ഹോശേയ 6:1-6
ഹോശേയ 6:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വരുവിൻ നാം യഹോവയുടെ അടുക്കലേക്കു ചെല്ലുക. അവൻ നമ്മെ കടിച്ചു കീറിയിരിക്കുന്നു; അവൻ സൗഖ്യമാക്കും; അവൻ നമ്മെ അടിച്ചിരിക്കുന്നു; അവൻ മുറിവു കെട്ടും. രണ്ടു ദിവസം കഴിഞ്ഞിട്ട് അവൻ നമ്മെ ജീവിപ്പിക്കും; മൂന്നാം ദിവസം അവൻ നമ്മെ എഴുന്നേല്പിക്കും; നാം അവന്റെ മുമ്പാകെ ജീവിക്കയും ചെയ്യും. നാം അറിഞ്ഞുകൊൾക; യഹോവയെ അറിവാൻ നാം ഉത്സാഹിക്ക; അവന്റെ ഉദയം പ്രഭാതംപോലെ നിശ്ചയമുള്ളത്; അവൻ മഴപോലെ, ഭൂമിയെ നനയ്ക്കുന്ന പിൻമഴപോലെ തന്നെ, നമ്മുടെ അടുക്കൽ വരും. എഫ്രയീമേ, ഞാൻ നിനക്ക് എന്തു ചെയ്യേണ്ടൂ? യെഹൂദായേ, ഞാൻ നിനക്ക് എന്തു ചെയ്യേണ്ടൂ? നിങ്ങളുടെ വാത്സല്യം പ്രഭാതമേഘംപോലെയും പുലർച്ചയ്ക്കു നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും ഇരിക്കുന്നു. അതുകൊണ്ടു ഞാൻ പ്രവാചകന്മാർ മുഖാന്തരം അവരെ വെട്ടി, എന്റെ വായിലെ വചനങ്ങളാൽ അവരെ കൊന്നുകളഞ്ഞു; എന്റെ ന്യായം വെളിച്ചംപോലെ ഉദിക്കുന്നു. യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാൾ ദൈവപരിജ്ഞാനത്തിലും ഞാൻ പ്രസാദിക്കുന്നു.
ഹോശേയ 6:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ പറയും: വരുവിൻ, നമുക്കു സർവേശ്വരന്റെ അടുക്കലേക്കു മടങ്ങിച്ചെല്ലാം; അവിടുന്നു നമ്മെ ചീന്തിക്കളഞ്ഞു എങ്കിലും അവിടുന്നു നമ്മെ സുഖപ്പെടുത്തും. അവിടുന്നു നമ്മെ പ്രഹരിച്ചു. അവിടുന്നു തന്നെ മുറിവു വച്ചുകെട്ടും. രണ്ടു ദിവസം കഴിഞ്ഞ് അവിടുന്നു നമുക്കു നവജീവൻ നല്കും. മൂന്നാം ദിവസം അവിടുന്നു നമ്മെ എഴുന്നേല്പിക്കും. അങ്ങനെ നാം തിരുമുമ്പിൽ ജീവിക്കും. സർവേശ്വരനെ നാം അറിയണം; അവിടുത്തെ അറിയാൻ നമുക്കു തീവ്രമായി ശ്രമിക്കാം. അവിടുന്നു പ്രഭാതംപോലെ സുനിശ്ചിതമായി വരും. മഴപോലെ, ഭൂമിയെ കുതിർക്കുന്ന പുതുമഴപോലെ അവിടുന്നു വരും. ഇസ്രായേലേ, ഞാൻ നിങ്ങളോട് എന്തു ചെയ്യും? യെഹൂദായേ, ഞാൻ നിങ്ങളോട് എന്തുചെയ്യും? നിങ്ങളുടെ സ്നേഹം പ്രഭാതമേഘംപോലെയും പുലർകാലമഞ്ഞുപോലെയും മാഞ്ഞുപോകുന്നു. അതിനാൽ പ്രവാചകന്മാർ മുഖേന ഞാൻ അവരെ വെട്ടിവീഴ്ത്തി; എന്റെ വചനങ്ങളാൽ ഞാൻ അവരെ സംഹരിച്ചു. എന്റെ വിധി പ്രകാശംപോലെ പരക്കുന്നു. ബലിയല്ല, സുസ്ഥിരമായ സ്നേഹമാണു ഞാൻ ആഗ്രഹിക്കുന്നത്. ഹോമയാഗത്തെക്കാൾ എനിക്കു പ്രസാദകരം ദൈവജ്ഞാനമാണ്.
