എബ്രായർ 8:1-7

എബ്രായർ 8:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നാം ഈ പറയുന്നതിന്റെ സാരം എന്തെന്നാൽ: സ്വർഗത്തിൽ മഹിമാസനത്തിന്റെ വലത്തുഭാഗത്ത് ഇരുന്നവനായി, വിശുദ്ധസ്ഥലത്തിന്റെയും മനുഷ്യനല്ല കർത്താവ് സ്ഥാപിച്ച സത്യകൂടാരത്തിന്റെയും ശുശ്രൂഷകനായ മഹാപുരോഹിതൻ നമുക്കുണ്ട്. ഏതു മഹാപുരോഹിതനും വഴിപാടും യാഗവും അർപ്പിപ്പാൻ നിയമിക്കപ്പെടുന്നു; ആകയാൽ അർപ്പിപ്പാൻ ഇവനും വല്ലതും വേണം. അവൻ ഭൂമിയിൽ ആയിരുന്നെങ്കിൽ പുരോഹിതൻ ആകയില്ലായിരുന്നു; ന്യായപ്രമാണപ്രകാരം വഴിപാട് അർപ്പിക്കുന്നവർ ഉണ്ടല്ലോ. കൂടാരം തീർപ്പാൻ മോശെ ആരംഭിച്ചപ്പോൾ “പർവതത്തിൽ നിനക്കു കാണിച്ച മാതൃകപ്രകാരം നീ സകലവും ചെയ്‍വാൻ നോക്കുക” എന്ന് അവനോട് അരുളിച്ചെയ്തതുപോലെ അവർ സ്വർഗീയത്തിന്റെ ദൃഷ്ടാന്തവും നിഴലുമായതിൽ ശുശ്രൂഷ ചെയ്യുന്നു. അവനോ വിശേഷതയേറിയ വാഗ്ദത്തങ്ങളിന്മേൽ സ്ഥാപിക്കപ്പെട്ട നിയമത്തിന്റെ മധ്യസ്ഥനാകയാൽ അതിന്റെ വിശേഷതയ്ക്ക് ഒത്തവണ്ണം വിശേഷതയേറിയ ശുശ്രൂഷയും പ്രാപിച്ചിരിക്കുന്നു. ഒന്നാമത്തെ നിയമം കുറവില്ലാത്തതായിരുന്നു എങ്കിൽ രണ്ടാമത്തേതിന് ഇടം അന്വേഷിക്കയില്ലായിരുന്നു.

പങ്ക് വെക്കു
എബ്രായർ 8 വായിക്കുക

എബ്രായർ 8:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നാം പറയുന്നതിന്റെ സാരം ഇതാണ്; സ്വർഗത്തിൽ ദൈവത്തിന്റെ തേജോമയമായ സിംഹാസനത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്ന ഒരു മഹാപുരോഹിതൻ നമുക്കുണ്ട്. മനുഷ്യനിർമിതമല്ലാത്തതും, സർവേശ്വരൻ സ്ഥാപിച്ചതുമായ സത്യകൂടാരമാകുന്ന അതിവിശുദ്ധസ്ഥലത്ത് അവിടുന്നു ശുശ്രൂഷ ചെയ്യുന്നു. ഏതു മഹാപുരോഹിതനും നിയോഗിക്കപ്പെടുന്നത് വഴിപാടുകളും ബലികളും അർപ്പിക്കുവാനാണ്. അതുകൊണ്ട് ഈ മഹാപുരോഹിതനും അർപ്പിക്കുവാൻ എന്തെങ്കിലും ഉണ്ടായിരിക്കേണ്ടതാണല്ലോ. അവിടുന്നു ഭൂമിയിലായിരുന്നെങ്കിൽ ഒരിക്കലും ഒരു പുരോഹിതൻ ആകുമായിരുന്നില്ല. യെഹൂദനിയമപ്രകാരം വഴിപാടുകൾ അർപ്പിക്കുന്ന പുരോഹിതന്മാർ ഇവിടെയുണ്ടല്ലോ. അവർ ഇവിടെ ചെയ്യുന്ന ശുശ്രൂഷ സ്വർഗത്തിൽ ചെയ്യുന്നതിന്റെ പ്രതിബിംബവും നിഴലും മാത്രമാണ്. മോശ കൂടാരം നിർമിക്കുവാൻ ഭാവിച്ചപ്പോൾ ‘പർവതത്തിൽവച്ചു നിനക്കു കാണിച്ചുതന്ന മാതൃകപ്രകാരം സകലവും ചെയ്യുവാൻ നീ ശ്രദ്ധിക്കുക’ എന്നു ദൈവം അരുളിച്ചെയ്തു. ശ്രേഷ്ഠമായ വാഗ്ദാനങ്ങളിൽ അധിഷ്ഠിതമായ മികച്ച ഉടമ്പടിയുടെ മധ്യസ്ഥനാണ് യേശു. അതിനാൽ അതിന്റെ വൈശിഷ്ട്യത്തിനൊത്തവണ്ണം അതിവിശിഷ്ടമായ ശുശ്രൂഷയത്രേ യേശുവിനു ലഭിച്ചിരിക്കുന്നത്. ആദ്യത്തെ ഉടമ്പടി അന്യൂനമായിരുന്നെങ്കിൽ രണ്ടാമതൊന്നു വേണ്ടിവരികയില്ലായിരുന്നു.

