ഹോശേയ 10:1-15

ഹോശേയ 10:1-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യിസ്രായേൽ പടർന്നിരിക്കുന്ന ഒരു മുന്തിരിവള്ളി ആകുന്നു; അവൻ ഫലം കായ്ക്കുന്നു; തന്റെ ഫലത്തിന്റെ ബഹുത്വത്തിനു തക്കവണ്ണം അവൻ ബലിപീഠങ്ങളെ വർധിപ്പിച്ചു; തന്റെ ദേശത്തിന്റെ നന്മയ്ക്കു തക്കവണ്ണം അവൻ ഭംഗിയുള്ള വിഗ്രഹസ്തംഭങ്ങളെ ഉണ്ടാക്കി. അവരുടെ ഹൃദയം ഭിന്നിച്ചിരിക്കുന്നു; ഇപ്പോൾ അവർ കുറ്റക്കാരായിത്തീരും; അവൻ അവരുടെ ബലിപീഠങ്ങളെ ഇടിച്ചുകളകയും അവരുടെ വിഗ്രഹസ്തംഭങ്ങളെ നശിപ്പിക്കയും ചെയ്യും. ഇപ്പോൾ അവൻ: നമുക്കു രാജാവില്ല; നാം യഹോവയെ ഭയപ്പെടുന്നില്ലല്ലോ; രാജാവ് നമുക്കുവേണ്ടി എന്തു ചെയ്യും? എന്നു പറയും. അവർ വ്യർഥവാക്കുകൾ സംസാരിച്ച് ഉടമ്പടി ചെയ്യുന്നതിൽ കള്ളസ്സത്യം ചെയ്യുന്നു; അതുകൊണ്ട് ന്യായവിധി വയലിലെ ഉഴച്ചാലുകളിൽ നഞ്ചുചെടിപോലെ മുളച്ചുവരുന്നു. ശമര്യാനിവാസികൾ ബേത്ത്- ആവെനിലെ കാളക്കുട്ടിയെക്കുറിച്ചു പേടിക്കുന്നു; അതിലെ ജനം അതിനെക്കുറിച്ചു ദുഃഖിക്കുന്നു; അതിന്റെ പൂജാരികൾ അതിനെക്കുറിച്ചും അതിന്റെ മഹത്ത്വം അതിനെ വിട്ടുപോയതുകൊണ്ട് അതിനെക്കുറിച്ചും വിറയ്ക്കുന്നു. അതിനെയും യുദ്ധതല്പരനായ രാജാവിനു സമ്മാനമായി അശ്ശൂരിലേക്കു കൊണ്ടുപോകും; എഫ്രയീം ലജ്ജ പ്രാപിക്കും; യിസ്രായേൽ തന്റെ ആലോചനയെക്കുറിച്ചു ലജ്ജിക്കും. ശമര്യയോ, അതിന്റെ രാജാവ് വെള്ളത്തിലെ ചുള്ളിപോലെ നശിച്ചുപോകും. യിസ്രായേലിന്റെ പാപമായിരിക്കുന്ന ആവെനിലെ പൂജാഗിരികൾ നശിച്ചുപോകും; മുള്ളും പറക്കാരയും അവരുടെ ബലിപീഠങ്ങളിന്മേൽ മുളയ്ക്കും; അവർ മലകളോട്: ഞങ്ങളുടെമേൽ വീഴുവിൻ എന്നും പറയും. യിസ്രായേലേ, ഗിബെയയുടെ കാലംമുതൽ നീ പാപം ചെയ്തിരിക്കുന്നു; അവർ അവിടെത്തന്നെ നില്ക്കുന്നു; ഗിബെയയിൽ നീതികെട്ടവരോടുള്ള പട അവരെ എത്തിപ്പിടിച്ചില്ല; ഞാൻ ആഗ്രഹിക്കുമ്പോൾ അവരെ ശിക്ഷിക്കും; അവരെ അവരുടെ രണ്ട് അകൃത്യം നിമിത്തം ശിക്ഷിക്കുമ്പോൾ ജാതികൾ അവരുടെ നേരേ കൂടിവരും. എഫ്രയീം മെരുക്കമുള്ളതും ധാന്യം മെതിപ്പാൻ ഇഷ്ടപ്പെടുന്നതുമായ പശുക്കിടാവ് ആകുന്നു; ഞാൻ അതിന്റെ ഭംഗിയുള്ള കഴുത്തിൽ നുകം വയ്ക്കും; ഞാൻ എഫ്രയീമിനെ നുകത്തിൽ പിണയ്ക്കും; യെഹൂദാ ഉഴുകയും യാക്കോബ് കട്ട ഉടയ്ക്കുകയും ചെയ്യേണ്ടിവരും. നീതിയിൽ വിതപ്പിൻ; ദയയ്ക്കൊത്തവണ്ണം കൊയ്യുവിൻ; നിങ്ങളുടെ തരിശുനിലം ഉഴുവിൻ; യഹോവ വന്നു നിങ്ങളുടെമേൽ നീതി വർഷിപ്പിക്കേണ്ടതിന് അവനെ അന്വേഷിപ്പാനുള്ള കാലം ആകുന്നുവല്ലോ. നിങ്ങൾ ദുഷ്ടത ഉഴുത്, നീതികേടു കൊയ്ത്, ഭോഷ്കിന്റെ ഫലം തിന്നിരിക്കുന്നു; നീ നിന്റെ വഴിയിലും നിന്റെ വീരന്മാരുടെ സംഘത്തിലും ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടു നിന്റെ ജനത്തിന്റെ ഇടയിൽ ഒരു കലഹം ഉണ്ടാകും; യുദ്ധദിവസത്തിൽ ശൽമാൻ ബേത്ത്-അർബ്ബേലിനെ നശിപ്പിച്ചതുപോലെ നിന്റെ എല്ലാ കോട്ടകൾക്കും നാശം വരും; അവർ അമ്മയെ മക്കളോടുകൂടെ തകർത്തുകളഞ്ഞുവല്ലോ. അങ്ങനെ തന്നെ അവർ നിങ്ങളുടെ മഹാദുഷ്ടത നിമിത്തം ബേഥേലിൽവച്ച് നിങ്ങൾക്കും ചെയ്യും; പുലർച്ചയ്ക്കു യിസ്രായേൽരാജാവ് അശേഷം നശിച്ചുപോകും.

പങ്ക് വെക്കു
ഹോശേയ 10 വായിക്കുക

ഹോശേയ 10:1-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

തഴച്ചുവളർന്നു കായ്‍ക്കുന്ന മുന്തിരിച്ചെടിയാണ് ഇസ്രായേൽ. ഫലസമൃദ്ധി ഉണ്ടായതോടൊപ്പം അവർ കൂടുതൽ യാഗപീഠങ്ങളും നിർമിച്ചു. ദേശം ഐശ്വര്യസമൃദ്ധമായതോടൊപ്പം അവർ ആരാധനാസ്തംഭങ്ങൾ അലങ്കരിച്ചു. ഇസ്രായേല്യരുടെ ഹൃദയം വഞ്ചന നിറഞ്ഞതാണ്; അതിനാൽ അവർ ശിക്ഷ സഹിച്ചേ തീരൂ. സർവേശ്വരൻ അവരുടെ യാഗപീഠങ്ങൾ തകർക്കും; സ്തംഭങ്ങൾ നശിപ്പിക്കുകയും ചെയ്യും. അപ്പോൾ അവർ പറയും: “ഞങ്ങൾ സർവേശ്വരനെ ഭയപ്പെടാത്തതുകൊണ്ട് ഞങ്ങൾക്കു രാജാവില്ല. ഉണ്ടെങ്കിൽത്തന്നെ രാജാവിനു നമുക്കുവേണ്ടി എന്തുചെയ്യാൻ കഴിയും?” അവർ വ്യർഥവാക്കുകൾ ഉച്ചരിക്കുന്നു; വെറും പൊള്ളസത്യം ചെയ്ത് അവർ ഉടമ്പടി ഉണ്ടാക്കുന്നു. അതിനാൽ ഉഴവുചാലിൽ വിഷക്കളകളെന്നപോലെ ശിക്ഷാവിധി മുളച്ചുവരുന്നു. ശമര്യാനിവാസികൾ ബേത്ത്-ആവെനിലെ കാളക്കുട്ടി നിമിത്തം