എബ്രായർ 7:1-28
എബ്രായർ 7:1-28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശാലേംരാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ ഈ മല്ക്കീസേദെക് രാജാക്കന്മാരെ ജയിച്ചു മടങ്ങിവരുന്ന അബ്രാഹാമിനെ എതിരേറ്റ് അനുഗ്രഹിച്ചു; അബ്രാഹാം അവനു സകലത്തിലും പത്തിലൊന്നു കൊടുത്തു. അവന്റെ പേരിന് ആദ്യം നീതിയുടെ രാജാവെന്നും പിന്നെ ശാലേംരാജാവ് എന്നുവച്ചാൽ സമാധാനത്തിന്റെ രാജാവ് എന്നും അർഥം. അവനു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവൻ ദൈവപുത്രനു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു. ഇവൻ എത്ര മഹാൻ എന്ന് നോക്കുവിൻ; ഗോത്രപിതാവായ അബ്രാഹാംകൂടെയും അവനു കൊള്ളയുടെ വിശേഷസാധനങ്ങളിൽ പത്തിലൊന്നു കൊടുത്തുവല്ലോ. ലേവിപുത്രന്മാരിൽ പൗരോഹിത്യം ലഭിക്കുന്നവർക്ക് ന്യായപ്രമാണപ്രകാരം ജനത്തോടു ദശാംശം വാങ്ങുവാൻ കല്പന ഉണ്ട്; അത് അബ്രാഹാമിന്റെ കടിപ്രദേശത്തുനിന്ന് ഉദ്ഭവിച്ച സഹോദരന്മാരോട് ആകുന്നു വാങ്ങുന്നത്. എന്നാൽ അവരുടെ വംശാവലിയിൽ ഉൾപ്പെടാത്തവൻ അബ്രാഹാമിനോടുതന്നെ ദശാംശം വാങ്ങിയും വാഗ്ദത്തങ്ങൾ പ്രാപിച്ചവനെ അനുഗ്രഹിച്ചുമിരിക്കുന്നു. ഉയർന്നവൻ താണവനെ അനുഗ്രഹിക്കുന്നു എന്നതിനു തർക്കം ഏതുമില്ലല്ലോ. ഇവിടെ മരിക്കുന്ന മനുഷ്യർ ദശാംശം വാങ്ങുന്നു; അവിടെയോ ജീവിക്കുന്നു എന്ന സാക്ഷ്യം പ്രാപിച്ചവൻതന്നെ. ദശാംശം വാങ്ങുന്ന ലേവിയും അബ്രാഹാം മുഖാന്തരം ദശാംശം കൊടുത്തിരിക്കുന്നു എന്ന് ഒരു വിധത്തിൽ പറയാം. അവന്റെ പിതാവിനെ മല്ക്കീസേദെക് എതിരേറ്റപ്പോൾ ലേവി അവന്റെ കടിപ്രദേശത്ത് ഉണ്ടായിരുന്നുവല്ലോ. ലേവ്യപൗരോഹിത്യത്താൽ സമ്പൂർണത വന്നെങ്കിൽ -അതിൻകീഴല്ലോ ജനം ന്യായപ്രമാണം പ്രാപിച്ചത്-അഹരോന്റെ ക്രമപ്രകാരം എന്നു പറയാതെ മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം വേറൊരു പുരോഹിതൻ വരുവാൻ എന്തൊരാവശ്യം? പൗരോഹിത്യം മാറിപ്പോകുന്ന പക്ഷം ന്യായപ്രമാണത്തിനുംകൂടെ മാറ്റം വരുവാൻ ആവശ്യം. എന്നാൽ ഇത് ആരെക്കുറിച്ചു പറഞ്ഞിരിക്കുന്നുവോ അവൻ വേറൊരു ഗോത്രത്തിൽ ഉള്ളവൻ; ആ ഗോത്രത്തിൽ ആരും യാഗപീഠത്തിങ്കൽ ശുശ്രൂഷ ചെയ്തിട്ടില്ല. യെഹൂദായിൽനിന്നു നമ്മുടെ കർത്താവ് ഉദിച്ചു എന്ന് സ്പഷ്ടമല്ലോ; ആ ഗോത്രത്തോടു മോശെ പൗരോഹിത്യം സംബന്ധിച്ച് ഒന്നും കല്പിച്ചിട്ടില്ല. ജഡസംബന്ധമായ കല്പനയുടെ പ്രമാണത്താൽ അല്ല, അഴിഞ്ഞുപോകാത്ത ജീവന്റെ ശക്തിയാൽ ഉളവായ വേറേ ഒരു പുരോഹിതൻ മല്ക്കീസേദെക്കിനു സദൃശനായി ഉദിക്കുന്നു എങ്കിൽ അത് ഏറ്റവും അധികം തെളിയുന്നു. നീ മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതൻ എന്നല്ലോ സാക്ഷീകരിച്ചിരിക്കുന്നത്. മുമ്പിലത്തെ കല്പനയ്ക്ക് അതിന്റെ ബലഹീനതയും നിഷ്പ്രയോജനവും നിമിത്തം നീക്കവും- ന്യായപ്രമാണത്താൽ ഒന്നും പൂർത്തിപ്രാപിച്ചിട്ടില്ലല്ലോ- നാം ദൈവത്തോട് അടുക്കുന്നതിനുള്ള ഏറെ നല്ല പ്രത്യാശയ്ക്കു സ്ഥാപനവും വന്നിരിക്കുന്നു. അവർ ആണ കൂടാതെ പുരോഹിതന്മാരായിത്തീർന്നു. ഇവനോ “നീ എന്നേക്കും