ഹോശേയ 2:14-23

ഹോശേയ 2:14-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അതുകൊണ്ടു ഞാൻ അവളെ വശീകരിച്ച് മരുഭൂമിയിൽ കൊണ്ടുചെന്ന് അവളോടു ഹൃദ്യമായി സംസാരിക്കും. അവിടെനിന്ന് ഞാൻ അവൾക്കു മുന്തിരിത്തോട്ടങ്ങളെയും പ്രത്യാശയുടെ വാതിലായി ആഖോർ താഴ്‌വരയെയും കൊടുക്കും; അവൾ അവിടെ അവളുടെ യൗവനകാലത്തിലെന്നപോലെയും അവൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടുവന്ന നാളിലെന്നപോലെയും വിധേയ ആകും. അന്നാളിൽ നീ എന്നെ ബാലീ (ഉടയവനേ) എന്നല്ല ഈശീ (ഭർത്താവേ) എന്നു വിളിക്കും എന്നു യഹോവയുടെ അരുളപ്പാട്. ഞാൻ ബാൽവിഗ്രഹങ്ങളുടെ പേരുകളെ അവളുടെ വായിൽനിന്നു നീക്കിക്കളയും; ഇനി ആരും അവയെ പേർചൊല്ലി സ്മരിക്കയുമില്ല. അന്നാളിൽ ഞാൻ അവർക്കുവേണ്ടി കാട്ടിലെ മൃഗങ്ങളോടും ആകാശത്തിലെ പക്ഷികളോടും നിലത്തിലെ ഇഴജാതികളോടും ഒരു നിയമം ചെയ്യും; ഞാൻ വില്ലും വാളും യുദ്ധവും ഭൂമിയിൽനിന്നു നീക്കി, അവരെ നിർഭയം വസിക്കുമാറാക്കും. ഞാൻ നിന്നെ സദാകാലത്തേക്കും എനിക്കു വിവാഹത്തിനു നിശ്ചയിക്കും; അതേ, നീതിയോടും ന്യായത്തോടും ദയയോടും കരുണയോടുംകൂടെ നിന്നെ എനിക്കു വിവാഹത്തിനു നിശ്ചയിക്കും. ഞാൻ വിശ്വസ്തതയോടെ നിന്നെ എനിക്കു വിവാഹത്തിനു നിശ്ചയിക്കും; നീ യഹോവയെ അറികയും ചെയ്യും. ആ കാലത്തു ഞാൻ ഉത്തരം നല്കും എന്നു യഹോവ അരുളിച്ചെയ്യുന്നു; ഞാൻ ആകാശത്തിന് ഉത്തരം നല്കും; അതു ഭൂമിക്ക് ഉത്തരം നല്കും; ഭൂമി ധാന്യത്തിനും വീഞ്ഞിനും എണ്ണയ്ക്കും ഉത്തരം നല്കും; അവ യിസ്രെയേലിനും ഉത്തരം നല്കും. ഞാൻ അതിനെ എനിക്കായി ദേശത്തു വിതയ്ക്കും; കരുണ ലഭിക്കാത്തവളോടു ഞാൻ കരുണ കാണിക്കും; എന്റെ ജനമല്ലാത്തതിനോട്: നീ എന്റെ ജനം എന്നു ഞാൻ പറയും; നീ എന്റെ ദൈവം എന്ന് അവരും പറയും.

പങ്ക് വെക്കു
ഹോശേയ 2 വായിക്കുക

ഹോശേയ 2:14-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“അതുകൊണ്ട് ഞാൻ അവളെ വശീകരിച്ചു വിജനസ്ഥലത്തേക്കു കൊണ്ടുവന്നു പ്രേമപൂർവം അവളോടു സംസാരിക്കും. അവിടെവച്ച് അവളുടെ മുന്തിരിത്തോട്ടങ്ങൾ ഞാൻ തിരിച്ചുകൊടുക്കും; ആഖോർ താഴ്‌വരയെ പ്രത്യാശയുടെ കവാടമാക്കിത്തീർക്കും; യൗവനത്തിലെന്നപോലെ, ഈജിപ്തിൽനിന്നു പുറപ്പെട്ട നാളിലെന്നപോലെ, അവൾ എന്നോടു പ്രതികരിക്കും.” സർവേശ്വരൻ അരുളിച്ചെയ്യുന്നു: “അന്നു നീ എന്നെ ‘എന്റെ പ്രിയതമൻ’ എന്നു സംബോധന ചെയ്യും. ‘എന്റെ ബാൽ’ എന്ന് ഇനിമേൽ നീ വിളിക്കുകയില്ല.” ബാൽദേവന്മാരുടെ നാമങ്ങൾ അവളുടെ അധരങ്ങളിൽനിന്നു ഞാൻ നീക്കിക്കളയും. അവരുടെ പേരുകൾ അവൾ ഇനി ഓർക്കുകയില്ല. ആ ദിവസം ഞാൻ നിനക്കുവേണ്ടി വന്യമൃഗങ്ങളോടും ആകാശത്തെ പറവകളോടും ഭൂമിയിലെ ഇഴജന്തുക്കളോടും ഒരു ഉടമ്പടി ഉണ്ടാക്കും. വില്ലും വാളും യുദ്ധവും ദേശത്തുനിന്നു നീക്കി ഞാൻ അവരെ നിർഭയം വസിക്കുമാറാക്കും. ഇസ്രായേലേ, നിന്നെ എന്നേക്കും എന്റെ ഭാര്യയായി സ്വീകരിക്കും. നീതിയിലും ന്യായത്തിലും സുസ്ഥിരമായ സ്നേഹത്തിലും കരുണയിലും നിന്നെ എന്റെ ഭാര്യയായി ഞാൻ സ്വീകരിക്കും. എന്റെ വിശ്വസ്തതയിൽ നിന്നെ എന്റെ ഭാര്യയായി സ്വീകരിക്കും. നീ സർവേശ്വരനെ അറിയുകയും ചെയ്യും. അവിടുന്ന് അരുളിച്ചെയ്യുന്നു: “അന്നു ഞാൻ ഉത്തരമരുളും. അന്നു ഞാൻ ആകാശത്തിന് ഉത്തരമരുളും, ആകാശം ഭൂമിക്ക് ഉത്തരമരുളും. ധാന്യവും വീഞ്ഞും എണ്ണയും നല്‌കി ഭൂമി ഉത്തരം നല്‌കും. അവ ജെസ്രീലിന് ഉത്തരം നല്‌കും. ഞാൻ അവരെ എനിക്കുവേണ്ടി ദേശത്തു നടും; കരുണ ലഭിക്കാത്തവളോടു ഞാൻ കരുണ കാണിക്കും; എന്റെ ജനമല്ലാത്തവരോടു നിങ്ങൾ എന്റെ ജനം എന്നു പറയും; അവിടുന്ന് എന്റെ ദൈവം എന്ന് അവർ പറയും.”

പങ്ക് വെക്കു
ഹോശേയ 2 വായിക്കുക

ഹോശേയ 2:14-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

“അതുകൊണ്ട് ഞാൻ അവളെ വശീകരിച്ച് മരുഭൂമിയിൽ കൊണ്ടുചെന്ന് അവളോട് ഹൃദ്യമായി സംസാരിക്കും. അവിടെ ഞാൻ അവൾക്ക് മുന്തിരിത്തോട്ടങ്ങളും പ്രത്യാശയുടെ വാതിലായി ആഖോർ താഴ്‌വരയും കൊടുക്കും; അവൾ അവിടെ യൗവന കാലത്തെന്നപോലെയും മിസ്രയീം ദേശത്തുനിന്ന് പുറപ്പെട്ടുവന്ന നാളിലെപ്പോലെയും പാട്ട് പാടും. അന്നാളിൽ നീ എന്നെ ‘ബാലീ’ എന്നല്ല ‘ഈശീ’ എന്ന് വിളിക്കും” എന്നു യഹോവയുടെ അരുളപ്പാട്. “ഞാൻ ബാല്‍ വിഗ്രഹങ്ങളുടെ പേരുകൾ അവളുടെ വായിൽനിന്ന് നീക്കിക്കളയും; ഇനി ആരും അവയെ പേര് ചൊല്ലി സ്മരിക്കുകയുമില്ല. അന്നാളിൽ ഞാൻ അവർക്ക് വേണ്ടി കാട്ടിലെ മൃഗങ്ങളോടും ആകാശത്തിലെ പക്ഷികളോടും ഭൂമിയിലെ ഇഴജാതികളോടും ഒരു നിയമം ചെയ്യും; ഞാൻ വില്ലും വാളും യുദ്ധവും ഭൂമിയിൽനിന്ന് നീക്കി, അവരെ നിർഭയം വസിക്കുമാറാക്കും. ഞാൻ നിന്നെ സദാകാലത്തേക്കും എനിക്ക് വിവാഹത്തിന് നിശ്ചയിക്കും; അതെ, നീതിയോടും ന്യായത്തോടും ദയയോടും കരുണയോടുംകൂടി നിന്നെ എനിക്ക് വിവാഹത്തിന് നിശ്ചയിക്കും. ഞാൻ വിശ്വസ്തതയോടെ നിന്നെ എനിക്ക് വിവാഹത്തിന് നിശ്ചയിക്കും; നീ യഹോവയെ അറിയുകയും ചെയ്യും.” “ആ കാലത്ത് ഞാൻ ഉത്തരം നല്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു: “ഞാൻ ആകാശത്തിന് ഉത്തരം നല്കും; ആകാശം ഭൂമിക്ക് ഉത്തരം നല്കും; ഭൂമി ധാന്യത്തിനും വീഞ്ഞിനും എണ്ണയ്ക്കും ഉത്തരം നല്കും; അവ യിസ്രയേലിനും ഉത്തരം നല്കും. ഞാൻ അതിനെ എനിക്കായി ദേശത്ത് വിതയ്ക്കും; കരുണ ലഭിക്കാത്തവളോട് ഞാൻ കരുണ കാണിക്കും. എന്‍റെ ജനമല്ലാത്തവരോട്: ‘നീ എന്‍റെ ജനം’ എന്നു ഞാൻ പറയും; ‘അങ്ങ് എന്‍റെ ദൈവം’ എന്നു അവരും പറയും.”

പങ്ക് വെക്കു
ഹോശേയ 2 വായിക്കുക

ഹോശേയ 2:14-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അതുകൊണ്ടു ഞാൻ അവളെ വശീകരിച്ചു മരുഭൂമിയിൽ കൊണ്ടുചെന്നു അവളോടു ഹൃദ്യമായി സംസാരിക്കും. അവിടെ നിന്നു ഞാൻ അവൾക്കു മുന്തിരിത്തോട്ടങ്ങളെയും പ്രത്യാശയുടെ വാതിലായി ആഖോർതാഴ്‌വരയെയും കൊടുക്കും; അവൾ അവിടെ അവളുടെ യൗവനകാലത്തിലെന്നപോലെയും അവൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടുവന്ന നാളിലെന്നപോലെയും വിധേയ ആകും. അന്നാളിൽ നീ എന്നെ ബാലീ (ഉടയവനേ) എന്നല്ല ഈശീ (ഭർത്താവേ) എന്നു വിളിക്കും എന്നു യഹോവയുടെ അരുളപ്പാടു. ഞാൻ ബാൽവിഗ്രഹങ്ങളുടെ പേരുകളെ അവളുടെ വായിൽനിന്നു നീക്കിക്കളയും; ഇനി ആരും അവയെ പേർചൊല്ലി സ്മരിക്കയുമില്ല. അന്നാളിൽ ഞാൻ അവർക്കു വേണ്ടി കാട്ടിലെ മൃഗങ്ങളോടും ആകാശത്തിലെ പക്ഷികളോടും നിലത്തിലെ ഇഴജാതികളോടും ഒരു നിയമം ചെയ്യും; ഞാൻ വില്ലും വാളും യുദ്ധവും ഭൂമിയിൽനിന്നു നീക്കി, അവരെ നിർഭയം വസിക്കുമാറാക്കും. ഞാൻ നിന്നെ സദാകാലത്തേക്കും എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും; അതേ, നീതിയോടും ന്യായത്തോടും ദയയോടും കരുണയോടുംകൂടെ നിന്നെ എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും. ഞാൻ വിശ്വസ്തതയോടെ നിന്നെ എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും; നീ യഹോവയെ അറികയും ചെയ്യും. ആ കാലത്തു ഞാൻ ഉത്തരം നല്കും എന്നു യഹോവ അരുളിച്ചെയ്യുന്നു: ഞാൻ ആകാശത്തിന്നു ഉത്തരം നല്കും; അതു ഭൂമിക്കു ഉത്തരം നല്കും; ഭൂമി ധാന്യത്തിന്നും വീഞ്ഞിന്നും എണ്ണെക്കും ഉത്തരം നല്കും; അവ യിസ്രെയേലിന്നും ഉത്തരം നല്കും. ഞാൻ അതിനെ എനിക്കായി ദേശത്തു വിതെക്കും; കരുണ ലഭിക്കാത്തവളോടു ഞാൻ കരുണ കാണിക്കും എന്റെ ജനമല്ലാത്തതിനോടു: നീ എന്റെ ജനം എന്നു ഞാൻ പറയും; നീ എന്റെ ദൈവം എന്നു അവരും പറയും.