ഭയപ്പെടുന്നു; അവിടത്തെ ജനം അതിനെച്ചൊല്ലി വിലപിക്കും. അതിന്റെ വിട്ടുപോയ മഹത്ത്വത്തിന്റെ പേരിൽ വിഗ്രഹാരാധകരായ പുരോഹിതർ ഉറക്കെ കരയും. മഹാരാജാവിനു കാഴ്ചവയ്‍ക്കുന്നതിന് അതിനെ അസ്സീറിയായിലേക്കു കൊണ്ടുപോകും. എഫ്രയീം നിന്ദാപാത്രമായിത്തീരും; ഇസ്രായേൽ തന്റെ വിഗ്രഹം നിമിത്തം ലജ്ജിക്കും. ശമര്യയിലെ രാജാവ്, വെള്ളത്തിൽവീണ മരക്കഷണംപോലെ ഒലിച്ചുപോകും. ഇസ്രായേലിന്റെ പാപത്തിനു കാരണമായ ആവെനിലെ പൂജാഗിരികൾ നശിപ്പിക്കപ്പെടും. അവരുടെ യാഗപീഠങ്ങളിൽ മുള്ളും ഞെരിഞ്ഞിലും വളരും; അവർ പർവതങ്ങളോടു തങ്ങളെ മൂടാനും മലകളോടു തങ്ങളുടെമേൽ നിപതിക്കാനും പറയും. ഇസ്രായേലേ, നീ ഗിബെയയിൽവച്ചു പാപം ചെയ്യാൻ തുടങ്ങി; നീ അതു തുടരുന്നു. ഗിബെയയിൽവച്ചു യുദ്ധം അവരെ പിടികൂടിയില്ലേ? അനുസരണം കെട്ട ജനത്തെ ശിക്ഷിക്കാൻ ഞാൻ വരും; അവരുടെ ഇരു തിന്മകൾക്ക് അവർ ശിക്ഷിക്കപ്പെടുമ്പോൾ അവർക്കെതിരെ ജനതകളെ ഞാൻ അണിനിരത്തും. മെതിക്കാനിഷ്ടമുള്ള പരിശീലനം ലഭിച്ച പശുക്കുട്ടിയായിരുന്നു എഫ്രയീം; അതിന്റെ അഴകുള്ള ചുമലിൽ ഞാൻ നുകം വച്ചില്ല; എന്നാൽ ഞാൻ എഫ്രയീമിനു നുകം വയ്‍ക്കും; യെഹൂദാ നിലം ഉഴുകയും ഇസ്രായേൽ കട്ട ഉടയ്‍ക്കുകയും ചെയ്യേണ്ടിവരും. നീതി വിതയ്‍ക്കുക; സുസ്ഥിരമായ സ്നേഹത്തിന്റെ ഫലം കൊയ്യാം. നിങ്ങളുടെ തരിശുനിലം ഉഴുതൊരുക്കുക; സർവേശ്വരൻ വന്നു നിങ്ങളുടെമേൽ രക്ഷ ചൊരിയാൻ അവിടുത്തെ അന്വേഷിക്കേണ്ട സമയമാണല്ലോ ഇത്. നിങ്ങൾ അധർമം ഉഴുതൊരുക്കി അനീതി കൊയ്തെടുത്തു വ്യാജഫലം തിന്നിരിക്കുന്നു. കാരണം നിങ്ങൾ രഥങ്ങളിലും യോദ്ധാക്കളുടെ സംഖ്യാബലത്തിലും ആശ്രയിക്കുന്നു. അതുകൊണ്ടു ജനമധ്യത്തിൽ യുദ്ധകോലാഹലം ഉയരും. യുദ്ധദിവസത്തിൽ ബേത്ത്-അബ്ബേലിനെ ശൽമാൻ നശിപ്പിച്ചതുപോലെ നിന്റെ സകല കോട്ടകളും ഇടിച്ചുനിരത്തപ്പെടും. അവർ മാതാക്കളെ കുഞ്ഞുങ്ങളോടൊപ്പം നിലത്തടിച്ചുകൊല്ലും. ഇസ്രായേൽജനമേ, നിങ്ങളുടെ മഹാദുഷ്ടത നിമിത്തം നിങ്ങളോടും ഇപ്രകാരം ചെയ്യും. തുടക്കത്തിൽതന്നെ ഇസ്രായേൽരാജാവ് വിച്ഛേദിക്കപ്പെടും.