പുരോഹിതൻ എന്ന് കർത്താവ് സത്യംചെയ്തു, അനുതപിക്കയുമില്ല” എന്ന് തന്നോട് അരുളിച്ചെയ്തവൻ ഇട്ട ആണയോടുകൂടെതന്നെ. ആണ കൂടാതെയല്ല എന്നതിന് ഒത്തവണ്ണം വിശേഷമേറിയ നിയമത്തിന് യേശു ഉത്തരവാദിയായിത്തീർന്നിരിക്കുന്നു. മരണം നിമിത്തം അവർക്ക് നിലനില്പാൻ മുടക്കം വരികകൊണ്ടു പുരോഹിതന്മാർ ആയിത്തീർന്നവർ അനേകർ ആകുന്നു. ഇവനോ, എന്നേക്കും ഇരിക്കുന്നതുകൊണ്ട് മാറാത്ത പൗരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നത്. അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോട് അടുക്കുന്നവർക്കുവേണ്ടി പക്ഷവാദം ചെയ്വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു. ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്ക് വേണ്ടിയത്: പവിത്രൻ, നിർദോഷൻ, നിർമ്മലൻ, പാപികളോടു വേർവിട്ടവൻ, സ്വർഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ; ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങൾക്കായും പിന്നെ ജനത്തിന്റെ പാപങ്ങൾക്കായും ദിനംപ്രതി യാഗം കഴിപ്പാൻ ആവശ്യമില്ലാത്തവൻ തന്നെ. അത് അവൻ തന്നെത്താൻ അർപ്പിച്ചുകൊണ്ട് ഒരിക്കലായിട്ടു ചെയ്തുവല്ലോ. ന്യായപ്രമാണം ബലഹീനമനുഷ്യരെ മഹാപുരോഹിതന്മാരാക്കുന്നു; ന്യായപ്രമാണത്തിനു പിമ്പുള്ള ആണയുടെ വചനമോ എന്നേക്കും തികഞ്ഞവനായിത്തീർന്ന പുത്രനെ പുരോഹിതനാക്കുന്നു.
എബ്രായർ 7:1-28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശാലേമിന്റെ രാജാവും അത്യുന്നതനായ ദൈവത്തിന്റെ മഹാപുരോഹിതനുമായിരുന്നു മെല്‌ക്കിസെദേക്ക്. രാജാക്കന്മാരെ നിഗ്രഹിച്ചശേഷം തിരിച്ചുവന്ന അബ്രഹാമിനെ മെല്‌ക്കിസെദേക്ക് എതിരേറ്റ് അനുഗ്രഹിച്ചു. യുദ്ധത്തിൽ താൻ പിടിച്ചെടുത്ത എല്ലാറ്റിന്റെയും പത്തിലൊന്ന് അബ്രഹാം മെല്‌ക്കിസെദേക്കിനു കൊടുത്തു. മെല്‌ക്കിസെദേക്ക് എന്ന പേരിന്റെ അർഥം ‘നീതിയുടെ രാജാവ്’ എന്നത്രേ; ശാലേമിന്റെ രാജാവായതുകൊണ്ട് ‘സമാധാനത്തിന്റെ രാജാവ്’ എന്നും പറയാം. മെല്‌ക്കിസെദേക്കിന് പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവിതത്തിന് ആദിയോ അന്തമോ ഇല്ല. ദൈവപുത്രനു തുല്യനായി അദ്ദേഹം എന്നേക്കും പുരോഹിതനാകുന്നു. അദ്ദേഹം എത്ര വലിയവനാണെന്നു നോക്കുക! നമ്മുടെ പൂർവികനായ അബ്രഹാമിന് യുദ്ധത്തിൽ ലഭിച്ച എല്ലാ മുതലിന്റെയും പത്തിലൊന്ന് അദ്ദേഹത്തിനു നല്‌കിയല്ലോ. പുരോഹിതന്മാരായ ലേവിവംശജർക്ക് തങ്ങളുടെ സഹോദരന്മാരും അബ്രഹാമിന്റെ സന്താനങ്ങളുമായ ജനത്തിൽനിന്നുപോലും ദശാംശം വാങ്ങുവാൻ അവരുടെ നിയമം അനുശാസിച്ചിട്ടുണ്ട്. മെല്‌ക്കിസെദേക് ലേവിയുടെ വംശജനല്ല. എന്നിട്ടും അബ്രഹാമിൽനിന്നു ദശാംശം സ്വീകരിക്കുകയും ദൈവത്തിന്റെ വാഗ്ദാനങ്ങൾ ലഭിച്ചവനായ അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്തു. അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെടുന്നവനെക്കാൾ വലിയവനാണെന്നുള്ളതിനു സംശയമില്ലല്ലോ. ഇവിടെ കേവലം മർത്യരായ പുരോഹിതന്മാർ ദശാംശം വാങ്ങുന്നു. മെല്‌കിസെദേക്കിന്റെ കാര്യത്തിലാകട്ടെ, ദശാംശം വാങ്ങുന്നവൻ ജീവിച്ചിരിക്കുന്നവനാണെന്നു വേദഗ്രന്ഥം സാക്ഷ്യം വഹിക്കുന്നു. ദശാംശം വാങ്ങിക്കൊണ്ടിരിക്കുന്ന ലേവിയും അബ്രഹാമിൽകൂടി ദശാംശം കൊടുത്തു എന്ന് ഒരു വിധത്തിൽ പറയാം. എന്തുകൊണ്ടെന്നാൽ മെല്‌ക്കിസെദേക്ക് അബ്രഹാമിനെ എതിരേറ്റപ്പോൾ ലേവി തന്റെ പൂർവപിതാവായ അബ്രഹാമിന്റെ ശരീരത്തിൽ ഉണ്ടായിരുന്നുവല്ലോ. ലേവ്യപൗരോഹിത്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇസ്രായേൽജനത്തിനു നിയമസംഹിത നല്‌കപ്പെട്ടത്. ലേവ്യപൗരോഹിത്യത്തിലൂടെ സമ്പൂർണത ആർജിക്കുവാൻ കഴിയുമായിരുന്നെങ്കിൽ അഹരോന്റെ പൗരോഹിത്യക്രമത്തിൽനിന്നു വിഭിന്നമായി മെല്‌ക്കിസെദേക്കിനെപ്പോലെ ഒരു പുരോഹിതൻ വരേണ്ട ആവശ്യമെന്ത്? പൗരോഹിത്യത്തിനു മാറ്റമുണ്ടായപ്പോൾ നിയമത്തിലും മാറ്റമുണ്ടാകേണ്ടത് ആവശ്യമായിരുന്നു. ഇവിടെ ആരെക്കുറിച്ചു സൂചിപ്പിച്ചിരിക്കുന്നുവോ, അദ്ദേഹം മറ്റൊരു ഗോത്രത്തിൽപ്പെട്ടവനായിരുന്നു. അദ്ദേഹത്തിന്റെ ഗോത്രത്തിൽപ്പെട്ടവർ ആരുംതന്നെ പുരോഹിത ശുശ്രൂഷ ചെയ്തിട്ടുമില്ല. നമ്മുടെ കർത്താവ് യെഹൂദഗോത്രത്തിൽ ജനിച്ചു എന്നുള്ളത് സ്പഷ്ടമാണല്ലോ. ആ ഗോത്രത്തെക്കുറിച്ചുള്ള പരാമർശത്തിൽ പുരോഹിതന്മാരെപ്പറ്റി മോശ ഒന്നും പറഞ്ഞിട്ടില്ലല്ലോ. മെല്‌ക്കിസെദേക്കിനെപ്പോലെ മറ്റൊരു പുരോഹിതൻ ആവിർഭവിക്കുന്നതിൽനിന്ന് ഇതു കൂടുതൽ വ്യക്തമാകുന്നു. മാനുഷികമായ പിന്തുടർച്ചയെപ്പറ്റിയുള്ള നിയമമനുസരിച്ചല്ല, അനശ്വരമായ ജീവന്റെ ശക്തി മുഖേനയാണ് അവിടുന്നു പുരോഹിതൻ ആയിരിക്കുന്നത്. അവിടുത്തെപ്പറ്റി വേദഗ്രന്ഥം ഇങ്ങനെ സാക്ഷ്യം വഹിക്കുന്നു: “മെല്‌ക്കിസെദേക്കിനെപ്പോലെ നീ എന്നേക്കും പുരോഹിതനായിരിക്കും.” പഴയ കല്പന ദുർബലവും പ്രയോജനരഹിതവുമാകയാൽ അത് അസാധുവാക്കപ്പെട്ടിരിക്കുന്നു. നിയമം ഒന്നിനെയും പൂർണമാക്കുന്നില്ലല്ലോ. അതിനെക്കാൾ മികച്ച പ്രത്യാശ ഇപ്പോൾ നമുക്കു നല്‌കപ്പെട്ടിരിക്കുന്നു. അതിൽകൂടി നാം ദൈവത്തെ സമീപിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ ശപഥം കൂടാതെയാണല്ലോ മറ്റുള്ളവർ പുരോഹിതന്മാരായിത്തീർന്നത്. എന്നാൽ യേശു പുരോഹിതനായപ്പോൾ ദൈവം അവിടുത്തോട് ഇപ്രകാരം പറഞ്ഞു: സർവേശ്വരൻ ശപഥം ചെയ്തിട്ടുണ്ട്; അതിൽനിന്ന് അവിടുന്നു മാറുകയില്ല; ‘നീ എന്നേക്കും ഒരു പുരോഹിതനായിരിക്കും.’ ഇങ്ങനെ യേശു ഒരു മികച്ച ഉടമ്പടിയുടെ ഉറപ്പായിത്തീർന്നിരിക്കുന്നു. മുമ്പ് നിരവധി പുരോഹിതന്മാർ ഉണ്ടായിട്ടുണ്ട്; അവരുടെ മരണത്തോടുകൂടി തങ്ങളുടെ പൗരോഹിത്യവും അവസാനിക്കുന്നു. എന്നാൽ യേശു എന്നേക്കും ജീവിക്കുന്നതുകൊണ്ട് അവിടുത്തെ പൗരോഹിത്യം ശാശ്വതമാണ്. അതുകൊണ്ട് തന്നിൽകൂടി ദൈവത്തിന്റെ അടുക്കൽ വരുന്നവരെ എപ്പോഴും രക്ഷിക്കുവാൻ യേശുവിനു കഴിയും. എന്തുകൊണ്ടെന്നാൽ അവർക്കുവേണ്ടി ദൈവത്തിന്റെ അടുക്കൽ മധ്യസ്ഥത വഹിക്കുവാൻ അവിടുന്ന് എന്നേക്കും ജിവിക്കുന്നു. ഇങ്ങനെയുള്ള ഒരു മഹാപുരോഹിതൻ നമുക്ക് ഉണ്ടാകേണ്ടത് ആവശ്യമായിരുന്നു. അവിടുന്നു നിർമ്മലനും നിർദോഷനും