കുന്നതിൽനിന്ന് അവർ കുറെക്കാലത്തേക്കു വിരമിക്കും. പാപപരിഹാരത്തിന് എഫ്രയീം ഉണ്ടാക്കിയ അനേകം യാഗപീഠങ്ങൾ പാപഹേതുവായിത്തീർന്നു. ഞാൻ നിരവധി നിയമങ്ങൾ അവർക്ക് എഴുതിക്കൊടുത്തിട്ടും അവ അപരിചിതമായി പരിഗണിക്കപ്പെട്ടു. യാഗങ്ങൾ അവർക്കു പ്രിയങ്കരമാണ്. അവർ മാംസം യാഗമായി അർപ്പിക്കുന്നു. അത് അവർ ഭക്ഷിക്കുന്നു. എന്നാൽ ഇവയിലൊന്നും സർവേശ്വരൻ പ്രസാദിക്കുന്നില്ല. ഇപ്പോൾ അവിടുന്ന് അവരുടെ അകൃത്യങ്ങൾ ഓർക്കും. അവരുടെ പാപങ്ങൾക്ക് അവരെ ശിക്ഷിക്കും; അവർ ഈജിപ്തിലേക്കു മടങ്ങിപ്പോകും! കാരണം ഇസ്രായേൽ തന്റെ സ്രഷ്ടാവിനെ മറന്ന് കൊട്ടാരങ്ങൾ നിർമിച്ചിരിക്കുന്നു. യെഹൂദാ ഉറപ്പുള്ള പട്ടണങ്ങളുടെ എണ്ണം വർധിപ്പിച്ചിരിക്കുന്നു; എന്നാൽ ഞാൻ അവരുടെ നഗരങ്ങളിന്മേൽ അഗ്നിയെ അയയ്‍ക്കും; അത് അവരുടെ ശക്തിദുർഗങ്ങളെ ദഹിപ്പിച്ചുകളയും.
ഹോശേയ 8:1-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“കാഹളം നിന്റെ ചുണ്ടുകളോട് അടുപ്പിക്കുക; അവർ എന്റെ ഉടമ്പടി ലംഘിച്ച് എന്റെ ന്യായപ്രമാണത്തോടു മത്സരിച്ചതുമൂലം; യഹോവയുടെ മന്ദിരത്തിനുമീതേ ശത്രു ഒരു കഴുകനെപ്പോലെ പറന്നുവരും. അവർ എന്നോട്: “ദൈവമേ, യിസ്രായേലാകുന്ന ഞങ്ങൾ നിന്നെ അറിയുന്നു” എന്ന് അവർ എന്നോടു നിലവിളിക്കുന്നു. യിസ്രായേൽ നന്മയായത് ഉപേക്ഷിച്ചുകളഞ്ഞിരിക്കുന്നു; ശത്രു അവനെ പിന്തുടരട്ടെ. അവർ രാജാക്കന്മാരെ വാഴിച്ചു, ഞാൻ മുഖാന്തരം അല്ലതാനും; ഞാൻ അറിയാതെ പ്രഭുക്കന്മാരെ അവർ നിയമിച്ചിരിക്കുന്നു; അവർ ഛേദിക്കപ്പെടേണ്ടതിന് വെള്ളികൊണ്ടും പൊന്നുകൊണ്ടും തങ്ങൾക്ക് വിഗ്രഹങ്ങൾ ഉണ്ടാക്കി. “ശമര്യയേ, നിന്റെ പശുക്കിടാവിനെ അവൻ വെറുക്കുന്നു; എന്റെ കോപം അവരുടെ നേരെ ജ്വലിക്കുന്നു; അവർക്ക് നിഷ്ക്കളങ്കത എത്രത്തോളം അപ്രാപ്യമായിരിക്കും? ഇത് യിസ്രായേലിന്‍റെ കൈപ്പണി തന്നെ; ഒരു കൗശലപ്പണിക്കാരൻ അത് ഉണ്ടാക്കി, അത് ദൈവമല്ല; ശമര്യയുടെ പശുക്കിടാവ് പല കഷണങ്ങളായി