പങ്ക് വെക്കു
ഹോശേയ 10 വായിക്കുക

ഹോശേയ 10:1-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യിസ്രായേൽ പടർന്നിരിക്കുന്ന ഒരു മുന്തിരിവള്ളി ആകുന്നു; അവൻ ഫലം കായിക്കുന്നു; തന്‍റെ ഫലം വർദ്ധിച്ചപ്പോൾ അവൻ ബലിപീഠങ്ങളും വർദ്ധിപ്പിച്ചു; തന്‍റെ ദേശത്തിന് സമൃദ്ധി ഉണ്ടായപ്പോൾ അവൻ ഭംഗിയുള്ള വിഗ്രഹസ്തംഭങ്ങളും ഉണ്ടാക്കി. അവരുടെ ഹൃദയം ഭിന്നിച്ചിരിക്കുന്നു; ഇപ്പോൾ അവർ കുറ്റക്കാരായിത്തീരും; അവൻ അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയുകയും അവരുടെ വിഗ്രഹസ്തംഭങ്ങൾ നശിപ്പിക്കുകയും ചെയ്യും. ഇപ്പോൾ അവർ: “നമുക്ക് രാജാവില്ല; നാം യഹോവയെ ഭയപ്പെടുന്നില്ലല്ലോ; രാജാവ് നമുക്കുവേണ്ടി എന്ത് ചെയ്യും?” എന്ന് പറയും. അവർ വ്യർത്ഥവാക്കുകൾ സംസാരിച്ച്, ഉടമ്പടി ചെയ്യുമ്പോൾ കള്ളസ്സത്യം ചെയ്യുന്നു; അതുകൊണ്ട് ദൈവത്തിന്‍റെ ന്യായവിധി വയലിലെ ഉഴവുചാലുകളിൽ നഞ്ചുചെടിപോലെ മുളച്ചുവരുന്നു. ശമര്യാ നിവാസികൾ ബേത്ത്-ആവെനിലെ കാളക്കുട്ടി നിമിത്തം ഭയപ്പെടുന്നു; അവിടുത്തെ ജനം അതിനെക്കുറിച്ച് ദുഃഖിക്കുന്നു; അവരുടെ പൂജാരികൾ മഹത്വം അതിനെ വിട്ടുപോയതുകൊണ്ട് അതിനെക്കുറിച്ച് ഭയപ്പെട്ട് വിറയ്ക്കുന്നു. ആ വിഗ്രഹത്തെയും യുദ്ധതല്പരനായ രാജാവിന് സമ്മാനമായി അശ്ശൂരിലേക്ക് കൊണ്ടുപോകും; എഫ്രയീം ലജ്ജിക്കും; യിസ്രായേൽ സ്വന്തം തടി വിഗ്രഹങ്ങളെ കുറിച്ച് ലജ്ജിക്കും. ശമര്യയുടെ കാര്യമോ, അതിന്‍റെ രാജാവ് വെള്ളത്തിലെ ചുള്ളിക്കമ്പ് പോലെ നശിച്ചുപോകും. യിസ്രായേലിന്‍റെ പാപമായിരിക്കുന്ന ആവെനിലെ പൂജാഗിരികൾ നശിച്ചുപോകും; മുള്ളും