നിഷ്കളങ്കനും പാപികളിൽനിന്നു വേർതിരിക്കപ്പെവനുമാണ്. അവിടുന്ന് സ്വർഗങ്ങൾക്കുമീതെ ഉയർത്തപ്പെട്ടിരിക്കുന്നു. മറ്റുള്ള മഹാപുരോഹിതന്മാരെപ്പോലെ, ആദ്യം സ്വന്തം പാപങ്ങൾക്കുവേണ്ടിയും പിന്നീടു മറ്റുള്ളവരുടെ പാപങ്ങൾക്കുവേണ്ടിയും എന്നും ബലിയർപ്പിക്കേണ്ട ആവശ്യം യേശുവിനില്ലായിരുന്നു. ഒരിക്കൽ മാത്രമേ അവിടുന്നു ബലി അർപ്പിച്ചിട്ടുള്ളൂ; അത് തന്റെ ജീവൻ അർപ്പിച്ചുകൊണ്ടുള്ള ബലിയായിരുന്നു. മോശയുടെ നിയമം, ദുർബലരായ മനുഷ്യരെ മഹാപുരോഹിതന്മാരായി നിയമിക്കുന്നു. എന്നാൽ നിയമത്തിന്റെ കാലശേഷം, എന്നേക്കും പൂർണനാക്കപ്പെട്ടിരിക്കുന്ന പുത്രനെ ദൈവം ശപഥം ചെയ്തുകൊണ്ടു നല്‌കിയ വാഗ്ദാനം മുഖേന മഹാപുരോഹിതനായി നിയമിക്കുന്നു.
എബ്രായർ 7:1-28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ശാലേം രാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ ഈ മൽക്കീസേദെക്ക്, രാജാക്കന്മാരെ നിഗ്രഹിച്ച് മടങ്ങിവരുന്ന അബ്രാഹാമിനെ എതിരേറ്റുചെന്ന് അനുഗ്രഹിച്ചു. അബ്രാഹാം മൽക്കീസേദെക്കിന് താൻ പിടിച്ചടക്കിയ സകലത്തിൽ നിന്നും പത്തിലൊന്ന് വീതം കൊടുത്തു. മൽക്കീസേദെക്ക് എന്ന പേരിന് നീതിയുടെ രാജാവെന്നും, ശാലേംരാജാവ് എന്നതിന് സമാധാനത്തിന്‍റെ രാജാവ് എന്നും അർത്ഥം ഉണ്ട്. അവനു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവൻ ദൈവപുത്രന് തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു. ഇവൻ എത്ര മഹാൻ എന്നു ശ്രദ്ധിക്കുവിൻ; നമ്മുടെ പൂർവ്വപിതാവായ അബ്രാഹാംകൂടെയും യുദ്ധത്തിൽ പിടിച്ചെടുത്ത വിശേഷസാധനങ്ങളിൽ നിന്നും പത്തിലൊന്ന് അവനു കൊടുത്തുവല്ലോ. ലേവിപുത്രന്മാരിൽ പൗരോഹിത്യം ലഭിക്കുന്നവർക്കു ന്യായപ്രമാണപ്രകാരം ജനത്തോടു ദശാംശം വാങ്ങുവാൻ കല്പന ഉണ്ട്; അത് അബ്രാഹാമിന്‍റെ സന്തതികളായി തീർന്ന യിസ്രായേല്യരോടാകുന്നു വാങ്ങുന്നതു. എന്നാൽ മൽക്കീസേദെക്ക് ലേവിയുടെ വംശാവലിയിൽ ഉൾപ്പെടാത്തവൻ ആണെങ്കിലും അബ്രാഹാമിനോട് ദശാംശം വാങ്ങിയും ദൈവത്തിൽനിന്ന് വാഗ്ദത്തങ്ങൾ പ്രാപിച്ചവനെ അനുഗ്രഹിച്ചുമിരിക്കുന്നു. ഉയർന്നവൻ താണവനെ അനുഗ്രഹിക്കുന്നു എന്നതിന് തർക്കം ഏതുമില്ലല്ലോ. ഇവിടെ മരിക്കുന്ന പുരോഹിതർ ദശാംശം വാങ്ങുന്നു; എന്നാൽ അവിടെയോ അങ്ങനെയല്ല എന്നേക്കും ജീവിച്ചിരിക്കുന്നു എന്ന സാക്ഷ്യം പ്രാപിച്ചവൻ തന്നെ ദശാംശം വാങ്ങുന്നു. ദശാംശം വാങ്ങുന്ന ലേവിയും അബ്രാഹാം മുഖാന്തരം ദശാംശം കൊടുത്തിരിക്കുന്നു എന്നു ഒരു വിധത്തിൽ പറയാം. അവന്റെ പിതാവിനെ മൽക്കീസേദെക്ക് എതിരേറ്റപ്പോൾ ലേവി അവന്‍റെ ശരീരത്തിൽ അടങ്ങിയിരുന്നുവല്ലോ. ലേവി പൗരോഹിത്യത്താൽ ജനത്തിന് ന്യായപ്രമാണം ലഭിച്ച് സമ്പൂർണ്ണത വന്നെങ്കിൽ, അഹരോന്‍റെ ക്രമപ്രകാരം എന്നു പറയാതെ മൽക്കീസേദെക്കിൻ്റെ ക്രമപ്രകാരം വേറൊരു പുരോഹിതൻ വരുവാനുള്ള ആവശ്യം എന്തായിരുന്നു? പൗരോഹിത്യം മാറിപ്പോകുന്നതാണെങ്കിൽ ന്യായപ്രമാണത്തിനും കൂടെ മാറ്റം വരേണ്ടത് ആവശ്യമായിരിക്കുന്നു. എന്നാൽ ഇതു ആരെക്കുറിച്ച് പറഞ്ഞിരിക്കുന്നുവോ അവൻ വേറൊരു ഗോത്രത്തിലുള്ളവൻ; ആ ഗോത്രത്തിൽ ആരും യാഗപീഠത്തിങ്കൽ പുരോഹിതശുശ്രൂഷ ചെയ്തിട്ടില്ല. യെഹൂദഗോത്രത്തിൽ നിന്ന് നമ്മുടെ കർത്താവ് ഉദയം ചെയ്തു എന്നു സ്പഷ്ടമല്ലോ; ആ ഗോത്രത്തെപ്പറ്റി മോശെ പൗരോഹിത്യം സംബന്ധിച്ച് ഒന്നും കല്പിച്ചിട്ടില്ല. ഈ പുതിയ പുരോഹിതൻ ന്യായപ്രമാണപ്രകാരം എഴുതിയിരിക്കുന്ന മാനുഷിക വംശപരമ്പരയിലല്ല, അഴിഞ്ഞുപോകാത്ത ജീവന്റെ ശക്തിയാൽ ഉളവായ മൽക്കീസേദെക്കിന് സദൃശനായി മറ്റൊരു പുരോഹിതൻ എന്നു പറഞ്ഞിരിക്കുന്നതിനാൽ ഇത് ഏറ്റവുമധികം വ്യക്തമാകുന്നു. തിരുവചനം അവനെപ്പറ്റി സാക്ഷ്യം പറയുന്നത്: “നീ മൽക്കീസേദെക്കിൻ്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതൻ” എന്നാണല്ലോ. മുൻ കാലങ്ങളിലെ കല്പനകൾ, അതിന്‍റെ ബലഹീനതയും നിഷ്പ്രയോജനവും നിമിത്തം മാറ്റമുണ്ടായി. ന്യായപ്രമാണം ഒന്നിനേയും പൂർത്തീകരിച്ചിട്ടില്ലല്ലോ — എന്നിരുന്നാലും നാം ദൈവത്തോടു അടുക്കുന്നതിനുള്ള ഏറെ നല്ല പ്രത്യാശയും വന്നിരിക്കുന്നു. ഈ നല്ല പ്രത്യാശ ആണയോടുകൂടെ അത്രേ സംഭവിച്ചത്, എന്നാൽ മറ്റുള്ളവരോ ആണ കൂടാതെ പുരോഹിതന്മാരായിത്തീർന്നു. എന്നാൽ ദൈവം: ഇവനോ: “നീ എന്നേക്കും പുരോഹിതൻ എന്നു സത്യംചെയ്തു, അനുതപിക്കുകയുമില്ല” എന്നു ആണയോടുകൂടെ തന്നെ യേശുവിനെക്കുറിച്ച് പറയുന്നു. ഇത് കൊണ്ടു തന്നെ യേശു ഈ ശ്രേഷ്ഠ ഉടമ്പടിയുടെ ഉറപ്പുമായിതീർന്നിരിക്കുന്നു. വാസ്തവമായും മരണം തടയുന്നത് നിമിത്തം പുരോഹിതന്മാർക്ക് നിത്യമായി ശുശ്രൂഷ തുടരുവാൻ കഴിയായ്കകൊണ്ട് പുരോഹിതന്മാർ ഓരോരുത്തരായി ശുശ്രൂഷതുടർന്നവർ അനേകർ ആകുന്നു. ഇവനോ, എന്നേക്കും ജീവിച്ചിരിക്കുന്നതുകൊണ്ട് എന്നേക്കും നിലനിൽക്കുന്ന പൗരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നത്. അതുകൊണ്ട് താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കുവേണ്ടി പക്ഷവാദം ചെയ്വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പരിപൂർണ്ണമായി രക്ഷിക്കാൻ അവൻ പ്രാപ്തനാകുന്നു. ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വാസ്തവമായും വേണ്ടിയിരുന്നത്: പാപമില്ലാത്തവൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോട് വേർപെട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ; മുൻപുള്ള മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങൾക്കായും പിന്നെ ജനത്തിന്റെ പാപങ്ങൾക്കായും ദിനംപ്രതി യാഗം അർപ്പിക്കുവാൻ ആവശ്യമില്ലാത്തവൻതന്നെ. അത് അവൻ ഒരിക്കൽ എല്ലാവർക്കുമായി തന്നെത്താൻ യാഗം അർപ്പിച്ചുകൊണ്ട് ചെയ്തുതീർത്തുവല്ലോ. ന്യായപ്രമാണം അപൂര്‍ണ്ണ മനുഷ്യരെ മഹാപുരോഹിതന്മാരാക്കുന്നു; ന്യായപ്രമാണത്തിന് ശേഷമോ, ആണയുടെ വചനമോ ദൈവം ചെയ്ത വാഗ്ദത്തപ്രകാരം എന്നേക്കും പൂർണ്ണനായിത്തീർന്ന പുത്രനെ മഹാപുരോഹിതനാക്കുന്നു.
