ഹോശേയ 2:9-15

ഹോശേയ 2:9-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അതുകൊണ്ടു തല്ക്കാലത്ത് എന്റെ ധാന്യവും തത്സമയത്ത് എന്റെ വീഞ്ഞും ഞാൻ മടക്കി എടുക്കയും അവളുടെ നഗ്നത മറയ്ക്കേണ്ടതിനു കൊടുത്തിരുന്ന എന്റെ ആട്ടിൻരോമവും ശണവും ഞാൻ എടുത്തുകളകയും ചെയ്യും. ഇപ്പോൾ ഞാൻ അവളുടെ ജാരന്മാർ കാൺകെ അവളുടെ നാണിടത്തെ അനാവൃതമാക്കും; ആരും അവളെ എന്റെ കൈയിൽനിന്നു വിടുവിക്കയില്ല. ഞാൻ അവളുടെ സകല സന്തോഷവും ഉത്സവങ്ങളും അമാവാസികളും ശബ്ബത്തുകളും അവളുടെ വിശേഷദിവസങ്ങളും എല്ലാം ഇല്ലാതെയാക്കും. ഇത് എന്റെ ജാരന്മാർ എനിക്കു തന്ന സമ്മാനങ്ങൾ എന്ന് അവൾ പറഞ്ഞ മുന്തിരിവള്ളികളെയും അത്തിവൃക്ഷങ്ങളെയും ഞാൻ നശിപ്പിച്ചു കാടാക്കും; കാട്ടുമൃഗങ്ങൾ അവയെ തിന്നുകളയും. അവൾ ബാൽവിഗ്രഹങ്ങൾക്കു ധൂപം കാണിച്ച് കുണുക്കും ആഭരണങ്ങളുംകൊണ്ടു തന്നെ അലങ്കരിച്ച് തന്റെ ജാരന്മാരെ പിന്തുടർന്ന് എന്നെ മറന്നുകളഞ്ഞ നാളുകളെ ഞാൻ അവളോടു സന്ദർശിക്കും എന്നു യഹോവയുടെ അരുളപ്പാട്. അതുകൊണ്ടു ഞാൻ അവളെ വശീകരിച്ച് മരുഭൂമിയിൽ കൊണ്ടുചെന്ന് അവളോടു ഹൃദ്യമായി സംസാരിക്കും. അവിടെനിന്ന് ഞാൻ അവൾക്കു മുന്തിരിത്തോട്ടങ്ങളെയും പ്രത്യാശയുടെ വാതിലായി ആഖോർ താഴ്‌വരയെയും കൊടുക്കും; അവൾ അവിടെ അവളുടെ യൗവനകാലത്തിലെന്നപോലെയും അവൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടുവന്ന നാളിലെന്നപോലെയും വിധേയ ആകും.

പങ്ക് വെക്കു
ഹോശേയ 2 വായിക്കുക

ഹോശേയ 2:9-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അതുകൊണ്ട് എന്റെ ധാന്യവും വീഞ്ഞും ഞാൻ യഥാവസരം തിരിച്ചെടുക്കും. അതുപോലെതന്നെ അവളുടെ നഗ്നത മറയ്‍ക്കാനുള്ള കമ്പിളിയും ചണവസ്ത്രവും ഞാൻ എടുത്തുകളയും. അപ്പോൾ അവളുടെ കാമുകന്മാരുടെ മുമ്പിൽവച്ച് അവളുടെ നഗ്നത ഞാൻ അനാവൃതമാക്കും. ആരും എന്റെ കൈയിൽനിന്ന് അവളെ വിടുവിക്കുകയില്ല. അവളുടെ സകല സന്തോഷവും ഉത്സവങ്ങളും അമാവാസികളും ശബത്തുകളും നിർദിഷ്ട ഉത്സവങ്ങളും ഇല്ലാതാകും. എന്റെ കാമുകന്മാർ തന്നതാണ് ഇവയെല്ലാം എന്നു നീ പറഞ്ഞ മുന്തിരിത്തോട്ടവും അത്തിമരങ്ങളും ഞാൻ ശൂന്യമാക്കും; അവയെ ഞാൻ കാടാക്കിത്തീർക്കും; കാട്ടുമൃഗങ്ങൾ അവയെ തിന്നൊടുക്കും. ബാൽവിഗ്രഹത്തിനു ധൂപാർച്ചന നടത്തിയും ആഭരണങ്ങൾ അണിഞ്ഞൊരുങ്ങി കാമുകന്മാരെ പിന്തുടർന്നും അവൾ എന്നെ മറന്നു. അതുകൊണ്ട് ഞാൻ അവളെ ശിക്ഷിക്കും. ഇതു സർവേശ്വരന്റെ വചനം. “അതുകൊണ്ട് ഞാൻ അവളെ വശീകരിച്ചു വിജനസ്ഥലത്തേക്കു കൊണ്ടുവന്നു പ്രേമപൂർവം അവളോടു സംസാരിക്കും. അവിടെവച്ച് അവളുടെ മുന്തിരിത്തോട്ടങ്ങൾ ഞാൻ തിരിച്ചുകൊടുക്കും; ആഖോർ താഴ്‌വരയെ പ്രത്യാശയുടെ കവാടമാക്കിത്തീർക്കും; യൗവനത്തിലെന്നപോലെ, ഈജിപ്തിൽനിന്നു പുറപ്പെട്ട നാളിലെന്നപോലെ, അവൾ എന്നോടു പ്രതികരിക്കും.”