പറക്കാരയും അവരുടെ ബലിപീഠങ്ങളിന്മേൽ മുളയ്ക്കും; അവർ മലകളോട്: “ഞങ്ങളുടെമേൽ വീഴുവിൻ” എന്ന് പറയും. യിസ്രായേലേ, ഗിബെയയുടെ കാലം മുതൽ നീ പാപം ചെയ്തിരിക്കുന്നു; അവർ ഇന്നും അതേ അവസ്ഥയിൽ തുടരുന്നു; ഗിബെയയിൽ നീതികെട്ടവരോടുള്ള പോരാട്ടം അവരെ കീഴടക്കിയില്ല; ഞാൻ ഇച്ഛിക്കുമ്പോൾ അവരെ ശിക്ഷിക്കും; അവരുടെ രണ്ടു അകൃത്യങ്ങൾ നിമിത്തം ഞാൻ അവരെ ശിക്ഷിക്കുമ്പോൾ ജനതകള്‍ അവർക്കെതിരെ കൂടിവരും. എഫ്രയീം മെരുക്കമുള്ളതും ധാന്യം മെതിക്കുവാൻ ഇഷ്ടപ്പെടുന്നതുമായ പശുക്കിടാവ് ആകുന്നു; ഞാൻ അതിന്‍റെ ഭംഗിയുള്ള കഴുത്തിൽ നുകം വയ്ക്കും; ഞാൻ എഫ്രയീമിനെ നുകത്തിൽ കെട്ടും; യെഹൂദാ ഉഴുകയും യാക്കോബ് കട്ട ഉടയ്ക്കുകയും ചെയ്യേണ്ടിവരും. നീതിയിൽ വിതയ്ക്കുവിൻ; ദയക്കൊത്തവണ്ണം കൊയ്യുവിൻ; നിങ്ങളുടെ തരിശുനിലം ഉഴുവിൻ; യഹോവ വന്ന് നിങ്ങളുടെമേൽ നീതി വർഷിപ്പിക്കേണ്ടതിന് അവനെ അന്വേഷിക്കുവാനുള്ള കാലം ഇതാകുന്നു. നിങ്ങൾ ദുഷ്ടത ഉഴുത്, നീതികേട് കൊയ്ത്, ഭോഷ്കിന്‍റെ ഫലം തിന്നിരിക്കുന്നു; നിങ്ങൾ സ്വന്ത വഴിയിലും നിങ്ങളുടെ വീരന്മാരുടെ സംഖ്യാബലത്തിലും ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് നിന്‍റെ ജനത്തിന്‍റെ ഇടയിൽ ഒരു കലഹം ഉണ്ടാകും; യുദ്ധദിവസത്തിൽ ശൽമാൻ ബേത്ത്-അർബ്ബേലിനെ നശിപ്പിച്ചതുപോലെ നിങ്ങളുടെ എല്ലാ കോട്ടകൾക്കും നാശം വരും; അവർ അമ്മയെ മക്കളോടുകൂടി തകർത്തുകളഞ്ഞുവല്ലോ. അങ്ങനെ തന്നെ ബേഥേലേ! നിങ്ങളുടെ മഹാദുഷ്ടതനിമിത്തം നിങ്ങൾക്ക് ഇത് സംഭവിക്കും; പുലർച്ചയ്ക്ക് യിസ്രായേൽ രാജാവ് അശേഷം നശിച്ചുപോകും.

പങ്ക് വെക്കു
ഹോശേയ 10 വായിക്കുക

ഹോശേയ 10:1-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യിസ്രായേൽ പടർന്നിരിക്കുന്ന ഒരു മുന്തിരിവള്ളി ആകുന്നു; അവൻ ഫലം കായിക്കുന്നു; തന്റെ ഫലത്തിന്റെ ബഹുത്വത്തിന്നു തക്കവണ്ണം അവൻ ബലിപീഠങ്ങളെ വർദ്ധിപ്പിച്ചു; തന്റെ ദേശത്തിന്റെ നന്മെക്കു തക്കവണ്ണം അവൻ ഭംഗിയുള്ള വിഗ്രഹസ്തംഭങ്ങളെ ഉണ്ടാക്കി. അവരുടെ ഹൃദയം ഭിന്നിച്ചിരിക്കുന്നു; ഇപ്പോൾ അവർ കുറ്റക്കാരായ്തീരും; അവൻ അവരുടെ ബലിപീഠങ്ങളെ ഇടിച്ചുകളകയും അവരുടെ വിഗ്രഹസ്തംഭങ്ങളെ നശിപ്പിക്കയും ചെയ്യും. ഇപ്പോൾ അവൻ: നമുക്കു രാജാവില്ല; നാം യഹോവയെ ഭയപ്പെടുന്നില്ലല്ലോ; രാജാവു നമുക്കുവേണ്ടി എന്തു ചെയ്യും? എന്നുപറയും. അവർ വ്യർത്ഥവാക്കുകൾ സംസാരിച്ചു ഉടമ്പടി ചെയ്യുന്നതിൽ കള്ളസ്സത്യം ചെയ്യുന്നു; അതുകൊണ്ടു ന്യായവിധി വയലിലെ ഉഴച്ചാലുകളിൽ നഞ്ചുചെടിപോലെ മുളെച്ചുവരുന്നു. ശമര്യാ നിവാസികൾ ബേത്ത്-ആവെനിലെ കാളക്കുട്ടിയെക്കുറിച്ചു പേടിക്കുന്നു; അതിലെ ജനം അതിനെക്കുറിച്ചു ദുഃഖിക്കുന്നു; അതിന്റെ പൂജാരികൾ അതിനെക്കുറിച്ചും അതിന്റെ മഹത്വം അതിനെ വിട്ടുപോയതുകൊണ്ടു അതിനെക്കുറിച്ചും വിറെക്കുന്നു. അതിനെയും യുദ്ധതല്പരനായ രാജാവിന്നു സമ്മാനമായി അശ്ശൂരിലേക്കു കൊണ്ടുപോകും; എഫ്രയീം ലജ്ജ പ്രാപിക്കും; യിസ്രായേൽ തന്റെ ആലോചനയെക്കുറിച്ചു ലജ്ജിക്കും. ശമര്യയോ, അതിന്റെ രാജാവു വെള്ളത്തിലെ ചുള്ളിപോലെ നശിച്ചുപോകും. യിസ്രായേലിന്റെ പാപമായിരിക്കുന്ന ആവെനിലെ പൂജാഗിരികൾ നശിച്ചുപോകും; മുള്ളും പറക്കാരയും അവരുടെ ബലിപീഠങ്ങളിന്മേൽ മുളെക്കും; അവർ മലകളോടു: ഞങ്ങളുടെമേൽ വീഴുവിൻ എന്നും പറയും. യിസ്രായേലേ, ഗിബെയയുടെ കാലംമുതൽ നീ പാപം ചെയ്തിരിക്കുന്നു; അവർ അവിടെത്തന്നേ നില്ക്കുന്നു; ഗിബെയയിൽ നീതികെട്ടവരോടുള്ള പട അവരെ എത്തിപ്പിടിച്ചില്ല; ഞാൻ ആഗ്രഹിക്കുമ്പോൾ അവരെ ശിക്ഷിക്കും; അവരെ അവരുടെ രണ്ടു അകൃത്യം നിമിത്തം ശിക്ഷിക്കുമ്പോൾ ജാതികൾ അവരുടെ നേരെ കൂടിവരും. എഫ്രയീം മരുക്കമുള്ളതും ധാന്യം മെതിപ്പാൻ ഇഷ്ടപ്പെടുന്നതുമായ പശുക്കിടാവു ആകുന്നു; ഞാൻ അതിന്റെ ഭംഗിയുള്ള കഴുത്തിൽ നുകം വെക്കും; ഞാൻ എഫ്രയീമിനെ നുകത്തിൽ പിണെക്കും; യെഹൂദാ ഉഴുകയും യാക്കോബ് കട്ട ഉടെക്കുകയും ചെയ്യേണ്ടിവരും. നീതിയിൽ വിതെപ്പിൻ; ദയെക്കൊത്തവണ്ണം കൊയ്യുവിൻ; നിങ്ങളുടെ തരിശുനിലം ഉഴുവിൻ; യഹോവ വന്നു നിങ്ങളുടെ മേൽ നീതി വർഷിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാനുള്ള കാലം ആകുന്നുവല്ലോ. നിങ്ങൾ ദുഷ്ടത ഉഴുതു, നീതികേടു കൊയ്തു, ഭോഷ്കിന്റെ ഫലം തിന്നിരിക്കുന്നു; നീ നിന്റെ വഴിയിലും നിന്റെ വീരന്മാരുടെ സംഘത്തിലും ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടു നിന്റെ ജനത്തിന്റെ ഇടയിൽ ഒരു കലഹം ഉണ്ടാകും; യുദ്ധദിവസത്തിൽ ശൽമാൻ ബേത്ത്-അർബ്ബേലിനെ നശിപ്പിച്ചതുപോലെ നിന്റെ എല്ലാ കോട്ടകൾക്കും നാശം വരും; അവർ അമ്മയെ മക്കളോടുകൂടെ തകർത്തുകളഞ്ഞുവല്ലോ. അങ്ങനെ തന്നേ അവർ നിങ്ങളുടെ മഹാദുഷ്ടതനിമിത്തം ബേഥേലിൽവെച്ചു നിങ്ങൾക്കും ചെയ്യും; പുലർച്ചെക്കു യിസ്രായേൽരാജാവു അശേഷം നശിച്ചുപോകും.