ഹോശേയ 6:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
വരുവിൻ നാം യഹോവയുടെ അടുക്കലേക്ക് മടങ്ങിചെല്ലുക. അവിടുന്നു നമ്മെ കടിച്ചു കീറിയിരിക്കുന്നു; എങ്കിലും അവിടുന്നു നമ്മെ സൗഖ്യമാക്കും; അവിടുന്നു നമ്മെ അടിച്ചിരിക്കുന്നു; എങ്കിലും അവിടുന്നു നമ്മുടെ മുറിവ് കെട്ടും. രണ്ടു ദിവസം കഴിഞ്ഞ് അവിടുന്നു നമ്മെ ജീവിപ്പിക്കും; മൂന്നാംദിവസം അവിടുന്നു നമ്മെ എഴുന്നേല്പിക്കും; നാം അവിടുത്തെ മുമ്പാകെ ജീവിക്കുകയും ചെയ്യും. നാം അറിഞ്ഞുകൊള്ളുക; യഹോവയെ അറിയുവാൻ നാം ഉത്സാഹിക്കുക; അവിടുത്തെ ഉദയം പ്രഭാതം പോലെ നിശ്ചയമുള്ളത്; അവിടുന്ന് മഴപോലെ, ഭൂമിയെ നനയ്ക്കുന്ന പിൻമഴപോലെ തന്നെ, നമ്മുടെ അടുക്കൽ വരും. എഫ്രയീമേ, ഞാൻ നിനക്കുവേണ്ടി എന്ത് ചെയ്യേണം? യെഹൂദയേ, ഞാൻ നിനക്കുവേണ്ടി എന്ത് ചെയ്യേണം? നിങ്ങളുടെ സ്നേഹം പ്രഭാതമേഘംപോലെയും പുലർച്ചയിൽ നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും ഇരിക്കുന്നു. അതുകൊണ്ട് ഞാൻ പ്രവാചകന്മാർ മുഖാന്തരം അവരെ വെട്ടി, എന്റെ വായിലെ വചനങ്ങളാൽ അവരെ കൊന്നുകളഞ്ഞു; എന്റെ ന്യായം വെളിച്ചംപോലെ ഉദിക്കുന്നു. യാഗമല്ല, കരുണ അത്രേ ഞാൻ ആഗ്രഹിക്കുന്നത്; ഹോമയാഗങ്ങളെക്കാൾ ദൈവപരിജ്ഞാനത്തിൽ ഞാൻ പ്രസാദിക്കുന്നു.