പങ്ക് വെക്കു
ഹോശേയ 2 വായിക്കുക

ഹോശേയ 2:14-23 സമകാലിക മലയാളവിവർത്തനം (MCV)

“അതുകൊണ്ട്, ഞാൻ അവളെ വശീകരിക്കാൻ പോകുന്നു; ഞാൻ അവളെ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടുപോകുകയും അവളോടു ഹൃദ്യമായി സംസാരിക്കുകയും ചെയ്യും. അവിടെ, അവളുടെ മുന്തിരിത്തോട്ടങ്ങൾ ഞാൻ അവൾക്കു മടക്കിക്കൊടുക്കും, ആഖോർ താഴ്വരയെ പ്രത്യാശയുടെ കവാടമാക്കും. അവിടെ, അവളുടെ യൗവനനാളുകളിലെപ്പോലെ, ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവന്ന ദിവസങ്ങളിലെപ്പോലെ അവൾ പാട്ടുപാടും. “ആ ദിവസത്തിൽ,” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ എന്നെ ‘എന്റെ ഭർത്താവേ’ എന്നു വിളിക്കും; ‘എന്റെ യജമാനനേ’ എന്ന് ഇനിയൊരിക്കലും വിളിക്കുകയില്ല. ഞാൻ ബാലിന്റെ നാമങ്ങളെ അവളുടെ നാവിൽനിന്ന് മാറ്റിക്കളയും; അവരുടെ നാമങ്ങൾ ഇനിയൊരിക്കലും അവൾ ഉച്ചരിക്കയുമില്ല. ആ ദിവസം, ഞാൻ അവർക്കുവേണ്ടി വയലിലെ മൃഗങ്ങളോടും ആകാശത്തിലെ പറവകളോടും നിലത്ത് ഇഴയുന്ന ജന്തുക്കളോടും ഒരു ഉടമ്പടി ചെയ്യും. വില്ലും വാളും യുദ്ധവും ദേശത്തുനിന്നു ഞാൻ നീക്കിക്കളയും, അങ്ങനെ എല്ലാവരും സുരക്ഷിതരായി കിടന്നുറങ്ങും. ഞാൻ നിന്നെ എന്നെന്നേക്കുമായി വിവാഹനിശ്ചയം ചെയ്യും; ന്യായത്തിലും നീതിയിലും സ്നേഹത്തിലും മനസ്സലിവിലും ഞാൻ നിന്നെ വിവാഹനിശ്ചയം ചെയ്യും. ഞാൻ നിന്നെ വിശ്വസ്തതയിൽ വിവാഹനിശ്ചയം ചെയ്യും, അങ്ങനെ നീ, ഞാൻ യഹോവ ആകുന്നു എന്ന് അംഗീകരിക്കും. “അന്നു ഞാൻ ഉത്തരം നൽകും,” യഹോവ അരുളിച്ചെയ്യുന്നു— “ഞാൻ ആകാശത്തിന് ഉത്തരം നൽകും, ആകാശം ഭൂമിക്ക് ഉത്തരം നൽകും; ഭൂമി ധാന്യത്തിനും പുതുവീഞ്ഞ് ഒലിവെണ്ണയ്ക്കും ഉത്തരം നൽകും, അവ യെസ്രീലിന് ഉത്തരം നൽകും. എനിക്കുവേണ്ടി ഞാൻ അവളെ ദേശത്തു നടും; ‘എന്റെ പ്രിയപ്പെട്ടവളല്ല,’ എന്നു പറഞ്ഞവളോടു ഞാൻ എന്റെ സ്നേഹം കാണിക്കും. ‘എന്റെ ജനമല്ല,’ എന്നു പറഞ്ഞിരുന്നവരോട് ‘നിങ്ങൾ എന്റെ ജനം’ എന്നു ഞാൻ പറയും; ‘അവിടന്ന് ആകുന്നു എന്റെ ദൈവം,’ ” എന്ന് അവർ പറയും.

പങ്ക് വെക്കു
ഹോശേയ 2 വായിക്കുക