നുറുങ്ങിപ്പോകും. “അവർ കാറ്റ് വിതച്ച്, ചുഴലിക്കാറ്റ് കൊയ്യും; ചെടികളിൽ തണ്ടിൽ കതിരില്ല, അവ ധാന്യമാവ് നല്കുകയുമില്ല; നല്കിയാലും അന്യർ അത് തിന്നുകളയും. യിസ്രായേൽ വിഴുങ്ങപ്പെട്ടു; അവർ ഇപ്പോൾ ജനതയുടെ ഇടയിൽ ആർക്കും ഇഷ്ടമില്ലാത്ത ഒരു പാത്രംപോലെ ആയിരിക്കുന്നു. അവർ കൂട്ടം വിട്ട് നടക്കുന്ന കാട്ടുകഴുതയെപോലെ അശ്ശൂരിലേക്കു പോയി; എഫ്രയീം ജാരന്മാരെ കൂലിക്ക് വാങ്ങിയിരിക്കുന്നു. അവർ ജനതയുടെ ഇടയിൽനിന്ന് ജാരന്മാരെ കൂലിക്ക് വാങ്ങിയാലും ഇപ്പോൾ ഞാൻ അവരെ ഒന്നിച്ചുകൂട്ടും; അവർ പ്രഭുക്കന്മാരുടെ രാജാവിന്റെ ചുമടിൻകീഴിൽ അല്പം വേദന അനുഭവിക്കും. “എഫ്രയീം പാപപരിഹാരത്തിനായി അനേകം യാഗപീഠങ്ങൾ ഉണ്ടാക്കിയതുകൊണ്ട്, യാഗപീഠങ്ങൾ അവന് പാപഹേതുവായി തീർന്നിരിക്കുന്നു. ഞാൻ എന്റെ ന്യായപ്രമാണം അവന് പതിനായിരം കല്പനയായി എഴുതിക്കൊടുത്താലും അവ അപൂർവ്വകാര്യമായി എണ്ണപ്പെടുന്നു. അവർ എന്‍റെ അർപ്പണയാഗങ്ങൾക്കുള്ള മൃഗങ്ങളെ അറുത്ത് മാംസം തിന്നുന്നു; എന്നാൽ യഹോവ അവയിൽ പ്രസാദിക്കുന്നില്ല; ഇപ്പോൾ അവൻ അവരുടെ അകൃത്യം ഓർത്തു അവരുടെ പാപം സന്ദർശിക്കും; അവർ മിസ്രയീമിലേക്ക് മടങ്ങിപ്പോകേണ്ടിവരും. യിസ്രായേൽ അവരെ ഉണ്ടാക്കിയ ദൈവത്തെ മറന്ന് മന്ദിരങ്ങൾ പണിതിരിക്കുന്നു; യെഹൂദാ ഉറപ്പുള്ള പട്ടണങ്ങൾ വർദ്ധിപ്പിച്ചിരിക്കുന്നു; എന്നാൽ ഞാൻ അവന്റെ പട്ടണങ്ങളിൽ തീ അയയ്ക്കും; ആ തീ അവയിലുള്ള അരമനകൾ ദഹിപ്പിച്ചുകളയും.”
ഹോശേയ 8:1-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവർ എന്റെ നിയമത്തെ ലംഘിച്ചു എന്റെ ന്യായപ്രമാണത്തിന്നു വിരോധമായി അതിക്രമം ചെയ്തതുകൊണ്ടു കാഹളം വായിൽ വെക്കുക; കഴുകനെപ്പോലെ യഹോവയുടെ ആലയത്തിന്മേൽ ചാടിവീഴുക. അവർ എന്നോടു: ദൈവമേ, യിസ്രായേലാകുന്ന ഞങ്ങൾ നിന്നെ അറിയുന്നു എന്നു നിലവിളിക്കുന്നു. യിസ്രായേൽ നന്മയായതിനെ ഉപേക്ഷിച്ചുകളഞ്ഞിരിക്കുന്നു; ശത്രു അവനെ പിന്തുടരട്ടെ. അവർ രാജാക്കന്മാരെ വാഴിച്ചു, ഞാൻ മുഖാന്തരം അല്ലതാനും; ഞാൻ അറിയാതെ പ്രഭുക്കന്മാരെ അവർ നിയമിച്ചിരിക്കുന്നു; അവർ ഛേദിക്കപ്പെടേണ്ടതിന്നു വെള്ളികൊണ്ടും പൊന്നുകൊണ്ടും തങ്ങൾക്കു വിഗ്രഹങ്ങളെ ഉണ്ടാക്കി. ശമര്യയേ, നിന്റെ പശുക്കിടാവിനെ അവൻ വെറുക്കുന്നു; എന്റെ കോപം അവരുടെ നേരെ ജ്വലിക്കുന്നു; അവർക്കു കുറ്റമില്ലായ്മ എത്രത്തോളം അസാദ്ധ്യമായിരിക്കും? ഇതു യിസ്രായേലിന്റെ പണി തന്നേ; ഒരു കൗശലപ്പണിക്കാരൻ അതിനെ ഉണ്ടാക്കി, അതു ദൈവമല്ല; ശമര്യയുടെ പശുക്കിടാവു നുറുങ്ങിപ്പോകും. അവർ കാറ്റു വിതെച്ചു, ചുഴലിക്കാറ്റു കൊയ്യും; അതിന്നു തണ്ടില്ല, ഞാറു മാവിനെ നല്കുകയുമില്ല; നല്കിയാലും അന്യജാതികൾ അതിനെ വിഴുങ്ങിക്കളയും. യിസ്രായേലിനെ വിഴുങ്ങിപ്പോയി; അവർ ഇപ്പോൾ ജാതികളുടെ ഇടയിൽ ഇഷ്ടമില്ലാത്ത ഒരു പാത്രംപോലെയിരിക്കുന്നു. അവർ തനിച്ചു നടക്കുന്ന കാട്ടുകഴുതപോലെ അശ്ശൂരിലേക്കു പോയി; എഫ്രയീം ജാരന്മാരെ കൂലിക്കു വാങ്ങിയിരിക്കുന്നു. അവർ ജാതികളുടെ ഇടയിൽനിന്നു ജാരന്മാരെ കൂലിക്കു വാങ്ങിയാലും ഞാൻ ഇപ്പോൾ അവരെ കൂട്ടും; അവർ പ്രഭുക്കന്മാരുടെ രാജാവിന്റെ ചുമടിൻകീഴിൽ വേഗത്തിൽ വേദനപ്പെടും. എഫ്രയീം പാപപരിഹാരത്തിന്നായി അനേകം യാഗപീഠങ്ങളെ ഉണ്ടാക്കിയതുകൊണ്ടു, യാഗപീഠങ്ങൾ അവന്നു പാപഹേതുവായി തീർന്നിരിക്കുന്നു. ഞാൻ എന്റെ ന്യായപ്രമാണം അവന്നു പതിനായിരം കല്പനയായി എഴുതിക്കൊടുത്താലും അവ അപൂർവ്വകാര്യമായി എണ്ണപ്പെടുന്നു. അവർ എന്റെ അർപ്പണയാഗങ്ങളെ അറുത്തു മാംസം തിന്നുന്നു; എന്നാൽ യഹോവ അവയിൽ പ്രസാദിക്കുന്നില്ല; ഇപ്പോൾ അവൻ അവരുടെ അകൃത്യം ഓർത്തു അവരുടെ പാപം സന്ദർശിക്കും; അവർ മിസ്രയീമിലേക്കു മടങ്ങിപ്പോകേണ്ടിവരും. യിസ്രായേൽ തന്നെ ഉണ്ടാക്കിയവനെ മറന്നു മന്ദിരങ്ങളെ പണിതിരിക്കുന്നു; യെഹൂദാ ഉറപ്പുള്ള പട്ടണങ്ങളെ വർദ്ധിപ്പിച്ചിരിക്കുന്നു; എന്നാൽ ഞാൻ അവന്റെ പട്ടണങ്ങളിൽ തീ അയക്കും; അതു അവയിലെ അരമനകളെ ദഹിപ്പിച്ചുകളയും.