പങ്ക് വെക്കു
എബ്രായർ 8 വായിക്കുക

എബ്രായർ 8:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

നാം ഈ പറയുന്നതിൻ്റെ ഉദ്ദേശ്യം എന്തെന്നാൽ: സ്വർഗ്ഗത്തിൽ ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഇരുന്നവനായി, വിശുദ്ധസ്ഥലത്തിൻ്റെയും ദൈവം സ്ഥാപിച്ച സത്യകൂടാരത്തിൻ്റെയും ശുശ്രൂഷകനായ മഹാപുരോഹിതൻ നമുക്കുണ്ട്. താൻ കേവലം നശ്വരനായ മനുഷ്യനല്ല. ഏത് മഹാപുരോഹിതനും വഴിപാടും യാഗവും അർപ്പിക്കുവാനായി നിയമിക്കപ്പെടുന്നു; ആകയാൽ അർപ്പിക്കുവാൻ അത്യാവശ്യമായും വല്ലതും വേണം. എന്നാൽ ക്രിസ്തു ഭൂമിയിൽ ആയിരുന്നെങ്കിൽ ഒരിക്കലും പുരോഹിതൻ ആകയില്ലായിരുന്നു; കാരണം ന്യായപ്രമാണപ്രകാരം വഴിപാട് അർപ്പിക്കുന്ന പുരോഹിതർ ഭൂമിയിൽ ഉണ്ടല്ലോ. അവർ സ്വർഗ്ഗീയമായതിൻ്റെ ദൃഷ്ടാന്തവും നിഴലുമായതിൽ ശുശ്രൂഷ ചെയ്യുന്നു, “പർവ്വതത്തിൽ നിനക്കു കാണിച്ച മാതൃകപ്രകാരം നീ സകലവും ചെയ്‌വാൻ നോക്കുക” എന്നു അരുളിച്ചെയ്തതിനനുസാരമായി മോശെ കൂടാരം തീർപ്പാൻ ആരംഭിച്ചു. എന്നാൽ ക്രിസ്തുവോ വിശേഷതയേറിയ വാഗ്ദത്തങ്ങളിന്മേൽ സ്ഥാപിക്കപ്പെട്ട മികച്ച ഉടമ്പടിയുടെ മദ്ധ്യസ്ഥനാകയാൽ, അതിന്‍റെ വിശേഷതയ്ക്ക് ഒത്തവണ്ണം വിശേഷതയേറിയ ശുശ്രൂഷയും പ്രാപിച്ചിരിക്കുന്നു. ഒന്നാമത്തെ നിയമം കുറവില്ലാത്തതായിരുന്നു എങ്കിൽ രണ്ടാമതൊന്നിനു വേണ്ടി ഇടം അന്വേഷിക്കയില്ലായിരുന്നു.