ഹോശേയ 6:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
വരുവിൻ നാം യഹോവയുടെ അടുക്കലേക്കു ചെല്ലുക. അവൻ നമ്മെ കടിച്ചു കീറിയിരിക്കുന്നു; അവൻ സൗഖ്യമാക്കും; അവൻ നമ്മെ അടിച്ചിരിക്കുന്നു; അവൻ മുറിവു കെട്ടും. രണ്ടു ദിവസം കഴിഞ്ഞിട്ടു അവൻ നമ്മെ ജീവിപ്പിക്കും; മൂന്നാം ദിവസം അവൻ നമ്മെ എഴുന്നേല്പിക്കും; നാം അവന്റെ മുമ്പാകെ ജീവിക്കയും ചെയ്യും. നാം അറിഞ്ഞുകൊൾക; യഹോവയെ അറിവാൻ നാം ഉത്സാഹിക്ക; അവന്റെ ഉദയം പ്രഭാതംപോലെ നിശ്ചയമുള്ളതു; അവൻ മഴപോലെ, ഭൂമിയെ നനെക്കുന്ന പിൻമഴപോലെ തന്നേ, നമ്മുടെ അടുക്കൽ വരും. എഫ്രയീമേ, ഞാൻ നിനക്കു എന്തു ചെയ്യേണ്ടു? യെഹൂദയേ, ഞാൻ നിനക്കു എന്തു ചെയ്യേണ്ടു? നിങ്ങളുടെ വാത്സല്യം പ്രഭാതമേഘംപോലെയും പുലർച്ചെക്കു നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും ഇരിക്കുന്നു. അതുകൊണ്ടു ഞാൻ പ്രവാചകന്മാർ മുഖാന്തരം അവരെ വെട്ടി, എന്റെ വായിലെ വചനങ്ങളാൽ അവരെ കൊന്നുകളഞ്ഞു; എന്റെ ന്യായം വെളിച്ചംപോലെ ഉദിക്കുന്നു. യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാൾ ദൈവപരിജ്ഞാനത്തിലും ഞാൻ പ്രസാദിക്കുന്നു.
ഹോശേയ 6:1-6 സമകാലിക മലയാളവിവർത്തനം (MCV)
“വരിക, നമുക്കു യഹോവയുടെ അടുക്കലേക്കു മടങ്ങിപ്പോകാം. യഹോവ നമ്മെ കടിച്ചുകീറിക്കളഞ്ഞിരിക്കുന്നു; എങ്കിലും അവിടന്നു നമ്മെ സൗഖ്യമാക്കും. അവിടന്നു നമ്മെ മുറിവേൽപ്പിച്ചിരിക്കുന്നു; അവിടന്നുതന്നെ നമ്മുടെ മുറിവു കെട്ടും. രണ്ടുദിവസത്തിനുശേഷം അവിടന്ന് നമ്മെ ജീവിപ്പിക്കും; മൂന്നാംദിവസം അവിടന്ന് നമ്മെ പുനരുദ്ധരിക്കും, നാം അവിടത്തെ സാന്നിധ്യത്തിൽ ജീവിക്കേണ്ടതിനുതന്നെ. നാം യഹോവയെ അംഗീകരിക്കുക; അവിടത്തെ അംഗീകരിക്കാൻ നാം ജാഗ്രതയുള്ളവരായിരിക്കുക. സൂര്യോദയംപോലെ സുനിശ്ചിതമായിരിക്കുന്നതുപോലെ ആയിരിക്കും അവിടത്തെ പ്രത്യക്ഷതയും. അവിടന്നു ശീതകാലമഴപോലെ നമുക്കു പ്രത്യക്ഷനാകും വസന്തകാലമഴ ഭൂമിയെ നനയ്ക്കുമ്പോലെതന്നെ.” “എഫ്രയീമേ, നിന്നോടു ഞാൻ എന്തു ചെയ്യണം? യെഹൂദയേ, ഞാൻ നിന്നോട് എന്താണു ചെയ്യേണ്ടത്? നിന്റെ സ്നേഹം പ്രഭാതമഞ്ഞുപോലെയും അപ്രത്യക്ഷമാകുന്ന പ്രഭാതത്തിലെ മഞ്ഞുതുള്ളിപോലെയും ആകുന്നു. അതുകൊണ്ട്, എന്റെ പ്രവാചകന്മാരെക്കൊണ്ടു ഞാൻ നിന്നെ വെട്ടി, എന്റെ വായുടെ വചനത്താൽ ഞാൻ നിന്നെ വധിച്ചു. എന്റെ ന്യായവിധികൾ മിന്നൽപോലെ നിന്റെമേൽ പാഞ്ഞു. യാഗമല്ല, കരുണയാണ് ഞാൻ അഭിലഷിക്കുന്നത്; ഹോമയാഗങ്ങളെക്കാൾ, ദൈവപരിജ്ഞാനത്തിൽ ഞാൻ പ്രസാദിക്കുന്നു.