ഹോശേയ 8:1-14 സമകാലിക മലയാളവിവർത്തനം (MCV)
“കാഹളം നിന്റെ ചുണ്ടിൽ വെക്കുക! അവർ എന്റെ ഉടമ്പടി ലംഘിച്ച് എന്റെ ന്യായപ്രമാണത്തോടു മത്സരിച്ചതുമൂലം യഹോവയുടെ മന്ദിരത്തിനുമീതേ ശത്രു ഒരു കഴുകനെപ്പോലെ വരും. ‘ഞങ്ങളുടെ ദൈവമേ, ഞങ്ങൾ അങ്ങയെ അംഗീകരിക്കുന്നു!’ എന്ന് ഇസ്രായേൽ എന്നോടു നിലവിളിക്കുന്നു. എന്നാൽ, ഇസ്രായേൽ നന്മ ഉപേക്ഷിച്ചിരിക്കുന്നു; ശത്രു അവനെ പിൻതുടരും. എന്റെ സമ്മതംകൂടാതെ അവർ രാജാക്കന്മാരെ വാഴിക്കുന്നു; എന്റെ അംഗീകാരം ഇല്ലാതെ അവർ പ്രഭുക്കന്മാരെ തെരഞ്ഞെടുക്കുന്നു. അവർ സ്വന്തം നാശത്തിനായി, തങ്ങൾക്കുള്ള വെള്ളിയും സ്വർണവുംകൊണ്ടു തങ്ങൾക്കുതന്നെ വിഗ്രഹങ്ങൾ ഉണ്ടാക്കുന്നു. ശമര്യയേ, നിങ്ങളുടെ പശുക്കിടാവിന്റെ വിഗ്രഹത്തെ പുറത്ത് എറിഞ്ഞുകളയുക! എന്റെ കോപം അവർക്കുനേരേ ജ്വലിക്കുന്നു. നിർമലരായിരിക്കുന്നത് അവർക്ക് എത്രത്തോളം അസാധ്യമായിരിക്കും? അത് ഇസ്രായേലിൽനിന്നുള്ളതുതന്നെ! ഒരു കൊത്തുപണിക്കാരൻ അതിനെ ഉണ്ടാക്കി; അതു ദൈവമല്ല. ശമര്യയിലെ പശുക്കിടാവ് കഷണങ്ങളായി തകർന്നുപോകും. “അവർ കാറ്റു വിതച്ചു, കൊടുങ്കാറ്റു കൊയ്യുന്നു. അവരുടെ തണ്ടിൽ കതിരില്ല; അതിൽനിന്ന് മാവു കിട്ടുകയുമില്ല. അതിൽ ധാന്യം വിളഞ്ഞെങ്കിൽക്കൂടെ അന്യദേശക്കാർ അതു വിഴുങ്ങിക്കളയും. ഇസ്രായേലിനെ വിഴുങ്ങിക്കളഞ്ഞിരിക്കുന്നു; അവൾ ഇപ്പോൾ രാഷ്ട്രങ്ങളുടെ മധ്യത്തിൽ ഇഷ്ടമില്ലാത്ത ഒരു പാത്രംപോലെ ആയിരിക്കുന്നു. തനിയേ അലഞ്ഞുതിരിയുന്ന ഒരു കാട്ടുകഴുതയെപ്പോലെ അവർ അശ്ശൂരിലേക്കു പോയി; എഫ്രയീം തങ്ങളെത്തന്നെ കാമുകന്മാർക്കു വിറ്റിരിക്കുന്നു. അവർ രാജ്യങ്ങളുടെ മധ്യത്തിൽ തങ്ങളെത്തന്നെ വിറ്റാലും ഞാൻ ഇപ്പോൾ അവരെ ഒരുമിച്ചുകൂട്ടും; ശക്തനായ രാജാവിന്റെ പീഡനംനിമിത്തം അവർ മെലിഞ്ഞുണങ്ങാൻ തുടങ്ങും. “എഫ്രയീം പാപശുദ്ധീകരണയാഗങ്ങൾക്കുവേണ്ടി അനേകം യാഗപീഠങ്ങൾ പണിതു എങ്കിലും, അവയെല്ലാം പാപഹേതുവായിത്തീർന്നിരിക്കുന്നു. ഞാൻ അവർക്കുവേണ്ടി, എന്റെ ന്യായപ്രമാണത്തിലുള്ള അനേകം സംഗതികൾ എഴുതി, പക്ഷേ, അവർ അതിനെ വൈദേശികമായി ചിന്തിച്ചുകളഞ്ഞു. അവർ എനിക്കുള്ള ദാനമായി യാഗങ്ങൾ അർപ്പിക്കുകയും അതിന്റെ മാംസം ഭക്ഷിക്കുകയും ചെയ്യുന്നു, എന്നാൽ യഹോവ അവരിൽ പ്രസാദിക്കുന്നില്ല. ഇപ്പോൾ യഹോവ അവരുടെ ദുഷ്ടത ഓർക്കും അവരുടെ പാപങ്ങൾ ശിക്ഷിക്കും; അവർ ഈജിപ്റ്റിലേക്കു മടങ്ങിപ്പോകും. ഇസ്രായേൽ തന്റെ സ്രഷ്ടാവിനെ മറന്ന് കൊട്ടാരങ്ങൾ പണിതിരിക്കുന്നു; യെഹൂദാ അനേകം നഗരങ്ങളെ കോട്ടകളാക്കി. എന്നാൽ ഞാൻ അവരുടെ പട്ടണങ്ങളിന്മേൽ അഗ്നി അയയ്ക്കും അത് അവരുടെ കോട്ടകളെ ദഹിപ്പിച്ചുകളയും.”