എബ്രായർ 7:1-28 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ശാലേംരാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ ഈ മൽക്കീസേദെക്ക് രാജാക്കന്മാരെ ജയിച്ചു മടങ്ങിവരുന്ന അബ്രാഹാമിനെ എതിരേറ്റു അനുഗ്രഹിച്ചു; അബ്രാഹാം അവന്നു സകലത്തിലും പത്തിലൊന്നു കൊടുത്തു. അവന്റെ പേരിന്നു ആദ്യം നീതിയുടെ രാജാവെന്നും പിന്നെ ശാലേംരാജാവു എന്നുവെച്ചാൽ സമാധാനത്തിന്റെ രാജാവു എന്നും അർത്ഥം. അവന്നു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവൻ ദൈവപുത്രന്നു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു. ഇവൻ എത്ര മഹാൻ എന്നു നോക്കുവിൻ; ഗോത്രപിതാവായ അബ്രാഹാം കൂടെയും അവന്നു കൊള്ളയുടെ വിശേഷസാധനങ്ങളിൽ പത്തിലൊന്നു കൊടുത്തുവല്ലോ. ലേവിപുത്രന്മാരിൽ പൗരോഹിത്യം ലഭിക്കുന്നവർക്കു ന്യായപ്രമാണപ്രകാരം ജനത്തോടു ദശാംശം വാങ്ങുവാൻ കല്പന ഉണ്ടു; അതു അബ്രാഹാമിന്റെ കടിപ്രദേശത്തിൽനിന്നു ഉത്ഭവിച്ച സഹോദരന്മാരോടു ആകുന്നു വാങ്ങുന്നതു. എന്നാൽ അവരുടെ വംശാവലിയിൽ ഉൾപ്പെടാത്തവൻ അബ്രാഹാമിനോടു തന്നേ ദശാംശം വാങ്ങിയും വാഗ്ദത്തങ്ങൾ പ്രാപിച്ചവനെ അനുഗ്രഹിച്ചുമിരിക്കുന്നു. ഉയർന്നവൻ താണവനെ അനുഗ്രഹിക്കുന്നു എന്നതിന്നു തർക്കം ഏതുമില്ലല്ലോ. ഇവിടെ മരിക്കുന്ന മനുഷ്യർ ദശാംശം വാങ്ങുന്നു; അവിടെയോ ജീവിക്കുന്നു എന്ന സാക്ഷ്യം പ്രാപിച്ചവൻ തന്നേ. ദശാംശം വാങ്ങുന്ന ലേവിയും അബ്രാഹാം മുഖാന്തരം ദശാംശം കൊടുത്തിരിക്കുന്നു എന്നു ഒരു വിധത്തിൽ പറയാം. അവന്റെ പിതാവിനെ മൽക്കീസേദെക്ക് എതിരേറ്റപ്പോൾ ലേവി അവന്റെ കടിപ്രദേശത്തു ഉണ്ടായിരുന്നുവല്ലോ. ലേവ്യപൗരോഹിത്യത്താൽ സമ്പൂർണ്ണത വന്നെങ്കിൽ — അതിൻ കീഴല്ലോ ജനം ന്യായപ്രമാണം പ്രാപിച്ചതു — അഹരോന്റെ ക്രമപ്രകാരം എന്നു പറയാതെ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം വേറൊരു പുരോഹിതൻ വരുവാൻ എന്തൊരാവശ്യം? പൗരോഹിത്യം മാറിപ്പോകുന്ന പക്ഷം ന്യായപ്രമാണത്തിന്നുംകൂടെ മാറ്റം വരുവാൻ ആവശ്യം. എന്നാൽ ഇതു ആരെക്കുറിച്ചു പറഞ്ഞിരിക്കുന്നുവോ അവൻ വേറൊരു ഗോത്രത്തിലുള്ളവൻ; ആ ഗോത്രത്തിൽ ആരും യാഗപീഠത്തിങ്കൽ ശുശ്രൂഷ ചെയ്തിട്ടില്ല. യെഹൂദയിൽനിന്നു നമ്മുടെ കർത്താവു ഉദിച്ചു എന്നു സ്പഷ്ടമല്ലോ; ആ ഗോത്രത്തോടു മോശെ പൗരോഹിത്യം സംബന്ധിച്ചു ഒന്നും കല്പിച്ചിട്ടില്ല. ജഡസംബന്ധമായ കല്പനയുടെ പ്രമാണത്താൽ അല്ല, അഴിഞ്ഞുപോകാത്ത ജീവന്റെ ശക്തിയാൽ ഉളവായ വേറെ ഒരു പുരോഹിതൻ മൽക്കീസേദെക്കിന്നു സദൃശനായി ഉദിക്കുന്നു എങ്കിൽ അതു ഏറ്റവും അധികം തെളിയുന്നു. നീ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതൻ എന്നല്ലോ സാക്ഷീകരിച്ചിരിക്കുന്നതു. മുമ്പിലത്തെ കല്പനെക്കു അതിന്റെ ബലഹീനതയും നിഷ്പ്രയോജനവുംനിമിത്തം നീക്കവും — ന്യായപ്രമാണത്താൽ ഒന്നും പൂർത്തിപ്രാപിച്ചിട്ടില്ലല്ലോ — നാം ദൈവത്തോടു അടുക്കുന്നതിനുള്ള ഏറെനല്ല പ്രത്യാശെക്കു സ്ഥാപനവും വന്നിരിക്കുന്നു. അവർ ആണ കൂടാതെ പുരോഹിതന്മാരായിത്തീർന്നു. ഇവനോ: “നീ എന്നേക്കും പുരോഹിതൻ എന്നു കർത്താവു സത്യം ചെയ്തു, അനുതപിക്കയുമില്ല” എന്നു തന്നോടു അരുളിച്ചെയ്തവൻ ഇട്ട ആണയോടുകൂടെ തന്നെ. ആണ കൂടാതെയല്ല എന്നതിന്നു ഒത്തവണ്ണം വിശേഷമേറിയ നിയമത്തിന്നു യേശു ഉത്തരവാദിയായി തീർന്നിരിക്കുന്നു. മരണംനിമിത്തം അവർക്കു നിലനില്പാൻ മുടക്കം വരികകൊണ്ടു പുരോഹിതന്മാർ ആയിത്തീർന്നവർ അനേകർ ആകുന്നു. ഇവനോ, എന്നേക്കും ഇരിക്കുന്നതുകൊണ്ടു മാറാത്ത പൗരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നതു. അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു. ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതു: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ; ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങൾക്കായും പിന്നെ ജനത്തിന്റെ പാപങ്ങൾക്കായും ദിനംപ്രതി യാഗം കഴിപ്പാൻ ആവശ്യമില്ലാത്തവൻ തന്നേ. അതു അവൻ തന്നെത്താൻ അർപ്പിച്ചുകൊണ്ടു ഒരിക്കലായിട്ടു ചെയ്തുവല്ലോ. ന്യായപ്രമാണം ബലഹീനമനുഷ്യരെ മഹാപുരോഹിതന്മാരാക്കുന്നു; ന്യായപ്രമാണത്തിന്നു പിമ്പുള്ള ആണയുടെ വചനമോ എന്നേക്കും തികെഞ്ഞവനായിത്തീർന്ന പുത്രനെ പുരോഹിതനാക്കുന്നു.
എബ്രായർ 7:1-28 സമകാലിക മലയാളവിവർത്തനം (MCV)
ശാലേംരാജാവും പരമോന്നതനായ ദൈവത്തിന്റെ പുരോഹിതനുമാണ് ഈ മൽക്കീസേദെക്ക്. രാജാക്കന്മാരെ കീഴടക്കി മടങ്ങിവരുന്ന അബ്രാഹാമിനെ അദ്ദേഹം സ്വീകരിച്ച് അനുഗ്രഹിച്ചു. അപ്പോൾ അബ്രാഹാം തനിക്കുള്ള എല്ലാറ്റിന്റെയും ദശാംശം അദ്ദേഹത്തിന് കാഴ്ചയർപ്പിച്ചു. അദ്ദേഹത്തിന്റെ, മൽക്കീസേദെക്ക് എന്ന പേരിന് ആദ്യം “നീതിയുടെ രാജാവ്” എന്നർഥം; പിന്നീട് “ശാലേം രാജാവ്” അതായത്, “സമാധാനത്തിന്റെ രാജാവ്” എന്നും അർഥം. അദ്ദേഹം, പിതാവും മാതാവും വംശാവലിയും ജീവാരംഭവും ജീവാവസാനവും ഇല്ലാത്തവനായി, ദൈവപുത്രനു സമനായ നിത്യപുരോഹിതനായിരിക്കുന്നു. അദ്ദേഹം എത്ര മഹാൻ എന്നു കാണുക! ഇസ്രായേലിന്റെ പൂർവപിതാവായ അബ്രാഹാംപോലും യുദ്ധത്തിൽ സ്വായത്തമാക്കിയ സമ്പത്തിന്റെ ദശാംശം അദ്ദേഹത്തിന് കൊടുത്തു! ലേവിയുടെ പിൻഗാമികളിൽ പുരോഹിതന്മാരാകുന്നവർ ജനങ്ങളിൽനിന്ന്, അതായത്, സ്വസഹോദരങ്ങളിൽനിന്നുതന്നെ, അവരും അബ്രാഹാമിന്റെ വംശജർ ആയിരുന്നിട്ടുപോലും, ദശാംശം വാങ്ങാൻ ന്യായപ്രമാണത്തിൽ കൽപ്പനയുണ്ട്. എന്നാൽ, മൽക്കീസേദെക്ക് ഇവരുടെ വംശത്തിലൊന്നും ഉൾപ്പെടാത്തവനായിരുന്നിട്ടും അബ്രാഹാമിൽനിന്ന് ദശാംശം സ്വീകരിക്കുകയും ദൈവികവാഗ്ദാനങ്ങൾ പ്രാപിച്ചിരുന്ന അബ്രാഹാമിനെ അനുഗ്രഹിക്കുകയും ചെയ്തു. ഉയർന്നയാളാണ് താണയാളെ അനുഗ്രഹിക്കുക എന്നതിൽ തർക്കമില്ലല്ലോ. ഇപ്പോൾ ലേവ്യാപുരോഹിതർ ദശാംശം വാങ്ങുന്നു, അവർ മരണവിധേയരായ മനുഷ്യർ; അവിടെയോ സദാ ജീവിക്കുന്നെന്ന് സാക്ഷ്യംപ്രാപിച്ചയാൾതന്നെ ദശാംശം വാങ്ങി. ദശാംശം സ്വീകരിക്കുന്നവനായ ലേവിതന്നെ അബ്രാഹാമിലൂടെ ദശാംശം നൽകി എന്നു വേണമെങ്കിൽ പറയാം. കാരണം, മൽക്കീസേദെക്ക് അബ്രാഹാമിനെ എതിരേറ്റപ്പോൾ ലേവി തന്റെ പൂർവികനായ അബ്രാഹാമിന്റെ ശരീരത്തിൽ ഉണ്ടായിരുന്നല്ലോ. ഇസ്രായേൽജനത്തിന് ദൈവം നൽകിയ ന്യായപ്രമാണത്തെ അടിസ്ഥാനമാക്കിയുള്ള ലേവ്യാപൗരോഹിത്യത്താൽ ഉദ്ദേശിച്ച സമ്പൂർണത