പങ്ക് വെക്കു
ഹോശേയ 10 വായിക്കുക

ഹോശേയ 10:1-15 സമകാലിക മലയാളവിവർത്തനം (MCV)

ഇസ്രായേൽ പടർന്നിരിക്കുന്ന ഒരു മുന്തിരിവള്ളി; അവൻ തനിക്കുതന്നെ ഫലം കായ്ച്ചു. അവന്റെ ഫലം വർധിച്ചതനുസരിച്ച്, കൂടുതൽ ആചാരസ്തൂപങ്ങൾ പണിതു; അവന്റെ ദേശം അഭിവൃദ്ധിപ്പെട്ടതനുസരിച്ച്, അവൻ തന്റെ വിഗ്രഹസ്തംഭങ്ങൾക്കു മോടിപിടിപ്പിച്ചു. അവരുടെ ഹൃദയം വഞ്ചനയുള്ളത്, അവരുടെ അകൃത്യത്തിന് അവർ ഇപ്പോൾ ശിക്ഷിക്കപ്പെടും. യഹോവ അവരുടെ ബലിപീഠങ്ങൾ തകർത്തുകളയും അവരുടെ ആചാരസ്തൂപങ്ങൾ നശിപ്പിക്കും. അപ്പോൾ അവർ പറയും: “യഹോവയെ ബഹുമാനിക്കാത്തതിനാൽ ഞങ്ങൾക്കു രാജാവില്ല; അല്ലാ, ഞങ്ങൾക്കൊരു രാജാവ് ഉണ്ടായിരുന്നെങ്കിലും, അദ്ദേഹത്തിനു ഞങ്ങൾക്കുവേണ്ടി എന്തുചെയ്യാൻ കഴിയും?” അവർ അനേകം വാഗ്ദാനങ്ങൾ നൽകുന്നു, വ്യാജശപഥങ്ങൾ ചെയ്യുന്നു ഉടമ്പടികൾ ഉണ്ടാക്കുന്നു. അതുകൊണ്ട്, ഉഴുതിട്ട നിലത്ത് വിഷക്കളകൾ മുളയ്ക്കുന്നതുപോലെ ന്യായവിധി മുളച്ചുവരുന്നു. ശമര്യയിൽ പാർക്കുന്ന ജനം ബേത്-ആവെനിലെ കാളക്കിടാവിന്റെ പ്രതിമനിമിത്തം ഭയപ്പെടുന്നു. അതിനെ പ്രവാസത്തിലേക്കു കൊണ്ടുപോയതുനിമിത്തം അതിലെ ജനങ്ങൾ വിലപിക്കും വിഗ്രഹാരാധകരായ പുരോഹിതന്മാരും വിലപിക്കും, അതിന്റെ മഹത്ത്വത്തിൽ സന്തോഷിച്ച സകലരും വിലപിക്കും. മഹാരാജാവിനു കപ്പമായിട്ട് അതിനെ അശ്ശൂരിലേക്കു കൊണ്ടുപോകും. എഫ്രയീം അപമാനിക്കപ്പെടും; ഇസ്രായേൽ തന്റെ ആലോചനയെക്കുറിച്ചു ലജ്ജിക്കും. വെള്ളത്തിനു മുകളിലെ ഉണങ്ങിയ ചുള്ളിപോലെ ശമര്യയും അതിന്റെ രാജാവും ഒഴുകിപ്പോകും. ഇസ്രായേലിന്റെ പാപമായ ആവേനിലെ മ്ലേച്ഛതനിറഞ്ഞ ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെടും. അവിടെ മുള്ളും പറക്കാരയും വളർന്ന് അവരുടെ ബലിപീഠങ്ങളെ മൂടും. അപ്പോൾ അവർ പർവതങ്ങളോട്: “ഞങ്ങളെ മൂടുക” എന്നും കുന്നുകളോട്, “ഞങ്ങളുടെമേൽ വീഴുക” എന്നും പറയും. “ഗിബെയയുടെ ദിവസങ്ങൾമുതൽ, ഇസ്രായേലേ, നിങ്ങൾ പാപംചെയ്തു, നിങ്ങൾ അവിടെത്തന്നെ നിൽക്കയും ചെയ്യുന്നു. ഗിബെയയിൽ തിന്മ പ്രവർത്തിക്കുന്നവരെ യുദ്ധം കീഴടക്കുകയില്ലേ? എനിക്കിഷ്ടമുള്ളപ്പോൾ ഞാൻ അവരെ ശിക്ഷിക്കും; അവരുടെ പാപങ്ങൾ രണ്ടിനും അവരെ ബന്ധിക്കേണ്ടതിന് അവർക്കെതിരേ രാഷ്ട്രങ്ങളെ കൂട്ടിവരുത്തും. എഫ്രയീം, ധാന്യം മെതിക്കാൻ ഇഷ്ടപ്പെടുന്നതും മെരുക്കമുള്ളതുമായ ഒരു പശുക്കിടാവ്; എന്നാൽ ഞാൻ അവളുടെ ഭംഗിയുള്ള കഴുത്തിൽ നുകം വെക്കും; ഞാൻ എഫ്രയീമിനെ നുകത്തിൽ കെട്ടുകയും യെഹൂദാ നിലം ഉഴുകയും യാക്കോബ് കട്ടയുടയ്ക്കുകയും ചെയ്യും. നിങ്ങൾക്കുവേണ്ടി നീതി വിതയ്ക്കുക, നിത്യസ്നേഹത്തിന്റെ ഫലം കൊയ്യുക. തരിശുനിലങ്ങളെ ഉഴുവിൻ, യഹോവ വന്നു നിങ്ങളുടെമേൽ നീതി വർഷിക്കുന്നതുവരെ അവിടത്തെ അന്വേഷിപ്പിൻ. എന്നാൽ, നിങ്ങൾ ദുഷ്ടത നട്ടിരിക്കുന്നു, നിങ്ങൾ ദോഷം കൊയ്തിരിക്കുന്നു, വഞ്ചനയുടെ ഫലം നിങ്ങൾ തിന്നിരിക്കുന്നു. നിങ്ങൾ സ്വന്തബലത്തിലും യുദ്ധവീരന്മാരിലും ആശ്രയിച്ചതുകൊണ്ട്, യുദ്ധത്തിന്റെ ആർപ്പുവിളി നിന്റെ ജനത്തിന്റെ മധ്യത്തിൽ ഉണ്ടാകും. യുദ്ധദിവസത്തിൽ ശൽമാൻ ബെത്ത്-അർബേലിനെ ഉന്മൂലമാക്കിയതുപോലെ നിന്റെ സകലകോട്ടകളെയും ശൂന്യമാക്കും. അവിടെ അമ്മയെ മക്കളോടുകൂടെ അടിച്ചുതകർത്തല്ലോ. നിന്റെ ദുഷ്ടത വലുതായിരിക്കുകയാൽ, ബേഥേലേ, നിനക്കും ഇതുതന്നെ സംഭവിക്കും. ആ ദിവസം ഉദിക്കുമ്പോൾ, ഇസ്രായേൽരാജാവ് അശേഷം നശിപ്പിക്കപ്പെടും.

പങ്ക് വെക്കു
ഹോശേയ 10 വായിക്കുക