പങ്ക് വെക്കു
ഹോശേയ 2 വായിക്കുക

ഹോശേയ 2:9-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അതുകൊണ്ട് തക്കകാലത്ത് എന്‍റെ ധാന്യവും തക്കസമയത്ത് എന്‍റെ വീഞ്ഞും ഞാൻ തിരികെ എടുക്കുകയും അവളുടെ നഗ്നത മറയ്ക്കുവാൻ കൊടുത്തിരുന്ന എന്‍റെ ആട്ടിൻ രോമവും ശണവും എടുത്തുകളയുകയും ചെയ്യും. ഇപ്പോൾ ഞാൻ അവളുടെ ജാരന്മാർ കാൺകെ അവളുടെ നഗ്നത അനാവൃതമാക്കും; ആരും അവളെ എന്‍റെ കൈയിൽനിന്ന് വിടുവിക്കുകയില്ല. ഞാൻ അവളുടെ സകലവിധ സന്തോഷവും ഉത്സവങ്ങളും അമാവാസികളും ശബ്ബത്തുകളും അവളുടെ വിശേഷദിവസങ്ങളും ഇല്ലാതെയാക്കും. “ഇത് എന്‍റെ ജാരന്മാർ എനിക്ക് തന്ന സമ്മാനങ്ങൾ” എന്ന് അവൾ പറഞ്ഞ മുന്തിരിവള്ളികളും അത്തിവൃക്ഷങ്ങളും ഞാൻ നശിപ്പിക്കും; അവയെ ഞാന്‍ വനമാക്കിത്തീര്‍ക്കും; വന്യമൃഗങ്ങൾ അവയെ തിന്നുകളയും. അവൾ ബാല്‍ വിഗ്രഹങ്ങൾക്ക് ധൂപം കാണിച്ച് കുണുക്കും ആഭരണങ്ങളുംകൊണ്ട് സ്വയം അലങ്കരിച്ച് തന്‍റെ ജാരന്മാരെ പിന്തുടർന്ന് എന്നെ മറന്നുകളഞ്ഞ നാളുകൾ ഞാൻ അവളോട് സന്ദർശിക്കും” എന്നു യഹോവയുടെ അരുളപ്പാട്. “അതുകൊണ്ട് ഞാൻ അവളെ വശീകരിച്ച് മരുഭൂമിയിൽ കൊണ്ടുചെന്ന് അവളോട് ഹൃദ്യമായി സംസാരിക്കും. അവിടെ ഞാൻ അവൾക്ക് മുന്തിരിത്തോട്ടങ്ങളും പ്രത്യാശയുടെ വാതിലായി ആഖോർ താഴ്‌വരയും കൊടുക്കും; അവൾ അവിടെ യൗവന കാലത്തെന്നപോലെയും മിസ്രയീം ദേശത്തുനിന്ന് പുറപ്പെട്ടുവന്ന നാളിലെപ്പോലെയും പാട്ട് പാടും.

പങ്ക് വെക്കു
ഹോശേയ 2 വായിക്കുക

ഹോശേയ 2:9-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അതുകൊണ്ടു തല്ക്കാലത്തു എന്റെ ധാന്യവും തത്സമയത്തു എന്റെ വീഞ്ഞും ഞാൻ മടക്കി എടുക്കയും അവളുടെ നഗ്നത മറെക്കേണ്ടതിന്നു കൊടുത്തിരുന്ന എന്റെ ആട്ടിൻ രോമവും ശണവും ഞാൻ എടുത്തുകളകയും ചെയ്യും. ഇപ്പോൾ ഞാൻ അവളുടെ ജാരന്മാർ കാൺകെ അവളുടെ നാണിടത്തെ അനാവൃതമാക്കും; ആരും അവളെ എന്റെ കയ്യിൽനിന്നു വിടുവിക്കയില്ല. ഞാൻ അവളുടെ സകലസന്തോഷവും ഉത്സവങ്ങളും അമാവാസികളും ശബ്ബത്തുകളും അവളുടെ വിശേഷദിവസങ്ങളും എല്ലാം ഇല്ലാതെയാക്കും. ഇതു എന്റെ ജാരന്മാർ എനിക്കു തന്ന സമ്മാനങ്ങൾ എന്നു അവൾ പറഞ്ഞ മുന്തിരിവള്ളികളെയും അത്തിവൃക്ഷങ്ങളെയും ഞാൻ നശിപ്പിച്ചു കാടാക്കും; കാട്ടുമൃഗങ്ങൾ അവയെ തിന്നുകളയും. അവൾ ബാൽവിഗ്രഹങ്ങൾക്കു ധൂപം കാണിച്ചു കുണുക്കും ആഭരണങ്ങളുംകൊണ്ടു തന്നെ അലങ്കരിച്ചു തന്റെ ജാരന്മാരെ പിന്തുടർന്നു എന്നെ മറന്നുകളഞ്ഞ നാളുകളെ ഞാൻ അവളോടു സന്ദർശിക്കും എന്നു യഹോവയുടെ അരുളപ്പാടു. അതുകൊണ്ടു ഞാൻ അവളെ വശീകരിച്ചു മരുഭൂമിയിൽ കൊണ്ടുചെന്നു അവളോടു ഹൃദ്യമായി സംസാരിക്കും. അവിടെ നിന്നു ഞാൻ അവൾക്കു മുന്തിരിത്തോട്ടങ്ങളെയും പ്രത്യാശയുടെ വാതിലായി ആഖോർതാഴ്‌വരയെയും കൊടുക്കും; അവൾ അവിടെ അവളുടെ യൗവനകാലത്തിലെന്നപോലെയും അവൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടുവന്ന നാളിലെന്നപോലെയും വിധേയ ആകും.

പങ്ക് വെക്കു
ഹോശേയ 2 വായിക്കുക

ഹോശേയ 2:9-15 സമകാലിക മലയാളവിവർത്തനം (MCV)

“അതുകൊണ്ട്, ധാന്യം വിളയുമ്പോൾ എന്റെ ധാന്യത്തെയും പുതുവീഞ്ഞു തയ്യാറാകുമ്പോൾ എന്റെ പുതുവീഞ്ഞിനെയും ഞാൻ എടുത്തുകളയും. അവളുടെ നഗ്നത മറയ്ക്കുന്നതിനുള്ള എന്റെ കമ്പിളിയും ചണവസ്ത്രവും ഞാൻ എടുത്തുകളയും ഇപ്പോൾത്തന്നെ അവളുടെ കാമുകന്മാരുടെമുമ്പിൽ അവളുടെ ഗുഹ്യഭാഗം ഞാൻ അനാവൃതമാക്കും; എന്റെ കൈയിൽനിന്ന് ആരും അവളെ വിടുവിക്കുകയില്ല. ഞാൻ അവളുടെ എല്ലാ ഉത്സവങ്ങളും നിർത്തലാക്കും: അവളുടെ വാർഷികോത്സവങ്ങളും അമാവാസികളും ശബ്ബത്ത് നാളുകളും—നിശ്ചയിക്കപ്പെട്ട എല്ലാ ആഘോഷങ്ങളുംതന്നെ. അവളുടെ കാമുകന്മാർ അവൾക്കു കൂലിയായി നൽകിയിരിക്കുന്ന മുന്തിരിയും അത്തിവൃക്ഷവും ഞാൻ നശിപ്പിക്കും; ഞാൻ അതിനെ കുറ്റിച്ചെടിയാക്കും, വന്യമൃഗങ്ങൾ അതിനെ നശിപ്പിച്ചുകളയും. ബാലിനു ധൂപം കാട്ടിയ ആ കാലങ്ങളിലെല്ലാം ഞാൻ അവളെ ശിക്ഷിക്കും; അവൾ മോതിരങ്ങളും ആഭരണങ്ങളും അണിഞ്ഞ് സ്വയം അലങ്കരിച്ചുകൊണ്ട് തന്റെ കാമുകന്മാരെ പിൻതുടർന്നു, എന്നെയോ, അവൾ മറന്നുകളഞ്ഞു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “അതുകൊണ്ട്, ഞാൻ അവളെ വശീകരിക്കാൻ പോകുന്നു; ഞാൻ അവളെ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടുപോകുകയും അവളോടു ഹൃദ്യമായി സംസാരിക്കുകയും ചെയ്യും. അവിടെ, അവളുടെ മുന്തിരിത്തോട്ടങ്ങൾ ഞാൻ അവൾക്കു മടക്കിക്കൊടുക്കും, ആഖോർ താഴ്വരയെ പ്രത്യാശയുടെ കവാടമാക്കും. അവിടെ, അവളുടെ യൗവനനാളുകളിലെപ്പോലെ, ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവന്ന ദിവസങ്ങളിലെപ്പോലെ അവൾ പാട്ടുപാടും.

പങ്ക് വെക്കു
ഹോശേയ 2 വായിക്കുക