കൈവരുമായിരുന്നെങ്കിൽ, ലേവിയുടെയും അഹരോന്റെയും പൗരോഹിത്യക്രമത്തിനു പുറമേനിന്ന് മൽക്കീസേദെക്കിന്റെ ക്രമപ്രകാരം ഒരു പൗരോഹിത്യം സ്ഥാപിക്കേണ്ടതിന്റെ ആവശ്യം ഉണ്ടായിരുന്നോ? പൗരോഹിത്യത്തിനു മാറ്റം വരുമ്പോൾ ന്യായപ്രമാണത്തിനും മാറ്റം വരണം. നമ്മുടെ പ്രതിപാദ്യവിഷയമായവൻ വേറൊരു ഗോത്രത്തിൽപ്പെട്ടയാളാണ്; ആ ഗോത്രത്തിൽനിന്ന് ആരും യാഗപീഠത്തിൽ പൗരോഹിത്യശുശ്രൂഷ ചെയ്തിട്ടില്ല. ആ നമ്മുടെ കർത്താവ് യെഹൂദാഗോത്രത്തിൽ ജനിച്ചു എന്നത് സുവ്യക്തമാണല്ലോ. മോശ ആ ഗോത്രത്തെക്കുറിച്ച് പൗരോഹിത്യസംബന്ധമായി യാതൊന്നും കൽപ്പിച്ചിട്ടില്ല. മൽക്കീസേദെക്കിനു തുല്യനായ വേറൊരു പുരോഹിതൻ വന്നാൽ ഞങ്ങൾ പറയുന്ന ഇക്കാര്യം അധികം വ്യക്തമാകും. അദ്ദേഹം പുരോഹിതനായിത്തീർന്നത് തന്റെ കുടുംബപാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച്, അനശ്വരമായ ജീവന്റെ ശക്തി തന്നിലുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ്. “മൽക്കീസേദെക്കിന്റെ ക്രമപ്രകാരം അങ്ങ് എന്നെന്നേക്കും ഒരു പുരോഹിതൻ,” എന്നു സാക്ഷീകരിച്ചിട്ടുണ്ട്. ദുർബലവും നിഷ്‌പ്രയോജനവുമായ പഴയ കൽപ്പന നീക്കംചെയ്യപ്പെട്ടിരിക്കുന്നു. പകരം, ദൈവത്തോട് അടുക്കാൻ നമ്മെ സഹായിക്കുന്ന ശ്രേഷ്ഠതരമായ ഒരു പ്രത്യാശ സ്ഥാപിക്കപ്പെടുന്നു. കാരണം, ന്യായപ്രമാണം ഒന്നിനും പരിപൂർണത നൽകുന്നില്ല. മറ്റുള്ളവർ ശപഥംകൂടാതെ പുരോഹിതന്മാരായിത്തീർന്നു. എന്നാൽ ഈ പൗരോഹിത്യം ഉറപ്പിക്കപ്പെട്ടത് ശപഥംകൂടാതെയല്ല! “ ‘അങ്ങ് എന്നെന്നേക്കും ഒരു പുരോഹിതൻ’ എന്നു കർത്താവ് സത്യം ചെയ്തിരിക്കുന്നു; അതിനു മാറ്റമില്ല,” എന്നു ദൈവം നൽകിയ ശപഥത്തിന്റെ അടിസ്ഥാനത്തിലാണ് പുരോഹിതൻ ആയിരിക്കുന്നത്. ഈ പ്രതിജ്ഞ നിമിത്തം യേശു ഏറെ ശ്രേഷ്ഠമായ ഉടമ്പടി ഉറപ്പാക്കുന്നു. പുരോഹിതന്മാർ അനവധി ഉണ്ടായിട്ടുണ്ട്; എന്നാൽ പൗരോഹിത്യത്തിൽ എന്നേക്കും തുടരാൻ മരണം അവരെ അനുവദിച്ചില്ല; എന്നാൽ, യേശു എന്നെന്നും ജീവിക്കുന്നവനായതുകൊണ്ട്, അവിടത്തെ പൗരോഹിത്യവും ശാശ്വതമാണ്. തന്മൂലം, യേശു മുഖാന്തരം ദൈവത്തോട് അടുക്കുന്നവർക്കുവേണ്ടി മാദ്ധ്യസ്ഥ്യം ചെയ്യാൻ, അവിടന്ന് സദാ ജീവിക്കുന്നു. അതിനാൽ അവരെ സമ്പൂർണമായി രക്ഷിക്കാൻ അവിടന്ന് പ്രാപ്തനാകുന്നു. പവിത്രൻ, നിഷ്കളങ്കൻ, നിർമലൻ, പാപികളിൽനിന്നു വേർപെട്ടവൻ, സ്വർഗത്തെക്കാളും ഔന്നത്യമാർജിച്ചവൻ—ഇങ്ങനെയുള്ള മഹാപുരോഹിതനെയാണ് നമുക്കാവശ്യം. അവിടന്നു മറ്റു മഹാപുരോഹിതന്മാരിൽനിന്ന് വ്യത്യസ്തനാണ്. ആദ്യം സ്വന്തം പാപങ്ങൾക്കുവേണ്ടിയും പിന്നെ ജനത്തിന്റെ പാപങ്ങൾക്കുവേണ്ടിയും ദിവസംതോറും യാഗം കഴിക്കേണ്ട ആവശ്യം അവിടത്തേക്കില്ല. സ്വയം യാഗമായിത്തീർന്നുകൊണ്ട്, അവിടന്ന് ജനങ്ങളുടെ പാപപരിഹാരം എന്നേക്കുമായി നിർവഹിച്ചല്ലോ. ന്യായപ്രമാണം എല്ലാവിധ ബലഹീനതയുമുള്ള മനുഷ്യരെയാണ് മഹാപുരോഹിതന്മാരാക്കുന്നത്; എന്നാൽ ന്യായപ്രമാണത്തിനുശേഷം വന്ന ശപഥത്തിന്റെ വചനമാകട്ടെ, ദൈവപുത്രനെത്തന്നെ പൂർണത നിറഞ്ഞ നിത്യമഹാപുരോഹിതനായി നിയമിച്ചു.