എബ്രായർ 5:11-14
എബ്രായർ 5:11-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇതിനെക്കുറിച്ചു ഞങ്ങൾക്കു വളരെ പറവാനുണ്ട്; എങ്കിലും നിങ്ങൾ കേൾപ്പാൻ മാന്ദ്യമുള്ളവരായിത്തീർന്നതുകൊണ്ടു തെളിയിച്ചു തരുവാൻ വിഷമം. കാലം നോക്കിയാൽ ഇപ്പോൾ ഉപദേഷ്ടാക്കന്മാർ ആയിരിക്കേണ്ടുന്ന നിങ്ങൾക്കു ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങളെത്തന്നെ വീണ്ടും ഉപദേശിച്ചുതരുവാൻ ആവശ്യമായിരിക്കുന്നു; കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങൾക്ക് ആവശ്യമെന്നു വന്നിരിക്കുന്നു. പാൽ കുടിക്കുന്നവൻ എല്ലാം നീതിയുടെ വചനത്തിൽ പരിചയമില്ലാത്തവനത്രേ; അവൻ ശിശുവല്ലോ. കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവർക്കേ പറ്റുകയുള്ളൂ.
എബ്രായർ 5:11-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇതിനെക്കുറിച്ച് ഞങ്ങൾക്കു പറയുവാൻ വളരെയുണ്ട്. എന്നാൽ അവ നിങ്ങൾക്കു വേണ്ടവണ്ണം ഗ്രഹിക്കുവാൻ ത്രാണിയില്ലാത്തതുകൊണ്ട്, വിശദീകരിക്കുവാൻ വിഷമമാണ്. ഇതിനകം നിങ്ങൾ ഉപദേഷ്ടാക്കൾ ആകേണ്ടതായിരുന്നു. എന്നിട്ടും ദൈവത്തിന്റെ സന്ദേശത്തിലെ ആദ്യപാഠങ്ങൾപോലും ആരെങ്കിലും നിങ്ങൾക്കു പറഞ്ഞുതരേണ്ടിയിരിക്കുന്നു. കട്ടിയുള്ള ആഹാരമല്ല, പാലാണ് ഇപ്പോഴും നിങ്ങൾക്ക് ആവശ്യം. പാലുകുടിച്ചു ജീവിക്കുന്നവൻ ശരിയും തെറ്റും തിരിച്ചറിയുവാൻ പരിചയമില്ലാത്തവനാണ്. എന്തെന്നാൽ അവൻ ശിശുവാകുന്നു. കട്ടിയുള്ള ആഹാരം മുതിർന്നവർക്കുള്ളതാണ്. അവർക്ക് തഴക്കംകൊണ്ട് നന്മയും തിന്മയും തിരിച്ചറിയുവാനുള്ള കഴിവ് ഉണ്ടാകും.
എബ്രായർ 5:11-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഈ യേശുവിനെക്കുറിച്ചു ഞങ്ങൾക്കു വളരെ പറവാനുണ്ട്; എങ്കിലും നിങ്ങൾ കേൾക്കുവാൻ ഉത്സാഹമില്ലാത്തവരാകയാൽ വിവരിച്ച് തരുവാൻ പ്രയാസം. കാലയളവ് കണക്കാക്കി നോക്കിയാൽ ഇപ്പോൾ ഉപദേഷ്ടാക്കന്മാർ ആയിരിക്കേണ്ടവരാണ് നിങ്ങൾ, എങ്കിലും ദൈവത്തിന്‍റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങളെ തന്നെ നിങ്ങൾക്ക് വീണ്ടും ഉപദേശിച്ചു തരേണ്ടിവന്നിരിക്കുന്നു; കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങൾക്ക് ആവശ്യമെന്ന് വന്നിരിക്കുന്നു. പാൽ മാത്രം കുടിക്കുന്നവൻ ശിശുവിനെപ്പോലെ നീതിയുടെ വചനത്തിൽ അനുഭവപരിചയമില്ലാത്തവനത്രേ. നേരേമറിച്ച് കട്ടിയായുള്ള ആഹാരം മുതിർന്നവർക്കുള്ളതാണ്; ശരിയെ തെറ്റിൽ നിന്ന് വിവേചിച്ചറിയുവാനും നന്മതിന്മകളെ തിരിച്ചറിയുവാനുമായി അനുഭവങ്ങളാൽ അഭ്യസനം തികഞ്ഞ പക്വത പ്രാപിച്ചവർക്കേ അത് പറ്റുകയുള്ളൂ.
എബ്രായർ 5:11-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഇതിനെക്കുറിച്ചു ഞങ്ങൾക്കു വളരെ പറവാനുണ്ടു; എങ്കിലും നിങ്ങൾ കേൾപ്പാൻ മാന്ദ്യമുള്ളവരായി തീർന്നതുകൊണ്ടു തെളിയിച്ചുതരുവാൻ വിഷമം. കാലം നോക്കിയാൽ ഇപ്പോൾ ഉപദേഷ്ടാക്കന്മാർ ആയിരിക്കേണ്ടുന്ന നിങ്ങൾക്കു ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങളെ തന്നേ വീണ്ടും ഉപദേശിച്ചുതരുവാൻ ആവശ്യമായിരിക്കുന്നു; കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങൾക്കു ആവശ്യമെന്നു വന്നിരിക്കുന്നു. പാൽ കുടിക്കുന്നവൻ എല്ലാം നീതിയുടെ വചനത്തിൽ പരിചയമില്ലാത്തവനത്രേ; അവൻ ശിശുവല്ലോ. കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവർക്കേ പറ്റുകയുള്ളു.
എബ്രായർ 5:11-14 സമകാലിക മലയാളവിവർത്തനം (MCV)
ഈ വിഷയം സംബന്ധിച്ച് ഞങ്ങൾക്ക് വളരെയേറെ അറിയിക്കാനുണ്ട്, എങ്കിലും ഗ്രഹിക്കാനുള്ള മന്ദതനിമിത്തം നിങ്ങളോട് വിശദീകരിക്കുക ദുഷ്കരമാണ്. വാസ്തവത്തിൽ, നിങ്ങൾ വിശ്വസിച്ചതുമുതലുള്ള സമയം കണക്കാക്കിയാൽ ഇതിനകം നിങ്ങൾ ഉപദേഷ്ടാക്കന്മാർ ആയിരിക്കേണ്ടതാണ്; എന്നാൽ ഇപ്പോഴും ദൈവവചനത്തിന്റെ പ്രാഥമികപാഠങ്ങൾപോലും മറ്റൊരാൾ നിങ്ങളെ ഉപദേശിക്കേണ്ട അവസ്ഥയിലാണ്. നിങ്ങൾക്ക് ആവശ്യമായിത്തീർന്നിരിക്കുന്നത് പാലാണ്, ഖരരൂപത്തിലുള്ള ആഹാരമല്ല. പാൽമാത്രം കുടിച്ചു ജീവിക്കുന്നയാൾ നീതിയുടെ വചനത്തിൽ പരിചയമില്ലാത്ത വെറും ശിശുവാണ്. സ്ഥിരപരിശീലനത്തിലൂടെ നന്മയും തിന്മയും വ്യവച്ഛേദിക്കാനുള്ള കഴിവ് സമാർജിച്ച പക്വതയുള്ളവർക്കുമാത്രമാണ് ഖരരൂപത്തിലുള്ള ആഹാരം.