പങ്ക് വെക്കു
എബ്രായർ 8 വായിക്കുക

എബ്രായർ 8:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നാം ഈ പറയുന്നതിന്റെ സാരം എന്തെന്നാൽ: സ്വർഗ്ഗത്തിൽ മഹിമാസനത്തിന്റെ വലത്തുഭാഗത്തു ഇരുന്നവനായി, വിശുദ്ധസ്ഥലത്തിന്റെയും മനുഷ്യനല്ല കർത്താവു സ്ഥാപിച്ച സത്യകൂടാരത്തിന്റെയും ശുശ്രൂഷകനായ മഹാപുരോഹിതൻ നമുക്കുണ്ടു. ഏതു മഹാപുരോഹിതനും വഴിപാടും യാഗവും അർപ്പിപ്പാൻ നിയമിക്കപ്പെടുന്നു; ആകയാൽ അർപ്പിപ്പാൻ ഇവന്നും വല്ലതും വേണം. അവൻ ഭൂമിയിൽ ആയിരുന്നെങ്കിൽ പുരോഹിതൻ ആകയില്ലായിരുന്നു; ന്യായപ്രമാണപ്രകാരം വഴിപാടു അർപ്പിക്കുന്നവർ ഉണ്ടല്ലോ. കൂടാരം തീർപ്പാൻ മോശെ ആരംഭിച്ചപ്പോൾ “പർവ്വതത്തിൽ നിനക്കു കാണിച്ച മാതൃക പ്രകാരം നീ സകലവും ചെയ്‌വാൻ നോക്കുക” എന്നു അവനോടു അരുളിച്ചെയ്തതുപോലെ അവർ സ്വർഗ്ഗീയത്തിന്റെ ദൃഷ്ടാന്തവും നിഴലുമായതിൽ ശുശ്രൂഷ ചെയ്യുന്നു. അവനോ വിശേഷതയേറിയ വാഗ്ദത്തങ്ങളിന്മേൽ സ്ഥാപിക്കപ്പെട്ട നിയമത്തിന്റെ മദ്ധ്യസ്ഥനാകയാൽ അതിന്റെ വിശേഷതെക്കു ഒത്തവണ്ണം വിശേഷതയേറിയ ശുശ്രൂഷയും പ്രാപിച്ചിരിക്കുന്നു. ഒന്നാമത്തെ നിയമം കുറവില്ലാത്തതായിരുന്നു എങ്കിൽ രണ്ടാമത്തേതിന്നു ഇടം അന്വേഷിക്കയില്ലായിരുന്നു.

പങ്ക് വെക്കു
എബ്രായർ 8 വായിക്കുക

എബ്രായർ 8:1-7 സമകാലിക മലയാളവിവർത്തനം (MCV)

നമ്മുടെ ചർച്ചയുടെ സാരം ഇതാണ്: പരമോന്നതങ്ങളിൽ മഹത്ത്വമേറിയ സിംഹാസനത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായ ഒരു മഹാപുരോഹിതൻ നമുക്കുണ്ട്. ആ മഹാപുരോഹിതൻ വിശുദ്ധസ്ഥലത്ത്—മനുഷ്യനല്ല, കർത്താവുതന്നെ സ്ഥാപിച്ച യഥാർഥമായ കൂടാരത്തിൽ—ശുശ്രൂഷചെയ്യുന്ന ആളാണ്. വഴിപാടുകളും യാഗങ്ങളും അർപ്പിക്കാനാണ് ഓരോ മഹാപുരോഹിതനും നിയമിക്കപ്പെടുന്നത്, ഈ മഹാപുരോഹിതനും യാഗാർപ്പണം നടത്തേണ്ട ആളാണ്. ഭൂമിയിലായിരുന്നെങ്കിൽ അദ്ദേഹം പുരോഹിതനാകുമായിരുന്നില്ല, കാരണം, ന്യായപ്രമാണപ്രകാരമുള്ള വഴിപാടുകൾ അർപ്പിക്കുന്ന പുരോഹിതന്മാർ അവിടെ ഉണ്ടല്ലോ. അവർ സ്വർഗത്തിലുള്ളതിന്റെ നിഴലും സാദൃശ്യവുമായതിൽ ശുശ്രൂഷ ചെയ്യുന്നു. മോശ സമാഗമകൂടാരം പണിയാനാരംഭിച്ചപ്പോൾ (ദൈവത്തിൽനിന്ന്) തനിക്കു ലഭിച്ച നിർദേശം, “പർവതത്തിൽവെച്ച് ഞാൻ നിനക്കു കാണിച്ചുതന്ന അതേ മാതൃകപ്രകാരം സകലതും കൃത്യമായി നിർമിക്കുക” എന്നാണ്. പഴയതിലും മാഹാത്മ്യമേറിയതാണ് യേശുവിന് ഇപ്പോൾ ലഭിച്ച ശുശ്രൂഷ. പുതിയ ഉടമ്പടി അധിഷ്ഠിതമായിരിക്കുന്നത് ശ്രേഷ്ഠതരങ്ങളായ വാഗ്ദാനങ്ങളിന്മേൽ ആകയാൽ പഴയതിലും മാഹാത്മ്യമേറിയ ഒരു ഉടമ്പടിയുടെ മധ്യസ്ഥനാണ് അദ്ദേഹം. എന്നാൽ, ഒന്നാംഉടമ്പടി കുറ്റമറ്റതായിരുന്നെങ്കിൽ രണ്ടാമത്തെ ഉടമ്പടിക്ക് സാംഗത്യം ഉണ്ടാകുമായിരുന്നില്ലല്ലോ?

പങ്ക് വെക്കു
എബ്രായർ 8 വായിക്കുക